മൂന്ന് വിരലുകളും സമചതുരാകൃതിയിലുള്ള, നനവുള്ള ഒരു കഷ്ണം തുണിയും ഏറെ സൂക്ഷ്മതയും. "വളരെയധികം ശ്രദ്ധിച്ചു ചെയ്യേണ്ട ഒരു ജോലിയാണിത്."
വിജയ, പോത്രെക്കു ഉണ്ടാക്കുന്നത് എങ്ങനെയെന്ന് വിവരിക്കുകയാണ്; ആന്ധ്രാ പ്രദേശിന്റെ (എ.പി) തീരമേഖലയുടെ തനത് മധുരപലഹാരമാണ് പോത്രെക്കുലു. അരിമാവിന്റെ നേർത്ത പാളികളിൽ ശർക്കരയും ഉണങ്ങിയ ഫലങ്ങളും നിറച്ച് ഉണ്ടാക്കുന്ന പോത്രെക്കുലുവിന് ഉത്സവ സീസണിൽ ആവശ്യക്കാരേറെയാണ്. മധുര പലഹാരങ്ങൾ ഉണ്ടാക്കുന്നതിൽ വിദഗ്ധയായ വിജയ, പ്രദേശത്തെ മധുരപലഹാരങ്ങൾ വിൽക്കുന്ന കടകൾക്കായി ദിവസേന ഏകദേശം 200 രേകു ഉണ്ടാക്കി നൽകുന്നുണ്ട്. "പോത്രെക്കു ഉണ്ടാക്കുമ്പോൾ ശ്രദ്ധ മുഴുവനും അതിൽത്തന്നെ ആവണം. അതിനിടെ എനിക്ക് ആരോടും സംസാരിക്കാനാകില്ല," അവർ പാരിയോട് പറയുന്നു.
"എന്റെ വീട്ടിൽ ആഘോഷിക്കുന്ന ഏതൊരു ഉത്സവവും ചടങ്ങും വിശേഷാവസരവും പോത്രെക്കുലു ഇല്ലെങ്കിൽ അപൂർണ്ണമാണ്," ജി. രാമകൃഷ്ണ പറയുന്നു. ആത്രേയപുരത്ത് താമസിക്കുന്ന അദ്ദേഹം ഏതാനും കടകൾക്ക് പാക്ക് ചെയ്യാനുള്ള സാമഗ്രികളും പെട്ടികളും പ്രാദേശികമായി സംഘടിപ്പിച്ച് കൊടുക്കുന്ന ജോലി ചെയ്യുകയാണ്. "നമ്മെ അത്ഭുതപ്പെടുത്തുന്ന ഒരു മധുരപലഹാരമാണ് പോത്രെക്കുലു എന്നതിനാൽ എനിക്ക് അത് ഒരുപാടിഷ്ടമാണ്. ഒറ്റനോട്ടത്തിൽ അതിന് കടലാസിന്റെ പ്രകൃതമായതിനാൽ, കടലാസ്സ് കഴിക്കുകയാണെന്നാണ് നമുക്ക് തോന്നുക. എന്നാൽ അല്പം എടുത്ത് രുചിക്കുമ്പോൾ അത് വായിൽ അലിഞ്ഞുപോകും. ഇതുപോലെ മറ്റൊരു മധുരപലഹാരം ലോകത്തില്ലെന്നാണ് എനിക്ക് തോന്നുന്നത്," അദ്ദേഹം അഭിമാനത്തോടെ പ്രഖ്യാപിക്കുന്നു.
എ.പിയിലെ ഡോക്ടർ ബി.ആർ അംബേദ്ക്കർ കോണസീമ ജില്ലയിൽ കൃഷി ചെയ്യുന്ന അരി ചേർക്കുന്നതാണ്, ഏറെ ശ്രദ്ധയോടെ തയ്യാറാക്കുന്ന ഈ മധുരപലഹാരത്തിന് അതിന്റെ സവിശേഷമായ രുചി പകരുന്നത്. "ഈ അരിക്ക് ഒട്ടലുള്ളതുകൊണ്ട്, രേകു (അരിമാവിന്റെ പാളി) ഉണ്ടാക്കാനല്ലാതെ മറ്റൊന്നിനും ആരും ഇത് എടുക്കാറില്ല," രാമചന്ദ്രപുരം ബ്ലോക്കിലെ ആത്രേയപുരം ഗ്രാമത്തിൽ താമസിക്കുന്ന, കായല വിജയ കോട്ട സരസ്വതി എന്ന ഈ മധുരപലഹാര നിർമ്മാതാവ് പറയുന്നു. ആത്രേയപുരത്ത് ഉണ്ടാക്കുന്ന പോത്രെക്കുവിനാണ് 2023-ൽ ഭൗമസൂചികാ പദവി ലഭിച്ചത്. വിശാഖപട്ടണത്ത് പ്രവർത്തിക്കുന്ന സർ ആർതർ കോട്ടൺ ആത്രേയപുരം പോത്രെക്കുലു മാനുഫാക്ച്ചറേഴ്സ് വെൽഫയർ അസോസിയേഷന് 2023 ജൂൺ 14-ന് ഭൗമസൂചികാ പദവി സമ്മാനിക്കപ്പെട്ടു.
സംസ്ഥാനത്ത് ഭൗമസൂചികാ പദവി ലഭിക്കുന്ന മൂന്നാമത്തെ ഭക്ഷ്യവിഭവമാണ് പോത്രെക്കു (തിരുപ്പതി ലഡുവും ബന്ദാർ ലഡുവുമാണ് മറ്റ് രണ്ടെണ്ണം). കരകൗശലവസ്തുക്കൾ, ഭക്ഷ്യവിഭവങ്ങൾ, കൃഷിയുമായി ബന്ധപ്പെട്ട സാധനങ്ങൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി എ.പിയിൽനിന്നുള്ള 21 ഉത്പന്നങ്ങൾക്ക് ഭൗമസൂചികാ പദവി ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം, പോത്രെക്കുവിനോപ്പം ഗോവയിൽനിന്നുള്ള ബേബിൻക എന്ന മധുരപലഹാരത്തിനും ഭൗമസൂചികാ പദവി സമ്മാനിക്കപ്പെട്ടിരുന്നു. മൊറേനയിൽനിന്നുള്ള ഗജക്, മുസാഫർനഗറിന്റെ ഗുർ (ശർക്കര) എന്നിവയ്ക്കും നേരത്തെ ഈ അംഗീകാരം കിട്ടിയിട്ടുണ്ട്.




















