ഒരു തെളിഞ്ഞ തിങ്കളാഴ്ച രാവിലെ 7 മണിയോടെ വന്ദന കോലിയും ഗായത്രി പാട്ടീലും മുംബൈയിലെ സസൂൻ ഡോക്കിലെ ജെട്ടിയിൽ മത്സ്യങ്ങളും വഹിച്ചു കൊണ്ടുള്ള ബോട്ട് എത്തിയിട്ടുണ്ടോ എന്നതും നോക്കി ആശങ്കയോടെ കാത്തിരിക്കുകയായിരുന്നു.
ഏകദേശം 2 കിലോമീറ്റർ അകലെ കോളാബയിലെ കോലിവാഡ പ്രദേശത്തുള്ള തങ്ങളുടെ വീട്ടിൽ നിന്നും മീനെടുക്കുന്നതിനായി ഡോക്കിൽ എത്തിയതായിരുന്നു അവർ ഇരുവരും. ആഴ്ചയിൽ അഞ്ച് ദിവസം ഇതവരുടെ ദിനചര്യയാണ് - ഇവിടെനിന്നും പുതിയ മീൻ വാങ്ങി വീടിനടുത്തുള്ള ചന്തയിൽ വച്ച് വിൽക്കുക (ചൊവ്വാഴ്ചയും വ്യാഴാഴ്ചയും പലരും മത്സ്യം കഴിക്കില്ല, അതിനാൽ കച്ചവടം കുറവാണ്).
"കച്ചവടം കൂടുതലായി നടക്കുന്നത് ഞായറാഴ്ചകളിലാണ്, പക്ഷെ ഇന്നലെ എനിക്ക് ലാഭമൊന്നും കിട്ടിയില്ല. ആ നഷ്ടം നികത്തണം, അല്ലെങ്കിൽ ഈ ആഴ്ച റേഷൻ വാങ്ങാൻ ഞങ്ങൾ ബുദ്ധിമുട്ടും”, 53-കാരിയായ വന്ദന പറഞ്ഞു. അവരും 51-കാരിയായ ഗായത്രിയും കോലി സമുദായത്തിൽ (മഹാരാഷ്ട്രയിൽ പിന്നോക്ക വിഭാഗമായി പെടുത്തിയിരിക്കുന്നു) പെട്ടവരും 28 വർഷങ്ങളായി അടുത്ത സുഹൃത്തുക്കളുമാണ്.
ജെട്ടിയിലേക്ക് ബോട്ടുകൾ എത്താൻ തുടങ്ങി. അവിടെ കാത്തു നിൽക്കുകയായിരുന്ന 40-50 സ്ത്രീകൾ മത്സ്യ ലേലക്കാർക്ക് (ബോട്ടുടമകളില്‍ നിന്നും മീൻപിടുത്തക്കാരില്‍ നിന്നും മീൻ വാങ്ങി വിൽക്കുന്ന ഇടനിലക്കാർ) ചുറ്റും കൂടാൻ തുടങ്ങി. "ഛൽ, ആത്താ ദേ 200 മധേ” [വരൂ, 200 രൂപയ്ക്ക് തരൂ], വന്ദന പറഞ്ഞു. കുറച്ച് കൊഞ്ച് 240 രൂപയ്ക്ക് അവർ ഉറപ്പിച്ചു. കൂടുതൽ വിലപേശലുകൾക്കു ശേഷം രാവിലെ 9 മണിയോടെ വന്ദനയും ഗായത്രിയും കൊഞ്ച്, ചെമ്മീൻ, ബോംബിൽ എന്നിവയൊക്കെ വാങ്ങി. ഓരോ ദിവസത്തെയും നിരക്കനുസരിച്ച് അവർ മൊത്തത്തിൽ 7-10 കിലോ വരെ ഒരോ സമയവും വാങ്ങുന്നു.
വന്ദന ഗായത്രിക്ക് അടയാളം കൊടുത്തു: "ഘെട്‌ലാ, നിഘുയാ” (കിട്ടി, നമുക്ക് പോകാം).”










