മഹുവയുടെ (മധുക ലോംഗിഫോലിയ) സീസൺ ഹ്രസ്വമായ രണ്ടോ മൂന്നോ മാസം മാത്രം നീണ്ടുനിൽക്കുന്ന ഒന്നാണ്. വേനലിന്റെ ആരംഭത്തിൽ, മധ്യേന്ത്യയിൽ കണ്ടുവരുന്ന ഈ വലിയ മരങ്ങൾ അവയുടെ വിലയേറിയ പൂക്കൾ കൊഴിക്കുന്നു.
ഇളം മഞ്ഞനിറത്തിലുള്ള പൂവിന്റെ ശേഖരണം ഒരു ആഘോഷമാണ്. ചത്തീസ്ഗഢിലെ മുഴുവൻ കുടുംബങ്ങളും, കുട്ടികളടക്കം, കാട്ടിലെ നിലത്തുനിന്ന് ഈ പൂക്കൾ ശേഖരിക്കുന്ന തൊഴിലിൽ ഏർപ്പെടുന്നതായി കാണാം. “അദ്ധ്വാനമുള്ള പണിയാണ്”, ഭൂപിന്ദർ പറയുന്നു. “ഞങ്ങൾ അതിരാവിലെയും പിന്നെ വൈകീട്ടും മഹുവ ശേഖരിക്കുന്നു”. ധംതാരി ജില്ലയിലെ ചനഗാംവിൽനിന്ന് തന്റെ രക്ഷിതാക്കളുടെ കൂടെ വന്നിരിക്കുകയാണ് അയാൾ. ധാരാളം ആളുകൾ ഒരുമിച്ച് കൂടുന്നതിനാൽ അതൊരു ആഘോഷത്തിന്റെ അന്തരീക്ഷം നൽകുന്നു.
ആ കാലത്ത്, മഹുവയുടെ പരിമളം പ്രദേശമാകെ വ്യാപിക്കും. റായ്ഗഢ് ജില്ലയിലെ ധരംജയ്ഗഢിൽനിന്ന് ചത്തീസ്ഗഢിന്റെ തലസ്ഥാനമായ റായ്പുർവരെ സഞ്ചരിക്കുന്ന ഗ്രാമീണർ, വഴിയിലുള്ള നൂറുകണക്കിന് മഹുവ മരങ്ങൾക്കടിയിലുള്ള പൂക്കൾ പറിക്കുന്ന തിരക്കിലാണ്. ധാന്യപ്പൊടിയും മദ്യവും ഉണ്ടാക്കാനും മറ്റാവശ്യങ്ങൾക്കുമായി അവർ ആ പൂക്കൾ ഉണക്കി ശേഖരിച്ച് വെക്കും.
“കാട്ടിൽനിന്ന് ഞങ്ങൾ ശേഖരിക്കുന്ന പ്രധാനപ്പെട്ട വിഭവമാണ് മഹുവ. പട്ടിണിയുടെ കാലത്ത് ഭക്ഷണമായി ഉപയോഗിക്കും. ആർക്കെങ്കിലും പൈസയ്ക്ക് ആവശ്യം വന്നാൽ മഹുവ വിൽക്കുകയും ചെയ്യാം”, സാമൂഹികപ്രവർത്തകനും അംബികാപുരത്തെ ഗോത്രനേതാവുമായ ഗംഗാറാം പൈങ്കര പറഞ്ഞു. കൂലിയൊന്നും കിട്ടാത്ത ക്ഷാമകാലത്ത് ആളുകൾ ഈ മഹുവപൂക്കളെ ആശ്രയിക്കുന്നതിനെ സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
‘കാട്ടിൽനിന്ന് ഞങ്ങൾ ശേഖരിക്കുന്ന പ്രധാനപ്പെട്ട വിഭവമാണ് മഹുവ. പട്ടിണിയുടെ കാലത്ത് ഭക്ഷണമായി ഉപയോഗിക്കും. ആർക്കെങ്കിലും പൈസയ്ക്ക് ആവശ്യം വന്നാൽ കുറച്ച് വിൽക്കുകയും ചെയ്യാം'
“ഈ പൂക്കളിൽനിന്നുണ്ടാക്കുന്ന മദ്യം ഗോത്രജനങ്ങൾ ആസ്വദിക്കാറുണ്ട്. ഞങ്ങളുടെ ദൈവാരാധനയിലെ ഒരു അവശ്യഘടകമാണ് ഇവ”, ഗംഗാറാം പറഞ്ഞു.
ഏറെ നേരം പൂക്കൾ പറിക്കാൻ ചിലവഴിക്കുന്നതുകൊണ്ട് മറ്റ് ചില പ്രശ്നങ്ങളുമുണ്ട്. “പുറവും, കാലും, മുട്ടും അരയുമൊക്കെ വേദനിക്കും”, ഭൂപിന്ദർ സൂചിപ്പിച്ചു.
ഒരു കിലോഗ്രാം ഉണങ്ങിയ പൂക്കൾക്ക് 30 രൂപ, അഥവാ, ഒരു ക്വിന്റലിന് 3,000 രൂപ എന്ന കണക്കിൽ ചത്തീസ്ഗഢ് സർക്കാർ ഒരു മിനിമം താങ്ങുവില നിശ്ചയിച്ചിട്ടുണ്ട്.
മധ്യേന്ത്യൻ സംസ്ഥാനമായ ചത്തീസ്ഗഡിന് പുറമേ, മധ്യ പ്രദേശ്, ജാർഘണ്ട്, ഒഡിഷ, മഹാരാഷ്ട്ര, തെലുങ്കാന, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളിലും, മ്യാന്മാർ, നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ് ദൂരദിക്കുകളിൽപ്പോലും മഹുവ മരങ്ങൾ കണ്ടുവരുന്നു.
പരിഭാഷ: രാജീവ് ചേലനാട്ട്