ഭാനുബെൻ ഭർവാഡ്, ബനസ്കന്ത ജില്ലയിലുള്ള തന്റെ രണ്ടരയേക്കർ കൃഷിഭൂമിയിലേക്ക് പോയിനോക്കിയിട്ട് ഒരുവർഷത്തോളമായിരിക്കുന്നു. ഒരുകാലത്ത്, ഭാനുബെനും അവരുടെ ഭർത്താവും ദിവസേന അവിടെ പോകുകയും വർഷത്തിലുടനീളം അവരുടെ ഭക്ഷണാവശ്യത്തിന് ഉതകുന്ന വിളകൾ - ബജ്‌റ, ചെറുപയർ പരിപ്പ്, ജോവാർ - വളർത്തിയെടുക്കുകയും ചെയ്തിരുന്നു. 2017-ൽ ഗുജറാത്തിലുണ്ടായ അതിവിനാശകാരിയായ പ്രളയം ഈ ദമ്പതികളുടെ ഭൂമി തകർത്തെറിയുംവരെ, ഈ കൃഷിയിടത്തിൽനിന്നാണ് അവർ ഭക്ഷണത്തിനുള്ള വക കണ്ടെത്തിയിരുന്നത്. "അതിനുശേഷം ഞങ്ങളുടെ ഭക്ഷണം ആകെ മാറി.",  മുപ്പത്തിയഞ്ചു വയസ്സുകാരിയായ ഭാനുബെൻ പറയുന്നു. "ഞങ്ങൾ കൃഷിയിടത്തിൽ വളർത്തിയിരുന്ന വിളകൾ പുറത്തുനിന്ന് വാങ്ങാൻ തുടങ്ങി."

ഭാനുബെനിന്റെ കൃഷിഭൂമിയിലെ അരയേക്കറിൽ ബജ്‌റ കൃഷിയിറക്കിയാൽ ഏകദേശം നാല് ക്വിന്റൽ (400 കിലോ) കാമ്പ് വിളവ് ലഭിക്കും. ഇത്രയും കാമ്പ് ഇന്ന് വിപണിയിൽനിന്ന് വാങ്ങണമെങ്കിൽ 10,000 രൂപയോടടുത്താകും. "വിലക്കയറ്റം കണക്കിലെടുത്താൽപ്പോലും, അര ഏക്കറിൽ ബജ്‌റ കൃഷിയിറക്കാനുള്ള ചിലവ് വിപണിവിലയുടെ പകുതിയോളമേ വരൂ.", അവർ പറയുന്നു. "മറ്റു വിളകളുടെയും കണക്ക് സമാനമാണ്.  (ഞങ്ങൾ വളർത്തിയിരുന്ന) എല്ലാ വിളകളുടെയും വിപണിവില ഇപ്പോൾ ഇരട്ടിയാണ്."

ഭാനുബെനും ഭർത്താവ് 38 വയസ്സുകാരനായ ഭോജാഭായിയും അവരുടെ മൂന്ന് മക്കളുമൊത്ത് ബനസ്കന്തയിലെ കാൻക്രേജ് താലൂക്കയിലെ തൊട്ടാന ഗ്രാമത്തിലാണ് താമസിക്കുന്നത്. സ്വന്തം ഭൂമിയിൽ കൃഷിയിറക്കിയിരുന്ന സമയത്തും ഭോജാഭായി കർഷകത്തൊഴിലാളിയായി ജോലി ചെയ്ത് വരുമാനം കണ്ടെത്തിയിരുന്നു. 2017-നുശേഷം, അദ്ദേഹം മുഴുവൻ സമയവും തൊഴിലാളിയായി ജോലി ചെയ്യുകയാണ് - തൊട്ടടുത്തുള്ള കൃഷിയിടങ്ങളിലും 30 കിലോമീറ്റർ അകലെ പഠാനിലുള്ള കെട്ടിടനിർമ്മാണ സ്ഥലങ്ങളിലുമാണ് അദ്ദേഹം ജോലി കണ്ടെത്തുന്നത്. "ഇപ്പോഴും അദ്ദേഹം ജോലിയന്വേഷിച്ച് പോയിരിക്കുകയാണ്. ജോലിയുള്ള ദിവസങ്ങളിൽ അദ്ദേഹം 200 രൂപയോടടുത്ത് സമ്പാദിക്കും.", ഭാനുബെൻ പറയുന്നു.

ഭാനുബെനിന്റെയും ഭോജാഭായിയുടെയും ഏറ്റവും ഇളയ കുഞ്ഞായ സുഹാന പ്രളയമുണ്ടായ അതേ വർഷമാണ് ജനിച്ചത്. അവളുടെ നെറ്റിയിൽ മൃദുവായി തലോടവേ, അഞ്ച് വർഷം കടന്നുപോയെന്ന് വിശ്വസിക്കാനാകുന്നില്ലെന്ന് ഭാനുബെൻ പറയുന്നു.

ബനസ്കന്ത, പഠാൻ, സുരേന്ദ്രനഗർ, ആരാവല്ലി, മോർബി എന്നിവ ഉൾപ്പെടെ ഗുജറാത്തിലെ പല ജില്ലകളിലും 2017 ജൂലൈയിൽ അതിതീവ്രമായ മഴ രേഖപ്പെടുത്തുകയുണ്ടായി. അറബിക്കടലിനും ബംഗാൾ ഉൾക്കടലിനും മീതെ ഒരേസമയത്ത് രൂപപ്പെട്ട ചുഴലിക്കാറ്റുകളാണ് ഇത്രയും കനത്ത മഴയ്ക്ക് കാരണമായത്. തീർത്തും അപൂർവമായ ഒരു പ്രതിഭാസമായിരുന്നു അത്. ദേശീയ ദുരന്തനിവാരണ അതോറിറ്റി യുടെ റിപ്പോർട്ടനുസരിച്ച്, 112 വർഷത്തിനിടെയുള്ള ഏറ്റവും ശക്തമായ മഴയാണ് ഈ പ്രദേശത്ത് അന്ന് പെയ്തത്.

PHOTO • Parth M.N.
PHOTO • Parth M.N.

ഇടത്: ഭാനുബെൻ ഭർവാഡ് മകൾ നാല് വയസ്സുകാരിയായ സുഹാനയുമൊത്ത് ബാണസ്കന്ധ ജില്ലയിലെ തൊട്ടാന ഗ്രാമത്തിലെ തങ്ങളുടെ വീടിന് പുറത്ത്. വലത്: ഉരുളക്കിഴങ്ങ് മുറിക്കുന്നതിനിടെ ഭാനുബെൻ 2017ലെ പ്രളയത്തിൽ തങ്ങളുടെ കൃഷിയിടം മുഴുവനായും വെള്ളത്തിനടിയിലായത് എങ്ങനെയെന്ന് വിവരിക്കുന്നു

ബനസ്കന്തയിൽ ഒരുവർഷം പെയ്യാറുള്ള ശരാശരി മഴയുടെ 163 ശതമാനം മഴ 2017 ജൂലൈ 24 മുതൽ 27 വരെയുള്ള ദിവസങ്ങളിൽമാത്രം പെയ്തു - ജൂലൈ മാസത്തിലൊന്നാകെ, മൊത്തം മഴയുടെ 30 ശതമാനം മാത്രം പെയ്യുന്നിടത്തായിരുന്നു ഇത്രയും അധികമഴ ലഭിച്ചത്. ഇത് വെള്ളക്കെട്ടുകൾക്കും അണക്കെട്ടുകൾ നിറഞ്ഞൊഴുകുന്നതിനും മിന്നൽ പ്രളയങ്ങൾക്കും വഴിവെച്ചു. കാൻക്രേജ് താലൂക്കയിൽ തൊട്ടാനയ്ക്ക് സമീപത്തായി ഖാരിയ ഗ്രാമത്തിനരികെ നർമദ കനാൽ തകർന്നത് സ്ഥിതി ഗുരുതരമാക്കി.

പ്രളയംമൂലം സംസ്ഥാനത്ത് കുറഞ്ഞത് 213 ആളുകൾ മരണപ്പെടുകയുണ്ടായി. 11 ലക്ഷം ഹെക്ടറിനടുത്ത് കൃഷിഭൂമിയേയും 17,000 ഹെക്ടർ തോട്ടഭൂമിയേയും ഇത് ബാധിച്ചു.

"ഞങ്ങളുടെ കൃഷിയിടം മുഴുവൻ വെള്ളത്തിനടിയിലായിരുന്നു.", വീടിന് പുറത്തിരുന്ന് ഉരുളക്കിഴങ്ങ് മുറിച്ചുകൊണ്ട് ഭാനുബെൻ ഓർത്തെടുക്കുന്നു. "പ്രളയജലത്തിനൊപ്പം ഒരുപാട് മണലും ഒഴുകിവന്നു. വെള്ളം കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ താഴ്ന്നെങ്കിലും മണൽ മണ്ണിന് മീതെ അടിഞ്ഞു."

ഇന്ന് വരേയ്ക്കും ആ മണൽ മണ്ണിൽനിന്ന് വേർതിരിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ല. "പ്രളയം ഞങ്ങളുടെ ഭൂമിയെ തരിശാക്കി.", അവർ പറയുന്നു.

കൂലിവേലയിൽനിന്നുള്ള വരുമാനംകൊണ്ടുമാത്രം ഭക്ഷണം കണ്ടെത്തേണ്ട സ്ഥിതിയായതോടെ, അന്നജങ്ങളും മാംസ്യവും പച്ചക്കറികളും അടങ്ങിയ സമീകൃതാഹാരം ഭാനുബെനിന്റെ കടുംബത്തിന് അപ്രാപ്യമായിരിക്കുന്നു. കുഞ്ഞ് സുഹാനയ്ക്ക് ഒരിക്കൽപ്പോലും അത്തരം ഭക്ഷണം ലഭിച്ചിട്ടില്ല. "മുൻപ്, കൃഷിയിൽനിന്ന് ധാന്യങ്ങൾ ലഭിച്ചിരുന്നതുകൊണ്ടുതന്നെ, ഞങ്ങൾക്ക് പച്ചക്കറികളും പഴങ്ങളും പാലും മാത്രമേ വാങ്ങേണ്ടിവന്നിരുന്നുള്ളൂ. ഇപ്പോൾ അതെല്ലാം വേണ്ടെന്നുവെക്കേണ്ടി വരികയാണ്.", അവർ വിവരിക്കുന്നു.

"അവസാനമായി എപ്പോഴാണ് ആപ്പിൾ വാങ്ങിയതെന്ന് എനിക്ക് ഓർമ്മയില്ല.", അവർ പറയുന്നു. "ഇനി ഇന്ന് ആപ്പിൾ വാങ്ങാൻ പണമുണ്ടെങ്കിലും നാളെ ജോലി കിട്ടുമോയെന്ന് ഉറപ്പില്ലല്ലോ. അതുകൊണ്ട് അധികമുള്ള പണം ഞങ്ങൾ മിച്ചം പിടിക്കും. കൂടുതലും ചോറും പരിപ്പും റൊട്ടിയുമാണ് ഞങ്ങൾ കഴിക്കുന്നത്. മുൻപെല്ലാം കിച്ചടി ഉണ്ടാക്കുമ്പോൾ ഒരു കിലോ അരിക്ക് 500 ഗ്രാം പരിപ്പ് (അളവ് അനുസരിച്ച്) ചേർക്കുമായിരുന്നു. ഇപ്പോൾ കഷ്ടി 200 ഗ്രാമേ ചേർക്കാറുള്ളൂ. എങ്ങനെയെങ്കിലും വിശപ്പടക്കണമല്ലോ." എന്നാൽ ആഹാരത്തിലെ ഈ അസന്തുലിതാവസ്ഥ പോഷകാഹാരക്കുറവുപോലെ അനഭിലഷണീയമായ അനേകം പ്രത്യാഘാതങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്; അവ പിന്നീട് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.

സുഹാന എപ്പോഴും ക്ഷീണിതയാണെന്ന് മാത്രമല്ല അവളുടെ പ്രതിരോധശേഷിയും ദുർബലമാണ്, അവളുടെ അമ്മ പറയുന്നു. "അവൾക്ക് ചുറ്റുമുള്ള മറ്റു കുട്ടികളെപ്പോലെ കളിയ്ക്കാൻ കഴിയില്ല; അവരേക്കാൾ വേഗം തളരുകയും ചെയ്യും. അവൾക്ക് ഇടയ്ക്കിടെ അസുഖം വരാറുമുണ്ട്."

PHOTO • Parth M.N.

സുഹാന (ഇടത്) കൂട്ടുകാരി മെഹ്ദി ഖാനുമൊത്ത് (നടുക്ക്) സംസാരിച്ചിരിക്കുന്നു. 202-ൽ അവരുടെ ഗ്രാമത്തിൽ നടത്തിയ ഒരു സർവേയിൽ, അഞ്ച് വയസ്സിൽത്താഴെയുള്ള കുട്ടികളിൽ പോഷകാഹാരക്കുറവുണ്ടെന്ന് കണ്ടെത്തിയ 37പേരിൽ ഇരുവരും ഉൾപ്പെട്ടിരുന്നു

2021 ജൂണിൽ തൊട്ടാനയിലെ കുട്ടികൾക്കിടയിൽ നടത്തിയ ഒരു ആരോഗ്യസർവേയിൽ സുഹാനയ്ക്ക് പോഷകാഹാരക്കുറവുണ്ടെന്ന് കണ്ടെത്തിയിരുന്നു. സർവേയിൽ പങ്കെടുത്ത, ഗ്രാമത്തിലെ അഞ്ച് വയസ്സിൽ താഴെയുള്ള 320 കുട്ടികളിൽ, പോഷകാഹാരക്കുറവുണ്ടെന്ന് കണ്ടെത്തിയ 37 പേരിൽ ഒരാളായിരുന്നു അവൾ. "കുട്ടികളുടെ ഉയരം, തൂക്കം, പ്രായം എന്നിവ സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചാണ് വിശകലനം നടത്തിയത്.", ബനസ്കന്ത ജില്ലയിലുടനീളം ഈ പഠനം നടത്തിയ, ഗുജറാത്തിലെ മനുഷ്യാവകാശ സംഘടനയായ നവ്സർജൻ ട്രസ്റ്റിന്റെ പ്രവർത്തകൻ മോഹൻ പർമാർ പറയുന്നു.

പോഷൺ അഭിയാൻ തയ്യാറാക്കിയ ഗുജറാത്തിന്റെ പോഷകാഹാര രൂപരേഖയിലെ സ്ഥിതിവിവരക്കുറിപ്പനുസരിച്ച്, 2019-20 വർഷത്തിൽ, ഒട്ടുമിക്ക പൊതുജനാരോഗ്യ സൂചകങ്ങളിലും ഏറ്റവും പിന്നാക്കം നിന്നിരുന്ന ജില്ലകളുടെ പട്ടികയിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ബനസ്കന്ത ഉണ്ടായിരുന്നു. അഹമ്മദാബാദ്, സൂറത്ത്, വഡോദര തുടങ്ങിയവയായിരുന്നു ഇതിൽ ഉൾപ്പെട്ട മറ്റു ജില്ലകൾ.

ദേശീയ കുടുംബാരോഗ്യ സർവ്വേ 2019-21 ( എൻ.എഫ്.എച്ച്.എസ്-5 ) അധികരിച്ച് തയ്യാറാക്കിയ ഈ കുറിപ്പ് പ്രകാരം, ഗുജറാത്തിലെ 5 വയസ്സിൽത്താഴെയുള്ള കുട്ടികളിൽ, തൂക്കക്കുറവുണ്ടെന്ന് കണ്ടെത്തിയ 23 ലക്ഷം (2.3 മില്യൺ) പേരിൽ, 17 ലക്ഷവും ബനസ്കന്ത ജില്ലയിൽനിന്നുള്ളവരാണ്. ജില്ലയിലെ 15 ലക്ഷം കുട്ടികളിൽ വളർച്ചാമുരടിപ്പും (പ്രായത്തിന് അനുസരിച്ച് പൊക്കമില്ലായ്മ) ഒരു ലക്ഷത്തിനോടടുത്ത് കുട്ടികളിൽ ശോഷിപ്പും  (ഉയരത്തിനനുസരിച്ച് തൂക്കമില്ലായ്മ) രേഖപ്പെടുത്തിയിട്ടുണ്ട്- സംസ്ഥാനത്ത് സമാനവസ്ഥയിലുള്ള കുട്ടികളുടെ യഥാക്രമം 6.5 ശതമാനവും 6.6 ശതമാനവും വരുമിത്.

പോഷകാഹാരക്കുറവിന്റെ പ്രത്യാഘാതങ്ങളിലൊന്നായ വിളർച്ച ഏറ്റവും ഉയർന്ന നിരക്കിൽ രേഖപ്പെടുത്തിയിട്ടുള്ള ഇന്ത്യൻ സംസ്ഥാനം ഗുജറാത്താണ്: 80 ശതമാനം. ബനസ്കന്തയിൽ 5 വയസ്സിൽത്താഴെയുള്ള 2.8 ലക്ഷം കുട്ടികൾ വിളർച്ച ബാധിച്ചവരാണ്.

ആവശ്യമായ അളവിൽ ഭക്ഷണം ലഭിക്കാതെവരുമ്പോൾ, സുഹാനയെപ്പോലുള്ള കുട്ടികളുടെയും അവരുടെ കുടുംബങ്ങളുടെയും ആരോഗ്യസ്ഥിതി അപകടത്തിലാവുകയാണ്. കാലാവസ്ഥാവ്യതിയാനംമൂലമുണ്ടാകുന്ന അതിതീവ്ര പ്രതിഭാസങ്ങൾ കൂടിയാകുമ്പോൾ, സാഹചര്യം അതിഗുരുതരമായി മാറുന്നു.

'ഗുജറാത്ത് സ്റ്റേറ്റ് ആക്ഷൻ പ്ലാൻ ഓൺ ക്ലൈമറ്റ് ചേഞ്ച് ", താപനിലയിലും മഴയുടെ ലഭ്യതയിലും ഉണ്ടാകുന്ന തീവ്രവ്യതിയാനങ്ങളെയും കടൽനിരപ്പിലുണ്ടാകുന്ന വർധനയെയുമാണ് 'കാലാവസ്ഥാ വ്യതിയാനംമൂലമുണ്ടാകുന്ന പ്രധാന അപകടസാധ്യതകൾ' ആയി പരിഗണിക്കുന്നത്. എന്നാൽ, ഇക്കഴിഞ്ഞ ദശാബ്ദത്തിൽ, ക്രമം തെറ്റിയുള്ള മഴപ്പെയ്ത്ത് വർധിച്ചുവരുന്നതും മിന്നൽ പ്രളയങ്ങൾ അടിക്കടി ഉണ്ടാകുന്നതും പ്രാദേശികജനതയ്ക്ക് മുന്നിൽ പുതിയ വെല്ലുവിളികൾ ഉയർത്തുന്നതായി ഇന്ത്യയിലെ പ്രളയങ്ങളും വരൾച്ചകളും പഠിക്കുന്ന ‘ ആന്റിസിപ്പേറ്റ്‘റിസർച്ച് പ്രൊജക്റ്റ് ചൂണ്ടിക്കാട്ടുന്നു. പ്രോജക്ടിന് കീഴിലെ ഗവേഷകർ പറയുന്നതനുസരിച്ച്, "ബനസ്കന്തയിലെ കർഷകരും മറ്റു ജനങ്ങളും മാറിമാറി വരുന്ന വരൾച്ചയും പ്രളയങ്ങളും സൃഷ്ടിക്കുന്ന പ്രതികൂല അവസ്ഥകളുമായി പൊരുത്തപ്പെടാൻ പാടുപെടുകയാണ്."

PHOTO • Parth M.N.
PHOTO • Parth M.N.

ഇടത്- ആലാഭായി പർമാർ തന്റെ പേരമകൻ മൂന്ന് വയസ്സുകാരൻ യുവ്‌രാജുമൊത്ത് സുദ്രോഷൻ ഗ്രാമത്തിലെ വീടിന് പുറത്ത്. വലത്: തൊട്ടാന ഗ്രാമത്തിലെ ഒരു കൃഷിയിടത്തിൽ മണ്ണിന് മീതെ മണൽ അടിഞ്ഞുകിടക്കുന്നു

ഈ വർഷത്തെ മഴയിൽ 60 വയസ്സുകാരനായ ആലാഭായി പർമാറിന് നാല് വിളകൾ നഷ്ടമായി. "ഞാൻ വിതച്ച വിളകളൊക്കെ കനത്ത മഴയിൽ ഒഴുകിപ്പോയി.", ബനസ്കന്ത ജില്ലയിലെ സുദ്രോഷൻ ഗ്രാമത്തിലെ വീട്ടിലിരുന്ന് അദ്ദേഹം പറയുന്നു. "ഞങ്ങൾ ഗോതമ്പും ബജ്റയും ജോവാറും വിതച്ചിരുന്നതാണ്. കൃഷിയിറക്കാൻ ചിലവായ 50,000 രൂപ എനിക്ക് നഷ്ടമായി."

"ഇന്നിപ്പോൾ കാലാവസ്ഥ പ്രവചിക്കാൻ പറ്റാത്ത സ്ഥിതിയാണ്.", കർഷകർ വിളവിൽ കാര്യമായ കുറവ് അഭിമുഖീകരിക്കുന്നുണ്ടെന്ന് കൂട്ടിച്ചേർത്ത് ആലാഭായി പറയുന്നു. ഇത്തരമൊരു സഹചര്യത്തിൽ തങ്ങൾ കർഷകത്തൊഴിലാളികളായി ജോലി ചെയ്യാൻ നിർബന്ധിതരാകുകയാണെന്നും അദ്ദേഹം പറയുന്നു." ഞങ്ങൾക്ക് സ്വന്തമായി 10 ഏക്കർ കൃഷിഭൂമി ഉണ്ടെങ്കിലും എന്റെ മകന് മറ്റുള്ളവരുടെ പാടത്തും കെട്ടിടനിർമ്മാണ സ്ഥലങ്ങളിലും ജോലി ചെയ്യേണ്ടിവരികയാണ്."

15-20 കൊല്ലം മുൻപുപോലും കൃഷി ഇത്രയും സമ്മർദ്ദമേറിയ പ്രവൃത്തി ആയിരുന്നില്ലെന്ന് ആലാഭായി ഓർമ്മിക്കുന്നു. "അന്നും ഞങ്ങൾ പ്രശ്നങ്ങൾ നേരിട്ടിരുന്നു. പക്ഷെ അന്ന് അധികമഴ ഇന്നത്തേതുപോലെ സാധാരണമായിരുന്നില്ല. ഇന്നിപ്പോൾ നേരിയ മഴ തീർത്തും ഇല്ലാതായിരിക്കുന്നു. ഈയൊരു സാഹചര്യത്തിൽ എങ്ങനെയാണ് നല്ല വിളവ് ലഭിക്കുക?"

2010-11 മുതൽ 2020-21 വരെയുള്ള ദശാബ്ദത്തിൽ, ഗുജറാത്തിൽ ഭക്ഷ്യധാന്യത്തിന്റെ കൃഷിഭൂമിവ്യാപ്തി (ധാന്യങ്ങളും പയർ വർഗ്ഗങ്ങളും) 4.9 മില്യൺ ഹെക്ടറിൽനിന്ന് 4.6 മില്യൺ ഹെക്ടറായി (49 ലക്ഷത്തിൽനിന്ന് 46 ലക്ഷമായി) കുറഞ്ഞു. ഇതേ കാലയളവിൽ, നെല്ല് കൃഷിചെയ്യുന്ന ഭൂമിയുടെ വ്യാപ്തി  100,000 ഹെക്ടറോളം വർദ്ധിച്ചെങ്കിലും ഗോതമ്പ്, ബജ്‌റ, ജോവാർ തുടങ്ങിയ ധാന്യങ്ങൾ കൃഷിയിറക്കുന്ന ഭൂമി നന്നേ കുറയുകയായിരുന്നു. ബനസ്കന്ത ജില്ലയിൽ ഏറ്റവും വിപുലമായി കൃഷി ചെയ്യപ്പെടുന്ന ബജ്‌റ വിളവിറക്കുന്ന ഭൂമിയിലും 30,000 ഏക്കർ കുറഞ്ഞു.

കഴിഞ്ഞ ദശാബ്ദത്തിലെ മൊത്തം കണക്കെടുത്താൽ, ഗുജറാത്തിലെ ഭക്ഷ്യധാന്യങ്ങളുടെ (പ്രധാനമായും തിന വിളകളും ഗോതമ്പും) ഉത്പാദനത്തിൽ 11 ശതമാനം ഇടിവുണ്ടായപ്പോൾ പയർ വർഗ്ഗങ്ങളുടെ ഉത്പാദനത്തിൽ 173 ശതമാനം വർധനയുണ്ടായി.

ആലാഭായിയുടെയും ഭാനുബെനിന്റെയും കുടുംബങ്ങൾ അധികവും ചോറും പരിപ്പും കഴിക്കുന്നത് എന്തുകൊണ്ട് എന്നതിന്റെ ഉത്തരവും ഇതുതന്നെയാണ്.

ഏവർക്കും ഭക്ഷണത്തിനുള്ള അവകാശം ഉറപ്പാക്കുക ലക്ഷ്യമിട്ട് അഹമ്മദാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിവരാവകാശ പ്രവർത്തകയായ പംക്തി ജോഗ് പറയുന്നത്, കർഷകർ കൂടുതലായി നാണ്യവിളകളിലേയ്ക്ക് (പുകയില, കരിമ്പ്) തിരിയുന്നുവെന്നാണ്. "ഈ പ്രവണത കുടുംബത്തിന്റെ ആഹാരക്രമത്തെയും ഭക്ഷ്യസുരക്ഷയെയും ബാധിക്കുന്നു.", അവർ പറയുന്നു.

PHOTO • Parth M.N.
PHOTO • Parth M.N.

ഇടത്- ആലാഭായി, തൂക്കക്കുറവും ദുർബലമായ പ്രതിരോധശേഷിയും അലട്ടുന്ന ചെറുമകൻ യുവ്‌രാജിനെക്കുറിച്ച് ഓർത്ത് ആശങ്കയിലാണ്;  വലത്: യുവരാജ് തന്റെ അച്ഛനൊപ്പം വീട്ടിൽ

രൂക്ഷമായ നാണയപ്പെരുപ്പം മൂലം ആലാഭായിക്ക് ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും വാങ്ങാൻ കഴിയാറില്ല. "കൃഷി മുറ തെറ്റാതെ നടക്കുമ്പോൾ, കന്നുകാലികൾക്കും വൈക്കോൽ ലഭ്യമാകും.", അദ്ദേഹം പറയുന്നു. "വിള നശിച്ചാൽ വൈക്കോൽ ലഭിക്കുകയുമില്ല ഭക്ഷണത്തിനൊപ്പം വൈക്കോലും അങ്ങാടിയിൽനിന്ന് വാങ്ങേണ്ട അവസ്ഥയാവും. അതുകൊണ്ട് ബാക്കിയുള്ള പണം കൊണ്ട് കിട്ടുന്നത് മാത്രം ഞങ്ങൾ വാങ്ങിക്കും."

ആലാഭായിയുടെ പേരമകൻ മൂന്ന് വയസ്സുകാരൻ യുവരാജിന് തൂക്കം കുറവാണ്. "അവന് പ്രതിരോധശേഷി കുറവായതിനാൽ എനിക്കവനെക്കുറിച്ച് ആശങ്കയാണ്.", അദ്ദേഹം പറയുന്നു." ഏറ്റവുമടുത്തുള്ള സർക്കാർ ആശുപത്രി ഇവിടെനിന്ന് 50 കിലോമീറ്ററിലേറെ ദൂരത്താണ്. അവന് അടിയന്തരമായി ചികിത്സ വേണ്ടിവന്നാൽ ഞങ്ങൾ എന്താണ് ചെയ്യുക?"

"പോഷകാഹാരക്കുറവുള്ള കുട്ടികൾക്ക് അസുഖം പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്.", സംസ്ഥാനത്തെ പൊതുജനാരോഗ്യ സംവിധാനങ്ങളുടെ ശോചനീയാവസ്ഥ കാരണമാണ് ജനങ്ങൾ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നതെന്ന് കൂട്ടിച്ചേർത്ത് ജോഗ് പറയുന്നു. "കുടുംബങ്ങൾക്ക് ചികിത്സാച്ചിലവുകൾ വലിയ ബാധ്യതയാണ്. പട്ടികവർഗ്ഗക്കാർ താമസിക്കുന്ന, ബനസ്കന്ത പോലുള്ള പ്രദേശങ്ങളിൽ ആളുകൾ കടത്തിലാകുന്നതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്നും ഇതാണ്."

സംസ്ഥാനത്ത് ഭക്ഷ്യപദ്ധതികൾ നടപ്പാക്കുമ്പോൾ പ്രാദേശികമായ ആഹാരരീതികൾ കണക്കിലെടുക്കാറില്ലെന്ന് ജോഗ് കൂട്ടിച്ചേർക്കുന്നു. " എല്ലാവർക്കും ഒരുപോലെ യോജിക്കുന്ന സമ്പ്രദായം എന്നൊന്നില്ല. വിവിധപ്രദേശങ്ങളിൽ താമസിക്കുന്നവരും വിവിധ സമുദായങ്ങളും വ്യത്യസ്തമായ ഭക്ഷണരീതികളാണ് പിന്തുടരുന്നത്.", അവർ പറയുന്നു. "ഇതിനു പുറമേ, സസ്യേതര ഭക്ഷണം നിരുത്സാഹപ്പെടുത്തണമെന്ന ഒരു പ്രചാരണം ഗുജറാത്തിൽ നടക്കുന്നുണ്ട്. ആളുകൾ പതിവായി മുട്ടയും മറ്റു സസ്യേതര ഭക്ഷണവും കഴിച്ചുവരുന്ന പ്രദേശങ്ങളിൽപ്പോലും ഇത് സജീവമാണ്. സസ്യേതരഭക്ഷണം കഴിക്കുന്നത് പാപമായിട്ടാണ് അവർ ഇപ്പോൾ കാണുന്നത്."

2016-18-ലെ സമഗ്ര ദേശീയപോഷണ സർവേ അനുസരിച്ച്, ഗുജറാത്തിലെ അമ്മമാരിൽ 69.1 ശതമാനം പേർ സസ്യാഹാരികളാണ്; ഈ വിഭാഗത്തിലെ ദേശീയ ശരാശരി 43.8 ആയിരിക്കെയാണിത്. 2-4 വയസ്സുള്ള കുട്ടികളിൽ 7.5 ശതമാനം കുട്ടികൾക്ക് മാത്രമാണ് മാംസ്യത്തിന്റെ മികച്ച സ്രോതസ്സായ മുട്ട ലഭ്യമായിരുന്നത്. സംസ്ഥാനത്തെ 5-7 വയസ്സുള്ള കുട്ടികളിൽ 17 ശതമാനം കുട്ടികൾ മുട്ട കഴിച്ചിരുന്നുവെങ്കിലും അവരും എണ്ണത്തിൽ തീരെ കുറവാണ്.

സുഹാനയ്ക്ക് അവളുടെ ജീവിതത്തിന്റെ ആദ്യ രണ്ട് വർഷങ്ങളിൽ സമീകൃതമായ ആഹാരം ലഭിച്ചില്ലെന്ന് ഭാനുബെനിന് ബോധ്യമുണ്ട്. "അവൾക്ക് പോഷകസമ്പുഷ്ടമായ ഭക്ഷണം കൊടുക്കണമെന്ന് ആളുകൾ ഞങ്ങളോട് പറയുമായിരുന്നു.", അവർ പറയുന്നു. "പക്ഷെ അതിന്റെ ചിലവ് ഞങ്ങൾക്ക് താങ്ങാൻ കഴിയില്ലെങ്കിൽ എന്ത് ചെയ്യും? കുറച്ചുകൂടി മെച്ചപ്പെട്ട ആഹാരം ഞങ്ങൾക്ക് കഴിക്കാനാകുന്ന കാലമുണ്ടായിരുന്നു. സുഹാനയ്ക്ക് മുതിർന്ന രണ്ട് സഹോദരന്മാരുണ്ട്. പക്ഷെ അവർ ഞങ്ങളുടെ നിലം തരിശായി പോകുന്നതിന് മുൻപ് ജനിച്ചവരാണ്. അവർക്ക് അതുകൊണ്ടുതന്നെ പോഷകാഹാരക്കുറവുമില്ല."

താക്കൂർ ഫാമിലി ഫൌണ്ടേഷന്റെ സ്വതന്ത്രപത്രപ്രവർത്തനത്തിനുള്ള ഗ്രാന്റുപയോഗിച്ച് ജനകീയാരോഗ്യം, പൌരാസ്വാതന്ത്ര്യം എന്നിവയെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്ന പത്രപ്രവർത്തകനാണ് പാര്‍ത്ഥ് എം.എന്‍. ഈ റിപ്പോർട്ടിന്റെ ഉള്ളടക്കത്തിൽ താക്കൂർ ഫാമിലി ഫൌണ്ടേഷൻ ഒരുവിധത്തിലുമുള്ള ഇടപെടലുകളും നടത്തിയിട്ടില്ല.

പരിഭാഷ: പ്രതിഭ ആർ.കെ.

Parth M.N.

ପାର୍ଥ ଏମ୍.ଏନ୍. ୨୦୧୭ର ଜଣେ PARI ଫେଲୋ ଏବଂ ବିଭିନ୍ନ ୱେବ୍ସାଇଟ୍ପାଇଁ ଖବର ଦେଉଥିବା ଜଣେ ସ୍ୱାଧୀନ ସାମ୍ବାଦିକ। ସେ କ୍ରିକେଟ୍ ଏବଂ ଭ୍ରମଣକୁ ଭଲ ପାଆନ୍ତି ।

ଏହାଙ୍କ ଲିଖିତ ଅନ୍ୟ ବିଷୟଗୁଡିକ Parth M.N.
Editor : Vinutha Mallya

ବିନୁତା ମାଲ୍ୟା ଜଣେ ସାମ୍ବାଦିକା ଓ ସମ୍ପାଦିକା। ପୂର୍ବରୁ ସେ ପିପୁଲ୍ସ ଆର୍କାଇଭ୍‌ ଅଫ ରୁରଲ ଇଣ୍ଡିଆର ସମ୍ପାଦକୀୟ ମୁଖ୍ୟ ଥିଲେ।

ଏହାଙ୍କ ଲିଖିତ ଅନ୍ୟ ବିଷୟଗୁଡିକ Vinutha Mallya
Translator : Prathibha R. K.

Pratibha R K is a post graduate in English from the Central University of Hyderabad and works as a translator.

ଏହାଙ୍କ ଲିଖିତ ଅନ୍ୟ ବିଷୟଗୁଡିକ Prathibha R. K.