2017-ൽ, നാലുപതിറ്റാണ്ടിനിടെ ആദ്യമായി, കിലാരി നാഗേശ്വര റാവു തന്റെ കൃഷിയിടത്തിൽ പുകയില കൃഷി ചെയ്യുന്നത് നിർത്തിവെച്ചു. കഴിഞ്ഞ മൂന്നുവർഷങ്ങളിൽ കൃഷിയിറക്കി 15 ലക്ഷം രൂപ നഷ്ടം സംഭവിച്ച റാവുവിന് ഇത്രയും ബാധ്യത പേറി മുന്നോട്ടുപോകാൻ കഴിയുമായിരുന്നില്ല.
പുകയിലക്കൃഷി ചെയ്യാനുള്ള ചിലവുകൾ ഉയരുമ്പോഴും, വിളവിന് ലഭിച്ചിരുന്ന വില വളരെ കുറവായിരുന്നു. 60 വയസ്സുകാരനായ നാഗേശ്വര റാവുവിന്റെ കണക്കിൽ, പ്രകാശം ജില്ലയിലെ പോഡിലി മണ്ഡലിൽ ഉൾപ്പെടുന്ന, അദ്ദേഹത്തിന്റെ ഗ്രാമായ മുഗ ചിന്തലയിൽ, 2400 ഏക്കറോളം വരുന്ന കൃഷിഭൂമിയുടെ പകുതിയിലധികവും ഇന്ന് കൃഷി ഇറക്കാതെ വെറുതെ കിടക്കുകയാണ്. "അത് ഞങ്ങൾക്ക് നഷ്ടം മാത്രമാണ് ഉണ്ടാക്കുന്നത് ", കർഷകർ പുകയില കൃഷിചെയ്യുന്നത് നിർത്തിയതിന് കാരണമായി അദ്ദേഹം പറയുന്നു.
ആന്ധ്രാപ്രദേശിലെ മൊത്തം കണക്കെടുത്താൽ, 2015-16 കാലയളവിൽ 3.3 ലക്ഷം ഏക്കറിൽ വ്യാപിച്ചുകിടന്നിരുന്ന പുകയിലക്കൃഷി 2016-17 ആയപ്പോഴേക്കും 2.24 ലക്ഷം ഏക്കറായി ചുരുങ്ങി. പുകയില ബോർഡിലെ ഒരു ഉദ്യോഗസ്ഥൻ നൽകുന്ന കണക്കനുസരിച്ച്, ഇതേ കാലയളവിൽ സംസ്ഥാനത്തെ പുകയില ഉത്പാദനം 167 ദശലക്ഷം കിലോയിൽനിന്ന് 110 കിലോയായി കുറയുകയും ചെയ്തു. ബോർഡ് ലക്‌ഷ്യംവെച്ചിരുന്ന വാർഷിക ഉത്പാദനമായ 130 ദശലക്ഷം കിലോയിൽനിന്ന് ഏറെ കുറവാണിത്. 1970-ൽ വാണിജ്യ, വ്യവസായ വകുപ്പിന് കീഴിൽ സ്ഥാപിക്കപ്പെട്ട പുകയില ബോർഡിന്റെ ആസ്ഥാനം ഗുണ്ടൂരാണ്; പുകയില കർഷകർക്കും പുകയില കമ്പനികൾക്കും ഇടയിൽ വിപണിയിലെ മധ്യസ്ഥരായി പ്രവർത്തിക്കുക ഉൾപ്പെടെയുള്ള ദൗത്യങ്ങളാണ് ബോർഡിനുള്ളത്.
കർഷകർ പുകയിലക്കൃഷി വേണ്ടെന്ന് വെക്കുന്നതിനുപിന്നിൽ നിരവധി കാരണങ്ങളുണ്ട്. അതിലൊന്ന്, സ്വതവേ വരണ്ട ഈ പ്രദേശങ്ങളിൽ മഴ പിന്നെയും കുറയുന്നതാണ്. ഒരുവർഷത്തിൽ ശരാശരി 808 മില്ലീമീറ്റർ മഴ ലഭിക്കേണ്ടയിടത്ത്, 2017 ജൂണിനുശേഷം, പ്രകാശം ജില്ലയിൽ 560 മില്ലീമീറ്റർ മഴ മാത്രമാണ് ലഭിച്ചിട്ടുള്ളത്. (സംസ്ഥാന സർക്കാരിന്റെ കണക്കുകൾ പ്രകാരം) മഴയുടെ ഈ തോത്, താരതമ്യേന വരണ്ട പ്രദേശമായ അനന്തപൂർ ജില്ലയിൽ കഴിഞ്ഞ വർഷം പെയ്ത 580 മില്ലീമീറ്റർ മഴയെക്കാൾ കുറവാണെന്ന് മാത്രമല്ല, ആന്ധ്രാപ്രദേശിൽ ഒന്നാകെ പെയ്ത മഴയുടെ ശരാശരി കണക്കായ 880 മില്ലീമീറ്ററിനേക്കാൾ വളരെയധികം കുറവുമാണ്.
പ്രകാശം ജില്ലയിലെ പ്രധാന വിളവായി പുകയില മാറിയിട്ട് ഒരു നൂറ്റാണ്ടോളമായിരിക്കുന്നുവെന്നാണ് കർഷക നേതാക്കളുടെ അനുമാനം; പുകയിലക്കൃഷിക്ക് താരതമ്യേന കുറച്ച് വെള്ളം മതി എന്നതാണ് അതിന് കാരണം. എന്നാൽ, കുഴൽക്കിണറുകളുടെ അനിയന്ത്രിതമായ ഉപയോഗംമൂലം നേരത്തേതന്നെ താഴ്ന്നുതുടങ്ങിയിരുന്ന ഭൂഗർഭ ജലവിതാനം, മഴലഭ്യതയിൽ വന്ന കുറവുമൂലം ഇപ്പോൾ പിന്നെയും താഴുന്നത് സ്ഥിതിഗതികളെ സങ്കീർണ്ണമാക്കുകയാണ്.
പുകയിലയുടെ വിത തുടങ്ങിയ ഓഗസ്റ്റ് മാസത്തിന് ഏതാനും മാസങ്ങൾ മുൻപ്, 2017 മേയിൽ, പ്രകാശം ജില്ലയിലെ ഭൂഗർഭ ജലവിതാനം തറനിരപ്പിൽനിന്ന് 23 അടി താഴ്ചയിലായിരുന്നു; ഇതേസമയം, ആന്ധ്രാപ്രദേശിലെ മറ്റുഭാഗങ്ങളിൽ ഭൂഗർഭജലനിരപ്പ് 14.79 മീറ്റർ ആയിരുന്നു. (ഔദ്യോഗിക കണക്കുകൾപ്രകാരം) ആന്ധ്രാപ്രദേശ് വാട്ടർ, ലാൻഡ് ആൻഡ് ട്രീസ് ആക്ട്, 2002 അനുസരിച്ച്, ഭൂഗർഭ ജലനിരപ്പ് 20 മീറ്ററിൽ താഴെയുള്ള പ്രദേശങ്ങളിൽ കുഴൽക്കിണർ കുഴിക്കാൻ അനുമതിയില്ല. അതിനാൽ കഴിഞ്ഞ വർഷം, ഭൂഗർഭജലം സംരക്ഷിക്കാനായി ജില്ലയിൽ ആകെയുള്ള 1093 ഗ്രാമങ്ങളിൽ 126 എണ്ണത്തിൽ കുഴൽക്കിണറുകൾ കുഴിക്കുന്നതിന് നിരോധനം ഏർപ്പെടുത്തുകയായിരുന്നു.
"ഒരു കുഴൽക്കിണറിന് 2 ലക്ഷം രൂപയ്ക്കടുത്ത് ചിലവാക്കി ഞാൻ 11 കുഴൽക്കിണറുകൾ കുഴിച്ചു (2011-14 കാലയളവിൽ); പക്ഷെ അവയിൽ 10 എണ്ണത്തിലും ഇപ്പോൾ വെള്ളമില്ല.", പുകയില, ചോളം, ബാജ്‌റ തുടങ്ങിയ വിളകൾ കൃഷിചെയ്യുന്ന യേനുഗന്തി സുബ്ബ റാവു പറയുന്നു. മുഗ ചിന്തലയിലുള്ള അദ്ദേഹത്തിന്റെ 40 ഏക്കർ കൃഷിഭൂമിയിൽ 20 ഏക്കർ അദ്ദേഹത്തിന്റെ സ്വന്തം ഭൂമിയും ബാക്കി 20 ഏക്കർ പാട്ടത്തിന് എടുത്തതുമാണ്. വർഷങ്ങളായി കൃഷിയിൽ സംഭവിക്കുന്ന നഷ്ടത്തിന്റെ ബാക്കിയായി അദ്ദേഹത്തിന് ഇന്ന് 23 ലക്ഷം രൂപ കടമുണ്ട്. കഴിഞ്ഞ വർഷം ഒരേക്കർ ഭൂമി വിറ്റ് 15 ലക്ഷത്തിന്റെ കടം വീട്ടിയതിനുശേഷമുള്ള കണക്കാണിത്. പ്രധാന റോഡിന് തൊട്ടടുത്ത് കിടക്കുന്ന ഭൂമി ആയതിനാലാണ് അന്ന് നല്ല വില ലഭിച്ചത്.
2009ൽ പണി പൂർത്തിയായ ഗുണ്ടലകമ്മ ജലസംഭരണിയിൽനിന്ന് ജലസേചനത്തിന് വെള്ളം ലഭ്യമായതും പുകയിലക്കൃഷി കുറയുന്നതിന് കാരണമായി - കടത്തിൽ മുങ്ങിയ കർഷകർ ജലലഭ്യത കൂടിയതോടെ മറ്റ് വിളകളിലേയ്ക്ക് ശ്രദ്ധതിരിക്കുകയായിരുന്നു. നാഗേശ്വര റാവുവും ഇടക്കാലത്ത് കടല, പട്ടാണി, ധാന്യങ്ങൾ എന്നിവ കൃഷി ചെയ്യാൻ ശ്രമിച്ചെങ്കിലും വിളകളുടെ വിപണിവില കുറഞ്ഞതോടെ അവയെല്ലാം നഷ്ടത്തിൽ കലാശിക്കുകയാണുണ്ടായത്. 2005-ൽ, ജലസംഭരണിയുടെ പണി തുടങ്ങിയ കാലത്തുതന്നെ തുടക്കമിട്ട, കൃഷ്ണാ നദിക്ക് കുറുകെയുള്ള വെലിഗൊണ്ട പദ്ധതി ഇപ്പോഴും പൂർത്തിയായിട്ടില്ല.
പുകയില കമ്പനികൾ വിളവിന് തീരെ കുറഞ്ഞ വില മാത്രം നൽകുന്നതും കർഷകർ കൃഷി ഉപേക്ഷിക്കുന്നതിന് കാരണമാകുന്നുണ്ട്. "ഒരു കിലോ പുകയില ഉത്പാദിപ്പിക്കാൻ ഞങ്ങൾക്ക് 120 രൂപ ചിലവാകും; പക്ഷെ സിഗരറ്റ് കമ്പനിക്കാർ ഞങ്ങൾക്ക് കിലോയ്ക്ക് 90 - 100 രൂപ മാത്രമേ തരികയുള്ളൂ.", മുഗ ചിന്തലയിലെ തന്റെ 5 ഏക്കർ കൃഷിയിടത്തിൽ പുകയിലക്കൃഷി ചെയ്യുന്ന, 48 വയസ്സുള്ള ദളിത് കർഷകൻ, വേമ കൊണ്ടയ്യ പറയുന്നു. "കമ്പനികൾ പുകയില ബോർഡുമായി ഒത്തുകളിച്ച് കുറഞ്ഞ വില ഉറപ്പിക്കുകയാണ്."
അഖിലേന്ത്യാ കിസാൻ സഭയുടെ വിജയവാഡയിലെ നേതാവായ നാഗബോയിന രംഗറാവു പറയുന്നു: "സിഗരറ്റ് കമ്പനികൾ ഒരു കിലോ പുകയിലയിൽനിന്ന് 1200-1400 സിഗരറ്റുകൾ ഉത്പാദിപ്പിക്കും. 250 രൂപയിൽ താഴെ മാത്രം മുതൽമുടക്കിൽ വാങ്ങിക്കുന്ന ഒരു കിലോ പുകയില ഉപയോഗിച്ച് അവർ 20,000 രൂപയാണ് സമ്പാദിക്കുന്നത്." ഉദാഹരണത്തിന്, ഐ.ടി.സി കമ്പനിയുടെ 2017-ലെ വാർഷിക റിപ്പോർട്ട് പ്രകാരം, കമ്പനിയുടെ ലാഭം 10, 000 കോടിയിലധികം രൂപയാണ്.
മുഗ ചിന്തലയിലെയും പടിഞ്ഞാറൻ പ്രകാശത്തിലെ മറ്റ് പ്രദേശങ്ങളിലെയും ഫലഭൂയിഷ്ഠത കുറഞ്ഞ തെക്കൻ മണ്ണിൽ പുകയിലയുടെ വിളവ് കുറവാകുന്നത് കൃഷിയെ നഷ്ടത്തിലേക്ക് നയിക്കുന്ന മറ്റൊരു ഘടകമാണ്. "ഇവിടെ ഒരു ഏക്കറിൽനിന്ന് 3 ക്വിന്റൽ പുകയില ലഭിക്കുന്നത് പോലും റെക്കോർഡ് ആണ്.", കൊണ്ടയ്യ പറയുന്നു. ഒരു ഏക്കറിൽനിന്ന് 2-2.5 ക്വിന്റൽ വിളവാണ് ഈ പ്രദേശത്തെ ശരാശരി കണക്ക്.
എന്നാൽ, തീരത്തോട് ചേർന്നുകിടക്കുന്ന കിഴക്കൻ പ്രകാശം മേഖലയിൽ കൂടുതലായി തെക്കൻ കറുത്ത മണ്ണ് കാണുന്നതിനാൽ, ഇവിടത്തെ ഉത്പാദനക്ഷമത കൂടുതലാണ്- ഈ ഭാഗങ്ങളിൽ ഒരു ഏക്കറിൽനിന്ന് 6 മുതൽ 7 ക്വിന്റൽ പുകയിലവരെ ലഭിക്കും. എന്നിട്ടുപോലും കുറഞ്ഞ വിലനിലവാരം മൂലം കർഷകർ പുകയില കൃഷി ഉപേക്ഷിക്കുകയാണ്.
കിഴക്കൻ പ്രകാശത്തിലെ നാഗുലുപ്പാല മണ്ഡലിലുള്ള ടി. അഗ്രഹാരം ഗ്രാമത്തിലെ 220 പുകയിലപ്പുരകളിൽ - ഏറ്റവും കൂടുതൽ പുകയിലപ്പുരകളുള്ള ഗ്രാമമാണ് ടി.അഗ്രഹാരം - 60 എണ്ണം മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. അഖിലേന്ത്യാ കർഷക തൊഴിലാളി യൂണിയൻ 2015ൽ ആന്ധ്രയിലെ ഗ്രാമങ്ങളിൽ നടത്തിയ സർവ്വേയുടെ റിപ്പോർട്ട് പ്രകാരം, സംസ്ഥാനത്താകമാനമുള്ള 42,000 പുകയിലപ്പുരകളിൽ 15,000 എണ്ണം ഇപ്പോൾ ഉപയോഗത്തിലില്ല. പുകയിലക്കർഷകർ വലിയ മുതൽമുടക്കിൽ നിർമ്മിക്കുന്ന ഇത്തരം പുരകളിലാണ് കച്ചവടക്കാർക്കും സിഗരറ്റ് കമ്പനികൾക്കും വിൽക്കുന്നതിനുമുൻപ് പുകയില ഉണക്കി, കേടുകളഞ്ഞ് സൂക്ഷിക്കുന്നത്.
പുകയിലയുടെ ഉപയോഗം കുറയ്ക്കാൻ ലക്ഷ്യമിട്ട് ലോകാരോഗ്യ സംഘടന രൂപം കൊടുത്ത ഫ്രേയിംവർക്ക് കൺവൻഷൻ ഓഫ് ടൊബാക്കോ കൺട്രോളിന്റെ (എഫ്.സി.ടി.സി) പശ്ചാത്തലത്തിൽ വേണം പുകയില കൃഷി കുറഞ്ഞുവരുന്നതും പുകയിലപ്പുരകൾ ഉപയോഗശൂന്യമാകുന്നതും മനസ്സിലാക്കാൻ. 2016-ൽ, എഫ്.സി.ടി.സി.യിൽ ഒപ്പുവെച്ച ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ പുകയിലയുടെ ഉത്പാദനം പടിപടിയായി കുറയ്ക്കാൻ ധാരണയിലെത്തിയിരുന്നു. ഇതിനുപിന്നാലെ, പുകയില ബോർഡ് പുതിയ പുകയിലപ്പുരകൾക്ക് ലൈസൻസ് കൊടുക്കുന്നത് നിർത്തിവെച്ചു - പുകയിലക്കൃഷിയിൽനിന്നുള്ള ലാഭം കുറഞ്ഞതോടെ കർഷകരുടെ അപേക്ഷകളും കുറഞ്ഞു.
40 വയസ്സുകാരനായ ശ്രീനിവാസ റാവു, ടി. അഗ്രഹാരം ഗ്രാമത്തിൽ പാട്ടത്തിനെടുത്ത 9 ഏക്കർ ഭൂമിയിലാണ് പുകയില കൃഷിചെയ്യുന്നത്. ഏക്കർ ഒന്നിന് വർഷത്തിൽ 30,000 രൂപ കൊടുത്ത് പാട്ടത്തിനെടുത്ത ഭൂമിയിൽ കൃഷിയിറക്കിയ റാവുവിന് കഴിഞ്ഞ സീസണിൽമാത്രം 1.5 ലക്ഷം രൂപയുടെ കടബാധ്യതയാണ് ഉണ്ടായത്. "2012-ൽ 6 ലക്ഷം രൂപ ചിലവഴിച്ച് ഞാൻ ഉണ്ടാക്കിയ പുകയിലപ്പുര കഴിഞ്ഞ വർഷം വെറും 3 ലക്ഷം രൂപയ്ക്ക് വിൽക്കേണ്ടിവന്നു.", അദ്ദേഹം പറയുന്നു. "ഇന്നത്തെ സാഹചര്യത്തിൽ ആരും പുകയിലപ്പുരകൾ വാങ്ങാൻ തയ്യാറാകുന്നില്ല. സർക്കാർ ഓരോ പുകയിലപ്പുരയ്ക്കും 10 ലക്ഷം രൂപവീതം നഷ്ടപരിഹാരം നൽകണമെന്നാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്; ആ തുക ലഭിച്ചാൽ നിമിഷനേരംകൊണ്ട് ഞങ്ങളും പുകയില കൃഷി ഉപേക്ഷിക്കാം. 2010-ൽ, ഗ്രാമത്തിന് പുറത്തുനിന്നുള്ള 33 മുത്തകൾ (ജോലിക്കാരുടെ സംഘങ്ങൾ) ഇവിടെയുള്ള പുകയിലപ്പുരകളിൽ ജോലി ചെയ്യാനെത്തിയിരുന്നു. ഈ വർഷം 10 മുത്തകൾ പോലും വന്നിട്ടില്ല."
ഇത്തരത്തിലുള്ള അനേകം പ്രതികൂലഘടകങ്ങൾ സൃഷ്ടിക്കുന്ന പ്രതിസന്ധിയുടെ ഫലമായി, പ്രകാശം ജില്ലയിലെ പുകയിലക്കർഷകർ കൂടുതൽ ലാഭകരമായ, കുറച്ച് വെള്ളം മാത്രം ആവശ്യമുള്ള വിളകളിലേയ്ക്ക് തിരിയാൻ നിർബന്ധിതരാകുകയാണ്. ഞാൻ മുഗ ചിന്തല ഗ്രാമത്തിൽ ചെല്ലുമ്പോൾ, സുബ്ബ റാവു തന്റെ സ്മാർട്ട് ഫോണിൽ ലാക്കർ എന്ന ഒരു വിളയെക്കുറിച്ചുള്ള ഒരു വീഡിയോ മറ്റ് കർഷകർക്ക് കാണിച്ചുകൊടുക്കുകയാണ്. "ഈ വിള നമ്മുടെ ഗ്രാമത്തിൽ ഒന്നു പരീക്ഷിക്കേണ്ടതാണ്.", അദ്ദേഹം പറയുന്നു. ബാക്കിയുള്ളവർ അദ്ദേഹത്തിന്റെ അഭിപ്രായത്തോട് യോജിച്ച്, കൂടുതൽ വിവരങ്ങൾ ആവശ്യപ്പെടുന്നു. "ശ്രീകാകുളം ജില്ലയിലും ഒഡീഷയുടെ ചില പ്രദേശങ്ങളിലും കൃഷിചെയ്യുന്ന ഒരു നാണ്യവിളയാണിത്; ഇതിന് അധികം വെള്ളം ആവശ്യമില്ല.", റാവു വിശദീകരിക്കുന്നു.
ഇതേസമയം, "ഞങ്ങളുടെ ജീവനോപാധി സംരക്ഷിക്കുക" എന്ന് കർഷകർ ആവശ്യപ്പെടുന്നത് ചിത്രീകരിക്കുന്ന പോസ്റ്ററുകൾ ഡൽഹിയിലെ ബസ് സ്റ്റോപ്പുകളിലും ഓട്ടോറിക്ഷകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പുകയില കച്ചവടക്കാരുടെ ദേശീയസംഘടനയായ അഖിൽ ഭാരതീയ പാൻ വിക്രേതാ സംഘട്ടന്റെ പേരും ലോഗോയുമാണ് ഈ പോസ്റ്ററുകളിൽ കാണുന്നത്. എന്നാൽ ഇത്തരമൊരു പ്രചാരണത്തെക്കുറിച്ച് കർഷകരോട് അന്വേഷിക്കുമ്പോൾ, അവർ പുകയില കമ്പനികളെ അധിക്ഷേപിക്കുകയാണ് ചെയ്യുന്നത്. "കർഷകർ ഒരുമിച്ചുനിന്ന് ജലസേചന സൗകര്യങ്ങൾക്ക് വേണ്ടി പോരാടുകയോ സിഗരറ്റ് കമ്പനികൾക്ക് എതിരേ സംഘടിക്കുകയോ ചെയ്തിരുന്നെങ്കിൽ, ഞങ്ങളുടെ അവസ്ഥ ഏറെ മെച്ചപ്പെടുമായിരുന്നു.", സുബ്ബ റാവു കൂട്ടിച്ചേർക്കുന്നു.
ഈ ലേഖനത്തിന്റെ മറ്റൊരു പതിപ്പ് 2018 ഫെബ്രുവരി 2-ന് 'ദി ഹിന്ദു ബിസിനസ്സ് ലൈൻ'ദിനപ്പത്രത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരിഭാഷ: പ്രതിഭ ആർ.കെ .