ആളുകൾ പറയുന്നത് കേൾക്കണ്ട
പെരുവഴിയിൽ കലപ്പ മിനുസപ്പെടുത്തരുത്

ഒരാൾ സ്വന്തം തൊഴിലിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് അസം ഭാഷയിലെ ഈ മുകളിലെഴുതിയ നാടൻ ചൊല്ലിന്റെ അർത്ഥം,

കൃഷിക്കാവശ്യമുള്ള സൂക്ഷ്മോപകരണങ്ങളുണ്ടാക്കുന്ന തനിക്കും തന്റെ തൊഴിലിനും ഇത് യോജിക്കുമെന്ന് കർഷകർക്കാവശ്യമുള്ള കലപ്പകളുണ്ടാക്കുന്ന ഹനീഫ് അലി പറയുന്നു. മധ്യ അസമിലെ ദരംഗ ജില്ലയിൽ അദ്ദേഹത്തിന്റെ ചുറ്റുമുള്ള ഭൂമിയുടെ മൂന്നിൽ രണ്ടുഭാഗവും കൃഷിസ്ഥലമാണ്. കൃഷിക്കാവശ്യമായ വിവിധ ഉപകരണങ്ങളാണ് അദ്ദേഹം നിർമ്മിക്കുന്നത്.

“എല്ലാ ഉപകരണങ്ങളും ഉണ്ടാക്കുന്നുണ്ട്. കലപ്പ, മുളകൊണ്ടുള്ള ഏണി, മൺ‌വെട്ടി, നുകം, കാലുകൊണ്ട് പ്രവർത്തിപ്പിക്കുന്ന ധാന്യമെതിയന്ത്രം, ചുറ്റിക, ഉണങ്ങിയ നെല്ല് വാരിക്കൂട്ടാൻ, മുളങ്കമ്പിൽ ഘടിപ്പിച്ച  അർദ്ധവൃത്താകൃതിയിലുള്ള ഒരു മരത്തിന്റെ ഉപകരണം തുടങ്ങി പലതും,” അദ്ദേഹം പറയുന്നു.

പ്ലാവിന്റെ തടിയാണ് അദ്ദേഹത്തിന് താത്പര്യം. പ്രാദേശിക ബംഗാളി ഭാഷയിൽ കാട്ടോൽ എന്ന് വിളിക്കും അതിനെ. അസമീസിൽ കോട്ടാൽ എന്നും. വാതിൽ, ജനലുകൾ, കട്ടിൽ എന്നിവയുണ്ടാക്കാൻ അതാണ് ഉപയോഗിക്കുന്നത്. മരം പാഴാക്കിക്കളഞ്ഞാൽ തനിക്ക് മുതലാവില്ലെന്നും, കൈവശമുള്ള മരത്തടിയിൽനിന്ന് പരമാവധി സാധനങ്ങൾ ഉണ്ടാക്കാനാണ് നോക്കുന്നതെന്നും അദ്ദേഹം പറയുന്നു.

കലപ്പകൾ, ശ്രദ്ധയോടെ നിർമ്മിക്കേണ്ട വസ്തുവാണ്. “അതിലെ അടയാളങ്ങളിൽ ഒരിഞ്ച് വ്യത്യാസം വന്നാൽ, ഉണ്ടാക്കിയ സാധനം പിന്നെ ഒന്നിനും പറ്റില്ല,” അദ്ദേഹം സൂചിപ്പിക്കുന്നു. 250-300 രൂപയാവും നഷ്ടപ്പെടുക എന്നും ഹനീഫ് അലി കൂട്ടിച്ചേർത്തു.

PHOTO • Mahibul Hoque
PHOTO • Mahibul Hoque

ഇടത്ത്: താനുണ്ടാക്കിയ ഒരു നുകം കാണിച്ചുതരുന്ന ഹനീഫ് അലി. കലപ്പയിൽ ബന്ധിച്ച കാളകളെ ഒരേ വരിയിൽ നിർത്താൻ അവയുടെ ചുമലിൽ ഘടിപ്പിക്കുന്ന ഉപകരണങ്ങളാണ് നുകങ്ങൾ. വലത്ത്: കലപ്പയുടെ വിവിധ ഭാഗങ്ങൾ സൂചിപ്പിക്കുന്ന ഒരു ചിത്രം

അദ്ദേഹത്തിന്റെ ഉപഭോക്താക്കൾ മിക്കവരും ജില്ലയിൽനിന്നുള്ള ചെറുകിട കർഷകരാണ്. വീട്ടിൽ കാളകളുള്ളവർ. അവർ കൃഷിഭൂമിയിൽ ബഹുവിളകൽ കൃഷി ചെയ്യുന്നു. കോളിഫ്ലവർ, കാ‍ാബേജ്, എഗ്‌പ്ലാന്റ്, നോൾഖോയി, പയർ, മുളക്, പടവലം, മത്തങ്ങ, കാരറ്റ്, കയ്പ്പക്ക, തക്കാളി, കുക്കുമ്പർ തുടങ്ങിയ പച്ചക്കറികളും അതോടൊപ്പംതന്നെ എള്ളും നെല്ലുമൊക്കെ അവർ കൃഷി ചെയ്യാറുണ്ട്.

“ആർക്കെങ്കിലും കലപ്പ വേണമെങ്കിൽ എന്റെയടുത്ത് വരും.” അറുപതുകളിലെത്തിയ ആ വിദഗ്ദ്ധതൊഴിലാളി പറയുന്നു. “10-15 വർഷം മുമ്പ് ഈ പ്രദേശത്ത് രണ്ട് ട്രാക്ടറുകളാണ് ഉണ്ടായിരുന്നത്. ഭൂമിയിൽ കൃഷി ചെയ്യാൻ അവർ കലപ്പകളെ ആശ്രയിച്ചിരുന്നു,” അദ്ദേഹം പാരിയോട് പറയുന്നു.

ഇപ്പോഴും കലപ്പ ഉപയോഗിക്കുന്ന ചുരുക്കം ചില കർഷകരിലൊരാളാണ് അറുപതുകളിലെത്തിയ മുകദാസ് അലി. “ആവശ്യം വരുമ്പോൾ, കലപ്പ നേരെയാക്കാൻ ഞാനിപ്പൊഴും ഹനീഫ് അലിയുടെയടുത്ത് പോകാറുണ്ട്. അയാൾക്കുമാത്രമാണ് തെറ്റില്ലാതെ അത് കേടുപാടുകൾ തീർക്കാൻ അറിയുന്നത്. മൂപ്പരുടെ അച്ഛനെപ്പോലെത്തന്നെ, മൂപ്പരും നല്ല പണിക്കുറ്റം തീർന്ന കലപ്പകളുണ്ടാക്കുന്നു.”

എന്നാൽ ഇനിയൊന്നിൽക്കൂടി നിക്ഷേപം ഇറക്കുമോ എന്ന് തനിക്കുറപ്പില്ലെന്ന് അലി പറയുന്നു. “കാളകൾക്കൊക്കെ നല്ല വിലയാണ്. കർഷകത്തൊഴിലാളികളേയും എളുപ്പത്തിൽ കിട്ടില്ല. ട്രാക്ടർ ഉപയോഗിക്കുന്നതിനേക്കാൾ സമയമെടുക്കും കലപ്പകൊണ്ട് പണിയെടുക്കാൻ,” പവർ ടില്ലറുകളിലേക്കും ട്രാക്ടറുകളിലേക്കും ആളുകൾ എന്തുകൊണ്ട് മാറുന്നു എന്ന് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

PHOTO • Mahibul Hoque
PHOTO • Mahibul Hoque

ഇടത്ത്: തന്റെ മുളങ്കുടിലിന്റെ പുറത്ത്, കലപ്പയുടെ കഷണങ്ങളുടെ സമീപത്തിരിക്കുന്ന ഹനീഫ് അലി. അതിലെ ഒരു മരത്തിന്റെ കഷണംകൊണ്ട് അദ്ദേഹം ഒരു മൺ‌വെട്ടി ഉണ്ടാക്കാൻ ആലോചിക്കുന്നുണ്ട്. വലത്ത്: കൈയ്യിൽ ‘കുതി’ എന്ന കലപ്പയുടെ പിടിയുമായി ഹനീഫ് അലി. ടില്ലർ എളുപ്പത്തിൽ പിടിക്കാൻ മാത്രം നീളമില്ലെങ്കിൽ, കുതി അതിന്റെ ശരീരത്തിൽ ഘടിപ്പിക്കുന്നു

*****

രണ്ടാം തലമുറയിൽ‌പ്പെട്ട കരകൌശലവിദഗ്ദ്ധനാണ് ഹനീഫ്. കുട്ടിയായിരുന്നപ്പോൾ പഠിച്ചെടുത്തതാണ് ഈ വിദ്യ. “കുറച്ചുദിവസം മാത്രമേ ഞാൻ സ്കൂളിൽ പോയിട്ടുള്ളു. അച്ഛനും അമ്മയ്ക്കും വിദ്യാഭ്യാസത്തിൽ വലിയ താത്പര്യമൊന്നുമുണ്ടായിരുന്നില്ല. എനിക്കും പോകാൻ ഇഷ്ടമല്ലായിരുന്നു,” അദ്ദേഹം പറയുന്നു.

വളരെയധികം ആദരിക്കപ്പെട്ടിരുന്ന, കരകൌശലവിദഗ്ദ്ധനായ ഹോലു ഷെയ്ക്ക് എന്ന അച്ഛന്റെ കൂടെ ചെറുപ്രായത്തിൽത്തന്നെ അദ്ദേഹം പണി ചെയ്യാനിറങ്ങി. “ഗ്രാമത്തിലെ എല്ലാവർക്കും അദ്ദേഹം കലപ്പ ഉണ്ടാക്കിക്കൊടുത്തിരുന്നു. കലപ്പകൾ നേരാക്കിക്കാൻ എല്ലാവരും ഞങ്ങളുടെ വീട്ടിൽ വന്നിരുന്നു.”

കലപ്പ നിർമ്മിക്കാനാവശ്യമായ കൃത്യമായ അടയാളങ്ങൾ അച്ഛൻ വരച്ചുതരും. “എവിടെയാണ് തുളയിടേണ്ടതെന്നൊക്കെ കൃത്യമായി അറിഞ്ഞിരിക്കണം. തണ്ട്, കലപ്പയുടെ മുരികാത്തിൽ (ശരീരത്തിൽ) കൃത്യമായ ആംഗിളിൽ ഘടിപ്പിക്കണം,” താൻ ചെയ്തുകൊണ്ടിരിക്കുന്ന ഒരു മരക്കഷണത്തിൽ തലോടിക്കൊണ്ട് ഹനീഫ് പറയുന്നു.

കലപ്പയുടെ കോണുകൾ വല്ലാതെ ചെരിഞ്ഞാൽ, അതിന്റെ ബ്ലേഡുകളുടെ വിടവിലൂടെ മണ്ണ് അകത്തേക്ക് കടന്ന്, ജോലി മന്ദഗതിയിലാവുന്നതുകൊണ്ട് ആരും അത് വാങ്ങില്ലെന്നും അദ്ദേഹ പറഞ്ഞു.

“എനിക്ക് അടയാളമിടാൻ അറിയാം. പരിഭ്രമിക്കേണ്ട” എന്ന് അച്ഛനോട് ആത്മവിശ്വാസത്തോടെ പറയാൻ ഒരു വർഷമെടുത്തു ഹനീഫ് അലി.

PHOTO • Mahibul Hoque
PHOTO • Mahibul Hoque

പ്ലാവിന്റെ തടിയാണ് അദ്ദേഹത്തിന് താത്പര്യം. വാതിൽ, ജനലുകൾ, കട്ടിൽ എന്നിവയുണ്ടാക്കാൻ അതാണ് ഉപയോഗിക്കുന്നത്. മരം പാഴാക്കിക്കളഞ്ഞാൽ തനിക്ക് മുതലാവില്ലെന്നും, കൈവശമുള്ള മരത്തടിയിൽനിന്ന് പരമാവധി സാധനങ്ങൾ ഉണ്ടാക്കാനാണ് നോക്കുന്നതെന്നും അദ്ദേഹം പറയുന്നു. വലത്ത്: മരത്തിൽ മുറിക്കേണ്ട ഭാഗങ്ങൾ കൃത്യമായി അടയാളപ്പെടുത്തിയത് അദ്ദേഹം കാണിച്ചുതരുന്നു

‘ഹോലു മേസ്ത്രി’ എന്ന പേരിൽ ജനകീയനായ അച്ഛനെ അനുഗമിക്കാൻ തുടങ്ങി അദ്ദേഹം. കലപ്പ ഉണ്ടാക്കുന്നതിൽ സവിശേഷ വൈദഗ്ദ്ധ്യമുള്ള മരാശാരിയായ അച്ഛൻ അത് വിൽക്കുന്ന ജോലിയും കൂട്ടത്തിൽ ചെയ്തിരുന്നു. ചുമലിൽ ഒരു ദണ്ഡിൽ, തങ്ങളുണ്ടാക്കിയ സാധനങ്ങൾ ചുമന്ന് വീടുവീടാന്തരം പോയിരുന്നത് ഹനീഫ് അലി ഓർത്തെടുത്തു.

അച്ഛന്റെ കൂടെ അല്പകാലം ജോലി ചെയ്തതിനുശേഷം, അച്ഛന് പ്രായമായപ്പോഴേക്കും, സഹോദരിമാരെ വിവാ‍ഹം ചെയ്യിപ്പിച്ച് അയക്കേണ്ട ചുമതല ഹനീഫിനായി. ആറംഗ കുടുംബത്തിലെ ഒരേയൊരു മകനായിരുന്നു അയാൾ. “എല്ലാ ആവശ്യക്കാർക്കുംവേണ്ടി പണി ചെയ്തുകൊടുക്കുന്നത് അച്ഛന് ബുദ്ധിമുട്ടായിത്തുടങ്ങിയപ്പോൾ ഞാൻ കലപ്പകളുണ്ടാക്കാൻ തുടങ്ങി.”

നാല് പതിറ്റാണ്ട് മുമ്പായിരുന്നു അത്. ഇന്ന് ഹനീഫ് ഒറ്റയ്ക്കാണ്. ബറുവജാർ ഗ്രാമത്തിലെ 3-ആം നമ്പറിലെ ഒറ്റമുറിയാണ് വീടും പണിയിടവും. അദ്ദേഹത്തെപ്പോലുള്ള ബംഗാൾ വംശജരായ മുസ്ലിങ്ങൾ കൂടുതലുള്ള ഗ്രാമമാണത്. ദൽഗാംവ് നിയമസഭാ മണ്ഡലത്തിലാണ് പ്രദേശം. ഒറ്റമുറിയുള്ള മുളങ്കുടിലിൽ, ഒരു ചെറിയ കട്ടിൽ, പാചകത്തിനുള്ള ചുരുക്കം പാത്രങ്ങളുണ്ട് - അരി തിളപ്പിക്കാനുള്ള പാത്രം, രണ്ടുമൂന്ന് സ്റ്റീൽ പ്ലേറ്റുകൾ, ഒരു ഗ്ലാസ് – എന്നിവയൊക്കെ.

“അച്ഛന്റേയും എന്റെയും ജോലി നാട്ടിലുള്ള ആളുകളെ സംബന്ധിച്ചിടത്തോളം പ്രധാന്യമുള്ളതാണ്,” തന്റെ അയൽക്കാരായ കൃഷിക്കാരെ ഉദ്ദേശിച്ചുകൊണ്ട് ഹനീഫ് അലി പറയുന്നു. അഞ്ച് കുടുംബങ്ങൾ പങ്കിടുന്ന പൊതുവായ ഒരു മുറ്റത്തിരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തെപ്പോലെ, അവരുടെ വീടുകളും ഒറ്റമുറിയാണ് ഒന്ന് അദ്ദേഹത്തിന്റെ അഹോദരിയുടെ, മറ്റൊന്ന് ഇളയ മകന്റെ, മറ്റുള്ളവ മരുമക്കളുടേയും. സഹോദരി മറ്റുള്ളവരുടെ വീടുകളിലും പാടങ്ങളിലും ജോലിയെടുക്കുന്നു. മരുമക്കൾ ഇടയ്ക്കിടയ്ക്ക് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് ജോലിക്കായി പോകാറുണ്ട്.

ഒമ്പത് മക്കളുണ്ട് ഹനീഫിന്. പക്ഷേ ആരും ഈ തൊഴിലിലില്ല. ആവശ്യക്കാരില്ലാത്തതിനാൽ. “പരമ്പരാഗത കലപ്പ കണ്ടാൽ എന്താണെന്ന് പുതിയ തലമുറയ്ക്കറിയില്ല,” അഫാജ് ഉദ്ദിൻ പറയുന്നു. മുകദ്ദാസ് അലിയുടെ മരുമകനാണ് അയാൾ. ജലസേചനം ചെയ്യാത്ത ആറ് ബിഗ കൃഷിഭൂമിയുള്ള 48 വയസ്സുള്ള ആ കർഷകൻ 15 വർഷം മുമ്പ് കലപ്പ ഉപയോഗിക്കുന്നത് നിർത്തിയിരുന്നു.

PHOTO • Mahibul Hoque
PHOTO • Mahibul Hoque

ദരംഗ ജില്ലയിലെ ദൽഗാംവ് നിയമസഭാ മണ്ഡലത്തിലെ ബറുവജാർ ഗ്രാമത്തിൽ 3-ആം നമ്പർ ഒറ്റമുറിയിലാണ് ഹനീഫ് താ‍മസിക്കുന്നത്. അദ്ദേഹത്തെപ്പോലുള്ള ബംഗാൾ വംശജരായ മുസ്ലിങ്ങൾ കൂടുതലുള്ള ഗ്രാമമാണത്

*****

“കോണീയമായ ശാഖകളോടുകൂടിയ വലിയ മരങ്ങളുള്ള വീടുകളുടെ മുന്നിലൂടെ സൈക്കിളിൽ പോവുമ്പോൾ ഞാൻ ആ വീട്ടുകാരോട്, മരം മുറിക്കാറാവുമ്പോൾ എന്നോട് പറയണമെന്ന് ആവശ്യപ്പെടും. ബലവും കോണീയവുമായ ശാഖകൾ നല്ല കലപ്പകളുണ്ടാക്കാൻ ഉപയോഗിക്കാമെന്ന് ഞാനവരോട് പറയും,” നാട്ടിലെ തന്റെ പരിചയങ്ങൾ വെളിപ്പെടുത്തിക്കൊണ്ട് ഫനീഫ അലി പറയുന്നു.

ചെരിഞ്ഞ മരക്കഷണങ്ങൾ കൈയ്യിലുണ്ടെങ്കിൽ പ്രദേശത്തെ തടിക്കച്ചവടക്കാരും അദ്ദേഹത്തെ വിവരമറിയിക്കും. ഏഴടി നീളവും 3 x 2 ഇഞ്ച് വീതിയുമുള്ള ശാഖകളാണ് അദ്ദേഹത്തിന് ആവശ്യം. ഒന്നുകിൽ സാലമരത്തിന്റേയോ, ഇന്ത്യൻ തേക്കിന്റേയോ അതുമല്ലെങ്കിൽ തിതാചാപ്, ഷിരിഷ് തുടങ്ങി നാട്ടിൽ ലഭ്യമായ മരങ്ങളോ ഉപയോഗിച്ചുണ്ടാക്കിയ മരപ്പലകകളാണ് അദ്ദേഹത്തിന് വേണ്ടത്.

“മരങ്ങൾക്ക് 25-30 കൊല്ലം പ്രായമുണ്ടാവണം. എന്നാലേ, കലപ്പകളും, നുകങ്ങളും, മൺ‌വെട്ടികളും കൂടുതൽകാലം ഈട് നിൽക്കൂ. സാധാരണയായ തായ്ത്തടികളോ, ബലമുള്ള ശാഖകളോ ആണ് ഉപയോഗിക്കുക,” രണ്ടായി മുറിച്ച ഒരു മരക്കൊമ്പ് പാരിക്ക് അദ്ദേഹം കാണിച്ചുതന്നു.

ഓഗസ്റ്റിന്റെ പകുതിയിൽ അദ്ദേഹത്തെ കണ്ടപ്പോൾ മരത്തിന്റെ ഒരു ഭാഗത്തിന് കലപ്പയുടെ രൂപം കൊടുക്കുകയായിരുന്നു. “രണ്ട് കലപ്പകളും കലപ്പയുടെ ചട്ടക്കൂടും ഇതുകൊണ്ടുണ്ടാക്കാൻ കഴിഞ്ഞാൽ ഈ മരത്തടിയിൽനിന്ന് എനിക്ക് 400-500 രൂപ അധികം ഉണ്ടാക്കാൻ സാധിക്കും,” 200 രൂപയ്ക്ക് വാങ്ങിയ കോണിന്റെ ആകൃതിയുള്ള മരം ചൂണ്ടിക്കാട്ടി ഫനീഫ് അലി പറയുന്നു.

“ഓരോ മരത്തിൽനിന്നും പരമാവധി ഭാഗങ്ങൾ ഉപയോഗിക്കാൻ കഴിയണം. മാത്രമല്ല, കർഷകർക്ക് ആവശ്യമുള്ള ആകൃതിയുമായിരിക്കണം,” അദ്ദേഹം പറയുന്നു. കഴിഞ്ഞ നാല് ദശകങ്ങളായി ഉപയോഗിച്ച് പരിചയമുള്ളതിനാൽ, ഒരു കലപ്പയ്ക്ക് ഏറ്റവും അനുയോജ്യമായ വലിപ്പം, 18 ഇഞ്ച് ഷൂസും (കലപ്പയ്ക്ക് ഇളക്കം തട്ടാതിരിക്കാൻ), 33 ഇഞ്ച് ശരീരവുമാണെന്ന് ഹനീഫയ്ക്ക് അറിയാം.

PHOTO • Mahibul Hoque
PHOTO • Mahibul Hoque

ഇടത്ത്: വളവുള്ള ശാഖകളന്വേഷിച്ച് ഹനീഫ് അടുത്തുള്ള ഗ്രാമങ്ങളിൽ പോകാറുണ്ട്. ചിലപ്പോൾ ഗ്രാമത്തിലുള്ളവരും, മരത്തടിവ്യാപാരികളും മരം മുറിക്കുമ്പോൾ അദ്ദേഹത്തെ മുൻ‌കൂട്ടി അറിയിക്കും. ഒരു കലപ്പയുടെ ശരീരമുണ്ടാക്കാനുള്ള മരത്തടി കാണിച്ചുതരുന്നു. വലത്ത്: വീടിനകത്ത്, ഉയരത്തിലുള്ള ഒരുതട്ടിലാണ് തന്റെ സാമഗ്രികൾ അദ്ദേഹം സൂക്ഷിക്കുന്നത്

PHOTO • Mahibul Hoque
PHOTO • Mahibul Hoque

ഇടത്ത്: കലപ്പയും മറ്റ് കൃഷിയുപകരണങ്ങളും സൂക്ഷ്മമായി നിർമ്മിക്കുന്നവയാണ്. കലപ്പയുടെ ശരീരത്തിൽ ബീം ഘടിപ്പിക്കാൻ പാകത്തിലുള്ള ഓട്ടയുണ്ടാക്കേണ്ട സ്ഥലം ഫനീഫ് കാണിച്ചുതരുന്നു. ഓട്ട കൃത്യമല്ലെങ്കിൽ, കലപ്പയ്ക്ക് ചെരിവ് കൂടുതലാകും വലത്ത്: മരത്തടിയുടെ മുകൾഭാഗവും അരികുകളും വെട്ടാനുപയോഗിക്കുന്ന 20 വർഷം പഴക്കമുള്ള വളഞ്ഞ ഉളിയും മഴുവും

ആവശ്യമുള്ള വലിപ്പത്തിലുള്ള മരം കിട്ടിയാൽ, സൂര്യനുദിക്കും മുമ്പേ അദ്ദേഹം ജോലിയാരംഭിക്കും. വെട്ടാനും, കഷണമാക്കാനും, ആകൃതി വരുത്താനും വളയ്ക്കാനുമുള്ള ഉപകരണങ്ങൾ അടുത്തുതന്നെ വെക്കും. ഏതാനും ഉളികളും, രണ്ടുമൂന്ന് ഈർച്ചവാളുകളും, മഴിവും, രാകി മിനുസപ്പെടുത്താനുള്ള സാമഗ്രിയും ഏതാനും തുരുമ്പ് പിടിച്ച ലോഹക്കഷണങ്ങളും വീടിനകത്ത്, അല്പം ഉയരത്തിലുള്ള ഒരു തട്ടിൽ അദ്ദേഹം സൂക്ഷിച്ചുവെച്ചിട്ടുണ്ട്.

ഈർച്ചവാളിന്റെ പരന്ന ഭാഗമുപയോഗിച്ച്, മരത്തിൽ, കൃത്യമായാ കഷണങ്ങളാക്കാനുള്ള വരകളിടുന്നു. ദൂരം കൈകൊണ്ട് അളക്കുന്നു. അത് ചെയ്തുകഴിഞ്ഞാൽ, 30 കൊല്ലം പഴക്കമുള്ള മഴുകൊണ്ട് മരത്തിന്റെ അരികുകൾ കഷണങ്ങളാക്കുന്നു. സമനിരപ്പല്ലാത്ത പ്രതലം ചെത്തിക്കളയാൻ ഞാൻ ടെഷ (ഈർച്ചവാ‍ളുപോലുള്ള ഉളി) ഉപയോഗിക്കുന്നു,” ഹനീഫ പറയുന്നു. മണ്ണിനെ ഇരുഭാഗത്തേക്കും വകഞ്ഞുമാറ്റുന്ന രീതിയിൽ കൃത്യമായി വേണം കലപ്പയുടെ ശരീരത്തിന്റെ ഷൂ ഭാഗം വളയ്ക്കാൻ.

“ഷൂസിന്റെ തുടക്കഭാഗം(നിലത്ത് ഉഴുകുന്ന ഭാഗം‌) ഏകദേശം ആറിഞ്ച് വരും. അറ്റത്തെത്തുമ്പോഴേക്കും അതിന്റെ വീതി സാവധാനം 1.5 മുതൽ 2 ഇഞ്ചുവരെയായി കുറയും,” അദ്ദേഹം പറയുന്നു. ഷൂവിന്റെ ഘനം 8-9 ഇഞ്ചായിരിക്കും. മരവുമായി ആണിയടിക്കുന്ന ഭാഗത്തേക്കെത്തുമ്പോൾ അത് രണ്ടിഞ്ചായി കുറയും.

ഷൂവിന്റെ ഭാഗത്തെ ഫാൽ , അഥവാ പാൽ എന്ന് വിളിക്കുന്നു. 9-19 ഇഞ്ച് നീളവും, 1.5-2 ഇഞ്ച് വീതിയുമുള്ള ഒരു ഇരുമ്പ് പലകയിൽനിന്നാണ് അതുണ്ടാക്കുന്നത്. ഇരുഭാഗത്തും നല്ല മൂർച്ചയുണ്ടായിരിക്കും. “രണ്ടറ്റങ്ങളും നല്ല മൂർച്ചയുണ്ടാകും. കാരണം, ഒരു ഭാഗം തുരുമ്പ് പിടിച്ചാൽ, കർഷകന് മറുഭാഗം ഉപയോഗിക്കാൻ സാധിക്കും.” ഹനീഫ് ഇരുമ്പ് സംഘടിപ്പിക്കുന്നത്, ബെച്ചിമാരി ചന്തയിലുള്ള പ്രാദേശിക കൊല്ലന്മാരിൽനിന്നാണ്. വീട്ടിൽനിന്ന് മൂന്ന് കിലോമീറ്റർ ദൂരമുണ്ട് അങ്ങോട്ട്.

അഞ്ച് മണിക്കൂറോളം തുടർച്ചയായി മഴുകൊണ്ടും ഉളികൊണ്ടും മേടിക്കഴിഞ്ഞാലാണ് മരത്തിന്റെ വശങ്ങൾ ചെത്തി കഷണമാക്ക് ആകൃതി വരുത്താൻ പറ്റൂ. പിന്നെ അത്, ഹാൻഡ് പ്ലേൻ‌കൊണ്ട് മിനുസപ്പെടുത്തണം.

കലപ്പയുടെ ശരീരം തയ്യാറായാൽ, ആശാരി അതിൽ സുഷിരത്തിനാവശ്യമായ കൃത്യമായ അടയാളങ്ങളിടും. കലപ്പയുടെ തണ്ട് ആ സുഷിരത്തിൽ കൃത്യമായി ഇരിക്കണം. “മരത്തിന്റെ തണ്ടിന്റെ കൃത്യമായ വലിപ്പത്തിനനുസരിച്ചുവേണം സുഷിരമുണ്ടാക്കാൻ. ഉഴുകുമ്പോൾ കലപ്പ ഇളകാതിരിക്കാനാണ് അത്. സാധാരണയായി അതിന് 1.5 മുതൽ 2 ഇഞ്ചുവരെ വീതിയുണ്ടാവും,” ഹനീഫ് പറയുന്നു.

PHOTO • Mahibul Hoque
PHOTO • Mahibul Hoque

ആറ് മാസം പഴക്കമുള്ള ഒരു മരത്തടിയുടെ പരുക്കൻ പ്രതലം ഹനീഫ് ചെത്തിക്കളയുന്നു. ഒരു കലപ്പയുടെ ശരീരത്തിന്റെ ആകൃതി കിട്ടാൻ പാകത്തിൽ, സമനിരപ്പല്ലാത്ത ഭാഗങ്ങൾ ചെത്തിക്കളയാൻ ചുരുങ്ങിയത് ഒരു ദിവസമെങ്കിലുമെടുക്കും. വലത്ത്: വീടിന് പുറത്ത്, ചെറിയ വിശ്രമമെടുക്കുന്ന ഹനീഫ്

PHOTO • Mahibul Hoque
PHOTO • Mahibul Hoque

ഇടത്ത്: ഹനീഫയുടെ സൈക്കിളിൽ കെട്ടിവെച്ചിരിക്കുന്ന കലപ്പയും അതിന്റെ പിടിയും. ചിലപ്പോൾ നുകങ്ങളും മൺ‌വെട്ടികളും സൈക്കിളിൽ കയറ്റ്, അഞ്ചാറ് കിലോമീറ്റർ പോകണം ചന്തയിലെത്താൻ. വലത്ത്: ഒരു തിങ്കളാഴ്ചച്ചതയിൽ

കലപ്പയുടെ വലിപ്പം ശരിയാക്കാൻ, മരത്തണ്ടിന്റെ മുകളറ്റത്ത് അഞ്ചോ ആറോ കൊളുത്തുകൾ ഹനീഫ് ഉണ്ടാക്കാറുണ്ട്. മണ്ണിന്റെ എത്ര ആഴത്തിലാണ് കലപ്പ പോകേണ്ടത് എന്നതിനനുസരിച്ച് കർഷകർ ഈ കൊളുത്തുകൾ ആ പാ‍കത്തിൽ വെക്കുന്നു.

ഈർച്ചയന്ത്രമുപയോഗിച്ച് മരം വെട്ടുന്നത് ചിലവേറിയതും ശ്രമകരവുമാണെന്ന് ഹനീഫ് പറയുന്നു. “200 രൂപയ്ക്ക് ഒരു മരത്തടി വാങ്ങിയാൽ, മുറിക്കുന്ന ആൾക്ക് ഞാൻ 150 രൂപ കൊടുക്കണം.” ഒരു കലപ്പ ഉണ്ടാക്കാൻ ഏകദേശം രണ്ട് ദിവസം പിടിക്കും. ഏറിയാൽ, 1,200 രൂപയ്ക്കാണ് ഒന്ന് വിൽക്കാനാവുക.

ചില കർഷകർ നേരിട്ട് വരാറുണ്ടെങ്കിലും, ദരംഗ ജില്ലയിലെ രണ്ട് ആഴ്ചച്ചന്തകളിൽ ഹനീഫ് നേരിട്ട് പോയിൽ വില്പന നടത്താറുമുണ്ട് – ലാല്പൂൽ ബാസാറിലും ബെച്ചിമാരി ബാസാറിലും. “ഒരു കലപ്പയും അതിന്റെ അനുബന്ധ സാമഗ്രികളും വാങ്ങാൻ ഒരു കർഷകന് 3,700 രൂപയോളം ചിലവ് വരും,” വർദ്ധിച്ചുവരുന്ന ചിലവുകൾ ചൂണ്ടിക്കാട്ടി ഫനീഫ പറയുന്നു. ഈ ചിലവ് കാരണം പല കർഷകരും വാങ്ങുന്നത് നിർത്തി ഇപ്പോൾ വാടകയ്ക്കെടുക്കുകയാണ് ചെയ്യുന്നത്,” എന്ന് ഹനീഫ സൂചിപ്പിക്കുന്നു. “പരമ്പരാഗത ഉഴുകലിനെ ഇപ്പോൾ ട്രാക്ടറുകൾ ഏറ്റെടുത്തുകഴിഞ്ഞു.”

പക്ഷേ ഹനീഫ നിർത്തിയിട്ടില്ല. അടുത്ത ദിവസം അയാൾ സൈക്കിൾ തയ്യാറാക്കി ജോലിക്ക് ഒരുങ്ങുന്നു ഒരു കലപ്പയും അതിന്റെ പിടിയും വിൽക്കാൻ. “ട്രാക്ടറുകൾ മണ്ണ് നശിപ്പിച്ചുകഴിഞ്ഞാൽ, ആളുകൾ കലപ്പ ഉണ്ടാക്കുന്നവനെ തേടി വീണ്ടും വരും,” ഹനീഫ് ശുഭപ്രതീക്ഷ പ്രകടിപ്പിക്കുന്നു.

മൃണാളിനി മുഖർജി ഫൌണ്ടേഷന്റെ ( എം . എം . എഫ് ) ഫെല്ലോഷിപ്പോടെ നടത്തിയ റിപ്പോർട്ടിംഗ്

പരിഭാഷ: രാജീവ് ചേലനാട്ട്

Mahibul Hoque

ମାହିବୁଲ ହକ୍‌ ଆସାମରେ ରହୁଥିବା ଜଣେ ମଲ୍ଟିମିଡିଆ ସାମ୍ବାଦିକ ଏବଂ ଗବେଷକ। ସେ ୨୦୨୩ର ପରୀ-ଏମଏମଏଫ ଫେଲୋ।

ଏହାଙ୍କ ଲିଖିତ ଅନ୍ୟ ବିଷୟଗୁଡିକ Mahibul Hoque
Editor : Priti David

ପ୍ରୀତି ଡେଭିଡ୍‌ ପରୀର କାର୍ଯ୍ୟନିର୍ବାହୀ ସମ୍ପାଦିକା। ସେ ଜଣେ ସାମ୍ବାଦିକା ଓ ଶିକ୍ଷୟିତ୍ରୀ, ସେ ପରୀର ଶିକ୍ଷା ବିଭାଗର ମୁଖ୍ୟ ଅଛନ୍ତି ଏବଂ ଗ୍ରାମୀଣ ପ୍ରସଙ୍ଗଗୁଡ଼ିକୁ ପାଠ୍ୟକ୍ରମ ଓ ଶ୍ରେଣୀଗୃହକୁ ଆଣିବା ଲାଗି ସ୍କୁଲ ଓ କଲେଜ ସହିତ କାର୍ଯ୍ୟ କରିଥାନ୍ତି ତଥା ଆମ ସମୟର ପ୍ରସଙ୍ଗଗୁଡ଼ିକର ଦସ୍ତାବିଜ ପ୍ରସ୍ତୁତ କରିବା ଲାଗି ଯୁବପିଢ଼ିଙ୍କ ସହ ମିଶି କାମ କରୁଛନ୍ତି।

ଏହାଙ୍କ ଲିଖିତ ଅନ୍ୟ ବିଷୟଗୁଡିକ Priti David
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

ଏହାଙ୍କ ଲିଖିତ ଅନ୍ୟ ବିଷୟଗୁଡିକ Rajeeve Chelanat