“ഞങ്ങൾ ഇന്ന് പിന്മാറില്ല”, തുക്കാറാം വളവി പറഞ്ഞു. “ഞങ്ങൾ ഈ സർക്കാരിനാൽ ആക്രമിയ്ക്കപ്പെട്ടുകൊണ്ടിരിയ്ക്കുന്നു. വർഷങ്ങളായി ഞങ്ങൾ കൃഷി ചെയ്യുന്ന ഭൂമിയിൽ നിന്നും 10 ഏക്കർ നല്കാൻ ആവശ്യപ്പെട്ടാൽ 10 ഗുണ്ടയാണ് (ഒരു ഏക്കറിന്റെ കാൽഭാഗം) ഞങ്ങൾക്ക് തരുന്നത്. അഞ്ച് ഏക്കർ ആവശ്യപ്പെട്ടാൽ മൂന്ന് ഗുണ്ടയാണ് തരുന്നത്. ഞങ്ങളുടെ ഭൂമി ഇല്ലാതെ ഞങ്ങൾ എങ്ങനെ ഭക്ഷണം കഴിയ്ക്കും? ഞങ്ങൾക്ക് പണവുമില്ല, ജോലിയുമില്ല, ഭക്ഷണവുമില്ല.”
പാൽഗർ ജില്ലയിലെ വാഡാ താലൂക്കിലെ ഗർഗാവോൺ ഗ്രാമത്തിൽ നിന്നുള്ള വാർളി ആദിവാസി വിഭാഗത്തിൽപ്പെട്ട 61-കാരനായ വളവി ജില്ലയുടെ വ്യത്യസ്ത ഗ്രാമങ്ങളിൽ നിന്നുള്ള, പ്രധാനമായും വാർളി സമുദായത്തിൽപ്പെട്ട, 3000 (കണക്കനുസരിച്ച്) കർഷകരോടും കർഷക തൊഴിലാളികളോടും ചേർന്ന് ഈയാഴ്ച സമരത്തിലാണ്.
നവംബർ 26-ന് വാഡായിലെ ഖന്ധേശ്വരി നാകായിൽ അവരെല്ലാം ഒത്തുചേർന്ന്, “രാജ്യത്തെ കൃഷിയുടെ പരിവര്‍ത്തനം, കർഷകരുടെ വരുമാനം ഉയർത്തല്‍, എന്നീ ലക്ഷ്യങ്ങളോടെ” സെപ്റ്റംബർ 27-ന് പാസ്സാക്കിയ, മൂന്ന് കാർഷിക നിയമങ്ങള്‍ ക്കെതിരെ ഒരു റോഡുപരോധം നടത്തി. ഇവ കാര്‍ഷിക മേഖലയെ സ്വകാര്യ നിക്ഷേപകർക്കും ആഗോള വിപണികൾക്കുമായി തുറന്നു കൊടുക്കുമെന്ന് ഈ സർക്കാർ അവകാശപ്പെടുന്നു. ഈ നിയമം പാസ്സാക്കിയതിനെത്തുടര്‍ന്ന് സെപ്റ്റംബർ മുതൽ കർഷകര്‍ വ്യാപകമായ സമരത്തിലേര്‍പ്പെടാന്‍ തുടങ്ങി – പ്രത്യേകിച്ച് പഞ്ചാബ്, ഹരിയാന, പടിഞ്ഞാറൻ ഉത്തർ പ്രദേശ് എന്നിവിടങ്ങളിൽ.
കഴിഞ്ഞ ദിവസങ്ങളിൽ ഹരിയാന-ഡൽഹി അതിർത്തിയിൽ കർഷകർ കൃത്യമായി സംഘടിച്ചുകൊണ്ട് നടത്തിയ സമരങ്ങളിലേയ്ക്ക് മാത്രമായി എല്ലാ ശ്രദ്ധയും എത്തിയതു കൊണ്ട് മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള മറ്റു കർഷകർ - മേൽപ്പറഞ്ഞ കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടും, അതുപോലെ തന്നെ തങ്ങളുടെ ചില പ്രാദേശിക ആവശ്യങ്ങൾ കൂട്ടിച്ചേർത്തു കൊണ്ടും - നടത്തിയ സമരങ്ങൾക്ക് കുറഞ്ഞ ശ്രദ്ധയേ കിട്ടിയുള്ളൂ. ഉദാഹരണത്തിന് മഹാരാഷ്ട്രയിൽ ഏറ്റവും കുറഞ്ഞത് 60,000 ആൾക്കാർ നവംബർ 25-26 തീയതികളിൽ സംസ്ഥാനത്തുടനീളം നടന്ന - നാസികിൽ തുടങ്ങി പാൽഗറിലേയ്ക്കും പിന്നെ റായ്ഗഢിലേയ്ക്കും എത്തിയ - സമര പരമ്പരകളിൽ പങ്കെടുത്തു. ഈ ജില്ലകളിൽ പോലും പല താലൂക്കുകളിൽ നിന്നുള്ള ഒരുപാട് കേന്ദ്രങ്ങളിലേയ്ക്ക് സമരം വ്യാപിച്ചിരുന്നു.
വാഡായിൽ ഈ ആഴ്ച നടന്ന, അഖിലേൻഡ്യാ കിസാൻ സഭ (എ.ഐ.കെ.എസ്) സംഘടിപ്പിച്ച റാലിയിൽ ഉയർന്നുകേട്ട ആവശ്യങ്ങളിൽ വളവിയുടെ പ്രധാനപ്പെട്ട ആവശ്യവും - പട്ടയം - ഉണ്ടായിരുന്നു. കുറച്ചു വർഷങ്ങളായി മഹാരാഷ്ട്രയിലെ ധാരാളം സമരങ്ങളിൽ ആദിവാസി കർഷകര്‍ ആവർത്തിച്ച് ഉയർത്തുന്ന ഒരു ആവശ്യമാണിത്. കഴിഞ്ഞ 15 വർഷമായി തന്‍റെ ഭൂമിയ്ക്ക് പട്ടയം കിട്ടാനായി വളവി കോടതി കയറിയിറങ്ങിക്കൊണ്ടിരിയ്ക്കുകയാണ്. “[ഞങ്ങളുടെ] ഗ്രാമങ്ങളിൽ വനഭൂമിയിൽ കൃഷി ചെയ്യുന്നവർ വനം വകുപ്പിൽ നിന്നും അനീതി നേരിട്ടു കൊണ്ടിരിയ്ക്കുന്നു”, അദ്ദേഹം പറഞ്ഞു. “ഈ കേസുകൾ ഞങ്ങൾക്ക് കോടതിയിൽ നേരിടേണ്ടതുണ്ട്. ഞങ്ങളുടെ ജാമ്യത്തിനായി പോലും ഞങ്ങൾക്ക് പണമില്ല. എവിടെ നിന്നു ഞങ്ങൾ പാവങ്ങൾ അതിനുള്ള പണം കണ്ടെത്തും.”
നവംബർ 26-ന് നടന്ന റാലിയിൽ കർഷകർ 21-ഇന ആവശ്യങ്ങളുടെ ഒരു പത്രിക കരുതുകയും അതവർ വാഡാ താലൂക്കിലെ തഹസീൽദാറുടെ ഓഫീസിൽ സമർപ്പിയ്ക്കുകയും ചെയ്തു. റാലിയ്ക്ക് വന്ന ഏതാണ്ടെല്ലാവരും മാസ്ക് ധരിയ്ക്കുകയോ അല്ലെങ്കിൽ കൈത്തൂവാല കൊണ്ടോ നേര്യത് കൊണ്ടോ തങ്ങളുടെ മുഖം മറയ്ക്കുകയും ചെയ്തിരുന്നു. ചില എ.ഐ.കെ.എസ്. സന്നദ്ധ പ്രവർത്തകർ സമർക്കാർക്ക് മാസ്കുകളും സോപ്പും വിതരണം ചെയ്യുന്നുണ്ടായിരുന്നു.
അടുത്തിടെ പാസ്സാക്കിയ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിയ്ക്കണമെന്നുള്ളതും 21-ഇന ആവശ്യങ്ങളിൽ ഉൾപ്പെടുന്നു. 2006-ലെ വനാവകാശ നിയമം ( എഫ്.ആര്‍.എ. ) കർശനമായി നടപ്പാക്കുക, കാലാവസ്ഥാ വ്യതിയാനം കൊണ്ടുള്ള മഴ മൂലം ഉണ്ടാകുന്ന വിളനഷ്ടങ്ങൾക്ക് പര്യാപ്തമായ നഷ്ട പരിഹാരം നല്കുക, (കോവിസ്-19-ന്‍റെ പശ്ചാത്തലത്തിൽ) പൊതു ആരോഗ്യ സുരക്ഷാ സംവിധാനം മെച്ചപ്പെടുത്തുക, ഓൺലൈൻ ക്ലാസ്സുകൾ അവസാനിപ്പിയ്ക്കുക എന്നിവയൊക്കെയാണ് ദൂരവ്യാപകമായ മറ്റ് ആവശ്യങ്ങൾ.
ഓരോ കുടുംബത്തിനും 7,500 രൂപ വീതം വരുമാനത്തിനു താങ്ങായി നല്കുക, പാൻഡമിക് സമയങ്ങളിൽ 6 മാസത്തേയ്ക്ക് ഓരോ കുടുംബാംഗത്തിനും 10 കിലോ വീതം റേഷൻ അനുവദിയ്ക്കുക – ഈ ആവശ്യത്തെക്കുറിച്ച് റാലിയിൽ ഒരുപാടു കർഷകർ സംസാരിച്ചു – എന്നിവയും പത്രികയില്‍ ഉൾപ്പെടുന്നു.
“ഞങ്ങളുടെ പ്രദേശത്തു നിന്നുമുള്ള ചില സ്ത്രീകൾക്ക് വരുമാനം ഉണ്ടാക്കുന്നതിനായി എല്ലാ ദിവസും രാവിലെ നാല് മണിയ്ക്കൂറോളം നടക്കേണ്ടതുണ്ട്”, കാഞ്ചാട് ഗ്രാമത്തിൽ നിന്നുള്ള എ.ഐ.കെ.എസ്. പ്രവർത്തകയും 54-കാരിയുമായ രമാ താർവി പറയുന്നു. രമാ തര്‍വിയുടെ കുടുംബം 2 ഏക്കറിൽ ജോവാർ, ബജ്റ, ഗോതമ്പ് എന്നിവ കൃഷി ചെയ്യുന്നു. “ദിവസം മുഴുവൻ പണിതു കഴിഞ്ഞാൽ 200 രൂപയാണ് അവർക്ക് കിട്ടുന്നത്. ഞങ്ങൾക്ക് ഭൂമിയുണ്ട്, പക്ഷേ അവിടെ കൃഷി ചെയ്യാൻ വനം വകുപ്പ് ഞങ്ങളെ അനുവദിയ്ക്കുന്നില്ല. കോവിഡ് കാലമായതിനാൽ നേരത്തേ തന്നെ ഞങ്ങള്‍ക്കു ജോലിയുമില്ല.”
“[എഫ്,ആർ.എ] സ്ഥലമാണ് ഞങ്ങളുടെ ഒരേയൊരു ഉപജീവന മാർഗ്ഗം. കോവിഡ് കാലമായിട്ടു പോലും അവർ ഞങ്ങളുടെ ജീവിതം ബുദ്ധിമുട്ടിലാക്കുകയും വർഷങ്ങളായി കൃഷി ചെയ്തു പോരുന്ന ഭൂമിയ്ക്കുമേലുള്ള ഞങ്ങളുടെ അവകാശം റദ്ദ് ചെയ്യാന്‍ നോക്കുകയും ചെയ്യുന്നു”, 50-കാരിയായ സുഗന്ധ ജാദവ് പറയുന്നു. അവരുടെ കുടുംബം നെല്ല്, ബജ്റ, ഉഴുന്ന്, ചോളം എന്നിവ കൃഷി ചെയ്യുന്നു. “ഞങ്ങൾ ഒരുപാടു തവണ സമരം ചെയ്യുകയും പ്രകടനം നടത്തുകയും ഒക്കെ ചെയ്തിട്ടുണ്ട്, പക്ഷേ സർക്കാർ ശ്രദ്ധിയ്ക്കുന്നില്ല. സർക്കാർ ഞങ്ങളെ വീണ്ടും തെരുവിലിറങ്ങാൻ നിർബ്ബന്ധിതരാക്കിയിരിയ്ക്കുന്നു.
പരിഭാഷ: ഡോ. റെന്നിമോന്‍ കെ. സി.