“എനിക്കു താങ്കളോട് എന്താണ് പറയാന്‍ പറ്റുക? എന്റെ മുതുക് തകരുകയും നെഞ്ചിന്‍കൂട് ഉന്തിവരികയും ചെയ്യുന്നു”, ബിബാബായ് ലോയരെ പറഞ്ഞു. “എന്റെ അടിവയര്‍ ഒട്ടിയിരിക്കുന്നു. കഴിഞ്ഞ 2-3 വര്‍ഷങ്ങളായി എന്റെ മുതുകും വയറും ഒന്നായിച്ചേർന്നു കൊണ്ടിരിക്കുന്നു. ഡോക്ടര്‍മാര്‍ പറയുന്നത് എന്റെ അസ്ഥികള്‍ പൊള്ളയായിക്കൊണ്ടിരിക്കുന്നുവെന്നാണ്.”
മുല്‍ശി ബ്ലോക്കിലെ ഹഡശി ഗ്രാമത്തിലെ തകരപ്പാളികള്‍ കൊണ്ടുണ്ടാക്കിയ, വെട്ടംകുറഞ്ഞ, അവരുടെ അടുക്കളയില്‍ ഇരിക്കുകയായിരുന്നു ഞങ്ങള്‍. വീടിനടുത്താണ് അടുക്കള സ്ഥിതിചെയ്യുന്നത്. മണ്ണുകൊണ്ടുണ്ടാക്കിയ അടുപ്പിനു മുകളില്‍ മിച്ചംവന്ന ചോറ് ചൂടാക്കുകയായിരുന്നു 55-കാരിയായ ബിബാബായ്. അവര്‍ എനിക്ക് ഇരിക്കാനായി തടികൊണ്ടുടാക്കിയ ഒരു കുരണ്ടി തന്നിട്ട് വീട്ടുജോലികള്‍ തുടര്‍ന്നു. ഭക്ഷണം പാചകം ചെയ്യുന്ന അവര്‍ നന്നായി കുനിഞ്ഞപ്പോള്‍ അവരുടെ താടി കാല്‍മുട്ടുകളില്‍ ഏകദേശം മുട്ടാറായിരുന്നു. അവര്‍ തറയില്‍ കുത്തിരിരിക്കാന് ശ്രമിച്ചപ്പോള്‍ കാല്‍മുട്ടുകള്‍ ചെവിയില്‍ മുട്ടാറായിരുന്നു.
കഴിഞ്ഞ 25 വര്‍ഷങ്ങള്‍ക്കിടയിലുണ്ടായ അസ്ഥിക്ഷയവും (osteoporosis) 4 ശസ്ത്രക്രിയകളുമാണ് ബിബാബായിയെ ഈ രീതിയില്‍ ആക്കിത്തീര്‍ത്തത്. ആദ്യം അവര്‍ വന്ധ്യംകരണ (tubectomy) ത്തിനുള്ള നടപടിക്രമങ്ങളിലൂടെ കടന്നുപോയി. പിന്നീട് ആന്ത്രവീക്കം (hernia) നീക്കാനുള്ളത്. അതിനുശേഷം ഗര്‍ഭപാത്രം നീക്കംചെയ്യല്‍ ശസ്ത്രക്രിയ (hysterectomy). പിന്നീട് കുടലിന്റെ ഭാഗവും അടിവയറ്റിലെ കൊഴുപ്പും പേശികളും നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയ.
വയസ്സറിയിച്ച് (ആദ്യമായി മാസമുറ ആകുന്നത്) വെറും 12-13 വയസ്സുള്ളപ്പോള്‍ ഞാന്‍ വിവാഹിതയായി. ആദ്യത്തെ 5 വര്‍ഷം ഞാന്‍ ഗര്‍ഭിണി ആയില്ല”, സ്ക്കൂളില്‍ പോയിട്ടേ ഇല്ലാത്ത ബിബാബായ് പറഞ്ഞു. അപ്പ എന്നറിയപ്പെടുന്ന ഭര്‍ത്താവ് മഹിപതി ലോയരെയ്ക്ക് അവരേക്കാള്‍ 20 വയസ്സ് കൂടുതലാണ്. അദ്ദേഹം ഒരു സിലാ പരിഷദ് സ്ക്കൂള് അദ്ധ്യാപകനാണ്. പൂനെ ജില്ലയിലെ മുല്‍ശി ബ്ലോക്കിലെ വിവിധ സ്ക്കൂളുകളില്‍ അദേഹം നിയമിതനായിട്ടുണ്ട്. അരി, കടലപ്പരിപ്പ്, പയര്‍ വര്‍ഗ്ഗങ്ങള്‍ എന്നിവയൊക്കെ ലോയരെ കുടുംബം കൃഷി ചെയ്യുന്നു. അവര്‍ക്ക് ഒരു ജോഡി വണ്ടിക്കാളകളും ഒരു എരുമയും ഒരു പശുവും അതിന്റെ കിടാവും ഉണ്ട്. പാലില്‍ നിന്ന് അവര്‍ക്ക് പ്രത്യേക വരുമാനമുണ്ടാകുന്നു. മഹിപതിയ്ക്ക് പെന്‍ഷനും കിട്ടുന്നുണ്ട്.
“എന്റെ മക്കളെല്ലാം വീട്ടിലുണ്ടായതാണ്”, ബിബാബായ് തുടര്‍ന്നു. വെറും 17 വയസ്സുള്ളപ്പോഴാണ് അവരുടെ ആദ്യത്തെ കുട്ടി, ഒരു ആണ്‍കുഞ്ഞ്, ഉണ്ടായത്. ആ സമയത്ത് ഗ്രാമത്തില്‍ നല്ല റോഡുകളോ വാഹനങ്ങളോ ഇല്ലായിരുന്നതിനാല്‍ ഒരു കാളവണ്ടിയില്‍ “മാതാപിതാക്കളുടെ വീട്ടിലേക്കുള്ള യാത്രയിലായിരുന്നു ഞങ്ങള്‍ [“കുന്നിൻ പ്രദേശത്തിനപ്പുറമുള്ള” ഗ്രാമം]. വെള്ളംപൊട്ടി പ്രസവിക്കാറായ ഞാന്‍ പെട്ടെന്നുതന്നെ എന്റെ ആദ്യത്തെ കുഞ്ഞിനു കാളവണ്ടിയില്‍ത്തന്നെ ജന്മംനല്കി!” ബിബാബായ് ഓര്‍മ്മിച്ചു. പ്രസവാനന്തരം അവർക്ക് പെരിനിയൽ ഭാഗം ശരിയാക്കേണ്ടതുണ്ടായിരുന്നു. അതെവിടെയാണ് ചെയ്തത് എന്ന് അവര്‍ക്ക് ഓര്‍മ്മയില്ല.
രണ്ടാമത്തെ തവണ ഗര്‍ഭിണിയായിരുന്നപ്പോള്‍ ഹീമോഗ്ലോബിന്റെ അളവ് കുറവാണെന്നും ഭ്രൂണവളര്‍ച്ച സാധാരണയില്‍ താഴെയാണെന്നും ഡോക്ടര്‍ പറഞ്ഞത് അവര്‍ ഓര്‍ക്കുന്നു. ഹഡശി ഗ്രാമത്തില്‍നിന്നും 2 കിലോമീറ്റര്‍ അകലെയുള്ള ഒരു വലിയ ഗ്രാമമായ കോല്‍വണിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായിരുന്നു അത്. ഗ്രാമത്തിലെ നഴ്സിന്റെ അടുത്തുനിന്നും 12 തവണ കുത്തിവയ്പ് എടുത്തതും അയണ്‍ ഗുളികകള്‍ ലഭിച്ചതും അവര്‍ ഓര്‍ക്കുന്നു. ഗർഭം പൂര്‍ത്തീകരിച്ച ബിബാബായ് ഒരുപെണ്കുട്ടിക്ക് ജന്മംനല്കി. “കുട്ടി ഒരിക്കലും കരയുകയോ ശബ്ദം ഉണ്ടാക്കുകയോ ചെയ്തില്ല. തൊട്ടിലില്കിടന്നുകൊണ്ട് അവള് വീടിന്റെ മച്ചിലേക്ക് നോക്കിക്കിടക്കുമായിരുന്നു. അവള് സാധാരണ അവസ്ഥയിലല്ല എന്ന് ഞങ്ങള്‍ പെട്ടെന്ന് മനസ്സിലാക്കി”, ബിബാബായ് പറഞ്ഞു. ആ പെണ്‍കുട്ടി സവിതയ്ക്ക് ഇപ്പോള്‍ 36 വയസ്സുണ്ട്. പൂനെയിലെ സസൂന് ആശുപത്രി അവള് “മാനസികവളര്‍ച്ചയെത്താത്ത” അഥവാ ബുദ്ധിപരമായി വൈകല്യമുള്ള കുട്ടിയാണെന്ന് സ്ഥിരീകരിച്ചു. പുറത്തുള്ളവരോട് കുറച്ചേ സംസാരിക്കൂ എങ്കിലും അവര്‍ കൃഷിപ്പണിയില്‍ സഹായിക്കുകയും മിക്ക വീട്ടുജോലികളും ചെയ്യുകയും ചെയ്യുന്നു.
ബിബാബായ് രണ്ടു കുട്ടികള്‍ക്കുകൂടി – ആണ്‍കുട്ടികള്‍ - ജന്മംനല്കി. ഏറ്റവും ഇളയത്, നാലാമത്തെ കുട്ടി, മുച്ചുണ്ടും അണ്ണാക്കുമായാണ് ജനിച്ചത്. “അവനെ ഞാന്‍ പാലൂട്ടിയാല്‍ അത് മൂക്കിലൂടെ പുറത്ത് വരുമായിരുന്നു. ഡോക്ടര്‍മാര്‍ [കോല്‍വണിലെ സ്വകാര്യ ആശുപത്രിലെ] പറഞ്ഞത് ഒരു ശസ്ത്രക്രിയ ഉണ്ടെന്നും അതിന് 20,000 രൂപ ആകുമെന്നുമാണ്. പക്ഷെ ആ സമയത്ത് ഞങ്ങള്‍ കൂട്ടുകുടുംബത്തിലായിരുന്നു ജീവിച്ചിരുന്നത്. “എന്റെ ഭര്‍ത്താവിന്റെ അച്ഛനും മൂത്ത സഹോദരനും വലിയ ശ്രദ്ധകൊടുത്തില്ല [ശസ്ത്രക്രിയയ്ക്ക്]. ഒരു മാസത്തിനുള്ളില്‍ കുഞ്ഞ് മരിച്ചു”, ബിബാബായ് ദുഃഖത്തോടെ പറഞ്ഞു.
മൂത്തമകന് ഇപ്പോള്‍ കുടുംബവക പാടത്ത് പണിയെടുക്കുന്നു. ഇളയമകന്, അവരുടെ മൂന്നാമത്തെ സന്തതി, പൂനെയില്‍ എലിവേറ്റര്‍ ടെക്നീഷ്യനായി ജോലി നോക്കുന്നു.
നാലാമത്തെ കുഞ്ഞിന്റെ മരണശേഷം ബിബാബായ് പൂനെയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തി. ഹഡശിയില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയാണിത്. ഇരുപതുകളുടെ അവസാനമായിരുന്നു ആ സമയത്ത് അവരുടെ പ്രായം. അവരുടെ മുതിര്‍ന്ന ഒരു ബന്ധുവാണ് ചിലവു വഹിച്ചത്. അതിനാല്‍ വിശദാംശങ്ങള്‍ ഓര്‍മ്മയില്ല. വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് കുറച്ചു വര്‍ഷങ്ങള്‍ക്കുശേഷം അവര്‍ക്ക് തുടര്‍ച്ചയായ വയറുവേദന ഉണ്ടായി. ഇടതുവശം വീര്‍ത്തുവരികയും ചെയ്തു. അത് ‘ഗ്യാസിന്റെ’ പ്രശ്നമാണെന്ന് ബിബാബായ് പറഞ്ഞെങ്കിലും ആന്ത്രവീക്കമാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ഗര്‍ഭപാത്രത്തില്‍ അതിന്റെ സമര്‍ദ്ദമുണ്ടായിരുന്നു എന്നതായിരുന്നു ദുഃഖകരമായ ഒരുകാര്യം. ആന്ത്രവീക്കം പൂനെയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍വച്ച് ശസ്ത്രക്രിയ ചെയ്തുനീക്കി. അവരുടെ ബന്ധുവാണ് ചിലവ് വഹിച്ചത്. എത്ര ചിലവായി എന്ന് അവര്‍ക്കറിയില്ല.
അന്ന് 30-കളുടെ അവസാനത്തിലായിരുന്ന ബിബാബായിയുടെ മാസമുറകള്‍ വളരെ അപകടം നിറഞ്ഞവയായിരുന്നു. “രക്തസ്രാവം കൂടുതലായിരുന്നു. പാടത്ത് പണിയെടുക്കുമ്പോള്‍ രക്തംകട്ടപിടിച്ചത് നിലത്ത് വീഴുമായിരുന്നു. ഞാനവ നിസ്സാരമായി മണ്ണുകൊണ്ട് മൂടുമായിരുന്നു”, അവര്‍ ഓര്‍മ്മിച്ചു. രണ്ടുവര്‍ഷം പൂര്‍ണ്ണമായും അത് നീണ്ടുനിന്നതിനുശേഷം ബിബാബായ് ഒരു സ്വകാര്യ ഡോക്ടറെ കണ്ടു - വീണ്ടും കോല്‍വണിലെ ഒരു സ്വകാര്യ ക്ലിനിക്കിലെ ഡോക്ടറെ. ഡോക്ടര്‍ പറഞ്ഞത് അവരുടെ ഗര്ഭപാത്രത്തിന് കുഴപ്പമുണ്ടെന്നും അത് ഉടന്‍തന്നെ നീക്കം ചെയ്യണമെന്നുമാണ്.
അങ്ങനെ ഏകദേശം 40 വയസ്സുള്ളപ്പോള്‍ ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്ക് ബിബാബായ് വിധേയയായി. പൂനെയിലുള്ള അറിയപ്പെടുന്ന ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു ഇത്. ഒരാഴ്ച അവര്‍ ജനറല്‍ വാര്‍ഡില്‍ കഴിച്ചുകൂട്ടി. “ശസ്ത്രക്രിയ കഴിഞ്ഞതിനു ശേഷം അടിവയറ്റിലെ പേശികളെ താങ്ങിനിര്‍ത്താന്‍ ഒരു ബെല്‍റ്റ് ഉപയോഗിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. പക്ഷെ എന്റെ കുടുംബം വാങ്ങി നൽകിയില്ല”, ബിബാബായ് പറഞ്ഞു. ഒരു പക്ഷെ അവര്‍ക്ക് ബെല്‍റ്റിന്റെ പ്രാധാന്യം മനസ്സിലായിക്കാണില്ല. അവര്‍ക്ക് മതിയായ വിശ്രമവും കിട്ടിയില്ല. പെട്ടെന്നുതന്നെ പാടത്തെ പണികള്‍ വീണ്ടും തുടങ്ങുകയും ചെയ്തു.
ശസ്ത്രക്രിയയ്ക്കുശേഷം 1-6 മാസങ്ങള്‍വരെ കഠിനമായ ഒരു ജോലിയും ചെയ്യരുതെന്നാണ് നിര്ദ്ദേശിക്കപ്പെട്ടിട്ടുള്ളതെങ്കിലും കാര്‍ഷികമേഖലയിലെ സ്ത്രീകളെ സംബന്ധിച്ചിടത്തോളം “അത്രയും നീണ്ടസമയം വിശ്രമിക്കുന്നതിനുള്ള സമയം കിട്ടില്ല” എന്നും സാധാരണയായി അവര്‍ പെട്ടെന്നുതന്നെ ജോലിയിലേക്കു മടങ്ങുന്നുവെന്നും ആര്‍ത്തവവിരാമത്തിനു മുമ്പുള്ള ഗ്രാമീണസ്ത്രീകളുടെ ഇടയിലെ ഗര്‍ഭപാത്രം നീക്കംചെയ്യല്‍ ശസ്ത്രക്രിയയെക്കുറിച്ചുള്ള ഒരു പ്രബന്ധം പറയുന്നു.
കുറച്ചധികം താമസിച്ച് ബിബാബായിയുടെ പുത്രന്മാര് അവര്‍ക്ക് രണ്ടു ബെല്‍റ്റുകള്‍ വാങ്ങിനല്‍കി. “നിങ്ങള്‍ നോക്കൂ, എനിക്ക് അടിവയര്‍ ഇല്ല, ബെല്‍റ്റ് ചേരുന്നുമില്ല”, അവര്‍ പറഞ്ഞു. ഗര്‍ഭപാത്രം നീക്കംചെയ്യല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ഏതാണ്ട് രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം പൂനെയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ ബിബാബായിക്ക് അടുത്ത ശസ്ത്രക്രിയ നടത്തി (തീയതി, വര്‍ഷം എന്നിവപോലുള്ള വിശദാംശങ്ങള്‍ അവര്‍ ഓര്‍ക്കുന്നില്ല). “ഇത്തവണ കുടലുകളും [ഭാഗികമായി] നീക്കംചെയ്തു.” തന്റെ 9 മുഴം സാരിയുടെ തൊങ്ങലുകള് വലിച്ചുകൊണ്ട് അവര്‍ ഏതാണ്ട് മുഴുവനായി ഒട്ടിയ അടിവയര്‍ കാണിച്ചുതന്നു. മാംസവുമില്ല, പേശികളുമില്ല. ചുക്കിച്ചുളിഞ്ഞ ചര്‍മ്മം മാത്രം.
അടിവയറ്റില്‍ ചെയ്ത ശാസ്ത്രക്രിയയുടെ വിശദാംശങ്ങള്‍ ബിബാബായിക്ക് വ്യക്തമായ ഓര്‍മ്മയില്ല - അല്ലെങ്കില്‍ ഏത് സാഹചര്യത്തിലാണ് അത് ചെയ്തത് എന്നതിനെക്കുറിച്ച്. സര്ദേശ്പാണ്ഡെയുടെ പ്രബന്ധം ചൂണ്ടിക്കാണിക്കുന്നത് മൂത്രാശയം, കുടല്, മൂത്രനാളി എന്നിവയ്ക്കുണ്ടാകുന്ന മുറിവുകള്‍ ഗര്‍ഭപാത്രം നീക്കംചെയ്യല്‍ ശസ്ത്രക്രിയയ്ക്കുശേഷം സ്ഥിരമായുണ്ടാകുന്ന സങ്കീര്ണ്ണതകളാണെന്നാണ്. പൂനെ, സാതാറ ജില്ലകളിലെ ഗ്രാമപ്രദേശങ്ങളില്‍ നിന്നും കൂടിക്കാഴ്ചയില്‍ പങ്കെടുത്ത, ആര്‍ത്തവവിരാമത്തിനു മുമ്പുള്ളവരും ഗര്ഭപാത്രംനീക്കംചെയ്യല് ശസ്ത്രക്രിയയ്ക്കു വിധേയരായവരുമായ 44 സ്ത്രീകളില്‍ ഏതാണ്ട് പകുതിയും പറഞ്ഞത് ശസ്ത്രക്രിയാനന്തരം ഉടന്‍തന്നെ മൂത്രമൊഴിക്കുന്നതിനു ബുദ്ധിമുട്ട് നേരിടുകയും അടിവയറ്റില്‍ കടുത്തവേദന അനുഭവപ്പെടുകയും ചെയ്തു എന്നാണ്. പലരും പറഞ്ഞത് ശസ്ത്രക്രിയയ്ക്കുശേഷം അവര്‍ ദീര്‍ഘകാല ആരോഗ്യ പ്രശ്നങ്ങള്‍ അനുഭവിക്കുകയും ശസ്ത്രക്രിയയ്ക്കു മുമ്പുണ്ടായിരുന്ന അടിവയറ്റിലെ വേദന തുടരുകയും ചെയ്തു എന്നാണ്.
ഇതിനെല്ലാം പുറമെ കഴിഞ്ഞ 2-3 വർഷങ്ങളായി കടുത്ത അസ്ഥിക്ഷയവുമുണ്ട്. ഗർഭപാത്രം നീക്കംചെയ്യൽ ശസ്ത്രക്രിയയും നേരത്തെയുള്ള ആർത്ത വിരാമവും മൂലമുണ്ടാകുന്ന ഹോർമോൺ അസന്തുലിതാവസ്ഥയുടെ പ്രതിലോമകരമായ ഫലമാണ് അസ്ഥിക്ഷയം. അസ്ഥിക്ഷയം, ഉറങ്ങുമ്പോൾ പോലും, ബിബാബായിയുടെ നടുവ് നിവർക്കാൻ പറ്റാതാക്കിയിരിക്കുന്നു. ‘അസ്ഥിക്ഷയം മൂലം, കടുത്ത കൂനോടുകൂടി, നട്ടെല്ലിനുണ്ടാകുന്ന ഒടിവ്’ (osteoporotic compression fractures with severe kyphosis) ആണ് അവരുടെ പ്രശ്നം എന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഏകദേശം 45 കിലോമീറ്റർ അകലെ പിംപ്രി ചിഞ്ച്വാഡിലുള്ള വ്യവസായിക പട്ടണത്തിലെ ചിഖലിയിലെ സ്വകാര്യ ആശുത്രിയിലെ ചികിത്സയിലാണവർ.
റിപ്പോർട്ടുകൾ അടങ്ങിയ ഒരു പ്ലാസ്റ്റിക് ബാഗ് അവർ എന്റെ കൈയിൽ തന്നു. ഒരു ജീവിതം മുഴുവൻ വേദനയും അസുഖങ്ങളും. പക്ഷെ ഫയലിലുള്ളത് മൂന്ന് ഷീറ്റുകൾ മാത്രo – ഒരു എക്സ്-റേ റിപ്പോർട്ട്, കെമിസ്റ്റുകളുടെ പക്കൽ നിന്നുള്ള കുറച്ച് റെസീപ്റ്റുകൾ. പിന്നെ അവർ ഒരു പ്ലാസ്റ്റിക് ബോക്സ് ശ്രദ്ധാപൂർവ്വം തുറന്ന് വേദനയിൽ നിന്നും അസ്വസ്ഥതയിൽ നിന്നും ആശ്വാസം നൽകുന്ന കുറച്ച് ക്യാപ്സൂളുകൾ എടുത്തു കാണിച്ചു. ഒരു ചാക്ക് നിറയെ കുത്തിയ നെല്ലുകൾ ശരിയാക്കിയെടുക്കുന്നതു പോലെയുള്ള കഠിനമായ ജോലികൾ ചെയ്യേണ്ടി വരുമ്പോൾ ഉപയോഗിക്കുന്ന സ്റ്റിറോയിഡേതര കോശജ്വലന വിരുദ്ധ മരുന്നുകൾ (non-steroidal anti-inflammatory drugs) ആണിവ.
"ഈ മലമ്പ്രദേശത്തെ കഠിനമായ ശാരീരിക അദ്ധ്വാനവും മടുപ്പുളവാക്കുന്ന പണികളും അതിന്റെ കൂടെ പോഷകാഹാരക്കുറവും സ്ത്രീകളുടെ ആരോഗ്യ കാര്യങ്ങളിൽ വിനാശകരമായ ഫലങ്ങളാണ് ഉണ്ടാക്കുന്നത്”, ഡോ. വൈദേഹി നാഗർകർ പറഞ്ഞു. ഹഡശിയിൽ നിന്നും 15 കിലോമീറ്റർ അകലെ പൗഡ് ഗ്രാമത്തിൽ 28 വർഷങ്ങളായി ചികിത്സാ രംഗത്ത് പ്രവർത്തിക്കുകയാണ് അവർ. "പ്രത്യുത്പാദനപരമായ ആരോഗ്യരക്ഷ തേടുന്ന സ്ത്രീകളുടെ എണ്ണത്തിന്റെ കാര്യത്തിൽ ഞങ്ങളുടെ ആശുപത്രിയിൽ ഞാൻ ചില പുരോഗമനങ്ങൾ കാണുന്നുണ്ട്. പക്ഷെ ഇരുമ്പിന്റെ കുറവു കൊണ്ടുണ്ടാകുന്ന വിളർച്ച, സന്ധിവാതം, അസ്ഥിക്ഷയം എന്നിവയ്ക്കൊക്കെ ഇപ്പോഴും ചികിത്സ തേടുന്നില്ല.
“പാടത്ത് കാര്യക്ഷമമായി പണിയെടുക്കുന്നതിന് വളരെ പ്രധാനപ്പെട്ട അസ്ഥിയുടെ ആരോഗ്യം തികച്ചും അവഗണിക്കപ്പെടുന്ന ഒരു ആരോഗ്യ വിഷയമാണ്, പ്രത്യേകിച്ച് പ്രായമുള്ളവരുടെ കാര്യത്തിൽ”, അവരുടെ ഭർത്താവ് ഡോ. സച്ചിൻ നാഗർകർ ചൂണ്ടിക്കാണിച്ചു.
ബിബാബായിക്കറിയാം എന്തുകൊണ്ടാണ് താൻ ഇത്രമാത്രം കഷ്ടപ്പെട്ടതെന്ന്: "അക്കാലത്ത് [20 വർഷങ്ങൾക്കു മുമ്പ്] ദിവസം മുഴുവൻ, രാവിലെ മുതൽ രാത്രിവരെ, ഞങ്ങൾ പുറത്ത് പണിയെടുക്കുമായിരുന്നു. കഠിനമായ ജോലിയായിരുന്നു അത്. ഒരു കുന്നിനു മുകളിലുള്ള ഞങ്ങളുടെ പാടങ്ങളിൽ [വീട്ടിൽനിന്നും ഏകദേശം 3 കിലോമീറ്ററുകൾ അകലെ] 7-8 തവണ പശുവിൻ ചാണകം ഇടുമായിരുന്നു, കിണറ്റിൽ നിന്നും വെള്ളം കോരുമായിരുന്നു, അല്ലെങ്കിൽ കത്തിക്കാനായി വിറക് പെറുക്കുമായിരുന്നു..."
മൂത്ത മകനും മരുമകളും കൃഷി ചെയ്യുന്ന പാടത്ത് ബിബാബായ് ഇപ്പോഴും കൃഷി ചെയ്യാറുണ്ട്. "ഒരു കർഷകന്റെ കുടുംബം ഒരിക്കലും വിശ്രമിക്കുന്നില്ല, നിങ്ങൾക്കറിയുമോ?”, അവർ പറഞ്ഞു. "സ്ത്രീകളുടെ കാര്യത്തിൽ അവർ ഗർഭിണിയാണോ അവർക്കസുഖമുണ്ടോ എന്നത് വിഷയമേയല്ല.”
936
പേർ താമസിക്കുന്ന ഹഡശി ഗ്രാമത്തിൽ പൊതു ആരോഗ്യ സൗകര്യങ്ങൾ കുറവാണ്.
ഏറ്റവും അടുത്തുള്ള ആരോഗ്യ ഉപകേന്ദ്രം കോൽവണിൽ
ആണ്, പ്രാഥമിക ആരോഗ്യ കേന്ദ്രം കുലെ ഗ്രാമത്തിലും, 14 കിലോമീറ്ററുകൾ
അകലെ. ഒരുപക്ഷെ, ദശകങ്ങളായി ബിബാബായ് സ്വകാര്യ ഡോക്ടർമാരുടെയടുത്തുനിന്നും
സ്വകാര്യ ആശുപത്രികളിൽ നിന്നും ചികിത്സ തേടുന്നതിനുള്ള ഭാഗികമായ കാരണം ഇതായിരിക്കാം.
അവരുടെ കൂട്ടുകുടുംബത്തിലെ പുരുഷന്മാരാണ് ഏത് ആശുപത്രിയിൽ പോകണം,
ഏത് ഡോക്ടർമാരെ കാണണം എന്നുള്ള കാര്യങ്ങളിലൊക്കെ എല്ലാ സമയത്തും തീരുമാനങ്ങൾ
എടുക്കുന്നതെങ്കിൽപ്പോലും.
ഗ്രാമീണ മഹാരാഷ്ട്രയിലെ നിരവധി ആളുകളിൽ നിന്നും വ്യത്യസ്തമായി ബിബാബായിക്ക് ഭഗത്തുകളിലും (പാരമ്പര്യ ചികിത്സകർ), അഥവാ ദേവൃഷിമാരിലുമൊക്കെ (വിശ്വാസ ചികിത്സകർ) കുറച്ച് വിശ്വാസമേയുള്ളൂ. ഗ്രാമത്തിലെ വിശ്വാസ ചികിത്സകനെ ഒരുതവണ മാത്രമെ അവർ സന്ദർശിച്ചിട്ടുള്ളൂ. "അയാളെന്നെ വട്ടത്തിലുള്ള ഒരു വലിയ പാത്രത്തിലിരുത്തി ഒരു കുഞ്ഞിനെയെന്നപോലെ എന്റെ തലയിൽ വെള്ളം കോരിയൊഴിച്ചു. എനിക്കതു വെറുപ്പായി. ഒരേയൊരു തവണ പോയതപ്പോഴാണ്”, അവർ ഓർമ്മിച്ചു. ആധുനിക വൈദ്യശാസ്ത്രത്തിലുള്ള അവരുടെ വിശ്വാസം ഒരപവാദമാണ്. ഭർത്താവിന്റെ വിദ്യാഭ്യാസത്തിനും സ്ക്കൂൾ അദ്ധ്യാപകനായുള്ള തൊഴിലിനും അതിൽ എന്തെങ്കിലും പങ്കുണ്ടാവാം.
ഇപ്പോൾ അപ്പയുടെ മരുന്നിനുള്ള സമയമാണ്. അദ്ദേഹം ബിബാബായിയെ വിളിച്ചു. ഏകദേശം 16 വർഷങ്ങൾക്കു മുമ്പ്, ജോലിയിൽ നിന്നും വിരമിക്കാൻ 2 വർഷം ബാക്കിയുള്ളപ്പോൾ, ഇപ്പോൾ 74 വയസ്സുള്ള അപ്പയ്ക്ക് പക്ഷാഘാതം ഉണ്ടാവുകയും അതദ്ദേഹത്ത ഏതാണ്ട് ശയ്യാവലംബി ആക്കുകയും ചെയ്തു. സ്വന്തം നിലയിൽ അധികം സംസാരിക്കാനോ ഭക്ഷിക്കാനോ ചലിക്കാനോ അദ്ദേഹത്തിന് കഴിയില്ല. ചിലപ്പോൾ കിടക്കയിൽ നിന്നും വാതിൽവരെ ഇഴഞ്ഞ് ചെല്ലും. അവരുടെ വീട് ഞാൻ ആദ്യമായി സന്ദർശിച്ചപ്പോൾ അദ്ദേഹത്തിന് അനിഷ്ടം തോന്നിയിരുന്നു. കാരണം, ബിബാബായ് എന്നോട് സംസാരിച്ചു കൊണ്ടിരുന്നപ്പോൾ അദ്ദേഹത്തിന് മരുന്ന് നൽകാൻ താമസിച്ചിരുന്നു.
ബിബാബായ് അദ്ദേഹത്തിന് 4 നേരം ഭക്ഷണം നൽകുന്നു. കൂടാതെ മരുന്നുകളും, സോഡിയത്തിന്റെ അപര്യാപ്തത ഉള്ളതു കൊണ്ട് ഉപ്പുവെളളവും നല്കുന്നു. 16 വർഷങ്ങളായി അവരിത് ചെയ്യുന്നു – കൃത്യ സമയത്തും, സ്നേഹത്തോടെയും, സ്വന്തം ആരോഗ്യ പ്രശ്നങ്ങൾ പരിഗണിക്കാതെയും. തനിക്കു കഴിയുന്നത്രയും കാർഷിക, വീട്ടു ജോലികൾ ഒരു പരാതിയുമില്ലാതെ ചെയ്യാൻ അവർ പാടുപെടുന്നു. ദശകങ്ങളായുള്ള ജോലിക്കും വേദനക്കും അനാരോഗ്യത്തിനും ശേഷവും കർഷക കുടുംബങ്ങളിലുള്ള സ്ത്രീകൾക്ക് ഒരിക്കലും വിശ്രമിക്കാൻ കഴിയില്ല.
ഗ്രാമീണ ഇന്ത്യയിലെ കൗമാരക്കാരായ പെൺകുട്ടികളെയും യുവതികളെയും കുറിച്ച് പ്രോജക്റ്റ് പോപുലേഷൻ ഫൗ ണ്ടേഷൻ ഓഫ് ഇന്ത്യയുടെ പിന്തുണയോടെ പാരിയും കൗ ണ്ടർ മീഡിയ ട്രസ്റ്റും രാജ്യവ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പ്രധാനപ്പെട്ട ജനവിഭാഗവും എന്നാല്‍ പാര്‍ശ്വവത്കൃതരുമായ മേല്‍പ്പറഞ്ഞ വിഭാഗങ്ങളുടെ അവസ്ഥ സാധാരണക്കാരുടെ ശബ്ദത്തിലൂടെയും ജീവിതാനുഭവങ്ങളിലൂടെയും മനസ്സിലാക്കുന്നതിനുള്ള ഒരു ഉദ്യമത്തിന്റെ ഭാഗമാണ് ഈ പ്രോജക്റ്റ്.
ഈ ലേഖനം പുനഃപ്രസിദ്ധീകരിക്കണമെന്നുണ്ടെങ്കിൽ [email protected] എന്ന മെയിലിലേക്ക് , [email protected] എന്ന മെയിൽ ഐഡി കൂടി കാർബൺ കോപ്പി ചെയ്ത്, എഴുതുക .
പരിഭാഷ: റെന്നിമോന്‍ കെ. സി.