രാവിലെ 9 മണിക്ക് ഉത്തര മുംബൈ പ്രാന്തപ്രദേശത്തുള്ള ബോരിവലി സ്റ്റേഷനിലെത്താനായി ആളുകൾ തിരക്കുകൂട്ടുകയും കടക്കാര്‍ കടകളുടെ ഷട്ടറുകൾ ഉയർത്താൻ തുടങ്ങുകയും ചെയ്യുമ്പോൾ 24-കാരനായ ലക്ഷ്മൺ കടപ്പയും തന്‍റെ ജോലി ചെയ്യാന്‍ തുടങ്ങുകയാണ്.
തോളിൽ ഒരു കറുത്ത പരുത്തിസഞ്ചിയുമായി നഗ്നപാദനായി ഭാര്യ രേഖയോടും ഇളയ സഹോദരൻ 13-കാരനായ ഏലപ്പയോടുമൊപ്പം നടന്ന് പൂട്ടിയിട്ട ഒരു കടയുടെ മുമ്പിൽ അദ്ദേഹം നില്‍ക്കുന്നു. തന്‍റെ സഞ്ചി തുറന്ന് അദ്ദേഹം ഒരു പച്ച ഘാഘരയും (നീളമുള്ള പാവാട) തലപ്പട്ടയും (ഹെഡ് ബാൻഡ്) ചെറുപെട്ടിയും പുറത്തെടുക്കുന്നു. മഞ്ഞപ്പൊടി, ചുവന്ന കുങ്കുമം, മുത്തുകൾ കോർത്ത കഴുത്തിലണിയുന്ന ആഭരണങ്ങൾ, ഒരു ചെറിയ കണ്ണാടി, ചാട്ട, കണങ്കാലിൽ അണിയുന്ന ഘുംഗ്രൂ (കാല്‍ചിലമ്പ്) എന്നിവയടങ്ങിയതായിരുന്നു ചെറിയപെട്ടി.
അടച്ച കടയുടെ മുമ്പിൽ നിന്നുകൊണ്ട് ലക്ഷ്മൺ തന്‍റെ പാന്‍റ്സിനു മുകളിലൂടെ പാവാട ധരിക്കുകയും ടി-ഷർട്ട് ഊരുകയും ചെയ്യുന്നു. പിന്നീടദ്ദേഹം തന്‍റെ നഗ്നമായ മാറിൽ മഞ്ഞയും ചുവപ്പും നിറം പൂശുകയും ആഭരണങ്ങൾ അണിയുകയും ചെയ്യുന്നു. ഏലപ്പയും അതുതന്നെ ചെയ്യുന്നു. കൂടാതെ, വലിയ മണികളുള്ള അരപ്പട്ട അവർ പാവാടയിൽ കെട്ടുകയും കാലുകളിൽ ചിലമ്പുകള്‍ അണിയുകയും ചെയ്യുന്നു. രേഖ ഒരു ധോലകും പിടിച്ചുകൊണ്ട് അവർക്കരികിൽ ഇരിക്കുന്നു.
പ്രകടനം തുടങ്ങുകയാണ്. ഇത് ലോക്ക്ഡൗൺ തുടങ്ങുന്നതിന് മുമ്പ് 2020 മാർച്ചിൽ ആയിരുന്നു.






















