“ബംഗാളിലുള്ള ധാരാളം കര്‍ഷകര്‍ക്ക് ഈ നിയമങ്ങളെക്കുറിച്ച് അവബോധമില്ല. അതുകൊണ്ട് എന്റെ ഗ്രാമത്തില്‍ നിന്നുള്ള കുറച്ചുപേരെ ഇവിടെയുള്ള നേതാക്കന്മാര് പറയുന്നതു കേട്ടുമനസ്സിലാക്കാനും ഇന്നത്തെ യോഗം കഴിഞ്ഞു തിരിച്ചു നാട്ടിലെത്തുമ്പോള്‍ അയല്‍വാസികളോടും സുഹൃത്തുക്കളോടും കേട്ടുമനസ്സിലാക്കിയ കാര്യങ്ങള്‍ പറയാനുമായി കൊണ്ടുവന്നിട്ടുണ്ട്”, സുബ്രത അഡക് പറഞ്ഞു.
31-കാരനായ കര്ഷകന് മാര്‍ച്ച് 14-ന് സമര യോഗത്തില്‍ പങ്കെടുക്കാന്‍ സിംഗൂരില്‍ എത്തിയത് അവിടെനിന്നും 10 കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന ബാരാ കമലാപൂര്‍ എന്ന ഗ്രാമത്തില്‍ നിന്നുമാണ്. നിയമത്തിന്റെ അപകടങ്ങളെക്കുറിച്ച് ഉയര്‍ന്ന അവബോധം സൃഷ്ടിക്കുന്നതിനായി സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതാക്കന്മാര് മാര്‍ച്ച് പകുതിയോടെ പശ്ചിമ ബംഗാളില്‍ വന്നിരുന്നു. ഡല്‍ഹി അതിര്‍ത്തികളില്‍ മൂന്നു നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകരുടെയും കര്‍ഷക യൂണിയനുകളുടെയും കൂട്ടായ്മയാണ് സംയുക്ത കിസാന്‍ മോര്‍ച്ച. സിംഗൂര്‍ കൂടാതെ ആസന്‍സോള്‍, കോല്‍ക്കത്ത, നന്ദിഗ്രാം എന്നിവിടങ്ങളിലും അവര്‍ യോഗങ്ങള്‍ സംഘടിപ്പിച്ചു.
സിംഗൂരിലെ നാബാപള്ളി പ്രദേശത്ത് രാവിലെ പതിനൊന്നു മുതല്‍ ഉച്ചകഴിഞ്ഞ് ഒരുമണി വരെ നടത്തിയ ചെറിയ യോഗത്തില്‍ കര്‍ഷകരും അവരെ പിന്തുണയ്ക്കുന്നവരുമായി 500 മുതല്‍ 2,000 പേര്‍വരെ എത്തിയതായി വ്യത്യസ്ത കണക്കുകള്‍ പറയുന്നു. കോല്‍ക്കത്തയുടെ വടക്കു-പടിഞ്ഞാറായി 40 കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന പട്ടണം 2006-07 വര്‍ഷത്തില്‍ ചരിത്രപ്രധാനമായ ഒരു സമരത്തിനു സാക്ഷ്യം വഹിച്ചതാണ്. റ്റാറ്റാ മോട്ടോഴ്സിന്റെ നാനോ കാര്‍ ഫാക്ടറിക്കായി ഏകദേശം 997 ഏക്കര്‍ കൃഷിഭൂമി പിടിച്ചെടുക്കുന്നതിനെതിരെയായിരുന്നു ഇത്. 2016-ലെ സുപ്രീം കോടതിയുത്തരവ് സംസ്ഥാന സര്‍ക്കാരിനോട് പ്രസ്തുത ഭൂമി കര്‍ഷകര്‍ക്കു തിരിച്ചു നല്കാന് നിദ്ദേശിച്ചു. പക്ഷെ അതിന്റെ ഭൂരിഭാഗവും ഇപ്പോള്‍ തരിശായി കിടക്കുന്നു.
“ഒരു കര്‍ഷകനെന്ന നിലയില്‍ ഇന്ത്യയിലെ കര്‍ഷകരുടെ അവസ്ഥ എനിക്കറിയാം”, സുബ്രത കൂട്ടിച്ചേര്‍ത്തു. അദ്ദേഹം 8 ബീഘാ (പശ്ചിമ ബംഗാളില്‍ ഒരു ബീഘാ 0.33 ഏക്കറിനു തുല്യമാണ്) സ്ഥലത്ത് ഉരുളക്കിഴങ്ങും ഉള്ളിയും കൃഷി ചെയ്യുന്നു. “സ്വാതന്ത്ര്യ പ്രാപ്തിക്കു മുമ്പുണ്ടായിരുന്ന ഇന്ത്യയില്‍പോലും ബ്രിട്ടീഷുകാര്‍ നീലം കര്‍ഷകരെ ചൂഷണം ചെയ്തിരുന്നു. ഉരുളക്കിഴങ്ങ് കൃഷി ചെയ്തു വളര്‍ത്തുന്നതിനുള്ള ചിലവു വര്‍ദ്ധിച്ചു, വിത്തുകളുടെ വില വര്‍ദ്ധിച്ചു. ഈ കഠിനാദ്ധ്വാനങ്ങള്ക്കുള്ള ഫലം ഞങ്ങള്‍ക്കു കിട്ടുന്നില്ലെങ്കില്‍, യഥാര്‍ത്ഥ നേട്ടം കോര്‍പ്പറേറ്റുകള്‍ക്കാണെങ്കില്‍, ഞങ്ങളെങ്ങനെ അതിജീവിക്കും?”
“സമരം ചെയ്യുന്നത് ഞങ്ങള്‍ നിര്‍ത്തില്ല, ഈ മൂന്നു കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണം”, 65-കാരിയായ അമര്‍ജീത് കൗര്‍ പറഞ്ഞു. ഡണ്‍ലപ് എന്ന പ്രദേശത്തു നിന്നുമാണ് അവര്‍ സിംഗൂരില്‍ എത്തിയത്. ഉത്തര 24 പര്‍ഗനാ ജില്ലയിലെ ബാരാനഗര്‍ മുനിസിപ്പാലിറ്റിയില്‍ നിന്നും 30 കിലോമീറ്റര്‍ മാറിയാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. “സര്‍ക്കാര്‍ ഞങ്ങള്‍ക്ക് ഒരുപാടു നഷ്ടം വരുത്തി”, കൗര്‍ പറഞ്ഞു. അവരുടെ പരമ്പരാഗത വീട് ലുധിയാനയിലാണ്. അവിടെ അവരുടെ കുടുംബം പ്രധാനമായും നെല്ലും ഗോതമ്പും കൃഷി ചെയ്യുന്നു. “അവര്‍ നോട്ടുനിരോധനം കൊണ്ടുവന്നു, ആര്‍ക്കും ജോലിയില്ല. ഞങ്ങള്‍ക്കു ഡല്‍ഹിക്കു പോകാന്‍ കഴിയില്ല [കര്‍ഷക സമരത്തില്‍ ചേരുന്നതിനായി], പക്ഷെ ഞങ്ങള്‍ ഇവിടെ വന്നിരിക്കുന്നു, കരിനിയമങ്ങള്‍ പിന്‍വലിക്കുന്നതുവരെ ഞങ്ങള്‍ ഞങ്ങള്‍ സമരത്തെ പിന്തുണയ്ക്കും.”
താഴെപ്പറയുന്ന മൂന്നു നിയമങ്ങള്‍ക്കെതിരെയാണ് കര്‍ഷകര്‍ സമരം ചെയ്യുന്നത്: കാര്‍ഷികോത്പന്ന വ്യാപാരവും വാണിജ്യവും (പ്രോത്സാഹിപ്പിക്കുന്നതും സുഗമമാക്കുന്നതും) സംബന്ധിച്ച 2020-ലെ നിയമം ; വില ഉറപ്പാക്കല്‍, കാര്‍ഷിക സേവനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കര്‍ഷക (ശാക്തീകരണ, സംരക്ഷണ) കരാറിനെ സംബന്ധിച്ച 2020-ലെ നിയമം ; അവശ്യ സാധന (ഭേദഗതി) നിയമം, 2020 . 2020 ജൂൺ 5-നാണ് ഈ നിയമങ്ങള്‍ ഓർഡിനൻസുകളായി ആദ്യം ഇറക്കിയത്. പിന്നീട് ഇവ സെപ്റ്റംബർ 14-ന് പാർലമെന്റിൽ കാര്‍ഷിക ബില്ലുകളായി അവതരിപ്പിക്കുകയും അതേ മാസം ഇരുപതോടുകൂടി നിലവിലുള്ള സര്‍ക്കാര്‍ തിടുക്കപ്പെട്ടു നിയമങ്ങളാക്കുകയും ചെയ്തു.
കര്‍ഷകരുടെയും കൃഷിയുടെയുംമേൽ വലിയ അധികാരം ലഭിക്കുന്ന വിധത്തില്‍ വൻകിട കോർപ്പറേറ്റുകൾക്ക് ഇടം നല്കുന്നതിനാല് കർഷകർ ഈ നിയമങ്ങളെ കാണുന്നത് തങ്ങളുടെ ഉപജീവനത്തെ തകര്‍ക്കുന്നവയായിട്ടാണ്. ഇൻഡ്യൻ ഭരണഘടനയുടെ 32- വകുപ്പിന്റെ പ്രാധാന്യം ഇല്ലാതാക്കിക്കൊണ്ട് എല്ലാ പൗരന്മാർക്കും നിയമസഹായം തേടാനുള്ള അവകാശത്തെ ഈ നിയമങ്ങള്‍ ദുര്‍ബ്ബലപ്പെടുത്തുന്നതിനാല്‍ ഓരോ ഇൻഡ്യക്കാരനെയും ഇവ ബാധിക്കുന്നുവെന്ന വിമർശനവും നിലനില്‍ക്കുന്നുണ്ട്.
സിംഗൂരില്‍ നിന്നും 25 കിലോമീറ്റര്‍ മാറി സ്ഥിതിചെയ്യുന്ന ബാലി എന്ന പട്ടണത്തില്‍ നിന്നുള്ള 55-കാരനായ ജിതേന്ദ്ര സിംഗും യോഗത്തില്‍ സന്നിഹിതനായിരുന്നു. ഗതാഗതവുമായി ബന്ധപ്പെട്ട ബിസിനസ്സ് ഇടപാടുകള്‍ നടത്തുന്ന അദ്ദേഹം ഇങ്ങനെ പറഞ്ഞു: “നമ്മുടെ [രാജ്യത്തിന്റെ] പ്രാഥമിക സമ്പത്ത് കൃഷിയാണ്. ഈ നിയമങ്ങള്‍ ഈ മേഖലയെ മോശമായി ബാധിച്ചിരിക്കുന്നു. ബീഹാറിലെ കാര്യം നോക്കൂ, 2006-ല്‍ അവിടുത്തെ മണ്ഡി സമ്പ്രദായം എടുത്തു കളഞ്ഞു. ബീഹാറിലെ കര്‍ഷകര്‍, ഭൂമിയുണ്ടായിട്ടും, ഉപജീവനത്തിനായി പഞ്ചാബിലേക്കും ഹരിയാനയിലേക്കും പോകുന്നു.”
“അവര്‍ [സര്‍ക്കാര്‍] എന്തുകൊണ്ട് എം.എസ്.പി. [മിനിമം താങ്ങു വില] യെക്കുറിച്ചു സംസാരിക്കുന്നില്ല?”, ബാലിയില്‍നിന്നും സിംഗൂരെത്തിയ 30-കാരനായ നവ്ജ്യോത് സിംഗ് ചോദിച്ചു. അദ്ദേഹം ബാലിയില്‍ റസ്റ്റോറന്റ് ബിസിനസ്സ് നടത്തുന്നു. പഞ്ചാബിലെ ബര്‍ണാലാ ജില്ലയിലെ ശേഖാ ഗ്രാമത്തില്‍ അദ്ദേഹത്തിന്റെ കുടുംബം പത്തേക്കറില്‍ നെല്ലും ഗോതമ്പും കൃഷി ചെയ്യുന്നു. “ഈ യോഗങ്ങള്‍ ബംഗാളിലെ കര്‍ഷകര്‍ക്ക് എം.എസ്.പി.യെക്കുറിച് [കൂടുതല്‍] അവബോധം നല്‍കുന്നതിനാണ് സംഘടിപ്പിക്കുന്നത്.”
“കാര്‍ഷിക ബില്ലുകള്‍ നടപ്പാക്കിയാല്‍ നിശ്ചയിക്കപ്പെട്ട വിലയ്ക്ക് നമുക്കു സാധനങ്ങള്‍ വില്ക്കാന് പറ്റില്ല”, ഹൂഗ്ലി ജില്ലയിലെ സെറാംപൂര്‍ പട്ടണത്തില്‍ നിന്നും വന്ന 50-കാരിയായ പര്‍മീന്ദര്‍ കൗര്‍ പറഞ്ഞു. പഞ്ചാബിലെ ലുധിയാന സ്വദേശിനിയായ അവരുടെ ചില കുടുംബാംഗങ്ങള്‍ അവിടെ 10 ഏക്കര്‍ സ്ഥലത്ത് പ്രധാനമായും നെല്ലും ഗോതമ്പും കൃഷി ചെയ്യുന്നു. പശ്ചിമ ബംഗാളില്‍ അവരുടെ കുടുംബം ഗതാഗത സംബന്ധമായ ബിസിനസ്സില്‍ ഏര്‍പ്പെട്ടിരിക്കുന്നു. “ഞങ്ങള്‍ സിംഗൂരില്‍ വന്നത് ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും പിന്തുണയ്ക്കാനല്ല, ഞങ്ങളുടെ കര്‍ഷകര്‍ക്കു വേണ്ടിയാണ്” അവര്‍ കൂട്ടിച്ചേര്‍ത്തു.
സിംഗൂരില്‍ നിന്നും ഏകദേശം 10 കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന ബാരാ കമലാപൂരില്‍ നിന്നും നടന്നാണ് 42-കാരിയായ കല്യാണി ദാസ് യോഗത്തിന് എത്തിയത്. ഉരുളക്കിഴങ്ങ്, വെണ്ടക്കായ, നെല്ല്, ചണം എന്നിവ അവര്‍ രണ്ടു ബീഘാ ഭൂമിയില്‍ കൃഷി ചെയ്യുന്നു. “എല്ലാത്തിന്റെയും വില വര്‍ദ്ധിച്ചിരിക്കുന്നു, എണ്ണ, ഗ്യാസ്, ദിവസേന വാങ്ങുന്ന പലവ്യഞ്ജനങ്ങള്‍ എന്നിവയുടെയൊക്കെ. ഞങ്ങള്‍ സ്വന്തം പാടങ്ങളില്‍ തുടര്‍ച്ചയായി പണിയെടുക്കുകയും വിളകള്‍ പ്രാദേശിക വിപണിയില്‍ വില്‍ക്കുകയും ചെയ്യുന്നു. പക്ഷെ, സ്വന്തം വിളകള്‍ വില്ക്കുമ്പോള് ആവശ്യത്തിനു പണം ലഭിച്ചില്ലെങ്കില്‍ ക്രമേണ പട്ടിണി കിടന്നു മരിക്കുമെന്നു ഞങ്ങള്‍ ഭയപ്പെടുന്നു”, അവര്‍ പറഞ്ഞു.
“ഞങ്ങള്‍ക്കു മൂന്നു ബീഘാ ഭൂമിയുണ്ട്. ഉരുളക്കിഴങ്ങു കൃഷിയുടെ ചിലവു വര്‍ദ്ധിക്കുമ്പോള്‍ അതു ഞങ്ങള്‍ അധികം കൃഷി ചെയ്യില്ല. ഒരുപാടു പ്രയത്നിച്ച ശേഷം പണം കിട്ടാതെ വന്നിട്ട് ഒരുപാടു ഉരുളക്കിഴങ്ങു കര്‍ഷകര്‍ ആത്മഹത്യ ചെയ്തു”, കല്യാണിയുടെ അയല്‍വാസിയായ 43-കാരിയായ സ്വാതി അഡക് പറഞ്ഞു.
51-കാരനായ ലിച്ചു മഹതോയും യോഗത്തില്‍ പങ്കെടുത്തു. സിംഗൂരില്‍ കര്‍ഷകത്തൊഴിലാളിയായി അദ്ദേഹം പണിയെടുക്കുന്നു. ഹൂഗ്ലി ജില്ലയിലെ, ബാലാഗഢ് ബ്ലോക്കിലെ മഹതോപാരാ ഗ്രാമത്തില്‍ ജീവിക്കുന്ന അദ്ദേഹം ചെറിയൊരു തുണ്ടു ഭൂമിയില്‍ നെല്‍ കൃഷി ചെയ്യുന്നു. “എനിക്ക് ഒരു ദിവസം 200 രൂപയാണ് കിട്ടുന്നത് [വേതനമായി]”, അദ്ദേഹം പറഞ്ഞു. “ഉച്ച ഭക്ഷണത്തിന് മീന്‍ കൊണ്ടുവരണമെന്ന് എന്നോടു കുടുംബം ആവശ്യപ്പെട്ടാല്‍ ഇത്ര ചെറിയ തുകയ്ക്ക് എങ്ങനതു കൊണ്ടുവരാന്‍ പറ്റും? എന്റെ മകന് ട്രെയിനില്‍ നടന്നു വില്‍പ്പനക്കാരനാണ്, അവന് വെള്ളം വില്‍ക്കുന്നു. കാര്‍ഷിക നിയമങ്ങളെപ്പറ്റി അറിയാനാണ് ഞാനിവിടെ വന്നത്. എന്റെ ജീവിതം നേരത്തെതന്നെ മോശമാണ്, അതു കൂടുതല്‍ മോശമാക്കണമെന്ന് എനിക്കില്ല.”
പരിഭാഷ: റെന്നിമോന്‍ കെ. സി.