“ഇതൊക്കെ എന്താണെന്നൊന്നും എനിയ്ക്കറിയില്ല, എനിയ്ക്കു തോന്നുന്നത് മോദിയുമായി ബന്ധപ്പെട്ട എന്തൊക്കെയോ ആണെന്നാണ്. ഞാൻ ഇവിടെ ഭക്ഷണം കഴിയ്ക്കാനാണ് വരുന്നത്. വിശന്നു കിടന്നുറങ്ങുന്നതിനേക്കുറിച്ച് ഇനി ഞങ്ങൾക്ക് ആലോചിച്ചു വിഷമിയ്ക്കേണ്ടതില്ല,” 16-കാരിയായ രേഖ പറയുന്നു (ഈ കഥയിൽ ഉദ്ധരിയ്ക്കപ്പെട്ടിട്ടുള്ള മിയ്ക്കവരേയും പോലെ അവൾ തന്‍റെ പേരിന്‍റെ ആദ്യഭാഗം മാത്രം ഉപയോഗിയ്ക്കാൻ താത്പര്യപ്പെടുന്നു). പാഴ് വസ്തുക്കളില്‍നിന്നും റീസൈക്കിള്‍ ചെയ്തെടുക്കാന്‍ പറ്റുന്ന വസ്തുക്കള്‍ ശേഖരിയ്ക്കുന്ന തൊഴിലില്‍ ഏര്‍പ്പെട്ടിരിയ്ക്കുന്ന അവള്‍ സിംഗുവിലെ സമരസ്ഥലത്തുനിന്നും നിന്നും 8 കി.മീ. മാറി വടക്കൻ ഡൽഹിയിലെ അലിപ്പൂരിൽ താമസിയ്ക്കുന്നു.
സെപ്തംബറില്‍ സർക്കാർ പാസ്സാക്കിയ മൂന്നു പുതിയ കാര്‍ഷിക നിയമങ്ങള്‍ ക്കെതിരെ നവംബർ 26 മുതൽ കർഷകർ സമരം ചെയ്തു കൊണ്ടിരിയ്ക്കുന്ന ഹരിയാന-ഡൽഹി അതിർത്തിയിലെ ഉപരോധം നടക്കുന്ന സിംഗുവിൽ ആണ് അവൾ ഉള്ളത്. സമരത്തിൽ പങ്കെടുക്കുന്ന കർഷകർ, അതിനെ പിന്തുണയ്ക്കുന്നവർ, അതിനോട് വെറുതെ കൗതുകം പുലർത്തുന്നവർ, വിശപ്പുമൂലം ഗുരുദ്വാരകളാലും കർഷകരാലും നടത്തപ്പെടുകയും പാലിയ്ക്കപ്പെടുകയും ചെയ്യുന്ന ലാങ്ങറുകളിൽ നിന്ന് തൃപ്തിയാകുന്നതു വരെ കഴിയ്ക്കുന്ന ചിലർ, എന്നിങ്ങനെ ആയിരക്കണക്കിന് ആളുകളെയാണ് സമരം ആകർഷിച്ചിട്ടുള്ളത്. ഈ സാമൂഹ്യ അടുക്കളകളുമായി ബന്ധപ്പെട്ട് പ്രവർത്തിയ്ക്കുന്നവർ ഭക്ഷണത്തിൽ പങ്കാളികളാകാൻ എല്ലാവരേയും ക്ഷണിയ്ക്കുന്നു.
ഇങ്ങനെ പ്രതിഷേധ സ്ഥലത്തേയ്ക്കു വരുന്നവരുടെയിടയിൽ അടുത്തുള്ള പാതളിലും ചേരി കോളനികളിലും താമസിയ്ക്കുന്ന കുടുംബങ്ങളും ഉണ്ട്. പകല്‍ ഉടനീളം രാവിലെ 8 മുതല്‍ രാത്രി 9 വരെ വിതരണം ചെയ്യപ്പെടുന്ന ലാങ്ങർ - സൗജന്യ ഭക്ഷണം - പ്രധാനമായും ലക്ഷ്യമാക്കിക്കൊണ്ടാണ് ഇവര്‍ വരുന്നത്. ചോറ്, ദാൽ, പകോഡകള്‍, ലഡു, സാഗ്, മക്കി കി റൊട്ടി, വെള്ളം, ജ്യൂസ്, തുടങ്ങി എല്ലാം ഇവിടെ ലഭിയ്ക്കും. മരുന്നുകൾ, ബ്ലാങ്കറ്റുകൾ, സോപ്പുകൾ, ചെരിപ്പുകൾ, തുണികൾ, അങ്ങനെ തുടങ്ങി വളരെ ആവശ്യമുള്ള വസ്തുക്കളെല്ലാം സന്നദ്ധ പ്രവർത്തകരും സൗജന്യമായി വിതരണം ചെയ്യുന്നു.
പഞ്ചാബിലെ ഗുർദാസ്പൂർ ജില്ലയിലെ ഘുമാൻ കലൻ ഗ്രാമത്തിൽ നിന്നുള്ള ബി. എസ്സി. ബിരുദ വിദ്യാർത്ഥിയും 23 വയസ്സുള്ള കർഷകനും ആയ ഹർപ്രീത് സിംഗ് സന്നദ്ധ പ്രവർത്തകരിൽ ഒരാളാണ്. “ഈ നിയമങ്ങളൊക്കെ തെറ്റാണെന്നു ഞങ്ങൾ കരുതുന്നു,” അദ്ദേഹം പറയുന്നു. “ഈ ഭൂമിയൊക്കെ ഞങ്ങളുടെ പൂർവ്വികർ കൃഷി ചെയ്തു വന്നിരുന്നതും സ്വന്തമാക്കിയതും ആണ്, ഇപ്പോൾ സർക്കാർ ഞങ്ങളെ അവിടെ നിന്നും പുറത്താക്കാൻ നോക്കുന്നു. ഈ നിയമങ്ങളെ ഞങ്ങൾ പിന്തുണയ്ക്കുന്നില്ല. ഞങ്ങൾക്ക് റൊട്ടി തിന്നേണ്ട എന്നുണ്ടെങ്കിൽ എങ്ങനെ ആർക്കെങ്കിലും അത് ഞങ്ങളെ തീറ്റിയ്ക്കാൻ പറ്റും? ഈ നിയമങ്ങൾ ഇല്ലാതാകേണ്ടതുണ്ട്.”പരിഭാഷ: ഡോ. റെന്നിമോന്‍ കെ. സി.