കഴിഞ്ഞയാഴ്ച ഗണപതി ബാൽ യാദവ് ജീവിതാസ്തമയത്തിലേക്കു സൈക്കിൾ ചവിട്ടി. സ്വാതന്ത്ര്യ സമര പോരാളിയും ഒളിവിൽ പ്രവർത്തിച്ചിരുന്ന വിപ്ലവകാരികളുടെ സന്ദേശ വാഹകനുമായിരുന്ന, തന്റെ ശതാബ്ദി പൂർത്തിയാക്കി 101-ാം വയസ്സിനോടു പൊരുതിയ, ചെറിയൊരു സമയത്തെ അസുഖമൊഴിച്ചാല്‍ അവസാന മാസങ്ങളിലും 5 മുതൽ 20 കിലോമീറ്റർ വരെ തന്റെ പഴയ സൈക്കിളിൽ എവിടെയും യാത്ര ചെയ്യുമായിരുന്ന, ആ മനുഷ്യൻ ആകാശത്തേക്കു സൈക്കിൾ ചവിട്ടി മറഞ്ഞു.
ഞങ്ങൾ 2018-ൽ അദ്ദേഹത്തെ കണ്ടുമുട്ടിയ അന്ന് - അദ്ദേഹത്തിനു 97 വയസ്സായിരുന്ന സമയത്ത് - ഞങ്ങളെ അന്വേഷിച്ച് അദ്ദേഹം 30 കിലോമീറ്ററോളം സൈക്കിൾ ചവിട്ടിയിരുന്നു. ഞങ്ങൾ പാരി (PARI) സംഘം അന്നു താമസിച്ചിരുന്നെങ്കിലും ശ്രദ്ധ പിടിച്ചുപറ്റുന്ന അദ്ദേഹത്തിന്റെ കഥ കേൾക്കുന്നതിനായി വലിയ താത്പര്യത്തോടെ അദ്ദേഹത്തെ കാണാന്‍ ആഗ്രഹിച്ചു. അന്ന് മെയ് മാസം പകുതിയായിരുന്നു, അദ്ദേഹം മണിക്കൂറുകളോളം റോഡിൽ ചിലവഴിച്ചു. തന്റെ സൈക്കിൾ ഒരു മ്യൂസിയം വസ്തുപോലെ തോന്നിച്ചത് അദ്ദേഹത്തെ ബാധിക്കുന്നേയുണ്ടായിരുന്നില്ല. ആ മനുഷ്യൻ പോയി, അദ്ദേഹത്തിന്റെ കഥ അവശേഷിക്കുന്നു: ഗണപതി യാദവിന്റെ ശ്രദ്ധേയമായ ജീവിത ചക്രം.
1920-ൽ ജനിച്ച ഗണപതി ബാൽ യാദവ് തൂഫാൻ സേനയിൽ (ചുഴലിക്കാറ്റ് സൈന്യം) പ്രവർത്തിച്ച സ്വാതന്ത്ര്യ സമര പോരാളിയായിരുന്നു. 1943-ൽ ബിട്ടീഷ് ഭരണത്തിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ച പ്രതി സർക്കാരിന്റെ അഥവാ സതാറയിലെ താത്കാലിക, ഒളിവിലെ സർക്കാരിന്റെ സായുധ വിഭാഗമായിരുന്നു തൂഫാൻ സേന. അദ്ദേഹം ബ്രിട്ടീഷ് സർക്കാരിനെതിരായ അവരുടെ പ്രവർത്തനങ്ങളിൽ പങ്കാളിയായി. ജി. ഡി. ബാപു ലാഡിന്റെയും ‘ക്യാപ്റ്റൻ ഭാവു’വിന്റെയും നേതൃത്വത്തിൽ 1943 ജൂണിൽ സതാറ ജില്ലയിലെ ശെനോലിയിൽ വലിയ ട്രെയിൻ കൊള്ള നടത്തിയ സ്വപ്ന വിപ്ലവ സംഘത്തിന്റെ ഭാഗവുമായിരുന്നു 'ഗൺപാ ദാദ’.
അദ്ദേഹം ഞങ്ങളോടു പറഞ്ഞു: "വർഷങ്ങളോളം ഞാൻ ഞങ്ങളുടെ (വനത്തിൽ ഒളിച്ചിരിക്കുന്ന) നേതാക്കന്മാർക്ക് ഭക്ഷണം എത്തിക്കുമായിരുന്നു. രാത്രിയിൽ അവരെ കാണാൻ ഞാൻ പോകുമായിരുന്നു. നേതാവിനോടൊപ്പം 10-20 പേർ ഉണ്ടാകുമായിരുന്നു.” കണ്ടു പിടിച്ചാൽ അദ്ദേഹത്തെ - കൂടെയുള്ള 20 പേരെയും - ബ്രിട്ടീഷുകാര്‍ വധിക്കുമായിരുന്നു. യാദവ് അദ്ദേഹത്തിന്റെ സൈക്കിളിൽ ഒളിവിലുള്ളവർക്ക് ഭക്ഷണം എത്തിക്കുന്ന ജോലി ആ സമയത്തു ചെയ്തു. വിപ്ലവ സംഘങ്ങൾക്കിടയിൽ അതിപ്രധാനമായ സന്ദേശങ്ങൾ എത്തിക്കുന്ന ജോലിയും അദ്ദേഹം ചെയ്തു.






