ഏഴ് ഘട്ട വോട്ടെടുപ്പിന്റെ ആദ്യഘട്ടമായ ഏപ്രിൽ 19-ന് ഗഡ്ചിറോളി ലോകസഭാമണ്ഡലം വോട്ട് രേഖപ്പെടുത്തിയതിന് ഒരാഴ്ച മുമ്പ്, ജില്ലയിലെ 12 തെഹ്സിലുകളിലായി 1450 ഗ്രാമപഞ്ചായത്തുകൾ, കോൺഗ്രസ് സ്ഥാനാർത്ഥി ഡോ. നാംദേവ് കിർസനിന് ഉപാധികളോടെയുള്ള പിന്തുണ പ്രഖ്യാപിച്ചു. ഇതിനുമുമ്പൊരിക്കലും ഇതുപോലൊരു സംഭവമുണ്ടായിട്ടില്ല.
അങ്ങിനെ പറയാനുള്ള കാരണം, ജില്ലയിലെ ഗോത്രസമൂഹം ഒരിക്കലും പരസ്യമായി രാഷ്ട്രീയചായ്വ് കാണിക്കാറില്ല എന്നതാണ്. ജില്ലാതല ഫെഡറേഷൻവഴി ഗ്രാമസഭ നൽകിയ ഈ പിന്തുണ കോൺഗ്രസ്സിനെ അത്ഭുതപ്പെടുത്തുകയും, തുടർച്ചയായ മൂന്നാം വട്ടം ജനവിധി തേടുന്ന നിലവിലെ എം.പി. അശോക് നേതെയുടെ ഭാരതീയ ജനതാപാർട്ടിയെ പരിഭ്രാന്തിയിലാക്കുകയും ചെയ്തു.
കോൺഗ്രസ് സ്ഥാനാർത്ഥിയും നേതാക്കന്മാരും യോഗം തുടങ്ങുന്നതും കാത്ത്, ഗ്രാമസഭകളുടെ ആയിരത്തിലധികം ഓഫീസ് ഭാരവാഹികളും പ്രതിനിധികളും ഏപ്രിൽ 12-ന് രാവിലെ മുതൽ ഗാഡ്ചിറോളിയിലെ സൂപ്രഭാത് മംഗൾ കാര്യാലയ എന്ന വിവാഹമണ്ഡപത്തിൽ ക്ഷമയോടെ കാത്തുനിന്നു. ജില്ലയുടെ തെക്ക്-കിഴക്കൻ ബ്ലോക്കായ ഭാംറാഗഡിലെ, മാഡിയ എന്ന അതീവദുർബ്ബല ഗോത്രവിഭാഗത്തിൽനിന്നുള്ള അഭിഭാഷ -ആക്ടിവിസ്റ്റ് ലാൽസു നൊഗോട്ടി അവരുടെ ഉപാധികൾ കിർസനെ ശാന്തമായി വായിച്ചുകേൾപ്പിച്ചു. അദ്ദേഹം അത് സ്വീകരിക്കുകയും പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ നടപ്പാക്കാമെന്ന് വാക്ക് കൊടുക്കുകയും ചെയ്തു.
വിവിധ ആവശ്യങ്ങളിലൊന്ന്, ജില്ലയിലെ വനപ്രദേശങ്ങളിലെ തുടർച്ചയായ, അശ്രദ്ധയോടെയുള്ള ഖനനം നിർത്തിവെക്കുക, വനാവകാശ നിയമങ്ങൾ സൌഹൃദപരമാക്കുക, ഗ്രാമത്തിന് സാമൂഹിക വനാവകാശങ്ങൾ (കമ്മ്യൂണിറ്റി ഫോറസ്റ്റ് റൈറ്റ്-സി.എഫ്.ആർ), പൂർവ്വകാലപ്രാബല്യത്തോടെ നൽകുക, ഇന്ത്യൻ ഭരണഘടനയോട് തികഞ്ഞ കൂറ് പ്രഖ്യാപിക്കുക എന്നിവയായിരുന്നു.
“ഞങ്ങളുടെ പിന്തുണ ഈ തിരഞ്ഞെടുപ്പിന് മാത്രമാണ്, ഈ വാഗ്ദാനങ്ങളിൽ പിറകോട്ട് പോയാൽ, ഞങ്ങൾ, ജനങ്ങൾ ഭാവിയിൽ വ്യത്യസ്തമായ നിലപാടെടുക്കും”, എന്ന് കത്തിൽ വ്യക്തമായി സൂചിപ്പിച്ചിരുന്നു.
എന്തുകൊണ്ടാണ് ഗ്രാമസഭകൾ ഈ നടപടിയെടുത്തത്?
“ഖനികൾ നൽകുന്നതിനേക്കാൾ കൂടുതൽ റോയൽറ്റി ഞങ്ങൾ കൊടുക്കാം.” പണ്ടത്തെ കോൺഗ്രസ് നേതാവും പ്രഗത്ഭനായ ഗോത്ര ആക്ടിവിസ്റ്റുമായ സൈനു ഗോട്ട പറയുന്നു. “മേഖലയിലെ കാട് വെട്ടിത്തെളിക്കുകയും ഖനികൾ കുഴിക്കുകയും ചെയ്യുന്നത് ഗുരുതരമായ തെറ്റാവും.”










