അഹർവനിയിലേക്ക് കടക്കുമ്പോൾ രാം അവതാർ കുശ്വഹ തന്റെ മോട്ടോർസൈക്കിളിന്റെ വേഗത കുറയ്ക്കുന്നു. മൺപാതയിലൂടെ ഓടിക്കാൻ പാകത്തിൽ. കോളനിയുടെ മധ്യഭാഗത്തെത്തുന്നതോടെ അയാൾ തന്റെ 150 സി.സി. ബൈക്കിന്റെ എഞ്ചിൻ ഓഫാക്കുന്നു.
അഞ്ച് മിനിറ്റിനുള്ളിൽ, കൊച്ചുകുട്ടികളും മിഡിൽ സ്കൂളിൽ പഠിക്കുന്നവരും കൌമാരപ്രായക്കാരുമായ ചിലർ അയാളുടെ ചുറ്റും കൂടാൻ തുടങ്ങി. ആ സഹാരിയ ആദിവാസി കുട്ടികൾ പരസ്പരം വർത്തമാനം പറഞ്ഞ്, കൈയ്യിൽ നാണയത്തുട്ടുകളും 10 രൂപയുമൊക്കെ മുറുക്കിപ്പിടിച്ച് ക്ഷമയോടെ കാത്തുനിൽക്കുകയാണ്. പച്ചക്കറിയൊക്കെ ചേർത്ത ഒരു പാത്രം ചൌ മീൻ വാങ്ങാനുള്ള നിൽപ്പാണ് അവരുടേത്.
ക്ഷമയോടെ നിൽക്കുന്ന വിശന്നുവലഞ്ഞ ഈ കുട്ടികൾക്ക് ഒരുപക്ഷേ അധികം താമസമില്ലാതെ ക്ഷമ നശിക്കുമെന്ന് മനസ്സിലാക്കിയ ആ ബൈക്ക് യാത്രികൻ ഭക്ഷണപ്പൊതി അഴിക്കാൻ തുടങ്ങി. അതിനകത്ത് അധികമൊന്നുമില്ല. രണ്ട് പ്ലാസ്റ്റിക്ക് കുപ്പികൾ. “ഒന്നിൽ ഒരു ചുവന്ന മുളക് സോസും മറ്റൊന്നിൽ കറുത്ത നിറമുള്ള സോയാ സോസും”, അയാൾ വിശദീകരിക്കുന്നു. പിന്നെയുള്ളത്, ക്യാബേജും, അരിഞ്ഞ ഉള്ളിയും, കാപ്സിക്കവും വേവിച്ച നൂഡിൽസും. “ഞാനിതൊക്കെ വിജയ്പുർ പട്ടണത്തിൽനിന്നാണ് വാങ്ങുന്നത്”, അയാൾ പറഞ്ഞു.
വൈകീട്ട് 6 മണിയായിരുന്നു സമയം. രാം അവതാർ ആ ദിവസം സന്ദർശിക്കുന്ന നാലാമത്തെ ഗ്രാമമായിരുന്നു അത്. താൻ പതിവായി സന്ദർശിക്കുന്ന മറ്റ് കോളനികളുടെ പേരുകൾ അയാൾ പറഞ്ഞു – ലാഡർ, പാണ്ഡ്രി, ഖജൂരി കലാൻ, സിൽപാര, പരോണ്ട് – എല്ലാം അയാളുടെ സുട്ടയ്പുരയിലെ വീടിന്റെ 30 കിലോമീറ്റർ ചുറ്റളവിലുള്ളത്. വിജയ്പുർ തെഹ്സിലിലെ ഗോപാൽപുര ഗ്രാമത്തിലെ ഒരു കോളനിയാണ് സുത്തയ്പുര. ഈ ചെറിയ കോളനികളിലും ഗ്രാമങ്ങളിലും ആകെ കിട്ടുന്ന മറ്റ് സാധനങ്ങൾ, പാക്ക് ചെയ്ത വറവുകളും ബിസ്ക്കറ്റുകളുമാണ്.
ഏകദേശം 500-ഓളം ആളുകൾ താമസിക്കുന്ന ആദിവാസി ഭൂരിപക്ഷമേഖലയായ അഹർവനിയിലേക്ക് അയാൾ ആഴ്ചയിൽ 2-3 തവണ വരാറുണ്ട്. ഈയടുത്ത് നിലവിൽ വന്ന ഒരു താമസകേന്ദ്രമാണ് അത്. സിംഹങ്ങളെ പാർപ്പിക്കാനായി കുനോ ദേശീയോദ്യാനത്തിൽനിന്ന് 1999-ൽ കുടിയൊഴിക്കപ്പെട്ടവരാണ് താമസക്കാരിലധികവും. വായിക്കുക: കുനോ ഗ്രാമം: ചീറ്റകൾ അകത്ത്, ആദിവാസികൾ പുറത്ത് . സിംഹങ്ങളൊന്നും വന്നില്ലെങ്കിലും 2022 സെപ്റ്റംബറോടെ ആഫ്രിക്കയിൽനിന്ന് ചീറ്റകളെ ഇങ്ങോട്ട് ഇറക്കുമതി ചെയ്തു.
ഇവിടെ, അഹർവനിയിലെ സർക്കാർ സ്കൂളിൽ പഠിക്കുന്നവരാണ് തങ്ങളെന്ന് ചുറ്റും കൂടിനിൽക്കുന്ന കുട്ടികളിൽ പലരും പറഞ്ഞുവെങ്കിലും, കേദാർ ആദിവാസി പറയുന്നത്, അവർ സ്കൂളിൽ പേര് ചേർത്തിട്ടുണ്ടെങ്കിലും കാര്യമായൊന്നും പഠിക്കുന്നില്ലെന്നാണ്. “അദ്ധ്യാപകരൊന്നും പതിവായി വരാറില്ല. വന്നാലും അവർ പഠിപ്പിക്കാറുമില്ല”.
കുടിയൊഴിക്കപ്പെട്ട സമുദായത്തിനുവേണ്ടി, അഗാര ഗ്രാമത്തിൽ, ആധാർശില ശിക്ഷാ സമിതി എന്ന സന്നദ്ധസംഘടന നടത്തുന്ന സ്കൂളിലെ അദ്ധ്യാപകനായിരുന്നു 23 വയസ്സുള്ള കേദാർ. “എഴുതാനും വായിക്കാനുമുള്ള പ്രാഥമികമായ വിദ്യാഭ്യാസം കിട്ടാത്തതിനാൽ, മിഡിൽ സ്കൂളിൽനിന്ന് പാസ്സാവുന്ന കുട്ടികൾക്കും മറ്റ് സ്കൂളുകളിൽ നേട്ടം കൈവരിക്കാനാവുന്നില്ല” എന്ന് 2022-ൽ പാരിയോട് അദ്ദേഹം പറഞ്ഞിരുന്നു.
മധ്യ പ്രദേശിലെ പർട്ടിക്കുലർലി വൾനെറബിൾ ട്രൈബൽ ഗ്രൂപ്പിൽ (അതീവദുർബ്ബല ഗോത്രസമുദായം – പി.വി.ടി.ജി) ഉൾപ്പെടുന്ന സഹാരിയ ആദിവാസികളുടെ സാക്ഷരതാ ശതമാനം 42 ആണെന്ന് 2013-ലെ സ്റ്റാറ്റിസ്റ്റിക്കൽ പ്രൊഫൽ ഓഫ് ഷെഡ്യൂൾഡ് ട്രൈബ്സ് ഇൻ ഇന്ത്യ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
കുട്ടികളുടെ സംഘം അസ്വസ്ഥരാകുന്നത് കണ്ട് രാം അവതാർ ഞങ്ങളോട് സംസാരിക്കുന്നത് അവസാനിപ്പിച്ച് പാചകത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി. മണ്ണെണ്ണ സ്റ്റൌവ്വ് പ്രവർത്തിപിച്ച്, ഒരു 20 ഇഞ്ച് വലിപ്പമുള്ള ചട്ടിയിൽ അല്പം എണ്ണയൊഴിച്ചു. ഒരു പെട്ടിയിൽനിന്ന് നൂഡിൽസെടുത്ത് എണ്ണയിലിട്ട് വറക്കാൻ തുടങ്ങി.
ബൈക്കിന്റെ സീറ്റിൽവെച്ചാണ് സവാളയും കാബേജുമൊക്കെ അയാൾ അരിയുന്നത്. മുറിച്ച ഉള്ളി ചട്ടിയിലിട്ടതോടെ അന്തരീക്ഷത്തിൽ നല്ല വാസന നിറയാൻ തുടങ്ങി.
യൂട്യൂബ് നോക്കി പാചകം പഠിച്ചയാളാണ് രാം അവതാർ. പച്ചക്കറി വില്പനയായിരുന്നു ജോലി. “പക്ഷേ അത് വലിയ മെച്ചമുള്ള കച്ചവടമല്ല. ചൌ മീനുണ്ടാക്കുന്ന ഒരു വീഡിയോ ഞാൻ എന്റെ ഫോണിൽ കണ്ടു. എന്നാലൊന്ന് പരീക്ഷിക്കാമെന്ന് കരുതി”, അത് 2019-ലായിരുന്നു. അതിൽപ്പിന്നെ ഈ രംഗത്തുതന്നെ ഉറച്ചുനിൽക്കുകയാണ് അയാൾ.
2022-ൽ പാരി കാണുമ്പോൾ ഒരു പാത്രം ചൌ മീൻ 10 രൂപയ്ക്ക് വിൽക്കുകയായിരുന്നു അയാൾ. “ഒരു ദിവസം ഏകദേശം 700-800 രൂപയ്ക്ക് വിൽക്കാൻ കഴിയുന്നുണ്ട് എനിക്ക്”, അയാൾ പറയുന്നു. അതിൽനിന്ന് തനിക്ക് 200-300 രൂപ ലാഭം കിട്ടുമെന്ന് അയാൾ കണക്കുകൂട്ടുന്നു. 700 ഗ്രാമിന്റെ ഒരു പാക്കറ്റ് നൂഡിൽസിന് അയാൾക്ക് 35 രൂപ ചിലവുണ്ട്. ദിവസവും അഞ്ച് പാക്കറ്റ് ആവശ്യമാണ്. സ്റ്റൌവ്വിനാവശ്യമായ മണ്ണെണ്ണ, പാചകം ചെയ്യാനുള്ള എണ്ണ, ബൈക്കിനുള്ള പെട്രോൾ തുടങ്ങിയവയാണ് മറ്റ് ചിലവുകൾ.
“ഞങ്ങൾക്ക് മൂന്ന് ബിഗ ഭൂമിയുണ്ടെങ്കിലും അതിൽനിന്ന് കാര്യമായൊന്നും ലഭിക്കുന്നില്ല” എന്ന് അയാൾ പറഞ്ഞു. സഹോദരന്മാരുടെകൂടെ ചേർന്ന് സ്വന്തം ആവശ്യത്തിനുള്ള ഗോതമ്പും കടുകും ചൊവ്വരിയും കൃഷി ചെയ്യുന്നുണ്ട് രാം അവതാർ. റീനയാണ് ഭാര്യ. ഇവർക്ക് മൂന്ന് പെണ്മക്കളും ഒരാൺകുട്ടിയുമുണ്ട്. എല്ലാവരും 10 വയസ്സിനുതാഴെയുള്ളവർ.
തന്റെ ടി.വി.എസ് മോട്ടോർസൈക്കിൾ രാം അവതാർ ഏഴുവർഷം മുമ്പാണ് വാങ്ങിയത്. മൂന്ന് വർഷം കഴിഞ്ഞ് 2019-ലാണ് അതിനെ ഒരു സഞ്ചരിക്കുന്ന അടുക്കളയാക്കി അയാൾ മാറ്റിയത്. സാധനങ്ങളൊക്കെ കൊണ്ടുപോകാൻ പാകത്തിൽ. ഇപ്പോൾ താൻ ദിവസവും 100 കിലോമീറ്റർ സഞ്ചരിച്ച് ഭക്ഷണം വിൽക്കാറുണ്ടെന്ന് അയാൾ പറഞ്ഞു. കൂടുതലും ചെറുപ്രായക്കാരാണ് അയാളുടെ ഗുണഭോക്താക്കൾ. “എനിക്ക് ഈ പണി ഇഷ്ടമാണ്. ചെയ്യാൻ കഴിയുന്നിടത്തോളം കാലം ഈ പണി ചെയ്യും”, അയാൾ പറഞ്ഞുനിർത്തി.
പരിഭാഷ: രാജീവ് ചേലനാട്ട്