ഗ്രാമീണ സ്ത്രീകള്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരുപാട് തരത്തിലുള്ള ജോലികള്‍ ചിത്രീകരിച്ചിട്ടുള്ള ദൃശ്യമായ ജോലി, അദൃശ്യരായ സ്ത്രീകള്‍, ഒരു ചിത്ര പ്രദര്‍ശനം എന്ന പ്രദര്‍ശനത്തിന്റെ ഭാഗമാണ് ഈ പാനല്‍. ഈ ചിത്രങ്ങള്‍ മുഴുവന്‍ 1993 മുതല്‍ 2002 വരെയുള്ള കാലഘട്ടത്തില്‍ വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും പി. സായ്നാഥ് എടുത്തതാണ്. നിരവധി വര്‍ഷങ്ങളോളം രാജ്യത്തിന്റെ മിക്കഭാഗത്തും പര്യടനം നടത്തിയ യഥാര്‍ത്ഥ പ്രദര്‍ശനത്തെ പാരി ഇവിടെ ക്രിയാത്മകമായി ഡിജിറ്റൈസ് ചെയ്തിരിക്കുന്നു.
മണ്ണും അമ്മമാരും ‘ പുരുഷന്മാരുടെ സമയവും ’
വിജയനഗരത്തിലെ ഭൂരഹിത തൊഴിലാളികളുമായുള്ള കൂടിക്കാഴ്ച രാവിലെ 7 മണിക്ക് തൊട്ടുമുൻപാണ് ഉറപ്പിച്ചിരുന്നത്. അന്നത്തെ ദിവസം മുഴുവൻ അവരുടെ തൊഴിലിനെ അറിയുക എന്നതായിരുന്നു ഉദ്ദേശ്യം. എന്നിരിക്കിലും ഞങ്ങൾ വൈകി. ആ സമയം കൊണ്ട് സ്ത്രീകൾ 3 മണിക്കൂർ പിന്നിട്ടിരുന്നു. പനകൾക്കിടയിലൂടെ പാടത്തേക്ക് വരുന്നവരെപ്പോലെ. അല്ലെങ്കിൽ മണ്‍കുഴിയില്‍ നിന്നും ചെളി നീക്കം ചെയ്തുകൊണ്ടിരുന്ന അവരുടെ സുഹൃത്തുക്കളെപ്പോലെ.
മിക്കവരും പാചകവും പാത്രങ്ങളും തുണികളും കഴുകുന്നതും മറ്റ് പണികളുമൊക്കെ തീർത്തിരുന്നു. സ്ക്കൂളിലയയ്ക്കാനായി അവർ കുട്ടികളെ തയ്യാറാക്കിയിരുന്നു. കുടുംബത്തിലെ എല്ലാവരേയും ഭക്ഷണവും കഴിപ്പിച്ചിരുന്നു. പക്ഷെ സ്ത്രീകൾ കഴിക്കുന്നത് അവസാനം തന്നെ. പുരുഷന്മാരേക്കാൾ കുറഞ്ഞ കൂലിയാണ് സ്ത്രീകൾക്ക് കൊടുക്കുന്നതെന്ന് സർക്കാരിന്റെ തൊഴിലുറപ്പ് സൈറ്റിൽ നിന്നും വ്യക്തമാണ്.
കുറഞ്ഞ വേതന നിയമം ഇവിടെ പുരുഷന്മാരുടെയും സ്ത്രീകളുടെയും കാര്യത്തിൽ ലംഘിക്കപ്പെടുന്നു എന്നതും ഉറപ്പാണ്. കേരളത്തിന്റെയും പശ്ചിമ ബംഗാളിന്റെയും കാര്യം ഒഴിച്ചു നിർത്തിയാൽ രാജ്യത്തിന്റെ മിക്കയിടത്തും ഇങ്ങനെ തന്നെയാണ്. എന്നിരിക്കിലും സ്ത്രീ തൊഴിലാളികൾക്ക് പുരുഷന്മാർക്ക് കിട്ടുന്നതിന്റെ പകുതിയോ മൂന്നിൽ രണ്ടോ ആണ് എല്ലായിടത്തും ലഭിക്കുക.
കർഷകത്തൊഴിലാളികളായ സ്ത്രീകളുടെ എണ്ണം വർദ്ധിച്ചതോടെ അവരുടെ വേതനം കുറച്ചു നിർത്തുന്നത് ഭൂഉടമകൾക്ക് നേട്ടമാണ്. ഇത് അവരുടെ വേതന ബില്ലിനെ താഴ്ത്തി നിർത്തുന്നു. കരാറുകാരും ഭൂഉടമകളും പറയുന്നത് സ്ത്രീകൾ താരതമ്യേന എളുപ്പമുള്ള ജോലി ചെയ്യുന്നതു കൊണ്ടാണ് കൂലി കുറവെന്നാണ്. എന്നിരിക്കിലും പറിച്ചുനടീൽ ബുദ്ധിമുട്ടുകൾ നിറഞ്ഞതും സങ്കീർണ്ണവുമാണ്. ഇത് രണ്ടും സ്ത്രീകളിൽ വിവിധ അസുഖങ്ങൾ ഉണ്ടാകാൻ കാരണമാവുകയും ചെയ്യുന്നു.
പറിച്ചുനടീൽ യഥാർത്ഥത്തിൽ വൈദഗ്ദ്ധ്യം ആവശ്യമുള്ള ജോലിയാണ്. മതിയായ താഴ്ചയിൽ കുഴിച്ചിടാത്തതോ തെറ്റായ അകലത്തിൽ നടുന്നതോ ആയ വിത്തുകൾ നന്നായി വളരില്ല. നിലം വേണ്ട രീതിയിൽ നിരപ്പാക്കിയില്ലെങ്കിലും ചെടി വളരില്ല. മുട്ടറ്റമോ കണങ്കാൽ മൂടുന്നതോ ആയ വെള്ളത്തിൽ മിക്ക സമയത്തും കുനിഞ്ഞുനിന്ന് ചെയ്യേണ്ടിവരുന്ന പണികൂടിയാണ് പറിച്ചുനടീൽ. അതെ, ഇതിനെ അവിദഗ്ദ്ധവും കുറഞ്ഞ കൂലി കൊടുക്കേണ്ടതുമായ ജോലിയായാണ് കരുതുന്നത്. കാരണമെന്തെന്നാൽ സ്ത്രീകളാണ് ഇത് ചെയ്യുന്നത്.
സ്ത്രീകൾക്ക് കുറഞ്ഞ വേതനം നൽകാൻ മുന്നോട്ടു വയ്ക്കുന്ന അടുത്ത വാദം അവർക്ക് പുരുഷന്മാരുടെ അത്രയും തൊഴിൽ ചെയ്യാൻ കഴിയില്ല എന്നതാണ്. പക്ഷെ ഒരു പുരുഷൻ കൊയ്ത നെല്ലിനേക്കാൾ കുറവാണ് ഒരു സ്ത്രീ കൊയ്തത് എന്ന് കാണിക്കാൻ പറ്റുന്ന ഒരു തെളിവുമില്ല. സ്ത്രീകൾ പുഷന്മാരുടെയത്രയും ജോലി ചെയ്യുന്ന സ്ഥലത്ത് പോലും സ്ത്രീകൾക്ക് വേതനം കുറവാണ്.
സ്ത്രീകൾ കാര്യക്ഷമത കുറഞ്ഞവരാണെങ്കിൽ ഭൂഉടമകൾ ഇത്രയധികം സ്ത്രീകളെ ജോലിക്കെടുക്കുമോ?
ആന്ധ്ര സർക്കാർ 1996-ൽ തോട്ടം നോക്കുന്നവർക്കും പുകയില പറിക്കുന്നവർക്കും പരുത്തി ശേഖരിക്കുന്നവർക്കും കുറഞ്ഞ വേതനം നിശ്ചയിച്ചതാണ്. പറിച്ചു നടുകയും കൊയ്ത്ത് പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്ന തൊഴിലാളികൾക്ക് കിട്ടുന്നതിനേക്കാൾ വളരെക്കൂടുതലായിരുന്നു ഇത്. അതുകൊണ്ട് വിവേചനം വളരെ തുറന്നരീതിയിലും ‘ഔദ്യോഗികവും’ ആയിരുന്നു.
വേതന നിരക്കിന് ഉൽപാദനക്ഷമതയുമായി വലിയ ബന്ധമൊന്നുമില്ല. മിക്കവാറും അതിന്റെ അടിസ്ഥാനം വളരെക്കാലമായി നിൽക്കുന്ന മുൻവിധികളാണ്. വിവേചനത്തിന്റെ ദീർഘകാല മാതൃകകളാണ് അവ. സ്വാഭാവികമായ സ്വീകാര്യതയും അവയ്ക്ക് ലഭിക്കുന്നു.
പാടങ്ങളിലെയും മറ്റ് പണിസ്ഥലങ്ങളിലെയും സ്ത്രീകളുടെ കഠിനാദ്ധ്വാനം ദൃശ്യമാണ്. എന്നിരിക്കിലും കുട്ടികളുടെ മേലുള്ള മുഖ്യ ഉത്തരവാദിത്തത്തിൽ നിന്നും ഇതൊന്നും അവരെ ഒഴിവാക്കില്ല. താഴെ വലത് കാണുന്ന ചിത്രത്തിലെ ആദിവാസി സ്ത്രീ തന്റെ രണ്ട് മക്കളെ ഒഡീഷയിലെ മാല്‍കാൻഗിരിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കൊണ്ടുവന്നതാണ്. അതിനായി നിനിരവധി കിലോമീറ്ററുകൾ അവർ നടന്നു തളർന്നു. മിക്ക സമയത്തും മകനെ എടുത്തു കൊണ്ടാണ് അവർ നടന്നത്. ബുദ്ധിമുട്ടുകൾ നിറഞ്ഞ മലഞ്ചരിവിൽ മണിക്കൂറുകളോളം പണിയെടുത്തതിന് ശേഷമാണിത്.
പരിഭാഷ: റെന്നിമോന്‍ കെ. സി.