വേനൽക്കാല മാസങ്ങളിൽ ലഡാക്കിലെ സുരു താഴ്വരയിൽ ഗ്രാമങ്ങൾ സജീവമാവും. മഞ്ഞണിഞ്ഞ മലനിരകളാൽ ചുറ്റപ്പെട്ട, അരുവികളൊഴുകുന്ന പച്ചപുതച്ച പാടങ്ങളിൽ കാട്ടുപൂക്കൾ സമൃദ്ധമായി വിടർന്നുനിൽക്കും. പകൽസമയത്തെ ആകാശത്തിന് ഭംഗിയുള്ള നീലനിറമായിരിക്കും. രാത്രിയിലെ ആകാശത്തിൽ നിങ്ങൾക്ക് ക്ഷീരപഥം കാണാൻ കഴിയും.
കാർഗിൽ ജില്ലയിലെ ഈ താഴ്വരയിലെ കുട്ടികൾ, പ്രകൃതിയുമായി ഊഷ്മളമായ ഒരു ബന്ധം പുലർത്തുന്നു. 2021-ൽ ഈ ചിത്രങ്ങളെടുത്ത തായ് സുരു ഗ്രാമത്തിൽ, പെൺകുട്ടികൾ പാറപ്പുറങ്ങളിൽ കയറി വേനൽക്കാലത്ത് പൂക്കളും ശിശിരത്തിൽ മഞ്ഞും ശേഖരിക്കും. കാട്ടരുവികളിൽ ചാടിത്തിമർക്കും. ബാർളിപ്പാടങ്ങളിലുള്ള കളികൾ വേനൽക്കാലത്തെ അവരുടെ ഒരു ഇഷ്ടവിനോദമാണ്
കേന്ദ്രഭരണപ്രദേശമായ ലഡാക്കിലെ മറ്റൊരു ജില്ലയായ ലേ എന്ന ജനപ്രിയ വിനോദസഞ്ചാരകേന്ദ്രത്തിൽനിന്ന് വളരെ അകലെയാണ് കാർഗിൽ.
കാർഗിൽ കശ്മീർ താഴ്വരയിലാണെന്ന് മറ്റിടങ്ങളിലെ പലരും തെറ്റിദ്ധരിക്കാറുണ്ടെങ്കിലും, അതങ്ങിനെയല്ല. സുന്നി മുസൽമാന്മാർക്ക് മുൻതൂക്കമുള്ള കശ്മീരിൽനിന്ന് വ്യത്യസ്തമായി, കാർഗിലിലെ ജനങ്ങളിൽ ഭൂരിഭാഗവും ഷിയ ഇസ്ലാം വിഭാഗത്തിൽപ്പെടുന്നവരാണ്.
കാർഗിൽ പട്ടണത്തിൽനിന്ന് 70 കിലോമീറ്റർ തെക്കുള്ള തായ് സുരുവിനെ സുരു താഴ്വരയിലുള്ള ഷിയ മുസ്ലിങ്ങൾ സുപ്രധാനമായ ഒരു ആദ്ധ്യാത്മിക കേന്ദ്രമായിട്ടാണ് കാണുന്നത്. അവിടെയുള്ള ജനങ്ങളെ സംബന്ധിച്ചിടത്തോളം, പ്രവാചകനായ മുഹമ്മദ് നബിയുടെ ചെറുമകൻ ഇമാം ഹുസൈനുവേണ്ടി തീവ്രദു:ഖമാചരിക്കുന്ന ഒരു കാലമാണ് ഇസ്ലാമിക പുതുവർഷമായ മുഹറം. ക്രിസ്തുവർഷം 680 ഒക്ടോബർ 10-ന് ഇന്നത്തെ ഇറാഖിൽപ്പെടുന്ന കർബാലയിൽവെച്ച് നടന്ന യുദ്ധത്തിൽ, 72 അനുയായികളോടൊപ്പം ഇമാം ഹുസൈൻ വീരചരമം പ്രാപിച്ചു.
മുഹറം മാസത്തിൽ, അന്നത്തെ ആ ജീവത്യാഗത്തെ അനുസ്മരിക്കുന്ന ചടങ്ങുകളിൽ, പുരുഷന്മാരും സ്ത്രീകളും ഒരുപോലെ ഭാഗഭാക്കാവുന്നു. ജുലൂസെന്നും ദസ്തയെന്നും വിളിക്കപ്പെടുന്ന ഘോഷയാത്രകൾ പല ദിവസങ്ങളിലും നടക്കുന്നു. ഇവയിലധികം നടക്കുന്നത് അഷുറ ദിവസത്തിലാണ്. മുഹറത്തിലെ പത്താമത്തെ ദിവസം. ആ ദിവസമാണ് ഹുസൈനും അദ്ദേഹത്തിന്റെ അനുചരന്മാരും കർബാലയിൽവെച്ച് കൊല്ലപ്പെട്ടത്. ചില പുരുഷന്മാർ ആത്മപീഡനം ആചരിക്കുന്നു. (ഉറുമികളും ചങ്ങലകളും വെച്ച് സ്വന്തം പുറത്ത് ആഞ്ഞടിക്കുന്ന ചടങ്ങ്). ക്വാമ സാനി എന്നാണ് അതിനെ വിളിക്കുന്നത്. എല്ലാ ആളുകളും സ്വന്തം നെഞ്ചിൽ കൈകൾകൊണ്ട് അടിക്കുകയും ചെയ്യും. സീനാ സാനി എന്ന് വിളിക്കുന്ന ആചാരം.
അഷുറയുടെ തൊട്ട് തലേന്ന് രാത്രി സ്ത്രീകൾ മസ്ജിദിൽനിന്ന് ഇമാംബ്രയിലേക്ക് (സമ്മേളന ഹാൾ) മർസിയയും നോഹയും ചൊല്ലി (വിലാപവും അപദാനങ്ങളും) പുറപ്പെടുന്നു. (ഈ വർഷം അഷുറ വരുന്നത് ഓഗസ്റ്റ് 8-9 ദിവസങ്ങളിലായിട്ടാണ്).
ഹുസൈനിന്റേയും മറ്റുള്ളവരുടേയും ചെറുത്തുനിൽപ്പും ജീവത്യാഗവും സ്മരിക്കാൻ, മുഹറത്തിലെ എല്ലാ ദിവസവും രണ്ടുതവണ, എല്ലാവരും ഇമാംബ്രയിൽ മജ്‌ലിസ് (മതപരമായ ഒത്തുചേരൽ) നടത്തുന്നു. ഹാളിന്റെ ഒരു ഭാഗത്ത് പുരുഷന്മാരും കുട്ടികളും മറ്റൊരു ഭാഗത്ത് സ്ത്രീകളും വേർതിരിഞ്ഞിരുന്ന് കർബാല യുദ്ധത്തിനെക്കുറിച്ചും മറ്റും ആഘ (പുരോഹിതൻ) നടത്തുന്ന പ്രഭാഷണം ശ്രവിക്കുന്നു.
എന്നാൽ ഹാളിന് മുകളിലുള്ള നിലയിൽ, അഴികൾകൊണ്ട് അടച്ച ബാൽക്കണിയിൽ പെൺകുട്ടികൾ ഇരിക്കും. അവിടെയിരുന്നാൽ താഴെ നടക്കുന്നത് അവർക്ക് കാണാൻ കഴിയും.. പിഞ്ച്‌ര, അഥവാ, കൂട് എന്നാണ് ആ സ്ഥലത്തെ വിളിക്കുക. ആ പേർ കേൾക്കുമ്പോൾ, അടച്ചുപൂട്ടിയ, ശ്വാസംമുട്ടുന്ന ഒരു സ്ഥലമായിരിക്കും ഓർമ്മവരിക. എന്നാൽ, ആ സ്ഥലം, പെൺകുട്ടികൾക്ക് കളിക്കാനും സ്വാതന്ത്ര്യത്തോടെ കഴിയാനുമുള്ള സ്ഥലമാണ്.
ഇമാംബ്രയിലെ ദു:ഖാന്തരീക്ഷം കടുക്കുമ്പോൾ, പെട്ടെന്ന് ആ പെൺകുട്ടികൾക്കിടയിൽ ഒരു മാറ്റം പ്രകടമാവുകയും, അവർ തല താഴ്ത്തി കരയാൻ ആരംഭിക്കുകയും ചെയ്യുന്നു. എന്നാൽ അത് അധികം നീണ്ടുപോവില്ല.
ദു:ഖാചരണത്തിന്റെ മാസമാണ് മുഹറമെങ്കിലും, കുട്ടികളുടെ ലോകത്ത്, അത് കൂട്ടുകാരെ കാണാനും അവരോടൊത്ത് മണിക്കൂറുകൾ ചിലവഴിക്കാനുമുള്ള ഒരവസരമാണ്. രാത്രി വൈകുംവരെ ചിലപ്പോൾ അത് നീണ്ടുപോവും. ആൺകുട്ടികൾ ആത്മപീഡനത്തിലേർപ്പെടാറുണ്ടെങ്കിലും, പെൺകുട്ടികൾക്ക് അത് നിഷിദ്ധമാണ്. മറ്റുള്ളവർ ചെയ്യുന്നതിന് സാക്ഷികളാവുകയാണ് അവരുടെ നിയോഗം.
മുഹറത്തിനെക്കുറിച്ചുള്ള വിവരണങ്ങളധികവും പുരുഷന്മാരുടെ ആത്മപീഡനത്തെയും രക്തച്ചൊരിച്ചിലിനെയും കേന്ദ്രീകരിച്ചുള്ളതാണ്. പക്ഷേ, മറ്റൊരു രീതിയിലും ദു:ഖം ആചരിക്കപ്പെടുന്നു. സ്ത്രീകളുടേതായ രീതിയിൽ - മൌനമായും ദു:ഖഭരിതമായും.
പരിഭാഷ : രാജീവ് ചേലനാട്ട്