“ഒരു ഓറിയന്റൽ ഷമയുടെ വിളി ഞാൻ ഇപ്പോൾ കേട്ടതേയുള്ളു”.
മിക്ക റായി ആകെ ആവേശത്തിലായിരുന്നു. സംഗീതമധുരമായ കുറുമൊഴികളായിട്ടാണ് അദ്ദേഹം അതിനെ വിശേഷിപ്പിക്കുന്നത്.
എന്നാൽ ആവേശത്തോടൊപ്പംതന്നെ, കറുപ്പും വെളുപ്പും മഞ്ഞയും കലർന്ന ആ ചെറിയ പക്ഷിയെക്കുറിച്ച് അദ്ദേഹത്തിന്റെ ശബ്ദത്തിൽ ആകാംക്ഷയും ഉണ്ടായിരുന്നു. “സാധാരണയായി ഇവയെ താഴെയാണ് (900 മീറ്ററിൽ) കണ്ടുവന്നിരുന്നതെങ്കിലും ഈയിടെയായി മുകളിൽനിന്നാണ് (2,000 മീറ്റർ) ശബ്ദം കേൾക്കുന്നത്”. അരുണാചൽ പ്രദേശിലെ ഈഗിൾനെസ്റ്റ് വന്യജീവി സങ്കേതത്തിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടായി പക്ഷികളെ നിരീക്ഷിച്ചുവരുന്ന 30 വയസ്സുള്ള ഫീൽഡ് ഉദ്യോഗസ്ഥൻ പറഞ്ഞു.
അരുണാചൽ പ്രദേശിന്റെ പശ്ചിമ കാമെംഗ് ജില്ലയിലെ ട്രോപ്പിക്കൽ മലനിരകളിലെ വനങ്ങളിലുള്ള പക്ഷിവർഗ്ഗങ്ങളെപ്പറ്റി കഴിഞ്ഞ 10 കൊല്ലമായി പഠിച്ചുകൊണ്ടിരിക്കുന്ന ശാസ്ത്രജ്ഞന്മാരുടേയും ഗവേഷകരുടേയും ഫീൽഡ് ഉദ്യോഗസ്ഥരുടേയും സംഘത്തിലെ അംഗമാണ് മിക്ക.
“ഇതാണ് വെള്ളവാലൻ റോബിൻ. പരമാവധി 1,800 മീറ്റർ ഉയരത്തിലായിരുന്നു ഇവയുടെ വാസം. എന്നാൽ കഴിഞ്ഞ മൂന്ന് നാല് കൊല്ലമായി 2,00 മീറ്റർ ഉയരത്തിലാണ് ഇവയെ കണ്ടുവരുന്നത്”, കറുപ്പും കടുംനീലയും നിറവും വാലിൽ വെളുത്ത വരകളുമുള്ള ഒരു പക്ഷിയെ കൈയ്യിൽ പിടിച്ചുകൊണ്ട് ഡോ. ഉമേഷ് ശ്രീനിവാസൻ പറഞ്ഞു.
ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിട്യൂറ്റ് ഓഫ് സയൻസിലെ(ഐ.ഐ.എസ്.സി) പക്ഷി ശാസ്ത്രജ്ഞനായ ശ്രീനിവാസനാണ് അരുണാചൽ പ്രദേശിലെ സംഘത്തെ നയിക്കുന്നത്. “കഴിഞ്ഞ 12 വർഷങ്ങളായി, ഹിമാലയത്തിലെ പക്ഷിവർഗ്ഗങ്ങൾ അവയുടെ വാസസ്ഥലം മാറ്റിക്കൊണ്ടിരിക്കുകയാണ്”, അദ്ദേഹം പറഞ്ഞു.
താപനില ഉയരുന്നതിനെക്കുറിച്ച് ആശങ്കപ്പെടുകയും അത് പരിഹരിക്കാനുള്ള മാർഗ്ഗങ്ങളന്വേഷിക്കുകയും ചെയ്യുന്ന പ്രാദേശിക ജനതയ്ക്ക്, സംഘത്തിലുള്ള നാട്ടുകാരുടെ സാന്നിദ്ധ്യം പ്രചോദനം നൽകിയിട്ടുണ്ട് (ഈ കഥയുടെ വരാൻ പോകുന്ന രണ്ടാം ഭാഗത്തിൽ അതിനെക്കുറിച്ച് വായിക്കാം),
പശ്ചിമ കാമെംഗിലെ സംഘത്തിൽ ആറുപേരുണ്ട്. വാസസ്ഥലത്തിന്റെ നാശവും ഉയരുന്ന താപനിലയും എങ്ങിനെയാണ് പക്ഷികളുടെ സ്വഭാവത്തെ ബാധിക്കുകയും അവയെ ഉയർന്ന പ്രദേശങ്ങളിലേക്ക് നീങ്ങാൻ നിർബന്ധിതമാക്കുകയും ചെയ്യുന്നതെന്ന് മനസ്സിലാക്കാൻ ശ്രമിക്കുകയാണ് പ്രദേശവാസികളും ശാസ്ത്രജ്ഞന്മാരുമടങ്ങുന്ന സംഘം. കോമൺ ഗ്രീൻ മാഗ്പൈയും, നീളവാലൻ ബ്രോഡ്പൈയും സുൽത്താൻ ടിറ്റുമാണ് താഴ്ന്ന പ്രദേശങ്ങളിൽനിന്ന് ഉയർന്ന പ്രദേശങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുന്ന മറ്റ് പക്ഷിവർഗ്ഗങ്ങൾ. ഇത് അവയുടെ അതിജീവന നിരക്കിനേയും ബാധിക്കുന്നുണ്ട്.
“ഇത് ദേശാടനമല്ല”, ആ പക്ഷിശാസ്ത്രജ്ഞൻ മുന്നറിയിപ്പ് തന്നു. “താപനില ഉയരുന്നതുകൊണ്ടാണ് പക്ഷികൾ ഈ വിധത്തിൽ പ്രതികരിച്ച്, മുകളിലേക്ക് നീങ്ങുന്നത്”. മഴക്കാടുകളിൽ ഈ തൂവൽപ്പക്ഷികൾക്ക് ചൂട് കൂടുതൽ അനുഭവപ്പെടുക മാത്രമല്ല ചെയ്യുന്നത്. കഴിഞ്ഞ മൂന്ന് നാല് കൊല്ലമായി മലകളിൽ ചൂട് വർദ്ധിക്കുകയാണ്”, ഐതി താപ്പ പറയുന്നു.
സംഘത്തിലെ പുതിയ അംഗമായ ഈ 20-കാരൻ പശ്ചിമ കാമെംഗ് ജില്ലയിലെ സിംഗ്ചുംഗ് തെഹ്സിലിലുള്ള രാമലിംഗം ഗ്രാമം സ്വദേശിനിയാണ്. അവരുടെ കുടുംബം ഗ്രാമത്തിൽ തക്കാളിയും കാബേജും കടലയും കൃഷി ചെയ്യുന്നു. “ഇപ്പോൾ, മഴപെയ്ത്തിന്റെ രീതി മാറിയതിനാൽ കൃഷി ചെയ്യാനും ബുദ്ധിമുട്ടായിരിക്കുന്നു. പണ്ടത്തെപ്പോലെയല്ല ഇപ്പോഴുള്ള മഴ”,അ വർ പറഞ്ഞു.
ഹിമാലയത്തിലെ ശരാശരി താപനില 1.5 ഡിഗ്രി സെൽഷ്യസ് വർദ്ധിച്ചിട്ടുണ്ടെന്നാണ്, ഹിമാലയത്തിലെ വ്യാപകമായ കാലാവസ്ഥാമാറ്റവും പ്രാദേശിക ആവാസവ്യവസ്ഥയിലുണ്ടാവുന്ന അനുബന്ധ മാറ്റങ്ങളും എന്ന രേഖയിൽ പറയുന്നത്. “ഹിമാലയത്തിലെ ചൂടുവർദ്ധനയുടെ നിരക്ക്, ആഗോള ശരാശരിയേക്കാൾ കൂടുതലാണ്. കാലാവസ്ഥാ മാറ്റത്തിന് ഇരയാവുന്ന പ്രദേശങ്ങളിൽ വലിയൊരു സ്ഥാനം ഹിമാലയത്തിനുണ്ടെന്നതിന്, ഈ രേഖ അടിവരയിടുന്നു” ലോകത്തിലെ ഭൂപ്രദേശങ്ങളിലെ ജൈവവൈവിധ്യത്തിന്റെ 85 ശതമാനവും ഈ മലനിരകളിലായതിനാൽ, സംരക്ഷണപ്രവർത്തനങ്ങൾ നിർണ്ണായകവുമാണ്.
വാസസ്ഥലത്തിന്റെ നാശവും ഉയരുന്ന താപനിലയും എങ്ങിനെയാണ് പക്ഷികളുടെ സ്വഭാവത്തെ ബാധിക്കുകയും അവയെ ഉയർന്ന പ്രദേശങ്ങളിലേക്ക് നീങ്ങാൻ നിർബന്ധിതമാക്കുകയും ചെയ്യുന്നതെന്ന് മനസ്സിലാക്കാൻ ശ്രമിക്കുകയാണ് പ്രദേശവാസികളും ശാസ്ത്രജ്ഞന്മാരും
“മാനവികതയുടെ സ്വാധീനം ലോകത്ത് ഏറ്റവുമധികം ദൃശ്യമാകുന്നത്, ഹിമാലയൻ ജൈവവൈവിധ്യത്തിലാണ്”, എന്ന് ഉമേഷ് പറയുന്നു. അരുണാചൽ പ്രദേശിൽ 218 ചതുരശ്ര കിലോമീറ്ററിലായി വ്യാപിച്ചുകിടക്കുന്ന ഈഗിൾനെസ്റ്റ് വന്യജീവിസങ്കേതത്തിന്റെ അകത്തുള്ള ബൊംഗ്പു ബ്ലങ്ക്സ കാമ്പ്സൈറ്റിലാന് ഉമേഷിന്റെ പരീക്ഷണശാല.
500 മീറ്റർ മുതൽ 3,250 മീറ്റർവരെയാണ് ഈ സങ്കേതത്തിന്റെ ഉയരം. ആനകളെ ഇത്രയധികം ഉയരപ്രദേശത്ത് കാണുന്ന, ഭൂഗോളത്തിലെ ഏകസ്ഥലവും ഇതാണ്. കടുവകൾ, കാടൻ പൂച്ചകൾ, ഏഷ്യൻ ഗോൾഡൻ ക്യാറ്റുകൾ, ലെപ്പേഡ് ക്യാറ്റുകൾ എന്നിവയാണ് ഇവിടെയുള്ള മറ്റ് മൃഗങ്ങളിൽ ചിലത്. വംശനാശഭീഷണി നേരിടുന്ന ക്യാപ്പ്ഡ് ലങ്കൂർ (കരിങ്കുരങ്ങ്), റെഡ് പാണ്ട, ഏഷ്യാറ്റിക്ക് കറുത്ത കരടി, വംശനാശഭീഷണി നേരിടുന്ന അരുണാചൽ പ്രദേശിലെ സിംഹവാലൻ കുരങ്ങുകൾ, കാട്ടുപോത്ത് എന്നിവയുടേയും വീടാണ് ഈ കാടുകൾ.
പക്ഷികളെക്കുറിച്ച് പഠിക്കാനും വിവരങ്ങൾ ശേഖരിക്കാനും പുറപ്പെട്ട, രാമലിംഗം ഗ്രാമത്തിലെ മാത്രമല്ല, സംസ്ഥാനത്തിലെത്തന്നെ ആദ്യത്തെ പെൺകുട്ടികളാണ് ഐതിയും ദെമ തമാംഗും. ഇരുപത് വയസ്സ് കഴിഞ്ഞിട്ടേയുള്ളു ഇരുവർക്കും. പെൺകുട്ടികൾക്ക് ജോലി കിട്ടിയപ്പോൾ മുതിർന്നവർക്ക് ആദ്യം ആശങ്കയായിരുന്നു. “എന്തിനാണ് അവരെ നിങ്ങൾ കാട്ടിലേക്ക് കൊണ്ടുപോകുന്നത്? ഇതൊന്നും പെൺകുട്ടികൾക്ക് പറ്റിയ ജോലിയാല്ല്” എന്നായിരുന്നു അവരുടെ അഭിപ്രായം.
“ലോകം ഇപ്പോൾ അങ്ങിനെയൊന്നുമല്ല നടക്കുന്നതെന്നും, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ ജോലി ചെയ്യാൻ കഴിവുണ്ടെന്നും ഞാൻ അവരോട് പറഞ്ഞു”, മിക്ക പറഞ്ഞു. രാമലിംഗം ഗ്രാമവാസിയാണ് അയാളും. ഇവിടെ മാത്രമല്ല, ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലുമൊക്കെ പോയി പക്ഷികളെ രേഖപ്പെടുത്തിയ പ്രവർത്തനപരിചയമുണ്ട് അദ്ദേഹത്തിന്
പ്രതിമാസം 18,000 രൂപ ശമ്പളം വാങ്ങുന്ന ഫീൽഡ് സ്റ്റാഫായ ഐതിയെപ്പോലുള്ളവരാണ്, അവരുടെ പാട്ടക്കൃഷിക്കാരായ കുടുംബങ്ങളെ താങ്ങിനിർത്തുന്നത്.
ഗവേഷണജോലിയിലെ ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഗം “പക്ഷികളുടെ ഇംഗ്ലീഷ് പേരുകൾ പഠിച്ചെടുക്കുക” എന്നതാണെന്ന് ചിരിച്ചുകൊണ്ട് ഐതി പറഞ്ഞു.
*****
അപകടം മുൻകൂട്ടി പ്രവചിക്കാൻ കഴിവുള്ളവരെന്ന നിലയ്ക്ക്, മൈനകളെ, 19-ആം നൂറ്റാണ്ടിൽ കൽക്കരിഖനിക്കാർ ഉപയോഗിച്ചിരുന്നു. കാർബൺ മോണോക്സൈഡിനോട് സവിശേഷമായ ഒരു സംവേദനക്ഷമത ഈ കുഞ്ഞുപക്ഷികൾക്കുണ്ട്. അത് ശ്വസിച്ചാൽ അവ ചത്തുപോകും. ആ വിധത്തിൽ, കൽക്കരിഖനികളിലെ അപകടങ്ങൾ ചെറുക്കാൻ ഇവയ്ക്ക് സാധിക്കും. ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെ വിശേഷിപ്പിക്കാൻ, ‘കൽക്കരിഖനിയിലെ മൈനാ’ എന്നൊരു പ്രയോഗംതന്നെ നിലവിൽ വന്നു.
ചലിച്ചുകൊണ്ടിരിക്കുന്ന ജീവിവർഗ്ഗമായതിനാൽ, കാലാവസ്ഥാ വ്യതിയാനം മറ്റ് ഉഷ്ണമേഖലാ പർവ്വത ജൈവവൈവിധ്യത്തെ എങ്ങിനെ ബാധിക്കുമെന്നതിന്റെ സൂചകങ്ങളാവാൻ, ആപേക്ഷികമായി പക്ഷികൾക്ക് സാധിക്കും. അതിനാൽത്തന്നെ ബൊംഗ്പു സംഘത്തിന്റെ പ്രവർത്തനം നിർണ്ണായകമാണ്.
600 ഇനം പക്ഷികളുടെ വാസസ്ഥലമാണ് ഈഗിൾനെസ്റ്റ്. “ഒരു ടീസ്പൂൺ പഞ്ചസാരയുടെ ഭാരമുള്ള, അഥവാ, 10 ഗ്രാമിൽത്താഴെ ഭാരംവരുന്ന നൂറുകണക്കിന് വർണ്ണാഭമായ കുഞ്ഞുപക്ഷികളെ ഇവിടെ കാണാൻ സാധിക്കും“ എന്ന് ഉമേഷ് സൂചിപിച്ചു. അതിനുപുറമേ, അപൂർവ്വങ്ങളായ മറ്റ് ചില തൂവൽജീവികളും ഈ മഴക്കാടുകളെ അവയുടെ വാസസ്ഥലമാക്കിയിട്ടുണ്ട്. കടുംചുവപ്പ് നിറത്തിലുള്ള വയറുള്ള വാർഡ്സ് തീക്കാക്ക, കൊക്കിന്റെ രൂപത്തിലുള്ള ബ്ലൈത്ത്സ് ട്രാഗോപാൻ, മിനുസമുള്ളതും നീലയും ചാരവും നിറവുമുള്ള സുന്ദരിയായ ഗൌളിക്കിളി, ഒരുപക്ഷേ ഏറ്റവും പ്രശസ്തമായ, അധികം കാണാൻ കിട്ടാത്ത ബുഗുൻ ലിയോസിച്ല എന്നിവയൊക്കെ ഇവിടെ കൂടുകൂട്ടുന്നു.
പരുക്കൻ പ്രതലവും, കഠിനമായ കാലാവസ്ഥയും ജീവിക്കാൻ പറ്റാത്ത സാഹചര്യങ്ങളുമുണ്ടായിട്ടും, ഈ വന്യജീവി സങ്കേതത്തിലെ പക്ഷികളുടെ വൈവിധ്യം മൂലം ലോകമെമ്പാടുമുള്ള പക്ഷിപ്രേമികൾ ഇവിടേക്കെത്തുന്നു.
ഗവേഷകസംഘം വനാന്തർഭാഗത്താണ് ജോലി ചെയ്യുന്നത്. വിദ്യുച്ഛക്തിയോ, ശുദ്ധജലമോ, സ്ഥിരമായ മേൽക്കൂരയോ ഇല്ലാത്ത ഒരു ഒറ്റമുറി സങ്കേതത്തിൽ. ബൊംഗ്പു ബ്ലങ്ക്സയിലെ ക്യാമ്പ് നിലനിർത്താനായി ഓരോ അംഗത്തിനും കൃത്യമായ തൊഴിലുകൾ വീതിച്ചുകൊടുത്തിട്ടുണ്ട് – വെള്ളം കൊണ്ടുവരിക, ഭക്ഷണം പാകം ചെയ്യുക, പാത്രം കഴുകുക എന്നിങ്ങനെ. രണ്ട് മണിക്കൂർ ദൂരത്തുള്ള രാമലിംഗത്തുനിന്നാണ് സംഘത്തിലെ പ്രദേശവാസികൾ വരുന്നത്. ഉമേഷും മറ്റ് ഗവേഷകരും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽനിന്നും.
ഇന്ന് പാചകം ഐതിയുടെ ചുമതലയിലാണ്. ഒരടുപ്പിൽ വെച്ച വലിയ പാത്രത്തിൽ അവൾ പരിപ്പ് ഇളക്കിക്കൊണ്ടിരിക്കുന്നു. “ആളുകൾക്ക് ഈ ജീവികളെ മനസ്സിലാക്കാൻ എന്റെ ഈ ജോലി സഹായിക്കുന്നു എന്നതിൽ എനിക്ക് സന്തോഷമുണ്ട്”, അവൾ പറഞ്ഞു.
എല്ലാ രാത്രികളിലും സംഘാംഗങ്ങൾ ഒരു ചെറിയ കളിയിലേർപ്പെടാറുണ്ട്. കഴിഞ്ഞ കാലങ്ങളിൽ അവർ പിടിച്ചിട്ടുള്ള പക്ഷികളുടെ അടിസ്ഥാനത്തിൽ അവർ ഇനി പിടിക്കാൻ പോകുന്ന പക്ഷികളുടെ പേരിൽ അവർ പന്തയം വെക്കും. മേൽക്കൂരയിൽ മഴ താണ്ഡവമാടുമ്പോൾ, തലയിൽ ഘടിപ്പിച്ച വിളക്കുകൾ മുകളിലേക്കും താഴേക്കും ചലിപ്പിച്ച് എല്ലാവരും അതിൽ പങ്കെടുക്കുന്നു.
“നാളെ രാവിലെ വലയിലാവുന്ന പക്ഷി ഏതായിരിക്കും?”, ഐതി ചുറ്റുമുള്ളവരോട് ചോദിക്കുന്നു.
“എനിക്ക് തോന്നുന്നത് അത് സ്വർണ്ണനെഞ്ചുള്ള ഫുൽവെറ്റ (കാനാച്ചിലപ്പൻ) ആയിരിക്കും”, ആത്മവിശ്വാസത്തോടെ അവൾ പ്രഖ്യാപിക്കുന്നു.
മിക്ക വിളിച്ചുപറഞ്ഞു, “വെള്ളക്കണ്ണടയുള്ള വാർബ്‌ലർ” (പൊടിക്കുരുവി). ദംബർ അത് ഉറച്ച ശബ്ദത്തിൽ തള്ളിക്കളഞ്ഞു, “അല്ല, മഞ്ഞക്കഴുത്തുള്ള കാനാച്ചിലപ്പനായിരിക്കും”.
ഇരുപത് വയസ്സിന്റെ തുടക്കത്തിൽത്തന്നെ ക്യാമ്പിലെ സംഘത്തിലേക്ക് ഉമേഷ് തിരഞ്ഞെടുത്ത മിക്കയും ദംബറും ഇക്കാര്യത്തിൽ കൂടുതൽ പരിചയസമ്പന്നരാണ്. രാമലിംഗത്തെ സർക്കാർ സ്കൂളിലായിരുന്നു ഇരുവരുടേയും പഠനം. ദംബാർ 11-ആം ക്ലാസ്സുവരെ പഠിച്ചപ്പോൾ, 5-ആം ക്ലാസ്സിനുശേഷം പഠനം നിർത്തിയ ആളാണ് മിക്ക. “എനിക്കെന്തോ പഠനത്തോട് വലിയ താത്പര്യം തോന്നിയില്ല”, പശ്ചാത്താപത്തോടെ അയാൾ പറഞ്ഞു.
പക്ഷി പിടുത്തവും അവശ്യമായ വിവരങ്ങളുടെ റിക്കാർഡിംഗുമൊക്കെ രാവിലെത്തന്നെ കഴിയുമെന്നതിനാൽ, രാത്രി നേരത്തെത്തന്നെ അവർ ഉറങ്ങാൻ പോകും. “സാമ്പ്ലിങ്ങ് ചെയ്യാൻ പോകേണ്ട ദൂരത്തിനനുസരിച്ച്, ചിലപ്പോൾ അതിരാവിലെ 3.30-നുതന്നെ ഞങ്ങൾ ഉണരും”, കാലിംഗ് ദംഗെൻ പറഞ്ഞു. ഐ.ഐ.എസ്.സിയിൽ ഗവേഷണം ചെയ്യുന്ന ആ 27 വയസ്സുകാരൻ, പക്ഷികളുടെ സമ്മർദ്ദ ജീവശാസ്ത്രത്തെക്കുറിച്ചാണ് പഠിക്കുന്നത്. അതിരാവിലെ അയാളും സംഘത്തോടൊപ്പം സാമ്പ്ലിംഗ് പ്ലോട്ടുകളിലേക്ക് യാത്രയാവും.
*****
കിഴക്കൻ ഹിമാലയത്തിന്റെ ഈ ഭാഗങ്ങൾ ഉയരത്തിലും വിദൂരതയിലുമാണ് സ്ഥിതി ചെയ്യുന്നതെങ്കിലും, ഇവിടുത്തെ മഴക്കാടുകളുടെ വാസസ്ഥലം ശോഷിച്ചുകൊണ്ടിരിക്കുകയാണ്, പ്രത്യേകിച്ചും, മരംമുറിയിലൂടെ. മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ്, സുപ്രീം കോടതി ഇവിടുത്തെ മരം മുറി നിരോധിച്ചിട്ടുണ്ടെങ്കിലും, ആവാസ സന്തുലിതത്വത്തിന് അതിനകംതന്നെ നാശനഷ്ടങ്ങൾ സംഭവിച്ചുകഴിഞ്ഞിരുന്നുവെന്ന്, ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു.
“മരങ്ങൾ മുറിച്ചുമാറ്റിയ കാടുകളിൽ, സൂര്യവെളിച്ചം പതിക്കുന്നതിനാൽ, കാലാവസ്ഥാവ്യതിയാനം കൂടുതൽ സങ്കീർണ്ണമാകുന്നു. മരങ്ങൾ മുറിക്കുന്നതോടെ, നിങ്ങളുടെ നിങ്ങൾക്ക് പ്രവർത്തിക്കാനുള്ള സ്ഥലംതന്നെ ഇല്ലാതാവുന്നു” ഗവേഷകനായ കാലിംഗ് പറയുന്നു. പ്രാഥമികവനങ്ങളേക്കാൾ 6 ഡിഗ്രി സെൽഷ്യസ് ചൂട് കൂടുതലായിരിക്കും മരങ്ങൾ മുറിച്ച കാടുകളിൽ.
“ചൂട് കൂടുതലായതിനാൽ, പക്ഷികൾ കൂടുതൽ സമയവും തണലിൽ കഴിയുകയും ഇരതേടാനുള്ള സമയം കുറയുകയും ചെയ്യും. തന്മൂലം, ശരീരസ്ഥിതി, അതിജീവനം, ആയുസ്സ് എന്നിവയും കുറയുന്നു. ചിലപ്പോൾ ഈ എല്ലാ കാരണവും ഒത്തുചേരുകയും ചെയ്തേക്കാം. കാരണം, മരങ്ങൾ മുറിച്ചുകഴിഞ്ഞ കാടുകളിൽ പക്ഷികൾക്ക് താത്പര്യമുള്ള ഭക്ഷണം കിട്ടാതെവരും”, കാലിംഗ് പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം മൂലം പക്ഷികളിലനുഭവപ്പെടുന്ന സമ്മർദ്ദം മനസ്സിലാക്കാൻ അദ്ദേഹം അവയുടെ ഭാരവും, ചിറകിന്റെ നീളവും, രക്തസാമ്പിളുകളും, കാഷ്ഠവും എല്ലാം പഠിക്കുന്നു.
“വെള്ളവാലൻ റോബിനുകൾ ചിത്രശലഭപ്പുഴുക്കളേയും “ട്രൂ ബഗ്സ്’ എന്ന് വിളിക്കുന്ന മറ്റ് പ്രാണികളേയും തിന്നുന്നു. മരങ്ങൾ മുറിച്ചുമാറ്റിയ കാടുകളിൽ ഇത്തരം പ്രാണികളൊക്കെ കുറവായിരിക്കും”, ഉമേഷ് പറഞ്ഞു. ഈ വെള്ളവാലൻ റോബിനുകളുടെ എണ്ണത്തിലുള്ള കുറവ് മരംമുറിയുടെ പരിണിതഫലമാണെന്ന് ഉമേഷ് സൂചിപ്പിച്ചു. “ചൂട് കാരണം, ഇത് പക്ഷികളുടെ ശരീരത്തിൽ പ്രത്യക്ഷമായ സമ്മർദ്ദമുണ്ടാക്കുന്നു”.
ചൂട് കൂടുന്നതിനനുസരിച്ച്, ഹിമാലയത്തിലെ സസ്യങ്ങളും മലമുകളിലേക്ക് നീങ്ങാൻ തുടങ്ങിയിട്ടുണ്ട്. പക്ഷികളും സസ്യങ്ങളുടെ ഈ നീക്കത്തെ പിന്തുടരുന്നു. “ചരിത്രപരമായിത്തന്നെ 1,000 – 2,000 മീറ്റർ ഉയരത്തിൽ വളർന്നിരുന്ന സസ്യങ്ങൾ ഇപ്പോൾ നിലനിൽക്കുന്നതിനായി, 1,200 – 2,200 മീറ്റർ ഉയരത്തിലേക്ക് നീങ്ങിത്തുടങ്ങി” എന്ന് ഉമേഷ് പറഞ്ഞു. പാപ്പുവ ന്യൂ ഗിനിയ, ആൻഡസ് തുടങ്ങിയ ഉഷ്ണമേഖലാപ്രദേശങ്ങളിലും പക്ഷികൾ ഉയരം കൂടിയ സ്ഥലങ്ങളിലേക്ക് മാറിത്തുടങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്.
സസ്യ-ജീവി വർഗ്ഗങ്ങൾ ഈവിധത്തിൽ മുകളിലേക്ക് നീങ്ങിത്തുടങ്ങിയാൽ, അവ ക്രമേണ പർവ്വതങ്ങളുടെ മുകൾഭാഗത്തേക്കെത്തുകയും ഒടുവിൽ സ്ഥലം മതിയാകാതെ, ക്ഷയിച്ച്, ഇല്ലാതായിത്തീരുമെന്നും ശാസ്ത്രജ്ഞർ ഭയപ്പെടുന്നു.
ഈഗിൾനെസ്റ്റിന് മലകളുടെ താഴ്ന്ന പ്രദേശങ്ങളിൽ ഉഷ്ണമേഖലാവനങ്ങളും, മധ്യഭാഗത്തായി, മിതോഷ്ണവും, പരന്ന ഇലകളുമുള്ള കാടുകളും, കൊടുമുടികളിൽ, സ്തൂപികാഗ്രവൃക്ഷങ്ങളുമുണ്ട്. ഇതിനെല്ലാമിടയിലും “നമുക്കാവശ്യം, ജീവിവർഗ്ഗങ്ങൾക്ക് ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് നീങ്ങാൻ പാകത്തിൽ കാലാവസ്ഥകളെ ബന്ധിപ്പിക്കുകയാണ്“ എന്ന് ഉമേഷ് പറഞ്ഞു. പരിശീലനം കിട്ടിയ ഡോക്ടർ കൂടിയായ ഉമേഷ്, പക്ഷികളോടുള്ള സ്നേഹാധിക്യത്താൽ, ഈ തൊഴിലിലേക്ക് മാറിയെന്നേയുള്ളു.
“എന്നാൽ, മലകളുടെ മധ്യത്തിൽ കൃഷിയും നഗരവത്കരണവും നടത്തിയാൽ, ഇത് സംഭവിക്കില്ല. ഈ ജീവിവർഗ്ഗങ്ങൾ സംരക്ഷിക്കുന്നതിനായി, താഴ്ഭാഗം മുതൽ മുകളറ്റംവരെയുള്ള ഒരു ഇടനാഴി നമുക്കാവശ്യമാണ്”, ഉമേഷ് പറഞ്ഞു.
*****
പ്രാദേശിക ഫീൽഡ് സ്റ്റാഫുകളായ മിക്ക റായി, ദംബർ പ്രധാൻ, ഐതി താപ്പ, ദെമ തമാംഗ് എന്നിവർ ഈ പഠനത്തിൽ നിർണ്ണായക സ്ഥാനം വഹിക്കുന്നു. അവരാണ് പല സുപ്രധാന വിവരങ്ങളും ശേഖരിക്കുന്നത്. പഠനങ്ങളിൽ സഹ-ഗ്രന്ഥകാരന്മാരായി അവരുടെ പേരുകളും കാണാം.
ഫീൽഡ് സ്റ്റാഫുകൾക്ക് വലകൾ കൊടുക്കാറുണ്ട്. മിസ്റ്റ് നെറ്റിംഗ് എന്നൊരു വിദ്യയിലൂടെയാണ് അവർ പക്ഷികൾ പിടിക്കുന്നത്. സസ്യങ്ങൾ തിങ്ങിനിറഞ്ഞ സ്ഥലങ്ങളിൽ, കമ്പുകൾക്കിടയിൽ, നേർത്ത വല വിരിക്കുന്ന വിദ്യയാണ് ഇത്. ഈ വല പക്ഷികളുടെ ദൃഷ്ടിയിൽ പെട്ടെന്ന് പെടുകയുമില്ല. അവയ്ക്കുള്ളിലേക്ക് പറന്നുചെല്ലുന്നതോടെ, അവയെ പിടിക്കാൻ സാധിക്കും.
“ഞങ്ങളോരൊരുത്തർക്കും 8-10 വലകൾവീതം തരും”, താൻ വലവിരിച്ച ഒരു ചെരുവിലേക്ക് ഉരസിയിറങ്ങുന്നതിനിടയിൽ 29 വയസ്സുള്ള ദംബർ പറഞ്ഞു. അവിടെയെത്തിയാലുടൻ അയാൾ വലയിൽ കുടുങ്ങിയ ആ ചെറിയ പക്ഷികളെ പുറത്തെടുത്ത്, പച്ചനിറമുള്ള പരുത്തിബാഗിൽ നിക്ഷേപിക്കും.
15 മിനിറ്റിൽക്കൂടുതൽ നേരം പക്ഷികളെ വലയിൽ വെക്കാറില്ല. മഴയ്ക്കുള്ള സാധ്യത കണ്ടാലുടൻ, സംഘാംഗങ്ങൾ പ്ലോട്ടുകളിലേക്ക് പോയി, ആ പക്ഷികളെ ഉടൻ തുറന്നുവിടും, അവയുടെ സമ്മർദ്ദം കുറയ്ക്കാൻ.
സഞ്ചിയിൽനിന്ന് അവയെ പുറത്തെടുക്കുന്നത് വളരെ സാവധാനത്തിലാണ്. അവയുടെ നെഞ്ചിന്റെ ഭാഗത്ത് കൈപ്പത്തികൊണ്ടും വിരലുകൾകൊണ്ടും മൃദുവായി പിടിച്ച് – റിംഗേഴ്സ് ഗ്രിപ്പ് എന്ന് പറയും ഈ പിടുത്തത്തിനെ – പതുക്കെ. പക്ഷികൾക്ക് ഒട്ടും സമ്മർദ്ദം കൊടുക്കാതെ വേണം ഇത് ചെയ്യാൻ. അല്ലെങ്കിൽ അവയുടെ ജീവൻതന്നെ അപകടത്തിലായേക്കും. അതിനുശേഷം, അവയുടെ തൂകവും മറ്റും നോക്കി, ഒരു കാലിൽ ഒരു ചെറിയ ലോഹവളയമിടും.
“ഞാൻ ഈ തൊഴിൽ വെറുതെ ചെയ്യുന്നതല്ല. പക്ഷികളോടൊപ്പം കഴിയാൻ എനിക്കിഷ്ടമാണ്. ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും ആളുകൾ ഇവിടേക്ക് വരുന്നു. അവയ്ക്ക് പക്ഷികളെ ദൂരദർശിനിയിലൂടെ നോക്കാൻ മാത്രമേ പറ്റൂ. എനിക്കവയെ പിടിക്കാൻ സാധിക്കും”, ദെമ പറയുന്നു.
10-ആം ക്ലാസ്സിനുശേഷം സ്കൂൾവിദ്യാഭ്യാസം അവസാനിപ്പിച്ച ഐതി പറയുന്നു. “2021-ൽ ഈ ജോലിയിൽ ചേർന്നില്ലായിരുന്നെങ്കിൽ ഞാനിപ്പോൾ കുടുംബത്തിന്റെ കൂടെ പാട്ടത്തിനെടുത്ത കൃഷിഭൂമിയിൽ പണിയെടുക്കുന്നുണ്ടാവുമായിരുന്നു”. ദിമയേയും ഐതിയേയുംപോലുള്ള ചെറുപ്പക്കാരികൾക്ക് പ്രചോദനം നൽകിയത് മിക്കയുടെ ജോലിയാണ്. കാടുകളിലെ വേട്ടയെ ചെറുക്കാൻ ഇപ്പോൾ ചെറിയ ആൺകുട്ടികൾവരെ സന്നദ്ധരായി മുന്നോട്ട് വരുന്നുണ്ട്.
“ആൺകുട്ടികൾ കവണവെച്ച് ഉന്നമിട്ട് പക്ഷികളെ എറിഞ്ഞ് താഴെ വീഴ്ത്തും. സ്കൂൾ സമയം കഴിഞ്ഞ് കാടുകളിൽ പോയി ഈവിധത്തിലാണ് അവർ സമയം ചിലവഴിക്കുന്നത്”, എന്നാൽ പക്ഷികളുടെ വിവരങ്ങൾ ശേഖരിക്കാൻ ഉമേഷ് മിക്കയെ ജോലിക്കെടുത്തതോടെ, രാമലിംഗത്തെ കുട്ടികൾക്ക് അയാൾ കാടുകളുടേയും വന്യജീവികളുടേയും ചിത്രങ്ങൾ കാട്ടിക്കൊടുക്കാൻ തുടങ്ങി. “എന്റെ ബന്ധുക്കളും കൂട്ടുകാരുമൊക്കെ ഇപ്പോൾ വേട്ടയേയും വന്യജീവിസംരക്ഷണത്തെയും പുതിയ കണ്ണുകളിലൂടെയാണ് കാണുന്നത്”, മിക്ക പറഞ്ഞു.
ഈഗിൾനെസ്റ്റിലൂടെ സുഗമമായി സഞ്ചരിക്കാനുള്ള കഴിവുള്ളതിനാൽ, മിക്കയെ അദ്ദേഹത്തിന്റെ സഹപ്രവർത്തകർ മനുഷ്യ ജി.പി.എസ് എന്നാണ് കളിയായി വിളിക്കുന്നത്. “കുട്ടിക്കാലത്ത്, എനിക്ക് നഗരത്തിൽ ജീവിക്കാനായിരുന്നു ആഗ്രഹം. പുതിയ ഒരിനം പക്ഷിയെ കാണാൻ ആഗ്രഹിക്കുന്ന ഒരു പക്ഷിനിരീക്ഷകനെപ്പോലെയായിരുന്നു അന്ന് ഞാൻ. എന്നാൽ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ സഞ്ചരിച്ചതിനുശേഷം എന്റെ ആഗ്രഹത്തിന് മാറ്റം വന്നു. അരുണാചൽ പ്രദേശിലെ കാടുകളിലേക്ക് മടങ്ങാനാണ് ഞാൻ തീരുമാനിച്ചത്”.
“ഓരോതവണ ഈ ഭാഗത്ത് വരുമ്പോഴും കാടുകളോടുള്ള എന്റെ ആരാധനയ്ക്ക് ഒരു കുറവും വരുന്നില്ല”, താഴ്വരയ്ക്കും ഹരിതാഭമായ മഴക്കാടുകൾക്കും അഭിമുഖമായി വിരിച്ചിട്ട വലയിലേക്ക് നടക്കുമ്പോൾ മിക്ക പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനത്തെ ഈ പ്രാദേശികസമൂഹം എങ്ങിനെ ലഘൂകരിക്കാൻ ശ്രമിക്കുന്നു എന്നത് ഈ കഥയുടെ രണ്ടാം ഭാഗത്ത് വായിക്കാം
പരിഭാഷ: രാജീവ് ചേലനാട്ട്