"എല്ലാം നന്നാക്കിയെടുക്കാനുള്ള വഴി കണ്ടെത്താനാണ് ഞാൻ ശ്രമിക്കാറുള്ളത്."
സുനിൽ കുമാർ ഒരു ടഠേരയാണ് (ലോഹപ്പാത്രങ്ങൾ നിർമ്മിക്കുന്നയാൾ). "മറ്റാർക്കും നന്നാക്കിയെടുക്കാൻ കഴിയാത്ത സാധനങ്ങളാണ് ആളുകൾ ഞങ്ങളുടെ അടുത്ത് കൊണ്ടുവരുന്നത്. മെക്കാനിക്കുകൾപോലും അവരുടെ ഉപകരണങ്ങൾ എത്തിക്കാറുണ്ട്."
തലമുറകളായി ചെമ്പും പിച്ചളയും വെങ്കലവും ഉപയോഗിച്ച് അടുക്കളയിലും മറ്റു വീട്ടാവശ്യങ്ങൾക്കും ഉപയോഗിക്കുന്ന വ്യത്യസ്ത തരം ലോഹപ്പാത്രങ്ങൾ നിർമ്മിക്കുന്നവരുടെ പരമ്പരയിലെ ഒടുവിലത്തെ കണ്ണിയാണ് സുനിൽ. "ആർക്കും അവരുടെ കൈ അഴുക്കാക്കാൻ താത്പര്യമില്ല," കഴിഞ്ഞ 25 വർഷമായി ടഠേര കൈപ്പണിക്കാരനായി ജോലി ചെയ്യുന്ന ആ 40 വയസ്സുകാരൻ പറയുന്നു. "ഞാൻ ദിവസം മുഴുവൻ അമ്ലവും കരിയും ഉപയോഗിച്ച് ചൂടും കൊണ്ടാണ് പണിയെടുക്കുന്നത്. ഈ ജോലിയോടുള്ള അഭിനിവേശം കൊണ്ടാണ് ഞാനിത് ചെയ്യുന്നത്."
പഞ്ചാബിൽ മറ്റു പിന്നാക്കവിഭാഗമായി പട്ടികപ്പെടുത്തിയിട്ടുള്ള ടഠേരകൾ (ടഠിയാരകൾ എന്നും അറിയപ്പെടുന്നു) പരമ്പരാഗതമായി ലോഹമുപയോഗിച്ച് വ്യത്യസ്ത ആകൃതിയിലുള്ള വസ്തുക്കൾ കൈപ്പണിയിലൂടെ തീർക്കുന്നവരാണ്. ഉറപ്പുള്ള വാതിൽപ്പിടികളും പൂട്ടുകളും ഉൾപ്പെടെ ഇരുമ്പുൾപ്പെടാത്ത വസ്തുക്കൾ ആകൃതിപ്പെടുത്തി നിർമ്മിക്കുകയാണ് ഇവർ ചെയ്യുന്നത്. സുനിൽ, പിതാവ് 67 വയസ്സുകാരനായ കെവാൽ കൃഷനുമായി ചേർന്ന്, പാത്രങ്ങൾ നന്നാക്കുന്ന ജോലിയ്ക്ക് ആവശ്യമായ പഴയ സാധനങ്ങൾ വാങ്ങിക്കുന്നു.
കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി, സ്റ്റീൽ പോലെയുള്ള, ഇരുമ്പ് അടങ്ങിയ വസ്തുക്കൾക്ക് പ്രചാരം കൂടുന്നത് കൈപ്പണിക്കാരെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇന്ന് മിക്ക വീടുകളിലും അടുക്കളപ്പാത്രങ്ങൾ സ്റ്റീലിൽ തീർത്തവയാണെന്ന് മാത്രമല്ല, ഉറപ്പുള്ളതെങ്കിലും പണച്ചിലവ് കൂടുതലായ വെങ്കലത്തിലും ചെമ്പിലും തീർത്ത പാത്രങ്ങൾ തേടിയെത്തുന്ന ആവശ്യക്കാരുടെ എണ്ണം കുത്തനെ ഇടിയുകയും ചെയ്തിരിക്കുന്നു.
സുനിലും അദ്ദേഹത്തിന്റെ കുടുംബവും തലമുറകളായി കൈത്തൊഴിൽ ചെയ്തുപോരുന്ന പഞ്ചാബിലെ സംഗ്രൂർ ജില്ലയിലുള്ള ലെഹ്‌റാഗാഗ പട്ടണത്തിൽ, ഏതാണ്ട് 40 കൊല്ലം മുൻപ് ഇവരെക്കൂടാതെ മറ്റു രണ്ടു ടഠേര കുടുംബങ്ങൾകൂടി ഉണ്ടായിരുന്നു. "അമ്പലത്തിനടുത്ത് കടയിട്ട് മറ്റൊരാൾ കൂടി ഈ ജോലി ചെയ്തിരുന്നെങ്കിലും അദ്ദേഹത്തിന് മൂന്ന് ലക്ഷം രൂപയുടെ ഭാഗ്യക്കുറി അടിച്ചതോടെ അദ്ദേഹം ഈ ജോലി ഉപേക്ഷിച്ച് കട പൂട്ടി പോകുകയായിരുന്നു," വരുമാനം കുറവായതുകൊണ്ടാണ് ആ വ്യക്തി ഈ ജോലി ഉപേക്ഷിച്ചതെന്ന് ചൂണ്ടിക്കാട്ടി സുനിൽ പറയുന്നു.
ഈ തൊഴിലിൽ പിടിച്ചുനിൽക്കാനായി സുനിൽ കുമാറിനെപ്പോലെയുള്ള ടഠേരകൾ സ്റ്റീലിൽ ജോലി ചെയ്യാൻ തുടങ്ങിയിരിക്കുകയാണ് - പഴയ പാത്രങ്ങൾ നന്നാക്കുന്നതും പുതിയവ മെനയുന്നതും ഇതിൽ ഉൾപ്പെടും.
ലെഹ്‌റാഗാഗയിൽ പിച്ചളപ്പാത്രങ്ങൾ വൃത്തിയാക്കാനും നന്നാക്കാനും മിനുക്കാനും സൗകര്യമുള്ള ഒരേയൊരു കടയാണ് സുനിലിന്റേത്. ദൂരെയുള്ള ഗ്രാമങ്ങളിൽനിന്നും പട്ടണങ്ങളിൽനിന്നുപോലും ആളുകൾ ഇതിനായി ഇവിടേക്കെത്തുന്നു. കടയ്ക്ക് പ്രത്യേകം പേരോ ബോർഡോ ഒന്നുമില്ലെങ്കിലും ടഠേരകളുടെ പണിപ്പുര ഏവർക്കും സുപരിചിതമാണ്.
"ഞങ്ങളുടെ വീട്ടിൽ പിച്ചളപ്പാത്രങ്ങളുണ്ടെങ്കിലും ദൈനംദിന ആവശ്യങ്ങൾക്കല്ല, മറിച്ച് അവയുടെ മൂല്യം കൊണ്ടാണ് ഞങ്ങൾ അവ സൂക്ഷിക്കുന്നത്; വൈകാരികമായും സാമ്പത്തികമായും അവയ്ക്ക് മൂല്യമുണ്ട്,"നാല് ബാട്ടികൾ (പാത്രങ്ങൾ) സുനിലിന്റെ കടയിൽ കൊടുത്ത് വൃത്തിയാക്കാനായി 25 കിലോമീറ്റർ അകലെയുള്ള ദിർബ ഗ്രാമത്തിൽനിന്ന് വന്നിട്ടുള്ള ഒരു ഉപഭോക്താവ് പറയുന്നു. "സ്റ്റീൽ പാത്രങ്ങൾ ഒരുപാട് കാലം ഉപയോഗിച്ച് കഴിയുമ്പോൾ അവയുടെ മൂല്യം നഷ്ടമാകും. അവ പിന്നെ വിറ്റാലും വലിയ മെച്ചം ഒന്നും ലഭിക്കില്ല. എന്നാൽ പിച്ചളപ്പാത്രങ്ങൾക്ക് എത്രകാലം കഴിഞ്ഞാലും മൂല്യമുണ്ട്," അവർ പറയുന്നു.
പഴയ പിച്ചളപ്പാത്രങ്ങൾക്ക് തിളക്കം വെപ്പിക്കാനാണ് കൂടുതൽ പേരും സുനിലിനെപ്പോലെയുള്ള ടഠേരകളെ സമീപിക്കുന്നത്. ഞങ്ങൾ അദ്ദേഹത്തെ സെപ്റ്റംബറിൽ സന്ദർശിക്കുമ്പോൾ, ഒരമ്മ അവരുടെ മകൾക്ക് അവളുടെ കല്യാണസമയത്ത് കൈമാറുന്നതിനായി കരുതിവെച്ച പാത്രങ്ങൾ മിനുക്കുന്ന ജോലിയിലായിരുന്നു അദ്ദേഹം. ആ പാത്രങ്ങളൊന്നും ഉപയോഗിച്ചിട്ടില്ലെങ്കിലും വർഷങ്ങൾ കടന്നുപോയപ്പോൾ അവയുടെ നിറം മങ്ങിയിട്ടുണ്ട്. ആ പാത്രങ്ങൾക്ക് പുതുതിളക്കം നൽകാനുള്ള ശ്രമത്തിലാണ് സുനിൽ.
പിച്ചളപ്പാത്രങ്ങൾ വൃത്തിയാക്കുന്നതിനുള്ള ആദ്യപടി ഓക്സിഡേഷൻ മൂലം അതിൽ പച്ചപ്പാണ്ടുകൾ വീണിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ്. അതിനുശേഷം, ഈ പച്ചപ്പാണ്ടുകൾ നീക്കാനായി പാത്രം ഒരു ചെറിയ ഉലയിൽവെച്ച് ചൂടാക്കുന്നു. ചൂട് കാരണം പാണ്ടുകൾക്ക് കറുത്ത നിറമാകുമ്പോൾ അത് നേർപ്പിച്ച അമ്ലമുപയോഗിച്ച് വൃത്തിയാക്കണം; ഇതിനുപിന്നാലെ പുളി മിശ്രിതം പാത്രത്തിന് പുറത്തും അകത്തും പൂശി അതിന് തിളക്കം വെപ്പിക്കുന്നു. ഈ പ്രക്രിയ കഴിയുമ്പോഴേയ്ക്കും പാത്രത്തിന്റെ തവിട്ട് നിറം മാറി ചുവപ്പ് കലർന്ന സ്വർണ്ണ നിറമാകും.
പാത്രങ്ങൾ വൃത്തിയാക്കിയതിനുശേഷം സുനിൽ ഒരു ഗ്രൈൻഡിങ് മെഷീനുപയോഗിച്ച് അവയെ സ്വർണ്ണനിറമുള്ളതാക്കി മാറ്റുന്നു. "നേരത്തെ ഞങ്ങളുടെ പക്കൽ ഗ്രൈൻഡർ ഇല്ലാതിരുന്ന സമയത്ത്, റെഗ്മാർ (ഉരക്കടലാസ്) ഉപയോഗിച്ചാണ് ഞങ്ങൾ ഈ പ്രവൃത്തി ചെയ്തിരുന്നത്," അദ്ദേഹം പറയുന്നു.
അടുത്ത പടി ടിക്ക,അഥവാ പാത്രത്തിന്റെ പ്രതലത്തിൽ ജനപ്രിയമായ ഏതെങ്കിലും ഒരു ഡിസൈനിൽ കുത്തുകൾ പതിപ്പിക്കുകയാണ്. പാത്രങ്ങൾ മിനുക്കുക മാത്രം ചെയ്താൽ മതിയെന്നും അതല്ല പ്രത്യേക ഡിസൈനുകൾ പതിക്കണമെന്നും ആവശ്യപ്പെടുന്ന ഉപഭോക്താക്കളുണ്ട്.
ഒരു കടാഹിയിൽ (വലിയ പാത്രം) ഡിസൈൻ പതിപ്പിക്കുന്നതിന് മുൻപായി, വ്യക്തതയുള്ള, തിളക്കമാർന്ന കുത്തുകൾ പതിയാനായി സുനിൽ അതിനുപയോഗിക്കുന്ന ചുറ്റികകളും കൊട്ടുവടികളും മിനുക്കുന്നു. മിനുക്കിയ ഉപകരണങ്ങൾ കണ്ണാടിപ്പാത്രങ്ങൾപോലെ വെട്ടിത്തിളങ്ങുന്നുണ്ട്. അതിനുശേഷം അദ്ദേഹം കടാഹി ഒരു കൊട്ടുവടിയുടെ മേൽ കയറ്റിവച്ച്, അതിൽ വൃത്താകൃതിയിൽ ചുറ്റികകൊണ്ട് കൊത്തുന്നു. ഈ പ്രക്രിയയ്ക്ക് ശേഷം, പാത്രങ്ങളുടെ തിളങ്ങുന്ന സ്വർണ്ണനിറമുള്ള പ്രതലത്തിൽ കുത്തുകൾകൊണ്ടുള്ള മനോഹരമായ ഡിസൈനുകൾ പതിയുന്നു.
തുടർച്ചയായി ഒരുപാട് വർഷം ഉപയോഗിക്കുകയോ നേരാംവണ്ണം ഉപയോഗിക്കാതിരിക്കുകയോ ചെയ്യുന്ന പിച്ചളപ്പാത്രങ്ങൾ വൃത്തിയാക്കി മിനുക്കിയാൽ മാത്രമേ അവയുടെ സ്വർണ്ണനിറം തെളിയുകയുള്ളൂ.
പാചകത്തിനുപയോഗിക്കുന്ന പിച്ചളപ്പാത്രങ്ങളുടെ ഉൾവശം വെള്ളീയം പൂശേണ്ടതുണ്ട്. കലയ് എന്നറിയപ്പെടുന്ന ഈ പ്രക്രിയയിൽ, പിച്ചളയോ ഇരുമ്പ് അടങ്ങിയിട്ടില്ലാത്ത മറ്റു വസ്തുക്കളോകൊണ്ട് ഉണ്ടാക്കിയിട്ടുള്ള പാത്രങ്ങളുടെ ഉൾവശത്ത് വെള്ളീയത്തിന്റെ ഒരു പാളി പൂശി, അതിൽ പാകം ചെയ്യുകയോ സൂക്ഷിക്കുകയോ ചെയ്യുന്ന ഭക്ഷണസാധനങ്ങളും പാത്രത്തിന്റെ പ്രതലവും തമ്മിൽ ഉണ്ടായേക്കാവുന്ന രാസപ്രവർത്തനം തടയുന്നു.
'പാണ്ടെയ് കലയ് കറാലോ!' ഏതാനും വർഷം മുൻപുവരെ, പിച്ചളപ്പാത്രങ്ങളിൽ വെള്ളീയം പൂശാൻ താത്പര്യമുള്ള ഉപഭോക്താക്കളെ തെരുവോര കച്ചവടക്കാർ ഇങ്ങനെയാണ് മാടിവിളിച്ചിരുന്നത്. പാത്രങ്ങൾ നേരാംവണ്ണം ഉപയോഗിക്കുകയാണെങ്കിൽ അഞ്ചുവർഷംവരെ കലയ് ചെയ്യേണ്ട കാര്യമില്ലെന്ന് സുനിൽ പറയുന്നു. എന്നാൽ ഓരോ വർഷം കൂടുമ്പോഴും കലയ് ചെയ്യുന്ന ആളുകളുമുണ്ട്.
കലയ് ചെയ്യുന്നതിന്റെ ആദ്യഘട്ടത്തിൽ, നേർപ്പിച്ച അമ്ലലായനിയും പുളി മിശ്രിതവുംകൊണ്ട് പിച്ചളപ്പാത്രം വൃത്തിയാക്കിയശേഷം അത് കടും പിങ്ക് നിറമാകുന്നതുവരെ തീയിൽവെച്ച് ചൂടാക്കുന്നു. അടുത്ത പടി, ഒരു വെള്ളീയ കോയിൽകൊണ്ട് പാത്രത്തിന്റെ ഉൾവശം ഉരസുകയും അതേസമയം നോഷാദർ എന്ന് പൊതുവെ അറിയപ്പെടുന്ന മിശ്രിതം തളിച്ച് കൊടുക്കുകയുമാണ്. കോസ്റ്റിക്ക് സോഡയും അമോണിയം ക്ലോറൈഡും പൊടിച്ച് വെള്ളത്തിൽ കലർത്തിയാണ് നോഷാദർ ഉണ്ടാക്കുന്നത്. പരുത്തിത്തുണികൊണ്ട് തുടർച്ചയായി ഉരസുമ്പോൾ ഒരു വെളുത്ത പുക ഉയരുകയും നിമിഷങ്ങൾകൊണ്ട് മായാജാലമെന്നോണം പാത്രത്തിന്റെ ഉൾവശം വെള്ളിനിറമാകുകയും ചെയ്യുന്നു. വെള്ളീയം പൂശിയ പാത്രം തണുത്ത വെള്ളത്തിൽ മുക്കുന്നതോടെ കലയ് പൂർത്തിയാകുന്നു.
ഇക്കഴിഞ്ഞ ദശാബ്ദങ്ങളിൽ സ്റ്റീൽ പാത്രങ്ങൾ പിച്ചളപ്പാത്രങ്ങളേക്കാൾ ജനപ്രിയമായിട്ടുണ്ട്. സ്റ്റീൽ പാത്രങ്ങൾ കഴുകാൻ എളുപ്പമാണെന്ന് മാത്രമല്ല, അവ ഭക്ഷണവുമായി കലർന്ന് രാസപ്രവർത്തനം നടന്നേക്കുമെന്ന് ഭയപ്പെടേണ്ട ആവശ്യവുമില്ല. പിച്ചളപ്പാത്രങ്ങൾ കൂടുതൽ കാലം നീണ്ടുനിൽക്കുകയും അമൂല്യമായി പരിഗണിക്കപ്പെടുകയും ചെയ്യുന്നുണ്ടെങ്കിലും അവ സംരക്ഷിക്കാൻ സവിശേഷമായ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. പിച്ചളപ്പാത്രങ്ങൾ ഓരോ തവണ ഉപയോഗിച്ചതിനുശേഷവും വൃത്തിയാക്കണമെന്നാണ് സുനിൽ ഉപഭോക്താക്കളെ ഉപദേശിക്കാറുള്ളത്.
*****
ഏതാണ്ട് 50 വർഷം മുൻപാണ് അന്ന് 12 വയസ്സുകാരനായിരുന്ന കെവാൽ കൃഷൻ, സുനിലിന്റെ അച്ഛൻ, മലർക്കോട്ലയിൽനിന്ന് ലെഹ്‌റാഗാഗയിലേയ്ക്ക് താമസം മാറിയത്. "ആദ്യം ഞാൻ കുറച്ച് ദിവസങ്ങൾക്കായാണ് വന്നതെങ്കിലും, പിന്നീട് ഇവിടെ സ്ഥിരതാമസമാക്കുകയായിരുന്നു," അദ്ദേഹം പറയുന്നു. തലമുറകളായി അദ്ദേഹത്തിന്റെ കുടുംബം പാത്രനിർമ്മാണ ജോലിയിൽ ഏർപ്പെട്ടു വരികയാണ് - കെവാലിന്റെ അച്ഛൻ കേദാർ നാഥും മുത്തച്ഛൻ ജ്യോതി റാമും അതിനിപുണരായ കൈപ്പണിക്കാരായിരുന്നു. എന്നാൽ സുനിലിന് തന്റെ മകൻ ഈ പാത പിന്തുടരുമോ എന്ന് ഉറപ്പില്ല: "എന്റെ മകൻ ഈ ജോലി ആസ്വദിക്കുന്നുണ്ടെങ്കിൽ അവനും ഇത് ചെയ്യും."
ഇപ്പോൾത്തന്നെ, സുനിലിന്റെ സഹോദരൻ കുടുംബത്തൊഴിൽ ഉപേക്ഷിച്ച് ഒരു സ്വകാര്യ ടെലികോം കമ്പനിയിൽ ജോലി ചെയ്യുകയാണ്. മറ്റു ബന്ധുക്കളും കട നടത്തിപ്പ് പോലെയുള്ള ജോലികളിലേക്ക് തിരിഞ്ഞിരിക്കുന്നു.
കെവാൽ കൃഷന്റെ പിന്തുടർച്ചക്കാരനായാണ് സുനിൽ ഈ തൊഴിലിൽ പ്രവേശിക്കുന്നത്. "ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ എന്റെ അച്ഛന് പരിക്ക് പറ്റി. അതോടെ കുടുംബം മുന്നോട്ട് കൊണ്ടുപോകാനായി ഞാൻ പഠനം ഉപേക്ഷിച്ച് ബിസിനസ് ഏറ്റെടുക്കുകയായിരുന്നു," പാത്രങ്ങൾ കൊത്തുന്നതിനിടെ സുനിൽ പറയുന്നു. "വിദ്യാർത്ഥിയായിരുന്ന കാലത്തും ഞാൻ ഒഴിവുസമയത്ത് കടയിൽ വന്ന് എന്തെങ്കിലും ഒരു സാധനം ഉണ്ടാക്കാൻ ശ്രമിക്കും. ഒരിക്കൽ ഞാൻ പിച്ചളകൊണ്ട് എയർ കൂളറിന്റെ ഒരു മാതൃക ഉണ്ടാക്കി," അദ്ദേഹം അഭിമാനത്തോടെ പറയുന്നു.
സുനിൽ ഏറ്റവുമാദ്യം മെനഞ്ഞത് ഒരു ചെറിയ പതീലി ആയിരുന്നു; അത് അദ്ദേഹം വിറ്റു. അതിനുശേഷം ഇന്നോളം ജോലിയിൽനിന്ന് ഇടവേള ലഭിക്കുന്ന സമയത്തെല്ലാം താൻ പുതിയത് എന്തെങ്കിലും ഉണ്ടാക്കാൻ ശ്രമിക്കാറുണ്ടെന്ന് അദ്ദേഹം പറയുന്നു. "എന്റെ സഹോദരിയ്ക്ക് വേണ്ടി ഞാൻ ഒരു പണപ്പെട്ടി ഉണ്ടാക്കി; അതിന്റെ ഒരുവശത്ത് ഒരു മുഖം ഡിസൈൻ ചെയ്തിരുന്നു," അദ്ദേഹം ഓർത്തെടുക്കുന്നു. ഇതുകൂടാതെ, വീട്ടിലെ ആവശ്യത്തിന് ക്യാമ്പറിൽനിന്ന് (വെള്ളം സംഭരിച്ചു വെക്കുന്ന യൂണിറ്റ്) വെള്ളം ശേഖരിക്കുന്നതിനായി ഒന്ന്, രണ്ട് പിച്ചളപ്പാത്രങ്ങളും അദ്ദേഹം ഉണ്ടാക്കിയിട്ടുണ്ട്.
ഇക്കഴിഞ്ഞ ദശാബ്ദങ്ങളിൽ സ്റ്റീൽ പാത്രങ്ങൾ പിച്ചളപ്പാത്രങ്ങളേക്കാൾ ജനപ്രിയമായിട്ടുണ്ട്. സ്റ്റീൽ പാത്രങ്ങൾ കഴുകാൻ എളുപ്പമാണെന്ന് മാത്രമല്ല, അവ ഭക്ഷണവുമായി കലർന്ന് രാസപ്രവർത്തനം നടന്നേക്കുമെന്ന് ഭയപ്പെടേണ്ട ആവശ്യവുമില്ല
2014-ൽ പഞ്ചാബിലെ ജണ്ഡ്യാല ഗുരുവിലുള്ള ടഠേര സമുദായത്തെ യുനെസ്‌കോ, ഇൻടാൻജിബിൾ കൾച്ചറൽ ഹെറിറ്റേജ് പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ടഠേര സമുദായവും അവരുടെ തൊഴിലും ഇന്നും പുലരുന്ന ചുരുക്കം ചില സ്ഥലങ്ങളിൽ ഒന്നാണത്. യുനെസ്‌കോയുടെ അംഗീകാരവും അമൃത്‌സറിൽ ഉടനീളമുള്ള ഗുരുദ്വാരകൾ പിച്ചളപ്പാത്രങ്ങൾ ഉപയോഗിക്കുന്ന സമ്പ്രദായം തുടർന്നുപോരുന്നതും അതിന് സഹായകമായിട്ടുണ്ട്.
ഗുരുദ്വാരകളിൽ ഇന്നും ഭക്ഷണം പാകം ചെയ്യാനും വിളമ്പാനും വലിയ ദേഗുകളും (ഭക്ഷണം പാകം ചെയ്യുന്ന പാത്രം) ബാൾട്ടികളും (ബക്കറ്റ്) ഉപയോഗിക്കുന്നുണ്ട്. എന്നാൽ പിച്ചളപ്പാത്രങ്ങൾ സംരക്ഷിക്കാനുള്ള ബുദ്ധിമുട്ട് കാരണം ചില ഗുരുദ്വാരകൾ അവ ഉപയോഗിക്കുന്നത് ഉപേക്ഷിക്കുന്നുമുണ്ട്.
"ഞങ്ങൾ ഇപ്പോൾ പ്രധാനമായും പാത്രങ്ങൾ നന്നാക്കുന്ന ജോലിയാണ് ചെയ്യുന്നത്. പുതിയ പാത്രങ്ങൾ ഉണ്ടാക്കാൻ ഞങ്ങൾക്ക് സമയമില്ല", സുനിൽ ചൂണ്ടിക്കാട്ടുന്നു. പിച്ചളയിലും വെങ്കലത്തിലും പുത്തൻ പാത്രങ്ങൾ തീർത്തിരുന്ന കാലത്തുനിന്നും ഉണ്ടായിട്ടുള്ള വലിയൊരു മാറ്റമാണിത്. നേരത്തെ, ഒരു കൈപ്പണിക്കാരൻ ഒരു ദിവസം 10-12 പതീലികൾ (ഭക്ഷണം സൂക്ഷിച്ചുവെക്കുന്ന പാത്രങ്ങൾ) ഉണ്ടാക്കുമായിരുന്നു. എന്നാൽ ആവശ്യക്കാർ കുറഞ്ഞതും നിർമ്മാണച്ചിലവ് കൂടിയതും സമയനഷ്ടവും കാരണം, പാത്ര നിർമ്മാതാക്കൾ പുതിയ പാത്രങ്ങളുടെ ഉത്പാദനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കുറഞ്ഞുവരുന്നു.
"ഇപ്പോഴും ഓർഡർ ലഭിക്കുന്നതനുസരിച്ച് ഞങ്ങൾ പാത്രങ്ങൾ നിർമ്മിക്കുന്നുണ്ടെങ്കിലും കൂടുതൽ എണ്ണം നിർമ്മിച്ച് സൂക്ഷിക്കുന്നത് വേണ്ടെന്ന് വെച്ചിരിക്കുകയാണ്," വലിയ കമ്പനികൾ ടഠേരകളുടെ കയ്യിൽനിന്ന് പാത്രങ്ങളും മറ്റു ഉത്പന്നങ്ങളും വാങ്ങി നാലിരട്ടി വിലയ്ക്ക് വിൽക്കുകയാണെന്ന് കൂട്ടിച്ചേർത്ത് സുനിൽ പറയുന്നു.
പിച്ചളപ്പാത്രങ്ങളുടെയും അവ നിർമ്മിക്കാൻ ഉപയോഗിച്ച ലോഹത്തിന്റെയും ഭാരവും ഗുണനിലവാരവും കണക്കാക്കിയാണ് ടഠേരകൾ അവയുടെ വില നിശ്ചയിക്കുന്നത്. ഉദാഹരണത്തിന്, ഒരു കടാഹി, കിലോ ഒന്നിന് 800 രൂപ എന്ന നിരക്കിലാണ് വിൽക്കുക. പിച്ചളപ്പാത്രങ്ങളുടെ ഭാരമനുസരിച്ചാണ് അവയുടെ വില എന്നത് കൊണ്ടുതന്നെ അവയ്ക്ക് സ്റ്റീൽ പാത്രങ്ങളേക്കാൾ വില ലഭിക്കും.
"നേരത്തെ ഞങ്ങൾ ഇവിടെ പുതിയ പാത്രങ്ങൾ ഉണ്ടാക്കിയിരുന്നു. ഏകദേശം 50 കൊല്ലം മുൻപ്, അന്നത്തെ സർക്കാർ ഞങ്ങൾക്ക് കുറഞ്ഞ ചിലവിൽ ചെമ്പും സിങ്കും വാങ്ങാൻ ക്വാട്ട ഏർപ്പാടാക്കിയിരുന്നു. എന്നാലിപ്പോൾ, സർക്കാർ ഞങ്ങളെപ്പോലെയുള്ള ചെറുകിട ബിസിനസുകാർക്ക് പകരം വലിയ ഫാക്ടറികൾക്കാണ് ക്വാട്ട അനുവദിക്കുന്നത്," അറുപതുകളിലെത്തിയ കെവാൽ കൃഷൻ നിരാശയോടെ പറയുന്നു. കടയിലെ ജോലികൾക്ക് മേൽനോട്ടം വഹിക്കുന്ന അദ്ദേഹം സർക്കാർ സബ്‌സിഡി പുനഃസ്ഥാപിക്കുമെന്ന പ്രതീക്ഷയിലാണ്.
പരമ്പരാഗത രീതിയനുസരിച്ച്, 26 കിലോ സിങ്കും 14 കിലോ ചെമ്പും കലർത്തി തങ്ങൾ എപ്രകാരമാണ് പിച്ചള ഉണ്ടാക്കിയിരുന്നതെന്ന് കെവാൽ വിശദീകരിക്കുന്നു. "ലോഹങ്ങൾ ഉരുക്കി കലർത്തിയതിനുശേഷം ഉണങ്ങാനായി ചെറിയ പാത്രങ്ങളിൽ വെക്കും. അത് തണുത്തു കഴിയുമ്പോൾ, ചെറുപാത്രങ്ങളുടെ ആകൃതിയിലുള്ള ലോഹക്കഷ്ണങ്ങൾ ഉരുട്ടി ഷീറ്റാക്കുകയും പിന്നീട് വിവിധ തരം പാത്രങ്ങളുടെയോ കരകൗശല വസ്തുക്കളുടെയോ ആകൃതിയിൽ വാർത്തെടുക്കുകയുമാണ് ചെയ്യുക," അദ്ദേഹം പറയുന്നു.
പാത്രങ്ങളോ കരകൗശലവസ്തുക്കളോ വാർത്തെടുക്കാൻ വേണ്ട ലോഹഷീറ്റുകൾ ടഠേരകൾക്ക് ലഭ്യമാക്കുന്ന ഏതാനും ചില റോളിങ്ങ് മില്ലിങ്ങുകൾ മാത്രമേ ഇന്ന് ഈ പ്രദേശത്ത് അവശേഷിക്കുന്നുള്ളൂ. "ഞങ്ങൾ അമൃത്‌സറിലുള്ള ജണ്ഡ്യാല ഗുരുവിൽനിന്നോ (ലെഹ്‌റാഗാഗയിൽനിന്ന് 234 കിലോമീറ്റർ അകലെ) ഹരിയാനയിലെ ജഗ്ധാരിയിൽനിന്നോ (203 കിലോമീറ്റർ അകലെ) ഷീറ്റുകൾ എടുക്കുകയാണ് ചെയ്യുന്നത്. എന്നിട്ട് ആ ഷീറ്റുകൾ ഉപഭോക്താക്കളുടെ ആവശ്യമനുസരിച്ചുള്ള പാത്രങ്ങളാക്കി കൊടുക്കും," സുനിൽ വിശദീകരിക്കുന്നു.
ഇക്കഴിഞ്ഞ സെപ്റ്റംബറിൽ പ്രഖ്യാപിക്കപ്പെട്ട പ്രധാനമന്ത്രി വിശ്വകർമ്മ പദ്ധതി യെക്കുറിച്ച് കെവാൽ സംസാരിക്കുന്നു. ഇരുമ്പ് പണിക്കാർ. താഴ് പണിയുന്നവർ, കളിപ്പാട്ട നിർമ്മാതാക്കൾ എന്നിവർക്ക് പുറമേ മറ്റു 15 തരം കൈപ്പണിക്കാർക്കും കരകൗശല വിദഗ്ധർക്കും ഈടില്ലാതെ 3 ലക്ഷം രൂപവരെ വായ്പ സർക്കാർ അനുവദിക്കുന്ന ഈ പദ്ധതിയിൽ പക്ഷെ ടഠേരകളെ ഉൾപ്പെടുത്തിയിട്ടില്ല.
പാത്രങ്ങൾ നന്നാക്കുന്ന ഈ ജോലിയിൽ സുനിശ്ചിതമായ ഒരു വരുമാനം ലഭ്യമല്ലെന്നിരിക്കെ -ചില ദിവസം അത് 1,000 രൂപയോടടുത്ത് വന്നേക്കാം എന്ന് മാത്രം - പുതിയ പാത്രങ്ങൾ ഉത്പാദിപ്പിക്കുന്നത് കച്ചവടം മെച്ചപ്പെടുത്താൻ സഹായകമാകുമെന്ന് സുനിൽ കരുതുന്നു. ഈയിടെയായി ആളുകൾക്ക് പിച്ചളപ്പാത്രങ്ങളിൽ കമ്പം വളർന്നുവരുന്നത് ശ്രദ്ധിച്ചിട്ടുള്ള അദ്ദേഹം തന്റെ പാരമ്പര്യം നിലനിന്നുപോകുമെന്ന പ്രതീക്ഷയിലാണ്.
പരിഭാഷ: പ്രതിഭ ആര്‍. കെ .