ഗൂഡല്ലൂരിലെ വിദ്യോദയ സ്കൂളിൽ ‘ശാന്തി ടീച്ചർ‘ കണക്ക് പഠിപ്പിക്കുമ്പോൾ ക്ലാസ്സുമുറിയിലേക്ക് കാട് കടന്നുവരുന്നു. ഏതാണ്ട് ഒമ്പതുവയസ്സിനോടടുത്തുള്ള ഭൂരിഭാഗം കുട്ടികളും പുറത്തുപോയി, പറമ്പിൽനിന്നും മരക്കൊമ്പുകളിൽനിന്നും നീളമുള്ള കമ്പുകൾ കൊണ്ടുവന്ന് മീറ്ററിന്റെ അളവിൽ മുറിച്ചെടുത്താണ് കണക്കിലെ അളവുകളെക്കുറിച്ച് പഠിക്കുന്നത്. പിന്നീട് വീട്ടിൽ കൊണ്ടുപോയി, വീട്ടിലെ ചുമരിന്റെ നീളവും മറ്റും അളക്കാനും ആ കമ്പ് ഉപയോഗിക്കുന്നു. അളവിന്റെ ലളിതമായ പാഠങ്ങൾ ഇങ്ങനെയാണ് അവർ പഠിച്ചുതുടങ്ങുന്നത്.
കാടിനേയും ആദിവാസികളുടെ ജീവിതരീതിയേയും അടിസ്ഥാനപ്പെടുത്തിയാണ് തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലുൾപ്പെടുന്ന ഗൂഡല്ലൂർ താലൂക്കിലെ ഈ സ്കൂളിന്റെ പാഠ്യക്രമം രൂപപ്പെടുത്തിയിരിക്കുന്നത്. രാവിലത്തെ അസംബ്ലിയിൽ ഗോത്രസംഗീതവും നൃത്തങ്ങളുമുണ്ടാവും. ഉച്ചകളിൽ, ഗോത്രങ്ങളുടെ പരമ്പരാഗത കരകൌശലവിദ്യകൾ പഠിപ്പിക്കും. ഏതെങ്കിലും രക്ഷിതാക്കളുടെ നേതൃത്വത്തിൽ, ഇടയ്ക്ക് വല്ലപ്പോഴും, കാട്ടിലൂടെയുള്ള നടത്തവുമുണ്ടാവും. സസ്യങ്ങൾ, കാട്ടുവഴികൾ, നിരീക്ഷണം, കാട്ടിൽ മൌനം പാലിക്കേണ്ടതിന്റെ അവശ്യകത എന്നിവ പഠിക്കുന്നതിനായി.
നായാട്ട്, മീൻപിടിത്തം, കൃഷി, സംസ്കാരം തുടങ്ങിയ ഗോത്രപാരമ്പര്യങ്ങളെക്കുറിച്ചുള്ള പാഠങ്ങളാണ് വിദ്യോദയയിലെ ‘ഫുഡ് ബുക്ക്‘ എന്ന പാഠപുസ്തകത്തിലുള്ളത്. ലൈബ്രറി ക്ലാസ്സിൽനിന്ന് അവർക്ക് വേണമെങ്കിൽ, ‘കിളി പെങ്ങൾ” (തത്തയുടെ അനിയത്തി) എന്ന കഥാപുസ്തകവുമെടുക്കാം. സ്കൂൾ തയ്യാറാക്കിയതാന് പണിയ ഗോത്രത്തിന്റെ ഈ പുസ്തകം. ഇടയ്ക്ക് ചിലപ്പോൾ രക്ഷകർത്താക്കൾ ഗസ്റ്റ് ലെക്ച്ചററന്മാരായി വന്ന്, ഗോത്രപാരമ്പര്യത്തെക്കുറിച്ച് സംസാരിക്കാറുണ്ട്. “ആദിവാസി സംസ്കാരത്തെ പരിപോഷിപ്പിക്കാനും, ഗോത്രത്തിലെ കുട്ടികൾ അവരുടെ രക്ഷകർത്താക്കളിൽനിന്ന് അന്യവത്ക്കരിക്കപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്താനും സ്കൂൾ ശ്രദ്ധിക്കുന്നു” എന്ന്, സ്കൂളിന്റെ പാഠ്യക്രമം തയ്യാറാക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച, മുൻ പ്രിൻസിപ്പളായ രമ ശാസ്ത്രി പറയുന്നു. ഈ ലക്ഷ്യങ്ങളോട് പ്രതിബദ്ധതയും അനുഭാവവുമുള്ള ആദിവാസി അദ്ധ്യാപകരെ കിട്ടുന്നത് ഇതിനെ സഹായിക്കും. മുതിർന്ന അദ്ധ്യാപികയും പണിയ ആദിവാസി വിഭാഗക്കാരിയുമായ ജാനകി കർപ്പഗം പറയുന്നതുപോലെ, “സ്കൂളിൽ ഞങ്ങളുടെ സംസ്കാരം പഠിപ്പിച്ചാൽ, അതിൽ നാണക്കേടൊന്നുമില്ല, മാത്രമല്ല, കുട്ടികൾ മറക്കുകയുമില്ല”.
1990-ലാണ് അനൌപചാരിക പ്രാഥമികവിദ്യാലയമായി വിദ്യോദയ ആരംഭിച്ചത്. 1996-ൽ ഗൂഡല്ലൂരിലെ ഗോത്രങ്ങളുടെ പ്രാതിനിധ്യസംഘടനയായ ആദിവാസി മുന്നേറ്റ്ര സംഘം വിദ്യോദയെ സമീപിച്ച്, ഒരു മോഡൽ സ്കൂളായി പ്രവർത്തിക്കാൻ ആവശ്യപ്പെട്ടു. “വിദ്യാഭ്യാസം നേടാനുള്ള ‘കഴിവില്ലാത്തവരാണ്‘ ഗോത്രവിദ്യാർത്ഥികൾ എന്ന് അവരെ വിശ്വസിപ്പിച്ചിരുന്നുവെങ്കിലും, ഏതാനും ഗോത്രവിദ്യാർത്ഥികൾ സ്കൂളിൽ പോയി നല്ലനിലയിൽ പഠനം നടത്തുന്നത് കണ്ടപ്പോൾ, കുട്ടികൾക്കല്ല, സംവിധാനത്തിനാണ് കുഴപ്പമെന്ന് അവർ തിരിച്ചറിഞ്ഞു”, സ്കൂൾ നടത്തുന്ന വിശ്വഭാരതി വിദ്യോദയ ട്രസ്റ്റിന്റെ മാനേജിംഗ് ട്രസ്റ്റിയായ ബി.രാംദാസ് പറയുന്നു. അദ്ദേഹത്തിന്റെ ഭാര്യ രമ പ്രിൻസിപ്പളായി വീട്ടിൽത്തന്നെ സ്കൂൾ ആരംഭിച്ചു.
രക്ഷകർത്താക്കൾ വന്ന്, വീടിനോട് ചേർന്ന്, മണ്ണും ഓലയുംകൊണ്ട് ഒരു മുറികൂടി പണിതുകൊടുത്തു. പിന്നീട്, കുട്ടികളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനായി അവരെ പാട്ടുപാടിയും കഥകൾ പറഞ്ഞുകൊടുത്തും സ്കൂളിലേക്കും തിരിച്ച് വീട്ടിലേക്കും കൊണ്ടുവരാൻ അപ്പൂപ്പനമ്മൂമമാരെ ഏർപ്പാട് ചെയ്തു. അഞ്ചുകിലോമീറ്റർ അപ്പുറത്തുനിന്നുപോലും കുട്ടികളെത്തിത്തുടങ്ങി. കുട്ടികളോടൊപ്പം തിരിച്ചുപോവുന്നതുവരെ സ്കൂളിലിരിക്കാൻ, ഓരോ അപ്പൂപ്പനമ്മൂമമാർക്കും മാസംതോറും 350 രൂപ ‘ചായക്കൂലി’യായി കൊടുക്കുകയും ചെയ്യുന്നു!
നീലഗിരി ജില്ലയിലെ ഈ സൌജന്യ പ്രാഥമിക സ്കൂളിന്റെ ഇപ്പോഴത്തെ മേധാവി 42 വയസ്സുള്ള പണിയ ആദിവാസിയായ ശാന്തി കുഞ്ചനാണ്. അദ്ധ്യാപകരും വിദ്യാർത്ഥികളുമെല്ലാം ആദിവാസിവിഭാഗക്കാരാണ്. ഭൂരിപക്ഷവും പണിയ വിഭാഗക്കാർ. ബാക്കിയുള്ളവർ ബെട്ട കുറുംബ, കാട്ടുനായ്ക്കൻ, മുള്ളു കുറുമ്പന്മാരും. 2011-ലെ ഇന്ത്യൻ സെൻസസ് പ്രകാരം, 10,134 പണിയന്മാരാണുള്ളത്. അതിൽ 48.3 ശതമാനം മാത്രമാണ് സാക്ഷരർ. അതായത്, പട്ടികവിഭാഗത്തെ മൊത്തമായെടുത്താൽ, ശരാശരിയിലും 10 ശതമാനം താഴെ മാത്രം. ശരാശരി ദേശീയ നിരക്കായ 72.99 ശതമാനത്തിനും എതയോ താഴെ.
ഹിസ്റ്ററിയിൽ ബി.എ. ബിരുദമുള്ള ശാന്തി അവരുടെ ഗോത്രത്തിന്റെ കണക്കുകൂട്ടലുകളൊക്കെ തെറ്റിക്കുന്നു. 17 കിലോമീറ്റർ അകലെയുള്ള ദേവല പട്ടണത്തിലെ വളയവയൽ ഊരിലെ അവരുടെ വീട്ടിൽ, സ്വീകരണമുറിയിലെ ഷെൽഫുകളിൽ നിറയെ ചെറിയ കഥാപുസ്തകങ്ങളും കഥ എഴുതിയ കാർഡുകളുമാണ്. അയൽവക്കത്തുള്ള കുട്ടികളെല്ലാം അത് ഉപയോഗിക്കുന്നു. സ്കൂളിൽ പോകുന്ന ശാന്തിയുടെ മകന്റെ പരീക്ഷാദിനങ്ങൾ കലണ്ടറിൽ വട്ടത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നു. മകളുടെ ബിരുദാനന്തരബിരുദ പുസ്തകങ്ങൾ വൃത്തിയായി അടുക്കിവെച്ചിട്ടുണ്ട്. ടെലിവിഷനും ദൈനംദിനജീവിതത്തിന്റെ മറ്റ് വസ്തുക്കൾക്കുമിടയ്ക്ക് ഇടം കിട്ടാൻ പഠന-വിദ്യാഭ്യാസ സാമഗ്രികൾ മത്സരിക്കുന്നു.
നീലഗിരിയിലെ കാടുകളിൽ താമസിക്കുന്ന ചെറുപ്പക്കാരിയായ ഒരു ആദിവാസി പെൺകുട്ടിയെ സംബന്ധിച്ചിടത്തോളം, സ്കൂൾ ജീവിതം ഒരു മുൻഗണനയേ അല്ല. അപ്പൂപ്പനമ്മൂമ്മമാരുടെ ജാഗരൂകമായ നോട്ടത്തിൻകീഴിൽ എട്ട് സഹോദരങ്ങളോടൊത്ത് കളിച്ചും അവരെ പരിപാലിച്ചുമാണ് ഏറ്റവും മുതിർന്നവളായ ശാന്തി കുട്ടിക്കാലം ചിലവഴിച്ചത്. അച്ഛനമ്മമാർ ദിവസക്കൂലിക്കാരായിരുന്നു. മീൻ പൊതിയാനുപയോഗിക്കുന്ന കുവയില കാടുകളിൽ പോയി ശേഖരിക്കലായിരുന്നു അച്ഛന്റെ ജോലി. ആ പ്രദേശത്തെ ചായത്തോട്ടത്തിലെ തൊഴിലാളിയായിരുന്നു അമ്മ. ആറാമത്തെ വയസ്സിൽ ശാന്തി, അടുത്തുള്ള ദേവലയിലെ സർക്കാർ ട്രൈബൽ റസിഡൻഷ്യൽ (ജി.ടി.ആർ) സ്കൂളിൽ ചേർന്നു.
ഗോത്രവിദ്യാർത്ഥികൾക്ക് സൌജന്യ വിദ്യാഭ്യാസവും ഭക്ഷണവും താമസവും കൊടുക്കുന്ന 25 ജി.ടി.ആർ സ്കൂളുകളുണ്ടായിരുന്നു നീലഗിരി ജില്ലയിലൊട്ടാകെ. പക്ഷേ മിക്ക അദ്ധ്യാപകരും സമതലത്തിൽനിന്നുള്ളവരായതിനാൽ വല്ലപ്പോഴുമേ വരൂ എന്നുമാത്രമല്ല സ്ഥലമാറ്റത്തിന് കാത്തിരിക്കുന്നവരുമായിരുന്നു എന്ന് മുൻ ജി.ടി.ആർ. എഡ്യുക്കേറ്ററായ 57 വയസ്സുള്ള മുള്ളുകുറുംബ ഗംഗാധരൻ പായൻ പറയുന്നു. “ക്ലാസ്സുമുറികളും ഹോസ്റ്റലുമൊക്കെ ഒറ്റമുറിയിലാണ്. സൌകര്യങ്ങൾ കുറവായതിനാൽ വിദ്യാർത്ഥികൾ രാത്രി അവിടെ തങ്ങാറില്ല. കമ്പ്യൂട്ടറുകളും പുസ്തകങ്ങളുമൊക്കെയുണ്ടെങ്കിലും അവയൊക്കെ പൂട്ടിവെച്ചിരിക്കുകയാണ്’, അദ്ദേഹം പറയുന്നു.
“ഞാനൊന്നും പഠിച്ചില്ല”, തന്റെ കൂടെയുണ്ടായിരുന്ന പണിയ കുട്ടികൾക്കുവേണ്ടി ശാന്തി പറയുന്നു. പണിയഭാഷ മാത്രം മനസ്സിലാവുന്ന അവർക്ക് പഠനമാധ്യമമായ തമിഴ് ഒട്ടും മനസ്സിലായിരുന്നില്ല.
പരിചയസമ്പന്നയായ ഒരു അദ്ധ്യാപിക എന്ന നിലയ്ക്ക് ഇന്നവർക്ക് അതിന്റെ കുറവുകളെല്ലാം വ്യക്തമായി കാണാനാവുന്നുണ്ട്. “സ്കൂളിലെ കുട്ടികൾക്ക് വിനിമയം ചെയ്യാൻ ആവുന്നില്ലെങ്കിൽ, അവർ ഭയപ്പെടുകയും അകന്നുനിൽക്കാൻ ശ്രമിക്കുകയും ചെയ്യും. അങ്ങിനെയാണ് ഭയം ഉടലെടുക്കുന്നത്”.
ജി.ടി.ആറിലെ മിക്ക കുട്ടികളും വിദ്യാഭ്യാസം കിട്ടിയ ആദ്യത്തെ തലമുറയിൽപ്പെട്ടവരാണ്. അവരുടെ രക്ഷകർത്താക്കൾക്കും അപ്പൂപ്പനമ്മൂമമർക്കും ഒന്നും പഠനത്തിൽ അവരെ സഹായിക്കാനാവില്ല. അതിനാൽ, ഹാജർനില കുറവും, പഠനം ശുഷ്കവും, കൊഴിഞ്ഞുപോക്ക് സാധാരണവുമാണ്. ശാന്തിയുടെ എല്ലാ സഹോദരങ്ങളും ജി.ടി.ആറിൽ പോയിരുന്നുവെങ്കിലും ഒരാളൊഴിച്ച് മറ്റെല്ലാവരും പഠനം നിർത്തി. ഇത് അസാധാരണമല്ലെന്ന് സെൻസസ് കണക്കുകൾ കാണിക്കുന്നു. ഒന്നാം ക്ലാസ്സിനും പത്താം ക്ലാസ്സിനുമിടയിൽ, ആദിവാസി സമൂഹത്തിലെ കൊഴിഞ്ഞുപോക്ക് നിരക്ക് 70.9 ശതമാനമാണ്. മറ്റ് സാമൂഹികഗ്രൂപ്പുകളിലാകട്ടെ ഇത് 49 ശതമാനവും.
ഈറോഡ് ജില്ലയിലെ സത്യമംഗലം പട്ടണത്തിനടുത്തുള്ള പെരിയകൊടിവെറി ഗ്രാമത്തിലെ സ്കൂളിലേക്ക് ശാന്തിയെ തങ്ങളോടൊപ്പം അയയ്ക്കാൻ കന്യാസ്ത്രീകൾ അവളുടെ അച്ഛനമ്മമാരോട് ആവശ്യപ്പെട്ടതോടെയാന് ശാന്തിയുടെ വിദ്യാഭ്യാസത്തിൽ ഒരു മാറ്റം ഉണ്ടാവുന്നത്. റോഡുവഴി അഞ്ച് മണിക്കൂർ യാത്രയുണ്ടായിരുന്നു അവിടേക്ക്. അടുത്ത അഞ്ചുവർഷം ശാന്തി അവിടെ താമസിച്ച്, പത്താം ക്ലാസ്സ് പൂർത്തിയാക്കി വീട്ടിൽ തിരിച്ചെത്തി, കുഞ്ചൻ എന്ന ഒരു പണിയ യുവാവിനെ വിവാഹം കഴിച്ചു. അവിദഗ്ദ്ധ തൊഴിലാളിയായിരുന്നു കുഞ്ചൻ.
ദേവലയിൽ തിരിച്ചെത്തിയതോടെ, ശാന്തിയെ ജോലിക്കെടുക്കാൻ പലരും താത്പര്യപ്പെട്ടു. ആദിവാസികളിൽവെച്ച് ഏറ്റവും വിദ്യാഭ്യാസം സിദ്ധിച്ച യുവതിയായിരുന്നു അപ്പോളവർ. എന്നാൽ, രണ്ടുവർഷത്തെ ഒരു അദ്ധ്യാപക പരിശീലനപരിപാടിക്ക്, വിദ്യാസമ്പന്നരായ ആദിവാസികളെ ക്ഷണിച്ചുകൊണ്ട് അക്കോർഡ് എന്ന ഗൂഡല്ലൂർ ആസ്ഥാനമായ ഒരു സർക്കാരിതര സംഘടന വന്നപ്പോൾ ശാന്തി തയ്യാറായി മുന്നോട്ട് വന്നു. “ഒരു ചൂരലും കൈയ്യിൽ പിടിച്ച് എല്ലാവരേയും പേടിപ്പിക്കുന്ന അദ്ധ്യാപികയാവാൻ എനിക്കെന്നും ആഗ്രഹമുണ്ടായിരുന്നു“, ചിരിച്ചുകൊണ്ട് അവർ പറയുന്നു.
ഏതാനും വർഷത്തെ ഔപചാരിക വിദ്യാഭ്യാസം മാത്രം കിട്ടിയിട്ടുള്ള ഭർത്താവ് കുഞ്ചനും നല്ല പിന്തുണ നൽകി. മാത്രമല്ല, ട്രെയിനിംഗ് സെന്ററിനടുത്തേക്ക് അവർ താമസവും മാറ്റി. അമ്മയും സഹോദരിമാരും ഇടയ്ക്ക് വന്ന്, വീട്ടുജോലിക്കും കുട്ടിയെ നോക്കാനും സഹായിച്ചു. ശാന്തിയുടെ കൂടെ ചെറുപ്പക്കാരായ വേറെ 14 ആദിവാസികളും കോഴ്സിൽ പങ്കെടുത്തിരുന്നു. ഓരോരുത്തർക്കും മാസാമാസം 800 രൂപ സ്റ്റൈപ്പന്റായി കിട്ടിയിരുന്നു. ആഴ്ചയിൽ എല്ലാ ദിവസവും രാവിലെ 9 മുതൽ വൈകീട്ട് 4 വരെയായിരുന്നു പഠനം. ഭാവിയിൽ ഏറ്റെടുക്കേണ്ട വെല്ലുവിളികൾ മനസ്സിലാക്കാൻ എല്ലാ ശനിയാഴ്ചകളിലും അടുത്തുള്ള ഗോത്രഗ്രാമങ്ങൾ സന്ദർശിക്കലും പഠനത്തിന്റെ ഭാഗമായിരുന്നു.
നിശ്ചയദാർഢ്യവും
കുടുംബത്തിന്റെ പിന്തുണയുമുണ്ടായിട്ടും ദുഷ്കരമായിരുന്നു ആ കാലം. അവരുടെ
കൂടെയുണ്ടായിരുന്ന പലരും കോഴ്സ് ഉപേക്ഷിച്ചുപോയി. എന്നിട്ടും ശാന്തി ഉറച്ചുനിന്നു.
“പഠിക്കാൻ എനിക്ക് വലിയ ഇഷ്ടമായിരുന്നു. ശാസ്ത്രപരീക്ഷണങ്ങൾ നടത്താൻ എനിക്ക് അവസരം
ലഭിച്ചു. ഞാനൊരിക്കലും ചെയ്തിട്ടില്ലാത്തതായിരുന്നു അത്“. ഗോത്രചരിത്രത്തിലെ
പാഠങ്ങൾ, തന്നെയും ഗോത്രത്തെയും പുതിയ കണ്ണിലൂടെ കാണാൻ അവരെ പ്രാപ്തയാക്കി.
പരിശീലനം പൂർത്തിയാക്കിയതിനുശേഷവും അവർ കൂടുതൽ പഠിക്കുകയും, മദ്രാസ്
സർവ്വകലാശാലയുടെ വിദൂര വിദ്യാഭ്യാസ പ്രോഗ്രാമിലൂടെ ചരിത്രത്തിൽ ബിരുദം
സമ്പാദിക്കുകയും ചെയ്തു.
15 വർഷം മുമ്പാണ് ശാന്തി വിദ്യോദയയിൽ ചേർന്നത്. ഇന്ന് അവരുടെ ചുറ്റുവട്ടത്തുള്ള എല്ലാ പണിയക്കുട്ടികളും, ഗൂഡല്ലൂർ താലൂക്കിലെ 100 സ്കൂളുകളിൽ ഏതെങ്കിലുമൊന്നിൽ പഠിക്കുന്നുണ്ടെന്നത് അവരെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ കാര്യമാണ്. എന്നാൽ, പണ്ടൊരിക്കൽ ശാന്തി താമസിച്ചിരുന്ന മുച്ചിക്കുണ്ടുപോലുള്ള സ്ഥലങ്ങൾ - ഒരാന വന്ന് അവരുടെ കുടിൽ പൊളിച്ചതിനുശേഷമാണ് താമസം മാറ്റിയത് - ഇപ്പോഴും വിദൂരമാണ്. കുട്ടികളെ സ്കൂളുകളിൽ ചേർക്കൽ ഒരു വെല്ലുവിളിയും.
മിക്ക രക്ഷകർത്താക്കളും ദിവസത്തിൽ 150 രൂപ സമ്പാദിക്കുന്ന ദിവസക്കൂലിക്കാരാണ്. ഫീസിനും യൂണിഫോമിനും പുസ്തകങ്ങൾക്കും യാത്രയ്ക്കുമായി. സ്കൂളുകളുടെ നിലവാരമനുസരിച്ച് – സർക്കാർ സ്കൂളാണോ സ്വകാര്യ സ്കൂളാണോ എന്നത് അടിസ്ഥാനപ്പെടുത്തി – 8,000 രൂപമുതൽ 25,000 രൂപവരെ ചിലവഴിക്കേണ്ടിവരുമെന്നത്, അവരെ ആശങ്കയിലാക്കുന്നു. വിദൂരസ്ഥലങ്ങളിൽനിന്നുള്ള യാത്രാച്ചിലവുകൾ പ്രത്യേകിച്ചും കൂടുതലായിരിക്കും. വിദ്യോദയ ഫീസൊന്നും ഈടാക്കുന്നില്ല. യാത്രയ്ക്ക് സബ്സിഡിയും നൽകുന്നു. വർഷത്തിൽ കുട്ടികൾ നൽകേണ്ടത് 350 രൂപ മാത്രം. അതും അവർക്ക് കഴിയുമെങ്കിൽ മാത്രം.
സ്കൂളിൽ ബെല്ലടിച്ചുകഴിഞ്ഞു. കുട്ടികൾ ക്ലാസ്സുമുറികൾ വൃത്തിയാക്കാനും പുസ്തകങ്ങളും ഫയലുകളും കരകൌശലവസ്തുക്കളും എടുത്തുവെക്കാനും തുടങ്ങുന്നു. ശാന്തി രജിസ്റ്റർ നോക്കി പോകാൻ തയ്യാറെടുക്കുന്നു. പുറത്ത് കാത്തുനിൽക്കുന്ന ടാക്സി ജീപ്പിൽ, അയൽവക്കത്തുള്ള കുട്ടികളുമായി അവർ കയറി. അതിൽ ഏറ്റവും ചെറിയ കുട്ടി ശാന്തിയുടെ മടിയിലിരിക്കാൻ മത്സരിക്കുന്നു. കാട്ടിലൂടെയും നീലഗിരിയിലെ പട്ടണങ്ങളിലൂടെയും 45 മിനിറ്റ് യാത്രയുണ്ട് വീട്ടിലേക്ക്. അവർക്കും കുട്ടികൾക്കും ശാന്തിയുടെ സഹപ്രവർത്തകർക്കും അത് സ്കൂളിലെ മറ്റൊരു ദിവസം മാത്രമായിരുന്നു.
പരിഭാഷ: രാജീവ് ചേലനാട്ട്