"പ്രത്യേക വാതിലോടുകൂടിയ സ്വതന്ത്ര മുറിയുള്ള ഒരു വീട് എന്‍റെ വീട്ടുകാർ കണ്ടെത്തി. അതിനാൽ എനിക്ക് ഒറ്റയ്ക്കു മാറി നിൽക്കാൻ കഴിയും”, എസ്. എൻ. ഗോപാല ദേവി പറഞ്ഞു. മറ്റു കുടുംബാംഗങ്ങളുടെ സുരക്ഷയ്ക്കായി പറ്റുന്നത് ചെയ്യണമെന്നു ചില കുടുംബങ്ങൾ തീരുമാനിച്ചപ്പോൾ 2020 മെയ് മാസത്തിലായിരുന്നു ഗോപാല ദേവി ഇങ്ങനെ മാറി നിന്നത്. ഉയര്‍ന്ന അപകടസാദ്ധ്യതയുള്ള തൊഴിൽ മൂലം സ്വന്തം കുടുംബത്തിനുണ്ടാകാവുന്ന ഭാരങ്ങളും ഇതുവഴി ലഘൂകരിക്കാൻ കഴിയും.
അമ്പതു കാരിയായ ഗോപാല ദേവി ഒരു നഴ്സ് ആണ്. 29 വർഷത്തെ തൊഴിൽ പരിചയം ഉള്ള ഉയർന്ന പരിശീലനം സിദ്ധിച്ച അവർ കൊറോണ വൈറസ് മഹാമാരിയുടെ സമയത്ത് ചെന്നൈയിലെ രാജീവ് ഗാന്ധി സർക്കാർ ജനറൽ ആശുപത്രിയുടെ കോവിഡ് വാർഡിൽ ജോലി ചെയ്യുകയായിരുന്നു. കുറച്ചുകാലത്തേക്ക് അവർക്ക് അതേ നഗരത്തിനടുത്ത് പുളിയൻതോപ്പിലുള്ള പ്രത്യേക കോവിഡ് പരിചരണ കേന്ദ്രത്തിന്‍റെ ഉത്തരവാദിത്തവും ഉണ്ടായിരുന്നു.
ഇപ്പോൾ ഘട്ടംഘട്ടമായി ലോക്ക്ഡൗൺ എടുത്തുമാറ്റിയതിനുശേഷം പലതരം പ്രവർത്തനങ്ങളും സാവധാനം സാധാരണനില കൈവരിക്കാൻ തുടങ്ങിയ സമയത്തും കോവിഡ്-19 വാർഡിൽ സേവനം അനുഷ്ടിക്കുമ്പോൾ ഗോപാല ദേവിക്ക് ക്വാറന്‍റൈനിൽ കഴിയേണ്ടി വരും. “എന്നെ സംബന്ധിച്ചിടത്തോളം ലോക്ക്ഡൗൺ തുടരുകയാണ്”, അവർ ചിരിക്കുന്നു. “നഴ്സുമാരെ സംബന്ധിച്ചിടത്തോളം ഇത് ഉടനെയെങ്ങും തീരില്ല“
നിരവധി നഴ്സുമാർ ഈ റിപ്പോർട്ടറോട് പറഞ്ഞതുപോലെ: “ഞങ്ങൾ എല്ലായ്പ്പോഴും ലോക്ക്ഡൗണിൽ ആണ് – ജോലിയിലും"
"എന്‍റെ മകൾ സെപ്റ്റംബറിൽ വിവാഹിതയായി. ഞാൻ തലേ ദിവസം മാത്രമാണ് ലീവ് എടുത്തത്”, ഗോപാല ദേവി പറഞ്ഞു. "എന്‍റെ ഭർത്താവായ ഉദയകുമാർ വിവാഹത്തിന്‍റെ എല്ലാ ഉത്തരവാദിത്തങ്ങളും അദ്ദേഹത്തിന്‍റെ ചുമലുകളിലേറ്റി.” ചെന്നൈയിലെ മറ്റൊരു ആശുപത്രിയായ ശങ്കര നേത്രാലയത്തിൽ അക്കൗണ്ട്സ് സെക്ഷനിൽ ജോലിചെയ്യുകയാണ് ഉദയകുമാർ. "എന്‍റെ ജോലി എന്താവശ്യപ്പെടുന്നുവെന്ന് അദ്ദേഹത്തിനറിയാം”, അവർ പറഞ്ഞു.
അതേ ആശുപത്രിയില്‍ ജോലി ചെയ്യുന്ന 39-കാരിയായ തമിഴ് സെൽവി ഒരു അവാർഡ് നേടി – കോവിഡ് വാർഡിൽ ലീവ് എടുക്കാതെ ജോലി ചെയ്തതിന്. "ക്വാറന്‍റൈൻ ദിനങ്ങളിലൊഴികെ ഞാൻ ലീവ് എടുത്തിട്ടില്ല. എനിക്ക് ഒഴിവുള്ള ദിവസങ്ങളിലും ഞാൻ ജോലി ചെയ്തു, എന്തുകൊണ്ടെന്നാൽ പ്രശ്നത്തിന്‍റെ ഗൗരവം എനിക്കറിയാമായിരുന്നു”, അവർ പറഞ്ഞു.
"ദിവസങ്ങളോളം ചെറിയ മകനായ ഷൈൻ ഒലിവറിന്‍റെ കാര്യം നോക്കാതെയിരിക്കുന്നത് വളരെ വേദനയുള്ള കാര്യമാണ്. ചിലപ്പോൾ എനിക്ക് കുറ്റബോധം തോന്നും. പക്ഷെ ഈ മഹാമാരിയുടെ സമയത്ത് ഞങ്ങൾ മുന്നിൽ നിൽക്കുന്നത് വളരെ പ്രധാനപ്പെട്ടതാണെന്ന് ഞാൻ ചിന്തിക്കുന്നു. ഞങ്ങള്‍ നോക്കുന്ന രോഗികൾ അവരുടെ കുടുംബങ്ങളിലേക്ക് തിരിച്ചുപോയി എന്നറിയുമ്പോൾ എനിക്കുണ്ടാകുന്ന സന്തോഷം – നമ്മുടെ നന്മയ്ക്ക് ഒരു കോട്ടവും തട്ടാതിരിക്കാന്‍ ഇതു കാരണമാകുന്നു. പക്ഷെ എന്‍റെ ഭര്‍ത്താവ് 14 വയസ്സുള്ള മകന്‍റെ കാര്യങ്ങള്‍ അന്വേഷിക്കാതിരിക്കുകയും എന്‍റെ തൊഴില്‍ എന്താണെന്നു മനസ്സിലാക്കാതിരിക്കുകയും ചെയ്തിരുന്നെങ്കില്‍ ഇതൊന്നും സാധിക്കുമായിരുന്നില്ല.”
പക്ഷെ ജോലിക്കു ശേഷം നേഴ്സുമാർ അവരുടെ ഇടങ്ങളിലേക്ക് തിരിച്ചുചെല്ലുമ്പോൾ മനസ്സിലാക്കുന്ന ഒരു കാര്യം എല്ലാവരും കാര്യങ്ങള്‍ മനസ്സിലാക്കാൻ അത്ര പറ്റുന്നവരല്ല എന്നുള്ളതാണ്.
"ഓരോ തവണയും ക്വാറന്‍റൈനു ശേഷം വീട്ടിലേക്കു പോകുമ്പോൾ ആളുകൾ ഞാൻ നടന്ന വഴിയിൽ മഞ്ഞളും വേപ്പും തളിക്കുന്നത് കണ്ടിട്ടുണ്ട്. അവരുടെ ഭയം മനസ്സിലാക്കാൻ സാധിക്കുമെങ്കിലും അതെന്നെ മുറിപ്പെടുത്തുന്നു”, നിഷ പറഞ്ഞു (പേര് മാറ്റിയിരിക്കുന്നു).
ചെന്നൈയിലെ സർക്കാർ ആശുപത്രിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗൈനക്കോളജിയിലെ സ്റ്റാഫ് നേഴ്സ് ആണ് നിഷ. കൊറോണ വൈറസ് പോസിറ്റീവായ ഗർഭിണികളുടെ കാര്യം അവർക്ക് നോക്കേണ്ടതുണ്ടായിരുന്നു. "ഇത് മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ് എന്തുകൊണ്ടെന്നാൽ നമ്മൾ അമ്മമാരെയും അവരുടെ കുഞ്ഞുങ്ങളെയും സംരക്ഷിക്കേണ്ടതുണ്ട്.” ഈയടുത്ത സമയത്ത് നിഷയും കോവിഡ് പോസിറ്റീവായി. മൂന്നു മാസങ്ങൾക്കു മുൻപ് അവരുടെ ഭർത്താവിന് കോവിഡ്-19 പിടിപെടുകയും അതിൽ നിന്നും മുക്തി നേടുകയും ചെയ്തിരുന്നു. "കഴിഞ്ഞ എട്ടു മാസങ്ങൾക്കുള്ളിൽ ഞങ്ങളുടെ ആശുപത്രിയിലുള്ള 60 നഴ്സുമാരെങ്കിലും കൊറോണ ബാധിതരായി”, നിഷ പറഞ്ഞു.
"വൈറസിനെ കൈകാര്യം ചെയ്യുന്നതിനേക്കാൾ ബുദ്ധിമുട്ട് രോഗവാഹകരെന്നുള്ള മുദ്രകുത്തല്‍ കൈകാര്യം ചെയ്യുന്നതാണ്”, നിഷ പറഞ്ഞു.
അയൽവാസികളുടെ ഭയവും ശത്രുതയും കാരണം നിഷയ്ക്ക് അവരുടെ ഭർത്താവും രണ്ടു കുട്ടികളും ഭർതൃ മാതാവും അടങ്ങിയ അഞ്ചംഗ കുടുംബത്തോടൊപ്പം ചെന്നൈയിൽ തന്നെ താമസസ്ഥലം മാറേണ്ടിവന്നു.
കോവിഡ്-19 വാർഡിൽ ജോലി ചെയ്തശേഷം ഓരോ തവണയും ക്വാറന്‍റൈനിൽ ആകേണ്ടി വന്ന മുലയൂട്ടുന്ന അമ്മയായ നിഷയ്ക്ക് വളരെ ദിവസങ്ങൾ ഒരു വയസ്സുള്ള കുട്ടിയുടെ അടുത്തു നിന്നും മാറി നിൽക്കേണ്ടി വന്നിട്ടുണ്ട്. "കോവിഡ്-19 അമ്മമാരെ അവരുടെ പ്രസവ സമയത്തു പരിചരിക്കുന്നതില്‍ തിരക്കായിരുന്ന സമയത്ത് ഭർതൃ മാതാവണ് കുട്ടിയെ പരിചരിച്ചത്”, അവർ പറഞ്ഞു. "എല്ലാം വളരെ അപരിചിതത്വം നിറഞ്ഞതായി തോന്നുന്നു.”
ഇൻഡ്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ (ഐ.സി.എം.ആർ.) മാർഗ്ഗനിർദ്ദേശങ്ങൾ മുലയൂട്ടുന്ന അമ്മമാരെയും രോഗാവസ്ഥയിൽ ഉള്ളവരെയും കോവിഡ് വാർഡുകളിൽ ജോലി ചെയ്യുന്നതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പക്ഷെ നഴ്സുമാരുടെ കടുത്ത ക്ഷാമം നിഷയെപ്പോലുള്ളവരെ ജോലി ചെയ്യാൻ നിർബ്ബന്ധിതരാക്കുന്നു. തെക്കൻ തമിഴ്നാട്ടിലെ വിരുദുനഗർ ജില്ലയിൽ നിന്നുള്ള അവർ പറയുന്നത് ചെന്നൈയിൽ അവരെ സഹായിക്കാൻ ബന്ധുക്കളാരും ഇല്ലായിരുന്നുവെന്നാണ്. “എന്‍റെ ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ സമയം ഇതാണെന്നു ഞാൻ പറയും.”
നഴ്സിംഗ് ജോലി ഇപ്പോൾ മാത്രം തുടങ്ങിയ 21-കാരിയായ ഷൈലയും ഇതിനോടു യോജിക്കുന്നു. 2020 ഒക്ടോബറിൽ ചെന്നൈയിലെ ഒരു കോവിഡ്-19 പരിചരണ കേന്ദ്രത്തിൽ അവര്‍ താത്കാലിക നഴ്സായി രണ്ടുമാസത്തെ കരാർ ജോലി തുടങ്ങിയതേയുണ്ടായിരുന്നുള്ളൂ. രോഗ ബാധിത പ്രദേശത്ത് വീടുവീടാന്തരം കയറിയിറങ്ങി സ്വാബ് ടെസ്റ്റ് നടത്തുകയും മാസ്ക് ധരിക്കേണ്ടതിന്‍റെ പ്രാധാന്യത്തെപ്പറ്റിയും മറ്റു സുരക്ഷാ മാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടതിനെപ്പറ്റിയും പൊതു അവബോധം സൃഷ്ടിക്കുകയും ചെയ്യുക എന്നതായിരുന്നു ഷൈലയുടെ ഉത്തരവാദിത്തം.
"ധാരാളം സ്ഥലങ്ങളിൽ ടെസ്റ്റ് നടത്താൻ ആളുകൾ വിസമ്മതിക്കുകയും ഞങ്ങളോടു തർക്കിക്കുകയും ചെയ്തു”, ഷൈല പറഞ്ഞു. കോവിഡ് അനുബന്ധ ജോലി നോക്കുന്ന നഴ്സുമാരെ രോഗവാഹകരെന്ന് കടുത്ത രീതിയില്‍ മുദ്രകുത്തുന്ന രീതിയും അവിടുണ്ടായിരുന്നു. "ഞങ്ങൾ ഒരു വീട്ടിൽ ചെന്നപ്പോഴാണ് മനസ്സിലാക്കിയത് പുതിയ സ്വാബ് ടെസ്റ്റ് കിറ്റ് തുറക്കുന്നതിനുള്ള കത്രിക കൊണ്ടുവന്നിട്ടില്ലെന്ന്. ഞങ്ങൾ വീട്ടുകാരോട് ഒരു കത്രിക ചോദിച്ചു അപ്പോൾ അവർ വളരെ മോശം ഒരു കത്രികയാണു തന്നത്. ആ കത്രിക കൊണ്ട് പാക്കറ്റ് തുറക്കുക വളരെ ബുദ്ധിമുട്ടായിരുന്നു. അവസാനം തുറന്നു കഴിഞ്ഞു കത്രിക ഞങ്ങൾ തിരിച്ചു നൽകി. അപ്പോൾ അവരത് സ്വീകരിക്കാൻ വിസമ്മതിക്കുകയും ഉപേക്ഷിച്ചേക്കാന്‍ പറയുകയും ചെയ്തു.”
കൂടാതെ, ചെന്നൈയിലെ ചൂടും ഈർപ്പവും നിറഞ്ഞ കാലാവസ്ഥയിൽ 7-8 മണിക്കൂറുകൾ പി.പി.ഇ. സ്യൂട്ട് ധരിക്കുകയെന്നതും വളരെ ബുദ്ധിമുട്ടാണ്. ഇതൊന്നും കൂടാതെ "ഭക്ഷണവും വെള്ളവുമില്ലാതെ നമ്മൾ ജോലി ചെയ്യണം, ആളുകളുടെ വീട്ടിൽ വിശ്രമിക്കാനും പറ്റില്ല" അവർ പറഞ്ഞു.
എന്നിട്ടുംഅവൾ പിടിച്ചു നിന്നു. “ഞാൻ ഒരു ഡോക്ടർ ആവുക എന്നത് എന്‍റെ അച്ഛന്‍റെ സ്വപ്നമായിരുന്നു. അതിനാൽ ആദ്യമായി നഴ്സിന്‍റെ യൂണിഫോമും പി.പി.ഇ കിറ്റും ധരിച്ചപ്പോൾ അച്ഛൻറെ സ്വപ്നത്തോട് കുറച്ചുകൂടി അടുത്തു നിൽക്കുകയാണെന്ന് എനിക്ക് തോന്നി, കടുത്ത അസ്വസ്ഥത ഉണ്ടായിരുന്നെങ്കിലും”, അവർ പറഞ്ഞു. ഷൈലയുടെ അച്ഛൻ ഒരു ശുചീകരണ തൊഴിലാളി ആയിരുന്നു. ഒരു സെപ്റ്റിക് ടാങ്ക് വൃത്തിയാക്കിക്കൊണ്ടിരുന്നപ്പോഴാണ് അദ്ദേഹം മരിച്ചത്.
അപകടസാദ്ധ്യതയ്ക്കും രോഗവാഹകരെന്ന മുദ്രകുത്തലിനും പുറമെ നഴ്സുമാർ മറ്റൊരു പ്രശ്നത്തോടും മല്ലിടുന്നു. വളരെ മോശമായ തൊഴിൽ സാഹചര്യങ്ങളും കുറഞ്ഞ വേതനവുമാണ് അത്. ഒരു തുടക്കക്കാരിയെന്ന നിലയിൽ ഓരോ മാസവും 14,000 രൂപ വീതമായിരുന്നു ഷൈലയ്ക്ക് ലഭിച്ചത്. ഒരു സർക്കാർ സ്ഥാപനത്തിൽ ആറുവർഷം കരാർ തൊഴിലാളിയായി ചിലവഴിച്ചതുൾപ്പെടെ പത്തുവർഷത്തെ നഴ്സിംഗ് ജോലിക്കുശേഷം മാസം 15,000 രൂപ വീതം വീട്ടിൽ കൊണ്ടു പോകാനാണ് ഷൈലയ്ക്കു സാധിക്കുന്നത്. മൂന്നു ദശകങ്ങളിലെ സേവനത്തിനുശേഷം ഗോപാല ദേവിയുടെ ആകെ ശമ്പളം 45,000 രൂപയാണ്. ഒരു ദേശസാത്കൃത ബാങ്കിലെ തുടക്കക്കാരനായ ക്ലാർക്കിനു കിട്ടുന്നതിനേക്കാൾ അത്ര കൂടുതലല്ല ഇത്.
ഔദ്യോഗിക കണക്കുകൾ ലഭ്യമല്ലാത്തപ്പോൾ തമിഴ്നാട്ടിലാകെയുള്ള സർക്കാർ, സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ എണ്ണം 30,000 മുതൽ 80,000 വരെ വരുമെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. നഴ്സുമാരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കി ഇന്ത്യൻ മെഡിക്കൽ കൗൺസിൽ അവർക്കുവേണ്ടി ഒരു കൗൺസലിംഗ് സംഘടിപ്പിച്ചിട്ടുണ്ടെന്ന് ഐ.എം.സി.യുടെ തമിഴ്നാട് ഘടകം പ്രസിഡന്‍റായ ഡോ: സി. എൻ. രാജ പറഞ്ഞു. "പ്രത്യേകിച്ച് തീവ്ര പരിചരണ വിഭാഗത്തിൽ ജോലി എടുക്കുന്നവർക്ക്. അവസ്ഥ വളരെ മോശമാണെന്നു മനസ്സിലാക്കിക്കൊണ്ടാണ് അവർ തങ്ങളുടെ ഉത്തരവാദിത്തം നിർവ്വഹിക്കാൻ മുന്നോട്ടു വന്നിട്ടുള്ളത്. അതുകൊണ്ട് നമ്മൾ അവരുടെ കാര്യങ്ങൾ നന്നായി ശ്രദ്ധിക്കേണ്ടതുണ്ട്.”
വേണ്ട രീതിയിലുള്ള ശ്രദ്ധ തങ്ങള്‍ക്കു ലഭിക്കുന്നുണ്ടെന്ന് നഴ്സുമാർ വിചാരിക്കുന്നില്ല.
“ഈ സംസ്ഥാനത്ത് പതിനയ്യായിരത്തിലധികം താത്കാലിക നഴ്സുമാർ ഉണ്ട്. തമിഴ്നാട് ഗവൺമെന്‍റ് നഴ്സസ് അസോസിയേഷന്‍റെ പ്രസിഡന്‍റും കല്ലകുറിച്ചി ജില്ലയിൽ നിന്നുള്ള പുരുഷ നഴ്സുമായ കെ. ശക്തിവേൽ പറയുന്നു. "ഞങ്ങളുടെ പ്രധാനപ്പെട്ട ആവശ്യങ്ങളിലൊന്ന് ന്യായമായ ശമ്പളം ആണ്. ഇന്ത്യൻ മെഡിക്കൽ കൗൺസിൽ വ്യവസ്ഥ ചെയ്യുന്ന പ്രകാരം ജോലിക്ക് ആളെ എടുക്കുന്നുമില്ല സ്ഥാനക്കയറ്റം നൽകുന്നുമില്ല.”
"ആകെയുള്ള പതിനെണ്ണായിരത്തിലധികം താൽക്കാലിക നഴ്സുമാരിൽ വെറും 4,500 പേരെ മാത്രമേ സ്ഥിരപ്പെടുത്തിയിട്ടുള്ളൂ”, തമിഴ്നാട്ടിലെ ആരോഗ്യ സുരക്ഷാ പ്രവർത്തകരുടെ ഏകീകൃത സംഘടനയായ ഹെൽത്ത് വർക്കേഴ്സ് ഫെഡറേഷന്‍റെ ജനറൽ സെക്രട്ടറിയായ ഡോ: എ. ആർ. ശാന്തി പറഞ്ഞു. "സ്ഥിരജോലിയുള്ള നഴ്സ്മാരുടെ അത്രതന്നെ ജോലിചെയ്യുമ്പോഴും താത്കാലിക നഴ്സുമാർ വീട്ടിലേക്കു കൊണ്ടു പോകുന്നത് പ്രതിമാസം 14,000 രൂപയാണ്. സ്ഥിര ജോലിയുള്ള നഴ്സുമാരെ പോലെ അവർക്ക് ലീവ് കിട്ടില്ല. അടിയന്തിര കാര്യങ്ങൾക്കു വേണ്ടി ലീവെടുത്താൽ പോലും അവർ ശമ്പള നഷ്ടം സഹിക്കേണ്ടിവരും.”
ഏറ്റവും മികച്ച സമയങ്ങളിലെ അവസ്ഥ ഇതാണ്.
മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത ഒരു അവസ്ഥയാണ് ഒരു വർഷത്തോളമായി കൊവിഡ്-19 മൂലം ഉണ്ടായിരിക്കുന്നതെന്ന് സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ജോലി നോക്കിയിട്ടുള്ള പരിചയസമ്പന്നയായ ഗോപാല ദേവി പറഞ്ഞു. "ഇന്ത്യയിലെ ആദ്യത്തെ എച്.ഐ.വി. കേസ് [1986-ൽ] കണ്ടെത്തിയത് രാജീവ് ഗാന്ധി ആശുപത്രിയോടു ചേർന്നു പ്രവർത്തിക്കുന്ന ചെന്നൈയിലെ മദ്രാസ് മെഡിക്കൽ കോളേജിലാണ്”, അവർ ഓർമിച്ചു. "പക്ഷേ എച്.ഐ.വി. രോഗികളെ ചികിത്സിക്കുമ്പോൾ പോലും ഇത്രത്തോളം നമ്മൾ ജാഗരൂകരാവേണ്ടി വന്നിട്ടില്ല. ഇത്രമാത്രം നമ്മളെത്തന്നെ മൂടി പൊതിയേണ്ടി വന്നിട്ടില്ല. കോവിഡ്-19 പ്രവചനാതീതമാണ്. അതു കൈകാര്യം ചെയ്യുന്നതിനു കൂടുതൽ മനോബലവും ആവശ്യമുണ്ട്.”
കോവിഡ് 19-നോടു പൊരുതുമ്പോള്‍ തങ്ങളുടെ ജീവിതം നേരെ തല തിരിച്ചിടപ്പെടുകയാണെന്ന് അവർ കൂട്ടിച്ചേർത്തു. “ലോകം മുഴുവൻ ലോക്ക്ഡൗൺ കാരണം അടച്ചിടമ്പോൾ ഞങ്ങൾ മുൻപത്തേക്കാൾ കോവിഡ്-19 വാർഡുകളിൽ ജോലിത്തിരക്കിലാണ്. നിങ്ങൾ വെറുതെ വാർഡിലേക്ക് പോകുന്നതു പോലെയല്ല ഇത്. രാവിലെ ഏഴുമണിക്ക് ജോലി തുടങ്ങണം എന്നുണ്ടെങ്കിൽ ആറുമണി മുതൽ തയ്യാറാവാൻ തുടങ്ങണം. വാർഡിൽ നിന്നും പുറത്തിറങ്ങുന്നതു വരെയുള്ള സമയത്തേക്കുവേണ്ട ഭക്ഷണം കഴിച്ചെന്നുറപ്പുവരുത്തി പി.പി.ഇ. കിറ്റിൽ കയറുന്നതു മുതൽ ഞങ്ങളുടെ ജോലി ആരംഭിച്ചു കഴിഞ്ഞു. പി.പി.ഇ. കിറ്റിനുള്ളിൽ ആയിക്കഴിഞ്ഞാൽ ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ പറ്റില്ലെന്ന് നിങ്ങൾ മനസ്സിലാക്കുക.”
"ഇങ്ങനെയാണിത് നടക്കുന്നത്” നിഷ പറഞ്ഞു. “നിങ്ങൾ ഏഴുദിവസം കോവിഡ് വാർഡിൽ ജോലിയെടുക്കുന്നു, പിന്നെ അടുത്ത ഏഴു ദിവസം സ്വയം ഒറ്റപ്പെട്ടു നിൽക്കുന്നു. ഞങ്ങളുടെ വാർഡിൽ കഷ്ടിച്ചുള്ള 60-70 നഴ്സുമാർ മാറിമാറി ജോലി ചെയ്യുന്നു. രോഗികളുടെ എണ്ണത്തെ ആശ്രയിച്ച് 3 മുതൽ 6 നഴ്സുമാർ വരെ ഒരാഴ്ച തുടർച്ചയായി ജോലി ചെയ്യുന്നു. [അതിനർത്ഥംമറ്റൊരുകൂട്ടം നഴ്സുമാർ, 3 മുതൽ 6 പേര്‍വരെ, അതേസമയം ക്വാറന്‍റൈനിൽ ആയിരിക്കുമെന്നാണ്]. ഞങ്ങളിൽ ഓരോരുത്തരെയും ഏതാണ്ട് 50 ദിവസത്തിലൊരിക്കൽ ഡ്യൂട്ടിക്ക് നിയോഗിക്കുന്നു.”
അതായത് ഒരു നഴ്സിന്‍റെ കലണ്ടറിലെ ഓരോ ഏഴ് ആഴ്ചകളിലേയും രണ്ട് ആഴ്ചകള്‍ കോവിഡ് 19-നെതിരെയുള്ള അപകടം നിറഞ്ഞ പോരാട്ടത്തിനു വേണ്ടി ചിലവഴിക്കുന്നു. നഴ്സുമാരുടെ ക്ഷാമവും അടിയന്തിര സാഹചര്യങ്ങളും ജോലിഭാരം വീണ്ടും കൂടുതൽ ബുദ്ധിമുട്ടുള്ളതാക്കുന്നു. കോവിഡ് ഡ്യൂട്ടിയിലുള്ള നഴ്സുമാർക്ക് സർക്കാർ ക്വാറന്‍റൈൻ സൗകര്യങ്ങൾ നൽകുന്നുണ്ട്.
ഒരു ജോലി ഷിഫ്റ്റ് സാങ്കേതികമായി 6 മണിക്കൂറാണ്. പക്ഷെ കൂടുതൽ നഴ്സുമാരും ദിവസേന ഇരട്ടി സമയം ജോലി ചെയ്യേണ്ടി വരുന്നു. "രാത്രി ഷിഫ്റ്റ് അനിവാര്യമായും 12 മണിക്കൂറാണ് – വൈകുന്നേരം ഏഴു മണി മുതൽ രാവിലെ 7 മണി വരെ. അങ്ങനെയല്ലെങ്കിൽ തന്നെ ഞങ്ങൾ ആറു മണിക്കൂറിൽ ജോലി അവസാനിപ്പിക്കില്ല. മിക്കവാറും ഏതു ഷിഫ്റ്റും കുറഞ്ഞത് ഒന്നോ രണ്ടോ മണിക്കൂറുകൾ കൂടുതൽ എടുക്കും”, നിഷ പറഞ്ഞു.
അപാകതകൾ നിറഞ്ഞ രീതിയിൽ ജോലിക്കാരെ എടുക്കുന്നത് എല്ലാവരുടെയും ജോലിഭാരം വർദ്ധിപ്പിക്കുന്നു.
ഡോ: ശാന്തി പറയുന്നതുപോലെ: "പുതിയ നഴ്സുമാരെ എടുക്കുന്നതിനു പകരം മറ്റ് ആശുപത്രികളിൽ നിന്നും അവരെ കൊണ്ടുവരികയാണ് [കോവിഡ്] കേന്ദ്രങ്ങൾ ചെയ്യുന്നത്. അങ്ങനെ ചെയ്യുമ്പോൾ നിങ്ങൾ ഒരുപാടു വിട്ടുവീഴ്ചകൾ ചെയ്യേണ്ടിവരും. ഒരു ഷിഫ്റ്റിന് 6 നഴ്സുമാരെയാണ് ആവശ്യമുള്ളതെങ്കില്‍ രണ്ടുപേരെ നിയമിച്ച് കാര്യങ്ങൾ നീക്കാൻ മിക്ക ആശുപത്രികളും നിർബന്ധിതരാകുന്നു. കൂടാതെ, ചെന്നൈയിൽ ഒഴികെ മറ്റു ജില്ലകളിലെ ആശുപത്രികളിലുള്ള ഒരു കോവിഡ് ഐ.സി.യു.വിലും ഒരു രോഗിക്ക് ഒരു നഴ്സ് എന്ന അനുപാതം പാലിക്കപ്പെടുന്നില്ല. ടെസ്റ്റ് ചെയ്യുന്നതിലും കിടക്ക ലഭിക്കുന്നതിലും താമസം നേരിടുന്നതുപോലെ നിങ്ങൾ കേൾക്കുന്ന എല്ലാ പരാതികളും ഇക്കാരണം കൊണ്ടുള്ളതാണ്.”
2020 ജൂണിൽ സംസ്ഥാന സർക്കാർ നാലു ജില്ലകൾക്കു വേണ്ടി - ചെന്നൈ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, തിരുവള്ളൂർ - 2,000 നഴ്സുമാരെ പ്രതിമാസം 14,000 രൂപ വീതം ശമ്പളത്തിൽ, പ്രത്യേകിച്ച് കോവിഡ് ഡ്യൂട്ടിക്കു വേണ്ടി, ജോലിക്ക് എടുത്തിരുന്നു. ഇത്രയും എണ്ണം ഒരിടത്തും തന്നെ ആവശ്യത്തിനു തികയില്ലെന്ന് ഡോ: ശാന്തി പറഞ്ഞു.
ജനുവരി 29-ന് സംസ്ഥാനത്തുടനീളം നഴ്സുമാർ ഒരു ദിവസം നീണ്ടു നിന്ന ഒരു സമരം സംഘടിപ്പിച്ചു. താഴെപ്പറയുന്നവയായിരുന്നു അവരുടെ ആവശ്യങ്ങൾ: കേന്ദ്രസർക്കാരിനു കീഴിലുള്ള നഴ്സുമാരുടേതിനു തുല്യമായ രീതിയിൽ ശമ്പളം ക്രമീകരിക്കുക; പ്രതിസന്ധിഘട്ടത്തിൽ കോവിഡ് വാർഡുകളിൽ ജോലിയെടുക്കുന്ന നഴ്സുമാർക്ക് ബോണസ് നൽകുക; കർത്തവ്യ നിർവ്വഹണവുമായി ബന്ധപ്പെട്ടു മരണപ്പെട്ട നഴ്സുമാരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക.
മറ്റു വാർഡുകളിൽ ജോലിയെടുക്കുന്ന നഴ്സുമാരുടെ കാര്യങ്ങളിലും അതേ രീതിയിൽത്തന്നെ ആരോഗ്യപ്രവർത്തകർ ആശങ്കാകുലരാണ്. "അളവിൽ വ്യത്യാസമുണ്ടെങ്കിലും കോവിഡിതര വാർഡുകളിൽ ജോലിയെടുക്കുന്ന നഴ്സുമാരും അപകട സാദ്ധ്യതകൾക്കു കീഴ്പ്പെട്ടിരിക്കുന്നു. ഞാൻ വിചാരിക്കുന്നത് കോവിഡ് ഡ്യൂട്ടിയിലുള്ള നഴ്സുമാരുടെ അവസ്ഥയാണ് താരതമ്യേന മെച്ചപ്പെട്ടത് എന്നാണ്. എന്തുകൊണ്ടെന്നാൽ അവർക്ക് പി.പി.ഇ. കിറ്റും എൻ-95 മുഖാവരണവും ലഭിക്കുന്നു. അവർക്കത് ആവശ്യപ്പെടാം. അതവരുടെ അവകാശമാണ്. പക്ഷേ മറ്റുള്ളവർക്ക് അത് ആവശ്യപ്പെടാൻ കഴിയില്ല”, ഡോ: ശാന്തി പറഞ്ഞു.
അന്‍പത്തഞ്ച് വയസുണ്ടായിരുന്ന അന്തോണിയമ്മാൾ അമൃതസെൽവി എന്ന നഴ്സിംഗ് സൂപ്പറിറ്റെൻഡിന്‍റെ കാര്യം പലരും ചൂണ്ടിക്കാട്ടി. കോവിഡ് രോഗികൾക്കുവേണ്ടി ആശുപത്രിക്കു പുറത്ത് സേവനം നൽകിയിരുന്ന രാമനാഥപുരം ജില്ലയിലെ മണ്ഡപം ക്യാമ്പിലായിരുന്നു അവർ ജോലി ചെയ്തിരുന്നത്. ഹൃദ്രോഗി ആയിരുന്ന അമൃതസെൽവി ഒക്ടോബർ പത്തിന് കോവിഡ്-19 മൂലം മരിച്ചു. "ചെറിയ അസുഖം ഉണ്ടായിരുന്നപ്പോൾ പോലും അവര്‍ ജോലിയെടുത്തിരുന്നു” അവരുടെ ഭർത്താവ് ജ്ഞാനരാജ് പറഞ്ഞു. "ഇതൊരു സാധാരണ പനിയാണെന്ന് അവര്‍ വിചാരിച്ചു. പക്ഷേ ടെസ്റ്റ് ചെയ്തപ്പോൾ കോവിഡ്-19 പോസിറ്റീവ് ആയിരുന്നു. അതിനുശേഷം ഒന്നും ചെയ്യാൻ പറ്റിയില്ല.” ഒരു വർഷത്തിനു മുൻപു മാത്രമാണ് മധുരൈ ജനറൽ ആശുപത്രിയിൽ നിന്നും മണ്ഡപം ക്യാമ്പിലേക്ക് അമൃതസെൽവിക്ക് സ്ഥലംമാറ്റം ലഭിച്ചത്.
രോഗവാഹകരെന്ന മുദ്രകുത്തല്‍ എല്ലാ സമയത്തുമുണ്ട് - നഴ്സുമാർ ദളിതർ കൂടിയാണെങ്കിൽ അതിൻറെ ഭാരം ഇരട്ടിയാണ്.
അവാർഡ് നേടിയ തമിഴ് സെൽവിക്ക് ( മുകളിലെ കവർ ഫോട്ടോയിൽ ) ഇത്തരം അനുഭവം അപരിചിതമല്ല. റാണിപ്പെട്ട് ജില്ലയിലെ (മുൻപ് വെള്ളൂർ) വലസാപ്പെട്ട് താലൂക്കിലെ ലാലാപ്പെട്ട് ഗ്രാമത്തിൽനിന്നുള്ള ഒരു ദളിത് കുടുംബത്തിൽ നിന്നാണ് അവർ വരുന്നത്. കുടുംബം എല്ലാ സമയത്തും വിവേചനം നേരിട്ടിട്ടുണ്ട്.
ഇപ്പോൾ ഒരു മുദ്ര ചാര്‍ത്തല്‍ കൂടി – കോവിഡ് 19-നോടു പൊരുതുന്ന ഒരു നഴ്സ് എന്ന നിലയിൽ. "ക്വാറന്‍റൈൻ കഴിഞ്ഞ് ഒരു ബാഗും പിടിച്ച് വീട്ടിലേക്ക് പോകുമ്പോൾ, ഞങ്ങളുടെ തെരുവിലേക്ക് കയറുന്ന നിമിഷം, പരിചയമുള്ള മുഖങ്ങൾ പോലും എന്‍റെ നേർക്കു വാതിൽ കൊട്ടിയടയ്ക്കുന്നു. എനിക്ക് ദുഃഖം തോന്നും. പക്ഷെ സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കാകുലരാകുന്നതു കൊണ്ടാണ് അവർ ഇങ്ങനെ പെരുമാറുന്നതെന്നു വിചാരിച്ച് ഞാൻ ആശ്വസിക്കും.”
എന്തുകൊണ്ടാണ് തന്‍റെ മൂന്നു സഹോദരിമാരും നഴ്സിംഗ് ജോലി തിരഞ്ഞെടുത്തതെന്ന് പ്രശസ്ത തമിഴ് കവയിത്രിയും തമിഴ് സെൽവിയുടെ സഹോദരിയുമായ സുകിർതറാണി അനുസ്മരിക്കുന്നു: "ഞങ്ങളുടേത് മാത്രമല്ല മറ്റു ധാരാളം കുടുംബങ്ങളും നഴ്സിങ് ജോലി സ്വീകരിച്ചിട്ടുണ്ട്. ഇവിടെ വരാൻ മടിക്കുമായിരുന്ന പലരും എന്‍റെ ഏറ്റവും മൂത്ത സഹോദരി നഴ്സ് ആയപ്പോൾ സഹായം അന്വേഷിച്ചെത്തി. എന്‍റെ അച്ഛൻ ഞങ്ങളെ വിദ്യാഭ്യാസം ചെയ്യിച്ചതു പോലെ തങ്ങളുടെ മക്കളെയും വിദ്യാഭ്യാസം ചെയ്യിക്കണമെന്ന് ‘ചേരി’യിലുള്ള ഞങ്ങളുടെ വീട് ചൂണ്ടിക്കാട്ടി പറയുന്നവർ ‘ഊരി’ൽ ഉണ്ടായിരുന്നു. [തമിഴ്നാട്ടിലെ ഗ്രാമങ്ങളെ പ്രബല ജാതിക്കാർ താമസിക്കുന്ന ‘ഊർ’ എന്നും ദളിതർ താമസിക്കുന്ന ‘ചേരികൾ’ എന്നും പരമ്പരാഗതമായി വേർതിരിച്ചിരിക്കുന്നു]. ഞാൻ ഒരു സ്ക്കൂൾ അദ്ധ്യാപികയാണ്. എന്‍റെ സഹോദരനും അദ്ധ്യാപകനാണ്. സഹോദരിമാർ നഴ്സുമാരാണ്.
"എൻഞ്ചിനീയർ ആയിരിക്കുന്ന ഒരു സഹോദരനൊഴികെ ഞങ്ങൾ ബാക്കിയെല്ലാവരും ഈ സമൂഹത്തെ ശരിയാക്കാനുള്ള കർത്തവ്യത്തിൽ ഏർപ്പെട്ടിരിക്കുന്നു. ഞങ്ങളുടേതു പോലുള്ള ഒരു പശ്ചാത്തലത്തിൽ നിന്നു നോക്കുമ്പോൾ ഇതു വലിയ അഭിമാനത്തിനു വക നൽകുന്ന ഒന്നാണ്. എന്‍റെ ഏറ്റവും മൂത്ത സഹോദരി നഴ്സിംഗ് യൂണിഫോം അണിഞ്ഞപ്പോൾ അതവർക്ക് ബഹുമാനം ലഭിക്കുന്നതിനു കാരണമായി. പക്ഷേ ഇത് അവർ നഴ്സുമാരുടെ തൊഴിൽ തിരഞ്ഞെടുക്കുന്നതിനുണ്ടായ പല കാരണങ്ങളിൽ ഒന്നാണ്. വസ്തുതയെന്തെന്നാൽ ഡോ: ബാബാസാഹേബ് അംബേദ്കറെ പോലെ മുഴുവൻ സമൂഹത്തിനും സേവനം ചെയ്യണമെന്ന ഞങ്ങളുടെ ആഗ്രഹമായിരുന്നു.”
അങ്ങനെയാണെങ്കിലും വാർഡിലെ ഊഴത്തിനു ശേഷം സഹോദരി തമിഴ് സെൽവിക്കു കോവിഡ്-19 പിടിപെട്ടപ്പോള്‍ ഉത്കണ്ഠാജനകമായ കുറച്ചു നിമിഷങ്ങൾ ഉണ്ടായി. "അവർക്കു ഡ്യൂട്ടി തുടരാൻ കഴിയുമോ എന്നുതന്നെ എനിക്ക് ആശങ്കയുണ്ടായിരുന്നു", സുകിർതാറാണി ചിരിച്ചു. "പക്ഷെ ആദ്യത്തെ കുറച്ചു വേളകളില്‍ മാത്രമേ ഞങ്ങൾ ആശങ്കാകുലരായുള്ളൂ. പിന്നീടതൊരു ശീലമായി.”
“കോവിഡ് ഡ്യൂട്ടിക്ക് ഇറങ്ങുന്നത് തീ കൊണ്ടുള്ള നാശനഷ്ടങ്ങൾ മനസ്സിലാക്കിയതിനു ശേഷം അതിൽ ഇറങ്ങുന്നതു പോലെയാണ്”, ഗോപാല ദേവി പറഞ്ഞു. "പക്ഷെ നഴ്സിംഗ് ജോലി തിരഞ്ഞെടുക്കുമ്പോള്‍ അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന സ്വാഭാവികമായ ഒരു പ്രശ്നമാണിത്. സമൂഹത്തെ സേവിക്കാനുള്ള ഞങ്ങളുടെ ഒരു വഴിയാണിത്.”
താക്കൂര്‍ ഫാമിലി ഫൗണ്ടേഷനില്‍ നിന്നുള്ള സ്വതന്ത്ര ജേര്‍ണലിസം ഗ്രാന്‍റിന്‍റെ സഹായത്താല്‍ കവിത മുരളീധരൻ പൊതു ആരോഗ്യത്തെക്കുറിച്ചും പൗര സ്വാതന്ത്ര്യത്തെക്കുറിച്ചും റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ റിപ്പോര്‍ട്ടിന്മേല്‍ താക്കൂര്‍ ഫാമിലി ഫൗണ്ടേഷന്‍ ഒരു എഡിറ്റോറിയല്‍ നിയന്ത്രണവും നടത്തിയിട്ടില്ല.
കവർ ഫോട്ടോ: എം. പളനി കുമാർ
പരിഭാഷ: റെന്നിമോന്‍ കെ. സി.