"നിങ്ങൾ വെളിച്ചത്തിലാണ് ജനിച്ചു വീണത്, ഞങ്ങൾ ഇരുട്ടിലും," നന്ദ്റാം ജാമുൻകർ തന്റെ മൺവീടിൻറെ പുറത്തിരുന്നു പറയുന്നു. 2024 ഏപ്രിൽ 26-നു പൊതുതിരഞ്ഞെടുപ്പ് നടക്കുന്ന അമരാവതി ജില്ലയിലുള്ള ഖഡിമാൽ ഗ്രാമത്തിലാണ് ഞങ്ങൾ. അന്ധകാരം എന്ന് നന്ദ്റാം പറഞ്ഞത് അതിന്റെ യഥാർത്ഥ അർത്ഥത്തിൽത്തന്നെയാണ്; മഹാരാഷ്ട്രയിലെ ഈ ഗോത്രവർഗ്ഗ ഗ്രാമത്തിൽ ഇന്നുവരെയും വൈദ്യുതി എത്തിയിട്ടില്ല.
"എല്ലാ അഞ്ച് വർഷം കൂടുമ്പോഴും ആരെങ്കിലും വന്ന് വൈദ്യുതി എത്തിക്കാമെന്ന് വാക്ക് നൽകും. വൈദ്യുതിയുടെ കാര്യം വിടൂ, അവർപോലും പിന്നെ ഇവിടേയ്ക്ക് വരാറില്ല." ആ 48 വയസ്സുകാരൻ പറയുന്നു. 2019-ൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച സിറ്റിംഗ് എം.പി നവനീത് കൗർ റാണ, ശിവസേനാ സ്ഥാനാർത്ഥിയും മുൻ കേന്ദ്രമന്ത്രിയുമായ ആനന്ദ്റാവു അദ്സുലിനെയാണ് അന്ന് പരാജയപ്പെടുത്തിയത്. ഈ വർഷം അവർ ഭാരതീയ ജനതാ പാർട്ടി സ്ഥാനാർത്ഥിയായിട്ടാണ് മണ്ഡലത്തിൽ ജനവിധി തേടുന്നത്.
ചിഖൽദാര താലൂക്കയിൽ ഉൾപ്പെടുന്ന ഈ ഗ്രാമത്തിലെ താമസക്കാരായ 198 കുടുംബങ്ങൾ (2011-ലെ കണക്കെടുപ്പ് പ്രകാരം) പ്രധാനമായും മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ആശ്രയിച്ചാണ് ഉപജീവനം കണ്ടെത്തുന്നത്. സ്വന്തമായി ഭൂമി ഉള്ള കുറച്ചുപേർ മഴയെ ആശ്രയിച്ച് കൃഷി ചെയ്യുന്നു; ചോളമാണ് ഇവിടത്തെ പ്രധാന വിള. ഖഡിമാൽ ഗ്രാമത്തിലെ താമസക്കാരിൽ ഭൂരിഭാഗവും വരുന്ന പട്ടികവർഗ്ഗക്കാർ എല്ലാകാലത്തും കുടിവെള്ളമോ വൈദ്യുതിയോ ഇല്ലാതെയാണ് ജീവിച്ചിട്ടുള്ളത്. നന്ദ്റാം അംഗമായിട്ടുള്ള കോർക്കു ഗോത്രത്തിന്റെ സംസാരഭാഷയായ കോർക്കു 2019-ൽ പട്ടികവർഗ ക്ഷേമ മന്ത്രാലയം അപകടഭീഷണി നേരിടുന്ന ഭാഷയായി തിരിച്ചറിഞ്ഞിട്ടുള്ളതാണ്.








