സമയം ഉച്ചയോടടുക്കുന്നു. ഗോലാപി ഗോയാരി എന്ന നർത്തകി വീട്ടിൽ കാത്തിരിക്കുകയാണ്. ശരീരത്തിന് ചുറ്റും മഞ്ഞവരകളുള്ള ഡോഖോണ ചുറ്റുകയായിരുന്നു അവർ. അപ്പോഴാണ് സ്കൂളിൽ പോകുന്ന എട്ട് പെൺകുട്ടികൾ എത്തിയത്. നർത്തകിയുടെ വസ്ത്രത്തിന് ചേരുന്ന ഡൊഖോനകളും ചുവന്ന അരോനായിസും (ളോഹ പോലെയുള്ള വസ്ത്രം) ധരിച്ചിരുന്നു അവർ എട്ടുപേരും. അസമിലെ ബോഡോ സമുദായത്തിന്റെ പാരമ്പര്യവേഷമാണ് അത്.
“ഞാനീ പെൺകുട്ടികളെ ബോഡോ നൃത്തം പഠിപ്പിക്കുന്നുണ്ട്,” സ്വയം ഒരു ബോഡോ ഗോത്രക്കാരിയും, ബക്സ ജില്ലയിലെ ഗോൾഗാംവ് ഗ്രാമത്തിലെ നിവാസിയുമായ ഗോലാപി പറഞ്ഞു.
ബോഡോലാൻഡിലെ ബക്സയും, കോക്രഝാർ, ഉഡാൽഗുരി, ചിരാംഗ് ജില്ലകൾ ചേരുന്നതാണ് ഔദ്യോഗികമായ ബോഡോലാൻഡ് ടെറിട്ടോറിയൽ റീജ്യൺ (ബി.ടി.ആർ). അസമിലെ മറ്റ് തനത് സമുദായങ്ങൾക്കിടയിൽ, പട്ടികഗോത്രമായി അടയാളപ്പെട്ട ബോഡൊ ജനത താമസിക്കുന്ന സ്വയംഭരണാവകാശമുള്ള പ്രദേശമാണ് ബി.ടി.ആർ. ഭൂട്ടാനിലേയും അരുണാചൽ പ്രദേശിലേയും കുന്നുകൾക്കടിയിലായി, ബ്രഹ്മപുത്ര നദിയുടെ തീരത്താണ് പ്രദേശം സ്ഥിതി ചെയ്യുന്നത്.
“പ്രാദേശിക ഉത്സവങ്ങൾക്കും പരിപാടികൾക്കും അവർ നൃത്തം അവതരിപ്പിക്കാറുണ്ട്,” മുപ്പതുകളുടെ തുടക്കത്തിലെത്തിയ ഗോലാപി പറയുന്നു. 2022 നവംബറിൽ, ഉപേന്ദ്ര നാഥ് ട്രസ്റ്റിന്റെ *യു.എൻ.ബി.ടി) 19-ആമത് യു.എൻ.ബ്രഹ്മ സോൾജർ ഓഫ് ഹ്യൂമാനിറ്റി അവാർഡ് നേടിയ, പത്രപ്രവർത്തകനും, പാരി ഫൌണ്ടർ എഡിറ്ററുമായ പി.സായ്നാഥിനെ ആദരിക്കുന്നതിനായി, സ്വന്തം വീട്ടിൽ ഒരു നൃത്തപരിപാടി സംഘടിപ്പിക്കാൻ അവർ മുന്നോട്ട് വന്നിരുന്നു.


