ഇവിടെ ഞങ്ങൾ കുറ്റിക്കാട്ടിൽ, ‘ചെകുത്താന്റെ നട്ടെല്ല്’ അന്വേഷിച്ച് നടക്കുകയാണ്. പിറന്തയിയെ (സിസ്സസ് ക്വാഡ്രാംഗുലാരിസ്) അങ്ങിനെയാണ് വിശേഷിപ്പിക്കുന്നത്. ഞാനും രതിയും അന്വേഷിച്ചുകൊണ്ടിരിക്കുന്ന ചതുരാകൃതിയിൽ തണ്ടുള്ള ഈ വള്ളി ധാരാളം ഗുണങ്ങളുള്ളതാണ്. സാധാരണയായി ചെയ്യുന്നത്, ഈ ഇളംതണ്ട് പറിച്ച്, വൃത്തിയാക്കി, മുളകുപൊടിയും, ഉപ്പും, എള്ളെണ്ണയും ചേർത്ത് വെക്കുകയാണ്. ശരിയായ രീതിയിൽ ചെയ്താൽ, ഒരുവർഷം വരെ ഇത് കേടുകൂടാതെ ഇരിക്കും. ചോറിന്റെ കൂടെ കൂട്ടാൻ വിശേഷമാണ്.
ജനുവരിയിലെ ഇളംചൂടുള്ള ഒരു ഉച്ചയായിരുന്നു അന്ന്. കാട്ടിലേക്കുള്ള ഞങ്ങളുടെ വഴി പുരാതനവും വറ്റിവരണ്ടതുമായ ഒരു തോടിന്റെ കരയിലൂടെയായിരുന്നു. എല്ലഅത്തഅമ്മൻ ഓടൈ എന്ന എന്തൊക്കെയോ സ്മരണകളുയർത്തുന്ന ഒരു പേരായിരുന്നു ആ തോടിന്റേത്. അതിർത്തികളില്ലാത്ത ദേവതയുടെ അരുവി എന്നാണ് അതിന്റെ അർത്ഥം. കോരിത്തരിപ്പിക്കുന്ന ഒരു പ്രയോഗം. അവിടെയുമിവിടെയും വീതി കുറഞ്ഞും കൂടിയുമുള്ള വഴിയിലൂടെ, പാറകളും മണലും താണ്ടിയുള്ള യാത്ര നിങ്ങൾക്ക് വീണ്ടും രോമാഞ്ചം നൽകും.
യാത്രയ്ക്കിടയിൽ രതി എനിക്ക് കഥകൾ പറഞ്ഞുതന്നു. ചിലത് കല്പിതങ്ങളും ചിലത് തമാശ നിറഞ്ഞതും. ഓറഞ്ചുകളേയും ചിത്രശലഭങ്ങളേയും കുറിച്ചുള്ളവ. ഭക്ഷണത്തിന്റെയും ജാതിയുടേയും പേരിൽ, തൊണ്ണൂറുകളിലുണ്ടായിട്ടുള്ള സംഘർഷങ്ങൾ - അന്ന് രതി ഹൈസ്കൂളിലായിരുന്നു –എന്നിവയെക്കുറിച്ച്. “എന്റെ കുടുംബം തൂത്തുക്കുടിയിലേക്ക് ഓടിപ്പോയി”.
രണ്ട് പതിറ്റാണ്ട് കഴിഞ്ഞ് ഒരു കഥാകാരിയും, ലൈബ്രറി കൻൺസൾട്ടന്റും പാവകളിക്കാരിയുമായി. രതി തന്റെ ഗ്രാമത്തിലേക്ക് തിരിച്ചെത്തി.. വളരെ സാവധാനത്തിലാണ് രതി സംസാരിക്കുക. വായന വളരെ വേഗത്തിലുമാണ്. “കോവിഡ് കാലത്ത് ഞാൻ ചെറുതും വലുതുമായ 22,000 ബാലസാഹിത്യങ്ങൾ വായിച്ചു. ഒടുവിൽ എന്റെ അസിസ്റ്റന്റ് എന്നോട് യാചിച്ചു, വായന നിർത്താൻ. അല്ലെങ്കിൽ എന്റെ വർത്തമാനം അച്ചടിഭാഷയിലാവുമത്രെ”, രതി ചിരിക്കുന്നു.
രതിയുടെ ചിരി കളകളാരവംപോലെയാണ്. അവളുടെ ശരിക്കുള്ള പേരായ ഭാഗീരതി എന്ന പുഴയുടെ ചിരിപോലെത്തന്നെ. എന്നാൽ ചുരുക്കപ്പേരായ രതി എന്നാണ് അവൾ അറിയപ്പെടുന്നത്. ഹിമാലയത്തിൽവെച്ച് ഗംഗയെന്ന് പേരിലേക്ക് മാറുന്ന ഭാഗീരഥി പുഴയുടെ 3,000 കിലോമീറ്റർ തെക്കുഭാഗത്തുള്ള തമിഴ് നാട്ടിലെ തിരുനെൽവേലിയിലെ തെങ്കളതതാണ് അവളുടെ ഗ്രാമം. കുന്നുകളാലും കുറ്റിക്കാടുകളാലും ചുറ്റപ്പെട്ട ഒരു സ്ഥലം. അവൾക്ക് ആ സ്ഥലം നന്നായറിയാം. അവളെ ഗ്രാമത്തിലുള്ളവർക്ക് അറിയുന്നതുപോലെത്തന്നെ.
“എന്തിനാണ് കാട്ടിലേക്ക് പോകുന്നത്?” സ്ത്രീത്തൊഴിലാളികൾ രതിയോട് ചോദിക്കുന്നു. “ഞങ്ങൾ പിറന്തയി അന്വേഷിച്ച് പോവുകയാണ്”, രതിയുടെ മറുപടി. “ആരാണ് ആ സ്ത്രീ? കൂട്ടുകാരിയാണോ? പശുക്കളെ മേയ്ക്കുന്ന ഒരാൾ ചോദിക്കുന്നു. “അതെ, അതെ”, രതി ചിരിച്ചു. ഞാൻ കൈവീശി. ഞങ്ങൾ നടത്തം തുടർന്നു.

















