"ഈ സർക്കാർ കർഷകരെ ശ്രദ്ധിക്കുന്നില്ല. സർക്കാർ വലിയ കമ്പനികളുടെ പക്ഷത്താണ്. എ.പി.എം.സി.യും അവർക്കു നല്കിക്കൊണ്ടിരിക്കുന്നു. എന്തുകൊണ്ടു സർക്കാർ കർഷകരെ പിന്തുണയ്ക്കാതെ അവരെ പിന്തുണയ്ക്കുന്നു?”, വടക്കൻ കർണ്ണാടകയിലെ ബെളഗാവി ജില്ലയിലെ ബെളഗാവി താലൂക്കിൽ നിന്നുള്ള കർഷക തൊഴിലാളിയായ ശാന്താ കാംബ്ലെ ചോദിച്ചു.
നഗരത്തിന്‍റെ കേന്ദ്ര ഭാഗത്തുള്ള മജസ്റ്റിക് പ്രദേശത്ത്, ബെംഗളൂരു നഗരത്തിലെ റെയിൽവേ സ്റ്റേഷനടുത്ത് ഒരു റോഡ് ഡിവൈഡറിലിരുന്നുകൊണ്ട് ഉച്ചയ്ക്ക് അവർ ചുറ്റും ഉയര്‍ന്ന ശബ്ദം കേന്ദ്ര സർക്കാര ധിക്കാര (ഞങ്ങൾ കേന്ദ്ര സർക്കാരിനെ അപലപിക്കുന്നു) ശ്രദ്ധിക്കുകയായിരുന്നു.
50-കാരിയായ ശാന്ത കർഷകരുടെ റിപ്പബ്ലിക് ദിന പ്രതിഷേധ റാലിയിൽ പങ്കെടുക്കാൻ ജനുവരി 26-ന് ബെംഗളുരുവിൽ ബസിന് എത്തി. മൂന്നു കാർഷിക നിയമങ്ങൾക്കുമെതിരെ ഡൽഹിയിൽ സമരം ചെയ്തുകൊണ്ടിരിക്കുന്ന കർഷകരുടെ ട്രാക്ടർ പരേഡിനെ പിന്തുണയ്ക്കുന്നതിന്‍റെ ഭാഗമായി ഫ്രീഡം പാർക്കിലെ – രണ്ടു കിലോമീറ്റർ അകലെ – മീറ്റിംഗിൽ പങ്കെടുക്കാന്‍ അന്നു രാവിലെ കർണ്ണാടകയിലെല്ലായിടത്തു നിന്നുമുള്ള കർഷകരും കർഷക തൊഴിലാളികളും ബസിലും ട്രെയിനിലുമായി മജസ്റ്റികിൽ എത്തി.
ഉരുളക്കിഴങ്ങ്, പയറുവർഗ്ഗങ്ങൾ, നിലക്കടല എന്നീ വിളകളൊക്കെ കൃഷി ചെയ്യുക, കൃഷിയിടങ്ങളിലെ കളകൾ പറിക്കുക എന്നിങ്ങനെയുള്ള പണികളൊക്കെ പ്രതിദിനം 280 രൂപയ്ക്കു ശാന്ത നാട്ടിൽ ചെയ്യുന്നു. കാർഷിക ജോലിയില്ലാത്തപ്പോൾ അവർ എം.ജി.എൻ.ആർ.ഇ.ജി.എ. ജോലി ചെയ്യുന്നു. 28-ഉം 25-ഉം വയസ്സുള്ള അവരുടെ പുത്രന്മാർ എം.ജി.എൻ.ആർ.ഇ.ജി.എ.യുടെ കീഴിൽ ലഭ്യമായ നിർമ്മാണ പ്രവൃത്തികൾ ചെയ്യുന്നു.
"ഞങ്ങൾക്കു മതിയായ ഭക്ഷണമോ വെള്ളമോ [കോവിഡ്-19] ലോക്ക്ഡൗൺ കാലത്ത് ലഭിച്ചില്ല”, അവർ പറഞ്ഞു. “സർക്കാരിന് ഞങ്ങളുടെ കാര്യത്തിൽ കരുതലില്ല.”
"ഞങ്ങൾക്ക് എ.പി.എം.സി. വേണം. പുതിയ നിയമങ്ങൾ ഉപേക്ഷിക്കണം”, റെയിൽവേ സ്റ്റേഷന്‍റെ പാർക്കിംഗ് പ്രദേശത്ത് ഒരുകൂട്ടം കർഷകൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.
സർക്കാർ നടത്തിയിരുന്ന എ.പി.എം.സി. (കാർഷികോത്പന്ന വിപണന കമ്മിറ്റികൾ) 50-കാരനായ കൃഷ്ണമൂർത്തിക്കു പോയ വർഷം സഹായകരമായിരുന്നു. ക്രമരഹിതമായ മഴ മൂലം ബെല്ലാരി ജില്ലയിലെ, ബെല്ലാരി താലൂക്കിലെ, ബാണാപുര ഗ്രാമത്തിൽ നിന്നുള്ള ഈ കർഷകന് തന്‍റെ വിളകളുടെ ഒരു ഭാഗം കഴിഞ്ഞ വർഷം നഷ്ടപ്പെട്ടിരുന്നു. പരുത്തി, മെയ്സ് (ചോളം), പഞ്ഞപ്പുല്ല്, മല്ലി, തുവര എന്നിവയൊക്കെയായിരുന്നു അദ്ദേഹത്തിന്‍റെ വിളകള്‍. തന്‍റെ 50 ഏക്കർ കൃഷി സ്ഥലത്ത് ബാക്കി അവശേഷിച്ച വിളകളൊക്കെ അദ്ദേഹം എ.പി.എം.സി.യിൽ വിറ്റു. "കൃഷിക്കായി ധാരാളം പൈസ പോകുന്നു”, മൂർത്തി പറഞ്ഞു. "ഏക്കറിന് ഏകദേശം ഒരുലക്ഷം [രൂപ] വീതം ഞങ്ങൾക്കു ചിലവാകുന്നു, പക്ഷേ തിരിച്ചു കിട്ടുന്നത് ചിലവാക്കിയതിന്‍റെ പകുതി മാത്രം.”
താഴെപ്പറയുന്നവയാണ് ഇന്ത്യയിലെല്ലായിടത്തുമുള്ള കര്‍ഷകരെ ഒരുമിപ്പിച്ച മൂന്നു നിയമങ്ങള്‍: കാര്‍ഷികോത്പന്ന വ്യാപാരവും വാണിജ്യവും (പ്രോത്സാഹിപ്പിക്കുന്നതും സുഗമമാക്കുന്നതും) സംബന്ധിച്ച 2020-ലെ നിയമം ; വില ഉറപ്പാക്കല്‍, കാര്‍ഷിക സേവനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കര്‍ഷക (ശാക്തീകരണ, സംരക്ഷണ) കരാറിനെ സംബന്ധിച്ച 2020-ലെ നിയമം ; അവശ്യ സാധന (ഭേദഗതി) നിയമം, 2020 . 2020 ജൂൺ 5-നാണ് ഈ നിയമങ്ങള്‍ ഓർഡിനൻസുകളായി ആദ്യം ഇറക്കിയത്. പിന്നീട് ഇവ സെപ്റ്റംബർ 14-ന് പാർലമെന്‍റിൽ കാര്‍ഷിക ബില്ലുകളായി അവതരിപ്പിക്കുകയും അതേ മാസം ഇരുപതോടുകൂടി തിടുക്കപ്പെട്ടു നിയമങ്ങളാക്കുകയും ചെയ്തു.
കര്‍ഷകരുടെയും കൃഷിയുടെയുംമേൽ വലിയ അധികാരം ലഭിക്കുന്ന വിധത്തില്‍ വൻകിട കോർപ്പറേറ്റുകൾക്ക് ഇടം നല്‍കുന്നതിനാല്‍ കർഷകർ ഈ നിയമങ്ങളെ കാണുന്നത് തങ്ങളുടെ ഉപജീവനത്തെ തകര്‍ക്കുന്നവയായിട്ടാണ്. മിനിമം താങ്ങു വില (എം.എസ്.പി), കാർഷികോത്പ്പന്ന വിപണന കമ്മിറ്റികൾ (എ.പി.എം.സി.), സംസ്ഥാന സംഭരണം, എന്നിവയുള്‍പ്പെടെ കര്‍ഷകര്‍ക്കു താങ്ങാകാവുന്ന എല്ലാത്തിനെയും അവ ദുര്‍ബ്ബലപ്പെടുത്തുന്നു. ഇൻഡ്യൻ ഭരണഘടനയുടെ 32-ാം വകുപ്പിന്‍റെ പ്രാധാന്യം ഇല്ലാതാക്കിക്കൊണ്ട് എല്ലാ പൗരന്മാർക്കും നിയമസഹായം തേടാനുള്ള അവകാശത്തെ ഈ നിയമങ്ങള്‍ ദുര്‍ബ്ബലപ്പെടുത്തുന്നതിനാല്‍ ഓരോ ഇൻഡ്യക്കാരനെയും ഇവ ബാധിക്കുന്നുവെന്ന വിമർശനവും നിലനില്‍ക്കുന്നുണ്ട്.
‘ ഒപ്പോദില്ലാ! ഒപ്പോദില്ലാ!’ (ഞങ്ങൾ ഇത് സ്വീകരിക്കില്ല) ബെംഗളുരുവിൽ കർഷകർ ഒരുമിച്ചു വിളിച്ചു പറഞ്ഞു.
"ഈ മൂന്നു കടുത്ത കാർഷിക നിയമങ്ങൾ പെട്ടെന്നു തന്നെ പിൻവലിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു”, കർണ്ണാടക രാജ്യ രയിത സംഘ (കെ.ആർ.ആർ.എസ്.) ത്തിന്‍റെ സംസ്ഥാന സെക്രട്ടറിയായി പി. ഗോപാൽ പറഞ്ഞു. "ഈ സമരങ്ങളിൽ സംസ്ഥാനത്തെ ഏകദേശം 25-30 സംഘടനകൾ പങ്കെടുക്കുന്നു. കർണ്ണാടകയുടെ എല്ലാ ഭാഗത്തു നിന്നുമായി അമ്പതിനായിരത്തിലധികം കർഷകരും തൊഴിലാളികളും ഈ സമരങ്ങളിൽ പങ്കെടുക്കുന്നു. പഞ്ചാബിലെയും ഹരിയാനയിലെയും കർഷകർ മാത്രമാണ് സമരങ്ങളിൽ പങ്കെടുക്കുന്നതെന്ന കേന്ദ്ര സർക്കാരിന്‍റെ വാദം പൂർണ്ണമായും തെറ്റാണ്”, അദ്ദേഹം കൂട്ടിച്ചേർത്തു.
"സർക്കാർ കർഷകർക്കെതിരാണ്. ഇവിടെ കർണ്ണാടകയിൽപ്പോലും മുഖ്യ മന്ത്രി ബി. എസ്. യെദിയൂരപ്പ വളരെ വ്യക്തമായിത്തന്നെ കോർപ്പറേറ്റുകൾക്കൊപ്പമാണ്. വലിയ കമ്പനികൾക്കനുകൂലമായി അദ്ദേഹം ഭൂപരിഷ്കരണ നിയമം [2020-ൽ] ഭേദഗതി ചെയ്യുകയും ഏകപക്ഷീയമായി ഗോവധ നിരോധന ബിൽ അവതരിപ്പിക്കുകയും ചെയ്തു”, ഗോപാൽ പറഞ്ഞു.
ഹാവേരി ജില്ലയിലെ ഷിഗ്ഗാംവ താലൂക്കിൽ നിന്നുള്ള 36-കാരിയായ കർഷക എ. മമതയാണ് റെയിൽവേ സ്റ്റേഷനു പുറത്ത് ഒരുകൂട്ടം സ്ത്രീകളോടൊപ്പം നിൽക്കുന്നത്. തന്റെ 9 ഏക്കർ കൃഷിസ്ഥലത്ത് അവർ പരുത്തി, പഞ്ഞപ്പുല്ല്, നിലക്കടല എന്നിവയൊക്കെ കൃഷി ചെയ്യുന്നു. “ഞങ്ങൾക്ക് കോർപ്പറേറ്റ് മണ്ഡികള്‍ ആവശ്യമില്ല. അതിനു പകരം സർക്കാർ എ.പി.എം.സി.കളെ ശക്തിപ്പെടുത്തുകയും ഇടനിലക്കാരെ ഒഴിവാക്കുകയും വേണം. കർഷകരിൽ നിന്നും വിളകൾ നേരിട്ടു വാങ്ങുന്നതിനുള്ള കാര്യക്ഷമമായ സർക്കാർ സംവിധാനങ്ങള്‍ കൊണ്ടുവരണം”, അവർ പറഞ്ഞു.
“പുതിയ നിയമങ്ങൾ അദാനിക്കും അംബാനിക്കുo വേണ്ടിയാണ്”, അവർക്കു ചുറ്റുമുള്ള ആൾക്കൂട്ടം ഉരുവിട്ടു.
യാത്ര ചെയ്യുന്ന കർഷകർക്ക് റെയിൽവേ സ്റ്റേഷന്‍റെ പാർക്കിംഗ് പ്രദേശത്ത് ഒരു മൂലയ്ക്ക് പേപ്പർ പാത്രങ്ങളിൽ ചൂടു ഭക്ഷണം നല്കുന്നുണ്ടായിരുന്നു. അതിനായി ഭിന്നലിംഗ (ട്രാൻസ് ജെൻഡർ) വിഭാഗത്തിൽപ്പെട്ടവരുടെ സംസ്ഥാന വ്യാപക സംഘടനയായ കർണ്ണാടക മംഗളമുഖി ഫൗണ്ടേഷന്‍റെ (കെ.എം.എഫ്.) അംഗങ്ങൾ ആവി പറക്കുന്ന അരി പുലാവ് തയ്യാറാക്കിയിരുന്നു. "ഇതു ഞങ്ങളുടെ ധർമ്മമാണ്. കർഷകർ കൃഷി ചെയ്തുണ്ടാക്കിയ ഭക്ഷണം കഴിച്ചാണ് ഞങ്ങൾ വളർന്നത്. അവരുണ്ടാക്കിയ അരിയാണ് ഞങ്ങൾ കഴിക്കുന്നത്”, കെ.എം.എഫ്.ന്‍റെ ജനറൽ സെക്രട്ടറിയായ അരുന്ധതി ജി. ഹെഗ്ഡെ പറഞ്ഞു.
ചിക്കമഗളുരു ജില്ലയിലെ തരീകെരെ താലൂക്കിൽ സ്വന്തമായുള്ള അഞ്ചേക്കറിൽ കെ.എം.എഫ്. നെല്ല്, പഞ്ഞപ്പുല്ല്, നിലക്കടല എന്നിവയൊക്കെ കൃഷി ചെയ്യുന്നു. "ഞങ്ങളെല്ലാം കർഷക കുടുംബങ്ങളിൽ നിന്നുള്ളവരാണ്. അതുകൊണ്ട് ഈ സമരം എത്ര പ്രധാനപ്പെട്ടതാണെന്ന് ഞങ്ങൾക്കറിയാം. ഇവിടെ, ഈ സമരത്തിൽ ഞങ്ങൾ ഞങ്ങളുടെ ഭാഗം നിർവ്വഹിക്കുന്നു”, അരുന്ധതി പറഞ്ഞു.
പക്ഷേ ജനുവരി 26-ന് ഉച്ചകഴിഞ്ഞ് ഒരു മണിയോടുകൂടി മജസ്റ്റിക് പ്രദേശത്ത് പോലീസ് ബാരിക്കേഡുകൾ തീർക്കുകയും മീറ്റിംഗിനായി സമരക്കാർ ഫ്രീഡം പാർക്കിലേക്കു പോകുന്നതു തടയുകയും ചെയ്തു.
"സംസ്ഥാന സർക്കാർ ഈ ജനാധിപത്യ സമരങ്ങൾക്കെതിരാണ്. വിമതാഭിപ്രായങ്ങളെ നിയന്ത്രിക്കുന്നതിനായി സർക്കാർ പോലീസിനെ ഉപയോഗിക്കുന്നു”, സംസ്ഥാനത്തിന്‍റെ എല്ലാ ഭാഗത്തു നിന്നുമായി വിദ്യാർത്ഥികളും തൊഴിലാളികളും പോലും ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനായി നഗരത്തിലേക്കു വന്നു എന്നു കൂട്ടിച്ചേർത്തു കൊണ്ട് കെ.ആർ.ആർ.എസ്. നേതാവ് ഗോപാൽ പറഞ്ഞു.
ബെല്ലാരിയിൽ നിന്നുള്ള ഒരു കർഷകയായ ഗംഗാ ധൻവർകറെ കടുത്ത നടപടികൾ കുപിതയാക്കി. "വീടും, കുടുബവും, ഭൂമിയും വിട്ട് ഇവിടെ വന്ന് ഒരു കാരണവും കൂടാതെ സമരം ചെയ്യാൻ ഞങ്ങൾ വിഡ്ഢികളല്ല. ഡൽഹിയിലെ സമരങ്ങളിൽ 150-ൽ അധികം കർഷകർ മരിച്ചു. അവർ അവിടെ തുളച്ചു കയറുന്ന തണുപ്പത്ത്, തെരുവുകളിൽ, തങ്ങളുടെ കുട്ടികളുമായി കൂടാരങ്ങളിൽ താമസിക്കുന്നു.”
"ഈ നിയമങ്ങൾ ജനങ്ങൾക്കോ, കർഷകർക്കോ, തൊഴിലാളികൾക്കോ വേണ്ടിയല്ല. അവ കമ്പനികൾക്കു വേണ്ടി മാത്രമുള്ളതാണ്”, സമരത്തിനുള്ള കാരണം അവർ വ്യക്തമാക്കി.
കവർ ഫോട്ടോ: അൽമാസ് മസൂദ്
പരിഭാഷ - റെന്നിമോന്‍ കെ. സി.