പേര്: വജേസിംഗ് പാർഗി. ജനനം: 1963. ഗ്രാമം: ഇത്വാ ജില്ല: ദാഹോദ്, ഗുജറാത്ത്. സമുദായം: ആദിവാസി പഞ്ചമഹാലി ഭിൽ. കുടുംബാംഗങ്ങൾ: അച്ഛൻ ചിസ്ക ഭായി. അമ്മ, ചതുര ബെൻ. അഞ്ച് സഹോദരങ്ങളിൽ മൂത്തയാളാണ് വജേസിംഗ്. കുടുംബത്തിന്റെ തൊഴിൽ: കാർഷികവൃത്തി.
ഒരു ദരിദ്ര ആദിവാസി കുടുംബത്തിൽ ജനിച്ചതിൽനിന്ന് തനിക്ക് കിട്ടിയത്, വജേസിംഗിന്റെ സ്വന്തം വാക്കുകളിൽ, ‘അമ്മയുടെ ഗർഭപാത്രത്തിൽനിന്ന് തുടങ്ങിയ ഇരുട്ട’, ‘ഏകാന്തതയുടെ ഒരു മുഴുവൻ മരുഭൂമി‘, ‘വിയർപ്പിന്റെ ഒരു കിണർ’ എന്നിവയാണ്. കൂടെ, ‘വിഷാദത്തിന്റെ നീലനിറമുള്ള’ ‘വിശപ്പും’, ‘മിന്നാമിനുങ്ങിന്റെ വെളിച്ചവും’. ജനനത്തോടൊപം, അക്ഷരത്തോടുള്ള പ്രണയവുമുണ്ടായി.
ഒരിക്കൽ, ഒരു വഴക്കിനിടയിൽ, പ്രതീക്ഷിക്കാതിരുന്ന സമയത്ത്, ആ യുവ ആദിവാസിയുടെ താടിയെല്ലും കഴുത്തും തുളച്ച് ഒരു വെടിയുണ്ട പാഞ്ഞു. ഏഴ് മാസത്തെ ചികിത്സയും 14 ശസ്ത്രക്രിയയും തീരാത്ത കടബാധ്യതയും കഴിഞ്ഞിട്ടും പിന്നെയൊരിക്കലും അയാളുടെ ശബ്ദം പഴയതുപോലെയായില്ല. അതൊരു ഇരട്ടപ്രഹരമായിരുന്നു. ശബ്ദമില്ലാത്ത ഒരു സമുദായത്തിൽ ജനിച്ചുപോയിട്ടും സ്വന്തമായി കിട്ടിയ ഒരു ശബ്ദത്തിനാണ് സാരമായ പരിക്കേറ്റത്. അയാളുടെ കണ്ണുകളുടെ സൂക്ഷ്മത മാത്രം അതേപടി ബാക്കിയായി. ഏറെക്കാലത്തിനുശേഷം ഗുജറാത്തി സാഹിത്യം കണ്ട ഏറ്റവും മികച്ച പ്രൂഫ് റീഡറായിരുന്നു വജേസിംഗ്. എന്നാൽ, അദ്ദേഹത്തിന്റെ സ്വന്തം എഴുത്തിന് ഒരിക്കലും അതർഹിക്കുന്ന അംഗീകാരം കിട്ടിയിട്ടില്ല.
തന്റെ ധർമ്മസങ്കടത്തെക്കുറിച്ച് പഞ്ചമഹാലി ഭിലി ഭാഷയിൽ, ഗുജറാത്തി ലിപിയിൽ വജേസിംഗ് എഴുതിയ കവിതയുടെ മലയാളം പരിഭാഷ.
મરવું હમુન ગમતું નથ
ખાહડા જેતરું પેટ ભરતાં ભરતાં
ડુંગોર ઘહાઈ ગ્યા
કોતેડાં હુકાઈ ગ્યાં
વગડો થાઈ ગ્યો પાદોર
હૂંકળવાના અન કરહાટવાના દંન
ઊડી ગ્યા ઊંસે વાદળાંમાં
અન વાંહળીમાં ફૂંકવા જેતરી
રઈં નીં ફોહબાંમાં હવા
તેર મેલ્યું હમુઈ ગામ
અન લીદો દેહવટો
પારકા દેહમાં
ગંડિયાં શેરમાં
કોઈ નીં હમારું બેલી
શેરમાં તો ર્યાં હમું વહવાયાં
હમું કાંક ગાડી નીં દીઈં શેરમાં
વગડાવ મૂળિયાં
એવી સમકમાં શેરના લોકુએ
હમારી હારું રેવા નીં દીદી
પૉગ મેલવા જેતરી ભૂંય
કસકડાના ઓડામાં
હિયાળે ઠૂંઠવાતા ર્યા
ઉનાળે હમહમતા ર્યા
સુમાહે લદબદતા ર્યા
પણ મળ્યો નીં હમુન
હમારા બાંદેલા બંગલામાં આસરો
નાકાં પર
ઘેટાં-બૉકડાંની જેમ બોલાય
હમારી બોલી
અન વેસાઈં હમું થોડાંક દામમાં
વાંહા પાસળ મરાતો
મામાનો લંગોટિયાનો તાનો
સટકાવે વીંસુની જીમ
અન સડે સૂટલીઈં ઝાળ
રોજના રોજ હડહડ થાવા કરતાં
હમહમીને સમો કાડવા કરતાં
થાય કી
સોડી દીઈં આ નરક
અન મેલી દીઈં પાસા
ગામના ખોળે માથું
પણ હમુન ડહી લેવા
ગામમાં ફૂંફાડા મારે સે
ભૂખમરાનો ભોરિંગ
અન
મરવું હમુન ગમતું નથ.
മരിക്കാൻ എനി ക്കിഷ്ടമല്ല
പർവ്വതങ്ങൾ വീഴുകയും
ഉറവുകൾ
വരണ്ടുണങ്ങുകയും
ഗ്രാമങ്ങൾ കാടുകളെ
അധീനപ്പെടുത്തുകയും
അലർച്ചകളുടേയും കുരവകളുടേയും
ദിനങ്ങൾ
കാറ്റിനോടൊപ്പം അപ്രത്യക്ഷമാവുകയും
ഒരു ഓടക്കുഴൽ
വായിക്കാനുള്ള ശ്വാസംപോലും
ശ്വാസകോശത്തിൽ ബാക്കിയില്ലാതെ വരികയും
എന്നിട്ടും ഈ
വയർ പൊള്ളയാവുകയും
ചെയ്തപ്പോഴാണ്
ഞാൻ ഗ്രാമം
വിട്ട്, പ്രവാസത്തിലേക്ക് പോയത്...
ഞങ്ങൾ, താഴ്ന്ന
മനുഷ്യരെ
പരിഗണിക്കാനാരുമില്ലാത്ത
ഒരു വിദേശമണ്ണിലേക്ക്,
ഒരു ഭ്രാന്തൻ
നഗരത്തിലേക്ക്.
ഞങ്ങൾ ഞങ്ങളുടെ
കാട്ടുവേരുകൾ
ആഴ്ത്തുമോ എന്ന്
ഭയന്നിട്ടാകണം
നാഗരികർ ഞങ്ങൾക്ക്
ഒരുതുണ്ട്
ഭൂമിപോലും തന്നില്ല.
കാലുകൾ വിശ്രമിക്കാനുള്ള ഇടംപോലും.
പ്ലാസ്റ്റിക്ക് ചുവരുകൾക്കകത്ത്
ഞങ്ങൾ ജീവിച്ചു.
തണുപ്പിൽ വിറച്ച്,
ചൂടിൽ വിയർത്ത്,
മഴയിൽ നനഞ്ഞ്,
ഞങ്ങൾ പണിത
ബംഗ്ലാവുകളിൽ
അഭയം കിട്ടാതെ.
കന്നുകാലികളെപ്പോലെ
നാൽക്കവലകളിൽ
ഞങ്ങളുടെ അദ്ധ്വാനം
ലേലത്തിന് വെച്ചു
തുച്ഛമായ കാശിന്
വിൽക്കപ്പെട്ടു.
തേളിന്റെ കുത്തുപോലെ
എന്റെ പുറം
തുളച്ചുകയറുന്നുണ്ട്
‘മമ്മ‘യുടേയും
‘ലങ്കോട്ടി‘യുടേയും
മുള്ളുകൾ
കോണകമുടുത്ത വൃത്തിഹീനരായ
ആദിവാസികൾ
എന്റെ തലയിലേക്ക്
വിഷം അരിച്ചുകയറുന്നു.
ഈ നരകം,
ഈ അപമാനം,
ശ്വാസം മുട്ടിക്കുന്ന
ഈ ജീവിതം
ഉപേക്ഷിക്കണമെന്നുണ്ട് എനിക്ക്
ഗ്രാമത്തിലേക്ക് തിരിച്ചുപോകണമെന്നുണ്ട്
അതിന്റെ മടിയിൽ
തലചായ്ക്കാൻ
എന്നാൽ, അവിടെ
വിഷം ചീറ്റുന്ന
സർപ്പം കാത്തിരിക്കുന്നു.
വിശപ്പ്.
എനിക്കോ,
മരിക്കാൻ എനിക്കിഷ്ടമല്ല.
ഈ കവി ഇപ്പോൾ, ദാഹോദിലെ കൈസർ മെഡിക്കർ നഴ്സിംഗ് ഹോമിൽ, ശ്വാസകോശാർബ്ബുദത്തിന്റെ നാലാം ഘട്ടവുമായി പൊരുതിക്കൊണ്ടിരിക്കുന്നു.
പരിഭാഷ: രാജീവ് ചേലനാട്ട്