തമിഴ്നാട്ടിലെ പല ഭാഗത്തുമെന്നതുപോലെ തൂത്തുക്കുടി പട്ടണത്തിലെ തെരുവുകളിലേക്കു ജനക്കൂട്ടം തിരക്കുകൂട്ടി ഇറങ്ങിയപ്പോൾ വളരെ ചെറുപ്പമായ ഒരു ബാലനും ഓടിയെത്തി അവരോടൊപ്പം കൂടി. നിമിഷങ്ങൾക്കകം അവൻ ആ പ്രതിഷേധത്തിന്റെ ഭാഗമായി; തീവ്രമായ മുദ്രാവാക്യങ്ങൾ വിളിച്ചു. "നിങ്ങൾക്ക് ഇന്ന് അതറിയാനോ മനസ്സിലാക്കാനോ കഴിയില്ല," അദ്ദേഹം ഞങ്ങളോട് പറഞ്ഞു. "ഭഗത് സിങിന്റെ വധശിക്ഷ നടപ്പാക്കൽ എന്ന സംഭവം തമിഴ്നാട്ടിലെ സ്വാതന്ത്ര്യ സമരത്തിൽ ഒരു വൈകാരിക വഴിത്തിരിവായിരുന്നു. ജനം ഞെട്ടിപ്പോയി, ധാരാളം ആൾക്കാർ കരഞ്ഞു.
"എനിക്ക് വെറും ഒൻപതു വയസ്സായിരുന്നു അന്ന്," അദ്ദേഹം അടക്കിപ്പിടിച്ചു ചിരിച്ചു.
ഇന്ന് അദ്ദേഹത്തിന് 99 വയസ്സായി (ജൂലൈ 15, 2020). തന്നെ ഒരു സ്വാതന്ത്ര്യസമര സേനാനിയും, ഒളിവുജീവിതം നയിച്ച വിപ്ലവകാരിയും, എഴുത്തുകാരനും, പ്രസംഗകനും ഒരു സമൂലപരിഷ്കരണവാദിയായ ബുദ്ധിജീവിയുമാക്കിയ ഉത്സാഹവും പ്രസരിപ്പും ഇന്നും അദ്ദേഹത്തിനുണ്ട്. ബ്രിട്ടീഷ് തടവറയിൽ നിന്നും ആഗസ്റ്റ് 14, 1947-ന് അദ്ദേഹം മോചിതനായി. "ആ ദിവസം, ഒരു ജഡ്ജി സെൻട്രൽ ജയിലിലേയ്ക്ക് വന്ന് ഞങ്ങളെ മോചിപ്പിച്ചു. ഞങ്ങളെ മധുര ഗൂഢാലോചനക്കേസിൽ കുറ്റവിമുക്തരാക്കിയിരുന്നു. ഞാൻ മധുര സെൻട്രൽ ജയിലില് നിന്നിറങ്ങി നേരെ സ്വാതന്ത്ര്യ ഘോഷയാത്രയിൽ ചേർന്നു."
നൂറു വയസ്സിലേക്കുള്ള പ്രയാണത്തിലും, എൻ. ശങ്കരയ്യ ഇപ്പോഴും ബൗദ്ധികതലത്തിൽ സജീവമാണ്. ഇപ്പോഴും അദ്ദേഹം പ്രഭാഷണങ്ങൾ നടത്തുന്നു, പ്രസംഗിക്കുന്നു. ഞങ്ങൾ അദ്ദേഹവുമായി അഭിമുഖം നടത്തിയത് ചെന്നൈ പട്ടണപ്രാന്തമായ ക്രോംപ്പേട്ടിലെ അദ്ദേഹത്തിന്റെ വസതിയിലാണ്. 2018 അവസാനം അദ്ദേഹം തന്റെ വസതിയിൽ നിന്നും മധുരയിൽ നടന്ന തമിഴ്നാട് പുരോഗമന എഴുത്തുകാരുടെയും കലാകാരന്മാരുടെയും സമ്മേളനത്തിൽ പങ്കെടുക്കാൻ പോയി. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതുകാരണം ബിരുദപഠനം പൂർത്തിയാക്കാൻ കഴിയാതിരുന്ന അദ്ദേഹം പിൽക്കാലത്തു ധാരാളം രാഷ്ട്രീയ പ്രബന്ധങ്ങൾ, ലഖുലേഖകൾ, ചെറുപുസ്തകങ്ങൾ, പത്രപ്രവർത്തന സംബന്ധമായ ലേഖനങ്ങൾ എന്നിവയെഴുതി.
നരസിംഹലു ശങ്കരയ്യ മധുരയിലെ അമേരിക്കൻ കോളജില് നിന്ന് ചരിത്രത്തിൽ ബിരുദപഠനം പൂർത്തിയാക്കേണ്ടതായിരുന്നു. 1941-ൽ അവസാനവർഷ പരീക്ഷക്ക് രണ്ടാഴ്ച മാത്രമുള്ളപ്പോൾ ആണ് അത് മുടങ്ങിയത്. "ഞാൻ അന്ന് കോളജ് വിദ്യാർത്ഥി യൂണിയന്റെ ജോയിന്റ് സെക്രട്ടറിയായിരുന്നു." ഒരു മികച്ച വിദ്യാർത്ഥിയായ അദ്ദേഹം തന്റെ കോളജിനെ ഫുട്ബോളിൽ പ്രതിനിധീകരിക്കുകയും ക്യാമ്പസ്സിൽ ഒരു കാവ്യ സദസ്സ് സ്ഥാപിക്കുകയും ചെയ്തു. ബ്രിട്ടീഷ് ഭരണത്തിനെതിരായി അക്കാലത്തുണ്ടായിരുന്ന പ്രസ്ഥാനങ്ങളിൽ അദ്ദേഹം വളരെ സജീവമായിരുന്നു. "ഇടതുപക്ഷ ആശയങ്ങളോട് ആഭിമുഖ്യമുള്ള ധാരാളം ആൾക്കാരോട് കോളജ് ദിനങ്ങളിൽ ഞാൻ സൗഹൃദത്തിലായി. ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിക്കാതെ സാമൂഹ്യപരിവർത്തനം പൂർത്തിയാകില്ല എന്ന് എനിക്ക് മനസ്സിലായി." പതിനേഴ് വയസ്സിൽ ഞാൻ (അക്കാലത്തു നിരോധിക്കപ്പെട്ടതും രഹസ്യമായി പ്രവർത്തിച്ചിരുന്നതുമായ) കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ അംഗമായി.
അമേരിക്കൻ കോളജിലെ അന്തരീക്ഷം അനുകൂലമായിരുന്നു എന്ന് അദ്ദേഹം ഓർക്കുന്നു. "ഡയറക്ടറും കുറച്ച് അധ്യാപകരും അമേരിക്കക്കാരായിരുന്നു. ബാക്കിയെല്ലാവരും തമിഴരായിരുന്നു. അവരെ നിഷ്പക്ഷരായാണ് കണ്ടിരുന്നത്. അവർ ബ്രിട്ടീഷ് അനുകൂലികളായിരുന്നില്ല. വിദ്യാർത്ഥി സംഘടനകളുടെ പ്രവർത്തനം അവിടെ അനുവദിച്ചിരുന്നു...." 1941-ൽ ബ്രിട്ടീഷ് വിരുദ്ധ പ്രതിഷേധത്തിൽ പങ്കെടുത്തതിന് അണ്ണാമലൈ സർവകലാശാലയിലെ വിദ്യാർത്ഥിനി മീനാക്ഷിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിക്കാൻ മധുരയിൽ ഒരു സമ്മേളനം നടന്നു. "ഞങ്ങൾ ഒരു ലഘുലേഖയിറക്കി. ഞങ്ങളുടെ ഹോസ്റ്റൽ മുറികളിൽ തിരച്ചിൽ നടത്തി. ലഘുലേഖ കൈവശം വച്ചതിനു എന്റെ സുഹൃത്തു നാരായണസ്വാമി അറസ്റ്റ് ചെയ്യപ്പെട്ടു. പിന്നീട് അയാളുടെ അറസ്റ്റിൽ പ്രതിഷേധിക്കാൻ ഞങ്ങൾ ഒരു സമ്മേളനം നടത്തി...
"അതിനുശേഷം 1941 ഫെബ്രുവരി 28-നു ബ്രിട്ടീഷുകാർ എന്നെ അറസ്റ്റ് ചെയ്തു. അവസാനവർഷ പരീക്ഷക്ക് പതിനഞ്ചു ദിവസമുള്ളപ്പോൾ ആയിരുന്നു അത്. ഞാൻ ഒരിക്കലും തിരിച്ചു വന്നില്ല, എന്റെ ബി.എ. പൂർത്തിയായതുമില്ല." തന്നെ അറസ്റ്റ് ചെയ്ത നിമിഷത്തെക്കുറിച്ചു പതിറ്റാണ്ടുകൾക്ക് ശേഷം അദ്ദേഹം ഇങ്ങനെ പറഞ്ഞു, "ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ജയിലിൽ പോകുന്നതും, ആ പോരാട്ടത്തിൽ പങ്കാളിയാകുന്നതും എനിക്ക് അഭിമാനമായിരുന്നു. എന്റെ ചിന്തയിൽ അത് മാത്രമേ അന്ന് ഉണ്ടായിരുന്നുള്ളു." ഒരു ഉദ്യോഗംനേടാനുള്ള മാർഗം നഷ്ടമായതിൽ സങ്കടമുണ്ടായില്ല. അക്കാലത്തെ വിപ്ലവകാരികളായ ചെറുപ്പക്കാരുടെ പ്രിയപ്പെട്ട മുദ്രാവാക്യങ്ങളിൽ ഒന്നിനോട് ചേരുംവിധമായിരുന്നു ആ സംഭവം: "ഞങ്ങൾ ഉദ്യോഗ വേട്ടക്കാരല്ല, സ്വാതന്ത്ര്യ വേട്ടക്കാരാണ്."
"മധുര ജയിലിൽ പതിനഞ്ച് ദിവസം കഴിഞ്ഞ ശേഷം എന്നെ വെല്ലൂർ ജയിലിലേക്കയച്ചു. തമിഴ് നാട്, ആന്ധ്രപ്രദേശ്, കേരളം എന്നിവിടങ്ങളിൽ നിന്ന് അനവധി ആളുകൾ അപ്പോൾ അവിടെ തടങ്കലിൽ ഉണ്ടായിരുന്നു."
"ഒരു പരിപാടി സംഘടിപ്പിച്ചതിനു സഖാവ് എ. കെ. ഗോപാലൻ [കേരളത്തിൽ നിന്നുള്ള പ്രമുഖ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ്] ട്രിച്ചിയിൽ അറസ്റ്റിലായി. സഖാക്കളായ വി. സുബ്ബയ, ജീവാനന്ദം, കേരളത്തിൽ നിന്നുള്ള ഇമ്പിച്ചി ബാവ എന്നിവരും ആ പരിപാടിയെ തുടർന്ന് അറസ്റ്റിലായി. അവരെല്ലാവരും വെല്ലൂർ ജയിലിലായിരുന്നു. മദ്രാസ് സർക്കാർ ഞങ്ങളെ രണ്ടു വിഭാഗങ്ങളായി തിരിക്കാൻ ഉദ്ദേശിച്ചു. അതിൽ ഒരു വിഭാഗത്തിനു ശിക്ഷിക്കപ്പെട്ട കുറ്റവാളികൾക്കുള്ള 'സി' ക്ലാസ് റേഷൻ നൽകാൻ മുതിർന്നു. ഞങ്ങൾ ഇതിനെതിരെ പത്തൊൻപതു ദിവസം നിരാഹാരസമരം നടത്തി. പത്താം ദിവസമായപ്പോഴേക്കും അവർ ഞങ്ങളെ രണ്ടു വിഭാഗങ്ങളായി തിരിച്ചു. അന്ന് ഞാൻ ഒരു വിദ്യാർത്ഥിയായിരുന്നു."
ശങ്കരയ്യയുടെ സെൽ സന്ദർശിച്ച ജയിൽ ഐജി ആ കൗമാരപ്രായക്കാരൻ മാക്സിം ഗോർക്കിയുടെ മദർ എന്ന കൃതി വായിക്കുന്നതുകണ്ടു വളരെ ആശ്ചര്യപ്പെട്ടു. "'നിരാഹാരസമരത്തിന്റെ പത്താം ദിവസം താൻ സാഹിത്യം വായിക്കുകയാണോ - ഗോർക്കിയുടെ മദർ?' അയാൾ ചോദിച്ചു," ആ സംഭവത്തിന്റെ ഓർമയിൽ തിളങ്ങുന്ന കണ്ണുകളോടെ ശങ്കരയ്യ പറഞ്ഞു.
അതേസമയം അവിടെ തന്നെ മറ്റൊരു ജയിലിൽ തടവിലായിരുന്ന മറ്റു പ്രമുഖരിൽ "കാമരാജർ [കെ. കാമരാജ് 1954-63 കാലഘട്ടത്തിൽ ഇപ്പോൾ തമിഴ്നാട് എന്നറിയപ്പെടുന്ന മദ്രാസ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി], പട്ടാഭി സീതാരാമയ്യ [സ്വാതന്ത്ര്യലബ്ധിക്കു ശേഷം കോൺഗ്രസ് പ്രസിഡന്റായി] അങ്ങനെ പലരുമുണ്ടായിരുന്നു. എന്നാലവർ, മറ്റൊരിടത്തു മറ്റൊരു ജയിലിലായിരുന്നു. കോൺഗ്രസ്സുകാർ നിരാഹാരസമരത്തിൽ പങ്കെടുത്തില്ല. 'ഞങ്ങൾ മഹാത്മാ ഗാന്ധിയുടെ ഉപദേശംപാലിക്കാൻ ബാധ്യസ്ഥരാണ്' എന്നായിരുന്നു അവരുടെ നിലപാട്. 'ജയിലിൽ ഒരു പ്രക്ഷോഭവും ഉണ്ടാക്കരുത്' എന്നായിരുന്നു ആ ഉപദേശം. എന്തായാലും, സർക്കാർ ചില ഇളവുകൾ നൽകി. ഞങ്ങൾ പത്തൊൻപതാം ദിവസം നിരാഹാരസമരം അവസാനിപ്പിച്ചു."
"അതിനുശേഷം 1941 ഫെബ്രുവരി 28-നു ബ്രിട്ടീഷുകാർ എന്നെ അറസ്റ്റ് ചെയ്തു. അവസാനവർഷ പരീക്ഷക്ക് പതിനഞ്ചു ദിവസമുള്ളപ്പോൾ ആയിരുന്നു അത്. ഞാൻ ഒരിക്കലും തിരിച്ചു വന്നില്ല, എന്റെ ബി.എ. പൂർത്തിയായതുമില്ല." തന്നെ അറസ്റ്റ് ചെയ്ത നിമിഷത്തെക്കുറിച്ചു പതിറ്റാണ്ടുകൾക്ക് ശേഷം അദ്ദേഹം ഇങ്ങനെ പറഞ്ഞു, "ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ജയിലിൽ പോകുന്നതും, ആ പോരാട്ടത്തിൽ പങ്കാളിയാകുന്നതും എനിക്ക് അഭിമാനമായിരുന്നു. എന്റെ ചിന്തയിൽ അത് മാത്രമേ അന്ന് ഉണ്ടായിരുന്നുള്ളു." ഒരു ഉദ്യോഗംനേടാനുള്ള മാർഗം നഷ്ടമായതിൽ സങ്കടമുണ്ടായില്ല. അക്കാലത്തെ വിപ്ലവകാരികളായ ചെറുപ്പക്കാരുടെ പ്രിയപ്പെട്ട മുദ്രാവാക്യങ്ങളിൽ ഒന്നിനോട് ചേരുംവിധമായിരുന്നു ആ സംഭവം: "ഞങ്ങൾ ഉദ്യോഗ വേട്ടക്കാരല്ല, സ്വാതന്ത്ര്യ വേട്ടക്കാരാണ്."
"മധുര ജയിലിൽ പതിനഞ്ച് ദിവസം കഴിഞ്ഞ ശേഷം എന്നെ വെല്ലൂർ ജയിലിലേക്കയച്ചു. തമിഴ് നാട്, ആന്ധ്രപ്രദേശ്, കേരളം എന്നിവിടങ്ങളിൽ നിന്ന് അനവധി ആളുകൾ അപ്പോൾ അവിടെ തടങ്കലിൽ ഉണ്ടായിരുന്നു."
"ഒരു പരിപാടി സംഘടിപ്പിച്ചതിനു സഖാവ് എ. കെ. ഗോപാലൻ [കേരളത്തിൽ നിന്നുള്ള പ്രമുഖ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ്] ട്രിച്ചിയിൽ അറസ്റ്റിലായി. സഖാക്കളായ വി. സുബ്ബയ, ജീവാനന്ദം, കേരളത്തിൽ നിന്നുള്ള ഇമ്പിച്ചി ബാവ എന്നിവരും ആ പരിപാടിയെ തുടർന്ന് അറസ്റ്റിലായി. അവരെല്ലാവരും വെല്ലൂർ ജയിലിലായിരുന്നു. മദ്രാസ് സർക്കാർ ഞങ്ങളെ രണ്ടു വിഭാഗങ്ങളായി തിരിക്കാൻ ഉദ്ദേശിച്ചു. അതിൽ ഒരു വിഭാഗത്തിനു ശിക്ഷിക്കപ്പെട്ട കുറ്റവാളികൾക്കുള്ള 'സി' ക്ലാസ് റേഷൻ നൽകാൻ മുതിർന്നു. ഞങ്ങൾ ഇതിനെതിരെ പത്തൊൻപതു ദിവസം നിരാഹാരസമരം നടത്തി. പത്താം ദിവസമായപ്പോഴേക്കും അവർ ഞങ്ങളെ രണ്ടു വിഭാഗങ്ങളായി തിരിച്ചു. അന്ന് ഞാൻ ഒരു വിദ്യാർത്ഥിയായിരുന്നു."
ശങ്കരയ്യയുടെ സെൽ സന്ദർശിച്ച ജയിൽ ഐജി ആ കൗമാരപ്രായക്കാരൻ മാക്സിം ഗോർക്കിയുടെ മദർ എന്ന കൃതി വായിക്കുന്നതുകണ്ടു വളരെ ആശ്ചര്യപ്പെട്ടു. "'നിരാഹാരസമരത്തിന്റെ പത്താം ദിവസം താൻ സാഹിത്യം വായിക്കുകയാണോ - ഗോർക്കിയുടെ മദർ?' അയാൾ ചോദിച്ചു," ആ സംഭവത്തിന്റെ ഓർമയിൽ തിളങ്ങുന്ന കണ്ണുകളോടെ ശങ്കരയ്യ പറഞ്ഞു.
അതേസമയം അവിടെ തന്നെ മറ്റൊരു ജയിലിൽ തടവിലായിരുന്ന മറ്റു പ്രമുഖരിൽ "കാമരാജർ [കെ. കാമരാജ് 1954-63 കാലഘട്ടത്തിൽ ഇപ്പോൾ തമിഴ്നാട് എന്നറിയപ്പെടുന്ന മദ്രാസ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി], പട്ടാഭി സീതാരാമയ്യ [സ്വാതന്ത്ര്യലബ്ധിക്കു ശേഷം കോൺഗ്രസ് പ്രസിഡന്റായി] അങ്ങനെ പലരുമുണ്ടായിരുന്നു. എന്നാലവർ, മറ്റൊരിടത്തു മറ്റൊരു ജയിലിലായിരുന്നു. കോൺഗ്രസ്സുകാർ നിരാഹാരസമരത്തിൽ പങ്കെടുത്തില്ല. 'ഞങ്ങൾ മഹാത്മാ ഗാന്ധിയുടെ ഉപദേശംപാലിക്കാൻ ബാധ്യസ്ഥരാണ്' എന്നായിരുന്നു അവരുടെ നിലപാട്. 'ജയിലിൽ ഒരു പ്രക്ഷോഭവും ഉണ്ടാക്കരുത്' എന്നായിരുന്നു ആ ഉപദേശം. എന്തായാലും, സർക്കാർ ചില ഇളവുകൾ നൽകി. ഞങ്ങൾ പത്തൊൻപതാം ദിവസം നിരാഹാരസമരം അവസാനിപ്പിച്ചു."
പല വിഷയങ്ങളിലും ശക്തമായ അഭിപ്രായഭിന്നത ഉണ്ടായിരുന്നെങ്കിലും "കാമരാജർ കമ്മ്യൂണിസ്റ്റുകാരുടെ ഒരു വളരെ നല്ല സുഹൃത്തായിരുന്നു," ശങ്കരയ്യ പറഞ്ഞു. "അദ്ദേഹത്തിന്റെയൊപ്പം ജയിൽമുറിയിൽ ഉണ്ടായിരുന്ന മധുര, തിരുനെൽവേലി എന്നിവിടങ്ങളിൽ നിന്നുള്ളവരും കമ്മ്യൂണിസ്റ്റുകാരായിരുന്നു. എനിക്ക് കാമരാജരോട് വളരെ അടുപ്പമുണ്ടായിരുന്നു. ഞങ്ങളോടുള്ള മോശമായ പെരുമാറ്റം അവസാനിപ്പിക്കാൻവേണ്ടി അദ്ദേഹം ഒന്നിലധികം തവണ ഇടപെട്ടു. എന്നിരുന്നാലും, ജയിലിൽ കോൺഗ്രസ്സുകാരും കമ്മ്യൂണിസ്റ്റുകാരും തമ്മിൽ വലിയ തർക്കങ്ങൾ ഉണ്ടായിരുന്നു, പ്രത്യേകിച്ചും ജർമൻ-സോവിയറ്റ് യുദ്ധം പൊട്ടിപുറപെട്ടപ്പോൾ.
"കുറച്ചുനാളുകൾക്കു ശേഷം, ഞങ്ങൾ എട്ടുപേരെ രാജമുന്ദ്രിയിലെ [ഇപ്പോൾ ആന്ധ്രാപ്രദേശിൽ] ഒരു ജയിലിലേക്ക് മാറ്റി. അവിടെ പ്രത്യേകം ഒരിടത്തു പാർപ്പിച്ചു."
"ഏപ്രിൽ 1942 ആയപ്പോഴേക്കും സർക്കാർ ഞാനൊഴികെ മറ്റെല്ലാ വിദ്യാർത്ഥികളെയും വിട്ടയച്ചു. ഹെഡ് വാർഡൻ വന്നു ചോദിച്ചു: 'ആരാണ് ശങ്കരയ്യ?' ഞാനൊഴികെ മറ്റെല്ലാവരെയും മോചിതരാക്കിയിരിക്കുന്നു എന്ന് ഞങ്ങളെ അറിയിച്ചു. ഒരു മാസത്തോളം ഞാൻ ഏകാന്ത തടവിലായിരുന്നു. ആ സ്ഥലം മുഴുവൻ എനിക്ക് മാത്രമായിരുന്നു."
എന്തൊക്കെയായിരുന്നു അദ്ദേഹത്തിലും മറ്റുള്ളവരിലും ചുമത്തിയ കുറ്റങ്ങൾ? "ഔപചാരികമായി ഒരു കുറ്റവും ചുമത്തിയില്ല, തടങ്കലിൽ വയ്ക്കുക മാത്രമായിരുന്നു. ഓരോ ആറ് മാസം കൂടുമ്പോൾ നിങ്ങളെ തടവിൽ വയ്ക്കാനുള്ള കാരണങ്ങൾ കാണിച്ച് ഒരു നോട്ടീസ് എഴുതി നമുക്കയ്ക്കും. രാജ്യദ്രോഹം, കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനങ്ങൾ എന്നിങ്ങനെയായിരിക്കും കാരണങ്ങൾ. ഞങ്ങൾ മറുപടി സമിതിക്കു സമർപ്പിക്കും - ആ സമിതി അത് നിരസിക്കും."
വിചിത്രമെന്നു പറയാം, "രാജമുന്ദ്രി ജയിലിൽ നിന്നും മോചിതരായ എന്റെ കൂട്ടുകാർ രാജമുന്ദ്രി സ്റ്റേഷനിൽ വച്ച് കാമരാജരെ കണ്ടുമുട്ടി. അദ്ദേഹം കൽക്കട്ടയിൽ [കൊൽക്കത്ത] നിന്നും മടങ്ങും വഴിയായിരുന്നു. എന്നെ മോചിപ്പിച്ചില്ല എന്ന് മനസ്സിലാക്കിയപ്പോൾ, അദ്ദേഹം എന്നെ തിരിച്ചു വെല്ലൂർ ജയിലിലേക്ക് മാറ്റണം എന്ന് ആവശ്യപ്പെട്ട് മദ്രാസ് ചീഫ് സെക്രട്ടറിക്കു കത്തെഴുതി. എനിക്കും അദ്ദേഹം കത്തെഴുതി. ഒരു മാസത്തിനുശേഷം എന്നെ വെല്ലൂർ ജയിലിലേക്ക് മാറ്റി. അവിടെ ഞാൻ ഇരുനൂറ് സഹപ്രവർത്തകരോടൊപ്പമായിരുന്നു."
നിരവധി ജയിലുകളിലൂടെയുള്ള ഇത്തരം യാത്രകൾക്കിടയിൽ ശങ്കരയ്യ ആർ. വെങ്കട്ടരാമനെ കണ്ടുമുട്ടി. പിൽക്കാലത്തു അദ്ദേഹം ഇന്ത്യയുടെ രാഷ്ട്രപതിയായി. "ജയിലിൽ അദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ കൂടെയായിരുന്നു. 1943-ൽ അംഗമായി. പിന്നീട്, കോൺഗ്രസ്സ് പാർട്ടിയിൽ ചേർന്നു. എന്നിരുന്നാലും, കുറെ കൊല്ലം ഞങ്ങൾ ഒരുമിച്ചു പ്രവർത്തിച്ചു."
ശങ്കരയ്യയുടെ അമേരിക്കൻ കോളജിലെയും, പിന്നീട് വിപുലമായ വിദ്യാർത്ഥിപ്രസ്ഥാനങ്ങളിലെയും, സമകാലികരിൽ ധാരാളം പേർ ബിരുദപഠനത്തിനു ശേഷം പല മേഖലകളിൽ പ്രമുഖരായി. ഒരാൾ തമിഴ്നാടിന്റെ ചീഫ് സെക്രട്ടറിയായി, പിന്നൊരാൾ ജഡ്ജിയായി, ഐഎഎസ് ഉദ്യോഗസ്ഥനായ ഒരാൾ ദശകങ്ങൾക്കു മുൻപ് ഒരു മുഖ്യമന്ത്രിയുടെ സെക്രട്ടറിയുമായിരുന്നു. സ്വാതന്ത്ര്യലബ്ധിക്കു ശേഷവും ശങ്കരയ്യ പലവട്ടം ജയിലിലായി. 1947 മുൻപ് അദ്ദേഹം മധുര, വെല്ലൂർ, രാജമുന്ദ്രി, കണ്ണൂർ, സേലം, തഞ്ചാവൂർ ജയിലുകൾ കണ്ടു കഴിഞ്ഞിരുന്നു.
1948-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധനത്തെ തുടർന്ന് അദ്ദേഹം ഒരിക്കൽക്കൂടി ഒളിവിൽപ്പോയി. 1950-ൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു, ഒരു വർഷത്തിനുശേഷം വിട്ടയച്ചു. 1962-ൽ ഇന്ത്യ-ചൈന യുദ്ധത്തിന്റെ സമയത്ത് അദ്ദേഹമടക്കം അനവധി കമ്മ്യൂണിസ്റ്റുകാർ ജയിലിലായി. അദ്ദേഹം ഏഴ് മാസം തടവിലായിരുന്നു. 1965-ൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ അടിച്ചമർത്താൻ വീണ്ടുമൊരു ശ്രമമുണ്ടായപ്പോൾ അദ്ദേഹം പിന്നെയും പതിനേഴ് മാസം ജയിലിൽ കിടന്നു.
സ്വാതന്ത്ര്യലബ്ധിക്കു ശേഷവും തന്നെ വേട്ടയാടിയവർക്കുനേരെ അദ്ദേഹത്തിന് അതിശയകരമാവുംവിധം വെറുപ്പില്ലായ്മയുണ്ട്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അതെല്ലാം രാഷ്ട്രീയ പോരാട്ടങ്ങളായിരുന്നു, വ്യക്തിപരമായവയല്ല. സ്വന്തം ലാഭം നോക്കാതെയുള്ള അദ്ദേഹത്തിന്റെ പോരാട്ടം അന്നും ഇന്നും ഭൂമിയിലെ പീഡിതർക്കുവേണ്ടിയാണ്.
സ്വാതന്ത്ര്യ സമരത്തിൽ അദ്ദേഹം അനുഭവിച്ച വഴിത്തിരുവുകൾ അല്ലെങ്കിൽ ആവേശമുൾക്കൊണ്ട നിമിഷങ്ങൾ ഏതൊക്കെയായിരുന്നു?
"ബ്രിട്ടീഷുകാർ ഭഗത് സിങിനെ [മാർച്ച് 23, 1931] വധശിക്ഷക്ക് വിധേയമാക്കിയ സംഭവം തീർച്ചയായും അതിലൊന്നാണ്. പിന്നെ, 1945-ലെ ഇന്ത്യൻ നാഷണൽ ആർമിയുടെ വിചാരണയും 1946-ലെ റോയൽ ഇന്ത്യൻ നേവിയിലെ കലാപവും." ഇതെല്ലാം "ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ നടന്ന പോരാട്ടത്തിന് വലിയ ഊർജം പകർന്ന സംഭവങ്ങളിൽ ഉൾപ്പെടുന്നവയാണ്."
ഇടതുപക്ഷത്തോടുള്ള അദ്ദേഹത്തിന്റെ പങ്കാളിത്തത്തിനും പ്രതിബദ്ധതക്കും ദശാബ്ദങൾ കഴിയുംതോറും ആഴമേറി. ജീവിതകാലം മുഴുവനും അദ്ദേഹം പാർട്ടി അംഗമായിരിക്കും.
"1944-ൽ എന്നെ തഞ്ചാവൂർ ജയിലിൽ നിന്ന് മോചിതനാക്കി. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ മധുര ജില്ലാ കമ്മിറ്റി സെക്രട്ടറിയായി തിരഞ്ഞെടുത്തു. പിന്നെ, ഇരുപത്തിരണ്ട് കൊല്ലം എന്നെ പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി സെക്രട്ടറിയായി നിയോഗിച്ചു."
ശങ്കരയ്യ ജനങ്ങളെ അണിനിരക്കുന്നതിൽ മുൻപന്തിയിലായിരുന്നു. നാല്പതുകളുടെ [1940s] മധ്യത്തോടുകൂടി മധുര ഇടതുപക്ഷത്തിന്റെ ഒരു മുഖ്യ കേന്ദ്രമായിത്തീർന്നു. "1946-ൽ [സിപിഐ ജനറൽ സെക്രട്ടറി] പി. സി. ജോഷി മധുരയിൽ വന്നപ്പോൾ, ആ സമ്മേളനത്തിൽ ഒരു ലക്ഷം ജനങ്ങൾ പങ്കെടുത്തു. ഞങ്ങളുടെ പല സമ്മേളങ്ങളും ധാരാളം ജനങ്ങളെ ആകർഷിക്കുന്നുണ്ടായിരുന്നു."
ഞങ്ങളുടെ വർദ്ധിച്ചു വരുന്ന ജനസമ്മതി കണ്ടു ബ്രിട്ടീഷുകാർ ഞങ്ങളുടെ മേൽ 'മധുര ഗൂഢാലോചന കേസ്' അടിച്ചേൽപ്പിച്ചു. അതിൽ പി. രാമമൂർത്തിയെ [തമിഴ്നാട്ടിലെ പ്രസിദ്ധനായ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ്] ഒന്നാം പ്രതിയായും, ശങ്കരയ്യയെ രണ്ടാം പ്രതിയായും, വേറെ പല കമ്മ്യൂണിസ്റ്റ് നേതാക്കളെയും പ്രവർത്തകരെയും ഉൾപ്പെടുത്തി. മറ്റ് തൊഴിലാളി സംഘടനാനേതാക്കളെ വധിക്കാൻ പാർട്ടിഓഫീസിൽ ഗൂഢാലോചന നടത്തി എന്നതായിരുന്നു അവരിൽ ചുമത്തപ്പെട്ട കുറ്റം. പ്രധാന സാക്ഷി ഒരു കൈവണ്ടിവലിക്കാരനായിരുന്നു. അയാൾ അബദ്ധത്തിൽ അവരുടെ സംസാരം കേൾക്കാനിടയായിയെന്നും അത് കർത്തവ്യബോധത്തോടെ അധികാരികളെ അറിയിച്ചുവെന്നും ആയിരുന്നു പോലീസ് ഭാഷ്യം.
2008-ൽ എൻ. രാമകൃഷ്ണൻ (ശങ്കരയ്യയുടെ ഇളയ സഹോദരൻ) പി. രാമമൂർത്തി - എ സെന്റനറി ട്രിബ്യുട്ട് എന്ന ജീവചരിത്രകൃതിയിൽ എഴുതി: "ആ അന്വേഷണത്തിനിടയിൽ, പ്രധാന സാക്ഷി ഒരു തട്ടിപ്പുകാരനും ചെറിയ മോഷണങ്ങൾ നടത്തുന്ന ഒരുവനും പല കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചവനുമാണെന്നു രാമമൂർത്തി [കേസ് സ്വയം വാദിക്കുകയായിരുന്നു] തെളിയിച്ചു." ആ കേസിന്റെ വാദം കേട്ട സ്പെഷ്യൽ ജഡ്ജി "ഓഗസ്റ്റ് 14, 1947-നു ജയിൽ വളപ്പിൽ വന്നു...കേസിൽ ഉൾപ്പെട്ട എല്ലാവരെയും മോചിതരാക്കുകയും ആദരണീയരായ തൊഴിലാളി നേതാക്കൾക്കെതിരെ ഈ കേസ് കൊണ്ടുവന്നതിന് സർക്കാരിനെ നിശിതമായി വിമർശിക്കുകയും ചെയ്തു."
ആ പഴയ കാലത്തിന്റെ വിചിത്രമായ മാറ്റൊലികൾ കഴിഞ്ഞ കുറച്ചു വർഷങ്ങളായി കേട്ടു തുടങ്ങിയിരിക്കുന്നു. എന്നാൽ ഈ കാലഘട്ടത്തിൽ ജയിലിൽ പോയി നിരപരാധികളെ വിട്ടയയ്ക്കാനും സർക്കാരിനെ വിമർശിക്കാനും കഴിയുന്ന ഒരു സ്പെഷ്യൽ ജഡ്ജിയെ കാണാൻ സാധ്യതയില്ല.
1948-ൽ സിപിഐയെ നിരോധിച്ചതിനു ശേഷം രാമമൂർത്തിയെയും മറ്റുള്ളവരെയും പിന്നെയും ജയിലിലടച്ചു. ഇത്തവണ സ്വതന്ത്ര ഇന്ത്യയിൽ. തിരഞ്ഞെടുപ്പ് അടുത്ത സമയമായിരുന്നു. ഇടതുപക്ഷത്തിന്റെ ജനസമ്മതി മദ്രാസ് സംസ്ഥാനം ഭരിച്ചിരുന്ന കോൺഗ്രസ്സ് പാർട്ടിക്ക് ഒരു ഭീഷണിയായിരുന്നു.
"അങ്ങനെ രാമമൂർത്തി തന്റെ നാമനിർദേശ പത്രിക തടവിലിരുന്നുകൊണ്ടാണ് സമർപ്പിച്ചത്, സെൻട്രൽ ജയിൽ മേലധികാരിക്ക് മുൻപാകെ. 1952-ലെ മദ്രാസ് നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം മധുര നോർത്ത് നിയോജകമണ്ഡലത്തിൽ നിന്നാണ് മത്സരിച്ചത്. ഞാനാണ് അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല വഹിച്ചത്. അനുഭവസമ്പന്നനായ കോൺഗ്രസ്സുകാരനായ ചിദംബരം ഭാരതിയും ജസ്റ്റിസ് പാർട്ടിയുടെ പി. ടി. രാജനുമായിരുന്നു മറ്റു രണ്ടു സ്ഥാനാർത്ഥികൾ. രാമമൂർത്തി ഭംഗിയായി വിജയിച്ചു. അദ്ദേഹം ജയിലിലായിരിക്കുമ്പോൾ തന്നെയാണ് തിരഞ്ഞെടുപ്പ് ഫലം വന്നത്. ഭാരതി രണ്ടാംസ്ഥാനത്തെത്തി. രാജന് കെട്ടിവച്ച പണം നഷ്ടമായി. "വിജയമാഘോഷിക്കാൻ നടത്തിയ സമ്മേളനത്തിൽ മൂന്ന് ലക്ഷത്തിലധികം ജനങ്ങൾ പങ്കെടുത്തു." സ്വാതന്ത്ര്യത്തിനു ശേഷം തമിഴ്നാട് നിയമസഭയിലെ ആദ്യത്തെ പ്രതിപക്ഷനേതാവ് രാമമൂർത്തിയായിരുന്നു.
1964-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ, ശങ്കരയ്യ പുതുതായി രൂപീകരിച്ച സിപിഐ-എം എന്ന പാർട്ടിയോടൊപ്പം നിന്നു. "1964-ൽ സിപിഐ ദേശീയ കൗൺസിലിൽ നിന്നും പ്രതിഷേധിച്ച് ഇറങ്ങിപ്പോയ 32 അംഗങ്ങളിൽ ഞാനും വി.എസ്. അച്യുതാനന്ദനും മാത്രമേ ഇന്ന് ജീവിച്ചിരിപ്പുള്ളൂ." ശങ്കരയ്യ പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി. പിന്നീടദ്ദേഹം, പതിനഞ്ചു ദശലക്ഷം അംഗങ്ങളുള്ള, ഇന്ത്യയിലെ ഏറ്റവും വലിയ കർഷകസംഘടനയായ, ഓൾ ഇന്ത്യ കിസാൻ സഭയുടെ അദ്ധ്യക്ഷനായി. ഏഴ് കൊല്ലം അദ്ദേഹം തമിഴ്നാട് സിപിഐ-എം സംസ്ഥാന സെക്രട്ടറിയായിരുന്നു. രണ്ടു ദശാബ്ദത്തിലധികം പാർട്ടിയുടെ സെൻട്രൽ കമ്മിറ്റിയിലും സ്ഥാനം വഹിച്ചു.
അദ്ദേഹത്തിന് ഒരു കാര്യത്തിൽ വളരെ അഭിമാനമുണ്ട് "ഞങ്ങളാണ് തമിഴ്നാട് നിയമസഭയിൽ ആദ്യമായി തമിഴ് സംസാരിച്ചത്. 1952-ൽ നിയമസഭയിൽ തമിഴ് സംസാരിക്കാൻ വ്യവസ്ഥയുണ്ടായിരുന്നില്ല. ഇംഗ്ലീഷ് ഭാഷ മാത്രമാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ [ഞങ്ങളുടെ എംഎൽഎമാർ] ജീവാനന്ദവും രാമമൂർത്തിയും തമിഴിലാണ് സംസാരിച്ചത്. തമിഴ് ഉപയോഗിക്കാനുള്ള വ്യവസ്ഥ പിന്നീട് ആറേഴ് വർഷങ്ങൾക്കു ശേഷമാണ് വന്നത്."
അദ്ധ്വാനിക്കുന്ന ജനവിഭാഗത്തോടും ഗ്രാമവാസികളോടുമുള്ള ശങ്കരയ്യയുടെ പ്രതിബദ്ധത ഒട്ടും കുറഞ്ഞിട്ടില്ല. കമ്മ്യൂണിസ്റ്റുകാർ "തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനുള്ള കൃത്യമായ മറുപടികൾ കണ്ടെത്തുമെന്നും" വലിയതോതിൽ ബഹുജനപ്രസ്ഥാനങ്ങൾ പടുത്തുയർത്തുമെന്നും അദ്ദേഹം വിശ്വസിക്കുന്നു. അഭിമുഖം തുടങ്ങി ഒന്നര മണിക്കൂർ പിന്നിടുമ്പോഴും അദ്ദേഹം ആദ്യം തൊട്ടുണ്ടായിരുന്ന അതേ ആവേശത്തോടും ഊർജത്തോടും സംസാരിച്ചു കൊണ്ടിരുന്നു. ഭഗത് സിങിന്റെ ത്യാഗത്തിൽ ആവേശംകൊണ്ട് തെരുവിലേക്കിറങ്ങിയ ഒൻപതു വയസ്സുകാരന്റെ പ്രസരിപ്പാണ് അദ്ദേഹത്തിനിപ്പോഴും.
കുറിപ്പ്: ഈ ലേഖനമെഴുതാൻ വിലമതിക്കാനാവാത്ത സംഭാവനകൾ നൽകിയ കവിത മുരളീധരന് എന്റെ നന്ദി.
പരിഭാഷ: ജ്യോത്സ്ന വി