അയാൾ വിരാ‍ട് കോഹ്‌ലിയെ ആരാധിച്ചിരുന്നു. ആ സ്ത്രീ ബാബർ അസാമിനേയും. കോഹ്‌ലി സെഞ്ച്വറിയടിക്കുമ്പോഴൊക്കെ അയാൾ അവരെ കളിയാക്കും. ബാബർ നന്നായി കളിച്ചാൽ, തിരിച്ച് അവർ അയാളേയും. ആയിഷയുടേയും നൂറുൾ ഹസ്സന്റേയും സ്നേഹത്തിന്റെ ഭാഷയായിരുന്നു ക്രിക്കറ്റിനെക്കുറിച്ച് പരസ്പരമുള്ള ആ കളിയാക്കലുകൾ. അവരുടേത്, വീട്ടുകാർ ഉറപ്പിച്ച കല്യാണമായിരുന്നുവെന്ന് അറിയുന്നവർക്ക്, ഈ സ്നേഹ ശണ്ഠകൾ കാണുമ്പോൾ അത്ഭുതമിരട്ടിക്കും.

2023 ജൂണിൽ ക്രിക്കറ്റ് ലോകകപ്പിന്റെ ടൈം ടേബിൾ പുറത്ത് വന്നപ്പോൾ, ആയിഷയുടെ കണ്ണുകൾ പ്രകാശിച്ചു. ഇന്ത്യാ-പാക്കിസ്താൻ കളി, ഗുജറാത്തിലെ അഹമ്മദാബാദിൽ ഒക്ടോബർ 14-നായിരുന്നു നിശ്ചയിച്ചിരുന്നത്. “സ്റ്റേഡിയത്തിലിരുന്ന് കാണണമെന്ന് ഞാൻ നൂറുളിനോട് പറഞ്ഞു”, പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ അമ്മയുടെ ഗ്രാമമായ രജാച്ചെ കുർളയിലിരുന്ന് 30 വയസ്സുള്ള ആയിഷ ഓർമ്മിക്കുന്നു. “ഇന്ത്യയും പാക്കിസ്താനും തമ്മിൽ നേരിട്ടുള്ള കളി അധികമുണ്ടാവാറില്ല. ഞങ്ങളുടെ രണ്ടുപേരുടേയും പ്രിയപ്പെട്ട കളിക്കാർ കളിക്കുന്നത് കാണാൻ പറ്റുക എന്നത് ഒരു അസുലഭാവസരമായിരുന്നു”.

30 വയസ്സുള്ള, സിവിൽ എൻ‌ജിനീയറായിരുന്ന നൂറുൾ ആരെയൊക്കെയോ ഫോണിൽ വിളിച്ച്, രണ്ട് ടിക്കറ്റ് സംഘടിപ്പിച്ചു. ആയിഷ ആ സമയത്ത് ആറുമാസം ഗർഭിണിയായിരുന്നു. അതുകൊണ്ട്, സത്താറ ജില്ലയിലെ പുസെസാവലി ഗ്രാ‍മത്തിൽനിന്ന് 750 കിലോമീറ്റർ അകലെയുള്ള അഹമ്മദാബാദിലേക്കുള്ള യാത്രയ്ക്ക് അവർ വിശദമായി പദ്ധതിയിട്ടു.

2023 ഒക്ടോബർ 14-ന് സൂര്യനുദിച്ചപ്പോഴേക്കും, നൂറുൾ മരിച്ചിട്ട് ഒരു മാസമായിരുന്നു. ആയിഷ ആകെ തകർന്നുപോവുകയും ചെയ്തിരുന്നു.

*****

2023 ഓഗസ്റ്റ് 18-ന് പുസെസാവലി ഗ്രാമത്തിൽ ഒരു സ്ക്രീൻഷോട്ട് പ്രചരിച്ചു. മഹാരാഷ്ട്രയിലെ സത്താറ പട്ടണത്തിൽനിന്ന് 60 കിലോമീറ്റർ അകലെയാണ് ആ ഗ്രാമം. ആദിൽ ബഗ്‌വാൻ എന്ന 25 വയസ്സുള്ള ഒരു മുസ്ലിം ചെറുപ്പക്കാരൻ ഒരു ഇൻസ്റ്റാഗ്രാം കമന്റിൽ ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചതായി കാണിക്കുന്ന ഒരു സ്ക്രീൻഷോട്ടായിരുന്നു അത്. സ്ക്രീൻഷോട്ട് കെട്ടിച്ചമച്ചതാണെന്നാണ് ഈ ദിവസംവരെ ആദിൽ അവകാശപ്പെടുന്നത്. ഈ സൂചിപ്പിച്ച അധിക്ഷേപ കമന്റ്, ആദിലിന്റെ ഇൻസ്റ്റഗ്രാം സുഹൃത്തുക്കളാരും കണ്ടിട്ടുമില്ല.

എന്നാൽ, ക്രമസമാധാനം തകരാതിരിക്കാൻ, പുസെസാവലിയിലെ മുസ്ലിം സമുദായത്തിലെ മുതിർന്നവർതന്നെ ആദിലിനെ പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി, ഈ സ്ക്രീൻഷോട്ടിനെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. “ആദിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ അവൻ ശിക്ഷിക്കപ്പെടണമെന്നും, ഞങ്ങൾ അവന്റെ പ്രവൃത്തിയെ അപലപിക്കുമെന്നും ഞങ്ങൾ അറിയിച്ചു”, പുസെസാവലി ഗ്രാമത്തിൽ ഒരു ഗരാജ് നടത്തുന്ന 47 വയസ്സുള്ള സിറാജ് ബഗ്‌വാൻ പറയുന്നു. “പൊലീസ് ആദിലിന്റെ ഫോൺ കണ്ടെടുക്കുകയും, ഇരുസമുദായങ്ങൾക്കുമിടയിൽ വൈരം വളർത്താൻ ശ്രമിച്ചതിന് പരാതി ഫയൽ ചെയ്യുകയുമുണ്ടായി”.

'We also said that if Adil is found guilty, he should be punished and we will condemn it,' says Siraj Bagwan, 47, who runs a garage in Pusesavali village
PHOTO • Parth M.N.

‘ആദിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ അവൻ ശിക്ഷിക്കപ്പെടണമെന്നും, ഞങ്ങൾ അവന്റെ പ്രവൃത്തിയെ അപലപിക്കുമെന്നും ഞങ്ങൾ അറിയിച്ചു’ പുസെസാവലി ഗ്രാമത്തിൽ ഒരു ഗരാജ് നടത്തുന്ന 47 വയസ്സുള്ള സിറാജ് ബഗ്‌വാൻ പറയുന്നു

എന്നിട്ടും, തീവ്ര വലതുപക്ഷ ഹിന്ദു സംഘടനകൾ, പിറ്റേന്ന്, പുസെസാവലിയിൽ ഒരു റാലി സംഘടിപ്പിക്കുകയും, മുസ്ലിമുകൾക്കെതിരേ ആക്രമണത്തിന് ആഹ്വാനം നടത്തുകയും ചെയ്തു. വേണ്ടിവന്നാൽ നിയമം കൈയ്യിലെടുക്കുമെന്നുപോലും അവർ ഭീഷണിപ്പെടുത്തി.

സിറാജും മുസ്ലിം സമുദായത്തിലെ മറ്റ് മുതിർന്നവരും ഉടൻ‌തന്നെ പൊലീസ് സ്റ്റേഷനിൽ പോയി, നീതിപൂർവ്വകമായ അന്വേഷണം ആവശ്യപ്പെടുകയും, ഈ സംഭവവുമായി ഒരു ബന്ധവുമില്ലാത്ത പുസെസാവലിയിലെ മറ്റ് മുസ്ലിം നിവാസികളുടെ സുരക്ഷക്കുള്ള ഏർപ്പാടുകൾ ചെയ്യണമെന്നും പൊലീസിനോട് അഭ്യർത്ഥിച്ചു. “ഒരു കലാപത്തിനുള്ള ശക്തമായ സാധ്യതയുണ്ടെന്ന് ഞങ്ങൾ പൊലീസിനോട് പറഞ്ഞു”, സിറാജ് ഓർത്തെടുക്കുന്നു. “മുൻ‌കരുതൽ നടപടികൾ വേണമെന്ന് ഞങ്ങൾ യാചിച്ചു”.

എന്നാൽ, ഔന്ധ് പൊലീസ് സ്റ്റേഷനിലെ ഗംഗാപ്രസാദ് കേന്ദ്രെ എന്ന അസിസ്റ്റന്റ് പൊലീസ് ഇൻസ്പെക്ടർ അവരെ പരിഹസിക്കുകയാണ് ചെയ്തതെന്ന് സിറാജ് പറയുന്നു. പുസെസാവലി ഗ്രാമം ആ പൊലീസ് സ്റ്റേഷന്റെ പരിധിയിലായിരുന്നു. “പ്രവാചകൻ മൊഹമ്മദ് ഒരു സാധാരണ മനുഷ്യനായിരുന്നിട്ടും എന്തിനാണ് അയാളെ ആരാധിക്കുന്നത് എന്നാണ് അയാൾ എന്നോട് ചോദിച്ചത്”, സിറാജ് ഓർത്തെടുക്കുന്നു. “യൂണിഫോമിലുള്ള ഒരാൾക്ക് ഈ വിധത്തിൽ എങ്ങിനെ സംസാരിക്കാൻ കഴിയുന്നു എന്ന് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല”.

പിന്നീടുള്ള രണ്ടാഴ്ചകളിൽ, രണ്ട് വലതുപക്ഷ സംഘടനകളിലെ അംഗങ്ങൾ - ഹിന്ദു ഏക്തയും ശിവപ്രതിഷ്ഠാൻ ഹിന്ദുസ്ഥാനും – പുസെസാവലിയിലെ മുസ്ലിം സമുദായാംഗങ്ങളെ പലപ്പോഴായി വഴിയിൽ തടഞ്ഞുനിർത്തി, ജയ് ശ്രീറാം വിളിക്കാൻ നിർബന്ധിക്കുകയും വീടുകൾ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഗ്രാമത്തിൽ സംഘർഷത്തെക്കുറിച്ചുള്ള ഭീതി നിറഞ്ഞുനിന്നു. അസ്വസ്ഥതകൾ പ്രകടമായിരുന്നു.

സെപ്റ്റംബർ 8-ന് ആദ്യത്തേതിന് സമാനമായ രണ്ട് സ്ക്രീൻഷോട്ടുകൾകൂടി പ്രചാരത്തിലായി. ഒന്ന് 23 വയസ്സുള്ള മുസാമിൽ ബഗ്‌വാന്റെ പേരിലും മറ്റൊന്ന് 23 വയസ്സുള്ള അൽതമാഷ് ബഗ്‌വാന്റെ പേരിലും. പുസെസാവലി ഗ്രാ‍മക്കാരായിരുന്ന ആ രണ്ടുപേരും, ആദിലിനെപ്പോലെ, ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചുവെന്നായിരുന്നു പ്രചരിക്കപ്പെട്ടത്. ആ ഇൻസ്റ്റാഗ്രാം പോസ്റ്റുതന്നെ, ഹിന്ദുക്കൾക്കെതിരെ മുസ്ലിമുകൾ നടത്തിയതായി പറയപ്പെടുന്ന അധിക്ഷേപങ്ങൾ കൂട്ടിയോജിപ്പിച്ചതായിരുന്നു. ഒരു കൊളാഷ്.

തീവ്ര വലതുപക്ഷ ഗ്രൂപ്പുകളാണ് ആ പോസ്റ്റുണ്ടാക്കിയതെന്ന് ആരോപണമുണ്ട്.

അഞ്ചുമാസം കഴിഞ്ഞിട്ടും, പൊലീസ്, ആ മൂന്ന് സ്ക്രീൻഷോട്ടുകളുടെ ആധികാരികത അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

എന്നാൽ ആ സ്ക്രീൻഷോട്ടുകൾകൊണ്ട് ഉദ്ദേശിക്കപ്പെട്ട കാര്യം ഇതിനകം നിർവഹിക്കപ്പെട്ടുകഴിഞ്ഞിരുന്നു. ഗ്രാമത്തിൽ തിങ്ങിനിറഞ്ഞ വർഗ്ഗീയസംഘർഷം അക്രമത്തിലേക്ക് നീങ്ങി. സംരക്ഷണം തേടാൻ മുസ്ലിമുകൾ സെപ്റ്റംബറിൽ നടത്തിയ ശ്രമവും വിഫലമായി.

ക്ഷുഭിതരായ ഒരു കൂട്ടം തീവ്ര വലതുപക്ഷ ഹിന്ദുക്കൾ സെപ്റ്റംബർ 10-ന് ഗ്രാമത്തിലിറങ്ങി, മുസ്ലിങ്ങളുടെ കടകളും, വാഹനങ്ങളും വീടുകളും തകർത്തു. മുസ്ലിം സമുദായത്തിലെ അംഗങ്ങളുടെ കണക്കനുസരിച്ച്, 29 കുടുംബങ്ങളെ ലക്ഷ്യമിട്ട ആ ആക്രമണത്തിൽ സമുദായത്തിന് മൊത്തം 30 ലക്ഷം രൂപ നഷ്ടപ്പെട്ടു. ജീവിതകാലത്തുണ്ടാക്കിയ സമ്പാദ്യമെല്ലാം വെറും 30 മിനിറ്റിനുള്ളിൽ തവിടുപൊടിയായി.

Vehicles parked across the mosque on that fateful day in September were burnt. They continue to remain there
PHOTO • Parth M.N.

സെപ്റ്റംബർ മുതൽ, പുസെസാവലി പള്ളിയുടെ എതിർവശത്ത് കിടക്കുന്ന ചാമ്പലായ വാഹനങ്ങൾ

പുസെസാവലിയിലെ ഒരു ഇ-സേവാ കേന്ദ്രം (സാധാരണക്കാർക്കായി, കോടതിയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഒറ്റ കുടക്കീഴിൽ നൽകുന്ന സ്ഥാപനം) നടത്തുന്ന 43 വയസ്സുള്ള അഷ്ഫഖ് ബഗ്‌വാൻ തന്റെ ഫോണെടുത്ത്, ഒരു ഫോട്ടോ ഈ റിപ്പോർട്ടർക്ക് കാണിച്ചുതന്നു. ചോരയിൽ മുങ്ങിയ തലയുമായി നിലത്തിരിക്കുന്ന ഒരു വൃദ്ധന്റെ ഫോട്ടൊ. “അവർ എന്റെ ജനല എറിഞ്ഞുതകർത്തപ്പോൾ, ആ ചില്ലുകൾ തെറിച്ച് അച്ഛന്റെ തലയിൽനിന്ന് ചോരയൊഴുകാൻ തുടങ്ങി. ഒരു ദു:സ്വപ്നം‌പോലെയാണ് തോന്നിയത്.. വീട്ടിൽ ചികിത്സിക്കാൻ പറ്റാത്തവിധം, അത്ര ആഴത്തിലുള്ള മുറിവായിരുന്നു അത്”, അഷ്ഫഖ് പറയുന്നു.

എന്നാൽ ഭ്രാന്തിളകിയ ഒരു ആൾക്കൂട്ടം തെരുവിൽ അഴിഞ്ഞാടുമ്പോൾ പുറത്തേക്കിറങ്ങാൻ അഷ്ഫാഖിന് സാധിച്ചില്ല. പുറത്തിറങ്ങിയിരുന്നെങ്കിൽ, ക്രിക്കറ്റ് പ്രേമിയും ചെറുപ്പക്കാരനുമായിരുന്ന നൂറുൾ ഹസ്സന്റെ ഗതി അയാൾക്കുമുണ്ടായേനേ.

*****

ജോലി കഴിഞ്ഞ് വൈകീട്ട് നൂറുൾ വീട്ടിൽ തിരിച്ചെത്തുമ്പോൾ, പുസെസാവലി പുകയാൻ തുടങ്ങിയിരുന്നില്ല. അതിരാവിലെ പുറപ്പെട്ട ആൾക്കൂട്ടത്തെക്കുറിച്ച് അജ്ഞനായിരുന്ന അയാൾ, സന്ധ്യയ്ക്ക് ഗ്രാ‍മത്തിലെ പള്ളിയിൽ പ്രാർത്ഥിക്കാനിറങ്ങി. “വീട്ടിൽ ചില വിരുന്നുകാർ എത്തിയതിനാൽ, വീട്ടിൽ‌വെച്ച് പ്രാർത്ഥിക്കാൻ ഞാൻ അദ്ദേഹത്തോട് പറഞ്ഞുവെങ്കിലും, വേഗം വരാമെന്ന് പറഞ്ഞ് അദ്ദേഹം ഇറങ്ങി”.

ഒരു മണിക്കൂർ കഴിഞ്ഞ്, നൂറുൾ ആയിഷയെ പള്ളിയിൽനിന്ന് വിളിച്ച്, ഒരു കാരണവശാലും പുറത്തിറങ്ങരുതെന്ന് പറഞ്ഞു. നൂറുളിനെക്കുറിച്ചോർത്ത് ആധി പിടിച്ചിരുന്ന ആയിഷ, അയാൾ പള്ളിയിലാണെന്നറിഞ്ഞപ്പോൾ ആശ്വസിച്ചു. “പള്ളിക്കകത്ത് ആൾക്കൂട്ടത്തിന്റെ ആക്രമണമുണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല. അത്രവരെ കാര്യങ്ങൾ പോകുമെന്ന് ഞാൻ കരുതിയതല്ല. പള്ളിക്കകത്ത് അദ്ദേഹം സുരക്ഷിതനായിരിക്കുമെന്ന് ഞാൻ കരുതി”, ആയിഷ പറയുന്നു.

അവൾക്ക് തെറ്റ് പറ്റി.

മുസ്ലിങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾക്ക് തീയിട്ടതിനുശേഷം, ആ ആൾക്കൂട്ടം പള്ളിക്കകത്തേക്ക് ഇരച്ചുകയറി. അകത്തുനിന്ന് പൂട്ടിയിരുന്നു പള്ളി. ചിലർ പുറത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് തീവെക്കാൻ തുടങ്ങിയപ്പോൾ ചിലർ അകത്തുകടക്കാൻ ശ്രമം തുടങ്ങി. തുടർച്ചയായ പ്രഹരത്തിൽ, പള്ളിയുടെ വാതിലുകൾ അയയാൻ തുടങ്ങി. ഒടുവിൽ താഴ് പൊളിഞ്ഞ്, അത് മലർക്കെ തുറന്നു.

ദണ്ഡുകളും ഇഷ്ടികകളും തറയോടുകളുമായി, ഭ്രാന്തുപിടിച്ച ആ ആൾക്കൂട്ടം, സമാധാനപരമായി പ്രാർത്ഥിച്ചുകൊണ്ടിരുന്ന മുസ്ലിമുകളെ ആക്രമിക്കാൻ തുടങ്ങി. അതിലൊരുത്തൻ ഒരു തറയോടെടുത്ത് നൂറുലിന്റെ തലയിലടിച്ചു. അതിനുശേഷം ആൾക്കൂട്ടം അയാളെ തല്ലിക്കൊന്നു. ആ ആക്രമണത്തിൽ പതിനൊന്നുപേർക്ക് കൂടി ഗുരുതരമായി പരിക്കേറ്റു. “അവന്റെ ശരീരം നേരിട്ട് കാണുന്നതുവരെ ഞാനത് വിശ്വസിച്ചില്ല”, ആയിഷ പറയുന്നു.

The mosque in Pusesavali where Nurul Hasan was lynched
PHOTO • Parth M.N.

നൂറുൽ ഹസ്സൻ തല്ലിക്കൊല്ലപ്പെട്ട പുസെസാവലിയിലെ പള്ളി

“നൂറുളിന്റെ കൊലപാതകത്തിൽ ആരോപിതരായവരെ എനിക്കറിയാം. അവർ അവനെ ഭായ് (സഹോദരൻ) എന്നാണ് ഇത്രനാളും വിളിച്ചിരുന്നത്. തല്ലിക്കൊല്ലുമ്പോൾ എന്തുകൊണ്ട് അവരത് ഓർത്തില്ല എന്ന് എനിക്ക് അത്ഭുതം തോന്നുന്നു”, വിഷാദവതിയായ അവർ പറയുന്നു.

ഇത്തരത്തിലുള്ള ആക്രമണം ഭയന്നാണ് ദിവസങ്ങൾക്ക് മുമ്പ്, പലതവണ പുസെസാവലിയിലെ മുസ്ലിങ്ങൾ പൊലീസിനോട് മുൻ‌കൂർ സംരക്ഷണം തരണമെന്ന് ആവശ്യപ്പെട്ടത്. ഇത് സംഭവിക്കാൻ പോകുന്നത് അവർ വളരെ മുൻ‌കൂട്ടി കണ്ടിരുന്നു. ഒരുപക്ഷേ അത് കാണാതിരുന്നത്, സതാറ പൊലീസ് മാത്രമായിരുന്നു.

*****

മസ്ജിദിനുനേരെയുള്ള നീചമായ ആക്രമണം നടന്നിട്ട് അഞ്ചുമാസമായെങ്കിലും പുസെസാവലി ഇപ്പോഴും വിഭജിക്കപ്പെട്ടിരിക്കുന്നു. ഹിന്ദുക്കളും മുസ്ലിമുകളും തമ്മിൽ ഇടപഴകുന്നത് നിന്നു എന്ന് മാത്രമല്ല, അവർ പരസ്പരം നോക്കുന്നതുപോലും സംശയത്തോടെയായി. പരസ്പരം വീടുകളിൽ പോയി ഭക്ഷണം കഴിച്ചിരുന്നവർതമ്മിൽ ഇന്ന് തണുത്ത് വിറങ്ങലിച്ച ഒരു ഔപചാരിക വിനിമയം മാത്രമാണുള്ളത്. ഹിന്ദു ദൈവങ്ങൾക്കെതിരേ അധിക്ഷേപപരമായ പോസ്റ്റുകളിട്ടു എന്ന് ആരോപിക്കപ്പെട്ട ആ മൂന്ന് മുസ്ലിം ചെറുപ്പക്കാരും, ജീവഭയത്താൽ ഗ്രാമം വിട്ടുപോയി. ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയുമൊപ്പമാണ് ഇപ്പോൾ അവരുടെ താ‍മസം.

“കുറ്റവാളിയാണെന്ന് തെളിയിക്കപ്പെടുന്നതുവരെ നിങ്ങൾ നിരപരാധിയാണെന്നാണ് ഇന്ത്യയിൽ പൊതുവെ പറയപ്പെടുന്നത്” തന്റെ താമസസ്ഥലം പരസ്യമാക്കില്ല എന്ന നിബന്ധനയിൽ മാത്രം ഞങ്ങളോട് സംസാരിക്കാൻ തയ്യാറായ 23 വയസ്സുള്ള മുസാമിൽ ബഗ്‌വാൻ പറയുന്നു. “എന്നാൽ, നിങ്ങൾ മുസ്ലിമാണെങ്കിൽ, നിരപരാധിയാണെന്ന് തെളിയിക്കപ്പെടുന്നതുവരെ നിങ്ങൾ കുറ്റക്കാരനായിരിക്കും”.

സെപ്റ്റംബർ 10, രാത്രി, ഒരു വീട്ടിലെ ചടങ്ങ് കഴിഞ്ഞ് മുസാമിൽ പുസെസാവലിയിലെ തന്റെ വീട്ടിലേക്ക് പോവുകയായിരുന്നു. വീട്ടിൽനിന്ന് 30 കിലോമീറ്റർ അകലെ, ഭക്ഷണം കഴിക്കാൻ അയാൾ നിർത്തി. ഭക്ഷണം കാത്തിരിക്കുമ്പോൾ ഫോൺ തുറന്ന് വാട്ട്സാപ്പ് നോക്കിയപ്പോഴാണ് കോൺ‌ടാക്റ്റ് ലിസ്റ്റിലുള്ള ചില ഹിന്ദു സുഹൃത്തുക്കൾ അവരുടെ സ്റ്റാറ്റസ് പുതുക്കിയത് മുസാമിൽ കണ്ടത്.

അവരുടെ ഫോണുകളിലെ അപ്‌ഡേറ്റ് പരിശോധിച്ചപ്പോൾ അയാൾ ഞെട്ടിത്തരിച്ചു. മുസാമിലിന്റേതെന്ന് ആരോപിക്കപ്പെട്ട ആ സ്ക്രീൻഷോട്ടുകളായിരുന്നു എല്ലാവരും ഷെയർ ചെയ്തിരുന്നത്. “ഇത്തരമൊരു പോസ്റ്റിട്ട് പ്രശ്നങ്ങളുണ്ടാക്കേണ്ട കാര്യമെന്താണ് എനിക്ക്? കലാപമുണ്ടാക്കാനായി മനപ്പൂർവ്വം കെട്ടിച്ചമച്ച ഒന്നായിരുന്നു അത്.”, അയാൾ പറയുന്നു.

മുസാമിൽ ഉടനെ പ്രദേശത്തുള്ള പൊലീസ് സ്റ്റേഷനിൽ പോയി ഫോൺ കൈമാറി. “അതൊന്ന് ഉടനെ വിശദമായി പരിശോധിക്കാൻ ഞാൻ അവരോട് അഭ്യർത്ഥിച്ചു”.

പൊലീസിന് ആ കമന്റുകളുടെ ആധികാരികത പരിശോധിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ഇൻസ്റ്റാഗ്രാമിന്റെ ഉടമസ്ഥരായ മെറ്റയുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് അവർ. ആവശ്യമായ വിവരങ്ങൾ കമ്പനിക്ക് കൊടുത്തിട്ടുണ്ട്. ഇനി അവരത് പരിശോധിച്ച് മറുപടി പറയണമെന്ന് സത്താറ പൊലീസ് അറിയിച്ചു.

“പ്രതികരിക്കാൻ മെറ്റ ഇത്രയധികം സമയമെടുക്കുന്നതിൽ അത്ഭുതമൊന്നുമില്ല”, ഡിജിറ്റൽ എം‌പവർമെന്റ് ഫൌണ്ടേഷന്റെ സ്ഥാപകനായ ഒസാമ മൻസാർ പറയുന്നു. “അവരുടെ മുൻ‌ഗണനയിൽ വരുന്ന കാര്യമല്ല അത്. പൊലീസിനും ഇത് പരിഹരിക്കുന്നതിൽ വലിയ താത്പര്യമൊന്നുമില്ല. ഈ പ്രക്രിയതന്നെ ഒരു ശിക്ഷയാവുകയാണ്”.

നിരപരാധിയാണെന്ന് തെളിയുന്നതുവരെ ഗ്രാമത്തിലേക്ക് മടങ്ങില്ല എന്ന് മുസാമിൽ പറയുന്നു. മാസം 2,500 രൂപയ്ക്ക്, പടിഞ്ഞാറൻ മഹാരാഷ്ട്രയിൽ ഒരു ഫ്ലാറ്റ് വാടകയ്ക്കെടുത്തിരിക്കുകയാണ് ഇപ്പോൾ അദ്ദേഹം. അച്ഛനമ്മമാരെ 15 ദിവസത്തിലൊരിക്കൽ കാണും. എങ്കിലും അധികം സംസാരിക്കാറില്ല. “എപ്പോൾ കണ്ടാലും, അവർ കരയാൻ തുടങ്ങും. ഞാൻ ധൈര്യമൊക്കെ അവലംബിച്ച് നിൽക്കും”, മുസാമിൽ പറയുന്നു.

'In India, you are supposed to be innocent until proven guilty,' says Muzammil Bagwan, 23, at an undisclosed location. Bagwan, who is from Pusesavali, was accused of abusing Hindu gods under an Instagram post
PHOTO • Parth M.N.

‘കുറ്റവാളിയാണെന്ന് തെളിയിക്കപ്പെടുന്നതുവരെ നിങ്ങൾ നിരപരാധിയാണെന്നാണ് ഇന്ത്യയിൽ പൊതുവെ പറയപ്പെടുന്നത്’, വെളിപ്പെടുത്താത്ത ഒരു സ്ഥലത്തിരുന്ന് 23 വയസ്സുള്ള മുസാമിൽ ബഗ്‌വാൻ പറയുന്നു. ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചു എന്ന ആരോപണം നേരിടുകയാണ് പുസെസാവലി ഗ്രാമത്തിലെ ബഗ്‌വാൻ

മുസാമിൽ ഒരു പലചരക്കുകടയിൽ 8,000 രൂപ ശമ്പളത്തിന് ജോലിക്ക് കയറി. വീട്ടുവാടകയും ചിലവുകളും കഴിയുന്നത് അതിൽനിന്നാണ്. പുസെസാവലിയിൽ അയാൾക്ക് നല്ല രീതിയിൽ നടന്നുവരുന്ന സ്വന്തമായ ഒരു ഐസ്ക്രീം കടയുണ്ടായിരുന്നു. “അത് വാടകയ്ക്കെടുത്ത കടയായിരുന്നു. ഉടമസ്ഥൻ ഹിന്ദുവും. ഈ സംഭവമുണ്ടായപ്പോൾ അയാളെന്നെ പുറത്താക്കി. നിരപരാധിയാണെന്ന് തെളിഞ്ഞാലേ എനിക്കത് തിരിച്ചുകിട്ടൂ. അതുകൊണ്ട്, അച്ഛനമ്മമാർ ഇപ്പോൾ, ഉപജീവനത്തിനായി പച്ചക്കറി വിൽക്കുകയാണ്. എന്നാൽ ഗ്രാമത്തിലെ ഹിന്ദുക്കൾ അവരിൽനിന്ന് പച്ചക്കറി വാങ്ങാൻ വിസമ്മതിക്കുന്നു”.

ഈ ധ്രുവീകരണം കൊച്ചുകുട്ടികളിലേക്കുപോലും വ്യാപിക്കുന്നുണ്ട്. ഒരുദിവസം അഷ്ഫാഖ് ബഗ്‌വാന്റെ ഒമ്പത് വയസ്സുള്ള മകൻ സ്കൂളിൽനിന്ന് വന്നത് സങ്കടത്തോടെയാണ്. മറ്റ് കുട്ടികൾ അവനെ കളികളിൽ കൂടെ കൂട്ടുന്നില്ല എന്നതായിരുന്നു കാരണം. “ക്ലാസ്സിലെ കുട്ടികൾ അവനെ, ലണ്ഡ്യ യാണെന്ന കാരണം പറഞ്ഞ് ഒഴിവാക്കി“, അഷ്ഫഖ് പറയുന്നു. സുന്നത്ത് ചെയ്ത മുസ്ലിമുകളെ പരിഹസിച്ച് വിളിക്കുന്ന പേരാണ് ലണ്ഡ്യ എന്നത്. “കുട്ടികളെ ഞാൻ കുറ്റപ്പെടുത്തില്ല. വീട്ടിൽ കേൾക്കുന്നതാണ് അവർ പറയുന്നത്. ഞങ്ങളുടെ ഗ്രാമത്തിലെ അന്തരീക്ഷം ഇതായിരുന്നില്ല പണ്ടൊന്നും”.

എല്ലാ മൂന്നുവർഷം കൂടുമ്പോഴും പുസെസാവലിയിൽ പാരായണങ്ങൾ സംഘടിപ്പിച്ചിരുന്നു. തുടർച്ചയായി എട്ടുദിവസം ഹിന്ദുക്കൾ ഒരുമിച്ചിരുന്ന് പുരാണങ്ങൾ കൂട്ടമായി വായിക്കുന്ന ചടങ്ങാണത്. ഏറ്റവുമൊടുവിൽ നടന്നത് ഓഗസ്റ്റ് 8-നായിരുന്നു. ഗ്രാമത്തിൽ കലാപം പൊട്ടിപ്പുറപ്പെടുന്നതിന് ഒരു മാസം മുമ്പ്. അതിലെ ആദ്യത്തെ ദിവസം സദ്യ ഒരുക്കിയത് മുസ്ലിമുകളായിരുന്നു. 1,200 ഹിന്ദുക്കൾക്കായി, 150 ലിറ്റർ ഷീർ കുർമയാണ് (സേമിയപ്പായസം) മുസ്ലിം സമുദായം തയ്യാറാക്കിയത്.

“ഞങ്ങൾ 80,000 രൂപയാണ് അതിന് ചിലവിട്ടത്. സമൂഹം ഒന്നടങ്കം അതിൽ പങ്കെടുത്തു. കാരണം, അതാണ് ഞങ്ങളുടെ സംസ്കാരം. എന്നാൽ ആ പൈസയ്ക്ക്, മസ്ജിദിന് ഒരു ഇരുമ്പ് ഗേറ്റ് സ്ഥാപിച്ചിരുന്നെങ്കിൽ, ഞങ്ങളുടെ ആളുകളിൽ ഒരാളെങ്കിലും ഇന്ന് ജീവനോടെയിരുന്നേനേ”, അയാൾ പറയുന്നു.

*****

കേസന്വേഷിക്കുന്ന പൊലീസ് ഇൻസ്പെക്ടർ മിസ്റ്റർ ദേവ്‌കർ പറയുന്നത്, സെപ്റ്റംബർ 10-ലെ അക്രമത്തിൽ പങ്കെടുത്ത 63 പേരെ അറസ്റ്റ് ചെയ്യുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നാണ്. കൂടാതെ 34 പേർ ഒളിവിലാണെന്നും, 59 പേർക്ക് ജാമ്യം ലഭിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“രാഹുൽ കദമും നിതിൻ വീരുമാണ് ഈ കേസിലെ മുഖ്യ പ്രതികൾ. അവർ രണ്ടുപേരും ഹിന്ദു ഏക്തയിൽ പ്രവർത്തിക്കുന്നവരാണ്”, അയാൾ പറയുന്നു.

പടിഞ്ഞാറൻ മഹാരാഷ്ട്രയിൽ സജീവമായ ഹിന്ദു ഏക്ത എന്ന തീവ്ര വലതുപക്ഷ സംഘടനയുടെ മുതിർന്ന നേതാവ് വിക്രം പവസ്കർ, മഹാരാഷ്ട്ര ബി.ജെ.പി. ഘടകത്തിന്റെ വൈസ് പ്രസിഡന്റുകൂടിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂടെയുള്ള അയാളുടെ ഫോട്ടോകൾ സാമൂഹികമാധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി അയാൾക്ക് അടുപ്പമുണ്ടെന്നും പറയപ്പെടുന്നു.

വിദ്വേഷപ്രസംഗങ്ങൾ നടത്തുകയും സമൂഹികസംഘർഷങ്ങൾക്ക് തിരികൊളുത്തുകയും ചെയ്ത ചരിത്രമുള്ള വിക്രം, ഹിന്ദുത്വ നേതാവായ വിനായക് പവസ്കറിന്റെ മകനാണ്. 2023 ഏപ്രിലിൽ, അയാൾ, സത്താറയിലെ ഒരു മുസ്ലിം പള്ളി പൊളിക്കാനുള്ള പ്രക്ഷോഭത്തിൽ മുൻപന്തിയിലുണ്ടായിരുന്നു. ‘അനധികൃതമായി നിർമ്മിച്ച’ പള്ളിയാണെന്നായിരുന്നു പ്രചാരണം.

Saffron flags in the village
PHOTO • Parth M.N.

ഗ്രാമത്തിലെ കാവിപ്പതാകകൾ

ജൂൺ 2023-ൽ ഇസ്ലാം‌പുരിലെ ഒരു റാലിയിൽ‌വെച്ച് ‘ലവ് ഹിജാദി’നെതിരേ ‘ഹിന്ദുക്കൾ ഒരുമിക്കാൻ’ പവസ്കർ ആഹ്വാനം ചെയ്തു. മുസ്ലിം പുരുഷന്മാർ ഹിന്ദു സ്ത്രീകളെ വശീകരിച്ച്, വിവാഹത്തിനുശേഷം ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യിപ്പിക്കുന്നു എന്ന, ഇതുവരെ തെളിയിക്കപ്പെടാത്ത ഒരു തീവ്രഹിന്ദുത്വപ്രചാരണമാണ് ‘ലവ് ജിഹാദ്’. ജനസംഖ്യ വർദ്ധിപ്പിച്ച്, ഇന്ത്യയുടെ മേൽ അധിശത്വം നേടാനുള്ള ഇസ്ലാമിസ്റ്റുകളുടെ പദ്ധതിയാണ് ഇതെന്നാണ് അവരുടെ വിഷപ്രചാരണം. “ലവ് ജിഹാദിനുവേണ്ടി നമ്മുടെ പെണ്മക്കളേയും സഹോദരിമാരേയും തട്ടിക്കൊണ്ടുപോവുകയും വേട്ടയാടുകയുമാണ് അവർ ചെയ്യുന്നത്. നമ്മുടെ സ്ത്രീകളെ നശിപ്പിക്കാനും ഹിന്ദുക്കളുടെ സ്വത്തുക്കൾ സ്വന്തമാക്കാനുമാണ് അവർ ശ്രമിക്കുന്നത്. നമ്മൾ അവർക്ക് ഒരു ചുട്ട മറുപടി കൊടുക്കണം”, അയാൾ ആഹ്വാനം ചെയ്തു. അതും പോരാഞ്ഞ്, ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കാനും മുസ്ലിമുകളെ സാമ്പത്തികമായി ബഹിഷ്കരിക്കാനും അയാൾ ആഹ്വാനം ചെയ്തു.

കലാപത്തിന് ദൃക്‌‌സാക്ഷിയായ ഒരാളുടെ മൊഴിയനുസരിച്ച്, പുസെസാവലിയിലെ ആക്രമണത്തിന് ദിവസങ്ങൾക്ക് മുമ്പ്, പവസ്കർ പ്രതികളിലൊരാളുടെ വീട്ടിൽ‌വെച്ച് ഒരു യോഗം വിളിച്ചുചേർത്തിരുന്നു. ഗ്രാമത്തെ ആക്രമിച്ച ഹിന്ദുത്വ സംഘത്തിൽ അജ്ഞാതരായ നൂറിലധികം പേർ പങ്കെടുത്തിരുന്നു. എന്നാൽ അതിൽ 27 പേർ ഗ്രാമത്തിലുള്ളവരായിരുന്നുവെന്നും അവരിൽ ചിലർ പവസ്കർ സംഘടിപ്പിച്ച യോഗത്തിൽ പങ്കെടുത്തിരുന്നുവെന്നും അയാൾ പൊലീസിനോട് പറഞ്ഞു. “ഒരൊറ്റ ലണ്ഡ്യ യും ഈ രാത്രി ജീവനോടെ ഉണ്ടാവരുത്. വിക്രം പവസ്കറിന് നമ്മുടെ പിന്തുണയുണ്ട്. ഒരു ദാക്ഷിണ്യവും കാട്ടരുത്” എന്ന്, മുസ്ലിം പള്ളിക്കുനേരെയുള്ള ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാൾ പറഞ്ഞുവെന്ന് അയാൾ മൊഴി കൊടുത്തു.

എന്നിട്ടും പൊലീസ് അയാളെ അറസ്റ്റ് ചെയ്തില്ല. ഈ വസ്തുതയെക്കുറിച്ച് റിപ്പോർട്ടറോട് പ്രതികരിക്കാൻ സത്താറയിലെ സൂപ്രണ്ട് ഓഫ് പൊലീസ് സമീർ ഷെയ്ക്ക് വിസമ്മതിച്ചു. “ആവശ്യമുള്ള വിവരങ്ങളെല്ലാം പൊതുമണ്ഡലത്തിലുണ്ട്”, അയാൾ പറഞ്ഞു. പവസ്കറിന്റെ പങ്കിനെക്കുറിച്ചുള്ള അന്വേഷണത്തിനെക്കുറിച്ചുള്ള എല്ലാ ചോദ്യവും അയാൾ അവഗണിച്ചു.

പവസ്കറിനെതിരേ നടപടിയെടുക്കാത്തതിന് 2023 ജനുവരിയിലെ അവസാനത്തെ ആഴ്ച ബോംബെ ഹൈക്കോടതി സത്താറ പൊലീസിനെ വിമർശിക്കുകപോലുമുണ്ടായി.

*****

സത്താറ പൊലീസിന്റെ അലംഭാവം കണ്ടപ്പോൾ, തനിക്ക് എന്നെങ്കിലും നീതി കിട്ടുമോ, നൂറുളിന്റെ കൊലപാതകികൾ എന്നെങ്കിലും ശിക്ഷിക്കപ്പെടുമോ, ആ‍ കൊലയുടെ സൂത്രധാരൻ എന്നെങ്കിലും അകത്താകുമോ എന്നൊക്കെ ആയിഷ സംശയിച്ചിരുന്നു. എന്തൊക്കെയോ മറച്ചുവെക്കപ്പെടുന്നുണ്ടെന്ന്, സ്വയം ഒരു അഭിഭാഷകയായ അവർക്ക് തോന്നി.

“ആരോപണവിധേയരിൽ മിക്കവരും ജാമ്യത്തിലാണ്. അവർ ഗ്രാമത്തിൽ സ്വതന്ത്രരായി നടക്കുന്നു. ക്രൂരമായ ഒരു ഫലിതം പോലെയാണ് എനിക്ക് തോന്നുന്നത്”, അവർ പറയുന്നു.

അതുകൊണ്ട്, പുസെസാവലിക്ക് പകരം, രാജാച്ചെ കുർളയിലുള്ള തന്റെ അച്ഛനമ്മമാരോടൊപ്പം കൂടുതൽ സമയം ചിലവഴിക്കാൻ അവർ തീരുമാനിച്ചു. പുസെസാവലിയിൽ അവർക്ക് കൂടുതൽ അരക്ഷിതത്വം തോന്നിയിരുന്നു. ഭർത്താവിനെക്കുറിച്ചുള്ള ഓർമ്മകളും അവിടെ അവരെ വേട്ടയാടിയിരുന്നു. “നാല് കിലോമീറ്ററേയുള്ളു, ഈ ഗ്രാമങ്ങൾക്കിടയിൽ. അതുകൊണ്ട് എനിക്ക് ഇടയ്ക്കൊന്ന് പോയിവരാൻ സാധിക്കും. എന്നാൽ ഇപ്പോൾ എന്റെ മുൻ‌ഗണന, എന്റെ ജീവിതത്തെ വീണ്ടും തിരിച്ചുപിടിക്കുന്നതിലാണ്”.

Ayesha Hasan, Nurul's wife, in Rajache Kurle village at her parents’ home
PHOTO • Parth M.N.

നൂറുളിന്റെ ഭാര്യ ആയിഷ ഹസൻ, രാജാച്ചെ കുർളെ ഗ്രാമത്തിലെ, തന്റെ അച്ഛനമ്മമാരുടെ വീട്ടിൽ

അഭിഭാഷകവൃത്തി വീണ്ടും തുടങ്ങിയാലോ എന്ന് അവർ ആലോചിച്ചുവെങ്കിലും, ഗ്രാമത്തിൽ അതിന് വലിയ സാധ്യതകളില്ലാത്തതിനാൽ അവർ അത് ഉപേക്ഷിച്ചു. “സത്താറയിലേക്കോ പൂനെയിലേക്കോ താമസം മാറ്റിയാൽ വ്യത്യാസമുണ്ടാകും. എന്നാൽ എന്റെ അച്ഛനമ്മമാരിൽനിന്ന് അകന്നിരിക്കാൻ എനിക്ക് താത്പര്യമില്ല. അവർക്ക് അനാരോഗ്യമൊക്കെയുണ്ട്. എന്റെ സാന്നിധ്യം ഇപ്പോൾ അവർക്ക് ആവശ്യമാണ്”.

ആയിഷയുടെ അമ്മ, 50 വയസ്സുള്ള ഷമയ്ക്ക് പ്രമേഹമാണ്. 70 വയസ്സുള്ള അച്ഛാൻ ഹനീഫിന് 2023 ഡിസംബറിൽ ഹൃദയാഘാതമുണ്ടായി. മകളുടെ അവസ്ഥയായിരുന്നു അതിനിടവെച്ചത്. “ഒരു മകനില്ലാത്തതിന്റെ വിഷമം നൂറുൾ പരിഹരിച്ചിരുന്നുവെന്ന് അച്ഛന് എപ്പോഴും തോന്നിയിരുന്നു. അദ്ദേഹം മരിച്ചതിൽ‌പ്പിന്നെ അച്ഛൻ പഴയ സ്ഥിതിയിലേക്കെത്തിയിട്ടില്ല”, ആയിഷ പറയുന്നു.

വീട്ടുകാരുടെ കൂടെ താമസിക്കാനും അവരുടെ കാര്യങ്ങൾ നോക്കാനും തീരുമാനിച്ചുവെങ്കിലും വേറെയും കാര്യങ്ങൾ ആയിഷയ്ക്ക് ചെയ്ത് തീർക്കാനുണ്ട്. അവരുടെ ജീവിതത്തിന് കൂടുതൽ ലക്ഷ്യവും അർത്ഥവും നൽകുന്ന ചില കാര്യങ്ങൾ. മരിച്ചുപോയ ഭർത്താവിന്റെ ചില ആഗ്രഹങ്ങൾ പൂർത്തിയാക്കാൻ അവർ ആഗ്രഹിക്കുന്നു.

സംഭവം നടക്കുന്നതിന് അഞ്ച് മാസം മുമ്പ്, നൂറുളും ആയിഷയും ചേർന്ന് സ്വന്തമായി ഒരു നിർമ്മാണ കമ്പനി രൂപവത്കരിച്ചിരുന്നു. ആഷ്നൂർ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ. കരാറുകൾ പിടിക്കൽ നൂറിന്റേയും, അതിന്റെ നിയമവശങ്ങൾ നോക്കുന്നത് ആയിഷയുടേയും ജോലിയായിരുന്നു.

അയാൾ പോയ സ്ഥിതിക്ക്, അത് നിർത്തലാക്കാൻ ആയിഷ ആഗ്രഹിക്കുന്നില്ല. “എനിക്ക് നിർമ്മാണവ്യവസാ‍യത്തെക്കുറിച്ച് അധികമൊന്നും അറിയില്ല. എന്നാൽ ഞാനത് പഠിച്ച്, ആ ബിസിനസ്സ് മുന്നോട്ട് കൊണ്ടുപോവും. ഇപ്പോൾ സാമ്പത്തികമായി കുറച്ച് ബുദ്ധിമുട്ടുകളുണ്ടെങ്കിലും ഫണ്ട് സ്വരൂപിച്ച് ഞാനത് പ്രാവർത്തികമാക്കും”, ആയിഷ ഉറപ്പിച്ച് പറയുന്നു.

രണ്ടാമത്തെ ആഗ്രഹം അത്രയ്ക്ക് സങ്കീർണ്ണമല്ല.

തന്റെ കുട്ടി ക്രിക്കറ്റ് പഠിക്കണമെന്ന് നൂറുൾ ആഗ്രഹിച്ചിരുന്നു. ഏതെങ്കിലും സ്പോർട്ട്സ് അക്കാദമിയിൽനിന്നല്ല. വിരാട് കോഹ്‌ലി പരിശീലിച്ച സ്ഥാപനത്തിൽനിന്നുതന്നെ. നൂറുളിന്റെ സ്വപ്നം സഫലീകരിക്കുക എന്നത് ആയിഷയുടെ ജോലിയാണ്. “ഞാനത് ചെയ്യും” അവർ ഉറപ്പിച്ച് പറയുന്നു.

പരിഭാഷ: രാജീവ് ചേലനാട്ട്

Parth M.N.

ପାର୍ଥ ଏମ୍.ଏନ୍. ୨୦୧୭ର ଜଣେ PARI ଫେଲୋ ଏବଂ ବିଭିନ୍ନ ୱେବ୍ସାଇଟ୍ପାଇଁ ଖବର ଦେଉଥିବା ଜଣେ ସ୍ୱାଧୀନ ସାମ୍ବାଦିକ। ସେ କ୍ରିକେଟ୍ ଏବଂ ଭ୍ରମଣକୁ ଭଲ ପାଆନ୍ତି ।

ଏହାଙ୍କ ଲିଖିତ ଅନ୍ୟ ବିଷୟଗୁଡିକ Parth M.N.
Editor : Vishaka George

ବିଶାଖା ଜର୍ଜ ପରୀର ଜଣେ ବରିଷ୍ଠ ସମ୍ପାଦିକା। ସେ ଜୀବନଜୀବିକା ଓ ପରିବେଶ ପ୍ରସଙ୍ଗରେ ରିପୋର୍ଟ ଲେଖିଥାନ୍ତି। ବିଶାଖା ପରୀର ସାମାଜିକ ଗଣମାଧ୍ୟମ ପରିଚାଳନା ବିଭାଗ ମୁଖ୍ୟ ଭାବେ କାର୍ଯ୍ୟ କରୁଛନ୍ତି ଏବଂ ପରୀର କାହାଣୀଗୁଡ଼ିକୁ ଶ୍ରେଣୀଗୃହକୁ ଆଣିବା ଲାଗି ସେ ପରୀ ଏଜୁକେସନ ଟିମ୍‌ ସହିତ କାର୍ଯ୍ୟ କରିଥାନ୍ତି ଏବଂ ନିଜ ଆଖପାଖର ପ୍ରସଙ୍ଗ ବିଷୟରେ ଲେଖିବା ପାଇଁ ଛାତ୍ରଛାତ୍ରୀଙ୍କୁ ଉତ୍ସାହିତ କରନ୍ତି।

ଏହାଙ୍କ ଲିଖିତ ଅନ୍ୟ ବିଷୟଗୁଡିକ ବିଶାଖା ଜର୍ଜ
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

ଏହାଙ୍କ ଲିଖିତ ଅନ୍ୟ ବିଷୟଗୁଡିକ Rajeeve Chelanat