പൊതുതിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ള ബബ്ലു കൈബൊർതൊയുടെ രണ്ടാമത്തെ അവസരമാണിത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആദ്യമായി തന്റെ വോട്ട് രേഖപ്പെടുത്താൻ ബബ്ലു പോയപ്പോൾ, അധികാരികൾ അദ്ദേഹത്തെ അനുവദിച്ചു. ക്യൂവിൽ നിൽക്കേണ്ടിവന്നില്ല. എന്നാൽ പശ്ചിമ ബംഗാളിലെ പുരുളിയ ജില്ലയിലെ പാൽമ ഗ്രാമത്തിലെ പോളിംഗ് ബൂത്തിൽ ചെന്നപ്പോൾ, എങ്ങിനെ വോട്ട് ചെയ്യണമെന്ന് ബബ്ലുവിന് സംശയമുദിച്ചു.
24 വയസ്സുള്ള ബബ്ലു കാഴ്ചപരിമിതനാണ്. എന്നാൽ തിരഞ്ഞെടുപ്പിലെ ഒരു പോളിംഗ് ബൂത്തായ നാട്ടിലെ പ്രൈമറി സ്കൂളിൽ ബ്രെയിലിയിലുള്ള ബാലറ്റ് കടലാസ്സോ ബ്രെയിലി ഇ.വി.എമ്മോ (ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീൻ) ഉണ്ടായിരുന്നില്ല.
“എന്തുചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. എന്നെ സഹായിക്കുന്ന ആൾ തിരഞ്ഞെടുപ്പ് ചിഹ്നങ്ങളെക്കുറിച്ച് നുണ പറഞ്ഞാൽ ഞാനെന്ത് ചെയ്യും?” രണ്ടാം വർഷ ബിരുദപൂർവ്വ വിദ്യാർത്ഥിയായ ബബ്ലു ചോദിക്കുന്നു. ഇനി അയാൾ സത്യം പറഞ്ഞാലും, രഹസ്യവോട്ടിംഗ് എന്ന തന്റെ ജനാധിപത്യാവകാശം വിനിയോഗിക്കാനാവില്ലെന്ന് ബബ്ലു വാദിക്കുന്നു. അല്പം പരിഭ്രമത്തോടെയാണെങ്കിലും, സഹായി കാണിച്ചുതന്ന ബട്ടണിൽ വോട്ടമർത്തി. പുറത്തുവന്ന്, അത് സ്ഥിരീകരിക്കുകയും ചെയ്തു അയാൾ. “ഭാഗ്യവശാൽ അയാളെന്നൊട് നുണ പറഞ്ഞില്ല,” ബബ്ലു സൂചിപ്പിക്കുന്നു.
പി.ഡബ്ല്യു.ഡി സൌഹൃദ ബൂത്തുകളിൽ (പേഴ്സൺസ് വിത്ത് ഡിസബീറ്റി) ബ്രെയിലി ബാലറ്റുകളും ഇ.വി.എമ്മുകളും വേണമെന്ന് ഇന്ത്യയിലെ തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നുണ്ട്. “കടലാസ്സിൽ അതൊക്കെ കാണും. എന്നാൽ നടപ്പാക്കലിൽ പോരായ്മകളുണ്ട്”, കൊൽക്കൊത്ത ആസ്ഥാനമായ ശ്രുതി ഡിസബിലിറ്റി റൈറ്റ്സ് സെന്ററിന്റെ ഡയറക്ടർ ശംപ സെൻഗുപ്ത പറയുന്നു.
വീണ്ടും ഒരു പൊതുതിരഞ്ഞെടുപ്പ് അടുത്തെത്തി. പൊതുതിരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തിൽ വോട്ട് ചെയ്യാൻ നാട്ടിലേക്ക് പോകണോ എന്ന കാര്യത്തിൽ ബബ്ലുവിന് ഉറപ്പില്ല. മേയ് 25-ന് പോളിംഗ് ബൂത്തിലേക്ക് പോവുന്ന, പുരുളിയയിലെ രജിസ്റ്റർ ചെയ്ത വോട്ടറാണ് ബബ്ലു.
തന്നെപ്പോലെയുള്ള അംഗപരിമിതർക്ക് വോട്ട് ചെയ്യാനുള്ള സൌകര്യങ്ങളുണ്ടോ എന്നതുമാത്രമല്ല അയാളുടെ അനിശ്ചിതത്വത്തിന്റെ പിന്നിലുള്ളത്. ഇപ്പോൾ അയാൾ താമസിക്കുന്ന കൊൽക്കൊത്തയുടെ യൂണിവേഴ്സിറ്റി ഹോസ്റ്റലിൽനിന്ന് ആറേഴ് മണിക്കൂർ തീവണ്ടിയാത്ര ചെയ്യണം പുരുളിയയിലേക്ക്.
“പൈസയെക്കുറിച്ചുകൂടി എനിക്ക് ആലോചിക്കണം. സ്റ്റേഷനിലേക്കുള്ള ബസ്സുകൂലിയും ടിക്കറ്റും എടുക്കണം,” ബബ്ലു പറയുന്നു. ഇന്ത്യയിലെ 26.8 ദശലക്ഷം പൊതുവായ അംഗപരിമിതരിൽ 18 ദശലക്ഷവും താമസിക്കുന്നത് ഗ്രാമപ്രദേശങ്ങളിലാണ്. 19 ശതമാനമാളുകളും കാഴ്ചയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുള്ളവരും (2011-ലെ സെൻസസ്). നഗരപ്രദേശങ്ങളിലാണ് അധികവും ഇവർക്കായുള്ള നിയമങ്ങൾ നടപ്പാക്കുന്നതെന്ന് ശംപ കൂട്ടിച്ചേർക്കുന്നു. “തിരഞ്ഞെടുപ്പ് കമ്മീഷൻ മുൻകൈയ്യെടുത്താൽ മാത്രമേ ഈ മട്ടിലുള്ള ബോധവത്കരണം സാധ്യമാകൂ. കാര്യക്ഷമമായ ഒരു മാധ്യമം റേഡിയോ ആണ്,” അവർ കൂട്ടിച്ചേർത്തു.
“ആർക്കാണ് വോട്ട് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് ഞാൻ ആശയക്കുഴപ്പത്തിലാണ്”, കൊൽക്കൊത്തയിലെ ജാദവ്പുർ യൂണിവേഴ്സിറ്റിയിലെ സെന്റർ ഫോർ പേഴ്സൺസ് വിത്ത് ഡിസബിലിറ്റീസിൽവെച്ച് കണ്ടപ്പോൾ ബബ്ലു ഈ റിപ്പോർട്ടറൊട് പറഞ്ഞു.
“ഏതെങ്കിലുമൊരു വ്യക്തിയോ അവരുടെ പാർട്ടിയോ നല്ലതാണെന്ന് കരുതി ഞാൻ അവർക്ക് വോട്ട് ചെയ്യും. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ, അവർ മറുഭാഗത്തേക്ക് പോവുകയും ചെയ്യും,” അയാൾ പരാതി പറയുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, പ്രത്യേകിച്ചും 2021-ലെ സംസ്ഥാന തിരഞ്ഞെടുപ്പിനുശേഷം ധാരാളം രാഷ്ട്രീയക്കാരുടെ കൂറ് മാറ്റത്തിന് പശ്ചിമ ബംഗാൾ സാക്ഷ്യം വഹിച്ചിട്ടുണ്ട്.
*****
സ്ഥിരവരുമാനമുള്ള ഒരു സർക്കാർ ഉദ്യോഗസ്ഥനാവാനാണ് – സ്കൂൾ ടീച്ചറോ കോളേജ് അദ്ധ്യാപകനോ – ബബ്ലുവിന്റെ ആഗ്രഹം.
കേൾക്കാൻ സുഖമില്ലാത്ത കാര്യങ്ങൾക്ക് വാർത്തകളിൽ സ്ഥാനം പിടിച്ചിട്ടുണ്ട് സംസ്ഥാന സർവീസ് കമ്മീഷൻ (എസ്.എസ്.സി). “ചെറുപ്പക്കാർക്ക് കൂടുതൽ തൊഴിലുകൾ നൽകുന്ന ഒരു സ്രോതസ്സായിരുന്നു കമ്മീഷൻ,” സംസ്ഥാന ഹയർ സെക്കൻഡറി കൌൺസിലിന്റെ പ്രസിഡന്റും മുൻ പ്രൊഫസ്സറുമായ ഗോപ ദത്ത പറയുന്നു. “എല്ലായിടത്തും – ഗ്രാമങ്ങളിലും, ചെറുതും വലുതുമായ പട്ടണങ്ങളിലും – സ്കൂളുകളുണ്ടായിരുന്നു എന്നതാണ് അതിന്റെ കാരണം. സ്കൂൾ ടീച്ചറാവുക എന്നത് പലരുടേയും ഒരു ലക്ഷ്യമായിരുന്നു,” അവർ പറയുന്നു.
കഴിഞ്ഞ ഏഴെട്ട് വർഷങ്ങളായി, തൊഴിൽ റിക്രൂട്ട്മെന്റ് പ്രക്രിയ നിരീക്ഷണത്തിലാണ്. നോട്ടുകെട്ടുകളുടെ അട്ടികൾ ഒരു വീട്ടിൽനിന്ന് കണ്ടെത്തുകയും, മന്ത്രിമാർ ജയിലിൽ പോവുകയും, നീതിയുക്തവും സുതാര്യവുമായ അന്വേഷണമാവശ്യപ്പെട്ട് ഉദ്യോഗാർത്ഥികൾ മാസങ്ങളോളം സമാധാനപരമായി ധർണ നടത്തുകയുമൊക്കെയുണ്ടായി. 25,000 വ്യക്തികളെ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുത്തത് കൽക്കത്ത ഹൈക്കോടതി റദ്ദാക്കി. അർഹരും അനർഹരുമായ ഉദ്യോഗാർത്ഥികളെ വിവേചിച്ചറിയണം എന്ന് നിർദ്ദേശിച്ച്, മേയ് ആദ്യ്‌വാരം സുപ്രീം കോടതി ആ വിധി സ്റ്റേ ചെയ്തിട്ടുമുണ്ട്.
“എനിക്ക് പേടി തോനുന്നു,” സ്ഥിതിഗതികളെക്കുറിച്ച് ബബ്ലു പറയുന്നു. “കാഴ്ചപരിമിതിയുള്ള 104 ഉദ്യോഗാർത്ഥികളുണ്ടെന്ന് ഞാൻ കേട്ടു. ഒരുപക്ഷേ അവർ അർഹതയുള്ളവരായിരിക്കാം. ആരെങ്കിലും അവരെക്കുറിച്ച് ആലോചിക്കുന്നുണ്ടോ?”
എസ്.എസ്.സി. റിക്രൂട്ട്മെന്റിന്റെ കാര്യത്തിൽ മാത്രമല്ല, അംഗപരിമിതരുടെ ആവശ്യങ്ങൾ അധികാരികൾ പൊതുവെ തഴയുന്നതായി ബബ്ലുവിന് അനുഭവപ്പെടുന്നു. “പശ്ചിമ ബംഗാളിൽ, കാഴ്ചപരിമിതരായ ആളുകൾക്ക് ആവശ്യമുള്ളത്ര സ്കൂളുകളില്ല. ഒരു നല്ല അടിസ്ഥാനമുണ്ടാക്കാൻ നമുക്ക് സ്പെഷ്യൽ സ്കൂളുകൾ ആവശ്യമാണ്,” അയാൾ പറയുന്നു. മറ്റ് മാർഗ്ഗങ്ങളുടെ അഭാവംകൊണ്ടാണ് അയാൾക്ക് വീടുവിട്ട് പോകേണ്ടിവന്നത്. തിരിച്ചുപോകാൻ ആഗ്രഹിച്ചിട്ടും, കോളേജ് തിരഞ്ഞെടുക്കേണ്ടിവന്നപ്പോൾ അയാൾക്കതിനായില്ല. “അംഗപരിമിതരുടെ കാര്യങ്ങളെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് ഏതെങ്കിലും സർക്കാർ പറയുന്നത് ഞാൻ കേട്ടിട്ടില്ല.”
എന്നാലും ബബ്ലുവിന് പ്രതീക്ഷയുണ്ട്. “ജോലി അന്വേഷിക്കാൻ എനിക്ക് ഇനിയും ചില വർഷങ്ങൾ ബാക്കിയുണ്ട്. അതിനുള്ളിൽ കാര്യങ്ങൾ മെച്ചപ്പെടുമായിരിക്കും,” അയാൾ പറയുന്നു.
18 വയസ്സ് കഴിഞ്ഞപ്പോൾ, കുടുംബത്തിൽ വരുമാനമുള്ള ഒരേയൊരു അംഗമായിരുന്നു ബബ്ലു. സഹോദരി ബുരുറാണി കൈബൊർതൊ കൽക്കത്ത ബ്ലൈൻഡ് സ്കൂളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്നു. അമ്മ സൊന്ധ്യ, പാൽമയിലാണ് താമസിക്കുന്നത്. കൈബൊർതൊ സമുദായക്കാരാണ് കുടുംബം (സംസ്ഥാനത്ത് പട്ടികജാതിക്കാർ). മത്സ്യം പിടിക്കലാണ് പരമ്പരാഗതമായ തൊഴിൽ. ബബ്ലുവിന്റെ അച്ഛൻ മത്സ്യം പിടിക്കുകയും വിൽക്കുകയും ചെയ്തിരുന്നുവെങ്കിലും, കാൻസർ ബാധിച്ചതോടെ, അതുവരെ സമ്പാദിച്ചതൊക്കെ ചികിത്സയ്ക്ക് ചിലവായി.
2012-ൽ അച്ഛൻ മരിച്ചതോടെ, കുറച്ച് കാലം അമ്മ പുറംപണിക്ക് പോകാൻ തുടങ്ങി. “അമ്മ പച്ചക്കറികൾ വിറ്റിരുന്നു,” ബബ്ലു പറയുന്നു. “എന്നാലിപ്പോൾ, 50-കൾ കഴിഞ്ഞതിനാൽ ജോലി ചെയ്യാൻ ബുദ്ധിമുട്ടായിത്തുടങ്ങി.” സൊന്ധ്യ കൈബൊർതയ്ക്ക് മാസംതോറും 1,000 രൂപ വാർദ്ധക്യപെൻഷൻ ലഭിക്കുന്നുണ്ട്. “കഴിഞ്ഞ ഓഗസ്റ്റിലോ സെപ്റ്റംബറിലോ ആണ് കിട്ടാൻ തുടങ്ങിയത്,” ബബ്ലു പറയുന്നു.
‘അംഗപരിമിതരുടെ കാര്യങ്ങളെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് ഏതെങ്കിലും സർക്കാർ പറയുന്നത് ഞാൻ കേട്ടിട്ടില്ല‘
ട്യൂഷനെടുത്തും, പുരുളിയയിലെ സ്റ്റുഡിയോകൾക്കുവേണ്ടി സംഗീതം സംവിധാനം ചെയ്തുമാണ് ബബ്ലു വരുമാനം കണ്ടെത്തുന്നത്. മാനബിക് പെൻഷൻ സ്കീമനുസരിച്ച്, അയാൾക്കും മാസംതോറും 1,000 രൂപ കിട്ടുന്നുണ്ട്. പരിശീലനം സിദ്ധിച്ച ഗായകനായ ബബ്ലുവിന് ഓടക്കുഴൽ വായിക്കാനും സിന്തസൈസർ ഉപയോഗിക്കാനുമറിയാം. വീട്ടിൽ എപ്പോഴും സംഗീതത്തിന്റെ ഒരു അന്തരീക്ഷമുണ്ടായിരുന്നുവെന്ന് ബബ്ലു പറയുന്നു. “എന്റെ താക്കൂർദ (അച്ഛച്ഛൻ) റബി കൈബൊർതൊ പുരുളിയയിലെ അറിയപ്പെടുന ഒരു നാടൻ കലാകാരനായിരുന്നു. അദ്ദേഹം ഫ്ലൂട്ട് വായിച്ചിരുന്നു,” ബബ്ലു പറയുന്നു. ബബ്ലുവിന്റെ ജനനത്തിനും മുമ്പ് അദ്ദേഹം മരിച്ചുവെങ്കിലും സംഗീതത്തോടുള്ള അദ്ദേഹത്തിന്റെ അഭിരുചിയാണ് തനിക്ക് കിട്ടിയതെന്ന് ബബ്ലു വിശ്വസിക്കുന്നു. “എന്റെ അച്ഛനും ഇതുതന്നെ പറഞ്ഞിരുന്നു.”
ആദ്യമായി റേഡിയോയിൽ ഒരു ഫ്ലൂട്ട് വാദനം കേൾക്കുമ്പോൾ ബബ്ലു പുരുളിയയിൽത്തന്നെയായിരുന്നു. “ഖുൽന സ്റ്റേഷനിൽനിന്നുള്ള ബംഗ്ലാദേശ് വാർത്തകൾ ഞാൻ കേൾക്കാറുണ്ടായിരുന്നു. അത് തുടങ്ങുന്നതിനുമുൻപ് ഒരു സംഗീതമുണ്ടായിരുന്നു. ഞാൻ അമ്മയോട് ചോദിച്ചു, അത് എന്ത് സംഗീതമാണെന്ന്”. ഫ്ലൂട്ടാണെന്ന് അമ്മ പറഞ്ഞപ്പോൾ സംശയത്തിലായി അവൻ. അതിനുമുൻപ്, കരകര ശബ്ദമുണ്ടാക്കുന്ന ഭ്നേപു എന്ന ഓടക്കുഴലിന്റെ ആകൃതിയുള്ള ഒരു ഉപകരണം മാത്രമേ അവൻ വായിച്ചിട്ടുണ്ടായിരുന്നുള്ളു. ഏതാനും ആഴ്ചകൾക്കുശേഷം അമ്മ അവന് 20 രൂപയുടെ ഒരു ഫ്ലൂട്ട് അടുത്തുള്ള ഉത്സവച്ചന്തയിൽനിന്ന് വാങ്ങിക്കൊണ്ടുവന്നു. പക്ഷേ അത് പഠിപ്പിക്കാൻ ആരുമുണ്ടായിരുന്നില്ല.
പുരുളിയയിലെ ബ്ലൈൻഡ് സ്കൂളിൽവെച്ചുണ്ടായ ഒരു ദുരനുഭവത്തിനുശേഷം അവിടെനിന്ന് വിട്ട്, രണ്ടുവർഷം വീട്ടിലിരുന്നതിനുശേഷം, 2022-ൽ ബബ്ലു കൊൽക്കൊത്തയുടെ പ്രാന്തപ്രദേശത്തുള്ള നരേന്ദ്രപുരിലെ ബ്ലൈൻഡ് ബോയ്സ് അക്കാദമിയിലേക്ക് മാറി. “ഒരു രാത്രിയുണ്ടായ സംഭവം എന്നെ വല്ലാതെ ഭയപ്പെടുത്തി. സ്കൂളിന്റെ അടിസ്ഥാനസൌകര്യങ്ങളൊക്കെ മോശമായിരുന്നു, വിദ്യാർത്ഥികളെ രാത്രി ഒറ്റയ്ക്കാക്കുകയും ചെയ്തിരുന്നു. ആ സംഭവത്തിനുശേഷം, വീട്ടിലേക്ക് തിരിച്ചുകൊണ്ടുപോകാൻ ഞാൻ അച്ഛനമമ്മാരോട് ആവശ്യപ്പെട്ടു,” ബബ്ലു പറയുന്നു.
പുതിയ സ്കൂളിൽ സംഗീതം അഭ്യസിക്കാൻ ബബ്ലുവിന് പ്രോത്സാഹനം ലഭിച്ചു. ഫ്ലൂട്ടും സിന്തസൈസറും വായിക്കാൻ പഠിച്ചതോടെ സ്കൂളിന്റെ ഓർക്കസ്ട്രയിലും ഇടം കണ്ടെത്തി. ഇപ്പോൾ ചടങ്ങുകളിലും മറ്റും അയാൾ അവ വായിക്കാറുണ്ട്. പുരുളിയയിലെ കലാകാരന്മാർ പാടിയ പാട്ടുകൾക്കും സംഗീതം റിക്കാർഡ് ചെയ്തിട്ടുണ്ട്. ഓരോ സ്റ്റുഡിയോ റിക്കാർഡിംഗിനും 500 രൂപവെച്ച് ലഭിക്കുന്നു. എന്നാൽ അതൊരു സ്ഥായിയായ വരുമാനമല്ലെന്ന് ബബ്ലു പറയുന്നു.
“ഒരു തൊഴിലായി സംഗീതം എനിക്ക് ഏറ്റെടുക്കാൻ പറ്റില്ല. അതിനുവേണ്ടി മാത്രമായി ചിലവഴിക്കാൻ ആവശ്യമായ സമയവും എനിക്കില്ല. പൈസയില്ലാത്തതുകൊണ്ട് ആവശ്യത്തി് പഠിക്കാനും സാധിച്ചില്ല. എന്റെ കുടുംബത്തെ നോക്കേണ്ടത് ഇപ്പോൾ എന്റെ ഉത്തരവാദിത്തമാണ്,” ബബ്ലു പറഞ്ഞവസാനിപ്പിച്ചു.
പരിഭാഷ: രാജീവ് ചേലനാട്ട്