രജൌരി ജില്ലയിലെ പെരി എന്ന ഗ്രാമത്തിൽനിന്ന് 150-ഓളം മൃഗങ്ങളുമായി അബ്ദുൾ ലത്തീഫ് ബജ്രാൻ പുറപ്പെട്ടത് മേയ് ആദ്യമായിരുന്നു. ആടുകൾ, ചെമ്മരിയാടുകൾ, കുതിരകൾ, ഒരു നായ എന്നിവയുമായി, കശ്മീരിലെ പർവ്വതങ്ങളിലെ ഉയരങ്ങളിലുള്ള മേച്ചിൽപ്പുറങ്ങൾ തേടിയാണ് അയാൾ ഗ്രാമം വിട്ടത്. മകൻ താരിഖിനെയും മറ്റ് ചിലരെയും അയാൾ കൂടെ കൂട്ടി. “ആരോഗ്യമില്ലാത്ത ചില മൃഗങ്ങളോടൊപ്പം കുടുംബത്തെ (ഭാര്യയേയും പുത്രവധുവിനേയും) ഞാൻ ഒരു ചെറിയ ട്രക്കിൽ ഭക്ഷണവും അവശ്യസാധനങ്ങളും താമസിക്കാനുള്ള സാമഗ്രികളുമായി അയച്ചു“, ജമ്മുവിൽനിന്നുള്ള 65 വയസ്സുള്ള ആ ഇടയൻ പറഞ്ഞു.
എന്നാൽ രണ്ടാഴ്ചകൾക്കുശേഷം “അവരെ വയിലിൽവെച്ച് കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി” എന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. ഇന്ത്യാ-പാകിസ്താൻ അതിർത്തിയിലുള്ള മിനിമാർഗ്ഗിൽ അവരെത്തി വേനൽത്താവളം ഒരുക്കിയിട്ടുണ്ടാകും എന്നായിരുന്നു അദ്ദേഹം കരുതിയത്.
എന്നാൽ, ലക്ഷ്യസ്ഥാനത്തുനിന്ന്, 15 ദിവസം അകലെയായിരുന്നു അവരപ്പോഴും. കാലാവസ്ഥ കാരണമാണ് അവർ യാത്ര നിർത്തിയെതെന്ന് അദ്ദേഹം സൂചിപ്പിച്ചു. മിനിമാർഗ്ഗിലെത്താനുള്ള സോജില പാസ്സിലെ മഞ്ഞുരുകാൻ വേണ്ടി കാത്തുനിൽക്കുകയായിരുന്നു അവർ.
ജമ്മു മേഖലയിൽ എല്ലാ വർഷവും വേനൽ വരികയും പുല്ലിന് ദൌർല്ലഭ്യം നേരിടുകയും ചെയ്യുമ്പോൾ ബക്കർവാളുകളെപ്പോലുള്ള ഇടയസമൂഹം പുതിയ മേച്ചിൽപ്പുറങ്ങൾ തേടി കശ്മീരിലേക്ക് യാത്രയാവും. അവിടെ തണുപ്പ് തുടങ്ങുന്ന ഒക്ടോബറിൽ അവർ തിരിച്ചുവരികയും ചെയ്യും.
ഉയരത്തിലുള്ള മേച്ചിൽപ്പുറങ്ങൾ മഞ്ഞിൽപ്പുതച്ച് കിടന്നാൽ, അബ്ദുളിനെപ്പോലെയുള്ള ഇടയർ താഴേക്കും മുകളിലേക്കും പോകാനാകാതെ കുടുങ്ങിപ്പോകും. കാരണം, ഗ്രാമത്തിൽ മേച്ചിൽപ്പുറങ്ങളുണ്ടാവില്ല. മുകളിലേക്ക് പോകാനുമാവില്ല.
മൊഹമ്മദ് കാസിമും ഇതേ അവസ്ഥയിലാണ്. മുകളിലേക്ക് പോകുന്നതിന് മുമ്പുതന്നെ, അസമയത്തുള്ള ചൂടിൽ അയാൾക്ക് മൃഗങ്ങളെ നഷ്ടപ്പെടുകകൂടി ചെയ്തിരുന്നു. ‘ചൂട് കാലത്ത്, ഞങ്ങളുടെ ആടുകളും ചെമ്മരിയാടുകളും പനിയും വയറിളക്കവും ബാധിച്ച് ക്ഷീണിക്കും. അവ ചാവുകയും ചെയ്യും”, 65 വയസ്സുള്ള കാസിം പറയുന്നു.
വേനലിന്റെ തുടക്കത്തിലെ അപ്രതീക്ഷിതമായ ചൂടിൽ നിരവധി മൃഗങ്ങൾക്ക് അസുഖം ബാധിച്ചതിനാൽ, ജമ്മുവിലെ രജൌരി ജില്ലയിലെ ആന്ധ് ഗ്രാമത്തിൽനിന്നുള്ള ആ ബക്കർവാൾ യാത്ര പുറപ്പെടാൻ വൈകിയിരുന്നു. 50 ആടുകളേയും ചെമ്മരിയാടുകളേയുമാണ് അദ്ദേഹത്തിന് നഷ്ടമായത്.
യാത്രയാരംഭിക്കാൻ കാത്തിരിക്കുമ്പോൾ, കശ്മീർ താഴ്വരയിലെത്തിക്കഴിഞ്ഞ കൂട്ടത്തിലുള്ള മറ്റൊരു ഇടയനായ ലിയാഖത്തുമായി കാലാവസ്ഥയെക്കുറിച്ച് നിരന്തരം അന്വേഷിക്കുന്നുണ്ടായിരുന്നു. “മോശമാണെന്നായിരുന്നു എപ്പോഴും മറുപടി”. മൊബൈൽ നെറ്റ്‌വർക്ക് മോശമായതിനാൽ, ലിയാഖത്തിനെ ഫോണിൽ കിട്ടാൻ ബുദ്ധിമുട്ടായിരുന്നു.
താഴ്വരയിൽ അപ്പോഴും മഞ്ഞുണ്ടെന്നറിഞ്ഞപ്പോൾ ഗ്രാമത്തിൽനിന്ന് യാത്ര തിരിക്കാൻ കാസിം മടിച്ചു. ചൂടിൽ മൃഗങ്ങൾ ക്ഷീണിതരായതിനാൽ പ്രത്യേകിച്ചും. ആടുകൾക്ക് അതിശൈത്യവും താങ്ങാൻ കഴിയില്ല. അവ ചത്തുപോയേക്കാം. ചെമ്മരിയാടുകൾക്ക് അല്പം പിടിച്ചുനിൽക്കാൻ കഴിഞ്ഞേക്കും.
എന്നാൽ കാത്തിരുന്ന് ഏറെ ദിവസങ്ങൾ നഷ്ടമായതിനാൽ, മറ്റ് ബക്കർവാൾ കുടുംബങ്ങളോടൊപ്പം വയിലിൽവെച്ച് ചേരുന്നതിനായി അദ്ദേഹം ഒടുവിൽ, മൃഗങ്ങളെ ട്രക്കിൽ കയറ്റി യാത്രയായി. ജമ്മുവിൽ ചൂട് തുടങ്ങിയിരുന്നു. അത് അദ്ദേഹത്തെ ആശങ്കയിലാക്കി.
“ഇവിടെനിന്ന് വേഗം പോയില്ലെങ്കിൽ ബാക്കിയുള്ളവകൂടി ചത്തുപോയേക്കും” എന്ന് താൻ കരുതിയതായി അദ്ദേഹം ഓർമ്മിച്ചു.
രണ്ടാഴ്ച പിന്നിലായിരുന്നു കാസിം. എന്നാൽ ഭാഗ്യപരീക്ഷണത്തിനൊന്നും മുതിർന്നില്ല. “എന്റെ മൃഗങ്ങളെ കലാകോട്ടെയിൽനിന്ന് ഗണ്ടെർബാളിലേക്ക് (229 കിലോമീറ്റർ) കൊണ്ടുപോകാൻ 35,000 രൂപ കൊടുത്തു”
വളർത്തുമൃഗങ്ങളുടെ സുരക്ഷയെക്കരുതി, മിനിമാർഗ്ഗിലേക്ക് പോകാൻ അബ്ദുൾ ഒരു മാസം വൈകി. “ഇക്കൊല്ലം കശ്മീരിലെ ഉയർന്ന പ്രദേശങ്ങളിൽ ഇപ്പോഴും മഞ്ഞുണ്ട്” എന്നതായിരുന്നു കാരണം. ഒടുവിൽ ജൂൺ 12-നാണ് ഇടയന്മാരും കുടുംബവും അവിടെയെത്തിയത്.
മഞ്ഞുമാത്രമല്ല, യാത്രാമാർഗ്ഗത്തിലെ കനത്ത മഴയും അബ്ദുളിന്റെ മൃഗങ്ങൾക്ക് നാശമുണ്ടാക്കി. “തെക്കൻ കശ്മീരിലെ ഷോപ്പിയാൻ പ്രദേശത്തുണ്ടായ മിന്നൽപ്രളയത്തിൽ എനിക്ക് 30 ചെമ്മരിയാടുകളെ നഷ്ടപ്പെട്ടു”, അദ്ദേഹം പറഞ്ഞു. ഈ വർഷം മിനിമാർഗ്ഗിലേക്കുള്ള യാത്രയിലാണ് അത് സംഭവിച്ചത്. “ഷോപ്പിയാൻ ജില്ലയിലെ മുഗൾ റോഡിൽനിന്ന് ഞങ്ങൾ വരുകയായിരുന്നു. പെട്ടെന്ന് ശക്തിയായി മഴ പെയ്യാൻ തുടങ്ങി. അഞ്ച് ദിവസം അത് തുടർന്നു”.
മേയ് അവസാനത്തിലും ജൂൺ ആദ്യവാരത്തിലും ഇത്രയധികം ശക്തമായ മഴ ജീവിതത്തിൽ ആദ്യമായിട്ടാണ് കാണുന്നതെന്ന്, കുട്ടിക്കാലം മുതൽ, എല്ലാ വേനലിലും ജമ്മുവിൽനിന്ന് കശ്മീരിലേക്ക് പോയിക്കൊണ്ടിരിക്കുന്ന അബ്ദുൾ പറഞ്ഞു. മലകളിലേക്ക് പോകാതെ, കുറേ ദിവസം കുടുംബം വയിലിൽത്തന്നെ തങ്ങിയതിൽ ഇപ്പോൾ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. “(മിനിമാർഗ്ഗിലേക്കുള്ള വഴിയിലെ) ഭീമാകാരമായ സോജില്ല മുറിച്ചുകടക്കുമ്പോൾ കൂടുതൽ ചെമ്മരിയാടുകൾ നഷ്ടമാകാൻ ഞാൻ ആഗ്രഹിച്ചില്ല”.
ഷോപ്പിയാനിലൂടെയുള്ള പഴയ മുഗൾ പാതയാണ് പരമ്പരാഗതമായി ഇടയ സമുദായങ്ങളുടെ യാത്രാപഥം.
പുൽമേടുകൾക്ക് പകരം മഞ്ഞ് കണ്ടപ്പോൾ, “ഞങ്ങൾ ടെന്റ് കെട്ടാനും അഭയം തേടാനും ഒരു സ്ഥലം അന്വേഷിച്ചു. സാധാരണയായി, അടുത്തുള്ള വലിയ മരങ്ങളോ മൺകുടിലുകളോ ആണ് ഞങ്ങൾ തിരയാറുള്ളത്”, അബ്ദുൾ പറഞ്ഞു. “നിങ്ങൾക്ക് ഭാഗ്യമുണ്ടെങ്കിൽ എന്തെങ്കിലും കിട്ടും. അല്ലെങ്കിൽ, തുറസ്സായ സ്ഥലത്ത് ടെന്റ് കെട്ടി, മഴ പെയ്യുമ്പോൾ നനയേണ്ടിവരും”. ആകാവുന്നത്ര മൃഗങ്ങളെ രക്ഷിക്കേണ്ടത് അത്യാവശ്യമാണ്. എല്ലാവർക്കും അവരവരുടെ ജീവൻ വിലപ്പെട്ടതാണല്ലോ”, അദ്ദേഹം പറഞ്ഞു.
സാധാരണയായി ഇടയന്മാർ ആഴ്ചകളോളം കഴിയാനുള്ള ഭക്ഷണവുമായിട്ടാണ് യാത്ര ചെയ്യാറുള്ളതെങ്കിലും, മോശം കാലാവസ്ഥയിൽ, ശുദ്ധജലം കിട്ടാൻ ബുദ്ധിമുട്ടാണ്. “തീവ്രമായ കാലാവസ്ഥയിൽ പെട്ടുപോയാൽ, പ്രധാന പ്രശ്നം വെള്ളം കിട്ടാത്തതാണ്. മഞ്ഞ് പെയ്താൽ, വെള്ളം കണ്ടെത്താൻ ബുദ്ധിമുട്ടാണ്. അപ്പോൾ എന്ത് വെള്ളം കിട്ടിയാലും, തിളപ്പിച്ച് ഉപയോഗിക്കുകയേ നിവൃത്തിയുള്ളു”, താരിഖ് അഹമ്മദ് പറയുന്നു.
ഈ വർഷം വളരെ വൈകിയാണ് താഴ്വരയിലേക്ക് പോകുന്നതെന്ന് മറ്റ് ബക്കർവാളുകളും പറയുന്നു. “ഈ വർഷം (2023) മേയ് 1-നാണ് ഞങ്ങൾ രജൌരിയിൽനിന്ന് യാത്ര ആരംഭിച്ചത്. 20 ദിവസത്തോളം പഹൽഗാമിൽ പെട്ടു മഞ്ഞുരുകുന്നതും കാത്ത്”, അബ്ദുൾ വഹീദ് പറയുന്നു. തന്റെ സമുദായത്തിലെ ഒരു സംഘം ഇടയന്മാരെ നയിക്കുന്ന 35 വയസ്സുള്ള ആളാണ് ഇദ്ദേഹം. ലിഡ്ഡർ താഴ്വരയിലൂടെ കോലാഹോയി ഗ്ലേസിയറിലേക്കുള്ള യാത്രയിലാണ് അവർ.
ഈ വഴിയിലൂടെ ലക്ഷ്യസ്ഥാനത്തെത്താൻ സാധാരണയായി 20-30 ദിവസമെടുക്കും. എന്നാൽ അത് കാലാവസ്ഥയെ ആശ്രയിച്ചാണിരിക്കുന്നത്. “കൂടെ കൊണ്ടുവന്ന 40 ചെമ്മരിയാടുകളെ എനിക്ക് നഷ്ടമായി”, 28 വയസ്സുള്ള ഷക്കീൽ അഹമ്മദ് ബർഗാദ് പറയുന്നു. സോനാമാർഗ്ഗിലെ ബൽത്താലിലാണ് അവർക്ക് എത്തേണ്ടതെങ്കിലും, മഞ്ഞുരുകാത്തതിനാൽ മേയ് 7-ന് അവർ വയിലിൽ ടെന്റടിച്ച് കഴിഞ്ഞു. ബൽത്താലിൽനിന്ന് അവർ സോജില്ലയിലെ സീറോ പോയിന്റിലേക്ക് പോകും, പിന്നെ, അടുത്ത മൂന്ന് മാസത്തോളം, മറ്റ് ബക്കർവാൾ കുടുംബത്തോടൊപ്പം അയാൾ അവിടെ കഴിയും. ഒരുമിച്ച് മൃഗങ്ങൾ മേയ്ച്ച്. “ഞങ്ങൾ പോകുന്നത് ഹിമപാതമുള്ള സ്ഥലമായതിനാൽ“, കൂടുതൽ മൃഗങ്ങളെ നഷ്ടപ്പെട്ടേക്കുമെന്ന ആശങ്ക ഷക്കീൽ സൂചിപ്പിച്ചു.
ഫറൂഖ് എന്ന തന്റെ ഒരു സുഹൃത്തിന് കഴിഞ്ഞവർഷമുണ്ടായ മിന്നൽപ്രളയത്തിൽ അയാളുടെ എല്ലാ കുടുംബാംഗങ്ങളേയും മൃഗങ്ങളേയും നഷ്ടപ്പെട്ടത് ഷക്കീൽ ഓർത്തെടുത്തു.
അസമയത്തുള്ള മഴയും മഞ്ഞുമൊന്നും ബക്കർവാളുകൾക്ക് പുതുമയുള്ള കാര്യമല്ല. 2018-ൽ മിനിമാർഗ്ഗിൽ പെട്ടെന്ന് മഞ്ഞ് പെയ്തപ്പോഴുണ്ടായ ഒരു സംഭവം താരിഖ് ഓർമ്മിച്ചു. “”രാവിലെ ഉറക്കമുണർന്നപ്പോൾ ഏകദേശം 2 അടിയോളം മഞ്ഞ് പെയ്ത്, ടെന്റുകളുടെ പ്രവേശനകവാടം മുഴുവൻ അടഞ്ഞുപോയിരുന്നു. അപ്പോൾ കൈയ്യിൽ കിട്ടിയ സാധനങ്ങളെടുത്ത് മഞ്ഞ് വകഞ്ഞുമാറ്റേണ്ടിവന്നു“, അയാൾ പറഞ്ഞു.
പുറത്ത് വന്ന് മൃഗങ്ങളെ നോക്കിയപ്പോഴേക്കും മിക്കതും ചത്തിരുന്നു. “ചെമ്മരിയാടുകളും, ആടുകളും, കുതിരകളും, നായകളും ഒക്കെ ചത്തിരുന്നു. ടെന്റിന് പുറത്ത് കെട്ടിയിരുന്നതിനാൽ അവയ്ക്കൊന്നും രക്ഷപ്പെടാൻ കഴിഞ്ഞില്ല”, താരിഖ് ഓർത്തെടുത്തു.
പരിഭാഷ: രാജീവ് ചേലനാട്ട്