2020-ൽ കോവിഡിനെത്തുടർന്ന് അടച്ചുപൂട്ടൽ വന്ന സമയത്ത്, മുത്തച്ഛൻ വീണ് കാലൊടിഞ്ഞു എന്ന വാർത്ത നാട്ടിൽനിന്ന് വന്നു. കൊറോണ കാരണം, സാമൂഹികാരോഗ്യകേന്ദ്രത്തിൽ ഡോക്ടർമാരൊന്നും ഉണ്ടായിരുന്നില്ല. ചുറ്റുമുള്ള സ്വകാര്യ ക്ലിനിക്കുകളൊക്കെ അടയ്ക്കുകയും ചെയ്തിരുന്നു. പൊട്ടിയ കാലിന് ചുറ്റും എങ്ങിനെയൊക്കെയോ പ്ലാസ്റ്ററൊക്കെയിട്ട് എന്‍റെ വീട്ടുകാർ വീട്ടിൽത്തന്നെ മൂപ്പരെ പരിചരിച്ചു. പക്ഷേ ഇടയ്ക്കിടയ്ക്ക് പനിയും അസഹ്യമായ വേദനയും വന്ന് മുത്തച്ഛൻ ഉറക്കെ നിലവിളിക്കാൻ തുടങ്ങി. ദിവസംപ്രതി അദ്ദേഹം ക്ഷീണിച്ച് ക്ഷീണിച്ച് വന്നു. കഴിഞ്ഞ വർഷം മേയ് മാസം അദ്ദേഹം മരിച്ചു.
ഇത് സംഭവിക്കുമ്പോൾ ഞാൻ മുംബൈയിലായിരുന്നു. ഒരു കൊടുങ്കാറ്റ് വീശിയപോലെ എല്ലാം മരവിച്ചപോലെയായിരുന്നു. മഹാവ്യാധിയെക്കുറിച്ചുള്ള ഭയം വർദ്ധിക്കുമ്പോൾത്തന്നെ തെരുവിലാകട്ടെ, പൊലീസുകാർ ലാത്തിവീശുകയായിരുന്നു. എല്ലാ വരുമാനവും നിലച്ചു. കുടിയേറ്റക്കാരൊക്കെ അവരവരുടെ ഗ്രാമങ്ങളിലേക്ക് പോകാൻ തുടങ്ങി. ഞാൻ മുംബൈയിൽത്തന്നെ തങ്ങി. പച്ചക്കറി വില്പനയായിരുന്നു എനിക്ക്. ഞങ്ങൾക്ക് ജോലി ചെയ്യാൻ തടസ്സമൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ, മുത്തച്ഛൻ മരിച്ചു എന്നറിഞ്ഞപ്പോൾ ഉത്തർപ്രദേശിലെ ജൗൻപുർ ജില്ലയിലെ എന്‍റെ ഗ്രാമത്തിലേക്ക് പോകാൻ ഞാൻ ആഗ്രഹിച്ചു. മൂപ്പരുമായി ഒരു പ്രത്യേക അടുപ്പമുണ്ട് എനിക്ക്. മാത്രമല്ല, അമ്മയൊഴിച്ച് അവിടെ വേറെയാരും സഹായത്തിനുണ്ടായിരുന്നില്ല.
ബുദ്ധിമുട്ടുള്ള സമയമായിരുന്നു. രാജ്യത്തിന്‍റെ എല്ലാ ഭാഗത്തുനിന്നും വരുന്ന വാർത്തകൾ അത്രയ്ക്ക് മോശമായിരുന്നു. നാട്ടിലേക്ക് നടന്നുപോവുകയായിരുന്ന ചില തൊഴിലാളികൾ ക്ഷീണിച്ച് രാത്രിയിൽ റെയിൽപ്പാളത്തിൽ കിടന്നുറങ്ങുമ്പോൾ വണ്ടി കയറി മരിച്ചു. വെള്ളവും ആഹാരവുമില്ലാതെ ഒരു അമ്മ ഒരു കൈക്കുഞ്ഞിനെയുമെടുത്ത് നടക്കുന്നുണ്ടായിരുന്നു. ഞാൻ പെട്ടിയൊക്കെ തയ്യാറാക്കി അടുത്തുള്ള വെസ്റ്റ് അന്ധേരി റെയിൽവേസ്റ്റേഷനിലേക്ക് പോയി. നാട്ടിലേക്കുള്ള വണ്ടികളുടെ കാര്യം അന്വേഷിക്കാൻ. അലഹബാദിലേക്ക് വണ്ടിയൊന്നും പോവുന്നില്ലെന്ന് അറിഞ്ഞു. വാരാണസിയിലെ ഒരു തീവണ്ടിയിൽനിന്ന് രണ്ട് മൃതദേഹങ്ങൾ കണ്ടുകിട്ടിയെന്ന വാർത്ത പരന്നിരുന്നു. യു.പി.യിലേക്ക് പോകേണ്ടിയിരുന്ന ഒരു ട്രെയിൻ ഒഡിഷയിലേക്ക് പോയെന്നും കേട്ടു. ഗ്രാമത്തിലെത്തണമെങ്കിൽ അലഹബാദും കഴിഞ്ഞ് ഒരു 70 കിലോമീറ്റർ പോണം എനിക്ക്. ഇപ്പോൾ അലഹബാദല്ല. പ്രയാഗ്‌രാജാണ്. ഇതൊക്കെ കേട്ട് ആകെക്കൂടി മനസ്സ് മടുത്തു. വേണമെങ്കിൽ ടാക്സിയിൽ പോകാമായിരുന്നു. പക്ഷേ 40,000 മുതൽ 50,000 രൂപ വരെ കൊടുക്കണം. എനിക്കത് തീരെ താങ്ങാനാവുമായിരുന്നില്ല. അതുകൊണ്ട് പോക്ക് ഒഴിവാക്കി. വേറെ മാർഗ്ഗമുണ്ടായിരുന്നില്ല.























