ഘർ-വാപ്‌സിക്ക് വേണ്ടിയുള്ള അപേക്ഷ
അല്ലയോ മൗലിക ദേശീയവാദി !
ദയവായി എനിക്ക് വീട്ടിലേയ്ക്കുള്ള വഴിയൊരുക്കുക !
നിങ്ങൾ അതിനെ എന്ത് പേരിട്ട് വിളിച്ചാലും-വീടെന്നോ ഉത്പത്തിയെന്നോ
മൂലമതം, മൂലരാഷ്ട്രം,
മൂലസംസ്കാരം, മൂലസ്രോതസ്സ്, മൂലബിന്ദു...
വേരുകളിലേയ്ക്ക് മടങ്ങുക ഞങ്ങളുടെ അവകാശമാണ്
അത് ഉറപ്പാക്കുക നിങ്ങളുടെ കടമയും
അല്ലയോ വിഷ്ണു !അല്ലയോ ബ്രഹ്‌മാവേ !
തിളക്കമാർന്ന ഈ ജ്യോതിർലിംഗത്തിന്റെ ഉല്പത്തിയും ഒടുക്കവും
നിങ്ങൾ തേടിക്കണ്ടെത്തുക
എനിക്കും എന്റെ വീട്ടിലേയ്ക് വഴിയൊരുക്കുക
അല്ലയോ ശുദ്ധ ദേശീയവാദീ !
'വസുധൈവ കുടുംബകം' എന്ന് ഉദ്‌ഘോഷിക്കവേ
റോഹിൻഗ്യകളെ മ്യാന്മറിലേയ്ക് തുരത്തുന്ന പോലെ
ബംഗ്ലാദേശികളെ ബംഗ്ലാദേശിലേയ്ക്കും
മുസ്ലീങ്ങളെ പാകിസ്ഥാനിലേക്കും നാടുകടത്തുന്നത് പോലെ
അൾജീരിയക്കാർ ഫ്രാൻസ് ഉപേക്ഷിക്കുന്നത് പോലെ
റോമകളെ ജർമനിയിൽ നിന്ന് തിരികെ സ്വദേശത്തേയ്ക്കയക്കുന്നത് പോലെ
വെള്ളക്കാർ അമേരിക്കയിൽ നിന്ന് യൂറോപ്പിലേക്ക് മടങ്ങും പോലെ
മൗറീഷ്യസിൽ നിന്നും സുരിനാമിൽ നിന്നും ഹിന്ദുക്കൾ
പുണ്യദേശത്തേയ്ക്ക് തിരികെയെത്തുന്നത് പോലെ
ആദിമ മാതാവിനെ തേടി ഞങ്ങൾ
ആഫ്രിക്കയോളം സഞ്ചരിച്ചെത്തും പോലെ
മുംബൈയിൽ നിന്നും അഹമ്മദാബാദിൽ നിന്നും
വീടണയുന്ന 'ഭയ്യകളെ' പോലെ
ഡൽഹി വിടുന്ന ഗുജറാത്തികളെ പോലെ
കാടുകളിലേക്ക് തിരികെ ചെല്ലുന്ന ആദിവാസികളെ പോലെ (ക്ഷമിക്കുക!
കാടുകൾ സർക്കാരിന് ആവശ്യമുണ്ടെന്ന് തോന്നുന്നു)
ദയവ് ചെയ്ത് എനിക്ക് എന്റെ വീട് മടക്കി നൽകുക.
ഞാൻ മാത്രമെന്തിന്,
നിങ്ങളും എനിക്കൊപ്പം ചേരുക, നാം എല്ലാവരും പോകേണ്ടതുണ്ട്
പിറകോട്ട്..പിറകോട്ട് സഞ്ചരിക്കേണ്ടതുണ്ട്
സ്വന്തം വീട് തേടിയുള്ള ഈ പ്രയാണത്തിൽ
നാലു കാലിൽ നടന്നും,
മരങ്ങൾ കയറിയും, ചെളിയിൽ പൂണ്ടുകിടന്നും
ഇലകളിൽ മുങ്ങിയമർന്നും
പുഴുക്കളെ പോൽ സ്വയം ഇണചേർന്നും
മീനുകളെ പോൽ ചെകിള കൊണ്ട് ശ്വസിച്ചും
മൗലികതയുടെ ഈ അപാരസാഗരത്തിൽ
ഏകകോശ പ്രാണികളായി നമുക്ക് നിലകൊള്ളാം
ബോധനിലയുടെ ആദിമസ്ഥായിയിൽ
ഒഴുകാം, അലയാം
ദൈവമെന്ന പരമാനന്ദ ലഹരിയിൽ
ശരീരമുപേക്ഷിച്ച് ഒന്നായി മാറാം
അതിഭൗതിക ഡി.എൻ.എ തേടിയുള്ള ഈ യാത്ര
ഉത്ഭവം തേടി, പ്രാചീന ദേശം തേടി
ഈ മഹാപ്രയാണം
ഈ ആത്മീയ ബൃഹദ് പരീക്ഷണം
മതത്തിൻ കൊടിയടയാളങ്ങൾ,
വിപണിയിൻ പെരുമ്പറ മുഴക്കങ്ങൾ
ഘോഷങ്ങൾ, കോലാഹലങ്ങൾ
നമുക്ക് ആ പഴയ തമോഗർത്തത്തിലേയ്ക്ക് മടങ്ങാം
മനുഷ്യകുലം വിസ്ഫോടനത്തോടെ ഒടുക്കത്തിലെത്തി
ഉത്പത്തിയിലേയ്ക്ക് മടങ്ങുന്നതിന് കാതോർക്കാം
മൗലികമായ ആത്മഹത്യയിലേക്ക്
സംഘടിതമായി മുന്നേറാം
അല്ലയോ അതിദേശീയവാദീ !



