മറ്റൊരു സുഹൃത്തില്‍ നിന്നും വിളിവന്ന ഉടനെ ശിവ്പൂജന്‍ പണ്ഡെ അത്യാവശ്യ സമയത്ത് ലഭിക്കുന്ന തത്കാല്‍ ട്രെയിന്‍ ടിക്കറ്റ് എടുക്കുകയും ഉത്തര്‍പ്രദേശിലെ മിര്‍സാപൂര്‍ സ്റ്റേഷനില്‍ നിന്നും ജൂണ്‍ 4-ന് ട്രെയിന്‍ കയറുകയും ചെയ്തു.
അടുത്ത ദിവസം അദ്ദേഹം മുംബൈയില്‍ എത്തി. വളരെ പെട്ടെന്ന് എത്തിയെങ്കിലും 63-കാരനായ ശിവ്പൂജന് തന്‍റെ ടാക്സി സംരക്ഷിക്കാന്‍ കഴിഞ്ഞില്ല.
മുംബൈ അന്താരാഷ്ട്ര വിമാനത്താവളം അത് ലേലം വിളിച്ചിരുന്നു. മഹാമാരിയെത്തുടര്‍ന്നുള്ള ലോക്ക്ഡൗണ്‍ മൂലം നഗരത്തിലെ വിമാനത്താവളത്തില്‍ കുറച്ചധികം മാസങ്ങളായി ഉപയോഗിക്കാതെ കിടന്നിരുന്ന 42 ക്യാബുകളില്‍ ഒരെണ്ണമായിരുന്നു അത്.
ശിവ്പൂജന് അദ്ദേഹത്തിന്‍റെ ജീവനോപാധി നഷ്ടപ്പെട്ടു. 1987 മുതല്‍ അദ്ദേഹം ടാക്സി ഓടിക്കുകയായിരുന്നു. പണം വായ്പയെടുത്ത് 2009-ലായിരുന്നു അദ്ദേഹം കറുപ്പും മഞ്ഞയും കലര്‍ന്ന ഒരു മാരുതി ഓംനി വാങ്ങിയത്.
“ഇങ്ങനെ ചെയ്തതുകൊണ്ട് എന്താണവര്‍ക്ക് കിട്ടിയത്?”, ഒരുദിവസം വൈകുന്നേരം സഹാര്‍ വിമാനത്താവളത്തിനടുത്തുള്ള ഫുട് പാത്തിൽ നില്‍ക്കുമ്പോള്‍ ദേഷ്യത്തോടെ അദ്ദേഹം ചോദിച്ചു. “ഈ ജോലി ചെയ്താണ് എന്‍റെ ജീവിതം മുഴുവന്‍ ഞാന്‍ ചിലവഴിച്ചത്. ഞങ്ങള്‍ക്കാകെയുള്ളത് കൂടി അവര്‍ എടുത്തു. ഈ സമയത്ത് ഞങ്ങളോട് ചെയ്യാന്‍ പറ്റുമായിരുന്ന ഏറ്റവും മോശം കാര്യം ഇതായിരുന്നു.”
സഞ്ജയ് മാലിയും നേരിട്ടത് ഏറ്റവും മോശമായ ഈയൊരു ശിക്ഷയായിരുന്നു. സഹാര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്നും അധികം ദൂരെയല്ലാതെ, വടക്കന്‍ മുംബൈയിലെ മരോല്‍ പ്രദേശത്തെ അന്നാവാഡി മേഖലയിലെ വലിയൊരു പാര്‍ക്കിംഗ് സ്ഥലത്ത് അദ്ദേഹത്തിന്‍റെ വാഗണ്‍-ആര്‍ ‘കൂള്‍ ക്യാബ്’ 2020 മാര്‍ച്ച് മുതല്‍ ഉപയോഗിക്കാതെ കിടക്കുകയായിരുന്നു.
2021 ജൂണ്‍ 29-ന് രാത്രിയില്‍ അദ്ദേഹത്തിന്‍റെ ക്യാബ് പാര്‍ക്കിംഗ് സ്ഥലത്തുനിന്നും മാറ്റി. അടുത്ത ദിവസം ഒരു സുഹൃത്ത് അദ്ദേഹത്തെ അക്കാര്യം അറിയിച്ചു. “എന്ത് സംഭവിച്ചുവെന്ന് എനിക്കറിയില്ല”, 42-കാരനായ സഞ്ജയ് പറഞ്ഞു.














