ഹരീന്ദര്‍ സിംഗ് തന്റെ സഹതൊഴിലാളി പപ്പുവിനോട് മെയ് 4-ന് അവസാനത്തെ രണ്ടു ശരീരങ്ങള്‍ സംസ്കാരത്തിനായി തയ്യാറാക്കാന്‍ പറയുമ്പോള്‍ സഹപ്രവര്‍ത്തകര്‍ അമ്പരക്കുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചിരുന്നില്ല. അദ്ദേഹം സംസാരിക്കാനായി തിരഞ്ഞെടുത്ത വാക്കുകള്‍ സാധാരണയായിരുന്നില്ല.
ഹരീന്ദര്‍ പറഞ്ഞു: “ദോ ലോണ്ഡെ ലേടെ ഹുയെ ഹേ” [രണ്ട് പയ്യന്മാര് അവിടെ കിടക്കുന്നു]. അദ്ദേഹത്തിനു മാറ്റമില്ലെന്നു മനസ്സിലായപ്പോള്‍ സഹപ്രവര്‍ത്തകര്‍ക്കുണ്ടായ ആദ്യ അമ്പരപ്പ് ചിരിയായിമാറി. ന്യൂഡല്‍ഹിയിലെ ഏറ്റവും തിരക്കേറിയ ശ്മശാനമായ നിഗം ബോധിലെ അവരുടെ മടുപ്പേറിയ ജോലിക്കിടയില്‍ ഇത് ആശ്വാസത്തിന്റെ ഒരു അപൂര്‍വ്വ നിമിഷമായിരുന്നു.
പക്ഷെ ഹരീന്ദറിനുതന്നെ കാര്യങ്ങള്‍ എന്നോടു വിശദീകരിക്കണമെന്ന് തോന്നി. ശ്മശാനത്തിലെ ചൂളയ്ക്കു സമീപമുള്ള ചെറിയൊരു മുറിയില്‍ സഹജോലിക്കാര്‍ക്കൊപ്പം രാത്രിഭക്ഷണം കഴിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹം ഒന്ന് നിശ്വസിച്ചു, - നരകതുല്യമായ ഈ മഹാമാരി സമയത്ത് ശ്വസിക്കാനുള്ള ഭാഗ്യം അദ്ദേഹത്തിന് ലഭിക്കുന്നു - എന്നിട്ടു പറഞ്ഞു, “നിങ്ങള്‍ അവയെ ശരീരങ്ങള്‍ എന്നു വിളിക്കുന്നു. ഞങ്ങള്‍ അവയെ ലോണ്ഡെ [പയ്യന്മാര്] എന്നുവിളിക്കുന്നു.”
“ഇവിടേക്ക് കൊണ്ടുവരുന്ന എല്ലാവരും ആരുടെയെങ്കിലുമൊക്കെ മകനോ മകളോ ആണ്, എന്റേതുപോലെ”, പപ്പു കൂട്ടിച്ചേര്‍ത്തു. “അവരെ ചൂളയിലേക്കെടുക്കുക വേദനാജനകമാണ്. പക്ഷെ അവരുടെ ആത്മാവിനുവേണ്ടി ഞങ്ങളിത് ചെയ്യേണ്ടതുണ്ട്, ഇല്ലേ?” ഒരുമാസത്തിലധികമായി എല്ലാദിവസവും 200-ലധികം ശരീരങ്ങള്‍ ഇവിടെ കത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു – സി.എന്‍.ജി. ചൂളകളിലും തുറന്ന ചിതയിലും.
ആ ദിവസം, മെയ് 4-ന്, 35 ശരീരങ്ങള്‍ നിഗംബോധ് ഘാട്ടിലുള്ള സി.എന്‍.ജി. ചൂളകളില്‍ സംസ്കരിച്ചു. ഡല്‍ഹിയെ രണ്ടാം കോവിഡ് തരംഗം പിടിച്ച ഏപ്രില്‍ ആദ്യവാരം മുതലുള്ള ദിവസശരാശരിയായ 45-50-നേക്കാള്‍ കുറച്ച് കുറവായിരുന്നു ഇത്. പക്ഷെ മഹാമാരിക്കു മുന്‍പ് ശ്മശാനത്തിലെ സി.എന്‍.ജി. ചൂളകളില്‍ മാസത്തില്‍ ഏകദേശം 100 ശരീരങ്ങളെ ദഹിപ്പിച്ചിരുന്നുള്ളൂ.
ഡല്‍ഹിയിലെ കാശ്മീരി ഗേറ്റിനടുത്തുള്ള യമുനാ നദിയുടെ തീരത്ത് ഘാട്ടിലേക്കുള്ള കവാടത്തില്‍ ഒരു ചുവര്‍ചിത്രമുണ്ട്. അത് ഇങ്ങനെ പറയുന്നു: “എന്നെ ഇവിടെയെത്തിച്ചതിന് നന്ദി. ഇവിടെനിന്ന് ഞാന്‍ ഒറ്റയ്ക്ക് മുന്നോട്ടുപോകും.” പക്ഷെ ഈ വര്‍ഷം ഏപ്രില്‍-മെയ് മാസങ്ങളില്‍ ദേശീയ തലസ്ഥാനത്തെ കോവിഡ്-19 ഏറ്റെടുത്തപ്പോള്‍ മരിച്ചവര്‍ ഒറ്റയ്ക്കായിരുന്നില്ല – മരണാനന്തര ജീവിതത്തിലേക്കുള്ള യാത്രയില്‍ അവര്‍ ഒരുസുഹൃത്തിനെ കണ്ടെത്തിയിട്ടുണ്ടാകണം.
കത്തുന്ന ശരീരങ്ങളുടെ ഹാനികരമായ ഗന്ധം മലിനമായ യമനുയില്‍ നിന്നുള്ള ഗന്ധവുമായി കൂടിക്കലര്‍ന്ന് അന്തരീക്ഷമാകെ വ്യാപിച്ച് ഞാന്‍ നടക്കുമ്പോള്‍ എന്റെ ഇരട്ട മുഖാവരണങ്ങളിലൂടെ തുളച്ചുകയറിക്കൊണ്ടിരുന്നു. നദിയോടുചേര്‍ന്ന് 25-നടുത്ത് ചിതകള്‍ അകലങ്ങളിലായി കത്തുന്നുണ്ടായിരുന്നു. നദീതീരത്തേക്ക് നയിക്കുന്ന ഇടുങ്ങിയ പാതയുടെ ഇരുവശങ്ങളിലുമായി ഇനിയും കൂടുതല്‍ ചിതകളുണ്ടായിരുന്നു – വലതുവശത്ത് രണ്ടും, ഇടതുവശത്ത് മൂന്നും. കൂടുതല്‍ ശരീരങ്ങള്‍ അവയുടെ ഊഴംകാത്ത് വേറെയും കിടക്കുന്നുണ്ടായിരുന്നു.
വളപ്പില്‍നിന്ന് ശൂന്യമായ ഒരുനിലം നിരപ്പാക്കിയെടുത്ത് നിര്‍മ്മിച്ച ഒരു താത്കാലിക ശ്മശാനത്തില്‍ 21 പുതിയ ഇടങ്ങളുണ്ടായിരുന്നു – പക്ഷെ അവ ആവശ്യത്തിന് തികയില്ലായിരുന്നു. രാജ്യം വീണുകൊണ്ടിരിക്കുന്ന ചെളിക്കുണ്ടിന് സാക്ഷ്യം വഹിച്ചുകൊണ്ടെന്നവണ്ണം നടുക്ക് ഒരു ചെറുമരം നിന്നിരുന്നു (കത്തുന്ന ശരീരങ്ങളുടെ നാളങ്ങള്‍കൊണ്ട് ഇതിന്റെ ഇലകള്‍ കരിഞ്ഞിരുന്നു).
ജോലിക്കാര്‍ അതിനെക്കുറിച്ചും ചിലതൊക്കെ അറിഞ്ഞിരുന്നു. അവര്‍ ജോലി ചെയ്തിരുന്ന സി.എന്‍.ജി. ചൂളകളോടുകൂടിയ വിശാലമുറികള്ക്കകത്ത് ആളുകള്‍ നില്‍ക്കുകയും നടക്കുകയും കരയുകയും ദുഃഖിക്കുകയും മരിച്ചവരുടെ ആത്മാവിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു. കെട്ടിടത്തിന്റെ മിന്നിക്കത്തുന്ന ട്യൂബ് ലൈറ്റുകളുള്ള കാത്തിരിപ്പ് പ്രദേശം കാര്യമായി ഉപയോഗിക്കുന്നുണ്ടായിരുന്നില്ല.
അവിടെയുണ്ടായിരുന്ന 6 ചൂളകളില്‍ “പകുതിയെണ്ണം കൊറോണ ബാധിത ശരീരങ്ങള്‍ കുന്നുകൂടാന്‍ തുടങ്ങിയതില്‍പ്പിന്നെ കഴിഞ്ഞ വര്‍ഷം [2020] മാത്രമാണ് സ്ഥാപിച്ചത്”, പപ്പു പറഞ്ഞു. കോവിഡ്-19 പൊട്ടിപ്പുറപ്പെട്ടതില്‍പ്പിന്നെ അതുമൂലം മരിച്ചവരുടെ ശരീരങ്ങള്‍ മാത്രമെ സി.എന്‍.ജി. ചൂളകളില്‍ സംസ്കരിചിട്ടുള്ളൂ.
ഒരു ശരീരം സംസ്കരിക്കാനുള്ള ഊഴമായപ്പോള്‍ അതോടൊപ്പമുള്ള ആളുകള്‍ അഥവാ ആശുപത്രി ജീവനക്കാര്‍ അഥവാ ശ്മശാന ജീവനക്കാര്‍ അത് ചൂളയിലേക്കെടുത്തു. ചില ശരീരങ്ങള്‍ - മറ്റുള്ളവയേക്കാള്‍ ഭാഗ്യമുള്ളവ - വെള്ളത്തുണികള്‍കൊണ്ട് മൂടി. മറ്റുള്ളവ, വെളുത്ത പ്ലാസ്റ്റിക് സഞ്ചികളില്‍ പൊതിഞ്ഞവ, ആംബുലന്‍സില്‍ നിന്നും നേരിട്ടെത്തിച്ചു. ചിലത് സ്ട്രെച്ചറുകളില്‍ കൊണ്ടുന്നു, മറ്റുള്ളവയെ കെട്ടിടത്തിലേക്ക് കൊണ്ടുവന്നു.
ചൂളയിലേക്ക് നയിക്കുന്ന പാളത്തില്‍ സ്ഥാപിച്ച ചക്രങ്ങളോടുകൂടിയ ഒരു പ്രതലത്തിലേക്ക് ശ്മശാന ജീവനക്കാര്‍ ശരീരം എടുത്തു. അടുത്തഭാഗം വളരെപെട്ടെന്ന് നടപടിവേണ്ട ഒന്നാണ് – ശരീരം ചൂളയിലേക്ക് തള്ളിയിട്ടാല്‍ ജീവനക്കാര്‍ പെട്ടെന്നുതന്നെ പ്രതലം വലിച്ചുമാറ്റി ചൂളയുടെ വാതില്‍ അടച്ച് കുറ്റിയിടേണ്ടതുണ്ട്. വലിയ കുഴലില്‍നിന്നും ഇരുണ്ട പുകപടലങ്ങള്‍ ഉയര്‍ന്നുപൊങ്ങിയപ്പോള്‍ കണ്ണീരണിഞ്ഞ കുടുംബാംഗങ്ങള്‍ അവരുടെ പ്രിയപ്പെട്ടവരുടെ ശരീരം ചൂളയില്‍ അപ്രത്യക്ഷമാകുന്നത് നോക്കിനിന്നു.
“ഒരുദിവസം എത്തുന്ന ആദ്യത്തെ ശരീരം പൂര്‍ണ്ണമായി കത്താന്‍ രണ്ട് മണിക്കൂര്‍ എടുക്കും”, പപ്പു എന്നോടു പറഞ്ഞു. “എന്തുകൊണ്ടെന്നാല്‍ ചൂള ചൂടാകാന്‍ സമയമെടുക്കും. അതിനുശേഷമുള്ള ഓരോ ശരീരവും കത്തിത്തീരാന്‍ ഒന്നര മണിക്കൂര്‍ വീതം മതി.” ഓരോ ചൂളയിലും ഓരോദിവസവും 7-9 ശരീരങ്ങള്വരെ സംസ്കരിക്കാന്‍ പറ്റും.
നാല് തൊഴിലാളികളാണ് നിഗംബോധ് ഘാട്ടിലെ ചൂളകള്‍ കൈകാര്യം ചെയ്യുന്നത്. ഉത്തര്‍പ്രദേശിലെ പട്ടികജാതി വിഭാഗത്തില്‍പെട്ട കോറി സമുദായത്തില്‍പെട്ടവരാണ് എല്ലാവരും. ഏറ്റവും മുതിര്‍ന്ന 55-കാരനായ ഹരീന്ദര്‍ യഥാര്‍ത്ഥത്തില്‍ യു.പി.യിലെ ബാലിയ ജില്ലയില്‍ നിന്നുമാണ് വരുന്നത്. 2004 മുതല്‍ അദ്ദേഹം അവിടെ ജോലി ചെയ്യുന്നു. യു.പി.യിലെ കാന്ഷിറാംനഗര് ജില്ലയിലെ സോറോന്‍ ബ്ലോക്കില്‍നിന്നുള്ള 39-കാരനായ പപ്പു 2011-ലാണ് ചേര്‍ന്നത്. പുതിയ ജോലിക്കാരായ മറ്റുരണ്ടുപേര്‍, 37-കാരനായ രാജു മോഹനും 28-കാരനായ രാകേഷും സോറോന്‍ ബ്ലോക്കില്നിന്നുതന്നെയാണ്.
ജോലിഭാരം നിയന്ത്രിക്കുന്നതിനായി ഏപ്രില്‍-മെയ് മാസങ്ങളില്‍ എല്ലാദിവസവും 15 മുതല്‍ 17 മണിക്കൂര്‍വരെ (രാവിലെ 9 മണിമുതല്‍ അര്‍ദ്ധരാത്രി കഴിയുന്നിടംവരെ) അവരെ ജോലിക്കു നിയോഗിക്കുകയായിരുന്നു. അവരുടെ ജീവന് അപകടത്തിലാക്കുന്ന നടപടിയായിരുന്നു ഇത്. വൈറസിനെ ഒഴിവാക്കിവിടാന്‍ അവര്‍ക്ക് കഴിഞ്ഞെങ്കിലും ചൂളയില്‍നിന്നുള്ള 840° സെല്‍ഷ്യസ് ചൂട് അവയെ നശിപ്പിച്ചിട്ടുണ്ടായിരിക്കണം. “രാത്രിയില്‍ ഇത് പ്രവര്‍ത്തന രഹിതമാക്കിയതിനുശേഷം നമ്മള് ഒരു ശരീരം അതിനകത്തുവച്ചാല് രാവിലെ നമുക്ക് ലഭിക്കുന്നത് ചാരം മാത്രമായിരിക്കും”, ഹരീന്ദര്‍ പറഞ്ഞു.
ഒഴിവില്ലാതെ അവര്‍ ജോലി ചെയ്യുകയായിരുന്നു. “ഞങ്ങള്‍ക്കെങ്ങനെ അത് കഴിയും [വിശ്രമിക്കാന്‍], ചായയൊ കാപ്പിയൊ കുടിക്കാന്‍ പോലുമുള്ള സമയം ഞങ്ങള്‍ക്ക് കിട്ടാത്തപ്പോള്‍?” പപ്പു പറഞ്ഞു. “ഏതാനും മണിക്കൂറുകള്‍ ഞങ്ങള്‍ മാറിനിന്നാല്‍ പോലും ഇവിടെയാകെ താറുമാറാകും.”
എന്നിട്ടും അവരിലാരും സ്ഥിരജീവനക്കാരായല്ല ജോലി ചെയ്യുന്നത്. ബഡി പഞ്ചായത്ത് വൈശ്യ ബീസെ അഗര്‍വാള്‍ എന്ന ഒരു ജീവകാരുണ്യ സംഘടന നിയന്ത്രിക്കുന്ന ഒരു മുനിസിപ്പല്‍ ശ്മശാനമാണ് നിഗംബോധ് ഘാട് (പ്രദേശത്തെ ജനങ്ങള്‍ ഇതിനെ സംസ്ഥ എന്നുവിളിക്കുന്നു).
സംഘടന ഹരീന്ദറിന് പ്രതിമാസം നല്‍കുന്നത് 16,000 രൂപയാണ്. ഒരു ദിവസം 533 രൂപയാണ് കൂലി. അതായത് അദ്ദേഹം 8 ശരീരം ദഹിപ്പിക്കുകയാണെങ്കില്‍ ഓരോന്നിനും 66 രൂപവീതം ലഭിക്കുന്നു. പപ്പുവിന് പ്രതിമാസം 12,000 രൂപയാണ് ലഭിക്കുന്നത്, രാജു മോഹനും രാകേഷിനും 8,000 വീതവും. “ഞങ്ങളുടെ ശമ്പളം വര്‍ദ്ധിപ്പിച്ചു നല്‍കാമെന്ന് സംസ്ഥ വാഗ്ദാനം ചെയ്തിട്ടുണ്ട്. പക്ഷെ എത്രയാണ് കൂട്ടിത്തരികയെന്ന് അവര്‍ പറഞ്ഞിട്ടില്ല”, ഹരീന്ദര്‍ എന്നോടു പറഞ്ഞു.
ഒരു സംസ്കാരത്തിന് 1,500 രൂപ ഈടാക്കുന്നുണ്ടെങ്കില്പ്പോലും (മഹാമാരിക്കുമുന്‍പ് ഇത് 1,000 ആയിരുന്നു) സംസ്ഥ ക്ക് ശമ്പള വര്‍ദ്ധനവിന് പദ്ധതിയുള്ളതായി തോന്നുന്നില്ല. അതിന്റെ ജനറല്‍ സെക്രട്ടറി സുമന് ഗുപ്ത ഇങ്ങനെയാണ് എന്നോടു പറഞ്ഞത്: “അവരുടെ ശമ്പളം വര്‍ദ്ധിപ്പിക്കുകയാണെങ്കില്‍ സംഘടന വര്‍ഷം മുഴുവനും വര്‍ദ്ധിപ്പിക്കുന്ന തുക നല്‍കേണ്ടിവരും.” അവര്‍ക്ക് “പ്രോത്സാഹന ധനസഹായം” നല്‍കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജീവനക്കാര്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ചെറിയ മുറിയെപ്പറ്റി ഉദ്ദേശിക്കാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. ചൂളയില്‍നിന്നും വെറും 5 മീറ്ററുകള്‍ മാത്രം അകലത്തിലുള്ള മുറി വേനല്‍ചൂട് മൂലം ബാഷ്പസാന്ദ്രമായിത്തീര്ന്നു. അതുകൊണ്ട് പപ്പു പുറത്തുപോയി എല്ലാവര്ക്കും തണുത്ത പാനീയം കൊണ്ടുവന്നു. അതിന് അദ്ദേഹത്തിന് 50 രൂപയിലധികം ചിലവായിട്ടുണ്ട് - അന്നത്തെ ദിവസം അദ്ദേഹം എരിച്ച ഒരു ശരീരത്തിനുള്ള പ്രതിഫലം.
ഒരു മൃതദേഹം കത്തിക്കാന്‍ 14 കിലോഗ്രാം അടുത്ത് സി.എന്‍.ജി. വേണമെന്ന് പപ്പു എന്നോടു പറഞ്ഞു. “ആദ്യത്തെ ശരീരം കത്തിക്കുന്നതിന് നമ്മുടെ അടുക്കളകളില്‍ ഉപയോഗിക്കുന്ന രണ്ട് ഗാര്‍ഹിക സിലിണ്ടറുകളില്‍ ഉപയോഗിക്കുന്നത്രയും ഇന്ധനം വേണം. പിന്നീടുള്ള ശരീരങ്ങള്‍ക്ക് കുറച്ചുമതി – ഒന്നുമുതല്‍ ഒന്നര സിലിണ്ടറുകള്‍വരെ.” ഏപ്രിലില്‍ നിഗംബോധിലെ സി.എന്‍.ജി. ചൂളകള്‍ 543 ശരീരങ്ങള്‍ കത്തിച്ചുവെന്ന് ഗുപ്ത പറഞ്ഞു. പ്രസ്തുത മാസം സംസ്ഥ യുടെ സി.എന്‍.ജി. ബില്‍ 3,26,960 രൂപയായിരുന്നു.
ചൂളയുടെ വാതില്‍ പൊക്കിത്തുറന്ന് ശരീരം ഒരുനീണ്ട കമ്പുകൊണ്ട് തട്ടി അതിനെ യന്ത്രത്തിന്റെ ആഴത്തിലേക്ക് തള്ളിക്കൊണ്ട് രണ്ട് ജീവനക്കാര്‍ കത്തല് പ്രക്രിയ വേഗത്തിലാക്കുന്നു. “അങ്ങനെ നമ്മള് ചെയ്തില്ലെങ്കില്‍ ഒരുശരീരം പൂര്‍ണ്ണമായി കത്തിത്തീരാന്‍ കുറഞ്ഞത് 2-3 മണിക്കൂറുകള്‍ എടുക്കും” ഹരീന്ദര്‍ പറഞ്ഞു. “നേരത്തെ നമുക്കത് പൂര്‍ത്തിയാക്കണം, അങ്ങനെയെങ്കില്‍ സി.എന്‍.ജി. ലഭിക്കാന്‍ കഴിയും. അല്ലെന്നുണ്ടെങ്കില്‍ സംസ്ഥ കൂടുതല്‍ നഷ്ടം നേരിടും.”
സംഘടനയുടെ ചിലവുകള്‍ കുറയ്ക്കാനുള്ള പരിശ്രമങ്ങള്‍ ജീവനക്കാര്‍ നടത്തിയിട്ടുപോലും അവരുടെ ശമ്പളം ഏറ്റവും അവസാനം വര്‍ദ്ധിപ്പിച്ചത് രണ്ടുവര്‍ഷം മുന്‍പാണ്. സ്വന്തം ജീവിതം അപകടത്തിലാക്കിക്കൊണ്ട് കോവിഡ് ബാധിത ശരീരങ്ങളാണ് ഞങ്ങളിപ്പോള്‍ സംസ്കരിച്ചുകൊണ്ടിരിക്കുന്നത്”, ശമ്പളം വര്ദ്ധിപ്പിച്ചുകിട്ടാത്തതില് വിഷണ്ണനായി പപ്പു പറഞ്ഞു. “ഞങ്ങളോടു പറഞ്ഞത് ‘ദാനവും സംഭാവനയുമൊക്കെ സ്വീകരിച്ചുകൊണ്ടാണ് സംസ്ഥ പ്രവര്‍ത്തിക്കുന്നത് എന്നാണ്, അതുകൊണ്ട് എന്തുചെയ്യാന്‍ പറ്റും?’”, ഹരീന്ദര്‍ കൂട്ടിച്ചേര്‍ത്തു. അക്ഷരാര്‍ത്ഥത്തില്‍ അവര്‍ക്കുവേണ്ടി ഒന്നും ചെയ്തിട്ടില്ല.
അവര്‍ പ്രതിരോധമരുന്ന് പൂര്‍ണ്ണമായി സ്വീകരിച്ചിട്ടു പോലുമില്ല. മുന്‍നിര ജീവനക്കാര്‍ക്ക് പ്രതിരോധമരുന്ന് നല്കിയപ്പോള് അക്കൂട്ടത്തില്‍ ഈ വര്‍ഷമാദ്യം ആദ്യഡോസ് ലഭിച്ചതാണ് പപ്പുവിനും ഹരീന്ദറിനും. “സമയമില്ലാത്തതുകാരണം എനിക്ക് രണ്ടാമത്തേതിനുപോകാന് പറ്റിയില്ല. എനിക്ക് ശ്മശാനത്തില്‍ തിരക്കായിരുന്നു”, പപ്പു പറഞ്ഞു. “വിളി വന്നപ്പോള്‍ പ്രതിരോധമരുന്ന് കേന്ദ്രത്തിലെ വ്യക്തിയോട് ഞാന്‍ പറഞ്ഞു എന്റെ മരുന്ന് മറ്റാര്‍ക്കെങ്കിലും നല്‍കിക്കോളാന്‍.”
അന്ന് അതിരാവിലെ ഒരു ചൂളയ്ക്കരികില്‍ പപ്പു ഒരു ചവറ്റുപെട്ടി കണ്ടു. തലേദിവസം വന്ന സന്ദര്‍ശകര്‍ ഉപേക്ഷിച്ചുപോയ പി.പി.ഇ. (പേഴ്സണല്‍ പ്രൊട്ടക്റ്റീവ് എക്വിപ്മെന്റ് ) കിറ്റുകള്‍ അതിലുണ്ടായിരുന്നു. പുറത്തുള്ള വലിയ ചവറ്റുപെട്ടിയില്‍ അവ നിക്ഷേപിക്കാന്‍ സന്ദര്‍ശകരോട് പറഞ്ഞിട്ടുണ്ടെങ്കിലും ഒരുപാടുപേരും ഹാളില്‍ പി.പി.ഇ.കള്‍ ഉപേക്ഷിക്കുന്നു. പപ്പു ഒരു കമ്പിന്റെ സഹായത്തോടെ അത് വലിച്ചെടുത്ത് പുറത്തേക്ക് വലിച്ചുകൊണ്ടുപോയി. പക്ഷെ, അദ്ദേഹം പി.പി.ഇ. കിറ്റുകള്‍ ധരിക്കുകയോ കൈയുറകള്‍ ഉപയോഗിക്കുകയോ ചെയ്തിരുന്നില്ല.
പപ്പു പറഞ്ഞത് അടുത്തുള്ള ചൂളകളില്നിന്നുള്ള അസഹ്യമായ ചൂട് കാരണമാണ് പി.പി.ഇ.കള്‍ ധരിക്കാതിരുന്നത് എന്നാണ്. “കൂടാതെ, ശരീരത്തിന്റെ വയര്‍പൊട്ടി ചൂളയ്ക്കകത്തുനിന്നുള്ള തീജ്വാല ചിലപ്പോള്‍ വാതിലുകളിലൂടെ പുറത്തുവരുമ്പോള്‍ പി.പി.ഇ.കള്‍ക്ക് തീ പിടിക്കാനുള്ള സാദ്ധ്യത കൂടുതലാണ്. പി.പി.ഇ.കള്‍ എടുത്തുമാറ്റാനെടുക്കുന്ന സമയംകൊണ്ട് ഞങ്ങള്‍ മരിക്കുകയും ചെയ്യാം”, അദ്ദേഹം വിശദീകരിച്ചു. “കിറ്റ് ധരിക്കുന്നത് എന്നെ ഞെരിച്ച് ശ്വാസം മുട്ടിക്കുന്നു. എനിക്കെന്താ മരിക്കാന്‍ താല്‍പ്പര്യമുണ്ടോ?”, ഹരീന്ദര്‍ കൂട്ടിച്ചേര്‍ത്തു.
അവര്‍ സുരക്ഷയ്ക്കായി ഉപയോഗിച്ച ഒരേയൊരു സംഗതി മുഖാവരണം മാത്രമായിരുന്നു, ദിവസങ്ങളായി അതുതന്നെ അവര്‍ ധരിച്ചുകൊണ്ടിരിക്കുന്നു. “വൈറസ്ബാധ ഏല്‍ക്കുമോ എന്ന ആശങ്ക ഞങ്ങള്‍ക്കുണ്ട്. പക്ഷെ ഞങ്ങള്‍ക്ക് അവഗണിക്കാന്‍ പറ്റാത്ത ഒരു പ്രതിസന്ധിയാണിത്”, പപ്പു പറഞ്ഞു. “ആളുകള്‍ നേരത്തെതന്നെ ദുഃഖിതരാണ്, അവരെ നിരാശരാക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല.”
അപകടസാദ്ധ്യതകള്‍ ഇവിടെ അവസാനിക്കുന്നില്ല. ഒരിക്കല്‍ ഒരു ശരീരം സംസ്കരിക്കുമ്പോള്‍ പപ്പുവിന്റെ ഇടതുകൈ തീനാളങ്ങളേറ്റ് പൊള്ളി. “എനിക്ക് വേദനിക്കുന്നതായി തോന്നി. പക്ഷെ അതുകൊണ്ടെന്തു ചെയ്യാന്‍?”, ഞാനവരെ കാണുന്നതിന് ഒരുമണിക്കൂര്‍ മുന്‍പ് ഹരീന്ദറിന് മുറിവേറ്റിരുന്നു. “അടയ്ക്കുന്ന സമയത്ത് വാതില്‍ എന്റെ കാല്‍മുട്ടിലിടിച്ചു”, അദ്ദേഹം എന്നോട് പറഞ്ഞു.
“ചൂളയുടെ വാതിലിന്റെ കൈപ്പിടി ഒടിഞ്ഞു. ഒരു മുളകൊണ്ട് ഞങ്ങളത് നന്നാക്കി”, രാജു മോഹന്‍ പറഞ്ഞു. “വാതില്‍ നന്നാക്കിത്തരാന്‍ ഞങ്ങള്‍ സൂപ്പര്‍വൈസറോട് പറഞ്ഞു. അദ്ദേഹം ഞങ്ങളോടു പറഞ്ഞു, ‘ലോക്ക്ഡൗണ്‍ സമയത്ത് നമ്മള് എങ്ങനെ നന്നാക്കാനാണ്?’ ഒന്നും നടക്കില്ലെന്ന് ഞങ്ങള്‍ക്കറിയാം”, ഹരീന്ദര്‍ പറഞ്ഞു.
പ്രഥമ ശുശ്രൂഷ പെട്ടി പോലും അവര്‍ക്ക് ലഭ്യമല്ല.
ചൂളയിലേക്ക് എടുക്കുന്നതിനുമുന്‍പ് കുടുംബാംഗങ്ങള്‍ മൃതദേഹത്തില്‍ നെയ്യും വെള്ളവും ഒഴിക്കുന്നതുമൂലം അത് തെന്നി തറയില്‍ വീഴുന്നതുപോലെയുള്ള പുതിയതരത്തിലുള്ള അപകടങ്ങളും ഇപ്പോള്‍ ഉണ്ട്. “ഇത് അനുവദനീയമല്ല. ഇത് അനാരോഗ്യകരവും അപകടകരവുമാണ്. പക്ഷെ ആളുകള്‍ വിലക്കുകള്‍ അവഗണിക്കുന്നു”, ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ (സി.എം.ഡി.) ഒരു ഉദ്യോഗസ്ഥനായ അമര്‍ സിംഗ് പറഞ്ഞു. മഹാമാരിയുടെ സമയത്ത് നിഗംബോധ് ഘാട്ടിന്റെ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കുന്നതിനായി നിയമിക്കപ്പെട്ട 7 സി.എം.ഡി. സൂപ്പര്‍വൈസര്‍മാരില്‍ ഒരാളാണ് അദ്ദേഹം.
രാത്രി 8 മണിക്ക് മുന്‍പ് സ്വീകരിക്കുന്ന ശരീരങ്ങള്‍ അന്നുതന്നെ സംസ്കരിക്കുമെന്ന് സിംഗ് പറഞ്ഞു. അതിനുശേഷം വരുന്നവരുടെ കാര്യം ആരും പരിഗണിക്കാനില്ലാത്തതിനാല് അടുത്തദിവസം രാവിലെവരെ അവര്‍ കാത്തിരിക്കേണ്ടിവരും. അങ്ങനെ രാത്രിയിലെ കൂലികൂടി ചേര്‍ത്ത് ആംബുലന്‍സ് കൂലി ഉയരുന്നുവെന്നും അദ്ദേഹം പറഞ്ഞു. “ദിവസം മുഴുവനും ചൂള പ്രവര്‍ത്തിപ്പിക്കുക എന്നതാണ് പെട്ടെന്നു കാണാവുന്ന ഒരു പരിഹാരം.”
പക്ഷെ അത് സാദ്ധ്യമാണോ? “എന്തുകൊണ്ടല്ല?” സിംഗ് പറഞ്ഞു. “നിങ്ങള്‍ തന്തൂറില്‍ കോഴിയെ വേവിക്കുമ്പോള്‍ തന്തൂര്‍ അങ്ങനെതന്നെ നില്ക്കുന്നു. ഇവിടെയുള്ള ചൂളകള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കാനുള്ള ശേഷിയുണ്ട്. പക്ഷെ സംസ്ഥ ഇത് അനുവദിക്കില്ല.” “യന്ത്രങ്ങള്‍ക്കും മനുഷ്യരെപ്പോലെ കുറച്ച് വിശ്രമം ആവശ്യമാണ്” എന്നുപറഞ്ഞുകൊണ്ട് പപ്പു ഈ അഭിപ്രായത്തെ തള്ളിക്കളഞ്ഞു.
ശ്മശാനത്തില്‍ ജീവനക്കാര്‍ കുറവാണെന്നുള്ള കാര്യത്തോട് സിംഗും പപ്പുവും യോജിച്ചു. “അവര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ നേരതെതന്നെ ബുദ്ധിമുട്ടിലായ പ്രവര്‍ത്തനങ്ങള്‍ തകരും”, തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് എടുത്തിട്ടില്ല എന്നകാര്യം കൂട്ടിചേര്‍ത്തുകൊണ്ട് സിംഗ് പറഞ്ഞു. പപ്പുവിന്റെ പരിഗണനകള്‍ കുറച്ച് വ്യത്യസ്തമായിരുന്നു. “ഹരീന്ദറിനെയും എന്നെയും പോലുള്ള കുറച്ച് പണിക്കാര് കൂടിയുണ്ടെങ്കില്‍ ഞങ്ങള്‍ക്ക് കുറച്ചു വിശ്രമിക്കാനുള്ള അവസരം ലഭിക്കുകയും ഇവിടുത്തെ കാര്യങ്ങള്‍ എളുപ്പമാവുകയും ചെയ്യും”, അദ്ദേഹം പറഞ്ഞു.
അവരിലാര്‍ക്കെങ്കിലും ഒരാള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ എന്തുചെയ്യുമെന്ന് ഞാന്‍ ഗുപ്തയോട് ചോദിച്ചപ്പോള്‍ അദ്ദേഹം ശാന്തമായി പറഞ്ഞത് “അങ്ങനെയെങ്കില്‍ ബാക്കിയുള്ള മൂന്നുപേര്‍ പണിചെയ്യും, അല്ലെങ്കില്‍ ഞങ്ങള്‍ പുറത്തുനിന്ന് പണിക്കാരെ കൊണ്ടുവരും” എന്നാണ്. പണിക്കാര്‍ക്ക് പ്രോത്സാഹന ധനസഹായം നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “ഞങ്ങള്‍ അവര്‍ക്ക് ഭക്ഷണം നല്‍കുന്നില്ല എന്നല്ല. ഞങ്ങള്‍ നല്‍കുന്നുണ്ട്. ഞങ്ങള്‍ അവര്‍ക്ക് ഭക്ഷണവും മരുന്നുകളും സാനിറ്റൈസറുകളും നല്കുന്നു.”
അന്ന് രാത്രി ഹരീന്ദറും സഹജോലിക്കാരും ചെറിയമുറിയില് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ തൊട്ടടുത്തുള്ള ചൂളയില്‍ ഒരു ശരീരം കത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയില്‍ പണിക്കാര്‍തന്നെ കുറച്ച് വിസ്കകി പകര്‍ന്നു. “ഞങ്ങള്‍ക്ക് കുടിച്ചേ പറ്റൂ [മദ്യം]. ഇതില്ലാതെ ഞങ്ങള്‍ക്കിവിടെ കഴിഞ്ഞുകൂടാന്‍ പറ്റില്ല”, ഹരീന്ദര്‍ വിശദീകരിച്ചു.
മഹാമാരിക്കു മുന്‍പ് മൂന്ന് പെഗ്ഗ് വിസ്കികൊണ്ട് (ഒരു പെഗ്ഗ് 60 മി.ലി.) കഴിയാന്‍ പറ്റുമായിരുന്നു. പക്ഷെ ഇപ്പോള്‍ പണി ചെയ്യണമെങ്കില്‍ ദിവസം മുഴുവന്‍ കുടിക്കണം. “രാവിലെ ഒരു ക്വാര്‍ട്ടര്‍ [180 മി.ലി.], ഉച്ചയ്ക്കും അതുതന്നെ, പിന്നീട് വൈകുന്നേരം, പിന്നീട് രാത്രിഭക്ഷണത്തിനുശേഷം. ചിലപ്പോള്‍ വീട്ടില്‍ പോയിക്കഴിഞ്ഞും ഞങ്ങള്‍ കുടിക്കും”, പപ്പു പറഞ്ഞു. “ഒരു നല്ലകാര്യമുള്ളത് സംസ്ഥ ഞങ്ങളെ തടയുന്നില്ല എന്നതാണ്. യഥാര്‍ത്ഥത്തില്‍ അവര്‍ ഒരിപടികൂടി മുന്നോട്ടു കടന്ന് എല്ലാദിവസവും ഞങ്ങള്‍ക്കുള്ള മദ്യം എത്തിക്കുന്നു”, ഹരീന്ദര്‍ പറഞ്ഞു.
മദ്യം അവസാന യാത്രയയപ്പ് നല്കുന്ന ഈ തൊഴിലാളികള്‍ക്ക് വേദനയില്‍നിന്നും മരിച്ചമനുഷ്യരെ കത്തിക്കുന്ന കഠിനാദ്ധ്വാനത്തില്‍നിന്നും മോചനം നല്കുന്നു. “അവര്‍ മരിച്ചു, ഞങ്ങളും അങ്ങനെതന്നെ, എന്തുകൊണ്ടെന്നാല്‍ ഇവിടുത്തെ ജോലി മുഷിപ്പിക്കുന്നതും ഞങ്ങളെ തീര്ത്തുകളയുന്നതുമാണ്”, ഹരീന്ദര്‍ പറഞ്ഞു. “ഒരു പെഗ്ഗ് കഴിച്ചുകഴിഞ്ഞ് മൃതദേഹങ്ങള്‍ കാണുമ്പോള്‍ എനിക്ക് വിതുമ്പല്വരും”, പപ്പു കൂട്ടിച്ചേര്‍ത്തു. “പൊടിയും പുകയും ചിലപ്പോള്‍ ഞങ്ങളുടെ തൊണ്ടയില്‍ തടയുമ്പോള്‍ മദ്യം അതിനെ താഴോട്ടിറക്കുന്നു.”
ആശ്വാസത്തിന്റെ ഒരു നിമിഷം കടന്നുപോയിരുന്നു. പപ്പുവിന് രണ്ട് ‘പയ്യന്മാരു’ടെ കാര്യങ്ങള്‍ പോയിനോക്കേണ്ട സമയമായി. “ഞങ്ങളും കരയുന്നു. ഞങ്ങള്‍ക്കും കണ്ണീര് വരുന്നു. ഞങ്ങള്‍ അത് ചെയ്യുന്നു”, അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ ശബ്ദം ദുഃഖപൂരിതമായിരുന്നു, കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു. “പക്ഷെ ഞങ്ങള്‍ക്ക് പിടിച്ചുനിന്ന് ഞങ്ങളുടെ ഹൃദയങ്ങളെ സംരക്ഷിച്ചേ മതിയാവൂ.”
പരിഭാഷ: റെന്നിമോന്‍ കെ. സി.