'മീനുകളൊക്കെ തീർന്നു,' മുറിഞ്ഞ ബംഗാളിയിൽ, പുഞ്ചിരിച്ചുകൊണ്ട് മുരളി പറഞ്ഞു. “എല്ലാം മാറിയിരിക്കുന്നു”വെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ട് വർഷങ്ങൾക്ക് മുമ്പ് ഞങ്ങൾ ജൽധ ഗ്രാമത്തിനടുത്തുള്ള രാംനഗർ മത്സ്യ മാർക്കറ്റിൽവെച്ചാണ് കണ്ടുമുട്ടിയത്. ബംഗാൾ ഉൾക്കടലിലെ മത്സ്യങ്ങൾ അപ്രത്യക്ഷമാകുന്നത് അന്നേ മുരളിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.
സമുദ്രത്തിന്റെ നടുവിലുള്ള ഒരു 'കാലോ ജോനെ'ക്കുറിച്ച് അദ്ദേഹം പറഞ്ഞു. 2017-ൽ, ശാസ്ത്രജ്ഞർ, ഏകദേശം 60,000 ചതുരശ്ര കിലോമീറ്ററിൽ ഈ സമുദ്രത്തിൽ രൂപപ്പെട്ടുവരുന്ന ഒരു ചാവ് പ്രദേശത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തിരുന്നു. തുച്ഛമായ അളവിലുള്ള ഓക്‌സിജനും കുറഞ്ഞുവരുന്ന നൈട്രജൻന്റെ അളവും സമുദ്രജീവികളുടെ സാന്നിധ്യം ഇവിടെ ഇല്ലാതാക്കുന്നു. ഇത് സ്വാഭാവികപ്രക്രിയകളുടെയും മനുഷ്യ ഇടപെടലുകളുടെയും ഫലമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ബെസ്ത മത്സ്യത്തൊഴിലാളിസമുദായത്തിൽപ്പെട്ട മുരളി (അവസാന പേര് ലഭ്യമല്ല) ആന്ധ്രാപ്രദേശിലെ നെല്ലൂർ ജില്ലയിലെ ഗോവുണ്ഡപാളം ഗ്രാമത്തിലാണ് (സെൻസസിൽ ഗുണ്ട്‌ലപ്പാളം) വളർന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി, ഒക്ടോബർ-മാർച്ചിലെ മത്സ്യബന്ധനസമയത്ത് അദ്ദേഹം ബംഗാൾ ഉൾക്കടൽതീരത്തുള്ള പുർബ മേദിനിപൂർ ജില്ലയിലെ രാംനഗർ ബ്ലോക്കിലെ ജല്ധ ഗ്രാമത്തിലേക്ക് യാത്ര ചെയ്യുന്നു. വർഷങ്ങൾകൊണ്ട് അദ്ദേഹം കുറച്ച് ബംഗാളി ഭാഷ പഠിച്ചെടുത്തു. ഹിന്ദിയും ഇംഗ്ലീഷും ഇടകലർത്തിയാണ് അദ്ദേഹം സംസാരിക്കുന്നത്.
ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്കൻ തീരങ്ങളിലെ തുറമുഖങ്ങളിലെല്ലാം തനിക്ക് കുടുംബവും സുഹൃത്തുക്കളും ഉണ്ടെന്ന് 40 വയസ്സുള്ള മുരളി അഭിമാനിക്കുന്നു. “ജാഫ്‌നാ മുതൽ ജംബുദ്വീപുവരെ എല്ലാവരും എന്റെ കുടുംബമാണ്”, അദ്ദേഹം സന്തോഷത്തോടെ വീമ്പിളക്കി. അദ്ദേഹം എന്നോട് കൂടുതൽ വിശദാംശങ്ങൾ പങ്കുവെച്ചില്ലെങ്കിലും തന്റെ സുഹൃത്ത് സ്വപൻ ദാസിനെ “ഇവൻ എന്റെ സഹോദരനാണ്” എന്നുപറഞ്ഞ് പരിചയപ്പെടുത്തിത്തന്നു,






