സ്വാതന്ത്ര്യത്തിനായുള്ള എന്റെ മുത്തശ്ശി ഭവാനി മഹാതോവിന്റെ യുദ്ധം തുടങ്ങുന്നത്, തന്റെ രാജ്യത്തെ ബ്രിട്ടീഷുകാരിൽനിന്ന് വിമോചിപ്പിക്കാനുള്ള വിമോചനപോരാട്ടത്തിലൂടെയാണ്. ഒടുവിൽ നമുക്ക് അത് ലഭിച്ചു. അതിൽപ്പിന്നെ എന്റെ ഥാകുമ ഭവാനി മഹാതോ (മുകളിലെ ഫോട്ടോയിൽ നടുവിലിരിക്കുന്നത്), താൻ പോരാടി നേടിയ ആ ജനാധിപത്യാവകാശം നിരന്തരം വിനിയോഗിക്കുകയായിരുന്നു. (വലതുവശത്ത് അവരുടെ സഹോദരി ഊർമിള മഹാതോയും ഇടത്ത്, പേരക്കുട്ടി പാർത്ഥ സാരതി മഹാതോയും).
2024-ലെ പൊതുതിരഞ്ഞെടുപ്പിലും അതിന് മാറ്റമില്ല. ഇപ്പോൾ വയസ്സ് 106. ആരോഗ്യം ക്ഷയിച്ചിരിക്കുന്നു. എന്നാലും വോട്ട് ചെയ്യുന്ന കാര്യം വരുമ്പോൾ പഴയ അതേ ഊർജ്ജം. കാഴ്ചയ്ക്കും കേൾവിക്കും ഒരു തകരാറുമില്ല. എന്നാൽ കൈകൾക്ക് ബലക്കുറവുണ്ട്. പശ്ചിമ ബംഗാളിലെ പുരുളിയ (പുരുലിയ എന്നും വിളിക്കുന്നു) ജില്ലയിലെ മൻബസാർ 1 ബ്ലോക്കിലെ ഞങ്ങളുടെ ചെപുവ ഗ്രാമത്തിൽ മേയ് 25-നാണ് വോട്ട്. എന്നാൽ, 85 വയസ്സിന് മീതെയുള്ള പൌരന്മാർക്കുവേണ്ടി തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയ വീട്ടിലിരുന്ന് വോട്ട് ചെയ്യാനൌള്ള സൌകര്യമനുസരിച്ച്, അവർ ചെപുവയിലെ തന്റെ വീട്ടിലിരുന്ന് ഇന്ന് (18 മേയ് 2024) സമ്മതിദാനാവകാശാം രേഖപ്പെടുത്തി.
പോളിംഗ് ഉദ്യോഗസ്ഥരുടെ ആവശ്യമായ അനുമതികളോടെ ആ പ്രക്രിയയിൽ ഞാൻ അവരെ സഹായിച്ചു. പോളിംഗ് ഉദ്യോഗസ്ഥർ സ്ഥലം വിട്ടതോടെ, അവർ പഴയ കാലത്തെക്കുറിച്ച് സംസാരിക്കാൻ തുടങ്ങി. ബ്രിട്ടീഷുകാരുടെ കാലത്ത് കാര്യങ്ങൾ എങ്ങിനെയായിരുന്നു, ഇന്ന് എവിടെയെത്തി നിൽക്കുന്നു എന്നൊക്കെ അവർ വീണ്ടും ഓർത്തെടുത്തു.
ആ കഥകൾ വീണ്ടുമൊരിക്കൽക്കൂടി കേട്ടപ്പോൾ എന്റെ ഥാകുമ യെക്കുറിച്ചോർത്ത് (അച്ഛൻവഴിയുള്ള മുത്തശ്ശി) എനിക്ക് എന്തെന്നില്ലാത്ത അഭിമാനം തോന്നി.
ഭവാനി മഹാതോ എന്ന വിപ്ലവകാരിയെക്കുറിച്ച് പി.സായ്‌നാഥ് എഴുതിയത് ഇവിടെ വായിക്കാം: ഭവാനി മഹാതൊ വിപ്ലവത്തെ ഊട്ടിയപ്പോള്‍
കവർ ഫോട്ടോക്ക് കടപ്പാട് പ്രണാബ്
കുമാർ മഹാതൊ
പരിഭാഷ: രാജീവ് ചേലനാട്ട്