നന്നായി എണ്ണതേച്ച് ചീകിവെച്ച തലമുടി. മുഖത്ത് നിറയെ ചുളിവുകൾ. കാലിൽ ഒരു ഹവായ് ചെരുപ്പും കണങ്കാലിന് മുകൾവരെ നിൽക്കുന്ന ഖാദി സാരിയും. ഒരു ദിവസത്തെ അദ്ധ്വാനത്തിന് തയ്യാറായിട്ടാണ് കാണപ്പെട്ടതെങ്കിലും പിനാത്ത് മലനിരകൾ പിന്നിട്ട് രുദ്രധാരി വെള്ളച്ചാട്ടത്തിലേക്ക് ഞങ്ങളെ കൊണ്ടുപോകാനായിരുന്നു അവർ വന്നത്. കുമയോൺ പ്രദേശത്തെ കോസി നദിയുടെ ഉത്ഭവസ്ഥലമാണ് രുദ്രധാരി.
ഉത്തരാഖണ്ഡിലെ ബാഗേശ്വർ, അൽമോര ജില്ലകളുടെ അതിർത്തിയിലുള്ള കൌസാനി ഗ്രാമത്തിൽ വർഷാവർഷം മാർച്ച് ഏപ്രിൽ മാസങ്ങളിൽ നടക്കുന്ന സമൂഹാഘോഷങ്ങളിൽ പങ്കെടുക്കാനാണ് ഞങ്ങൾ അവിടെയെത്തിയത്. ഏകദേശം 2,400 ആളുകൾ താമസിക്കുന്ന ഗ്രാമമാണ് കൌസാനി. ആ ആഘോഷവേളയിൽ പ്രഭാഷണം നടത്താൻ വന്നതായിരുന്നു ബാസന്തി ബെഹൻ എന്ന് പരക്കെ അറിയപ്പെടുന്ന 60 വയസ്സുള്ള ബാസന്തി സാമന്ത്. ഞങ്ങളുടെ സംഘത്തെ നയിക്കാൻ വെറുതെ തിരഞ്ഞെടുത്തതായിരുന്നില്ല അവരെ.
കൌസാനിയിലും ചുറ്റുവട്ടത്തുമുള്ള 15-20 സ്ത്രീകൾ വീതം അടങ്ങുന്ന 2000 സംഘങ്ങളെ ഉൾക്കൊള്ളിച്ച്, കോസി നദിയെ രക്ഷിക്കാനുള്ള ഒരു പ്രസ്ഥാനത്തിന് കുറച്ച് വർഷങ്ങൾക്കുമുമ്പ് അവർ നേതൃത്വം കൊടുത്തിരുന്നു. 1992-ൽ ഓരോ സെക്കൻഡിലും 800 ലിറ്റർ ജലം ഒഴുകിയിരുന്ന കോസി നദിയിലെ വെള്ളത്തിന്റെ ഒഴുക്ക് 2002-ഒടെ സെക്കൻഡിൽ 80 ലിറ്ററായി ചുരുങ്ങിയിരുന്നു. അതിൽപ്പിന്നെ സാമന്തും കൌസാനിയിലെ സ്തീകളും ആ നദിയെ സംരക്ഷിക്കാനുള്ള തീവ്രശ്രമം ആരംഭിച്ചു.
2002 മുതൽ, നിലവിലുള്ള മരങ്ങൾ വെട്ടുന്നത് നിർത്താനും, ബാഞ്ച് ഓക്കുപോലുള്ള പരന്ന ഇലകളുള്ള മരങ്ങൾ വെച്ചുപിടിപ്പിക്കാനും സാമന്ത് സ്ത്രീകളെ പ്രേരിപ്പിച്ചു. വെള്ളം സൂക്ഷിച്ച് വിനിയോഗിക്കുമെന്നും കാട്ടുതീ തടയുകയും അണയ്ക്കുകയും ചെയ്യുമെന്നും സ്ത്രീകൾ പ്രതിജ്ഞയെടുത്തു. പരിസ്ഥിതിയെ സംരക്ഷിക്കുന്ന ഒരു സ്ത്രീസാഹോദര്യത്തിലേക്കാണ് സാമന്ത് അവരെ നയിച്ചതെങ്കിലും, വർഷങ്ങൾ കഴിഞ്ഞപ്പോൾ ആ സാഹോദര്യം കൂടുതൽ ദൃഢമാവുകയും, പരസ്പരം ശക്തി സമാഹരിച്ച് സ്വന്തം വീടുകളിൽപ്പോലും പൊരുതാനും കഴിവുള്ള ഒരു പ്രസ്ഥാനമായി അത് മാറുകയും ചെയ്തു
പക്ഷേ ആദ്യം സാമന്തിന് പൊരുതാൻ സ്വന്തം യുദ്ധങ്ങളുണ്ടായിരുന്നു.
“പർവ്വതം പോലെ ദുർഘടവും കുത്തനെയുള്ളതുമായ ജീവിതമായിരുന്നു എന്റേത്” അവർ പറയുന്നു. 12 വയസ്സിൽ അഞ്ചാം ക്ലാസ്സ് പൂർത്തിയായതോടെ അവർ വിവാഹിതയായി. പിതോറഗഢ് ജില്ലയിലെ താർകോട്ട് ഗ്രാമത്തിലെ ഭർത്താവിന്റെ വീട്ടിലേക്ക് അവർ താമസം മാറ്റി. പക്ഷേ, അവർക്ക് 15 വയസ്സായപ്പോഴേക്കും സ്കൂൾ അദ്ധ്യാപകനായ ഭർത്താവ് മരിച്ചു. “ഞാൻ അയാളെ തിന്നുതീർത്തു’ എന്നാണ് ഭർതൃമാതാവ് പറഞ്ഞത്” അവർ ഓർത്തെടുത്തു.





