"ഞങ്ങളൈ ഇവിടെയെത്തിച്ചവർക്കുള്ള ഭക്ഷണം പാകം ചെയ്യുകയാണ് ഞാൻ. ഇഷ്ടികയുണ്ടാക്കാൻ അവരെ സഹായിക്കുകയാണ് എന്റെ ഭർത്താവ്”, ഹൈദരാബാദിലെ ചൂളകൾ സന്ദൾശിക്കുന്നതിനിടെ ഞങ്ങൾ പരിചയപ്പെട്ട ഉർവശി പറയുന്നു.
61-കാരനായ ദേഗു ധരുവയെയും 58-കാരി ഉർവശി ധരുവയെയും ചൂളയിൽ കണ്ടപ്പോൾ ഞങ്ങൾ ആശ്ചര്യപ്പെട്ടു. പടിഞ്ഞാറൻ ഒഡീഷയിലെ ബൊലാംഗിർ ജില്ലയിലെ ബെൽപാറ ഗ്രാമപഞ്ചായത്തിന്റെ ഭാഗമായ പൻഡ്രിജോർ ഗ്രാമത്തിൽനിന്നുള്ള ദമ്പതികളാണ് അവർ. രാജ്യത്തെതന്നെ ഏറ്റവും ദരിദ്രമായ മേഖലകളിലൊന്നാണിത്.
ഏകദേശം രണ്ട് പതിറ്റാണ്ടിലധികമായി പടിഞ്ഞാറൻ ഒഡിഷയിൽനിന്ന് ഞാൻ വാർത്തകൾ സമഗ്രമായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. അവിടുത്തെ ജനങ്ങൾ കഴിഞ്ഞ 50 വർഷത്തിലധികമായി മറ്റിടങ്ങളിലേക്ക് കുടിയേറിക്കൊണ്ടിരിക്കുന്നു. ദാരിദ്ര്യത്തിന്റേയും ഭരണനയങ്ങളുടേയും ഫലമായി, പട്ടിണിക്കും പട്ടിണി മരണത്തിനും കുട്ടികളെ വിൽക്കലിനുമൊകെ കുപ്രസിദ്ധമായ പ്രദേശമായിരുന്നു അത്.
1966–-67കാലഘട്ടത്തിലുണ്ടായ, ക്ഷാമത്തിന് തുല്യമായ അവസ്ഥ കുടിയേറ്റത്തിന് വഴിവച്ചു. തൊണ്ണൂറുകളിൽ കാലഹന്തി, നുവാപഡ, ബൊലാംഗീർ തുടങ്ങിയ ജില്ലകളിലുണ്ടായ കടുത്ത വരൾച്ച കുടിയേറ്റത്തെ കൂടുതൽ വർധിപ്പിച്ചു. അക്കാലത്ത്, കൂലിത്തൊഴിൽ ചെയ്തിരുന്നവർപോലും ജോലി തേടി അന്യസംസ്ഥാനങ്ങളിലേക്ക് പോകുന്നതും പ്രായമായവർ ഗ്രാമങ്ങളിൽ തങ്ങുന്നതും ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.





