കര്‍ഷകരും സുരക്ഷാസേനയും തമ്മിലുള്ള ബഹളത്തിനിടയില്‍ ഹരിയാന-ഡല്‍ഹി അതിര്‍ത്തിയിലെ സിംഘുവില്‍ വച്ച്, സര്‍ദാര്‍ സന്തോഖ് സിംഗിന് കണ്ണീര്‍വാതക ഷെല്ലിനാല് പരിക്കേററിട്ട് ഒരു മാസത്തിലധികമായി.
എന്നാല്‍ ആ 70-കാരന് പ്രതിഷേധത്തില്‍ പങ്കാളിയായി ഇപ്പോഴും സിംഘുവില്‍ തന്നെയുണ്ട്. “സമാധാനപരമായ അന്തരീക്ഷത്തില്‍ ഇരിക്കുമ്പോഴായിരുന്നു ഞങ്ങള്‍ വെടിയൊച്ച കേട്ടത്,” ഷെല്ലാക്രമണത്തില്‍ ഇടതുകണ്ണിനു താഴെ പരിക്കേറ്റ നവംബര്‍ 27-നെക്കുറിച്ച് അദ്ദേഹം പറഞ്ഞു.
17 കര്‍ഷകര്‍ അടങ്ങിയ സംഘം പഞ്ചാബിലെ തരന്താരന് ജില്ലയിലെ ഘാര്ക എന്ന ഗ്രാമത്തില്‍ നിന്നു പുറപ്പെട്ട് പിറ്റേന്ന് രാവിലെ ഡല്‍ഹി അതിര്‍ത്തിയില്‍ എത്തിച്ചേര്‍ന്നു. “ഞങ്ങള്‍ എത്തിയപ്പോള്‍ ഏകദേശം 50,000- 60,000 ആളുകള്‍ അവിടെ ഒത്തുകൂടിയിരുന്നു. ഞാനും പ്രസംഗം ശ്രവിച്ചുകൊണ്ട് അവരോടൊപ്പമിരുന്നു”, സന്തോഖ് സിംഗ് ഓര്‍മ്മിച്ചെടുത്തു.
രാവിലെ ഏകദേശം 11 മണി, പെട്ടെന്നൊരു കലഹം പൊട്ടിപ്പുറപ്പെട്ടു. കുറച്ചു സമയത്തിനകം ജലപീരങ്കികളും കണ്ണീര്‍വാതകങ്ങളും പ്രയോഗിച്ചു തുടങ്ങി. “എനിക്കു മുന്നിലിരുന്ന ഒരുപറ്റം യുവാക്കള്‍ ചാടിയെഴുന്നേറ്റ് എന്നെ കടന്നുപോയി. ഞാന്‍ എഴുന്നേറ്റ് ഉറച്ചുനിന്നു”, സന്തോഖ് സിംഗ് പറഞ്ഞു. “ശാന്തരായിരുന്ന ഞങ്ങളെ എന്തുകൊണ്ട് പ്രകോപിപ്പിച്ചുവെന്ന് സുരക്ഷാ സേനാംഗങ്ങളോടു ഞാന്‍ ഉച്ചത്തില്‍ ചോദിച്ചു. 'ആളുകളെ പിരിച്ചുവിടാന്‍ ഞങ്ങള്‍ക്കിതു ചെയ്തേ മതിയാകൂ' അവര്‍ ദേഷ്യത്തോടെ പ്രതികരിച്ചു. ആ സമയത്ത് ഒരു ഷെല്‍ വരുന്നതുകണ്ട് എനിക്കു മുമ്പിലുണ്ടായിരുന്ന കുട്ടി ഒഴിഞ്ഞുമാറുകയും എനിക്ക് പ്രഹരമേല്‍ക്കുകയും ചെയ്തു. പക്ഷെ ഞാന്‍ ഒട്ടും അനങ്ങിയില്ല.”
"ഒരുകൂട്ടം ആളുകള്‍ വന്നു ചുറ്റും കൂടുന്നിടംവരെ പരിക്കേറ്റുവെന്ന് എനിക്കു മനസ്സിലായതേയില്ല. കൂടുതല്‍ രക്തം വരുന്നുണ്ടെന്നും ആശുപത്രിയില്‍ എത്തിക്കാമെന്നും അവര്‍ എന്നോടു പറഞ്ഞു. പക്ഷേ ഞാനത് നിരസിച്ചുകൊണ്ട് ചിതറിപ്പോയവരെ തിരികെ വിളിച്ചു. ആരും ഓടിപ്പോകരുത്, ഞാന്‍ പറഞ്ഞു. മുന്നോട്ടു പോവുക. ഇത്രയും അകലെ നമ്മള് വന്നത് തിരികെപ്പോകാനല്ല. എന്തിനാണ് ഞങ്ങളെ ആക്രമിച്ചതെന്ന് സര്‍ക്കാരിന്റെ സേനയോട് എനിക്കു ചോദിക്കണമെന്നുണ്ടായിരുന്നു. ഒറ്റയ്ക്കു വന്ന് എന്നോടു യുദ്ധം ചെയ്യാന്‍ ഞാന്‍ അവരെ വെല്ലുവിളിച്ചു. അവരുടെ വെടിയുണ്ടകളെ ഞങ്ങള്‍ക്കു ഭയമില്ല”, പഞ്ചാബിലെ ചോളാ സാഹിബ് തഹ്സീലിലെ ഗ്രാമത്തില്‍ ഒരു ജീവിതകാലം നെല്ലും ഗോതമ്പും കൃഷി ചെയ്തു സമയം ചെലവഴിച്ച സന്തോഖ് സിംഗ് കൂട്ടിച്ചേര്‍ത്തു.
ഷെല്ലാക്രമണം
മൂലം സന്തോഖ് സിംഗിന്റെ മുറിവില്‍ എട്ട് തുന്നിക്കെട്ടുകളും ഇടതു കണ്ണില്‍ രക്തം കട്ടപിടിച്ച അവസ്ഥയുമുണ്ടായിരുന്നു. "എന്റെ
ഗ്രാമത്തില്‍ നിന്നുള്ള യുവാക്കള്‍ എന്നെ സമരസ്ഥലത്തിനടുത്തുള്ള ഒരാശുപത്രിയിലെത്തിച്ചെങ്കിലും
ആശുപത്രിയധികൃതര്‍ ഞങ്ങളെ അകത്തു പ്രവേശിപ്പിക്കാതെ വാതിലടച്ചു. ആകെ കുഴപ്പമായിരുന്നു. ഭാഗ്യവശാല്‍
പഞ്ചാബില്‍ നിന്നെത്തിയ ഒരു ആംബുലന്‍സ് അവിടെയുണ്ടായിരുന്നു. അവര്‍ പെട്ടെന്നു
ഞങ്ങള്ക്കടുത്തേക്കുവന്ന് മുറിവു തുന്നി മരുന്നുകളും തന്നു സഹായിച്ചു. കണ്ണീര് വാതക പ്രയോഗത്താല്‍ പരിക്കേറ്റിരുന്ന
മറ്റുള്ളവരെയും അവര്‍ ചികിത്സിച്ചു.”
ചുണ്ടുകളില്‍ പുഞ്ചിരിയോടെയും വാക്കുകളില്‍ അഭിമാനത്തോടെയുമാണ് സന്തോഖ് സിംഗ് ആ ദിനത്തെപ്പറ്റി പറയുന്നത്. "ക്യഷിയിടങ്ങളില്‍ വച്ചുണ്ടാകുന്ന മുറിവുകളോട് ഈ പരിക്കുകളെ തുലനം ചെയ്യാന്‍ സാധിക്കില്ല. ആഴത്തിലുള്ള മുറിവുകള്‍ വിളവെടുപ്പു സമയത്ത് സാധാരണമാണ്. ഞാനൊരു കര്‍ഷകനാണ്, രക്തം പൊടിയുന്നത് എനിക്ക് അപരിചിതമല്ല. അവരുടെ ഷെല്ലുകള്‍ ഞങ്ങളെ ഓടിക്കുമെന്നാണോ അവര്‍ കരുതുന്നത്?”
ആക്രമണം കഴിഞ്ഞിട്ട് ഒരു മാസത്തിലധികമായി. ഒന്നിനു പുറകെ ഒന്നായി സര്‍ക്കാരുമായി നടത്തുന്ന ചര്‍ച്ചകള്‍ പരാജയപ്പെടുമ്പോഴും നിശ്ചയദാര്‍ഢ്യമുള്ളവരായി സിംഗും മറ്റു സമരക്കാരും ഇപ്പോഴും അതിര്‍ത്തിയിലുണ്ട്.
താഴെപ്പറയുന്ന നിയമങ്ങള്‍ക്കെതിരെയാണ് കര്‍ഷകര്‍ സമരം ചെയ്യുന്നത്: വില ഉറപ്പാക്കല്‍, കാര്‍ഷിക സേവനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കര്‍ഷക (ശാക്തീകരണ, സംരക്ഷണ) കരാറിനെ സംബന്ധിച്ച 2020-ലെ നിയമം ; കാര്‍ഷികോത്പന്ന വ്യാപാരവും വാണിജ്യവും (പ്രോത്സാഹിപ്പിക്കുന്നതും സുഗമമാക്കുന്നതും) സംബന്ധിച്ച 2020-ലെ നിയമം ; അവശ്യ സാധന (ഭേദഗതി) നിയമം, 2020 . ഇൻഡ്യൻ ഭരണഘടനയുടെ 32-ാം വകുപ്പിന്റെ പ്രാധാന്യം ഇല്ലാതാക്കിക്കൊണ്ട് എല്ലാ പൗരന്മാർക്കും നിയമസഹായം തേടാനുള്ള അവകാശത്തെ ഈ നിയമങ്ങള്‍ ദുര്‍ബ്ബലപ്പെടുത്തുന്നതിനാല്‍ ഓരോ ഇൻഡ്യക്കാരനെയും ഇവ ബാധിക്കുന്നുവെന്ന വിമർശനവും നിലനില്‍ക്കുന്നുണ്ട്.
2020 ജൂൺ 5-നാണ് ഈ നിയമങ്ങള്‍ ഓർഡിനൻസുകളായി ആദ്യം ഇറക്കിയത്. പിന്നീട് ഇവ സെപ്റ്റംബർ 14-ന് പാർലമെന്റിൽ കാര്‍ഷിക ബില്ലുകളായി അവതരിപ്പിക്കുകയും അതേ മാസം ഇരുപതോടുകൂടി തിടുക്കപ്പെട്ടു നിയമങ്ങളാക്കുകയും ചെയ്തു. കര്‍ഷകരുടെയും കൃഷിയുടെയുംമേൽ വലിയ അധികാരം ലഭിക്കുന്ന വിധത്തില്‍ വൻകിട കോർപ്പറേറ്റുകൾക്ക് ഇടം നല്കുന്നതിനാല് കർഷകർ ഈ നിയമങ്ങളെ കാണുന്നത് തങ്ങളുടെ ഉപജീവനത്തെ തകര്‍ക്കുന്നവയായിട്ടാണ്. മിനിമം താങ്ങു വില (എം.എസ്.പി.), കാർഷികോത്പ്പന്ന വിപണന കമ്മിറ്റികൾ (എ.പി.എം.സി.കള്‍), സംസ്ഥാന സംഭരണം, എന്നിവയുള്‍പ്പെടെ കർഷകർക്കു താങ്ങാകാവുന്ന എല്ലാത്തിനേയും അവ ദുർബലപ്പെടുത്തുന്നു.
“ഞങ്ങളെ അവിടെ ദീര്ഘകാലമിരുത്തി സമരം നീട്ടിക്കൊണ്ടുപോയി മടുപ്പിച്ച് സ്വയം പിന്മാറാന് പ്രേരിപ്പിക്കാം എന്നതാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. പക്ഷേ അവരുടെ നിഗമനങ്ങള്‍ തെറ്റാണ്. തിരികെപ്പോകാനായി ഞങ്ങളിവിടെ വന്നിട്ടില്ല. നേരത്തെ പറഞ്ഞ കാര്യങ്ങള്‍ ഇപ്പോഴും ഞാന്‍ ആവര്‍ത്തിക്കുന്നു. ഇവിടിരിക്കാന്‍ ഞങ്ങള്‍ക്ക് ഒരു മടിയുമില്ല. നിറയെ റേഷന്‍ സാധനങ്ങളുമായി ഞങ്ങളുടെ കൈവശം ട്രാക്ടറുകളും ട്രോളികളുമുണ്ട്. സിഖ് സഹോദരങ്ങള്‍ ഞങ്ങള്‍ക്കാവശ്യമുള്ള എല്ലാം എത്തിക്കുന്നു. അവകാശങ്ങള്‍ നല്‍കുന്നതുവരെ ഞങ്ങള്‍ പിന്‍വാങ്ങില്ല. ഞങ്ങളുടെ സമരം ഈ നിയമങ്ങള്‍ പിന്‍വലിച്ചു കിട്ടുന്നതിനാണ്. അങ്ങനെ ചെയ്യാതിരിക്കുന്നത് ഞങ്ങളെയും വരാനിരിക്കുന്ന തലമുറയെയും നശിപ്പിക്കും. അവര്‍ക്കും അവരുടെ ഭാവിക്കുമായി ഞങ്ങള്‍ക്കിത് ചെയ്യേണ്ടതുണ്ട്. അവകാശങ്ങള്‍ നേടിയെടുത്തേ ഞങ്ങള്‍ മടങ്ങൂ, അതിനു മുമ്പേയൊരു മടക്കമില്ല."
പരിഭാഷ - അനിറ്റ് ജോസഫ്