“കടലിലെ രാജാവ് തിമിംഗലാണെങ്കിലും ഞമ്മള്, മീൻ പണിക്കാരടെ രാജാവ് മത്തിയാണ്”
കേരളത്തിലെ വടകര പട്ടണത്തിലെ ചോമ്പാല (ചോമ്പാൽ എന്നും വിളിക്കുന്നു) ഫിഷറി ഹാർബറിലെ ചുമട്ടുതൊഴിലാളിയാണ് ബാബു (യഥാർത്ഥ പേരല്ല). കുറച്ച് പതിറ്റാണ്ടുകളായി, മത്തി കയറ്റുകയും ഇറക്കുകയും ചെയ്യുന്ന ജോലിയാണ് പ്രധാനമായും ചെയ്യുന്നത്.
ബാബു രാവിലെ 7 മണിക്ക് ഹാർബറിലെത്തി ജോലിക്കുവേണ്ടി മാറ്റിവെച്ച വസ്ത്രത്തിലേക്ക് പ്രവേശിക്കും. ഒരു നീല മുണ്ടും, ടീഷർട്ടും ചപ്പലും. എന്നിട്ട്, കടലിൽ കിടക്കുന്ന ബോട്ടിലേക്ക് മുട്ടറ്റം ചളിവെള്ളത്തിലൂടെ നടക്കും ഈ 49-കാരൻ. “വെള്ളത്തിന് ഒരു വൃത്തികെട്ട മണമായതുകൊണ്ട് ഞങ്ങള് ചൊമട്ടുകാര് വേറെ ചെരിപ്പും തുണികളുമാണ് ഉപയോഗിക്കാറ്“, അദ്ദേഹം പറയുന്നു. രാത്രി ഹാർബർ നിശ്ശബ്ദമാകാൻ തുടങ്ങുമ്പോഴേ അദ്ദേഹം ഹാർബറിൽനിന്ന് മടങ്ങാറുള്ളു.
ഡിസംബറിലെ തണുപ്പുള്ള ഒരു ദിവസം, ജോലിക്ക് വന്നപ്പോഴാണ് ബാബുവിനോട് ഈ റിപ്പോർട്ടർ സംസാരിച്ചത്. ഹാർബറിൽ തിരക്ക് തുടങ്ങിയിരുന്നു. മുളംകൊട്ടകളിൽനിന്ന് പറ്റിയാൽ കുറച്ച് മത്സ്യം തട്ടിയെടുക്കാമെന്ന പ്രതീക്ഷയിൽ, നീണ്ട കഴുത്തുള്ള കൊറ്റികൾ അവിടവിടെയായി തത്തിക്കളിക്കുന്നുണ്ടായിരുന്നു. മീനുകൾ നിറയെ കുടുങ്ങിയ വല നിലത്ത് കിടക്കുന്നുണ്ടായിരുന്നു വിലപേശുന്ന ആളുകളുടെ ബഹളം ഹാർബറിൽ നിറയാൻ തുടങ്ങി.
എല്ലാ വലിപ്പത്തിലുമുള്ള ബോട്ടുകൾ തിരക്കുപിടിച്ച ഹാർബറിലേക്ക് വരികയും പോവുകയും ചെയ്യുന്നുണ്ടായിരുന്നു. വാങ്ങുന്നവരും, വിൽക്കുന്നവരും ഏജന്റുമാരും ബാബുവിനെപ്പോലെ ബോട്ടുകളിൽനിന്ന് മീൻ ഇറക്കുകയും ടെമ്പോകളിലേക്ക് കയറ്റുന്നവരുമായ ചുമട്ടുകാരും ഒക്കെയായി 200-ഓളം ആളുകൾ ഹാർബറിൽ ജോലി ചെയ്യുന്നുണ്ടെന്ന് അദ്ദേഹം കണക്കുകൂട്ടി.
ദിവസവും രാവിലെ ഹാർബറിലെത്തിയാൽ അദ്ദേഹം ആദ്യം ചെയ്യുന്നത്, തന്റെ സാമഗ്രികളൊക്കെ ഒരു വലിയ ബദാം മരത്തിന്റെ തണലിൽ വെക്കുകയാണ്. ഒരു പ്ലാസ്റ്റിക്ക് ബക്കറ്റ്, വെള്ളത്തിന്റെ കുപ്പി, ചെരിപ്പ്, തെരുവ തുടങ്ങിയ സാധനങ്ങൾ. മത്സ്യം തലയിൽ ചുമന്ന് കൊണ്ടുപോകാനുള്ള സൌകര്യത്തിന് കൊട്ടയ്ക്കും തലയ്ക്കുമിടയിൽ വെക്കുന്ന, പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ തുണികൊണ്ടുള്ള കുഷ്യനാണ് തെരുവ.
നാലുപേർ ഓടിക്കുന്ന ഒരു യന്ത്രബോട്ടിൽനിന്നാണ് ഇന്ന് ബാബു മത്സ്യം ശേഖരിക്കുന്നത്. ഹാർബറിലെ ചെറിയ ബോട്ടുകളിലൊന്നാണ് അത്. ട്രോളറുകളായി ഓടാത്ത ബോട്ടുകളിൽ മാത്രമേ അദ്ദേഹം ജോലിചെയ്യാറുള്ളു. കാരണം, ട്രോളറുകൾ അവരുടെതന്നെ ചുമട്ടുകാരെ വാടകയ്ക്കെടുത്തിട്ടുണ്ടാവും. “ഈ മീൻപിടിത്തക്കാർ വലിയ ബോട്ടുകളിൽ പോയി ഒരാഴ്ചയും അതിലേറെയും കടലിൽ തങ്ങും. അവർക്ക് ഹാർബറിലേക്ക് പ്രവേശനമില്ല. അതിനാൽ അവർ വളരെ ദൂരെയായിരിക്കും നിർത്തുക. മീൻപിടിത്തക്കാർ ചെറിയ ബോട്ടുകളിൽ പോയി അതിൽനിന്ന് മീൻ എടുത്തുകൊണ്ടുവരും”, ബാബു പറയുന്നു.
ബാബു വലയിൽനിന്ന് മത്തി തന്റെ കൊട്ടയിലേക്ക് ഇടുന്നു. കൊട്ടയിലെ ചെറിയ ദ്വാരങ്ങളിലൂടെ വെള്ളം മുഴുവൻ വാർന്നുപോവും.. ഞങ്ങൾ ഹാർബറിലേക്ക് മടങ്ങുകയായിരുന്നു. “ഈ മാസം (ഡിസംബർ 2022) ഞങ്ങൾക്ക് ധാരാളം മത്തി കിട്ടി”, അദ്ദേഹം പറയുന്നു. ഒരു കൊട്ട മത്സ്യം വിറ്റാൽ 40 രൂപ കിട്ടും ബാബുവിന്. ബോട്ടുടമസ്ഥരോ, നാട്ടിലെ ചന്തകളിൽ മത്സ്യം വിൽക്കുന്ന ഏജന്റുമാരോ ആണ് ബാബുവിന് പണം കൊടുക്കുക.
“ഒരു ദിവസം എത്ര കൊട്ട ഞങ്ങൾ ചുമക്കുമെന്ന് പറയാനാവില്ല. അത് മത്സ്യത്തിന്റെ ലഭ്യതയനുസരിച്ചിരിക്കും”, ബാബു പറയുന്നു. ചില ദിവസങ്ങളിൽ 2,000 രൂപവരെ കിട്ടാറുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. “ധാരാളം മത്തി കിട്ടിയാലേ അത്രയൊക്കെ പണം കിട്ടൂ”.
*****
കൌമാരകാലത്തുതന്നെ ബാബു മത്സ്യവ്യവസായത്തിൽ ജോലി ചെയ്യാൻ തുടങ്ങി. ആദ്യമൊക്കെ മത്സ്യബന്ധന ജോലി ചെയ്തിരുന്ന ബാബു ക്രമേണ, ഹാർബറിൽ മത്സ്യം കയറ്റിറക്കുന്ന ജോലി ചെയ്യാൻ തുടങ്ങി. മത്സ്യബന്ധനം കഴിഞ്ഞ് ബോട്ടുകൾ അറേബ്യൻ സമുദ്രത്തിൽനിന്ന് തിരിച്ചുവരുമ്പോഴാണ് ബാബുവിന്റെ ‘ചുമട്ടുപണി’ തുടങ്ങുക.
കഴിഞ്ഞ ഒരു ദശാബ്ദത്തിൽ, മത്തിയുടെ ലഭ്യതയിൽ ഒരു അനിശ്ചിതാവസ്ഥ സംഭവിക്കുന്നതായി ബാബു ശ്രദ്ധിച്ചിട്ടുണ്ട്.
“വളരെ കുറച്ച് മത്തിയാണ് കിട്ടുന്നതെങ്കിൽ ഞങ്ങൾ അത് ചുമട്ടുകാരുടെയിടയിൽ തുല്യമായി വീതിച്ചെടുക്കാൻ ശ്രമിക്കും. ബോട്ടുകൾ ഏകദേശം കാലിയായി തിരിച്ചുവരുമ്പോൾ, ഉള്ള ജോലി എല്ലാവരും പരസ്പരം പങ്കിട്ടെടുക്കും”.
അഞ്ചുപേരുള്ള കുടുംബത്തിലെ – അമ്മ, ഭാര്യ, രണ്ട് ആണ്മക്കൾ- ഒരേയൊരു വരുമാനക്കാരൻ എന്ന നിലയിൽ, മത്തിയുടെ ലഭ്യതയിലുണ്ടാവുന്ന കുറവും അനിശ്ചിതത്വവും ഹാർബറിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് ബാബു പറയുന്നു.
2021-ൽ കേരളത്തിലെ മത്തിയുടെ ലഭ്യത 3,295 ടണ്ണായിരുന്നു. 1995-നുശേഷമുള്ള ഏറ്റവും കുറവ് ലഭ്യതയായിരുന്നു അതെന്ന് കൊച്ചിയിലെ സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിട്യൂറ്റ് (സി.എം.എഫ്.ആർ.ഐ) പ്രസിദ്ധീകരിച്ച മറൈൻ ഫിഷ് ലാൻഡിംഗ്സ് ഇൻ ഇന്ത്യ 2021 പറയുന്നു. “കഴിഞ്ഞ പത്ത് വർഷത്തിൽ, മത്തിയുടെ ലഭ്യതയിൽ ഒരു കുറവ് വന്നതായി കണ്ടിരിക്കുന്നു. ഈ മത്സ്യങ്ങൾ കേരളത്തിന്റെ തീരപ്രദേശങ്ങളിൽനിന്ന് അകന്നുപോവുകയാണെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്”, സി.എം.എഫ്.ആർ.ഐ, കൊച്ചിയിലെ, പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ശാസ്ത്രജ്ഞൻ പറയുന്നു. കാലാവസ്ഥാ വ്യതിയാനം, മത്തിയുടെ ചാക്രികമായ വളർച്ച, എൽ നിനോ പ്രതിഭാസം, ജെല്ലി ഫിഷിന്റെ വർദ്ധിച്ചുവരുന്ന സാന്നിദ്ധ്യം എന്നിവ മത്തിയുടെ ലഭ്യതയെ പ്രതികൂലമായി ബാധിക്കുന്നുതായി അവർ കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തുള്ള സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുംവെച്ച് മത്തിയുടെ ലഭ്യത ഏറ്റവുമധികമുള്ളത് – 0.45 ലക്ഷം ടൺ - കേരളത്തിലാണെന്ന് ഹാൻഡ്ബുക്ക് ഓൺ ഫിഷറീസ് സ്റ്റാറ്റിസ്റ്റിക്സ് 2020 കണ്ടെത്തിയിട്ടുണ്ട്.
പ്രചാരമുള്ളതും പോഷകമൂല്യമുള്ളതും വിലകുറഞ്ഞതുമായ മത്സ്യമാണ് മത്തി എന്ന് ബാബു പറയുന്നു. പണ്ടൊക്കെ, ഇത് ഉണക്കിയിട്ടും ഭക്ഷിക്കുമായിരുന്നു. എന്നാൽ ഈയിടെയായി, ഈ മത്സ്യങ്ങളിലധികവും പോവുന്നത്, മംഗലാപുരത്തും അതിന്റെ ചുറ്റുവട്ടത്തുമുള്ള സംസ്കരണ ഫാക്ടറികളിലേക്കാണ് എന്ന് ബാബു പറഞ്ഞു. കോഴിത്തീറ്റയ്ക്കും മീനെണ്ണയുണ്ടാക്കാനുമാണ് ഇപ്പോൾ ഈ മത്സ്യം ഉപയോഗിക്കപ്പെടുന്നത്. “മറ്റ് മത്സ്യങ്ങളേക്കാൾ കൂടുതലുള്ളത് മത്തിതന്നെയാണ്, അതുകൊണ്ട് കൂടുതൽ കൊട്ടകൾ നിറയ്ക്കാൻ ഞങ്ങൾക്ക് കഴിയുന്നു”, ബാബു പറഞ്ഞു.
പരിഭാഷ: രാജീവ് ചേലനാട്ട്