ഒരു ഉച്ചയ്ക്ക് തന്റെ ഫോണിലൂടെ അശോക് ടാംഗ്ഡെ പരതിക്കൊണ്ടിരിക്കുമ്പോഴാണ് ഒരു വാട്ട്സാപ്പ് അറിയിപ്പ് പൊങ്ങിവന്നത്. ഒരു ഡിജിറ്റൽ വിവാഹക്ഷണമായിരുന്നു അത്. അങ്കലാപ്പ് നിറഞ്ഞ മുഖത്തോടെ, പ്രായം കുറഞ്ഞ ഒരു ആൺകുട്ടിയും പെൺകുട്ടിയും പരസ്പരം നോക്കുന്ന ഒരു ചിത്രവുമുണ്ടായിരുന്നു അതിൽ. വിവാഹത്തിന്റെ തീയ്യതി, സമയം, സ്ഥലം എന്നിവയെല്ലാം രേഖപ്പെടുത്തിയിരുന്നു.
എന്നാൽ ടാംഗ്ഡെ പങ്കെടുക്കാൻ പോകുന്ന ഒരു വിവാഹമായിരുന്നില്ല അത്.
പടിഞ്ഞാറേ ഇന്ത്യയിലെ ഒരു ജില്ലയിലുള്ള അദ്ദേഹത്തിന്റെ ഒരു സഹചാരി അയച്ചുകൊടുത്ത ക്ഷണക്കത്തായിരുന്നു അത്. വിവാഹപത്രത്തോടൊപ്പം, പെൺകുട്ടിയുടെ ജനന സർട്ടിഫിക്കറ്റും വെച്ചിരുന്നു. 17 വയസ്സുള്ള ഒരു പെൺകുട്ടി. നിയമപ്രകാരം, പ്രായപൂർത്തിയാകാത്ത ഒരുവൾ.
കാർഡ് നോക്കിയപ്പോൾ, അടുത്ത ഒരു മണിക്കൂറിനുള്ളിൽ വിവാഹം നടക്കുമെന്ന് അശോകിന് മനസ്സിലായി. തന്റെ സുഹൃത്തും സമപ്രായക്കാരനുമായ തത്വശീൽ കാംബ്ലെയെ ഫോൺ വിളിച്ച് വരുത്തി, ഒരു കാറിൽ ചാടിക്കയറി ഇരുന്നു.
“ഇത് ഞങ്ങൾ താമസിക്കുന്ന ബീഡ് പട്ടണത്തിൽനിന്ന് അരമണിക്കൂർ ദൂരത്തായിരുന്നു”, 2023 ജൂണിൽ നടന്ന സംഭവം ഓർത്തുകൊണ്ട് ടാംഗ്‌ഡെ പറയുന്നു. “പോകുന്ന വഴിക്ക് ഞങ്ങൾ ഇതിന്റെ ചിത്രങ്ങൾ പ്രദേശത്തെ പൊലീസ് സ്റ്റേഷനിലേക്കും ഗ്രാമസേവകനും അയച്ചുകൊടുത്തു, സമയനഷ്ടമുണ്ടാകാതിരിക്കാൻ”.
ബാലാവകാശ പ്രവർത്തകരാണ് ടാംഗെഡെയും കാംബ്ലെയും. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ രഹസ്യവിവരമറിയിപ്പുകാർ.
ഈയൊരു ലക്ഷ്യത്തിൽ, അവരെ സഹായിക്കാൻ നിരവധിപേരുണ്ടായിരുന്നു. ആ പെൺകുട്ടികളോട് പ്രണയമുള്ള ഗ്രാമത്തിലെ ഒരു പയ്യൻ മുതൽ, സ്കൂൾ ടീച്ചറും, സാമൂഹികപ്രവർത്തകരും, അങ്ങിനെ, ശൈശവ വിവാഹം ഒരു കുറ്റകൃത്യമാണെന്ന് ബോധ്യമുള്ള ആർക്കും ഒരു രഹസ്യദൂതനാവാം. കഴിഞ്ഞ ചില വർഷങ്ങൾക്കുള്ളിൽ, 2,000 അറിയിപ്പുകാരടങ്ങുന്ന ഒരു ശൃംഖലതന്നെ അവരിരുവരും വികസിപ്പിച്ചെടുത്തിട്ടുണ്ട്.












