ഫട്!
മുളന്തോക്കിൽ (തുപ്കി എന്ന് പറയും) വെടിയുണ്ടക്ക് പകരം പെംഗ് എന്ന പഴം വെച്ച് വെടിവെക്കുമ്പോൾ ഉണ്ടാവുന്ന ശബ്ദമാണ് കേട്ടത്. ചത്തീസ്ഗഢിലെ ജഗ്ദൽപുർ പട്ടണത്തിൽ ആഘോഷിക്കാറുള്ള ഉത്സവത്തിന് ആചാരപരമായ ഗാർഡ് ഓഫ് ഓണറിന് ആ രണ്ട് വസ്തുക്കളാണ് ഉപയോഗിക്കുക.
മുളയുടെ തണ്ടുപയോഗിച്ചുണ്ടാക്കുന്നതാണ് തുപ്കി എന്ന ‘തോക്ക്’. അതിനുള്ളിൽ, പെംഗ് എന്ന കാട്ടുപഴം വെക്കും. ഭഗവാൻ ജഗന്നാഥന്റെ ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന ആഘോഷത്തിൽ ഈ തോക്കുകൊണ്ടാണ് വെടിവെക്കുക. എല്ലാ വർഷവും ജൂലായ് മാസത്തിൽ നടക്കുന്ന ഈ ഉത്സവത്തിന് സംസ്ഥാനത്തെ ബസ്തർ മേഖലയിൽനിന്ന് ആയിരക്കണക്കിന് ആളുകളെത്താറുണ്ട്.
“അടുത്തുള്ള ഗ്രാമങ്ങളിൽനിന്നൊക്കെ ആളുകൾ ഗോഞ്ച ഉത്സവത്തിനെത്തും. കൂടെ തുപ്കിയും തീർച്ചയായും ഉണ്ടാവും”, ജഗ്ദൽപുരിലെ താമസക്കാരനായ വനമാലി പാണിഗ്രാഹി പറയുന്നു. തുപ്കി ഉപയോഗിക്കാത്ത ഒരു പ്രകടനം അദ്ദേഹത്തിന് ഓർമ്മയിലില്ല.
വെടിയുണ്ടയ്ക്ക് പകരം ഉപയോഗിക്കുന്ന പെംഗ് ഒരു ചെറിയ, ഉരുണ്ട, പച്ചയും മഞ്ഞയും കലർന്ന കാട്ടുപഴമാണ്. മൽകാംഗിനി (ശാസ്ത്രീയനാമം, സെലാസ്ട്രസ് പനികുലാറ്റസ് വൈൽഡ്) എന്ന കാട്ടുവള്ളിയിൽ കുലകളായി ഉണ്ടാവുന്ന ഫലമാണ് പെംഗ്. സമീപത്തുള്ള കാടുകളിലാണ് ഈ കാട്ടുവള്ളികൾ അധികം കാണുക.
ഗോഞ്ച ഉത്സവം പുരിയിലും ആഘോഷിക്കാറുണ്ടെങ്കിലും, തുപ്കിയും പെംഗും ഉപയോഗിച്ചുള്ള ആചാരവെടി ബസ്തർ മേഖലയ്ക്ക് മാത്രം സ്വന്തമാണ്. കാട്ടിലെ വന്യമൃഗങ്ങളെ ഓടിക്കാൻ ഒരുകാലത്ത് ഈ ‘തോക്ക്’ ഉപയോഗിച്ചിരുന്നു.
ജമവാദ ഗ്രാമത്തിലെ 40 വയസ്സായ സോൺസായ് ബാഘേൽ ഒരു കർഷകനും മുളകൊണ്ട് വിവിധ വസ്തുക്കളുണ്ടാക്കുന്ന കലാകാരനുമാണ്. ധ്രുവ ആദിവാസിയായ അദ്ദേഹം ഭാര്യയോടൊത്ത്, ജൂലായിലെ ഉത്സവത്തിന് ആഴ്ചകൾക്ക് മുമ്പ്, ജൂൺ മുതൽതന്നെ തുപ്കിയുടെ നിർമ്മാണത്തിൽ മുഴുകുന്നു. “എല്ലാ വ്ര്ഷവും, ഉത്സവത്തിന് മുമ്പുതന്നെ ഞങ്ങൾ തുപ്കി ഉണ്ടാക്കാൻ തുടങ്ങും. കാട്ടിൽനിന്ന് ആദ്യമേ മുളകൾ ശേഖരിച്ച്, ഉണക്കിവെക്കും”, അയാൾ പറയുന്നു.
കോടാലിയും കത്തിയുമുപയോഗിച്ച്, മുളന്തണ്ടുകളുടെ ഒരറ്റം മുതൽ മറ്റേയറ്റംവരെ ഉള്ള് പൊള്ളയാക്കിയാണ് തുപ്കി ‘തോക്ക്’ ഉണ്ടാക്കുന്നത്. പിന്നീട് അതിന്മേൽ നിറമുള്ള ഇലകളും കടലാസ്സുകളുമൊക്കെ ഉപയോഗിച്ച് അലങ്കരിക്കുന്നു.
“പെംഗ് പഴം നന്നായി പഴുക്കുമ്പോൾ ഞങ്ങൾ കാട്ടിൽനിന്ന് പറിച്ചുകൊണ്ടുവരും. മാർച്ചിനുശേഷമാണ് അത് കിട്ടുക. ഏതാണ്ട് 100 പഴത്തിന് 10 രൂപയ്ക്കാണ് വിൽക്കുക”, സൊൺസായ് പറയുന്നു. “ഇത് ഔഷധമൂല്യമുള്ള പഴമാണ്. വാതത്തിനും സന്ധിവേദനയ്ക്കും ഇതിന്റെ എണ്ണ നല്ലതാണെന്ന് പറയുന്നു. നല്ല ‘വെടിയുണ്ട്’ ഉണ്ടാക്കാനും ഇത് ഉത്തമമാണ്.
തുപ്കി ഉണ്ടാക്കലും വിൽക്കലും, ഈ പ്രദേശത്തെ നിരവധിപേരുടെ ഉപജീവനമാർഗ്ഗമാണ്. ഉത്സവമടുക്കുമ്പോഴേക്കും ഗ്രാമത്തിന്റെ എല്ലാ ഭാഗത്തും തുപ്കി നിർമ്മാതാക്കൾ പൊന്തിവരും. ഒരു തുപ്കി 35-40 രൂപയ്ക്കാണ് വിൽക്കുന്നത്. ഇവ വിൽക്കാൻ ബാഘേൽ തന്റെ വീട്ടിൽനിന്ന് 12 കിലോമീറ്റർ അകലെയുള്ള ജഗ്ദൽപുർവരെ പോകാറുണ്ട്. മൂന്ന് ദശാബ്ദങ്ങൾക്കുമുൻപ് തുപ്കി രണ്ട് രൂപയ്ക്കായിരുന്നു വിറ്റിരുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
ബാഘേൽ, ബസ്തർ ജില്ലയിലെ ജഗ്‌ദൽപുർ ബ്ലോക്കിലെ തന്റെ നാലേക്കർ സ്ഥലത്ത് നെൽക്കൃഷി നടത്തുന്നുണ്ട്. അദ്ദേഹത്തിന്റെ ഗ്രാമമായ ജമവാദയിലെ 780 വീടുകളിൽ, 87 ശതമാനവും ധ്രുവ, മരിയ ആദിവാസി സമൂഹത്തിൽപ്പെട്ടവരാണ് (2011 സെൻസസ് പ്രകാരം).
ഭഗവാൻ ജഗന്നാഥനുമായി ബന്ധപ്പെട്ട ഒരു കഥയിലാണ് ഗോഞ്ച ഉത്സവത്തിന്റെ വേരുകൾ. ചാലൂക്യ സാമ്രാജ്യത്തിലെ ഒരു ബസ്തർ രാജാവായ പുരുഷോത്തം ദേവ് ഭഗവാൻ ജഗന്നാഥന് സ്വർണ്ണവും വെള്ളിയും നേർച്ച ചെയ്യാൻ പുരിയിലെത്തി. തനിക്ക് കിട്ടിയ നേർച്ചയിൽ സന്തുഷ്ടരായ ജഗന്നാഥ ക്ഷേത്രത്തിലെ പൂജാരിമാർ, പുരി രാജാവ് കല്പിച്ചതനുസരിച്ച്, പുരുഷോത്തമന് 16 ചക്രങ്ങളുള്ള ഒരു രഥം സമ്മാനിച്ചു.
പിന്നീട്, സാല-തേക്ക് വൃക്ഷങ്ങൾകൊണ്ടുണ്ടാക്കിയ ഭീമൻ രഥത്തെ മുറിച്ച്, നാല് ചക്രങ്ങളും ബസ്തറിലെ ഭഗവാൻ ജഗന്നാഥന് നേർച്ച നൽകി. ബസ്തറിലെ ഗോഞ്ച ഉത്സവം എന്നറിയപ്പെടുന്ന രഥ യാത്രയുടെ ഉത്ഭവം ഇതാണ്. (ബാക്കിയുള്ള 12 ചക്രങ്ങൾ മാതാ ദണ്ഡേശ്വരിക്ക് നേർച്ച നൽകുകയും ചെയ്തു).
പുരുഷോത്തം ദേവാണ് തുപ്കി കാണുന്നതും ഗോഞ്ച ഉത്സവത്തി് അതുപയോഗിക്കാൻ അനുമതി നൽകിയതും. ഈ ഉത്സവത്തിൽ, ജഗന്നാഥന് പനസ് കുവ സമർപ്പിക്കാറുണ്ട്. പഴുത്ത ചക്കയ്ക്ക് ഹാൽബി ഭാഷയിൽ പനസ് കുവ എന്നാണ് പേര്. ജഗ്ദൽപുർ പട്ടണത്തിലെ ഗോഞ്ച കാർണിവലിൽ, പഴുത്ത ചക്കയും ഒരു പ്രധാന ആകർഷണവസ്തുവാണ്.
പരിഭാഷ: രാജീവ് ചേലനാട്ട്