അപ്പോൾ കൂരാകൂരിരുട്ടായിരുന്നു. പക്ഷെ അയാൾക്ക് നേരം പുലരുന്നതുവരെ കാത്തിരിക്കാൻ പറ്റില്ലായിരുന്നു. പുലർച്ചെ രണ്ടുമണിയായിക്കാണും. മൂന്ന് മണിക്കൂറിനുള്ളിൽ പോലീസ് അവിടെ എത്തും. അവർ ഉപരോധിക്കാൻ സാധ്യതയുള്ള സ്ഥലത്തുനിന്ന് കസറുപ്പു ധനരാജും അയാളുടെ രണ്ട് കൂട്ടാളികളും കടന്നുകളഞ്ഞു. ശേഷം അവർ സ്വതന്ത്രരായി, കടലിലെത്തി.
"ആദ്യമൊക്കെ എനിക്ക് പോകാൻ പേടിയായിരുന്നു," ഏപ്രിൽ 10ന് താൻ നടത്തിയ സാഹസികമായ രക്ഷപ്പെടലിനെ ഓർത്തുകൊണ്ട് അയാൾ പറഞ്ഞു. "എനിക്ക് ധൈര്യം സംഭരിക്കേണ്ടി വന്നു, കാരണം പണം അത്യാവശ്യമായിരുന്നു. വാടക കൊടുക്കാനുണ്ടായിരുന്നു". അങ്ങനെ മറ്റ് നിർവ്വാഹമില്ലാതെ, 44-കാരനായ ധനരാജും കൂട്ടാളികളും ഔട്ട്‌ബോർഡ് മോട്ടോർ ഘടിപ്പിച്ച തങ്ങളുടെ ചെറിയ ബോട്ടിൽ കടലിലേക്ക് ഒളിച്ചുകടന്നു. ലോക്ക്ഡൗൺ കാരണം ജെട്ടിയിലെ മത്സ്യബന്ധനവും മറ്റ് പ്രവർത്തനങ്ങളും തടസ്സപ്പെട്ടിരിക്കുകയായിരുന്നു. ഇവിടുത്തെ മാർക്കറ്റിൽ പൊതുജനങ്ങൾക്കും മത്സ്യത്തൊഴിലാളികൾക്കും പ്രവേശനം നിഷേധിച്ചിരിക്കുകയാണ്.
6-7 കിലോഗ്രാം ബംഗാരു തീഗ യുമായി (സാധാരണ കരിമീൻ) സൂര്യോദയത്തിന് മുമ്പുതന്നെ ധനരാജു മടങ്ങി, "ഞങ്ങൾ കഷ്ടിച്ച് രക്ഷപ്പെട്ടതാണ്, ഞാൻ തിരിച്ചെത്തി ഏതാനും മിനിറ്റുകൾക്കുശേഷം പോലീസ് വന്നു. എന്നെ പിടിച്ചിരുന്നെങ്കിൽ അവരെന്നെ ശരിയാക്കിയേനേ. പക്ഷെ ഇതുപോലത്തെ വിഷമഘട്ടങ്ങളിൽ അതിജീവിക്കാൻ നമ്മളെക്കൊണ്ടാവുന്നത് നമ്മൾ ചെയ്യണം. ഇന്ന് ഞാൻ എന്റെ വാടക കൊടുക്കും, പക്ഷെ നാളെ വേറെ എന്തെങ്കിലും ആവശ്യം വരും. എനിക്ക് കോവിഡ് ബാധിച്ചിട്ടില്ല , പക്ഷെ എന്നെ സാമ്പത്തികമായി അത് വല്ലാതെ ഉലച്ചുകളഞ്ഞു".
അയാൾ ചെങ്കൽറാവു പേട്ടയിലെ ഡോ. എൻ.ടി.ആർ ബീച്ച് റോഡിന് പിന്നിലെ ഇടുങ്ങിയ തെരുവിൽ തന്റെ പഴയ തുരുമ്പിച്ച റോമാ സൈക്കിളിൽ ഒരു വൈറ്റ് ബോർഡുവെച്ചുണ്ടാക്കിയ ഒരു താൽക്കാലിക സ്റ്റാളിൽ പോലീസിന്റെ കണ്ണിൽപ്പെടാതെ രഹസ്യമായി മത്സ്യം വിറ്റു. “സൈക്കിളിൽ മെയിൻ റോഡിലേക്ക് പോകണമെന്ന് ആഗ്രഹമുണ്ടായിരുന്നു, പക്ഷേ എനിക്ക് പോലീസിനെ പേടിയായിരുന്നു,” സാധാരണ കിലോ 250 രൂപയ്ക്ക് വിറ്റുകൊണ്ടിരുന്ന മൽസ്യം വെറും 100 രൂപയ്ക്ക് വിറ്റ ധനരാജു പറയുന്നു.
സാധാരണഗതിയിൽ 6-7 കിലോ കരിമീൻ വിറ്റിരുന്നെങ്കിൽ ധനരാജുവിന് 1,500 മുതൽ രൂപ 1,750 രൂപവരെ സമ്പാദിക്കുമായിരുന്നു. എന്നാൽ അയാളുടെ സൈക്കിൾ ഫിഷ് സ്റ്റാളിൽ അധികമാളുകൾ മീൻ വാങ്ങാൻ വന്നതേയില്ല. ഒരു ദിവസം കൊണ്ടുവന്ന മീൻ വിൽക്കാൻ അയാൾക്ക് 2 ദിവസം വേണ്ടിവന്നു. അതിൽനിന്ന് ഏറിയാൽ 750 രൂപ കിട്ടും. ഉപഭോക്താക്കൾക്കായി മത്സ്യം വെട്ടി വൃത്തിയാക്കാൻ സഹായിക്കുന്ന 46-കാരിയായ പപ്പു ദേവിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഓരോ ആൾക്കും മീൻ വൃത്തിയാക്കി കൊടുത്താൽ അവൾക്ക് 10-20 രൂപ കിട്ടും. അവളും പണത്തിനുവേണ്ടി ബുദ്ധിമുട്ടുകയായിരുന്നു.
ജെട്ടി പൂർണ്ണമായി പ്രവർത്തിച്ചിരുന്നപ്പോൾ പപ്പുദേവിക്ക് ദിവസവും 200-250 രൂപ കിട്ടിയിരുന്നു. മീൻ വെട്ടലും വൃത്തിയാക്കലും മാത്രമായിരുന്നു അവളുടെ ജോലി. “ഞാൻ ഇപ്പോൾ ദിവസവും ഒരുനേരം മാത്രമാണ് ഭക്ഷണം കഴിക്കുന്നത്. എനിക്ക് ജൂൺവരെ പിടിച്ചുനിൽക്കണം. ഒരുപക്ഷേ ഈ വൈറസ് കാരണം, ഇത് [ലോക്ക്ഡൗൺ കാലയളവ്] ജൂണിനപ്പുറം പോകാം, ”അവർ പറയുന്നു. അവൾ ഒരുനിമിഷം നിശബ്ദയായി, എന്നിട്ട് ശുഭാപ്തിവിശ്വാസത്തോടെ പറയുന്നു. "അതിജീവിക്കുമെന്നുതന്നെയാണ് എന്റെ വിശ്വാസം”, വിധവയും രണ്ട് കുട്ടികളുടെ അമ്മയുമായ അവർ ആന്ധ്രാപ്രദേശിലെ വിജയനഗരം ജില്ലയിലെ മെന്റഡ താലൂക്കിലുള്ള ഇപ്പലാവലസ ഗ്രാമത്തിൽലാണ് താമസം.
ദേവി തന്റെ പെൺമക്കളെ മാർച്ചിൽത്തന്നെ ഇപ്പലവലസയിലെ മാതാപിതാക്കളുടെ വീട്ടിലേക്കയച്ചിരുന്നു. “എന്റെ മാതാപിതാക്കളെ പരിപാലിക്കാൻ,” അവൾ പറയുന്നു. ഈ മാസം ഞാനും അവിടെ പോകേണ്ടതായിരുന്നു. എന്നാലിനി അതിന് കഴിയുമെന്ന് തോന്നുന്നില്ല."
2020 ഏപ്രിൽ 2 മുതൽ, മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാൻ ഔദ്യോഗിക അനുമതിയുണ്ടായിരുന്നില്ല. കൂടാതെ, പ്രജനന സീസണിൽ എല്ലാ വർഷവും 61 ദിവസത്തെ മത്സ്യബന്ധന നിരോധനവുമുണ്ട് - ഏപ്രിൽ 15 മുതൽ ജൂൺ 14 വരെ. മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനായി ഈ കാലയളവിൽ മോട്ടോർ ബോട്ടുകളുടെയും മെഷീൻ ബോട്ടുകളുടെയും സഞ്ചാരം നിയന്ത്രിച്ചിരിക്കുന്നു എന്നാണ് ഇതിനർത്ഥം. “മാർച്ച് 15-ന് ഞാൻ മത്സ്യബന്ധനം നിർത്തി, കാരണം ഏകദേശം രണ്ടാഴ്ചക്കാലം എന്റെ മത്സ്യം സാധാരണ വിലയുടെ പകുതിയോ അതിൽത്താഴെയുള്ള വിലയ്ക്കോ ആണ് വിറ്റുപോയിരുന്നത്” അതേ ചെങ്കൽ റാവു പേട്ട പ്രദേശത്തുതന്നെ താമസിക്കുന്ന മത്സ്യത്തൊഴിലാളി വാസുപല്ലെ അപ്പറാവു (55) പറയുന്നു. “മാർച്ചിൽ എനിക്ക് 5,000 രൂപ മാത്രമേ സമ്പാദിക്കാനായുള്ളൂ". സാധാരണയായി അയാൾ ഒരു മാസം 10,000 – 15,000 രൂപയോളം സമ്പാദിച്ചിരുന്നു.
"വാങ്ങാൻ ധാരാളമാളുകളുള്ളതിനാൽ [വാർഷിക നിരോധനം ആരംഭിക്കുന്നതിന് മുമ്പുള്ള] ഏപ്രിൽ ആദ്യ രണ്ടാഴ്ചകളിൽ ഞങ്ങൾക്ക് മികച്ച ലാഭം കിട്ടിയിരുന്നു," അപ്പറാവു വിശദീകരിക്കുന്നു. “കഴിഞ്ഞവർഷം ഞാൻ ബ്രീഡിംഗ് സീസണിന് മുമ്പ് 10-15 ദിവസത്തിനുള്ളിൽത്തന്നെ 15,000 സമ്പാദിച്ചിരുന്നു" അദ്ദേഹം ആവേശത്തോടെ പറയുന്നു.
ഈ വർഷം, മാർച്ച് ആദ്യവാരംതന്നെ, മത്സ്യത്തിന്റെ വില ഗണ്യമായി കുറഞ്ഞു - വഞ്ജരം (നെയ്മീൻ), സണ്ടുവായ് (ആവോലി) എന്നിവ സാധാരണയായി ഒരു കിലോഗ്രാമിന് 1,000 രൂപയായിരുന്നു. എന്നാൽ ഇപ്പോൾ കിലോ 400-500 രൂപയേ കിട്ടുന്നുള്ളൂ. അപ്പാറാവു പറയുന്നതനുസരിച്ച്, കൊറോണ വൈറസ് ജനങ്ങളിലുണ്ടാക്കിയ പരിഭ്രാന്തിയാണ് ഇതിന് കാരണം. “ഒരാൾ വന്ന് എന്നോട് പറഞ്ഞു, ചൈനയിൽ മത്സ്യത്തിലൂടെ വൈറസ് വരുന്നതുകൊണ്ട് ഞാൻ വല എറിയുന്നത് നിർത്തണമെന്ന്,” അദ്ദേഹം ചിരിക്കുന്നു. "ഞാൻ വിദ്യാസമ്പന്നനല്ല, പക്ഷേ ഇത് സത്യമാണെന്ന് ഞാൻ കരുതുന്നില്ല."
സർക്കാർ നിശ്ചയിച്ചിട്ടുള്ള സൗജന്യ റേഷൻ (ഒരാൾക്ക് അഞ്ച് കിലോഗ്രാം അരി) ലഭിച്ചിട്ടും അപ്പറാവു കഷ്ടപ്പെടുന്നു. "പ്രജനനകാലം എല്ലാ വർഷവും വളരെ ബുദ്ധിമുട്ടുള്ള സമയമാണ്, എന്നാൽ ആ കാലയളവിന് മുമ്പുള്ള ആഴ്ചകളിലെ ലാഭം കാരണം ഞങ്ങൾ ജീവിക്കുമായിരുന്നു," അദ്ദേഹം പറയുന്നു. “ഈ പ്രാവശ്യം അവസ്ഥ വ്യത്യസ്തമാണ്. ഞങ്ങൾക്ക് വരുമാനമില്ല, ലാഭവുമില്ല."
ഏപ്രിൽ 12-ന്, മത്സ്യത്തൊഴിലാളികളെ മൂന്നുദിവസത്തേക്ക് കടലിൽ പോകാൻ അനുവദിച്ചുകൊണ്ട് സംസ്ഥാന സർക്കാർ ലോക്ക്ഡൗണിൽ ഇളവ് വരുത്തി. എന്തായാലും, ആ 72 മണിക്കൂറിന്റെ അവസാനം ബ്രീഡിംഗ് സീസൺ നിരോധനം ആരംഭിക്കും. അത് മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമായി - എന്നാൽ “ഇത് തീരെ കുറവ് സമയമാണ്,” അപ്പറാവു പറയുന്നു, “ലോക്ക്ഡൗൺ കാരണം ഉപഭോക്താക്കൾ വളരെ കുറവായിരിക്കും.”
ചെങ്കൽ റാവു പേട്ടയിലെ ഒരു ഇടുങ്ങിയ തെരുവിൽത്തന്നെയാണ് ചിന്താപ്പള്ളി തത്തറാവുവിന്റെ വീട്. അടുക്കിവച്ചിരിക്കുന്ന തീപ്പെട്ടികളുടെ കൂമ്പാരംപോലെ തോന്നിക്കുന്ന പല വീടുകളിൽ ഒന്നാണ് അദ്ദേഹത്തിന്റേത്. ഇവയിലൊന്നിലെ ഇടുങ്ങിയ ഗോവണി അദ്ദേഹത്തിന്റെ മങ്ങിയ വെളിച്ചമുള്ള വാസസ്ഥലത്തേക്ക് നയിക്കുന്നു. 48-കാരനായ മത്സ്യത്തൊഴിലാളിയായ തത്തറാവു അതിരാവിലെ എഴുന്നേറ്റ് കടൽത്തീരം കാണാൻ കഴിയുന്ന ഏറ്റവും അടുത്തുള്ള സ്ഥലത്തേക്ക് നടക്കും. ലോക്ക്ഡൗൺ കാലത്ത് അദ്ദേഹത്തിന് പോകാൻ കഴിയുന്ന പരമാവധി ദൂരം അതാണ്. പപ്പുദേവിയെപ്പോലെത്തന്നെ അദ്ദേഹവും യഥാർത്ഥത്തിൽ വിജയനഗരം ജില്ലയിലെ ഇപ്പലവലസക്കാരനാണ്.
“എനിക്ക് കടൽ, ജെട്ടി, മൽസ്യം എല്ലാം ഓർമ്മ വരാറുണ്ട്” അവദ്ദേഹം സങ്കടത്തോടെ പുഞ്ചിരിച്ചു. മീനിലൂടെ കിട്ടിയിരുന്ന വരുമാനവും നഷ്ടപ്പെട്ടു. 2020 മാർച്ച് 26-നാണ് അദ്ദേഹം അവസാനമായി കടലിൽ പോയത്.
"ഐസിൽ സൂക്ഷിച്ചിട്ടും, ആ ആഴ്ചയിൽ ധാരാളം മത്സ്യങ്ങൾ ബാക്കിയായി," തത്തറാവു പറയുന്നു. “അത് ബാക്കിയായതിൽ എനിക്ക് സന്തോഷമുണ്ട്,” ഭാര്യ സത്യ പറയുന്നു, “കാരണം നമുക്ക് നല്ല മത്സ്യം കഴിക്കാൻ സാധിച്ചു!”
മീൻ വിൽക്കാൻ തത്തറാവുവിനെ സഹായിക്കുന്ന, അദ്ദേഹത്തിന്റെ ഭാര്യ സത്യയെ (42) സംബന്ധിച്ചിടത്തോളം, ലോക്ക്ഡൗൺ മുതൽ വീട് സജീവമാണ്. “പൊതുവേ, ഞാൻ തനിച്ചാണ്; ഇപ്പോൾ എന്റെ മകനും ഭർത്താവും വീട്ടിലുണ്ട്. ഉച്ചഭക്ഷണത്തിനോ അത്താഴത്തിനോ ഞങ്ങൾ ഒരുമിച്ച് ഇരുന്നിട്ട് മാസങ്ങളായി. സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും, ഒരുമിച്ച് സമയം ചിലവഴിക്കാൻ കഴിയുന്നതിൽ എനിക്ക് സന്തോഷമുണ്ട്”, സന്തോഷത്തോടെ അവർ പറയുന്നു.
തത്തറാവുവിനെ സംബന്ധിച്ചിടത്തോളം, രണ്ടുവർഷം മുമ്പ് തന്റെ ബോട്ട് വാങ്ങാൻ എടുത്ത കടം എങ്ങനെ തീർക്കുമെന്ന് അദ്ദേഹത്തിനറിയില്ല. ഒരു കൊള്ളപ്പലിശക്കാരന്റെ കയ്യിൽനിന്ന് കടം വാങ്ങേണ്ടിവരുമെന്നാണ് തനിക്ക് തോന്നുന്നതെന്ന് അദ്ദേഹം പറയുന്നു. എന്നിട്ട് വർഷാവസാനത്തോടെ ആ കടം വീട്ടാൻ ശ്രമിക്കും. മീൻ പിടിക്കാൻ ഇളവുകിട്ടിയ മൂന്ന് ദിവസങ്ങൾകൊണ്ട് ഒരു ഫലവുമുണ്ടായില്ല. ഞങ്ങളുടെ മീനുകൾക്ക് ഇപ്പോൾ ലഭിക്കുന്ന വില വളരെ കുറവാണ്”, അദ്ദേഹം പറയുന്നു. "മത്സ്യം പിടിക്കുന്നതിനേക്കാൾ ബുദ്ധിമുട്ടാണ് അത് മാന്യമായ വിലയ്ക്ക് വിൽക്കാൻ”,
“എന്റെ മകന്റെ കാര്യത്തിലും എനിക്ക് നല്ല വിഷമമുണ്ട്. കഴിഞ്ഞ മാസം അവന് ജോലി നഷ്ടപ്പെട്ടു”, അദ്ദേഹം പറയുന്നു. 21-കാരനായ ചിന്തപ്പള്ളി തരുൺ ഫെബ്രുവരിയിൽ കരാർ അവസാനിക്കുന്നതുവരെ ഒരു സ്വകാര്യ കമ്പനിയിൽ വെൽഡറായി ജോലി ചെയ്തിരുന്നു. “ഞാൻ ജോലി അന്വേഷിക്കുകയായിരുന്നു, പക്ഷേ കൊറോണ വൈറസ്…” അവൻ നെടുവീർപ്പിട്ടു.
“ഞങ്ങൾ ചേരി നിവാസികളാണ്, ഞങ്ങൾക്ക് സാമൂഹികാകലം അസാധ്യമാണ്. ഇതുവരെ ആരും ഈ മേഖലയിൽ കോവിഡ് പോസിറ്റീവ് ആയിട്ടില്ല ദൈവം രക്ഷിക്കട്ടെ, ആർക്കെങ്കിലും അസുഖം പിടിപെട്ടാൽ ഞങ്ങളെ രക്ഷിക്കാനാവില്ല”, തത്തറാവു പറയുന്നു. “ഒരു മാസ്ക്കിനോ ഹാൻഡ് സാനിറ്റൈസറിനോ ഞങ്ങളെ രക്ഷിക്കാൻ കഴിയില്ല”. അയാൾക്ക് മാസ്ക് ഇല്ല, പകരം ഒരു തൂവാല മുഖത്ത് കെട്ടും. സത്യ തന്റെ സാരിയുടെ തലപ്പുകൊണാണ് മുഖം മറയ്ക്കുന്നത്.
“സാഹചര്യം ഞങ്ങൾക്ക് അനുകൂലമല്ലെന്ന് തോന്നുന്നു,” തത്തറാവു പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. “എനിക്കോ കുടുംബത്തിലെ മറ്റാർക്കെങ്കിലുമോ വൈറസ് പിടിപെട്ടാൽ, ചികിത്സയ്‌ക്ക് ഞങ്ങളുടെ കയ്യിൽ പണമില്ല”. “ഞങ്ങളിലാർക്കും ആരോഗ്യ ഇൻഷുറൻസുകളോ സമ്പാദ്യമോ ഇല്ല, ഞങ്ങൾക്ക് തിരിച്ചടയ്ക്കാൻ വായ്പയും ശമിപ്പിക്കാനുള്ള വിശപ്പും മാത്രമേയുള്ളൂ", സത്യ കൂട്ടിച്ചേർക്കുന്നു.
വിശാഖപട്ടണത്തെ മത്സ്യത്തൊഴിലാളി സമൂഹത്തിലെ തത്താറാവു, സത്യ, പപ്പു ദേവി എന്നിവരും മറ്റ് സ്ഥലങ്ങളിൽനിന്ന് ഇവിടേക്ക് കുടിയേറിയവരാണ്. മറ്റ് വർഷങ്ങളിൽ, സാധാരണയായി, പ്രജനന കാലത്തിന്റെ രണ്ട് മാസങ്ങളിൽ അവർ ഇടയ്ക്കിടെ അവരുടെ ഗ്രാമങ്ങളിലേക്ക് മടങ്ങാറുണ്ടായിരുന്നു. എന്നാൽ ഇത്തവണ അവർ അങ്ങനെ ചെയ്യാനുള്ള സാധ്യത കുറവാണ്.
"നേരത്തെ, ആ രണ്ട് മാസത്തേക്ക് ഞങ്ങൾ വാടക നൽകിയിരുന്നില്ല - ഇപ്പോൾ അതും കൊടുക്കണം," തത്തറാവു പറയുന്നു. “പ്രജനനകാലത്ത്, ഗ്രാമത്തിൽ മറ്റുള്ളവരുടെ ഫാമുകളിലെ ചെറിയ ചെറിയ ജോലികൾ ഞങ്ങൾ ചെയ്തിരുന്നു, അതിൽനിന്ന് ദിവസം 50 രൂപയും കിട്ടും" കാർഷികവിളകളേയും മറ്റും കാട്ടുമൃഗങ്ങളിൽനിന്ന് സംരക്ഷിക്കുക എന്നതായിരുന്നു ഞങ്ങളുടെ ജോലി.
"ചിലപ്പോൾ ജോലിയിൽ അബദ്ധങ്ങൾ സംഭവിക്കാറുണ്ട് എനിക്ക്" അയാൾ ചിരിക്കുന്നു. "മത്സ്യത്തൊഴിലാളികൾക്ക് മറ്റൊരു കച്ചവടമോ തൊഴിലോ അറിയില്ല. ഇപ്പോൾ, മത്സ്യങ്ങളുടെ പ്രജനന കാലയളവിനുശേഷം വൈറസ് ഉണ്ടാകല്ലേ എന്നതുമാത്രമാണ് ഞങ്ങളുടെ പ്രാർത്ഥന".
ഫോട്ടോകൾ തന്ന് സഹായിച്ചതിന് വിശാഖപട്ടണത്തെ പ്രജാശക്തി ബ്യൂറോ ചീഫ് മധു നരവയ്ക്ക് നന്ദി.
പരിഭാഷ: സി. ലബീബ