ഖൂമ തിയക്കിന് സ്വഗ്രാമമായ ലാങ്‌സയിലേയ്ക്ക് മടങ്ങിപ്പോകുന്നത് ഓർക്കുമ്പോഴേ നട്ടെല്ലിലൂടെ ഒരു വിറയൽ അനുഭവപ്പെടും. 64 വയസ്സുകാരനായ ഈ കർഷകൻ കഴിഞ്ഞ 30 വർഷമായി മണിപ്പൂരിലെ ചുരാചാന്ദ്പൂർ ജില്ലയിലുള്ള ലാങ്‌സ ഗ്രാമത്തിലാണ് ജീവിച്ചിരുന്നത്. അദ്ദേഹം മകൻ ഡേവിഡിനെ വളർത്തി വലുതാക്കിയതും മകന് സ്കൂളിലേയ്ക്ക് കൊണ്ടുപോകാനുള്ള ഉച്ചഭക്ഷണം തയ്യാറാക്കിയതും അവർ ഇരുവരും നെൽപ്പാടങ്ങളിൽ ഒരുമിച്ച് അധ്വാനിച്ചതുമെല്ലാം സ്നേഹവും ഊഷ്മളതയും തുടിച്ചുനിൽക്കുന്ന ഇവിടത്തെ അന്തരീക്ഷത്തിലാണ്. ഖൂമ ആദ്യമായി ഒരു മുത്തച്ഛനായതും ഇവിടെ വെച്ചുതന്നെ. ലാങ്സാ ഗ്രാമം തന്നെയായിരുന്നു ഖൂമയുടെ ലോകം. തികഞ്ഞ സംതൃപ്തിയോടെ അദ്ദേഹം ജീവിച്ചുപോന്നിരുന്ന ലോകം.

എന്നാൽ 2023 ജൂലൈ 2-നു എല്ലാം മാറിമറിഞ്ഞു.

ഒരു ജീവിതകാലത്തെ ഓർമ്മകൾ മുഴുവൻ ക്രൂരമായി കവർന്നെടുത്ത ആ ദിനം ആകെ ബാക്കിവെച്ചത് ഖൂമ എത്ര ശ്രമിച്ചിട്ടും മറക്കാൻ സാധിക്കാത്ത ഒരു ദൃശ്യമാണ്. ആ ദൃശ്യം അദ്ദേഹത്തെ ഉറങ്ങാൻ അനുവദിക്കുന്നില്ല. സമാധാനത്തോടെ ഉണർന്നിരിക്കാനും വിടുന്നില്ല. അദ്ദേഹത്തിന്റെ മകൻ ഡേവിഡിന്റെ അറുത്തെടുത്ത തല ലാങ്സ ഗ്രാമത്തിന്റെ കവാടത്തിലുള്ള ഒരു മുളവേലിയിൽ കുത്തിനിർത്തിയിരിക്കുന്ന ദൃശ്യമാണത്.

ഖൂമയുടെ മാതൃസംസ്ഥാനമായ, ഇന്ത്യയുടെ വടക്കുകിഴക്കൻ ഭാഗത്തുള്ള മണിപ്പൂർ 2023 മേയ് 3 മുതൽ കടുത്ത വംശീയ സംഘർഷത്തിന്റെ പിടിയിലാണ്. മാർച്ച് മാസം അവസാനത്തോടടുപ്പിച്ച്, മണിപ്പൂർ ഹൈക്കോടതി സംസഥാനത്തെ പ്രബലവിഭാഗമായ മെയ്തി സമുദായത്തിന് 'പട്ടിക വർഗ്ഗ പദവി' അനുവദിച്ച് വിധി പ്രഖ്യാപിച്ചിരുന്നു. ഈ വിധിയിലൂടെ  മെയ്തികൾ സാമ്പത്തിക ആനുകൂല്യങ്ങൾക്കും സർക്കാർ ജോലികളിലെ സംവരണത്തിനും അർഹരായി എന്ന് മാത്രമല്ല കുക്കി ഗോത്രവിഭാഗങ്ങൾ കൂടുതലുള്ള മലയോരമേഖലകളിൽ ഭൂമി വാങ്ങാനും അവർക്ക് അനുമതി ലഭിച്ചു. ഈ വിധി പിന്നീട് സുപ്രീം കോടതി സ്റ്റേ ചെയ്തു.

ഹൈക്കോടതി വിധി നടപ്പിലായിരുന്നെങ്കിൽ, ഇപ്പോൾത്തന്നെ സംസ്ഥാന ജനസംഖ്യയുടെ 53 ശതമാനം വരുന്ന മെയ്തികൾക്ക് സംസ്ഥാനത്തുള്ള സ്വാധീനവും പിടിപാടും കൂടുതൽ ശക്തമാകുമായിരുന്നെന്നാണ് ജനസംഖ്യയുടെ 28 ശതമാനം വരുന്ന കുക്കി സമുദായം വിശ്വസിക്കുന്നത്.

Khuma Theik at his brother’s house, after his own home in the Kuki village of Langza was attacked and his son violently killed
PHOTO • Parth M.N.

ഖൂമ തിയക്ക് സഹോദരന്റെ വീട്ടിൽ. കുക്കി ഗ്രാമമായ ലാങ്സയിലുള്ള ഖൂമയുടെ വീടിന് നേരെ ആക്രമണം ഉണ്ടാകുകയും അദ്ദേഹത്തിന്റെ മകൻ കൊല്ലപ്പെടുകയും ചെയ്തതിനുശേഷം ഖൂമ സഹോദരനോടൊപ്പമാണ് താമസിക്കുന്നത്

മേയ് 3-ന് ചില കുക്കി സമുദായാംഗങ്ങൾ കോടതി വിധിയ്‌ക്കെതിരേ ചുരചാന്ദ്പൂർ ജില്ലയിൽ ഒരു റാലി നടത്തുകയുണ്ടായി.

കുക്കികളുടെ പ്രതിഷേധത്തിന് പിന്നാലെ, 1917-ൽ ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിനെതിരേ കുക്കികൾ ചുരാചാന്ദ്പൂരിൽ നടത്തിയ വിപ്ലവത്തിന്റെ സ്മാരകമായ ആംഗ്ലോ-കുക്കി വാർ മെമ്മോറിയൽ ഗേറ്റിന് മെയ്തികൾ തീയിട്ടു. ഇതേതുടർന്ന് പൊട്ടിപ്പുറപ്പെട്ട വ്യാപകമായ കലാപത്തിൽ ആദ്യ നാല് ദിവസംകൊണ്ട് കൊല്ലപ്പെട്ടത് 60 ആളുകളാണ്.

സംസ്ഥാനമാകെ കാട്ടുതീപോലെ പടർന്ന ആക്രമണ പരമ്പരകളുടെയും കലാപത്തിന്റെയും തുടക്കമായിരുന്നു അത്. പൈശാചികമായ കൊലപാതകങ്ങളും ശിരച്ഛേദങ്ങളും കൂട്ടബലാത്സംഗങ്ങളും തീവയ്പ്പുമെല്ലാം അരങ്ങേറിയ ദിനങ്ങളായിരുന്നു പിന്നീട്. ഇതുവരെ ഏകദേശം 190 ആളുകൾ കൊല്ലപ്പെടുകയും 6,0000-ത്തിലധികം പേർ ഭവനരഹിതരാകുകയും ചെയ്തിട്ടുണ്ട്-ഇവരിൽ ഭൂരിഭാഗവും കുക്കികളാണ്. സംസ്ഥാനത്ത് നടക്കുന്ന ആഭ്യന്തര കലാപത്തിൽ സർക്കാരും പോലീസും മെയ്തി കലാപകാരികളുടെ പക്ഷം ചേർന്നിരിക്കുകയാണെന്നാണ് കുക്കികൾ ആരോപിക്കുന്നത്.

ഇരുസമുദായങ്ങൾക്കും ഇടയിലുള്ള പരസ്പര വിശ്വാസം നഷ്ടപ്പെട്ട സാഹചര്യത്തിൽ, ഇരുകൂട്ടരും സ്വന്തമായി ഗ്രാമ പ്രതിരോധസേനയ്ക്ക് രൂപം നൽകാൻ നിർബന്ധിതരായിരിക്കുകയാണ്; അല്പകാലം മുൻപുവരെ അയൽക്കാരായിരുന്നവർക്കെതിരെയാണ് ഈ പ്രതിരോധം.

Barricades put up by paramilitary forces along the borders of Imphal and Churachandpur, Manipur
PHOTO • Parth M.N.

മണിപ്പൂരിലെ ഇംഫാൽ, ചുരാചാന്ദ്പൂർ എന്നീ പ്രദേശങ്ങൾക്കിടയിലുള്ള അതിർത്തിയിൽ പാരാമിലിട്ടറി വിഭാഗങ്ങൾ സ്ഥാപിച്ചിട്ടുള്ള ബാരിക്കേഡുകൾ

A home (left) and a shop (right) burned to the ground near the border of Imphal and Churachandpur, Manipur
PHOTO • Parth M.N.
A home (left) and a shop (right) burned to the ground near the border of Imphal and Churachandpur, Manipur
PHOTO • Parth M.N.

മണിപ്പൂരിലെ ഇംഫാലിനും ചുരാചാന്ദ്പൂരിനും ഇടയിലുള്ള അതിർത്തിയ്ക്ക് സമീപം തീവെച്ച് നശിപ്പിച്ച നിലയിൽ ഒരു വീടും (ഇടത്) കടയും (വലത്)

ജൂലൈ 2-നു പുലർച്ചെ, ഖൂമയുടെ മകൻ 33 വയസ്സുകാരനായ ഡേവിഡ് ഉൾപ്പെടെയുള്ളവർ കുക്കി ഗ്രാമമായ ലാങ്സയ്ക്ക് കാവൽ നിൽക്കുന്ന സമയത്താണ് ആയുധധാരികളായ മെയ്തി ജനക്കൂട്ടം പൊടുന്നനെ ഗ്രാമം ആക്രമിച്ചത്. കുക്കികൾ കൂടുതലുള്ള ചുരാചാന്ദ്പൂർ ജില്ലയുടെയും മെയ്തികൾ പ്രബലവിഭാഗമായ ഇംഫാൽ താഴ്വരയുടെയും അതിർത്തിപ്രദേശത്ത് സ്ഥിതി ചെയ്യുന്നത് കൊണ്ടുതന്നെ ലാങ്സ ഗ്രാമം സംഘർഷസാധ്യത കൂടുതലുള്ള ഒരു മേഖലയാണ്.

ഗ്രാമവാസികൾക്ക് രക്ഷപ്പെടാൻ അധികം സമയമില്ലെന്ന് തിരിച്ചറിഞ്ഞ ഡേവിഡ് ഗ്രാമത്തിലേക്ക് പാഞ്ഞെത്തി ആളുകളോട് ജീവനുംകൊണ്ട് രക്ഷപ്പെടാൻ അഭ്യർത്ഥിച്ചു. ആയുധധാരികളായ ആൾക്കൂട്ടത്തെ കഴിയുന്നത്ര താൻ പ്രതിരോധിക്കാമെന്നും അദ്ദേഹം ഉറപ്പ് നൽകി. "ഞങ്ങൾ കയ്യിൽ കിട്ടിയത് മാത്രമെടുത്ത് ഞങ്ങളുടെ ഗോത്രക്കാർ കൂടുതലുള്ള മലമ്പ്രദേശങ്ങളിലേയ്ക്ക് ഓടിരക്ഷപ്പെടുകയായിരുന്നു," ഖൂമ പറയുന്നു. "ഡേവിഡിന് സ്കൂട്ടറുള്ളതുകൊണ്ട് അധികം വൈകാതെ തന്നെ ഞങ്ങൾക്കൊപ്പം വന്നുചേരാമെന്ന് അവൻ വാക്ക് പറഞ്ഞിരുന്നു."

ഡേവിഡും മറ്റ് കാവൽക്കാരും നടത്തിയ ചെറുത്തുനിൽപ്പ് മൂലം അദ്ദേഹത്തിന്റെ കുടുംബത്തിന് കഷ്ടി രക്ഷപ്പെടാൻ സമയം ലഭിച്ചു. എന്നാൽ ഡേവിഡിന് സ്വയം രക്ഷിക്കാനുള്ള സമയം ലഭിച്ചില്ല. ഡേവിഡിന് തന്റെ സ്കൂട്ടറിന് അരികിലെത്താൻ കഴിയുന്നതിന് മുൻപ് തന്നെ അദ്ദേഹത്തെ ആൾക്കൂട്ടം ഓടിച്ചിട്ട് പിടിക്കുകയും ഗ്രാമത്തിൽവെച്ച് അദ്ദേഹത്തിന്റെ തലയറുക്കുകയും ചെയ്തു. പിന്നീട് അദ്ദേഹത്തിന്റെ ശരീരം കഷ്ണങ്ങളാക്കി കത്തിച്ചു.

"അന്നുമുതൽ ഞാൻ കടുത്ത മാനസിക സംഘർഷത്തിലാണ്," ഖൂമ പറയുന്നു. ചുരാചാന്ദ്പൂർ ജില്ലയുടെ ഉൾഭാഗത്തുള്ള മലമ്പ്രദേശത്ത് തന്റെ സഹോദരനോടൊപ്പമാണ് ഖൂമ ഇപ്പോൾ താമസിക്കുന്നത്. "മിക്കപ്പോഴും രാത്രി ഉറക്കത്തിനിടെ ഞാൻ വിറച്ചുകൊണ്ട് എഴുന്നേൽക്കും. എനിക്ക് നേരെ ഉറങ്ങാനേ കഴിയുന്നില്ല. എന്റെ മകന്റെ അറുത്തെടുത്ത തലയുമായി ഒരാൾ നടന്നു നീങ്ങുന്ന ഒരു ചിത്രം പുറത്തുവന്നിരുന്നു. ആ ചിത്രം എന്റെ മനസ്സിൽനിന്ന് മായുന്നില്ല."

The charred remains of vehicles set on fire near the Churachandpur-Imphal border
PHOTO • Parth M.N.
The charred remains of vehicles set on fire near the Churachandpur-Imphal border
PHOTO • Parth M.N.

ചുരാചാന്ദ്പൂർ-ഇംഫാൽ അതിർത്തിയ്ക്ക് സമീപം തീവെച്ച് നശിപ്പിച്ച വാഹനങ്ങളുടെ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങൾ

Boishi at a relief camp in Churachandpur where she has taken shelter along with four of her children aged 3 to 12, after her village of Hao Khong Ching in the district of Kangpokpi came under attack
PHOTO • Parth M.N.

ചുരാചാന്ദ്പൂരിലെ കുക്കികൾ, കലാപത്തിൽ കൊല്ലപ്പെട്ട പ്രിയപ്പെട്ടവരുടെ ഓർമ്മയ്ക്കായി പണിത സ്മാരകമാണ് വാൾ ഓഫ് റിമെംബ്രൻസ്. ഇംഫാലിൽ ചെന്ന് പ്രിയപ്പെട്ടവരുടെ ശവശരീരം ഏറ്റുവാങ്ങാനും യഥാവിധി സംസ്കരിക്കാനും കഴിയാത്തതിനെ സൂചിപ്പിക്കാനായി ഒഴിഞ്ഞ ശവപ്പെട്ടികൾ പ്രദർശിപ്പിച്ചിരിക്കുന്നു

മണിപ്പൂരിലുടനീളം ഖൂമയെപ്പോലെ ആയിരക്കണക്കിന് ആളുകൾക്ക് പാലായനം ചെയ്യേണ്ടിവന്നിട്ടുണ്ട്. തങ്ങൾ ഒരിക്കൽ വീടായി കരുതിയിരുന്ന ഭൂപ്രദേശങ്ങൾ അവർക്ക് ഇന്ന് അന്യമാണ്. കലാപത്തിന്റെ ഉണങ്ങാത്ത മുറിവുകളും വിഭവദൗർലഭ്യതയും മൂലം വലയുന്ന ഇവർ ഒന്നുകിൽ ഉദാരമനസ്ക്കരായ ബന്ധുക്കളുടെ തണലിൽ കഴിയുകയോ അല്ലെങ്കിൽ സന്നദ്ധ സംഘടനകൾ നടത്തുന്ന ദുരിതാശ്വാസ ക്യാമ്പുകളിൽ ആശ്രയം തേടാൻ നിർബന്ധിതരാകുകയോ ആണ്.

35 വയസ്സുകാരിയായ ബോയ്‌ഷി താങ് മൂന്നിനും പന്ത്രണ്ടിനും ഇടയിൽ പ്രായമുള്ള തന്റെ നാല് മക്കളുമൊത്ത് ചുരാചാന്ദ്പൂർ ജില്ലയിലെ ലംക തെഹ്‌സിലിനു കീഴിലുള്ള ലിങ്ശിപായ് ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലാണ് കഴിയുന്നത്. കാങ്പൊക്പി ജില്ലയിലുള്ള അവരുടെ ഗ്രാമമായ ഹാവോ ഖോങ് ചിങ് മെയ് 3-ന് അക്രമിക്കപ്പെട്ടതോടെയാണ് അവർക്ക് ക്യാമ്പിലേക്ക് മാറേണ്ടിവന്നത്. "ആൾക്കൂട്ടം സമീപത്തുള്ള മൂന്ന് ഗ്രാമങ്ങൾക്ക് തീയിട്ടശേഷം ഞങ്ങളെ ആക്രമിക്കാൻ വന്നുകൊണ്ടിരിക്കുകയായിരുന്നു," അവർ പറയുന്നു. "ഞങ്ങൾക്ക് അധികം സമയം ഇല്ലാതിരുന്നതുകൊണ്ട് സ്ത്രീകളോടും കുട്ടികളോടും ആദ്യം രക്ഷപ്പെടാൻ ബാക്കിയുള്ളവർ ആവശ്യപ്പെട്ടു."

ബോയ്‌ഷി ഉൾക്കാട്ടിലുള്ള ഒരു നാഗാ ഗ്രാമത്തിൽ അഭയം തേടിയപ്പോൾ അവരുടെ ഭർത്താവ് 34 വയസ്സുകാരനായ ലാൽ തിൻ താങ് മറ്റു പുരുഷന്മാരോടൊപ്പം ഗ്രാമത്തിൽത്തന്നെ തുടർന്നു. നാഗാ ഗോത്രവിഭാഗക്കാർ ബോയ്‌ഷിക്കും മക്കൾക്കും അഭയം നൽകുകയും അവർ ഭർത്താവ് വന്നുചേരുന്നത് കാത്ത് രാത്രി അവിടെ തങ്ങുകയും ചെയ്തു.

ബോയ്‌ഷിയുടെ ഗ്രാമത്തിലേക്ക് പോയി ലാൽ തിൻ താങ് സുരക്ഷിതനാണോ എന്ന് അന്വേഷിക്കാൻ നാഗാ സമുദായക്കാരനായ ഒരാൾ ധൈര്യപ്പെട്ടു. എന്നാൽ അയാൾ മടങ്ങിവന്നത് അവരുടെ ഏറ്റവും കടുത്ത ആശങ്ക സ്ഥിരീകരിച്ചുകൊണ്ടായിരുന്നു. ബോയ്‌ഷിയുടെ ഭർത്താവ് ആൾക്കൂട്ടത്തിന്റെ കയ്യിൽപ്പെടുകയും അവർ അദ്ദേഹത്തെ പീഡിപ്പിച്ച് ജീവനോടെ കത്തിക്കുകയും ചെയ്തിരുന്നു. "എനിക്ക് എന്റെ ഭർത്താവിനെ ഓർത്ത് ദുഖിക്കാനോ അദ്ദേഹത്തിന്റെ മരണത്തോട് പൊരുത്തപ്പെടാനോ ഉള്ള സമയംപോലും ഉണ്ടായിരുന്നില്ല," ബോയ്‌ഷി പറയുന്നു. "എന്റെ കുട്ടികളെ സുരക്ഷിതരാക്കണം എന്ന ചിന്ത മാത്രമാണ് എന്റെ മനസ്സിലുണ്ടായിരുന്നത്. പിറ്റേന്ന് രാവിലെ,  നാഗാ വിഭാഗക്കാർ എന്നെ ഒരു കുക്കി ഗ്രാമത്തിൽ കൊണ്ടുചെന്നാക്കുകയും ഞാൻ അവിടെനിന്ന് ചുരാചാന്ദ്പൂരിലേയ്ക്ക് വരികയുമായിരുന്നു. ഇനി ഒരിക്കലും വീട്ടിലേയ്ക്ക് തിരികെ പോകാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. നമ്മുടെ ജീവനോപാധിയേക്കാളും വലുതാണ് നമ്മുടെ ജീവൻ."

ഗ്രാമത്തിൽ സ്വന്തമായി ഉണ്ടായിരുന്ന അഞ്ചേക്കർ നെൽപ്പാടത്ത് നിന്നുള്ള വരുമാനം കൊണ്ടാണ് ബോയ്‌ഷിയും ഭർത്താവും വീട് പുലർത്തിയിരുന്നത്. എന്നാൽ അവിടേയ്ക്ക് തിരികെ പോകുന്ന കാര്യം ബോയ്‌ഷിയ്ക്ക് ആലോചിക്കാൻപോലും കഴിയുന്നില്ല. നിലവിൽ ചുരാചാന്ദ്പൂരിൽ മെയ്തികൾ ആരുമില്ലാത്തതിനാൽ അവിടം കുക്കികൾക്ക് സുരക്ഷിതമാണ്. ഇത്രയും കാലം മെയ്തി ഗ്രാമങ്ങൾക്ക് സമീപം ജീവിച്ചിട്ടുള്ള ഒരാളായിരുന്നിട്ടുകൂടി മെയ്തികളോട് ഇടപഴകുന്ന കാര്യമോർക്കുമ്പോൾ ബോയ്‌ഷിയ്ക്ക് പരിഭ്രമമാണ്. "ഞങ്ങളുടെ ഗ്രാമത്തിന് ചുറ്റും ഒരുപാട് മെയ്തി ഗ്രാമങ്ങൾ ഉണ്ടായിരുന്നു,' അവർ പറയുന്നു. "മെയ്തികൾ നടത്തുന്ന കടയിൽനിന്നാണ് ഞങ്ങൾ സാധനങ്ങൾ വാങ്ങിയിരുന്നത്. ഏറെ സൗഹാർദ്ദപരമായ ബന്ധമായിരുന്നു ഞങ്ങൾക്കിടയിൽ."

Boishi at a relief camp in Churachandpur where she has taken shelter along with four of her children aged 3 to 12, after her village of Hao Khong Ching in the district of Kangpokpi came under attack
PHOTO • Parth M.N.

ബോയ്‌ഷി ചുരാചാന്ദ്പൂരിലെ ദുരിതാശ്വാസക്യാമ്പിൽ. കാങ്പൊക്പി ജില്ലയിലുള്ള അവരുടെ ഗ്രാമമായ ഹാവോ ഖോങ് ചിങ് മെയ് 3-ന് അക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് ബോയ്‌ഷി മൂന്നിനും പന്ത്രണ്ടിനും ഇടയിൽ പ്രായമുള്ള നാല് മക്കളുമൊത്ത് ക്യാമ്പിൽ അഭയം തേടിയത്

എന്നാൽ ഇന്ന്, മണിപ്പൂരിലെ ഈ രണ്ടു സമുദായങ്ങൾക്കും ഇടയിലുള്ള പരസ്പര വിശ്വാസം തീർത്തും തകർന്ന അവസ്ഥയിലാണ്. ഇംഫാൽ താഴ്‌വരയിൽ മെയ്തികളും ചുറ്റുമുള്ള മലയോരജില്ലകളിൽ കുക്കികളും എന്ന നിലയിൽ സംസ്ഥാനം വിഭജിക്കപ്പെട്ടിരിക്കുന്നു. എതിർവിഭാഗക്കാർ താമസിക്കുന്ന പ്രദേശങ്ങളിലേക്ക് കടന്നുചെല്ലുന്നത് മരണശിക്ഷ ഏറ്റുവാങ്ങുന്നതിന് സമമാണ്. ഇംഫാലിലുള്ള കുക്കി മേഖലകൾ വിജനമാണ്. തങ്ങൾ പ്രബലമായ മലയോര ജില്ലകളിൽനിന്ന് കുക്കികൾ മെയ്തികളെ ആട്ടിയകറ്റിയിരിക്കുന്നു.

കുക്കികളുടെ ഒരു കൂട്ടം തങ്ങളുടെ പട്ടണമായ മോറെ ആക്രമിച്ചപ്പോൾ, തളർന്നുകിടക്കുന്ന സഹോദരനുമൊത്ത് രക്ഷപ്പെടുകയായിരുന്നു ഇംഫാലിലുള്ള ഒരു മെയ്തി ദുരിതാശ്വാസക്യാമ്പിൽ ഇപ്പോൾ കഴിയുന്ന  50 വയസ്സുകാരിയായ ഹേമ ബാതി മൊയ്റാങ്തെം.  ഓർത്തെടുക്കുകയാണ് . "എന്റെ ഒറ്റമുറി വീടും അവർ കത്തിച്ചു, എന്റെ സഹോദരപുത്രൻ സഹായം തേടി പോലീസിനെ വിളിച്ചിരുന്നു. ആൾക്കൂട്ടം ഞങ്ങളെ ചുട്ടുകൊല്ലുന്നതിനു മുൻപ് പോലീസ് എത്തുമെന്ന് പ്രതീക്ഷിച്ച് കാത്തിരിക്കേണ്ട സ്ഥിതിയായിരുന്നു ഞങ്ങൾക്ക്", ഹേമ ഓർത്തെടുത്തു.

ഇന്ത്യ-മ്യാന്മാർ അതിർത്തിയിലുള്ള മോറെ പട്ടണത്തിലേക്ക് കുക്കി ആൾക്കൂട്ടം ഇരച്ചെത്തിയപ്പോഴും ഹേമയുടെ സഹോദരന് ചലിക്കാൻ കഴിയാത്തതിനാൽ ഇരുവർക്കും ഓടിരക്ഷപ്പെടാൻ സാധിച്ചിരുന്നില്ല. "എന്റെ സഹോദരൻ എന്നോട് രക്ഷപ്പെടാൻ പറഞ്ഞെങ്കിലും അങ്ങനെ ചെയ്തിരുന്നെങ്കിൽ എനിക്ക്  ഒരിക്കലും സ്വയം ക്ഷമിക്കാൻ കഴിയുമായിരുന്നില്ല," അവർ പറയുന്നു.

പത്തുവർഷത്തിന് മുൻപ് ഹേമയുടെ ഭർത്താവ് ഒരു അപകടത്തിൽ മരണപ്പെട്ടതിന് ശേഷം, ഹേമയും സഹോദരനും സഹോദരപുത്രനും ഒരു കുടുംബംപോലെ പരസ്പരം താങ്ങും തണലുമായി ജീവിച്ചുവരികയായിരുന്നു. ഒരാളെ ബലി കൊടുത്ത് മറ്റ് രണ്ടുപേർ രക്ഷപ്പെടുക എന്നത് ചിന്തിക്കാൻപോലും സാധ്യമായിരുന്നില്ല. എന്ത് സംഭവിച്ചാലും അത് അവർ മൂന്നുപേരും ഒരു പോലെ അനുഭവിക്കുക എന്നത് മാത്രമായിരുന്നു മാർഗ്ഗം.

പോലീസെത്തിയപ്പോൾ ഹേമയും അവരുടെ സഹോദരപുത്രനും ചേർന്ന് സഹോദരനെ എടുത്ത് കത്തിയെരിയുന്ന വീടിനകത്തുനിന്ന് പോലീസ് കാറിലേക്ക് എത്തിച്ചു. പോലീസ് അവരെ സുരക്ഷിതമായി 110 കിലോമീറ്റർ അകലെ ഇംഫാലിലുമെത്തിച്ചു. "അന്നുമുതൽ ഞാൻ ഈ ദുരിതാശ്വാസക്യാമ്പിലാണ്," അവർ പറയുന്നു. "എന്റെ സഹോദരനും മരുമകനും ഞങ്ങളുടെ ഒരു ബന്ധുവിന്റെ ഒപ്പം താമസിക്കുകയാണ്."

Hema is now at a relief camp in Imphal. She escaped with her paralysed brother when her town, Moreh  was attacked by a Kuki mob
PHOTO • Parth M.N.

ഹേമ ഇപ്പോൾ ഇംഫാലിലുള്ള ഒരു ദുരിതാശ്വാസക്യാമ്പിലാണ് കഴിയുന്നത്. കുക്കികളുടെ ഒരു കൂട്ടം ഹേമയുടെ പട്ടണമായ മോറെ ആക്രമിച്ചപ്പോൾ ശരീരം തളർന്ന് കിടപ്പിലായിരുന്ന സഹോദരനെയെടുത്ത്, സഹോദരപുത്രനോടൊപ്പം അവിടെനിന്ന് രക്ഷപ്പെടുകയായിരുന്നു

മോറെയിൽ ഒരു പലചരക്ക് കട നടത്തിയിരുന്ന ഹേമ ഇപ്പോൾ ഉദാരമതികളുടെ സഹായംകൊണ്ടാണ് ജീവിക്കുന്നത്. ഡോർമിറ്ററിപോലെയുള്ള ഒരു മുറിയിൽ 20 അപരിചിതരോടൊപ്പമാണ് അന്തിയുറക്കം. ഒരു പൊതു അടുക്കളയിൽ ഉണ്ടാക്കുന്ന ഭക്ഷണം കഴിച്ചും ദാനമായി ലഭിച്ച വസ്ത്രങ്ങൾ ഉടുത്തുമാണ് ജീവിതം കഴിയുന്നത്. "ഇത് അത്ര സുഖകരമായ ഒരു അവസ്ഥയല്ല," അവർ പറയുന്നു. "എന്റെ ഭർത്താവ് മരിച്ചതിനുശേഷവും ഞാൻ ആരെയും ആശ്രയിക്കാതെയാണ് ജീവിച്ചിരുന്നത്. ഞാൻ എന്റെയും എന്റെ സഹോദരന്റെയും കാര്യങ്ങൾ നോക്കുകയും ചെയ്തിരുന്നു. ഇനി എത്രകാലം ഇതുപോലെ ജീവിക്കേണ്ടിവരുമെന്ന് അറിയില്ല."

വീടുകളും പ്രിയപ്പെട്ടവരും ജീവനോപാധിയുമെല്ലാം നഷ്ടപ്പെട്ട മണിപ്പൂരിലെ സാധാരണക്കാർ പുതിയ ജീവിതവുമായി മെല്ലെമെല്ലെ പൊരുത്തപ്പെട്ടുവരുന്നതേയുള്ളു.

ഖൂമയെ സംബന്ധിച്ചിടത്തോളം പ്രിയപ്പെട്ടവർ നഷ്ടപ്പെടുന്നത് ഒരു പുതിയ കാര്യമല്ലെങ്കിലും ഡേവിഡിന്റെ മരണം ഉൾക്കൊള്ളാൻ അദ്ദേഹത്തിന് ഇതുവരെ സാധിച്ചിട്ടില്ല. ഏകദേശം 30 വർഷം മുൻപ് ഖൂമയുടെ മകൾ രണ്ടാം വയസ്സിൽ കോളറ ബാധിച്ച് മരണപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയും 25 വർഷം മുൻപ് അർബുദം ബാധിച്ച് മരണപ്പെട്ടു. എന്നാൽ ഈ മരണങ്ങൾ സൃഷ്‌ടിച്ച ശൂന്യതയെക്കാൾ വലിയ വിടവാണ് ഡേവിഡിന്റെ മരണം ഉണ്ടായിരിക്കുന്നത് - സ്വന്തമെന്ന് പറയാൻ ഡേവിഡ് മാത്രമാണ് അയാൾക്കുണ്ടായിരുന്നത്.

ഖൂമ തനിച്ചാണ് ഡേവിഡിനെ വളർത്തി വലുതാക്കിയത്. ഡേവിഡിന്റെ സ്കൂളിലെ രക്ഷാകർതൃ യോഗങ്ങളിൽ പങ്കെടുത്തിരുന്നത് ഖൂമയാണ്. ഡേവിഡിന്റെ ഹൈസ്കൂൾ പഠനം കഴിഞ്ഞപ്പോൾ ഏത് കോളേജിൽ ചേരണമെന്ന് മകനെ ഉപദേശിച്ചതും അദ്ദേഹംതന്നെയാണ്. താൻ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഡേവിഡ് ആദ്യമായി പറയുന്നത് കേൾക്കാനും അദ്ദേഹം ഉണ്ടായിരുന്നു.

ഇത്രയും വർഷം അവർ ഇരുവർ മാത്രമായി ജീവിച്ചതിനുശേഷം അവരുടെ കുടുംബം ഒടുവിൽ വീണ്ടും വളരാൻ തുടങ്ങുകയായിരുന്നു. മൂന്ന് വർഷം മുൻപ് ഡേവിഡ് വിവാഹിതനാകുകയും ഒരു വർഷത്തിനുശേഷം അദ്ദേഹത്തിന് ഒരു കുഞ്ഞ് പിറക്കുകയും ചെയ്തു. വയസ്സാകുമ്പോൾ തന്റെ പേരക്കിടാവുമൊത്ത് കളിക്കുന്നതും അവനെ വളർത്താൻ സഹായിക്കുന്നതുമെല്ലാം ഖൂമ സ്വപ്നം കണ്ടിരുന്നു. എന്നാൽ ഈ കുടുംബം ഇപ്പോൾ വീണ്ടും വേർപെട്ട് പോയിരിക്കുന്നു. ഡേവിഡിന്റെ ഭാര്യയും കുഞ്ഞും അവരുടെ അമ്മയ്‌ക്കൊപ്പം മറ്റൊരു ഗ്രാമത്തിലാണ് താമസിക്കുന്നത്. ഖൂമ സഹോദരനൊപ്പവും. അദ്ദേഹത്തിന്റെ കൈവശം ആകെയുള്ളത് ഓർമ്മകളാണ്. മായാതെ ചേർത്തുപിടിക്കാൻ ആഗ്രഹിക്കുന്ന ചില ഓർമ്മകൾ. ഏതുവിധേനയും മാഞ്ഞുപോകണമെന്ന് ആഗ്രഹിക്കുന്ന ഒന്നും.

പരിഭാഷ: പ്രതിഭ ആര്‍. കെ .

Parth M.N.

ପାର୍ଥ ଏମ୍.ଏନ୍. ୨୦୧୭ର ଜଣେ PARI ଫେଲୋ ଏବଂ ବିଭିନ୍ନ ୱେବ୍ସାଇଟ୍ପାଇଁ ଖବର ଦେଉଥିବା ଜଣେ ସ୍ୱାଧୀନ ସାମ୍ବାଦିକ। ସେ କ୍ରିକେଟ୍ ଏବଂ ଭ୍ରମଣକୁ ଭଲ ପାଆନ୍ତି ।

ଏହାଙ୍କ ଲିଖିତ ଅନ୍ୟ ବିଷୟଗୁଡିକ Parth M.N.
Editor : Priti David

ପ୍ରୀତି ଡେଭିଡ୍‌ ପରୀର କାର୍ଯ୍ୟନିର୍ବାହୀ ସମ୍ପାଦିକା। ସେ ଜଣେ ସାମ୍ବାଦିକା ଓ ଶିକ୍ଷୟିତ୍ରୀ, ସେ ପରୀର ଶିକ୍ଷା ବିଭାଗର ମୁଖ୍ୟ ଅଛନ୍ତି ଏବଂ ଗ୍ରାମୀଣ ପ୍ରସଙ୍ଗଗୁଡ଼ିକୁ ପାଠ୍ୟକ୍ରମ ଓ ଶ୍ରେଣୀଗୃହକୁ ଆଣିବା ଲାଗି ସ୍କୁଲ ଓ କଲେଜ ସହିତ କାର୍ଯ୍ୟ କରିଥାନ୍ତି ତଥା ଆମ ସମୟର ପ୍ରସଙ୍ଗଗୁଡ଼ିକର ଦସ୍ତାବିଜ ପ୍ରସ୍ତୁତ କରିବା ଲାଗି ଯୁବପିଢ଼ିଙ୍କ ସହ ମିଶି କାମ କରୁଛନ୍ତି।

ଏହାଙ୍କ ଲିଖିତ ଅନ୍ୟ ବିଷୟଗୁଡିକ Priti David
Translator : Prathibha R. K.

Pratibha R K is a post graduate in English from the Central University of Hyderabad and works as a translator.

ଏହାଙ୍କ ଲିଖିତ ଅନ୍ୟ ବିଷୟଗୁଡିକ Prathibha R. K.