"ഞങ്ങളുടെ ഗ്രാമത്തിൽ പെൺകുട്ടികൾക്ക് തീരെ സുരക്ഷിതത്വമില്ല. രാത്രി എട്ടോ ഒൻപതോ മണി കഴിഞ്ഞാൽ അവർ വീട് വിട്ട് പുറത്തിറങ്ങാറില്ല," ശുക്ല ഘോഷ് പറയുന്നു. പശ്ചിമ മേദിനിപ്പൂരിലെ കുവാപൂർ ഗ്രാമത്തെയാണ് അവർ പരാമർശിക്കുന്നത്. "പെൺകുട്ടികൾ വലിയ ഭയപ്പാടിലാണ്. അതേസമയം, പ്രതിരോധിക്കുകയും പ്രതിഷേധിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത അവർ തിരിച്ചറിയുന്നുമുണ്ട്."
ഘോഷും കുവാപൂരിൽനിന്നുള്ള പെൺകുട്ടികളും ഉൾപ്പെടെ ആയിരക്കണക്കിന് കർഷകരും കർഷകത്തൊഴിലാളികളും ജോലിക്കാരുമാണ്, കൊൽക്കത്തയിലെ ആർ.ജി കർ ഹോസ്പിറ്റലിൽവെച്ച് യുവതിയായ ട്രെയിനി മെഡിക്കൽ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ പ്രതിഷേധവുമായി പശ്ചിമ ബംഗാളിലുടനീളമുള്ള ഗ്രാമങ്ങളിൽനിന്നും ചെറുപട്ടണങ്ങളിൽനിന്നും കഴിഞ്ഞയാഴ്ച നഗരത്തിലേക്ക് ഒഴുകിയെത്തിയത്.
2024 സെപ്റ്റംബർ 21-നു നടന്ന പ്രതിഷേധമാർച്ച് മധ്യ കൊൽക്കത്തയിലെ കോളേജ് സ്ട്രീറ്റിൽനിന്ന് തുടങ്ങി ഏകദേശം 3.5 കിലോമീറ്റർ അകലെയുള്ള ശ്യാം ബജാറിലാണ് അവസാനിച്ചത്.
കുറ്റവാളികൾക്ക് മാതൃകാപരമായ ശിക്ഷ നൽകി അതിവേഗം നീതി നടപ്പിലാക്കുക, കൊൽക്കത്തയിലെ പോലീസ് കമ്മീഷണർ രാജിവെക്കുക, (ഡോക്ടർമാരുടെ പ്രതിഷേധത്തിലും ഉയർന്ന ഈ ആവശ്യം സർക്കാർ അംഗീകരിച്ചിട്ടുണ്ട്), ആരോഗ്യവും കുടുംബക്ഷേമവും, ആഭ്യന്തരം, ഹിൽ അഫയേഴ്‌സ് തുടങ്ങിയ വകുപ്പുകളുടെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി മമതാ ബാനർജി രാജിവെക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധക്കാർ ഉയർത്തുന്നത്.
"തിലോത്തമാ, നിന്റെ നാമം ഒന്നിപ്പിക്കുന്നു നഗരങ്ങളെ, ഒന്നിപ്പിക്കുന്നു ഗ്രാമങ്ങളെ" എന്ന കാഹളമാണ് റാലിയിൽ മുഴങ്ങുന്നത്. മരണപ്പെട്ട 31 വയസ്സുകാരിക്ക് നഗരം നൽകിയിട്ടുള്ള പേരാണ് തിലോത്തമ. ദുർഗാ ദേവിയുടെ പര്യായമായ ഈ പേരിന് ഏറ്റവും മികവേറിയ കണികകൾകൊണ്ട് നിർമ്മിക്കപ്പെട്ടവൾ എന്നാണ് അർഥം. കൊൽക്കത്ത നഗരത്തിനും യോജിക്കുന്ന വിശേഷണമാണത്.
"സ്ത്രീകൾക്ക് സുരക്ഷിതത്വം അനുഭവപ്പെടുന്നു എന്ന് ഉറപ്പ് വരുത്തേണ്ടത് പോലീസിന്റെയും അധികാരികളുടെയും ഉത്തരവാദിത്വമാണ്," ശുക്ള തുടരുന്നു. "എന്നാൽ അവർതന്നെ കുറ്റാരോപിതരെ സംരക്ഷിക്കുന്നത് കാണുമ്പോൾ പെൺകുട്ടികൾക്ക് പിന്നെ എങ്ങനെയാണ് സുരക്ഷിതത്വം തോന്നുക?" പശ്ചിമ മേദിനിപ്പൂരിലെ ഐ.സി.ഡി.എസ് തൊഴിലാളികളുടെ ജില്ലാ സെക്രട്ടറിയായ അവർ ചോദിക്കുന്നു.
"ഞങ്ങൾ കർഷകത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ അവർ (ഭരണകൂടം) എന്താണ് ചെയ്തിട്ടുള്ളത്?", പ്രതിഷേധക്കാരിൽ ഒരാളായ മീത്ത റായ് ചോദിക്കുന്നു. "ഗ്രാമത്തിലെ പെൺകുട്ടികൾക്ക് രാത്രി പുറത്തിറങ്ങാൻ പേടിയാണ്. അതുകൊണ്ടാണ് ഞാൻ ഇവിടെ വന്നത്. സ്ത്രീകളുടേയും പെൺകുട്ടികളുടേയും സുരക്ഷയ്ക്കായി നാം പോരാടിയേ മതിയാകൂ." ഹൂഗ്ലി ജില്ലയിലെ നാകുന്ദയിൽ കർഷകത്തൊഴിലാളിയായി ജോലി ചെയ്യുകയാണ് മീത്ത.
തുറസ്സായ പാടങ്ങളിൽ മലവിസർജ്ജനം നടത്തുന്നതിനേക്കാൾ അടച്ചുറപ്പുള്ള ശുചിമുറി ഉപയോഗിക്കുന്നതാണ് തനിക്ക് താത്പര്യമെന്ന് ഈ 45 വയസ്സുകാരി പറയുന്നു. സ്വന്തമായുള്ള രണ്ട് ‘ബീഘ’ നിലത്ത്, മീത്ത ഉരുളക്കിഴങ്ങും നെല്ലും കടുകും കൃഷി ചെയ്തിരുന്നെങ്കിലും ഈയിടെയുണ്ടായ പ്രളയത്തിൽ വിളകളെല്ലാം നശിച്ചുപോയി. "ഞങ്ങൾക്ക് ഇതുവരെയും ഒരു നഷ്ടപരിഹാരവും കിട്ടിയിട്ടില്ല," കർഷകത്തൊഴിലാളിയായി ഒരു ദിവസം 14 മണിക്കൂറോളം ജോലി ചെയ്യുന്നതിന് 250 രൂപ കൂലി സമ്പാദിക്കുന്ന മീത്ത പറയുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) സംഘടനയുടെ ചെങ്കൊടി അവർ ഉയർത്തിപ്പിടിച്ചിട്ടുണ്ട്. മീത്തയുടെ ഭർത്താവ് മരണപ്പെട്ടെങ്കിലും അവർക്ക് വിധവാ പെൻഷൻ ലഭിക്കുന്നില്ല. എന്നാൽ തൃണമൂൽ കോൺഗ്രസ്സിന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ അഭിമാനപദ്ധതിയായ ലോഖീർ ഭണ്ഡാറിന് കീഴിൽ അവർക്ക് 1,000 രൂപ ലഭിക്കുന്നുണ്ട്. പക്ഷെ ആ തുക തന്റെ വീട്ടുചിലവുകൾ നടത്താൻ അപര്യാപ്തമാണെന്ന് അവർ പറയുന്നു.
*****
"ഞാൻ ഒരു സ്ത്രീയായത് കൊണ്ടാണ് ഇവിടെ വന്നിരിക്കുന്നത്."
മാൽഡയിലെ ചാചോൽ ഗ്രാമത്തിൽനിന്നുള്ള കർഷകത്തൊഴിലാളിയായ ബാനു ബേവാ അവരുടെ ജീവിതത്തിന്റെ നല്ലൊരു പങ്കും ജോലിയെടുക്കുകയായിരുന്നു. തൊഴിലെടുക്കുന്ന സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടുമെന്ന നിശ്ചയദാർഢ്യത്തോടെ, റാലിയിൽ പങ്കെടുക്കാനായി തന്റെ ജില്ലയിൽനിന്ന് എത്തിയിട്ടുള്ള മറ്റു സ്ത്രീകൾക്കൊപ്പം നിലയുറപ്പിച്ചിരിക്കുകയാണ് ഈ 63 വയസ്സുകാരി.
"സ്ത്രീകൾക്ക് രാത്രിയും തൊഴിലെടുക്കാൻ കഴിയണം," സർക്കാർ ആശുപത്രികളിലെ വനിതാ ജീവനക്കാർക്ക് രാത്രി ഡ്യൂട്ടി അനുവദിക്കരുതെന്ന സർക്കാർ നിർദ്ദേശത്തെ വിമർശിച്ചുകൊണ്ട് നോമിതാ മഹാതോ പറയുന്നു. കേസന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന സുപ്രീം കോടതിയും ഈ നിർദേശത്തെ വിമർശിക്കുകയുണ്ടായി.
അൻപതുകളിലെത്തിയ നോമിതാ, പുരുലിയാ ജില്ലയിൽനിന്ന് എത്തിയിട്ടുള്ള ഒരു കൂട്ടം സ്ത്രീകൾക്കൊപ്പം കോളേജ് സ്ക്വയറിന്റെ ഗേറ്റുകൾക്ക് പുറത്ത് നിൽക്കുകയാണ്-മൂന്ന് സർവകലാശാലകളും വിദ്യാലയങ്ങളും അനവധി പുസ്തകക്കടകളും ഒരു ഇന്ത്യൻ കോഫീ ഹൗസുമുള്ള തിരക്കേറിയ ഒരു പ്രദേശമാണിത്.
ഗൗരാങ്ദി ഗ്രാമവാസിയായ നോമിതാ, കുർമി സമുദായക്കാരിയാണ് (സംസ്ഥാനത്ത് മറ്റ് പിന്നാക്കവിഭാഗമായി പരിഗണിക്കപ്പെടുന്നു). ഒരു കോൺട്രാക്ടർക്ക് കീഴിൽ റോങ് മിസ്ത്രിയായി (പെയിന്റിങ് തൊഴിലാളി) ജോലി ചെയ്യുന്ന അവർക്ക് ദിവസക്കൂലിയായി 300-350 രൂപ ലഭിക്കും. "വീടുകളുടെ ജനലുകളും വാതിലുകളും ഗ്രില്ലുകളും പെയിന്റടിക്കുകയാണ് എന്റെ ജോലി,” അവർ പറയുന്നു. വിധവയായ നോമിതയ്ക്ക് സർക്കാരിന്റെ വിധവാ പെൻഷൻ ലഭിക്കുന്നുണ്ട്.
ഒരു ഇരുമ്പ് വ്യവസായശാലയിൽ ജോലി ചെയ്യുന്ന മകനും മരുമകൾക്കും ചെറുമകൾക്കുമൊപ്പമാണ് നോമിതാ താമസിക്കുന്നത്. അവരുടെ മകൾ വിവാഹിതയാണ്. "നിങ്ങൾക്കറിയാമോ, അവൾ എല്ലാ പരീക്ഷകളും അഭിമുഖങ്ങളും പാസ്സായതാണ്. പക്ഷെ ജോലിയിൽ ചേരാനുള്ള കത്ത് മാത്രം അവൾക്ക് കിട്ടിയതേയില്ല," അവർ പരാതിപ്പെടുന്നു," ഈ സർക്കാർ ഞങ്ങൾക്ക് തൊഴിൽ നൽകുന്നില്ല." മറ്റു ജോലികൾക്ക് പുറമേ, ഒരു ബീഘ നിലത്ത് വർഷത്തിലൊരിക്കൽ നെല്ല് കൃഷി ചെയ്യുന്ന ഈ കുടുംബം മഴയെ ആശ്രയിച്ചാണ് കൃഷിയിറക്കുന്നത്.
*****
ആർ.ജി കർ കേസിൽ, ഒരു യുവ ഡോക്ടറെ അവരുടെ തൊഴിലിടത്തിൽവെച്ച് പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്തുവെന്നത് തൊഴിലാളിവർഗ്ഗ സ്ത്രീകളുടെ ദുരിതങ്ങൾ പൊതുശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ട്. മത്സ്യബന്ധന മേഖലയിലും ഇഷ്ടികക്കളങ്ങളിലും മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയ്ക്ക് കീഴിലും ജോലി ചെയ്യുന്ന സ്ത്രീത്തൊഴിലാളികൾക്കുള്ള ശുചിമുറിയില്ലാത്തത്, ക്രെഷേകളുടെ അഭാവം, ലിംഗവ്യത്യാസത്തിൽ അധിഷ്ഠിതമായി വേതനത്തിൽ വരുന്ന വ്യത്യാസം തുടങ്ങിയവ ഈ പ്രശ്നങ്ങളിൽ ചിലതാണെന്ന് വെസ്റ്റ് ബംഗാൾ അഗ്രികൾച്ചറൽ വർക്കേഴ്സ് യൂണിയന്റെ പ്രസിഡന്റായ തുഷാർ ഘോഷ് ചൂണ്ടിക്കാട്ടുന്നു. "ആർ.ജി കറിൽ നടന്ന സംഭവത്തിനെതിരെയുള്ള പ്രതിഷേധങ്ങൾ തൊഴിലാളിവർഗ്ഗ സ്ത്രീകളുടെ നിത്യദുരിതങ്ങൾകൂടി ഉയർത്തിക്കാട്ടേണ്ടതുണ്ട്," അദ്ദേഹം പറയുന്നു.
2024 ഓഗസ്റ്റ് 9-നു നടന്ന ഈ സംഭവത്തിന് പിന്നാലെ പശ്ചിമ ബംഗാളിലുടനീളം പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടു. നഗരങ്ങളിലും ചെറുപട്ടണങ്ങളിലും ഗ്രാമങ്ങളിലുമെല്ലാം സാധാരണക്കാർ - അവരിൽ നല്ലൊരു പങ്കും സ്ത്രീകളാണ് - തങ്ങളുടെ രാത്രികളും പൊതുവിടങ്ങളും തിരികെ പിടിക്കാൻ തെരുവിലിറങ്ങിയിരിക്കുകയാണ്. സർക്കാർ മെഡിക്കൽ കോളേജുകളിൽ നടക്കുന്ന അഴിമതി, അധികാര ദുർവിനിയോഗം, അവിടെ നിലനിൽക്കുന്ന ഭീഷണിയുടെ അന്തരീക്ഷം തുടങ്ങിയ പ്രശ്നങ്ങളും സംസ്ഥാനത്തുടനീളമുള്ള ജൂനിയർ ഡോക്ടർമാർ നടത്തിവരുന്ന പ്രതിഷേധങ്ങളിൽ ഉയർന്നുവന്നിട്ടുണ്ട്. ആർ.ജി കറിലെ സംഭവം നടന്ന് ഒരു മാസത്തിലധികം പിന്നിടുമ്പോഴും പ്രതിഷേധങ്ങൾ അടങ്ങുന്ന ലക്ഷണമില്ല.
പരിഭാഷ: പ്രതിഭ ആര്‍. കെ .