ഞാൻ ക്ഷീണിതനാണ്. മനസ്സിനും ദേഹത്തിനും വല്ലാത്ത ഘനം. മരണത്തിന്റെ വേദനയാണ് എന്റെ കണ്ണിൽ - ചുറ്റുമുള്ള ചൂഷിതരായ മനുഷ്യരുടെ മരണം. ഞാൻ ചെയ്തിട്ടുള്ള പല കഥകളും എഴുതാൻ എന്നെക്കൊണ്ടാവുന്നില്ല. മരവിപ്പ് തോന്നുന്നു. ഞാൻ ഈ കഥ എഴുതുമ്പോൾത്തന്നെ, ചെന്നൈയിൽ അനഗപുതൂരിൽ ദളിതുകളുടെ വീടുകൾ സർക്കാർ തകർത്തുകൊണ്ടിരിക്കുകയാണ്. ശരീരം കുഴയുന്നതുപോലെ തോന്നുന്നു.
2023 ഒക്ടോബർ 7-ന് തമിഴ് നാട്ടിലെ ഹൊസൂരിൽ പടക്കങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൌണുകളിലെ തൊഴിലാളികളുടെ മരണത്തിൽനിന്ന് ഇപ്പോഴും എനിക്ക് മോചനം കിട്ടിയിട്ടില്ല. ഇതുവരെയായി 22 മരണങ്ങൾ ഞാൻ രേഖപ്പെടുത്തിയിട്ടുണ്ട്. അവയിൽ എട്ടുപേർ വിദ്യാർത്ഥികളായിരുന്നു. 17-നും 21-നും ഇടയിലുള്ള കുട്ടികൾ. പടക്കനിർമ്മാണ ഗോഡൌണുകളിൽ ജോലി ചെയ്തിരുന്നവരാണ് അവർ. ഒരേ പട്ടണത്തിൽനിന്നുള്ളവർ. വളരെ അടുത്ത കൂട്ടുകാർ.
ഫോട്ടോഗ്രാഫി പഠിക്കാൻ തുടങ്ങിയ കാലം മുതൽ, പടക്ക ഫാക്ടറികളിലും ഗോഡൌണുകളിലും കടകളിലും ജോലി ചെയ്തിരുന്ന ആളുകളെക്കുറിച്ച് എനിക്ക് ജിജ്ഞാസ തുടങ്ങിയിരുന്നു. വളരെ പരിശ്രമിച്ചിട്ടും ആവശ്യമായ അനുവാദം കിട്ടിയില്ല. എന്റേതായ രീതിയിൽ നടത്തിയ അന്വേഷണത്തിൽനിന്ന് മനസ്സിലായത്, ഫോട്ടോ എടുക്കാൻ പോയിട്ട്, ഗോഡൌണുകളുടെ അകത്തേക്ക് കടക്കാൻപോലും അനുവാദമില്ലെന്നായിരുന്നു.
എന്റെ അച്ഛനമ്മമാർ ഒരിക്കലും ഞങ്ങൾക്ക് ദീപാവലിക്ക് പുതിയ വസ്ത്രങ്ങളോ പടക്കങ്ങളോ വാങ്ങിത്തരാറുണ്ടായിരുന്നില്ല. വല്യച്ഛനാണ് - അച്ഛന്റെ ജ്യേഷ്ഠൻ - ഞങ്ങൾക്ക് പുത്തൻ വസ്ത്രങ്ങൾ വാങ്ങിത്തന്നിരുന്നത്. ദീപാവലി ആഘോഷിക്കാൻ ഞങ്ങളെപ്പോഴും വല്യച്ഛന്റെ വീട്ടിൽ പോകാറുണ്ടായിരുന്നു. അദ്ദേഹം ഞങ്ങൾക്ക് പടക്കങ്ങൾ വാങ്ങിത്തരും. വല്യച്ഛന്റെ കുട്ടികളടക്കമുള്ള ഞങ്ങളെല്ലാവരും ചേർന്ന് അവയൊക്കെ പൊട്ടിക്കും.
പടക്കം പൊട്ടിക്കുന്നതിൽ എനിക്ക് വലിയ താത്പര്യമൊന്നുമുണ്ടായിരുന്നില്ല. വലുതായപ്പോൾ, പടക്കം പൊട്ടിക്കുന്നത് ഞാൻ പൂർണ്ണമായി അവസാനിപ്പിച്ചു. ദീപാവലി അടക്കമുള്ള ഉത്സവങ്ങൾ ആഘോഷിക്കുന്നതും ഞാൻ നിർത്തി. തൊഴിലാളികളുടെ ജീവിതങ്ങളെക്കുറിച്ച് ഞാൻ മനസ്സിലാക്കാൻ ആരംഭിച്ചു.
ഫോട്ടോഗ്രാഫിയിലൂടെ ഞാൻ പല കാര്യങ്ങളും പഠിച്ചു. എല്ലാ വർഷവും ദീപാവലിക്ക്, പടക്ക ഗോഡൌണുകളിൽ തീപ്പിടിത്തവും അപകടങ്ങളും ഉണ്ടാവാറുണ്ടായിരുന്നു. ഇത്തരം അപകടങ്ങളെക്കുറിച്ചൊന്നും ചിന്തിക്കേണ്ടതില്ലാത്ത സ്ഥലത്തായിരുന്നു ഞാൻ.
എന്നാൽ ഈ വർഷം (2023) ഞാൻ കരുതി, ഇത്തരം അപകടങ്ങൾ രേഖപ്പെടുത്തുകയെങ്കിലും ചെയ്യണമെന്ന്. അപ്പോഴാണ്, തമിഴ് നാടിനും കർണ്ണാടകയ്ക്കുമിടയിൽ, കൃഷ്ണഗിരിക്കടുത്ത്, ഒരു പടക്കശാല സ്ഫോടനത്തിൽ ഒരു ഗ്രാമത്തിലെ എട്ട് കുട്ടികൾ മരിച്ചത് ഞാനറിഞ്ഞത്. പല സംഭവങ്ങളും ഞാൻ ഫേസ്ബുക്കിൽനിന്നും ഇൻസ്റ്റാഗ്രാമിൽനിന്നുമാണ് മനസ്സിലാക്കാറുള്ളത്. ഇതും അങ്ങിനെയാണ് അറിഞ്ഞത്. പ്രതിഷേധങ്ങളെക്കുറിച്ചും സാമൂഹികമാധ്യമത്തിൽനിന്നാണ് ഞാൻ കേട്ടത്.
ഈ വാർത്തയും അങ്ങിനെയാണ് ഞാൻ അറിഞ്ഞത്. ചില സഖാക്കളോട് ചോദിച്ചപ്പോൾ അവർ പറഞ്ഞു, മരിച്ചവരെല്ലാവരും ഒരേ പട്ടണത്തിലുള്ളവരും ദീപാവലി സമയത്ത് ജോലിക്ക് പോയവരുമാണെന്ന്. അതെന്നെ വല്ലാതെ സങ്കടപ്പെടുത്തി. കാരണം, ഓരോ പ്രത്യേക കാലത്ത് ജോലിക്ക് പോകുന്ന ആളുകളായിരുന്നു ഞങ്ങളും. വിനായക ചതുർത്ഥിക്ക് ഞങ്ങൾ അരുഗംപുല്ലും എരുക്കുംപുല്ലും ഉപയോഗിച്ച് മാലയുണ്ടാക്കി വിൽക്കാറുണ്ടായിരുന്നു. വിവാഹ സീസണിൽ, ഞങ്ങൾ ഭക്ഷണമുണ്ടാക്കുന്ന അടുക്കളകളിൽ ജോലിക്ക് പോവും. കുടുംബത്തിന്റെ സാമ്പത്തികസ്ഥിതി വളരെ മോശമായതിനാൽ, ഓരോരോ സമയത്ത് ലഭ്യമാവുന്ന ജോലിക്ക് പോയിരുന്ന കുട്ടിയാണ് ഞാനും.
എന്നെപ്പോലെയൊരു കുട്ടി, ഒരു ജോലിക്ക് പോയി, അപകടത്തിൽ മരിച്ചു. അത് എന്നെ വല്ലാതെ അലട്ടി.
ഇത് എനിക്ക് രേഖപ്പെടുത്തിയേ തീരൂ. തമിഴ് നാട്ടിലെ ധർമ്മപുരി ജില്ലയിലെ ആമുർ താലൂക്കിലെ അമ്മപേട്ടയിൽനിന്ന് ഞാൻ തുടങ്ങി. ധർമ്മപുരിക്കും തിരുവണ്ണാമലയ്ക്കും ഇടയിൽ ഒഴുകുന്ന തെൻപെണ്ണൈ പുഴയുടെ തീരത്താണ് ഈ ഗ്രാമം. പുഴ കടന്നാൽ തിരുവണ്ണാമലയായി.
ഗ്രാമത്തിലെത്താൻ എനിക്ക് മൂന്ന് ബസ്സുകൾ കയറേണ്ടിവന്നു. സ്ഥിതിഗതികളെക്കുറിച്ച് അറിയുന്ന സഖാക്കളുമായി ബസ്സിലിരുന്ന സമയം മുഴുവൻ ഞാൻ സംസാരിച്ചു. അമൂറിലെ ഒരു സ്ഖാവ് എന്നെ അമ്മപേട്ടയിലേക്കുള്ള ബസ്സിൽ കയറ്റി. ബസ് സ്റ്റാൻഡിൽ മറ്റ് ചില സഖാക്കൾ കാത്തുനിൽക്കുന്നുണ്ടാവുമെന്ന് അയാൾ ഉറപ്പ് തന്നു. അമ്മപേട്ടയിലെത്തിയപ്പോൾ ഞാൻ ആദ്യം കണ്ടത്, കനത്ത നിശ്ശബ്ദതയിൽ, ഒരു വലിയ വേലിക്കകത്ത് നിൽക്കുന്ന അംബേദ്കറിന്റെ പ്രതിമയാണ്. ഗ്രാമവും മൂകതയിലായിരുന്നു. ഒരു ശ്മശാനമൂകത. അത് എന്റെ ശരീരത്തെ ഗ്രസിച്ച് ഞാൻ വിറയ്ക്കാൻ തുടങ്ങി. ഒരു വീട്ടിൽനിന്നുപോലും ശബ്ദം ഉയരുന്നുണ്ടായിരുന്നില്ല. എല്ലായിടവും ഇരുട്ട് ചൂഴ്ന്നുനിൽക്കുന്നതുപോലെ.
ഈ ജോലിക്ക് വരുമ്പോൾ ഒന്നും കഴിക്കാനുള്ള മനസ്സുണ്ടായിരുന്നില്ല എനിക്ക്. അംബേദ്കർ പ്രതിമയുടെ മുമ്പിലുള്ള ഒരു ചായക്കടയിൽനിന്ന് ഒരു ചായയും രണ്ട് വടയും വാങ്ങി, സഖാവ് വരാൻ വേണ്ടി ഞാൻ കാത്തുനിന്നു.
അയാൾ വന്ന് എന്നെ ആദ്യത്തെ വീട്ടിലേക്ക് കൊണ്ടുപോയി. ഒരു മകനെ നഷ്ടപ്പെട്ട വീട്. മേൽക്കൂരയിൽ അസ്ബെസ്റ്റോസ് ഷീറ്റായിരുന്നു. വീടിന്റെ ഒരു ഭാഗം മാത്രമേ തേച്ചിരുന്നുള്ളു.
കുറേ നേരം വാതിലിൽ മുട്ടിയതിനുശേഷമാണ് ഒരു സ്ത്രീ പുറത്തുവന്നത്. ഉറങ്ങിയിട്ട് ദിവസങ്ങളായതുപോലെ തോന്നിച്ചു അവർ. സ്ഫോടനത്തിൽ മരിച്ച 17 വയസ്സുള്ള വി.ഗിരിയുടെ അമ്മ വി. സെൽവിയാണ് അവരെന്ന് എന്റെ സഖാവ് പറഞ്ഞു. അവരെ ഉണർത്തിയതിന് ഞാൻ അവരോട് ക്ഷമ ചോദിച്ചു.
വീട്ടിനകത്തേക്ക് കടന്നപ്പോൾ, തേച്ചിട്ടില്ലാത്ത ചുമരിൽ, യൂണിഫോമിട്ട ഒരു ആൺകുട്ടിയുടെ, മാലയിട്ട ഫോട്ടോ കണ്ടു. എന്റെ അനിയനെ കാണുന്നതുപോലെ എനിക്ക് തോന്നി.
ലോക്ക്ഡൌണിനുശേഷം എന്റെ സ്വന്തം അനിയൻ ഒരു പടക്കക്കടയിൽ താത്ക്കാലിക ജോലിക്ക് പോയിരുന്നു. പോവരുതെന്ന് ഞാൻ ആവർത്തിച്ച് പറഞ്ഞിട്ടും ആരും ശ്രദ്ധിച്ചില്ല. അവൻ വീട്ടിൽ തിരിച്ചെത്തുന്നതുവരെ അമ്മ തീ തിന്നുമായിരുന്നു.
ഗിരിയുടെ അമ്മയ്ക്ക് സംസാരിക്കാൻ സാധിച്ചില്ല. മകനെക്കുറിച്ച് ഞാൻ ചോദിച്ചതും, അവർ വീടിന്റെ ഒരു മൂലയിലിരുന്ന് കരയാൻ തുടങ്ങി. മരിച്ചുപോയ ഗിരിയുടെ സഹോദരൻ വരുന്നതുവരെ കാത്തിരിക്കാമെന്ന് എന്റെ സുഹൃത്ത് പറഞ്ഞു. ഗിരിയുടെ രണ്ടാമത്തെ ഏട്ടൻ വന്ന്, ആ മരണത്തിന്റെ കഥ പറഞ്ഞുതന്നു.
“എന്റെ പേര് സൂരിയ. എനിക്ക് 20 വയസ്സായി. അച്ഛന്റെ പേര് വേദിയപ്പൻ. ഒരു ഹൃദയസ്തംഭനം വന്ന് അച്ഛൻ മരിച്ചിട്ട് എട്ടുവർഷമായി”.
അപ്പോൾ, ഇടറുന്ന ശബ്ദത്തിൽ ആ അമ്മ സംസാരിക്കാൻ തുടങ്ങി. “അദ്ദേഹത്തിന്റെ മരണത്തിനുശേഷം ജീവിതം ബുദ്ധിമുട്ടായിരുന്നു. എന്റെ മൂത്ത മകൻ 12-ആം ക്ലാസ്സ് കഴിഞ്ഞ് പട്ടണത്തിൽ പോയി ജോലി കണ്ടുപിടിക്കാൻ തീരുമാനിച്ചു. അവന്റെ പണംകൊണ്ട് ഞങ്ങൾ കടമൊക്കെ മെല്ലെ വീട്ടാൻ തുടങ്ങി. അവന്റെ അനിയന്മാരൊക്കെ വളരുകയായിരുന്നു. അവനെ വിവാഹം ചെയ്യിപ്പിക്കാമെന്ന് ഞാൻ തീരുമാനിച്ചു. അവന്റെ കല്യാണം കഴിഞ്ഞ് മൂന്ന് മാസമായതേയുള്ളു. അങ്ങിനെ ബുദ്ധിമുട്ടിയാണ് ഞാൻ കുട്ടികളെ വിദ്യാഭ്യാസം ചെയ്യിച്ചത്. ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് കരുതിയില്ല”.
“ഒരു വർഷം കൊളേജിൽ പോകാൻ പറ്റാത്തതുകൊണ്ടാണ് അവൻ ഒരു തുണിക്കടയിൽ പോയത് രണ്ടുമാസത്തേക്ക്. രണ്ടുമാസം വീട്ടിലുണ്ടായിരുന്നു. അവന്റെ കൂട്ടുകാരൊക്കെ പടക്കക്കടയിൽ ജോലിക്ക് പോയതുകൊണ്ട് അവനും അവിടെ ജോലിക്ക് പോയി. അപ്പോഴാണ് ഇതുണ്ടായത്”.
“ആ സീസണിൽ, തമ്പി (ചെറിയൻ സഹോദരൻ) തുണിക്കടയിൽ മാത്രമേ പണിക്ക് പോകാറുണ്ടായിരുന്നുള്ളു. ഈ വർഷം അവൻ, പടക്കക്കടയിൽ ജോലിക്ക് പോകാൻ തീരുമാനിച്ചു. 12-ആം ക്ലാസ് കഴിഞ്ഞ് പാരാമെഡിക്കൽ കോഴ്സിന് അപേക്ഷിച്ചിരുന്നു. എന്നാൽ മാർക്ക് കുറവായതുകാരണം അവന്റെ അപേക്ഷ തള്ളിപ്പോയി. അതിനുശേഷം അവൻ തുണിക്കടയിൽ ജോലിക്ക് പോകാൻ തുടങ്ങി. ഒരിക്കൽ ആടി മാസത്തിൽ (ജൂലായ് പകുതി മുതൽ ഓഗസ്റ്റ് പകുതിവരെയുള്ള കാലം, ആ കാലത്ത്, തുണിക്കടകളിൽ വമ്പിച്ച ആദായവില്പന നടക്കാറുണ്ട്) അവൻ 25,000 രൂപ സമ്പാദിച്ചു. 20,000 രൂപയും കുടുംബത്തിന്റെ കടം വീട്ടാനാണ് അവൻ ഉപയോഗിച്ചത്.
“എട്ടുവർഷം മുമ്പ് അച്ഛൻ മരിച്ചതിനുശേഷം ഞങ്ങൾ രണ്ടുപേരും തുണിക്കടകളിൽ ജോലിക്ക് പോയിത്തുടങ്ങി, അതിൽനിന്ന് കിട്ടിയ പൈസ കൊണ്ട്, കടങ്ങളൊക്കെ വീട്ടി. മൂത്ത ജ്യേഷ്ഠന്റെ വിവാഹം കഴിഞ്ഞപ്പോൾ ഒരു 30,000 രൂപ കടം വന്നു.
“അതുകൊണ്ട് ഞങ്ങൾ എല്ലാ പണിയും ചെയ്യാൻ തുടങ്ങി. കാര്യങ്ങളൊന്നും വേണ്ടവിധത്തിൽ നടന്നില്ലെങ്കിൽ വീട്ടിലേക്ക് തിരിച്ചുവരുമായിരുന്നു ഞങ്ങളെല്ലാം. പടക്കക്കടയുടെ ഉടമസ്ഥൻ ഒരു ദിവസം ഞങ്ങളുടെ നാട്ടിലുള്ള ഒരു ആൺകുട്ടിയുമായി സംസാരിച്ചപ്പോൾ, കടയിൽ ജോലിക്ക് ആളെ വേണമെന്ന് അറിയിച്ചു. ആദ്യം ഒരു സംഘം പോയി. എന്റെ അനിയൻ രണ്ടാമത്തെ ബാച്ചിലാണ് പോയത്”.
“എന്നാൽ ജോലിക്ക് പോയ ആൺകുട്ടികൾക്കിടയിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നതിനാൽ, എന്റെ അനിയൻ ഗിരി തിരിച്ചുവന്ന്, മൂത്ത ഏട്ടന്റെ കൂടെ താമസിക്കാൻ തുടങ്ങി. അവൻ ഏട്ടനെ ജോലിയിൽ സഹായിച്ചിരുന്നു. ഏട്ടൻ ഒരുദിവസം ഇവിടെ അമ്പലത്തിലേക്ക് വന്നു.
“അപ്പോഴാണ് പടക്കക്കടയിലെ പയ്യന്മാരിൽനിന്ന് എന്റെ അനിയന് ഒരു ഫോൺ വന്നത്, ജോലിക്ക് തിരിച്ചുചെല്ലാൻ ആവശ്യപ്പെട്ട്. അവൻ 2023 ഒക്ടോബർ 7-ന് ജോലിക്ക് തിരിച്ചുപോയി. അന്നാണ് അപകടം നടന്നത്”.
ഒറ്റ ദിവസം മാത്രമാണ് അവൻ ജോലി ചെയ്തത്.
അവൻ ജനിച്ചത് 2006 ഒക്ടോബർ 3-നാണ്. അവന്റെ പിറന്നാൾ ഞങ്ങൾ കുറച്ച് ദിവസം മുമ്പ് ആഘോഷിച്ചതേ ഉണ്ടായിരുന്നുള്ളു. ഒക്ടോബർ 7-ന് ഇത് നടന്നു.
ഗ്രാമത്തിലുള്ള ഞങ്ങൾക്കാർക്കും എന്താണ് നടന്നതെന്ന് അറിയില്ല. അപകടത്തിൽനിന്ന് രക്ഷപ്പെട്ട ഞങ്ങളുടെ ഗ്രാമത്തിലുള്ള രണ്ട് ചെക്കന്മാർ ഞങ്ങളെ അറിയിച്ചു. അതോടെ ഞങ്ങൾ അന്വേഷണം ആരംഭിച്ചു. ഗ്രാമത്തിൽനിന്നുള്ള ഏഴ് കുട്ടികൾ മരിച്ചുവെന്ന് മനസ്സിലായി. ഞങ്ങൾ ഒരു കാറെടുത്ത്, മൃതശരീരം തിരിച്ചറിയാൻ പോയി.
കേസ് ഫയൽ ചെയ്തു. കർണ്ണാടക മുഖ്യമന്ത്രി, മന്ത്രി കെ.പി.അൻപഴകൻ, ഒരു എം.എൽ.എ, എം.പി. അങ്ങിനെ പലരും വന്നു. കളക്ടർ മൂന്ന് ലക്ഷത്തിന്റെ ഒരു ചെക്ക് കൊടുത്തു. തമിഴ് നാട് മുഖ്യമന്ത്രി വരുന്നുണ്ടെന്ന് അവർ പറഞ്ഞെങ്കിലും അദ്ദേഹം വന്നില്ല.
ഓരോ കുടുംബത്തിനും, അവരുടെ വിദ്യാഭ്യാസയോഗ്യതകൾക്കനുസരിച്ച്, ഒരു സർക്കാർ ജോലി നൽകണമെന്നാണ് ഞങ്ങളുടെ ആവശ്യം”.
ബാക്കിയുള്ള രണ്ട് ആണ്മക്കളിൽ ഒരാൾക്കെങ്കിലും സർക്കാർ ജോലി കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഗിരിയുടെ കുടുംബം പറഞ്ഞു. “ഞങ്ങൾ അന്നന്ന് കിട്ടുന്നതുകൊണ്ട് ജീവിക്കുന്നവരാണ്. ഒരാൾക്കെങ്കിലും സർക്കാർ ജോലി കിട്ടിയാൽ അതൊരു സഹായമായിരിക്കും”.
ഗിരിയുടെ അമ്മ സംസാരിച്ചതിനുശേഷം ഞാൻ അവന്റെ ഒരു ഫോട്ടോ ചോദിച്ചു. സഹോദരൻ, അവരുടെ അച്ഛന്റെ ഫോട്ടോയിലേക്ക് ചൂണ്ടിക്കാട്ടി. അച്ഛന്റെ ഫോട്ടോ ഫ്രെയിമിന്റെ അകത്ത്, ഗിരിയുടെ ഒരു കുട്ടിക്കാല ചിത്രമുണ്ടായിരുന്നു. കാണാൻ ഭംഗിയുള്ള ഒരു ഫോട്ടോ.
“കരൂരിലെ സിപ്കോട്ട് (എസ്.ഇ.പി.സി.ഒ.ടി) പോലുള്ള എന്തെങ്കിലുമൊന്ന് ഉണ്ടായിരുന്നെങ്കിൽ, ഞങ്ങളുടെ കുട്ടികൾക്ക് ഇത്ര ദൂരേയ്ക്ക് ജോലിക്ക് പോകേണ്ട ആവശ്യമുണ്ടാവില്ലായിരുന്നു. കഴിഞ്ഞ തവണ അവരെ പറഞ്ഞ് പറ്റിച്ചതാണ്. തിരിച്ചുവന്നാൽ പുതിയ ഫോൺ തരാമെന്നൊക്കെ അവരോട് പറഞ്ഞിരുന്നു, ഗോഡൌണിൽ പടക്കങ്ങൾ പൊട്ടി എന്ന് ആർക്കും അറിയില്ലായിരുന്നു. ആ എട്ട് കുട്ടികളും മരിച്ചത് ശ്വാസം മുട്ടിയാണ്. പുറത്തേക്ക് വരാനുള്ള വഴി വളരെ ചെറുതായിരുന്നുവെന്ന് പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് മനസ്സിലായി. ആദ്യമായിട്ടായിരുന്നു ആ ആൺകുട്ടികൾ പടക്കക്കടയ്ക്കുവേണ്ടി ജോലി ചെയ്യാൻ പോയത്”, ബാല എന്ന സഖാവ് പറഞ്ഞു.
ബാല അത് പറഞ്ഞപ്പോൾ എന്റെ സ്വന്തം അനിയൻ ബാലയെ എനിക്കോർമവന്നു. ആ സ്ഥലം കൂടുതൽ ഭീകരമായി എനിക്ക് തോന്നി. ശാസംമുട്ടനുഭവപ്പെട്ടു എനിക്ക്. ഹൃദയം മരവിച്ചുപോയി.
മരിച്ച എട്ട് കുട്ടികളുടേയും കുടുംബങ്ങൾ അവരുടെ പ്രിയപ്പെട്ടവരുടെ ഫോട്ടോകൾ ഫ്രെയിം ചെയ്ത് വെച്ചിട്ടുണ്ട്. ഓരോ വീടും ഒരു ശ്മശാനംപോലെ തോന്നിച്ചു. ആളുകൾ വന്നുകൊണ്ടിരുന്നു. സംഭവം നടന്ന് ഒരാഴ്ചയായിട്ടും കണ്ണീരും വേദനയും ബാക്കിയായിരുന്നു. ബന്ധുക്കൾ ഒരുമിച്ചുകൂടി..
മരിച്ചുപോയ മറ്റൊരു കുട്ടി, 19 വയസ്സുള്ള ആകാശിന്റെ ചിത്രം മാലയിട്ട്, വീടിന്റെ മുമ്പിലുള്ള ഒരു കസേരയിൽ വെച്ചിരുന്നു. അവന്റെ അച്ഛൻ ആ ഫോട്ടോയുടെ മുമ്പിൽ കിടക്കുകയായിരുന്നു. അവരുടെ വീടിന് രണ്ട് മുറികളാണ് ഉണ്ടായിരുന്നത്. ഞാൻ വീട്ടിൽ ചെന്നപ്പോൾ, മറ്റൊരു കസേരയിൽ അകാശിന്റെ അമ്മയുടെ ചിത്രം വെച്ചിരിക്കുന്നത് കണ്ടു.
ഞാൻ സംസാരിക്കാൻ തുടങ്ങിയപ്പോൾ ആകാശിന്റെ അച്ഛൻ നിയന്ത്രണം വിട്ട് പൊട്ടിക്കരയാൻ തുടങ്ങി. നന്നായി മദ്യപിക്കുകയും ചെയ്തിരുന്നു അയാൾ. എന്നെ അവിടേക്ക് കൊണ്ടുപോയ സഖാവ് അദ്ദേഹത്തെ ശാന്തനാക്കി, എന്നോട് സംസാരിപ്പിച്ചു.
“ഞാൻ എം. രാജ. 47 വയസ്സ്. ഒരു ചായക്കടയിലാണ് ജോലി. കൂട്ടുകാരെല്ലാവരും പടക്കക്കടയിലേക്ക് പോയതുകൊണ്ടാണ് എന്റെ മകനും ജോലിക്ക് പോയത്. നല്ല ബുദ്ധിയുള്ള കുട്ടിയായിരുന്നു. നല്ല സ്വഭാവവും. കുടിക്കരുതെന്ന് എന്നെ ഉപദേശിച്ച് 200 രൂപയും തന്നിട്ടാണ് അവൻ ജോലിക്ക് പോയത്. 10 ദിവസം കഴിഞ്ഞ് വരാമെന്നും എന്നെ നോക്കിക്കോളാമെന്നും പറഞ്ഞു. ആദ്യമായിട്ടാണ് ഇത്തരമൊരു ജോലിക്ക് പോകുന്നത്. ജോലിക്ക് പോകാൻ ഞാൻ ഒരിക്കലും അവനോട് പറഞ്ഞിട്ടില്ല”.
ആകാശിന് അംബേദ്കറെ എത്രമാത്രം ഇഷ്ടമായിരുന്നുവെന്ന് രാജ പറയുന്നു. ‘അവൻ അദ്ദേഹത്തിന്റെ (അംബേദ്കറിന്റെ) ഒരു ചിത്രം (കട്ടിലിന്റെ സമീപത്ത്) തൂക്കിയിരുന്നു. രാവിലെ ഉണരുമ്പോൾ കാണാൻ പാകത്തിൽ. കുട്ടികളൊക്കെ എത്ര പെട്ടെന്നാണ് ജീവിക്കാൻ തുടങ്ങിയത് എന്ന് ഞാൻ ആലോചിച്ചു. എന്റെ മകന് ഇത് സംഭവിച്ചല്ലോ. ആദ്യമൊക്കെ അവൻ ഒരു തുണിക്കടയിലായിരുന്നു ജോലിക്ക് പോയിരുന്നത്. അവൻ പടക്കക്കടയിലേക്ക് പോകുന്നത് എനിക്കറിയില്ലായിരുന്നു. രണ്ടുവർഷം കഴിഞ്ഞ് കൊളേജ് പഠനം നിർത്തിയിരുന്നു അവൻ. അവൻ ജോലി ചെയ്യണമെന്ന് ഞങ്ങൾ ആഗ്രഹിച്ചിരുന്നില്ല ചായക്കടയിൽ ജോലിയിൽനിന്ന് ദിവസവും 400 രൂപ എനിക്ക് കിട്ടും. രണ്ട് പെണ്മക്കളും ഒരാൺകുട്ടിയുമാണ് എനിക്കുള്ളത്. 12 വർഷം മുമ്പ് എന്റെ ഭാര്യ മരിച്ചതിനുശേഷം അവർക്കുവേണ്ടിയാണ് ഞാൻ ജീവിക്കുന്നത്’, അദ്ദേഹം പറഞ്ഞു.
അടുത്തതായി ഞങ്ങൾ 21 വയസുള്ള വേദപ്പന്റെ വീട് സന്ദർശിച്ചു. ചുമരിൽ തൂക്കിയ അംബേദ്കറിന്റെ ചിത്രത്തിനടുത്ത്, കോട്ടും സൂട്ടും ധരിച്ച അയാളുടെ ഒരു ഫോട്ടോയുമുണ്ടായിരുന്നു. മരിച്ചവരിൽ അയാൾ മാത്രമായിരുന്നു വിവാഹിതൻ. അതും മരിക്കുന്നതിന് വെറും 21 ദിവസം മുമ്പായിരുന്നു അയാളുടെ വിവാഹം. അച്ഛനൊഴിച്ച് മറ്റാരും സംസാരിക്കാനുള്ള അവസ്ഥയിലായിരുന്നില്ല. ഭർത്താവിന്റെ മരണമുണ്ടാക്കിയ ആഘാതത്തിൽനിന്ന് വിമുക്തയായിരുന്നില്ല അയാളുടെ ഭാര്യ.
“ഞങ്ങൾ ധർമ്മപുരി ജില്ലയിലെ ടി.അമ്മപട്ടി ഗ്രാമത്തിലുള്ളവരാണ്. സാമ്പത്തികമായി നല്ല സ്ഥിതിയല്ല. ഗ്രാമത്തിൽനിന്ന് ഏഴുപേരും ജില്ലയിൽനിന്ന് 10 പേരും പോയിട്ടുണ്ട്. തൊഴിലൊന്നുമില്ലാത്തതുകൊണ്ട് മാത്രമാണ് അവർ ഈ പണിക്ക് പോയത്. ജോലി ചെയ്യാൻ തുടങ്ങി, രണ്ടുമൂന്ന് ദിവസം കഴിഞ്ഞപ്പോഴാണ് ഈ സംഭവം നടക്കുന്നത്.
“അപകടത്തിന്റെ കാരണം, കർണ്ണാടക സർക്കാരോ തമിഴ് നാട് സർക്കാരോ ഇതുവരെ പറഞ്ഞിട്ടില്ല. മരണ സർട്ടിഫിക്കറ്റ് കിട്ടാൻ പോലും ബുദ്ധിമുട്ടായിരുന്നു. തമിഴ് നാട് സർക്കാർ ഞങ്ങൾക്ക് മരണ സർട്ടിഫിക്കറ്റും, ഓരോ കുടുംബത്തിനും വിദ്യാഭ്യാസത്തിനനുസരിച്ചുള്ള ജോലിയും നൽകണം”.
കൃഷ്ണവേണിയാണ് ആർ. കേശവന്റെ അമ്മ. മകൻ പടക്കക്കടയിലാണ് ജോലി ചെയ്യാൻ പോയിരിക്കുന്നതെന്ന്, മുപ്പത് കഴിഞ്ഞ അവർക്കറിയില്ലായിരുന്നു. “അവൻ കൂട്ടുകാരുടെ കൂടെ പോയതായിരുന്നു. സർക്കാരിൽനിന്ന് ഒന്നും ഇതുവരെ ഞങ്ങൾ കേട്ടിട്ടില്ല. എന്തെങ്കിലും ജോലി അവർ തരുമെന്ന് പ്രതീക്ഷയുണ്ട്”.
അപകടം നടന്ന ദിവസം മകൻ പങ്കിട്ട സെൽഫികളെക്കുറിച്ചായിരുന്നു മുപ്പത്തിയഞ്ച് വയസ്സുള്ള കുമാരി സംസാരിച്ചത്. “ദീപാവലിക്ക് ഞങ്ങൾക്കെന്തെങ്കിലും വാങ്ങിച്ചുതരാൻ വേണ്ടിയാണ് അവർ ഇത്ര അപകടം നിറഞ്ഞ ജോലിക്ക് പോയത്. തുണിക്കടയിൽ 700-800 രൂപ കിട്ടുമ്പോൾ, പടക്കക്കടയിൽ 1,200 രൂപ ദിവസവും കിട്ടും.
“അവർ ഭക്ഷണം കഴിക്കുന്നതും മറ്റുമായ സെൽഫികൾ കണ്ട് അടുത്ത നിമിഷംതന്നെ അവരുടെ ജീവനിലാത്ത ശരീരം കാണുന്നത് എങ്ങിനെയുണ്ടാവുമെന്ന് സങ്കൽപ്പിച്ചുനോക്കൂ?
ഞങ്ങൾക്കുണ്ടായ അനുഭവം മറ്റ് കുടുംബങ്ങൾക്കൊന്നും ഒരിക്കലും ഉണ്ടാവാതിരിക്കട്ടെ, പടക്കക്കടകളിലൊന്നും ഒരു അപകടവും ഉണ്ടാവരുത്. ഇനി അഥവാ ഉണ്ടായാലും പുറത്തേക്ക് കടക്കാനുള്ള എന്തെങ്കിലും വഴി ഉണ്ടായിരിക്കണം. അതില്ലെങ്കിൽ ആ സ്ഥാപനം പ്രവർത്തിക്കാൻ അനുവദിക്കരുത്. ഇത്തരം നഷ്ടം സഹിക്കുന്ന അവസാനത്തെ കുടുംബമാവട്ടെ ഞങ്ങളുടേത്”, കുമാരി പറയുന്നു.
18 വയസ്സുള്ള ടി.വിജയരാഘന്റെ വീട്ടിലെത്തിയപ്പോൾ അവന്റെ അമ്മ അസുഖബാധിതയായി ആശുപത്രിയിലേക്ക് പോയിരുന്നു. തിരിച്ചുവന്നപ്പോൾ അവർ വളരെ ക്ഷീണിതയായി എനിക്ക് മനസ്സിലായി. എന്നിട്ടും അവർ ഞങ്ങളോട് സംസാരിച്ചു. വിജയരാഘവന്റെ സഹോദരി തന്ന സംഭാരം കുടിപ്പിച്ചതിനുശേഷം.
“അവൻ എന്നോട് പറഞ്ഞത്
തുണിക്കടയിൽ പോകുന്നുവെന്നാണ്. പടക്കക്കടയിൽ പോയത് എന്തിനാണെന്ന് എനിക്കറിയില്ല. ഞങ്ങളെ
ബുദ്ധിമുട്ടിക്കാതെ കൊളേജിലെ ഫീസ് അടയ്ക്കാനുള്ള പൈസയുണ്ടാക്കാനായിരിക്കാം. കാരണം,
സമ്പാദിക്കുന്നതൊക്കെ ഞങ്ങൾ ഞങ്ങളുടെ മകളുടെ ആരോഗ്യത്തിനുവേണ്ടി ചിലവഴിക്കുകയായിരുന്നു.
സർക്കാർ എന്തെങ്കിലും ജോലി തന്നാൽ ഞങ്ങൾ നന്ദിയുള്ളവരായിരിക്കും”, അവർ പറയുന്നു.
വിജയരാഘവന്റെ അച്ഛന്റേയും മറ്റ് ചില സഖാക്കളുടേയും കൂടെ, ഞങ്ങൾ ആ എട്ട് ചെറുപ്പക്കാരെ സംസ്കരിച്ച സ്ഥലത്തേക്ക് പോയി. “തിരിച്ചറിയാൻ പറ്റാത്ത വിധം കത്തിക്കരിഞ്ഞിരുന്നു. ഞങ്ങൾ അവരെ ഒരുമിച്ച് സംസ്കരിച്ചു”, വിജയരാഘവന്റെ അച്ഛൻ പറഞ്ഞു.
നാളത്തെ വാഗ്ദാനങ്ങളും ഭാവിയെ സ്നേഹിക്കുകയും ചെയ്തിരുന്ന എട്ട് ഇളം ജീവനുകളുടെ സംസ്കാരത്തിന് സാക്ഷിയാകേണ്ടിവന്ന തെൻപെണ്ണൈ പുഴ അപ്പോഴും ഒഴുകുന്നുണ്ടായിരുന്നു.
ഞാൻ മടങ്ങി. എന്റെ ഹൃദയം മരവിച്ചിരുന്നു.
ഒരു പ്രമുഖ പടക്കനിർമ്മാണ കേന്ദ്രമായ ശിവകാശിയിൽ 14 ആളുകൾ കൊല്ലപ്പെട്ട വാർത്തയാണ് രണ്ടുദിവസം കഴിഞ്ഞപ്പോൾ എന്നെത്തേടി എത്തിയത്.
പരിഭാഷ: രാജീവ് ചേലനാട്ട്