സർക്കാർ ഉദ്യോഗസ്ഥരുടേതൊഴിച്ച്, ബാക്കി ഇവിടെ പരാമർശിച്ചിട്ടുള്ള ഒരാളുടേയും പേരുകൾ യഥാർത്ഥമല്ല. അവരുടെ സ്വകാര്യതയെ സംരക്ഷിക്കുന്നതിനായിട്ടാണ് അത് മറച്ചുവെച്ചിരിക്കുന്നത്. ഇതേ കാരണത്താൽ, ഗ്രാമങ്ങളുടെ യഥാർത്ഥ പേരുകളും സൂചിപ്പിച്ചിട്ടില്ല. രണ്ട് ഭാഗങ്ങളുള്ള ഒരു റിപ്പോർട്ടിന്റെ അവസാനഭാഗമാണ് ഇത്.
“കീടമരുന്ന് (കമ്പിളിപ്പുഴുവിന്റെ ഉള്ളിൽനിന്ന് പുറപ്പെടുന്ന ഒരുതരം കുമിൾ, അഥവാ ഫംഗസ് – ഔഷധഗുണങ്ങളുണ്ടെന്ന് പറയപ്പെടുന്നു) ഞങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ചു”, ഞങ്ങളുടെ ടാക്സി ഓടിച്ചിരുന്ന സുനിൽ പറയുന്നു. കഴിഞ്ഞ രണ്ടുവർഷമായി സമീപത്തുള്ള ഗ്രാമങ്ങളിൽനിന്ന് യാത്രക്കാരെ ധാർചുലയിലെ സ്കൂളിലേക്കും കോളേജിലേക്കും ചന്തയിലേക്കും ആരോഗ്യകേന്ദ്രങ്ങളിലേക്കും കൊണ്ടുപോവുന്ന ജോലിയിലാണ് 23 വയസ്സുള്ള സുനിൽ ഏർപ്പെട്ടിരിക്കുന്നത്. ഇന്ത്യാ-നേപ്പാൾ അതിർത്തിയിൽനിന്ന് ഏതാനും മീറ്റർ അകലെയുള്ള, ഉത്തരാഖണ്ഡിലെ പിതോറഗഢ് ജില്ലയിലാണ് ധാർചുല ബ്ലോക്ക്.
ബാങ്കിൽനിന്ന് വായ്പയെടുത്തും, കീടമരുന്ന് എന്ന വിലപിടിപ്പുള്ള കുമിൾ വിറ്റും സമ്പാദിച്ച 3.5 ലക്ഷം രൂപ കൊടുത്താണ് സുനിൽ തന്റെ ബൊലറോ ഗണത്തിൽപ്പെട്ട ടാക്സി വാങ്ങിയത്. എട്ടുവയസ്സ് മുതൽ കുടുംബത്തോടൊപ്പം ഈ കുമിൾ ശേഖരിക്കാൻ തുടങ്ങിയതാണ് അയാൾ. അതിൽനിന്നുള്ള വരുമാനമുപയോഗിച്ചാണ് വായ്പ അടച്ചുതീർക്കുന്നത്.
3,500 അടിമുതൽ 5,000 അടിവരെ ഉയരമുള്ള തിബറ്റൻ പീഠഭൂമിയിലെ പുൽപ്പരപ്പുകളിലാണ് ‘കമ്പിളിപ്പുഴു കുമിൾ’ അഥവാ കീടമരുന്ന് വളരുന്നത്. ലൈംഗികമായ ഉണർവ്വുണ്ടാക്കുകയും, ‘ഹിമാലയൻ വയാഗ്ര’ എന്ന് പേരുള്ളതുമായ ഈ കുമിൾ - ചൈനയിൽ ഇതിനെ യർസഗുംബ എന്ന് വിളിക്കുന്നു – ചൈനീസ് മരുന്നുകളിലെ ഒരു വിലപിടിപ്പുള്ള ചേരുവയാണ്. അനധികൃതമായ അതിർത്തിവ്യാപാരങ്ങളിൽ, ഒരു കിലോ കുമിളിന് ചിലപ്പോൾ 12 ലക്ഷം രൂപവരെ വില ലഭിക്കും. ഉത്തരാഖണ്ഡിൽ വിളയിക്കുകയും വിൽക്കുകയും ചെയ്യുന്ന ഈ കുമിളിനെ ദല്ലാളുമാർ ആദ്യം നേപ്പളിലേക്കും പിന്നീട് ചൈനയിലേക്കും കടത്തുന്നു.
ഉത്തരാഖണ്ഡിലെ ഉയർന്ന സമതല ജില്ലകളായ പിതോറഗഢിലും ചമോലിയിലും ഈ കുമിളിന്റെ കൊയ്ത്തുകാലം മേയ് ആദ്യം തുടങ്ങി ജൂൺ പകുതിയോടെയോ അവസാനത്തോടെയോ മഴക്കാലത്തിന്റെ വരവോടെ അവസാനിക്കുന്നു. കുടുംബങ്ങൾ ഒന്നടങ്കം ആഴ്ചകളോളം പുൽപ്പരപ്പുകളിൽ കെട്ടിയ ടെന്റുകളിലേക്ക് മാറിത്താമസിച്ച് കുമിൾ ശേഖരിക്കാൻ മണിക്കൂറുകളോളം അദ്ധ്വാനിക്കുന്നു. (ഈ കഥ വായിക്കുക)
കുറേക്കാലത്തേക്ക് കുടുംബത്തിന്റെ വരുമാനം നടത്തിക്കൊടുക്കുന്ന കുമിളുകളുമായിട്ടാണ് അവർ മടങ്ങിവരുന്നത്. “എത്ര കീടമരുന്ന് ശേഖരിക്കാൻ കഴിഞ്ഞു എന്നതിനെ ആശ്രയിച്ചിരിക്കും അത്. ചില കുടുംബങ്ങൾക്ക് മാസങ്ങളോളം ജീവിക്കാൻ അത് മതിയാകും. ചിലർ ഒരുവർഷത്തേക്കുള്ള വരുമാനമുണ്ടാക്കുന്നു”, സുനിലിന്റെ അതേ ഗ്രാമത്തിൽനിന്നുള്ള പാർവ്വതി ദേവി പറയുന്നു. “ഈ കച്ചവടം അപകടം പിടിച്ചതും അദ്ധ്വാനമുള്ളതുമാണ്. പക്ഷേ പഠിപ്പും കോളേജ് ഡിഗ്രിയും ഉള്ളവർക്കുപോലും ഇവിടെ തൊഴിലില്ല. അതുകൊണ്ട് എല്ലാവരും ഈ പണിയിൽ ഏർപ്പെടുന്നു”.
ഏജന്റുമാരോ ദല്ലാളുമാരോ സാധാരണയായി സെപ്റ്റംബർ - ഒക്ടോബർ മാസങ്ങളിലാണ് ഈ കുമിൾ ശേഖരിക്കാൻ ഗ്രാമങ്ങളിലെത്തുക. അവർ പിന്നീട്, വളഞ്ഞ മലമ്പാതകൾ ചുറ്റി ഇത് അതിർത്തിക്കപ്പുറത്തേക്ക് എത്തിക്കുന്നു. “ഞങ്ങൾ ഇത് കൊണ്ടുവന്ന് ഉണക്കി, വൃത്തിയാക്കി, ഏജന്റുമാർ വരുന്നതുവരെ പൊന്നുപോലെ സംരക്ഷിക്കുന്നു. ഇതിൽനിന്നുള്ള വരുമാനംകൊണ്ട് ഒരുകൊല്ലംവരെ ഞങ്ങൾക്ക് കഴിയാം. കൃഷിയും തൊഴിലുമൊന്നും ഇല്ലാത്തതുകൊണ്ട്, സ്വർണ്ണത്തേക്കാൾ വിലയുള്ളതാണ് ഇത്” അനിൽ സിംഗ് എന്ന ഒരു വിളവെടുപ്പുകാരൻ പറയുന്നു.
ഈ ലാഭക്കച്ചവടം കണ്ടുപിടിക്കുന്നതിനുമുൻപ്, ഗ്രാമത്തിലുള്ളവർ കൃഷിയേയും ദിവസവേതനത്തേയും ആടുമേയ്ക്കലിനെയുമാണ് ആശ്രയിച്ചിരുന്നത്. പക്ഷേ ഈ ദുർഘടമായ പ്രദേശത്ത് കൃഷി അത്ര എളുപ്പമുള്ള തൊഴിലല്ല. “ഈ ഭൂമി വളക്കൂറുള്ളതല്ല; ഞങ്ങൾ രാജ്മയും (ഒരുതരം പയർ) ഉരുളക്കിഴങ്ങുമാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. നല്ല വിളവ് കിട്ടിയാൽ - അത് അത്ര എളുപ്പമല്ല – ഞങ്ങൾ അത് കുറച്ചൊക്കെ വിൽക്കും. കൂടുതലും സ്വന്തം ആവശ്യത്തിന് സൂക്ഷിച്ചുവെക്കുകയാണ് ചെയ്യുക”, ഭാനു സിംഗ് പറഞ്ഞു. “മറ്റൊരു മാർഗ്ഗം എം.ജി.എൻ.ആർ.ഇ.ജി.എ വഴിയുള്ള കൂലിപ്പണിയാണ്, പക്ഷേ അത് ഈ കീടമരുന്നിന്റെയത്ര ലാഭകരമല്ല”.
പലരും ജോലിയന്വേഷിച്ച് പലായനവും ചെയ്യാറുണ്ട്. പക്ഷേ ഈ കമ്പിളിപ്പുഴു കുമിളിനെ കണ്ടെത്തിയതിൽപ്പിന്നെ പണ്ട് തൊഴിലന്വേഷിച്ച് നഗരങ്ങളിലേക്ക് പോയ പലരും ഹിമാലയത്തിലെ ഈ ഉയർന്ന പീഠഭൂമികളിലേക്ക് മടങ്ങിത്തുടങ്ങി.
വർഷത്തിന്റെ ബാക്കിയുള്ള സമയത്ത് വരുമാനമുണ്ടാക്കാനായി സുനിലിനെപ്പോലെയുള്ള ചെറുപ്പക്കാർ ടാക്സി വാങ്ങിയിട്ടുണ്ട്. “ഈ സീസണിൽ ഞാൻ 16 ദിവസം മാത്രമാണ് പുൽമേട്ടിൽ പോയത്. എനിക്ക് 300 എണ്ണം (കീടമരുന്നുകൾ) കിട്ടി”, അയാൾ പറഞ്ഞു. താൻ ശേഖരിച്ചത് വിറ്റാൽ, അയാൾക്ക് ചുരുങ്ങിയത് 45,000 രൂപ കിട്ടും. അയാളുടെ സുഹൃത്ത് മന്നു സിംഗ് ഞങ്ങളുടെ കൂടെ സഞ്ചരിക്കാനുണ്ടായിരുന്നു. അയാൾക്ക് 500 എണ്ണം കിട്ടി. “ചുരുങ്ങിയത് 75,000 രൂപയെങ്കിലും ഉണ്ടാക്കാനാണ് ഞാൻ ശ്രമിക്കുന്നത്”, മന്നു ചിരിച്ചുകൊണ്ട് പറയുന്നു.
കുമിളിന്റെ വ്യാപാരത്തിലൂടെ ഉണ്ടായ സമ്പന്നത സുനിലിന്റെ ഗ്രാമത്തിൽ എല്ലായിടത്തും ദൃശ്യമാണ്. പുതിയ വീടുകളും വ്യാപാരസ്ഥാപനങ്ങളും മലഞ്ചെരുവിൽ മുളച്ചുപൊന്തിയിട്ടുണ്ട്. നാട്ടുകാർ പലരുടേയും കൈയ്യിൽ നേപ്പാളിലെ സിം കാർഡ് ഉപയോഗിക്കുന്ന വിലപിടിപ്പുള്ള സ്മാർട്ട്ഫോണുകൾ കണ്ടു. ഇന്ത്യൻ മൊബൈൽ നെറ്റ്വർക്കുകൾ ഇവിടെ അധികം പ്രവർത്തനക്ഷമമല്ല. “കീടമരുന്ന് ഞങ്ങളുടെ ഗാർഹിക വരുമാനത്തെ വർദ്ധിപ്പിക്കുകയും സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കൂടുതൽ നല്ല ഭക്ഷണം കഴിക്കാൻ സാധിക്കുന്നു. വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കും ദില്ലിയിലേക്കും ഡെഹ്റാഡൂണിലേക്കും പോകാൻ ഞങ്ങൾക്കിപ്പോൾ കഴിയുന്നുണ്ട്“, 14 വയസ്സുള്ള മനോജ് താപ്പ പറയുന്നു. 2017-ലെ സീസണിൽ അവൻ ഒറ്റയ്ക്ക് 450 കുമിളുകൾ സംഭരിച്ചിരുന്നു.
ഗ്രാമത്തിലെ ചില ചെറുപ്പക്കാർ സിവിൽ സർവ്വീസ് പരീക്ഷയ്ക്കുള്ള പരിശീലനത്തിന് ഡെഹ്റാഡൂണിലെ കോച്ചിംഗ് ക്ലാസ്സുകളിൽ പങ്കെടുക്കുന്നുണ്ടെന്ന് എനിക്ക് അറിയാൻ കഴിഞ്ഞു. കീടമരുന്ന് അവരുടെ ഫീസടയ്ക്കാൻ സഹായിക്കുന്നുണ്ട്. ഈ പ്രദേശത്തുനിന്നുള്ള പല കുടുംബങ്ങളും പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെടുന്നവരാണ്. സിവിൽ സർവ്വീസിൽ പ്രവേശിക്കുക എന്നത് അവരിൽ പലരുടേയും സ്വപ്നവുമായിരുന്നു. പട്ടികവർഗ്ഗത്തിന് സംവരണം ചെയ്യപ്പെട്ട സീറ്റുകൾ വന്നതോടെ, ആ ലക്ഷ്യം കൂടുതൽ എളുപ്പമായെങ്കിലും, ഈ കീടവ്യാപാരം വ്യാപകമാവുന്നതുവരെ, അവർക്ക് അത് താങ്ങാൻ കഴിഞ്ഞിരുന്നില്ല.
2013 ജൂണിൽ മഞ്ഞുമലകളിൽനിന്നുള്ള മഴവെള്ളപ്പാച്ചിൽ അവരുടെ കൃഷിഭൂമികൾ നശിപ്പിച്ചപ്പോൾ, അവർ അത് പുനർനിർമ്മിച്ചത്, ഈ വ്യാപാരത്തിൽനിന്നുള്ള പൈസകൊണ്ടായിരുന്നു. “കീടമരുന്നുകൊണ്ട് മാത്രമാണ് അത് സാധ്യമായത്”, ഭാനു സിംഗ് പറഞ്ഞു. 2016-ൽ മൂത്ത മകളുടെ വിവാഹച്ചടങ്ങ് ആർഭാടമായി അയാൾക്ക് നടത്താൻ കഴിഞ്ഞതും ഈ പണം ഉപയോഗിച്ചായിരുന്നു. മൂന്ന് മുറികളുള്ള സാമാന്യം നല്ലൊരു വീടും അയാൾ നിർമ്മിച്ചു.
'ഒരേ സ്ഥലത്ത് ധാരാളം കുടുംബങ്ങൾ വേട്ടയാടാൻ തുടങ്ങിയാൽ, ഓരോ കുടുംബത്തിന്റെയും വരുമാനം കുറയും. പക്ഷേ ഞങ്ങൾ ഈ വഴക്കുകൾ പൊലീസിനെ അറിയിക്കാറില്ല. കാരണം, ഞങ്ങൾ ജയിലിലാവും'
പക്ഷേ ഈ ഉയർച്ചയ്ക്ക് ചില മറുവശങ്ങളുമുണ്ട്. സത്പേർ പുൽമൈതാനം പോലുള്ള പൊതുവായ മേച്ചിൽപ്പുറങ്ങൾ കൈവശപ്പെടുത്തുന്നതിനെപ്പറ്റി കഴിഞ്ഞ ചില വർഷങ്ങളായി ഗ്രാമങ്ങൾ തമ്മിൽ അക്രമങ്ങളും തർക്കങ്ങളും പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. “ഹാൽഡ്വാനി, ലാൽകൌൻ തുടങ്ങിയ ഗ്രാമങ്ങളിൽനിന്നുപോലും പൊതുവായ പുൽമൈതാനങ്ങളിലേക്ക് ചില കുടുംബങ്ങൾ എത്താറുണ്ട്. അങ്ങിനെ വരുമ്പോൾ, ഓരോ കുടുംബത്തിനും കിട്ടുന്ന പങ്ക് കുറയുകയും അത് വഴക്കുകളിലേക്ക് നയിക്കുകയും ചെയ്യും”, ലാൽ സിംഗ് പറയുന്നു.
“ഒരേ സ്ഥലത്ത് ധാരാളം കുടുംബങ്ങൾ വേട്ടയാടാൻ തുടങ്ങിയാൽ, ഓരോ കുടുംബത്തിന്റെയും വരുമാനം കുറയും. പക്ഷേ ഞങ്ങൾ ഈ വഴക്കുകൾ പൊലീസിനെ അറിയിക്കാറില്ല. കാരണം, ഞങ്ങൾ ജയിലിലാവും”, ഭാനു സിംഗ് പറയുന്നു. അയാളും കുടുംബവും ചേർന്ന് കഴിഞ്ഞ വർഷം സത്പേറിൽനിന്ന് 1,400 കുമിളുകൾ ശേഖരിച്ച് കുപ്പി ഭരണികളിൽ കൊണ്ടുവന്നു. അതിന് ചുരുങ്ങിയത് 2 ലക്ഷം രൂപ വില വന്നിരുന്നു.
1993-ൽ മൂന്ന് ചൈനീസ് കായികതാരങ്ങൾ അഞ്ച് ലോക റിക്കാർഡുകൾ ഭേദിച്ചത് ഈ കീടമരുന്നിൽനിന്ന് ഉണ്ടാക്കിയ മരുന്ന് കഴിച്ചിട്ടാണെന്ന അവകാശവാദത്തിനുശേഷം, യാർസഗുംബയ്ക്കുള്ള ആവശ്യക്കാരുടെ എണ്ണത്തിൽ വലിയ വർദ്ധവുണ്ടായി. 1999-ൽ ചൈന ഈ കുമിളിനെ വംശനാശമടുത്ത വർഗ്ഗമായി പട്ടികയിൽപ്പെടുത്തി. താമസിയാതെ, ഈ കുമിൾ ശേഖരിക്കുന്ന തൊഴിൽ ഇന്ത്യയിലേക്ക് കടന്നുവന്നു. “2000-ത്തിന്റെ ആദ്യകാലത്ത്, ചില തിബത്തൻ ഖംപമാർ (തിബത്തിലെ ഒരു പ്രവിശ്യയായ ഖംപയിലെ ജനങ്ങൾ) ഈ കുമിൾ തിരഞ്ഞ് ഇന്ത്യയുടെ അതിർത്തിപ്രദേശങ്ങളിൽ നടക്കുന്നതായി ഞങ്ങൾ കണ്ടു. തിബത്തിൽ ഇപ്പോൾ ഈ കുമിൾ തീരെ കാണുന്നില്ലെന്നും അവർ പറഞ്ഞു. ഇന്ത്യയിലെ അധികം അറിയപ്പെടാത്ത ചില സ്ഥലങ്ങളിൽ അവർ തിരച്ചിൽ നടത്തുകയും സഹായിക്കാൻ ഞങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു”, 41 വയസ്സുള്ള കൃഷ്ണ സിംഗ് പറയുന്നു. അന്ന് കീടമരുന്നിന്റെ വില അത്രയൊന്നുമുണ്ടായിരുന്നില്ല. പക്ഷേ 2007-ഓടെ ഈ വ്യവസായം പുഷ്ടിപ്പെടുകയും ധാരാളം വിളവെടുപ്പുകാരെ ആകർഷിക്കുകയും ചെയ്തു.
പക്ഷേ പിതോറഗഢ്, ചമോലി തുടങ്ങിയ ജില്ലകളീലെ 300-ഓളം ദരിദ്രഗ്രാമങ്ങളിലെ ഈ ‘സ്വർണ്ണവേട്ട’ അവസാനിച്ചുതുടങ്ങിയെന്ന് തോന്നുന്നു.
പുതിയ മേച്ചിൽപ്പുറങ്ങൾ തേടി ഖംപകൾക്ക് പോകേണ്ടിവന്നതുപോലെ, ഉത്തരാഖണ്ഡിലെ കുമിൾ വിളവെടുപ്പുകാർക്കും പുതിയ തൊഴിൽ കണ്ടെത്തേണ്ട സമയമായി. കുറച്ച് വർഷങ്ങൾക്ക് മുമ്പുവരെ ചെറിയ ഉയരങ്ങളിൽനിന്ന് കുമിൾ ശേഖരിക്കാൻ കഴിഞ്ഞിരുന്നുവെങ്കിലും ഇപ്പോൾ കൂടുതൽ ഉയർന്ന പ്രദേശങ്ങളിലേക്ക് പോകേണ്ടിവരുന്നുവെന്ന് ഗ്രാമീണർ പറയുന്നു. “പത്ത് വർഷം മുമ്പ് കിട്ടിയിരുന്നത്ര കുമിൾ ഇപ്പോൾ കിട്ടുന്നില്ല. കുറച്ചുകാലം കഴിഞ്ഞാൽ ഒരുപക്ഷേ ഇപ്പോൾ പോകുന്ന സ്ഥലങ്ങളിൽനിന്ന് കണ്ടെത്താൻ ഞങ്ങൾക്ക് കഴിയില്ലെന്നുവരാം. കൂടുതൽ ഉയരങ്ങളിലേക്ക് ഞങ്ങൾക്ക് പോകേണ്ടിവരും”, ലാൽ സിംഗ് പറയുന്നു.
അതേസമയം, ഈ കച്ചവടത്തെ നിയന്ത്രിക്കാനും കുമിളിന്റെ അമിതമായ ചൂഷണം തടയാനും ഉത്തരാഖണ്ഡ് സർക്കാർ നടപടി തുടങ്ങിയിട്ടുണ്ട്. ഉത്തരാഖ്ണ്ഡിലെ ഫോറസ്റ്റ് ചീഫ് കൺസർവേറ്റർ രഞ്ജൻ മിശ്ര പറയുന്നു “ഞങ്ങൾ കേന്ദ്രത്തിന് ഒരു പുതിയ അപേക്ഷ കൊടുത്തിട്ടുണ്ട്. ഈ കുമിളുകൾ ശേഖരിക്കുന്നതും വിൽക്കുന്നതും ഞങ്ങൾക്ക് നിർത്താൻ സാധിക്കില്ല. കൃത്യമായി നിർവ്വചിക്കപ്പെട്ട നയങ്ങളിലൂടെ ഇത് നിയന്ത്രിച്ച്, സർക്കാരിനും ജനങ്ങൾക്കും ഉപകാരപ്പെടുന്ന രീതിയിലാക്കുക മാത്രമേ നിവൃത്തിയുള്ളു”, രഞ്ജൻ മിശ്ര കൂട്ടിച്ചേർത്തു.
എല്ലാ വിളവെടുപ്പുകാരേയും അവരുടെ ആധാർ കാർഡോ വോട്ടർ തിരിച്ചറിയൽ കാർഡുവഴി വന പഞ്ചായത്തിന്റെയോ ഫോറസ്റ്റ് റേഞ്ച് ഓഫീസിന്റെയോ കീഴിൽ രജിസ്റ്റർ ചെയ്യിപ്പിക്കുക എന്നതാണ് പുതിയ നയം. കീടമരുന്ന് ശേഖരിക്കാൻ എത്ര ദിവസം ചിലവഴിക്കുന്നു, കാടിന്റെ ഏതുഭാഗത്തുനിന്നാണ് ശേഖരിക്കുന്നത് എന്നതൊക്കെ വിളവെടുപ്പുകാർ അറിയിക്കേണ്ടിവരും. എത്ര കീടമരുന്ന് ശേഖരിച്ചുവെന്നും അവർ വെളിപ്പെടുത്തണം. “ഓരോ 100 ഗ്രാമിനും 1,000 രൂപ വെച്ച് വനംവകുപ്പ് റോയൽറ്റി പിരിക്കും. അങ്ങിനെ ചെയ്താൽ, ആ കുമിളുകൾ വന പഞ്ചായത്തിനോ മൂന്നാമതൊരാൾക്കോ വിൽക്കാൻ അയാൾക്ക് സ്വാതന്ത്ര്യമുണ്ടാവും. അപ്പോൾ വിൽപ്പന നിയമവിധേയമാകും” മിശ്ര പറയുന്നു. “ഈ പച്ചപ്പുൽത്താഴ്വരകൾ പാരിസ്ഥിതികമായി ലോലപ്രദേശങ്ങളാണ്. അതുകൊണ്ട് ഈ നയം പ്രയോഗത്തിൽ വന്നാൽ, എത്രമാത്രം വിളവെടുപ്പ് നടക്കുന്നുണ്ടെന്നും ആ പ്രദേശത്തിന്റെ സ്ഥിതി എന്താണെന്നും ഞങ്ങൾക്ക് അറിയാൻ കഴിയും”.
അതേസമയം, ഈ കുമിൾ കണ്ടെത്താനുള്ള ബുദ്ധിമുട്ടും അതിന്റെ ആവശ്യക്കാരുടെ എണ്ണവും മൂലം ഇവയുടെ വിപണിവില പലയിരട്ടി വർദ്ധിച്ചിട്ടുണ്ട്, കഴിഞ്ഞ പതിറ്റാണ്ടിനുള്ളിൽ. അത്, ഈ വിളവെടുപ്പുകാരെ കൂടുതൽക്കൂടുതൽ ഇവിടേക്ക് ആകർഷിക്കുകയും ചെയ്യുന്നു.
പരിഭാഷ: രാജീവ് ചേലനാട്ട്