ക്രോമസോമുകൾ എങ്ങനെയാണ് ഒരു മനുഷ്യന്റെ ലിംഗം നിർണ്ണയിയ്ക്കുന്നതെന്ന് ബയോളജി ടീച്ചർ വിശദീകരിക്കുന്നത് ബഹളമുണ്ടാക്കാതെ, ശ്രദ്ധാപൂർവ്വം കേട്ടിരിക്കുകയാണ് ക്ലാസ്സ്മുറിയിലെ കുട്ടികൾ. "സ്ത്രീകൾക്ക് രണ്ട് എക്സ് ക്രോമസോമുകളും പുരുഷന്മാർക്ക് ഒരു എക്സ് ക്രോമസോമും ഒരു വൈ ക്രോമസോമുമാണ് ഉണ്ടാകുക. രണ്ട് എക്സ് ക്രോമസോമുകൾ ഒരു വൈ ക്രോമസോമുമായി ചേരുമ്പോഴാണ് ഇവിടെ ഇരിക്കുന്നതുപോലുള്ള ഒരാളെ കിട്ടുക," ഒരു വിദ്യാർത്ഥിയെ ചൂണ്ടിക്കാണിച്ച് അദ്ധ്യാപിക പറയുന്നു. ആ കുട്ടി പരുങ്ങലോടെ എഴുന്നേറ്റ് നിൽക്കുമ്പോൾ ക്ലാസ്സ്മുറിയിൽ കൂട്ടച്ചിരി ഉയരുന്നു.
ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ ജീവിതം പ്രതിപാദിക്കുന്ന ശണ്ഠക്കാരങ്ക (പൊരുതാൻ ഉറച്ചവർ) എന്ന നാടകത്തിന്റെ ആദ്യരംഗമാണിത്. സമൂഹം നിർവചിച്ചിട്ടുള്ള ലിംഗമാതൃകകളിൽ ഒതുങ്ങാത്തതിന്റെ പേരിൽ ഒരു കുട്ടി ക്ലാസ്സ്മുറിയിൽ നേരിടുന്ന അപമാനവും പരിഹാസവുമാണ് നാടകത്തിന്റെ ആദ്യഭാഗത്ത് അവതരിപ്പിക്കുന്നത്. രണ്ടാം പകുതിയിൽ, ആക്രമണങ്ങൾക്ക് വിധേയരാകുന്ന ട്രാൻസ് സ്ത്രീകളുടെയും ട്രാൻസ് പുരുഷൻമാരുടെയും ജീവിതം പുനരാവിഷ്ക്കരിക്കുന്നു.
ദി ട്രാൻസ് റൈറ്റ്സ് നൗ കലക്ടീവ് (ടി.ആർ.എൻ.സി), ഇന്ത്യയിലുടനീളമുള്ള, ദളിത്, ബഹുജൻ ആദിവാസി സമൂഹങ്ങളിലെ ട്രാൻസ് വ്യക്തികൾക്കുവേണ്ടി പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മയാണ്. 2022 നവംബർ 23-ന് തമിഴ്‌നാട്ടിലെ ചെന്നൈ നഗരത്തിലാണ് ശണ്ഠക്കാരങ്ക എന്ന നാടകം അവർ ആദ്യമായി അവതരിപ്പിച്ചത്. ഒരു മണിക്കൂർ ദൈർഘ്യമുള്ള ഈ നാടകത്തിന്റെ സംവിധാനവും നിർമ്മാണവും നിർവഹിച്ച് അതിൽ അഭിനയിക്കുന്നത് 9 ട്രാൻസ് വ്യക്തികൾ ചേർന്നാണ്.
"മരണപ്പെട്ട ട്രാൻസ് വ്യക്തികളുടെ ഓർമ്മയ്ക്കായി എല്ലാ വർഷവും നവംബർ 20-ന്അന്താരാഷ്ട്ര ട്രാൻസ് സ്മൃതിദിനമായി ആചരിച്ചുവരുന്നുണ്ട്. സ്വന്തം കുടുംബങ്ങളിൽനിന്നുപോലും അവഗണന നേരിടുകയും സമൂഹം ഒറ്റപ്പെടുത്തുകയും ചെയ്യുന്ന ട്രാൻസ് വ്യക്തികൾക്ക് ജീവിതം ഒട്ടും എളുപ്പമല്ല. പലരും കൊല്ലപ്പെടുകയോ ആത്മഹത്യ ചെയ്യുകയോ ആണ്," ടി.ആർ.എൻ.സിയുടെ സ്ഥാപകയായ ഗ്രേസ് ബാനു പറയുന്നു.




























