“അച്ഛന് ഇവിടെ എന്നോടൊപ്പം ഉണ്ടായിരുന്നെങ്കില്‍”, പ്രിയങ്ക അടക്കി പറഞ്ഞു. ഓര്‍മ്മകളാല്‍ ദു:ഖിതയായി, തിളങ്ങുന്ന ചുവന്ന സാരിയും സ്വര്‍ണ്ണാഭരണങ്ങളണിഞ്ഞ്, മടിയില്‍ പൂക്കളുമായി, രജതജൂബിലി ഗ്രാമത്തിലുള്ള ഭര്‍ത്താവിന്റെ വീട്ടിലേക്കു തിരിക്കുന്ന നീലയും പിങ്കും നിറമുള്ള പല്ലക്കില്‍ അവളിരുന്നു.
പശ്ചിമ ബംഗാളിലെ ദക്ഷിണ 24 പര്‍ഗനാ ജില്ലയിലെ ഈ ഗ്രാമത്തിലെ അന്തേവാസിയായ പ്രിയങ്ക (23) അതേ ഗ്രാമത്തിലെ ഹിരണ്മയ് മണ്ഡല് എന്ന 27 വയസുകാരനെയാണ് 2020 ഡിസംബംര്‍ 7-ന് വിവാഹം ചെയ്തത്. അയല്‍പക്കക്കാരനായിരുന്ന ഹിരണ്മയ് കൊല്‍ക്കത്തയില്‍ പ്രവര്‍ത്തിക്കുന്ന ചില്ലറ വില്‍പ്പന വസ്ത്ര ശാലയില്‍ ഫ്ളോര്‍ എക്സിക്യൂട്ടീവായി ജോലി ചെയ്യുകയായിരുന്നു. പ്രണയത്തിലായിരുന്ന ഇരുവരും 2019-ല്‍ വിവാഹം ചെയ്യാന്‍ തീരുമാനിച്ചിരുന്നു.
എന്നാല്‍ 2019 ജൂലൈ 29-ന് 45-കാരനായ പ്രിയങ്കയുടെ അച്ഛന് അര്ജുന് മണ്ഡല് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനാല്‍ സുന്ദര്‍വനങ്ങളിലെ ലാഹിരിപൂര് ഗ്രാമപഞ്ചായത്തിലെ ഈ ഗ്രാമത്തില്‍ വച്ചു നടത്താന്‍ നിശ്ചയിച്ചിരുന്ന അവരുടെ വിവാഹം നീട്ടിവയ്ക്കേണ്ടി വന്നു. മത്സ്യത്തൊഴിലാളിയായിരുന്ന അര്ജുന് സുന്ദര്വന കടുവ സംരക്ഷണ കേന്ദ്രത്തിന്റെ ഹൃദയഭാഗത്തുള്ള പിര്‍ഖലി ഗാസി വനമേഖലകളില്‍ സ്ഥിരമായി ഞണ്ടു വേട്ടയ്ക്കു പോയിരുന്നു. അദ്ദേഹത്തിന്റെ ശരീരഭാഗങ്ങള്‍ ഒരിക്കലും കണ്ടെത്തിയില്ല.
ഞണ്ടു വേട്ടയ്ക്കായ് അര്ജുന് ഓരോ തവണ വനത്തില്‍ പോകുമ്പോഴും സുരക്ഷിതനായി തിരിച്ചെത്തുമോയെന്നോര്ത്ത് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ ഭയന്നിരുന്നു. തന്റെ അവസാനത്തേകുമായിരുന്ന 2019 ജൂലൈ മാസത്തിലെ യാത്രയിലും അദ്ദേഹത്തിന്റെ മനസ്സ് നിറയെ മകളുടെ വിവാഹമായിരുന്നു.
“പ്രിയങ്കയുടെ വിവാഹത്തിനു ഞങ്ങള്‍ക്കു പണം ആവശ്യമായിരുന്നു. വനത്തില്‍ പോകാതെ മറ്റു മാര്‍ഗ്ഗങ്ങളുമുണ്ടായിരുന്നില്ല. പക്ഷെ എന്തോ ആപത്ത് വരാന്‍ പോകുന്നു എന്ന തരത്തില്‍ ഒരു അശുഭ പ്രതീക്ഷ അദ്ദേഹത്തിനുണ്ടായിരുന്നു”, അദ്ദേഹത്തിന്റെ ഭാര്യ പുഷ്പ പറഞ്ഞു.
അര്‍ജുന്റെ ആകസ്മിക മരണത്തിനു ശേഷം വീട്ടിലെ ഉത്തരവാദിത്തങ്ങളും കുട്ടികളായ പ്രിയങ്കയുടെയും രാഹുലിന്റെയും കാര്യങ്ങള്‍ നോക്കുന്നതും അവരുടെ മാത്രം ചുമലിലായി. പുഷ്പ പറയുന്നു: “പ്രിയങ്കയുടെ വിവാഹം അവളുടെ അച്ഛന്റെ സ്വപ്നമായിരുന്നു. എന്ത് ത്യാഗം സഹിച്ചും ഞാനത് നിറവേറ്റുമെന്ന് എനിക്കറിയാമായിരുന്നു. എത്രനാള്‍ അവളുടെ കാത്തിരുപ്പ് കാണാതിരിക്കാന്‍ എനിക്കാവും?”. കല്യാണത്തിന് ഏകദേശം 170,000 രൂപയായി. പ്രായംകൊണ്ടു മുപ്പതുകളുടെ അവസാനത്തിലുള്ള പുഷ്പയ്ക്ക് അതു വലിയൊരു തുകയായിരുന്നു.
ഭര്‍ത്താവിന്റെ മരണവും താങ്ങാനാവാത്ത വീട്ടുചെലവുകളും മക്കളുടെ ഒരേയൊരു രക്ഷാകര്‍ത്താവെന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങളും പുഷ്പയുടെ ആരോഗ്യത്തെ നന്നേ ബാധിച്ചു. വിട്ടുമാറാത്ത മന:ക്ലേശം അനുഭവിച്ചതിനാല്‍ പുഷ്പയെ വിഷാദവും പിടികൂടി. 2020 മെയ് 20-ന് വീശിയടിച്ച ഉംപുന്‍ ചുഴലിക്കാറ്റ് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. കോവിഡ്-19 മഹാമാരി അവരുടെ മാനസികപ്പിരിമുറുക്കവും ഉത്കണ്ഠയും വര്‍ദ്ധിപ്പിച്ചു. രക്തസമ്മര്‍ദത്തിന്റെ ഏറ്റക്കുറച്ചിലുകളും പോഷകാഹാരങ്ങളുടെ ലഭ്യതക്കുറവും അവരില്‍ വിളര്‍ച്ചയ്ക്കു കാരണമാക്കി. "ലോക്ക്ഡൗണ്‍ കാലയളവില്‍ പല ദിവസങ്ങളിലും ഞങ്ങള്‍ക്ക് മതിയായ ആഹാരം കിട്ടാതെ വന്നിട്ടുണ്ട്”, പുഷ്പ പറഞ്ഞു.
വെറും 20 വയസ്സുള്ള മകന് രാഹുലും അച്ഛന്റെ മരണശേഷം കുടുംബത്തിന്റെ ഉപജീവനത്തിനായുള്ള സമര്‍ദ്ദത്തിലാണ്. അദ്ദേഹം പാടങ്ങളിലും നിര്‍മ്മാണ പ്രവര്‍ത്തന രംഗത്തും ദിവസക്കൂലിക്കാരനായി ജോലിയെടുക്കാന്‍ തുടങ്ങി. അമ്മയുടെ വഷളാകുന്ന ആരോഗ്യനില മാത്രമാണ് കൂടുതല്‍ ജോലിചെയ്യാന്‍ രാഹുലിനെ നിര്‍ബന്ധിതനാക്കിയത്. ലോക്ക്ഡൗണ്‍ ജോലിയെ ബാധിക്കുന്നതിനു മുന്‍പുള്ള കുറച്ചു മാസങ്ങളില്‍ പല ജോലികള്‍ ചെയ്ത് രാഹുല്‍ 8,000 രൂപ സമ്പാദിച്ചിരുന്നു. അതെല്ലാം സഹോദരിയുടെ വിവാഹത്തിനായി ചെലവഴിച്ചു.
50,000 രൂപ വായ്പ എടുക്കുന്നതിനു വേണ്ടി പുഷ്പ അവരുടെ - രണ്ടു ചെറിയ മുറികളും ഒരു അടുക്കളയും മാത്രമുള്ള – വീട് 34 രൂപ വാര്‍ഷിക പലിശനിരക്കില്‍ അടുത്തുള്ള ഒരു പണമിടപാടുകാരനു പണയപ്പെടുത്താന്‍ നിര്‍ബ്ബന്ധിതയായി. ആറുമാസത്തിനുള്ളില്‍ പകുതി പണം തിരിച്ചടച്ചാല്‍ മാത്രമേ ബാക്കി പണം അടയ്ക്കാനുള്ള ആറുമാസ കാലാവധി നീട്ടികിട്ടുകയുള്ളു. “വായ്പ തിരിച്ചടയ്ക്കാന്‍ സാധിച്ചില്ലെങ്കില്‍ വീട് നഷ്ടപ്പെട്ട് വഴിയാധാരമാകുമെന്നു ഞാന്‍ ഭയപ്പെടുന്നു”, പുഷ്പ പറഞ്ഞു.
എന്നാല്‍ ഈ കഷ്ടപാടുകള്‍ക്കിടയിലും പ്രതീക്ഷയുടെ ചില രജതരേഖകള്‍ ഉണ്ട്. “ഹിരണ്മയി [അവരുടെ മരുമകന്] ഒരു നല്ല മനുഷ്യനാണ്” അവര്‍ പറഞ്ഞു. “ലോക്ക്ഡൗണിന്റെ ദിവസങ്ങളില്‍ അവന് ഞങ്ങളെ വളരെയധികം സഹായിച്ചു. അവന് വീട്ടില്‍ വന്ന് കടയില്‍ പോയി സാധനങ്ങള്‍ ഒക്കെ വാങ്ങുമായിരുന്നു. ആ സമയത്ത് രണ്ടുപേരും വിവാഹിതര്‍ പോലും ആയിരുന്നില്ല. അവന്റെ വീട്ടുകാര്‍ സ്ത്രീധനവും ചോദിച്ചില്ല.”
വിവാഹദിവസം പ്രിയങ്ക പച്ചയും ചുവപ്പും സ്വര്‍ണ്ണ നിറവും കലര്‍ന്ന തന്റെ മനോഹരമായ സാരിയും അതിനു ചേര്‍ന്ന സ്വര്‍ണ്ണാഭരണങ്ങളും ധരിച്ച് വിവാഹത്തിനുള്ള ചമയങ്ങളും അണിഞ്ഞു. തന്റെ കല്യാണത്തിനായി വീട് പണയപ്പെടുത്തിയിരിക്കുകയാണെന്നുള്ള കാര്യം അവള്‍ക്കറിയാമായിരുന്നില്ല.
വൈകുന്നേരത്തെ പരിപാടിക്കായി മണ്ഡലിന്റെ വീട്ടില്‍ 350 അതിഥികള്‍ എത്തിച്ചേര്‍ന്നു. മിന്നുന്ന മഞ്ഞ ദീപങ്ങള്‍കൊണ്ട് അലങ്കരിക്കപ്പെട്ട വീട് മത്സ്യത്തൊഴിലാളികള്‍ (സ്ത്രീകളും പുരുഷന്മാരും), തേന്‍ ശേഖരിക്കുന്നവര്‍, അദ്ധ്യാപകര്‍, ബോട്ട് നിര്‍മാതാക്കള്‍, നാടന്‍ പാട്ടുകാര്‍, നര്‍ത്തകര്‍ എന്നിവരുടെ സാന്നിദ്ധ്യം കൊണ്ട് കൂടുതല്‍ ദീപ്തമായി. സുന്ദര്‍വനങ്ങളിലെ ആളുകളുമായും അവരുടെ പ്രശ്നങ്ങളുമായും അടുത്ത ബന്ധമുണ്ടായിരുന്ന, അവരുടെ ജീവിതത്തിലും ക്ഷേമത്തിലും വളരെയധികം കരുതലുണ്ടായിരുന്ന ഒരാളെന്ന നിലയില്‍ അര്‍ജുനെ എല്ലാവര്ക്കും അറിയാമായിരുന്നു.
വിവാഹം ആഘോഷിക്കാനായി ഒത്തുകൂടിയ സ്ത്രീകള്‍ ഭക്ഷണം പാകം ചെയ്യുകയും മറ്റ് ഒരുക്കങ്ങള്‍ നടത്താന്‍ സഹായിക്കുകയും ചെയ്തു. സന്തോഷത്താലും ചിലപ്പോഴൊക്കെ മന:ക്ലേശത്താലും പുഷ്പ വിവാഹസമയത്ത് ഒന്നിലധികം തവണ ബോധമറ്റു വീണു. എങ്കിലും ഹിരണ്മയിയും പ്രിയങ്കയും വിവാഹിതരായത് അവര്‍ക്കാശ്വാസമായി.
ചടങ്ങുകള്‍ അവസാനിച്ച ഉടനെതന്നെ സാമ്പത്തിക ഇടപാടുകള്‍ നടത്തേണ്ടതുണ്ടായിരുന്നു - വൈദ്യുതിക്കായും അലങ്കാരങ്ങള്‍ക്കായും 40,000 രൂപ ഉടനടി കണ്ടെത്തേണ്ടിവന്നു. “ആളുകള്‍ പണം ചോദിച്ചു വരമ്പോള്‍ എന്റെ അമ്മയുടെ ആരോഗ്യം കൂടുതല്‍ വഷളാകും”, രാഹുല്‍ പറഞ്ഞു. “വരുമാനത്തിനായി ഇനിയുമേറെ ഞാന്‍ അദ്ധ്വാനിക്കും.”
അര്‍ജുന്റെ മരണശേഷമുള്ള നഷ്ടപരിഹാരത്തുകയ്ക്കായി പുഷ്പയ്ക്കിനിയും സംസ്ഥാന ഉദ്യോഗസ്ഥവൃന്ദവുമായി വളരെയധികം യുദ്ധം ചെയ്യേണ്ടിയിരിക്കുന്നു. കടുവാ ആക്രമണത്തില്‍ മരണപ്പെടുന്നവരുടെ ആശ്രിതര്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ വനം വകുപ്പ്, മത്സ്യബന്ധന വകുപ്പ്, സംസ്ഥാനത്തിന്റെ ഗ്രൂപ്പ് പേഴ്സണല്‍ ആക്സിഡന്റ് ഇന്‍ഷുറന്‍സ് സ്കീം എന്നിവയില്‍ നിന്നും 4-5 ലക്ഷം രൂപ നഷ്ടപരിഹാരത്തിന് അര്‍ഹരാണ് .
പക്ഷെ ഉദ്യോഗസ്ഥ തലത്തിലുള്ള പ്രശ്ങ്ങളും നിയമനടപടികള്‍ക്കുള്ള ചിലവുകളും കുടുംബങ്ങളെ പലപ്പോഴും ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിക്കുന്നതിനില് നിന്നും പിന്തിരിപ്പിക്കുന്നു. 2016-ല്‍ വിവരാവകാശ നിയമ ( ആര്.റ്റി.ഐ. ) പ്രകാരം അപേക്ഷ നല്കി 2017-ല്‍ പാരി (PARI) നടത്തിയ അന്വേഷണത്തില്‍ നിന്നും മനസ്സിലായത് 6 വര്‍ഷത്തിനിടയില്‍ വെറും 5 സ്ത്രീകള്‍ മാത്രമാണ് നഷ്ടപരിഹാരത്തിന് അപേക്ഷിച്ചത് എന്നാണ്. അതില്‍ മൂന്നുപേര്‍ക്കു മാത്രമാണ് ആനുകൂല്യം ലഭിച്ചത്. അതുതന്നെ മുഴുവന്‍ തുകയും കിട്ടിയിട്ടുമില്ല.
അര്ജുന് ഞണ്ടുകളെ പിടിക്കുന്നതിനായി പല തവണ സുന്ദര്വനങ്ങളിലേക്കു പോകുമായിരുന്നു. ഓരോതവണയും 2-3 ദിവസങ്ങള്‍ ഉള്‍വനങ്ങളില്‍ ചിലവഴിച്ചിരുന്നു. ഞണ്ടുകളുടെ വലിപ്പമനുസരിച്ച് ഗ്രാമത്തിലെ ഒരു ഇടനിലക്കാരനു വില്‍ക്കുന്നതിലൂടെ 15,000 മുതല്‍ 30,000 രൂപ വരെ അദ്ദേഹത്തിനു ലഭിച്ചിരുന്നു.
സുന്ദര്‍വനങ്ങളുടെ ഏകദേശം 1,700 ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്ന ഭാഗം, അഥവാ അതിര്‍ത്തി ലംഘിച്ചു കടക്കാന്‍ പറ്റാത്ത പ്രധാന ഭാഗം, കടുവാ സങ്കേതമായും 885 ചതുരശ്ര കിലോമീറ്റര്‍ ഭാഗം പ്രത്യേക പ്രദേശമായും പ്രഖ്യാപിച്ചിരിക്കുന്നു. വനം വകുപ്പിന്റെ അനുമതിയും ബോട്ട് ലൈസന്‍സും ഉള്ളവര്‍ക്ക്, ഈ പ്രത്യേക മേഖലയില്‍ ഉപജീവനത്തിനായി മത്സ്യം, ഞണ്ട് എന്നിവ പിടിക്കുന്നതിനും തേന്‍, വിറക് എന്നിവ ശേഖരിക്കുന്നതിനും അനുമതിയുണ്ട്. എന്നാല്‍ നിയന്ത്രണ മേഖലയില്‍ പ്രവേശിക്കുന്നത് കടുത്ത ശിക്ഷ ക്ഷണിച്ചു വരുത്തുന്നു. ഈ നിയന്ത്രണങ്ങള്‍ ലംഘിച്ച് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് ഒരിക്കലും നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള അവകാശവാദം ഉന്നയിക്കാന്‍ കഴിയില്ല.
സുന്ദര്‍ബന്‍സ് ഗ്രാമീണ വികസന സൊസൈറ്റിയുടെ സെക്രട്ടറി എന്ന നിലയില്‍ അര്ജുന് മണ്ഡലിന് ഈ അപകട സാദ്ധ്യതകളെപ്പറ്റിയൊക്കെ നല്ല ധാരണയുണ്ടായിരുന്നു. കടുവ ആക്രമണം മൂലം ഈ പ്രദേശത്തുനിന്ന് വിധവകളായി മാറിയ സ്ത്രീകള്‍ക്ക് നഷ്ടപരിഹാരം കിട്ടുന്നതിനുവേണ്ടി അദ്ദേഹം അക്ഷീണം പ്രയത്നിച്ചിരുന്നു. മൂന്നു ദശാബ്ദക്കാലം കൊണ്ട് ഏകദേശം 3,000 പേര്, അഥവാ വര്‍ഷത്തില്‍ 100 പേര്, കടുവാ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക് (പ്രദേശ വാസികളുടെയും സര്‍ക്കാരേതര സംഘടനകളുടെയും മറ്റുള്ളവയുടെയും കണക്കുകള്‍ പ്രകാരം).
പുഷ്പയ്ക്ക് ആനുകൂല്യം ലഭിക്കാന്‍ സാദ്ധ്യതയില്ല, കാരണം റിസര്‍വ് വനത്തിന്റെ പ്രധാന നിരോധിത മേഖലയില്‍ മത്സ്യം പിടിച്ചുകൊണ്ടിരുന്നപ്പോഴായിരുന്നു അര്ജുന് മരിച്ചത്. നഷ്ടപരിഹാരത്തിന്റെ പുറകെ പോകണമെങ്കില്‍ വക്കീലിനെ ഏര്‍പ്പാടാക്കുകയും കോല്‍ക്കത്തയ്ക്കു പോയിവരികയും രേഖകള്‍ ശേഖരിക്കുകയും വേണം. ഇതിലൊന്നിനുവേണ്ടിയും ചിലവഴിക്കാനുള്ള ഊര്‍ജ്ജമോ ആരോഗ്യമോ പണമോ അവര്‍ക്കില്ല, പ്രത്യേകിച്ച് വിവാഹത്തിനു വായ്പ എടുത്തതു കാരണം.
ഈ കടങ്ങളെല്ലാം എങ്ങനെ വീട്ടുമെന്ന് രാഹുലിനും നിശ്ചയമില്ല. “ഞങ്ങള്‍ വീട്ടുപകരണങ്ങളെല്ലാം വില്ക്കാന് തുടങ്ങണം”, രാഹുല്‍ പറഞ്ഞു. അതുമല്ലെങ്കില്‍ അമ്മ പേടിക്കുന്നതുപോലെ രാഹുലിനും തന്റെ അച്ഛനെപ്പോലെ ഉപജീവനത്തിനായി വനത്തില്‍ പോകേണ്ടിവരും.
ഈ വിവരണം ഉഴുതി തയ്യാറാക്കിയിരിക്കുന്നത് ഉർവ്വശി സർക്കാറാണ് . ഇത് പാരിക്കു വേണ്ടിയുള്ള അവരുടെയും റിതായൻ മുഖർജിയുടെയും റിപ്പോർട്ടുകളില്‍ നിന്നും എടുത്തിരിക്കുന്നു .
പരിഭാഷ - അനിറ്റ് ജോസഫ്