രാവിലെ 9 മണിയാകുമ്പോൾ ഇസ്ലാവത് ബന്യാ നായക് തന്റെ നൂറ്റൻപതോളം വരുന്ന പശുക്കളെ വാത്വാർലാപളെ ഗ്രാമത്തിന് സമീപത്തുകൂടി കടന്നുപോകുന്ന ഹൈദരാബാദ് -ശ്രീശൈലം ഹൈവേയ്ക്ക് കുറുകെ തെളിക്കും. റോഡ് കടന്ന്, പൂർവ്വഘട്ടത്തിന്റെ ഭാഗമായ നല്ലമല മലനിരകളിൽ സ്ഥിതിചെയ്യുന്ന അംറാബാദ് കടുവ സങ്കേതത്തിന്റെ കോർ മേഖലയിലേയ്ക്ക് പ്രവേശിക്കുന്ന ഈ കന്നുകാലിക്കൂട്ടം അവിടെയുള്ള പുല്ലും തളിരിലകളുമെല്ലാം തിന്ന് വിശപ്പടക്കും.
75 വയസ്സുകാരനായ നായക് ലാമ്പാടി സമുദായക്കാരനാണ്; പ്രദേശത്തെ മിക്ക കന്നുകാലി വളർത്തലുകാരെയുംപോലെ അദ്ദേഹവും വളർത്തുന്നത് തുറുപ്പ് ഇനത്തിൽപ്പെട്ട കന്നുകാലികളെയാണ്. ലാമ്പാടി (പട്ടിക വർഗ്ഗം), യാദവ (ഓ.ബി.സി), ചെഞ്ചു (അതീവ ദുർബല ഗോത്രവിഭാഗം) എന്നീ സമുദായങ്ങളാണ് പരമ്പരാഗതമായി തുറുപ്പ് ഇനത്തെ വളർത്തുന്നത്. ഈ ഇനത്തിൽപ്പെട്ട കന്നുകാലികൾക്ക് ചെറിയ, മൂർച്ചയേറിയ കൊമ്പുകളും ഉറപ്പുള്ള, ബലമേറിയ കുളമ്പുകളുമുണ്ടാകും. ഈർപ്പമുള്ളതും വരണ്ടതുമായ ഏത് ഭൂപ്രകൃതിയിലൂടെയും അനായാസം നടന്നുനീങ്ങാൻ കഴിവുള്ള അവയ്ക്ക് ഭാരം വലിക്കാനും മികച്ച ശേഷിയാണ്. പൊതുവെ ചൂട് കൂടുതലുള്ള ഈ പ്രദേശത്തെ കാലാവസ്ഥയിൽ വളരെ കുറച്ച് വെള്ളംമാത്രം കുടിച്ച് ഏറെ നേരം പിടിച്ചുനിൽക്കാനും അവയ്ക്ക് കഴിയും.
തെലങ്കാന-കർണ്ണാടക അതിർത്തിയിലുള്ള ഗ്രാമങ്ങൾക്ക് കിഴക്കുള്ള അംറാബാദ് ഉപജില്ലയിൽനിന്നാണ് കർഷകർ പ്രധാനമായും ഈ ഇനത്തിലുള്ള പശുക്കളെ വാങ്ങുന്നത് എന്നതിനാലും അവയുടെ ശരീരത്തിൽ പുള്ളികൾ ഉള്ളതിനാലുമാണ് ഇവിടത്തെ ജനങ്ങൾ അവയെ 'പോട തുറുപ്പ്' എന്ന് വിളിക്കുന്നത്- തെലുഗു ഭാഷയിൽ 'പോട' എന്നാൽ പുള്ളി എന്നും 'തുറുപ്പ്' എന്നാൽ കിഴക്ക് എന്നുമാണ് അർഥം.
എല്ലാ വർഷവും നവംബറിൽ, ദീപാവലി കഴിഞ്ഞ് കുറച്ച് ആഴ്ചകൾക്കുശേഷം, പ്രാദേശിക ഉത്സവമായ കുരുമൂർത്തി ജതാരത്തിന്റെ വേദിയിൽ കർഷകരും കച്ചവടക്കാരും ഒത്തുകൂടും. ഇവിടെ നടക്കുന്ന മേളയുടെ ഭാഗമായാണ് കാളക്കിടാവുകളുടെ കച്ചവടം നടത്തുന്നത്. അംറാബാദിൽനിന്ന് 150 കിലോമീറ്റർ അകലെ നടക്കുന്ന ഈ മേളയിൽ പങ്കെടുക്കാൻ ലക്ഷക്കണക്കിന് സന്ദർശകരെത്താറുണ്ട്. നായകിനെപ്പോലെ കന്നുകാലികളെ വളർത്തുന്നവരിൽനിന്ന് ജോഡി ഒന്നിന് 25,000-30,000 രൂപ നിരക്കിൽ വാങ്ങുന്ന, 12 മുതൽ 18 മാസംവരെ പ്രായമുള്ള കാളക്കിടാവുകളെ കച്ചവടക്കാർ മേളയിൽ വിൽപ്പനയ്ക്കുവെക്കും. സാധാരണ അഞ്ച് ജോഡി കിടാവുകളെയാണ് നായക് മേളയിൽ കൊണ്ടുവന്ന് വിൽക്കുക; അല്ലാത്ത സമയങ്ങളിൽ ഒന്നോ രണ്ടോ ജോഡി പുറമേയും. കിടാവുകളെ വാങ്ങാനെത്തുന്നവർ ജോഡി ഒന്നിന് 25,000 മുതൽ 45,000 രൂപ വരെ കൊടുക്കാറുണ്ട്. ചിലപ്പോഴെല്ലാം മേളയിലെത്തുന്ന കച്ചവടക്കാർ കർഷകരുമായിരിക്കും; വില്പനയാകാത്ത കന്നുകാലികളെ അവർ തിരികെ ഗ്രാമത്തിലേക്ക് കൊണ്ടുപോകുകയും വർഷം മുഴുവൻ അവരുടെ കൃഷിയിടങ്ങളിൽ വില്പനയ്ക്ക് വെക്കുകയും ചെയ്യും.
കന്നുകാലി പരിപാലനം ഏറെ സമയമെടുക്കുന്ന ഒരു ജോലിയാണ്. കുറ്റിച്ചെടികളും പുല്ലും മുളയും വളർന്നുനിൽക്കുന്ന, വരണ്ട, ഇല പൊഴിയുന്ന മരങ്ങളുള്ള കാടാണ് അംറാബാദിലുള്ളത്. ജൂൺമുതൽ നവംബർവരെയുള്ള മാസങ്ങളിൽ കടുവ സങ്കേതത്തിന്റെ ബഫർ മേഖലകളിൽനിന്ന് പശുക്കൾക്ക് ആവശ്യമായ തീറ്റ ലഭിക്കും. എന്നാൽ നവംബർ കഴിഞ്ഞാൽ പശുക്കൾ മേയുന്ന പ്രദേശങ്ങൾ വരണ്ടുണങ്ങിത്തുടങ്ങും. സങ്കേതത്തിന്റെ കോർ മേഖലയിൽ പ്രവേശിക്കാൻ വനം വകുപ്പ് ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾകൂടിയാകുമ്പോൾ, കന്നുകാലികൾക്ക് തീറ്റപ്പുല്ല് കണ്ടെത്തുക ഏറെ ദുഷ്ക്കരമായി മാറും.
ഈയൊരു മാർഗം അടയുന്നതോടെ നായക് തന്റെ ഗ്രാമമായ മാന്നനൂരിൽനിന്ന് 25 കിലോമീറ്റർ അകലെ, തന്റെ സഹോദരിയുടെ ഗ്രാമമായ വാത്വാർലാപളെയിലേക്ക് കന്നുകാലികളുമായി നീങ്ങും. തെലങ്കാനയിലെ മെഹബൂബ് നഗറിൽ (ഇപ്പോൾ നഗർകുർണൂൽ,) അംറാബാദ് മണ്ഡലിന് കീഴിലുള്ള ഈ ഗ്രാമത്തിൽ കന്നുകാലികൾക്ക് മേയാൻ സൗകര്യമുള്ള വനപ്രദേശമുണ്ട്. അതിന് സമീപത്ത് നായക് താത്കാലിക ഉപയോഗത്തിനായി ഒരു പുരയും നിർമ്മിച്ചിട്ടുണ്ട്.
പരിഭാഷ: പ്രതിഭ ആർ.കെ.