അച്ഛനുമായി അവസാനം നടത്തിയ സംഭാഷണത്തെക്കുറിച്ചോർത്ത് ഇപ്പോഴും വിജയ് മരോട്ടർ പശ്ചാത്തപിക്കുന്നു.
ചുട്ടുപഴുത്ത ഒരു വേനൽ സായാഹ്നമായിരുന്നു അത്. യവത്മാൽ ജില്ലയിലെ അവരുടെ ഗ്രാമത്തിൽ പോക്കുവെയിൽ പതുക്കെ മായുന്നുണ്ടായിരുന്നു. വെളിച്ചം കുറഞ്ഞ കുടിലിൽ, അയാൾ തനിക്കും അച്ഛനും ഓരോ ഭക്ഷണപാത്രങ്ങൾ നിരത്തിവെച്ചു. മടക്കിയ രണ്ട് ചപ്പാത്തികളും ഇലക്കറിയും ഒരു പാത്രം ചോറും ഉണ്ടായിരുന്നു അതിൽ.
പക്ഷേ അച്ഛൻ ഘൻശ്യാം പാത്രത്തിലേക്ക് ഒന്ന് നോക്കിയതേയുള്ളു. അയാൾക്ക് ദേഷ്യം നിയന്ത്രിക്കാനായില്ല. സവാള ഇല്ലേ? 25 വയസ്സുള്ള വിജയിനെ സംബന്ധിച്ചിടത്തോളം ആ പ്രതികരണം ഒട്ടും ആനുപാതികമല്ലായിരുന്നുവെങ്കിലും ആ കാലത്ത് സാധാരണമായിരുന്നു. “കുറച്ചുകാലമായി അദ്ദേഹം മഹാ ശുണ്ഠിയിലായിരുന്നു”, മഹാരാഷ്ട്രയിലെ അക്പുരി ഗ്രാമത്തിലെ ഒറ്റമുറിക്കുടിലിന്റെ പുറത്ത് മുറ്റത്ത് ഒരു പ്ലാസ്റ്റിക്ക് കസേരയിലിരുന്ന് അയാൾ പറയുന്നു. “ചെറിയ കാര്യത്തിന് നിയന്ത്രണം വിടും”.
വിജയ് അടുക്കളയിലേക്ക് പോയി അച്ഛനുള്ള സവാള മുറിച്ച് കൊണ്ടുവന്നുവെങ്കിലും അവർ തമ്മിൽ അത്താഴത്തിനുശേഷം അസുഖകരമായ ഒരു തർക്കം പൊട്ടിപ്പുറപ്പെട്ടു. ഒട്ടും സന്തോഷമില്ലാതെയാണ് അന്ന് വിജയ് കിടക്കാൻ പോയത്. രാവിലെ അച്ഛനുമായി സംസാരിച്ച് രമ്യതയിലാവാം എന്ന് അയാൾ പ്രതീക്ഷിച്ചു.
എന്നാൽ ഘൻശ്യാമിന് അന്ന് രാത്രി പുലർന്നില്ല.
59 വയസ്സുള്ള ആ കർഷകൻ അന്ന് രാത്രി വിഷം കഴിച്ചു. വിജയ് എഴുന്നേൽക്കും മുമ്പേ അദ്ദേഹം പോയി. 2022 ഏപ്രിലിലായിരുന്നു അത്.
അച്ഛൻ മരിച്ച് ഒമ്പതുമാസത്തിനുശേഷം ഞങ്ങളോട് സംസാരിക്കുമ്പോഴും, ആ രാത്രി അച്ഛനുമായി നടന്ന അപ്രിയമായ സംഭാഷണം ഒഴിവാക്കാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് വിജയ് വെറുതെ ആഗ്രഹിച്ചുപോവുന്നു. അവസാനനാളുകളിലെ പരിഭ്രാന്തനായ അച്ഛനെയല്ല, സ്നേഹമയിയായ ഘൻശ്യാമിനെക്കുറിച്ചുള്ള ഓർമ്മകളാണ് അയാൾ ഇപ്പോഴും താലോലിക്കുന്നത്. രണ്ടുവർഷം മുമ്പ്, അയാളുടെ അമ്മ മരിച്ചുപോയിരുന്നു.
ഗ്രാമത്തിൽ കുടുംബത്തിന്റെ അഞ്ചേക്കർ ഭൂമിയിൽ പരമ്പരാഗതമായി കൃഷി ചെയ്തിരുന്ന പരുത്തിയും തുവരപ്പരിപ്പുമായി ബന്ധപ്പെട്ടായിരുന്നു അച്ഛന്റെ ആശങ്കകൾ മുഴുവനും. “കഴിഞ്ഞ 8-10 വർഷങ്ങൾ പ്രത്യേകിച്ചും വളരെ മോശമായിരുന്നു”, വിജയ് പറയുന്നു. “കാലാവസ്ഥ വളരെയധികം അപ്രവചനീയമായി. വൈകിവന്ന കാലവർഷവും നീണ്ടുനിന്ന വേനലും. ഓരോ തവണ വിത്തെറിയുന്നതും ഭാഗ്യപരീക്ഷണംപോലെയായിരുന്നു”.
30 വർഷം നല്ല രീതിയിൽ ചെയ്തിരുന്നതും, തനിക്ക് നന്നായി അറിയാവുന്നതുമായ ആ തൊഴിൽ തുടർന്നുപോകാൻ പറ്റുമോ എന്ന ആശങ്ക ഘൻശ്യാമിനെ വല്ലാതെ ബാധിച്ചു. “കൃഷി എന്നത് സമയബന്ധിതമായ ഒന്നാണ്. എന്നാൽ കാലാവസ്ഥാക്രമം ഇടയ്ക്കിടക്ക് മാറുന്നതുകൊണ്ട് നിങ്ങൾക്ക് ഒരിക്കലും അത് ശരിയായി ചെയ്യാൻ പറ്റില്ല. ഓരോ തവണ അദ്ദേഹം കൃഷിയിറക്കുമ്പോഴും, ഒരു വരണ്ട കാലാവസ്ഥ സംഭവിച്ചുകൊണ്ടിരുന്നു. അച്ഛൻ അത് വ്യക്തിപരമായി എടുത്തു. വിത്ത് വിതച്ചതിനുശേഷം മഴ പെയ്തില്ലെങ്കിൽ, രണ്ടാമതും വിതയ്ക്കണോ എന്ന് നിങ്ങൾ തീരുമാനമെടുക്കണം”, വിജയ് തുടർന്നു.
രണ്ടാമതും വിത്തിറക്കുന്നത്, അടിസ്ഥാനപരമായ ഉത്പാദനച്ചിലവിനെ ഇരട്ടിപ്പിക്കുന്നു. എന്നാലും നല്ല വിളവുണ്ടായാൽ മെച്ചം കിട്ടുമെന്ന പ്രതീക്ഷ നശിക്കുന്നില്ല. മിക്കപ്പോഴും അങ്ങിനെ സംഭവിക്കുന്നില്ല. ഒരുതവണ സീസൺ മോശമായാൽ, 50,000-മോ 70,000-മോ ഒക്കെയായിരിക്കും നഷ്ടം”, വിജയ് സൂചിപ്പിച്ചു. കാലാവസ്ഥാവ്യതിയാനം മൂലമുണ്ടാകുന്ന താപനിലയും ഇടിവും ജലസേചനം ചെയ്ത ഭൂമിയിൽനിന്നുള്ള വരുമാനത്തിൽ 15 മുതൽ 18 ശതമാനംവരെ കുറവുണ്ടാക്കുമെന്ന് 2017-18-ലെ ഒ.ഇ.സി.ഡിയുടെ സാമ്പത്തിക സർവേ ചൂണ്ടിക്കാണിക്കുന്നു. ജലസേചനം ചെയ്യാത്ത നിലങ്ങളിലെ നഷ്ടം 25 ശതമാനംവരെ ആവാമെന്നും സർവേ മുന്നറിയിപ്പ് നൽകുന്നുണ്ട്.
വിദർഭയിലെ മറ്റ് ചെറുകിട കർഷകരെപ്പോലെ ഘൻശ്യാമിനും ചിലവേറിയ ജലസേചനരീതികളൊന്നും താങ്ങാൻ കഴിഞ്ഞിരുന്നില്ല. മാറിയും മറിഞ്ഞുമുള്ള കാലവർഷത്തെത്തന്നെയായിരുന്നു അദ്ദേഹവും പൂർണ്ണമായി ആശ്രയിച്ചിരുന്നത്. “ഇപ്പോൾ മഴ ചാറുന്ന പതിവേയില്ല. ഒന്നുകിൽ ഉണക്കം, അല്ലെങ്കിൽ വെള്ളപ്പൊക്കം. കാലാവസ്ഥാവ്യതിയാനം, തീരുമാനമെടുക്കാനുള്ള നിങ്ങളുടെ കഴിവിനെ സാരമായി ബാധിക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ, കൃഷി ചെയ്യുക എന്നത് വളരെ സമ്മർദ്ദമുണ്ടാക്കുന്ന ഒന്നാണ്. അനിശ്ചിതത്വത്തിലാക്കുന്നു അത്. അതാണ് അച്ഛന്റെ മാനസികനിലയെ തകർത്തത്”.
എപ്പോഴും സമ്മർദ്ദത്തിൽ ജീവിക്കേണ്ടിവരികയും നഷ്ടങ്ങൾ സഹിക്കേണ്ടിവരികയും ചെയ്യുന്നത്, ഈ മേഖലയിലെ കൃഷിക്കാരുടെയിടയിൽ മാനസികാരോഗ്യ പ്രതിസന്ധി വർദ്ധിപ്പിക്കുന്നുണ്ട്. അല്ലെങ്കിലേ, ഭീതിജനകമായ കർഷക ആത്മഹത്യകൾക്കും, രൂക്ഷമായ കാർഷികപ്രതിസന്ധിക്കും പേരുകേട്ടതാണ് അല്ലെങ്കിൽത്തന്നെ ഈ പ്രദേശം.
2021-ൽ ഇന്ത്യയിൽ 11,000-ത്തിനടുത്ത് കർഷകർ സ്വന്തം ജീവനെടുത്തു. അതിൽ 13 ശതമാനവും മഹാരാഷ്ട്രയിലായിരുന്നു എന്ന് ദേശീയ ക്രൈം റിക്കാർഡ്സ് ബ്യൂറോ സൂചിപ്പിക്കുന്നു. ഇന്ത്യയിൽ ആത്മഹത്യ ചെയ്യുന്ന ആളുകളിൽ ഭൂരിഭാഗവും ഈ സംസ്ഥാനത്തുനിന്നാണ്.
എന്നിട്ടും, ഔദ്യോഗിക കണക്കുകൾ കാണിക്കുന്നതിനേക്കാൾ ആഴമേറിയതാണ് ഈ പ്രതിസന്ധി. “ഓരോ ആത്മഹത്യ നടക്കുമ്പോഴും, മറ്റ് 20 ആളുകൾ ആത്മഹത്യാശ്രമങ്ങൾ നടത്തുന്നു” എന്ന് ലോകാരോഗ്യ സംഘടന പറയുന്നു.
ഘൻശ്യാമിന്റെ കാര്യത്തിലാണെങ്കിൽ, ക്രമം തെറ്റിയുള്ള കാലാവസ്ഥമൂലമുണ്ടായ കുടുംബത്തിന്റെ തുടർച്ചയായ നഷ്ടങ്ങൾ വലിയ കടബാധ്യതയിലേക്ക് നയിച്ചു. “കൃഷി തുടർന്നുപോകാൻ ഒരു സ്വകാര്യ പണമിടപാടുകാരനിൽനിന്ന് അച്ഛൻ കടമെടുത്തിട്ടുണ്ട് എന്ന് എനിക്ക് അറിയാമായിരുന്നു. പലിശ കൂടിക്കൂടി വന്നപ്പോൾ തിരിച്ചടക്കുന്നതിനെക്കുറിച്ചുള്ള ആധി അദ്ദേഹത്തിന് വർദ്ധിച്ചു”, വിജയ് പറയുന്നു.
കഴിഞ്ഞ 5-8 വർഷങ്ങളിൽ നിലവിൽ വന്ന കാർഷികവായ്പാ എഴുതിത്തള്ളൽ പദ്ധതികളിൽ പലതും ഉപാധികളോടെയായിരുന്നു. സ്വകാര്യം പണമിടപാടുകാരിൽനിന്ന് എടുത്ത വായ്പകൾ അതിൽ ഉൾപ്പെട്ടിരുന്നില്ല. പൈസ സംബന്ധമായ സമ്മർദ്ദം കഴുത്തിലെ കുരുക്കായി മാറി. “എത്ര കടബാധ്യതയുണ്ടെന്ന് അദ്ദേഹം എന്നോട് ഒരിക്കലും പറഞ്ഞിട്ടില്ല. മരിക്കുന്നതിന് രണ്ടുവർഷം മുമ്പ് മുതൽ അച്ഛൻ നല്ലവണ്ണം മദ്യപിക്കാൻ തുടങ്ങിയിരുന്നു”, വിജയ് കൂട്ടിച്ചേർത്തു.
വിഷാദരോഗത്തിന്റെ ലക്ഷണമാണ് അനിയന്ത്രിതമായ മദ്യപാനം എന്ന് യവത്മൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 37 വയസ്സുള്ള സാമൂഹികപ്രവർത്തകനായ പ്രഫുൽ കാപ്സെ പറയുന്നു. “മിക്ക ആത്മഹത്യകൾക്ക് പിന്നിലും ഒരു മാനസികാവസ്ഥയുണ്ട്. എവിടെനിന്ന് സഹായം കിട്ടുമെന്ന് കർഷകർക്ക് ഉറപ്പില്ലാത്തതിനാൽ, ആ മാനസികാവസ്ഥ കണ്ടുപിടിക്കപ്പെടുന്നില്ല”.
ജീവനെടുക്കുന്നതിന് മുൻപ്, വർദ്ധിച്ച തോതിൽ ഘൻശ്യാമിൽ ഉണ്ടായിരുന്ന രക്താതിസമ്മർദ്ദവും, ആശങ്കയും മാനസികസംഘർഷവും കുടുംബം കണ്ടിരുന്നുവെങ്കിലും എന്ത് ചെയ്യണമെന്ന് അവർക്ക് നിശ്ചയമുണ്ടായിരുന്നില്ല. ആശങ്കയും സമ്മർദ്ദവും അനുഭവിച്ചിരുന്നത് അദ്ദേഹം മാത്രമായിരുന്നില്ല ആ വീട്ടിൽ. രണ്ട് വർഷം മുമ്പ്, 2020 മേയ് മാസത്തിൽ അദ്ദേഹത്തിന്റെ ഭാര്യ കല്പന പെട്ടെന്ന് ഹൃദയാഘാതം വന്ന മരിച്ചുപോയിരുന്നു. 45 വയസ്സുള്ള അവർക്ക് അതിനുമുൻപ് പറയത്തക്ക ആരോഗ്യപ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല.
“അവർ കൃഷിസ്ഥലവും വീടും ഒരുമിച്ച് നോക്കിനടത്തി. നഷ്ടങ്ങൾ കാരണം, കുടുംബത്തെ ഊട്ടാൻ ബുദ്ധിമുട്ടായി. ഞങ്ങളുടെ സാമ്പത്തിക സ്ഥിതി മോശമായപ്പോൾ അവർക്ക് സമ്മർദ്ദം സൃഷ്ടിച്ചു. മറ്റൊരു കാരണവും എനിക്ക് കാണാൻ കഴിയുന്നില്ല”, വിജയ് പറയുന്നു.
കല്പനയുടെ അഭാവം ഘൻശ്യാമിന്റെ നില കൂടുതൽ വഷളാക്കി. “അച്ഛൻ കൂടുതൽ ഒറ്റപ്പെടുകയും അമ്മ മരിച്ചതിനുശേഷം ഒരു തോടിനുള്ളിലേക്ക് ഉൾവലിയുകയും ചെയ്തു. ഞാൻ അദ്ദേഹത്തെക്കൊണ്ട് എപ്പോഴും സംസാരിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ അച്ഛൻ തന്റെ മനസ്സിലെ വേദനകൾ ഒരിക്കലും പങ്കുവെച്ചില്ല. അദ്ദേഹം എന്നെ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു എന്ന് എനിക്ക് തോന്നുന്നു”, വിജയ് സൂചിപ്പിക്കുന്നു
അതിശക്തവും അനിശ്ചിതവുമായ കാലാവസ്ഥ നിലനിൽക്കുന്ന ഗ്രാമപ്രദേശങ്ങളിൽ പോസ്റ്റ് ട്രോമാറ്റിക്ക് സ്ട്രെസ്സ് ഡിസോർഡറും (പി.ടി.എസ്.ഡി – ദുരിതാനന്തര മാനസികസമ്മർദ്ദ അനിശ്ചിതത്വം), ഭയവും വിഷാദരോഗവും പരക്കെ കാണപ്പെടുന്നുണ്ടെന്നാണ് കാപെസെയുടെ പക്ഷം. “കൃഷിക്കാർക്ക് മറ്റ് വരുമാനമാർഗ്ഗമൊന്നുമില്ല. സമയത്തിന് ചികിത്സ കിട്ടിയില്ലെങ്കിൽ, മാനസികസമ്മർദ്ദം ദുരിതത്തിലേക്കും അന്തിമമായി വിഷാദത്തിലേക്കും നയിക്കും. വിഷാദരോഗം, തുടക്കത്തിൽ കൌൺസലിംഗ് മുഖേന ചികിത്സിക്കാവുന്ന ഒന്നാണ്. എന്നാൽ പിന്നീടുള്ള ഘട്ടങ്ങളിൽ, ആത്മഹത്യാപ്രവണത കടന്നുവരുമ്പോൾ മരുന്ന് അത്യാവശ്യമായി വരും”, അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
എന്നാൽ, മാനസികസമ്മർദ്ദങ്ങളുടെ കാര്യത്തിൽ, പ്രതിസന്ധിഘട്ടങ്ങളിലെ ഇടപെടലിന്റെ അഭാവം 70 മുതൽ 86 ശതമാനംവരെയാണ് 2015-2016-ലെ ദേശീയ മാനസികാരോഗ്യ സർവേ ചൂണ്ടിക്കാട്ടുന്നു. 2017-ലെ ദേശീയ മാനസികപരിചരണ ബിൽ 2018 മേയിൽ നിലവിൽ വന്നിട്ടും, മാനസികവ്യതിയാനങ്ങളുമായി കഴിയേണ്ടിവരുന്നവർക്ക് അവയ്ക്കുള്ള ചികിത്സയും സേവനവും ഏതാണ്ട് അപ്രാപ്യമായി തുടരുകയാണ്.
മാനസികപരിചരണ ആക്ടിനെക്കുറിച്ചോ അതിന്റെ കീഴിൽ ലഭ്യമായ സേവനങ്ങളെക്കുറിച്ചോ ഒന്നും അറിയില്ല സീമ വാണിക്ക്. യവത്മൽ താലൂക്കിലെ വഡ്ഗാംവ് ഗ്രാമത്തിലെ കൃഷിക്കാരിയാണ് 42 വയസ്സുള്ള സീമ. 40-ആം വയസ്സിൽ ഭർത്താവ് ശങ്കർ 2015 ജൂലായിൽ കീടനാശിനി കുടിച്ച് ആത്മഹത്യ ചെയ്തതിനുശേഷം, തന്റെ സ്വന്തം 15 ഏക്കർ കൃഷിസ്ഥലം തന്നത്താൻ നോക്കിനടത്തുകയാണ് അവർ
“മനസ്സമാധാനത്തോടെ ഉറങ്ങിയിട്ട് വർഷങ്ങളായി. സമ്മർദ്ദങ്ങളുമായി ജീവിക്കുകയാണ് ഞാൻ. എന്റെ ഹൃദയമിടിപ്പുകൾ ഇടയ്ക്ക് വല്ലാതെ വർദ്ധിക്കുന്നു. കൃഷി സീസണിൽ എന്റെ വയറ്റിൽ ഒരു ഉരുണ്ടുകയറ്റമാണ്”, അവർ പറയുന്നു.
2022 ജൂൺ അവസാനത്തിൽ ഖാരിഫ് സീസൺ തുടങ്ങിയതോടെ സീമ പരുത്തി നട്ടു. വിത്തിനും, കീടനാശിനിക്കും, വളത്തിനും 1 ലക്ഷത്തോളം രൂപ ചിലവിട്ട്, വർഷം മുഴുവൻ വിളവ് കിട്ടാൻ അവർ നന്നായി അദ്ധ്വാനിച്ചു. ഒരു ലക്ഷം രൂപ ലാഭം എന്ന അവരുടെ ലക്ഷ്യം വളരെ അടുത്തെത്തിയപ്പോഴേക്കും സെപ്റ്റംബർ ആദ്യവാരത്തിൽ രണ്ടുദിവസം മേഘവിസ്ഫോടനമുണ്ടാവുകയും മൂന്ന് മാസത്തെ അദ്ധ്വാനം മുഴുവനും ഒഴുകിപ്പൊവുകയും ചെയ്തു.
“10,000 രൂപയുടെ വിളവുമാത്രമേ കഷ്ടിച്ച് രക്ഷപ്പെടുത്താനായുള്ളു. ലാഭമുണ്ടാക്കുന്നത് പോയിട്ട്, ചിലവെങ്കിലും തിരിച്ചുകിട്ടിയാൽ മതി എന്നായിരിക്കുന്നു. മാസങ്ങളോളം നിങ്ങൾ ഭൂമിയിൽ അദ്ധ്വാനിച്ച്, രണ്ടേ രണ്ട് ദിവസത്തിൽ അത് മുഴുവൻ വെള്ളത്തിൽ പാഴായിപ്പോയാൽ എന്ത് ചെയ്യും. എങ്ങിനെ അതുമായി പൊരുത്തപ്പെടും? അതാണ് എന്റെ ഭർത്താവിന്റെ ജീവനെടുത്തത്”, അവർ പറയുന്നു. ഭർത്താവ് സുധാകരന്റെ മരണശേഷം, സീമ അദ്ദേഹത്തിന്റെ കൃഷിസ്ഥലവും അതോടൊപ്പമുള്ള മാനസികസംഘർഷവും ഏറ്റെടുത്തു.
“വരൾച്ചമൂലം കഴിഞ്ഞ സീസണിൽ ഞങ്ങൾക്ക് പൈസ അതിനകംതന്നെ നഷ്ടമായിരുന്നു” സുധാകർ മരിക്കുന്നതിന് മുമ്പുള്ള കാലത്തെക്കുറിച്ച് അവർ പറയുന്നു. “അതുകൊണ്ട്, 2015 ജൂലായിൽ, അദ്ദേഹം വാങ്ങിയ പരുത്തിവിത്തുകൾ വ്യാജമാണെന്ന് മനസ്സിലായതോടെ അദ്ദേഹത്തിന്റെ നില തെറ്റി. അതേകാലത്തുതന്നെയാണ് മകളുടെ കല്യാണവും നടത്തേണ്ടിവന്നത്. ആ സമ്മർദ്ദങ്ങൾ അദ്ദേഹത്തിന് താങ്ങാനായില്ല. അത് അദ്ദേഹത്തെ അങ്ങേത്തലയ്ക്കലെത്തിച്ചു”.
ഭർത്താവ് കൂടുതൽക്കൂടുതൽ മൌനിയായി മാറുന്നത് സീമ കാണുന്നുണ്ടായിരുന്നു. കാര്യങ്ങളെല്ലാം ഉള്ളിൽ ഒതുക്കിവെക്കുകയാണെന്ന് മനസ്സിലായെങ്കിലും ഈ അറ്റകൈ ചെയ്യുമെന്ന് സീമ കരുതിയില്ല. ‘ഗ്രാമത്തിന്റെ തലത്തിലെങ്കിലും എന്തെങ്കിലും സഹായം ഞങ്ങൾക്ക് കിട്ടുമായിരുന്നില്ലേ?”, അവർ ചോദിക്കുന്നു.
ഗുണമേന്മയും സുലഭവുമായ കൌൺസലിംഗും തെറാപ്പി സേവനങ്ങൾ ഉറപ്പുവരുത്തുക, അതാവശ്യമുള്ളവരെ പാർപ്പിക്കാനുള്ള വീടുകളും അഭയകേന്ദ്രങ്ങളും ഒരുക്കുക, അവ ആവശ്യാനുസരണം പ്രാപ്യമാക്കുക എന്നതൊക്കെയായിരുന്നു 2017-ലെ ദേശീയ മാനസികപരിപാലന ആക്ടുകൊണ്ട് ഉദ്ദേശിച്ചിരുന്നത്
1996-ൽ സാമൂഹികാടിസ്ഥാനത്തിൽ നടപ്പിൽവരുത്തിയ ജില്ലാ മാനസികാരോഗ്യ പദ്ധതി (ഡിഎംഎച്ച്പി) പ്രകാരം, ഓരോ ജില്ലയിലും നിർബന്ധമായും ഒരു സൈക്യാട്രിസ്റ്റും ക്ലിനിക്കൽ സൈക്കോളജിസ്റ്റും, സൈക്ക്യാട്രിക്ക് നഴ്സും സൈക്ക്യാട്രിക്ക് സാമൂഹ്യപ്രവർത്തകനും/സാമൂഹ്യപ്രവർത്തകയും ഉണ്ടായിരിക്കേണ്ടതായിരുന്നു. മാത്രമല്ല, താലൂക്കടിസ്ഥാനത്തിലുള്ള സാമൂഹികാരോഗ്യകേന്ദ്രത്തിൽ മുഴുവൻ സമയ ക്ലിനിക്കൽ സൈക്കോളജിസ്റ്റും സൈക്ക്യാട്രിക്ക് സാമൂഹികപ്രവർത്തകനും ഉണ്ടായിരിക്കണം.
എന്നാൽ യവത്മാലിൽ, പ്രാഥമികാരോഗ്യകേന്ദ്രത്തിലെ (പി.എച്ച്.സി.) എം.ബി.ബി.എസ് ഡോക്ടർതന്നെയാണ് ആളുകളുടെ മാനസികാരോഗ്യകാര്യങ്ങളും പരിശോധിക്കുന്നത്. പി.എച്ച്.സി.യിൽ യോഗ്യതയുള്ള സ്റ്റാഫില്ലെന്ന് യവത്മാലിലെ ഡി.എം.എച്ച്.പി. കോർഡിനേറ്ററായ ഡോ. വിനോദ് ജാദവ് തുറന്ന് സമ്മതിക്കുന്നു. “എം.ബി.ബി.എസ് ഡോക്ടർക്ക് കൈകാര്യം ചെയ്യാൻ പറ്റാത്ത കേസുകൾ മാത്രമേ ജില്ലാ ആശുപത്രിയിലേക്ക് വിടാറുള്ളു” എന്ന് അദ്ദേഹം സൂചിപ്പിക്കുന്നു.
ഗ്രാമത്തിൽനിന്ന് 60 കിലോമീറ്റർ അകലെ ജില്ലാ തലസ്ഥാനത്ത് കൌൺസലിംഗ് സേവനം ഉണ്ടെന്നറിഞ്ഞിരുന്നെങ്കിൽത്തന്നെ, ഒരു ഭാഗത്തേക്ക് മാത്രം ഒരു മണിക്കൂർ ബസ്സ് യാത്ര സീമയ്ക്ക് നടത്തേണ്ടിവരുമായിരുന്നു. അതിനുള്ള ചിലവ് വേറെയും.
“ഒരു
മണിക്കൂർ ദൂരം ബസ് യാത്ര ചെയ്താൽ സഹായം കിട്ടുമെന്നറിഞ്ഞാൽപ്പോലും, ആളുകളെ അത് നിരുത്സാഹപ്പെടുത്തുകയാവും
ചെയ്യുക. കാരണം, ഇടയ്ക്കിടയ്ക്ക് അവിടെ പോയി വരാനുള്ള ബുദ്ധിമുട്ടും ചിലവുംതന്നെ കാരണം
, കാപ്സെ പറയുന്നു. തങ്ങൾക്ക് സഹായമാവശ്യമുണ്ടെന്ന് ആളുകൾ സമ്മതിക്കുകയാണ് പ്രാഥമികമായ
വെല്ലുവിളി. അതിന് പുറമേയാണ് ഈ പ്രശ്നവും.
മാനസികാരോഗ്യപ്രശ്നമുള്ള ആളുകളെ തിരിച്ചറിയുന്നതിനായി, വർഷംതോറും, യവത്മാലിലെ 16 താലൂക്കുകളിലോരോന്നിലും ഡിഎംഎച്ച്പി. ക്യാമ്പ് സംഘടിപ്പിക്കാറുണ്ടെന്ന് ജാദവ് പറയുന്നു. “ആളുകളോറ്റ് ക്യാമ്പുകളിലേക്ക് വരാൻ പറയുന്നതിലും നല്ലത് അവരുടെയടുത്തേക്ക് പോവുന്നതാണ്. എന്നാൽ ഞങ്ങൾക്ക് അതിനാവശ്യമായ ഫണ്ടോ വാഹനങ്ങളോ ഇല്ല. എന്നാലും ഞങ്ങളുടെ കഴിവിന്റെ പരമാവധി ഞങ്ങൾ ശ്രമിക്കാറുണ്ട്”, അദ്ദേഹം പറയുന്നു.
സംസ്ഥാനത്തിന്റെ ഡിഎംഎച്ച്പി.ക്കായി ഇരുസർക്കാരുകളും മൂന്ന് വർഷത്തിനുള്ളിൽ ചിലവഴിച്ചത് ഏകദെശം 158 കോടിയാണ്. മഹാരാഷ്ട്ര സർക്കാരാകട്ടെ, ബഡ്ജറ്റിന്റെ 5.5 ശതമാനം മാത്രമാണ് – 8.5 കോടി – ചിലവഴിച്ചത്.
മഹാരാഷ്ട്രയുടെ ഡി.എം.എച്ച്.പി.യുടെ ചുരുങ്ങിച്ചുരുങ്ങിവരുന്ന ബഡ്ജറ്റിന്റെ തോത് കണക്കാക്കിയാൽ, വിജയ്മാരും സീമമാരും ഇത്തരം ക്യാമ്പുകളിലേക്ക് വരാനുള്ള സാധ്യത തുലോം വിരളമാണ്.
മഹാവ്യാധിമൂലം, ഏകാന്തതയും, സാമ്പത്തികദുരിതങ്ങളും മാനസികപ്രശ്നങ്ങളും ഏറെ വർദ്ധിച്ചിട്ടും, കഴിഞ്ഞ കുറേ വർഷങ്ങളായി ക്യാമ്പുകളുടെ എണ്ണം കുറഞ്ഞുവരികയാണ്. മാനസികാരോഗ്യത്തിന് പിന്തുണ ആവശ്യമുള്ളവരുടെ എണ്ണം തുടർച്ചയായി ഉയരുന്നതാണ് ഭീതി പടർത്തുന്ന കാര്യം.
“രോഗികൾ ഇടയ്ക്കിടയ്ക്ക് വരേണ്ടിവരികയും എന്നാൽ ക്യാമ്പുകൾ വർഷത്തിൽ ഒരിക്കൽമാത്രം നടക്കുകയും ചെയ്യുന്നതിനാൽ, ഇത്തരം ക്യാമ്പുകളുടെ ഗുണഭോക്താക്കൾ വളരെ ചെറിയൊരു ശതമാനം മാത്രമാണ്” എന്ന്, യവത്മാൽ ആസ്ഥാനമാക്കിയ സൈക്ക്യാട്രിസ്റ്റ് ഡോ. പ്രശാന്ത് ചക്കർവാർ പറയുന്നു. “ഓരോ ആത്മഹത്യയും ഈ സംവിധാനത്തിന്റെ പരാജയത്തെയാണ് കാണിക്കുന്നത്. ആളുകൾ പെട്ടെന്നൊരു ദിവസം അവിടേക്കെത്തുകയല്ല ചെയ്യുന്നത്. വിവിധ പ്രതികൂല അവസ്ഥകളാൽ നിർമ്മിക്കപ്പെടുന്ന ഒരു പ്രക്രിയയാണത്”, അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
കർഷകരുടെ ജീവിതത്തിലാകട്ടെ, അത്തരം പ്രതികൂലാവസ്ഥകൾ വർദ്ധിക്കുകയുമാണ്.
അച്ഛൻ ഘൻശ്യാം മരിച്ച് അഞ്ചുമാസം കഴിഞ്ഞപ്പോൾ, വിജയ് മരൊട്ടർ തന്റെ കൃഷിയിടത്തിൽ മുട്ടറ്റം വെള്ളത്തിൽ നിൽക്കുകയായിരുന്നു. 2022 സെപ്റ്റംബറിലെ അമിതമായ മഴ പരുത്തിവിളയുടെ നല്ലൊരു ഭാഗത്തെ മുഴുവൻ ഇല്ലാതാക്കിയിരുന്നു. വഴികാട്ടിത്തരാനോ നയിക്കാനോ അച്ഛനമ്മമാരില്ലാത്ത, തന്റെ ജീവിതത്തിലെ ആദ്യത്തെ വിളവെടുപ്പ് സീസണായിരുന്നു അയാൾക്കത്. അയാൾ പൂർണ്ണമായും ഒറ്റയ്ക്കായിരുന്നു.
കൃഷിയിടം വെള്ളത്തിൽ മുങ്ങിയത് ആദ്യമായി കണ്ടപ്പോൾ വിളവ് സംരക്ഷിക്കാൻ അയാൾ ചാടിയിറങ്ങിയില്ല. ആ ശൂന്യതയിലേക്ക് വെറുതെ നോക്കി അയാൾ നിന്നു. തന്റെ വെണ്മയേറിയ പരുത്തിത്തോട്ടം പാഴായിപ്പോയത് ഉൾക്കൊള്ളാൻ അയാൾ കുറച്ച് സമയമെടുത്തു.
“ഞാൻ ഈ കൃഷിയിൽ 1.25 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു. അത് ഏതാണ്ട് പൂർണ്ണമായും നഷ്ടമായി. എന്നാലും എനിക്ക് നിവർന്ന് നിന്നേ മതിയാവൂ. തകർന്നുപോയാൽ രക്ഷയില്ല”, വിജയ് പറയുന്നു.
താക്കൂര് ഫാമിലി ഫൗണ്ടേഷൻ നല്കുന്ന സ്വതന്ത്ര ജേര്ണലിസം ഗ്രാന്റിന്റെ സഹായത്താൽ പാര്ത്ഥ് എം. എന്. പൊതുജനാരോഗ്യത്തെക്കുറിച്ചും പൗര സ്വാതന്ത്ര്യത്തെക്കുറിച്ചും റിപ്പോര്ട്ട് ചെയ്യുന്നു. ഈ റിപ്പോര്ട്ടിന്റെ ഉള്ളടക്കത്തിൽ താക്കൂർ ഫാമിലി ഫൗണ്ടേഷന് യാതൊരു തരത്തിലുമുള്ള എഡിറ്റോറിയൽ അധികാരവും ചെലുത്തിയിട്ടില്ല.
നിങ്ങൾ ആത്മഹത്യാ പ്രവണതയുള്ള ആളാണെങ്കിൽ അല്ലെങ്കിൽ വിഷാദം അനുഭവിക്കുന്ന ആരെയെങ്കിലും നിങ്ങൾക്കറിയാമെങ്കിൽ കിരണിലേക്ക് ദേശീയ ഹെൽപ്ലൈൻ നമ്പരായ 1800-599-0019- ൽ (24/7 ടോൾ ഫ്രീ ) വിളിക്കുക , അല്ലെങ്കിൽ നിങ്ങളുടെ സമീപത്തുള്ള ഈ ഹെൽപ്ലൈനുകളിൽ എതിലെങ്കിലും വിളിക്കുക . മാനസികാരോഗ്യ വിദഗ്ദ്ധരെക്കുറിച്ചും സേവനങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾക്കായി ദയവ് ചെയ്ത് എസ്.പി.ഐ.എഫിന്റെ മാനസികാരോഗ്യ ഡയറക്ടറി സന്ദർശിക്കുക .
പരിഭാഷ: രാജീവ് ചേലനാട്ട്